Monday 05 February 2018 01:38 PM IST

പുണ്യയാത്ര പോകാം... മഹിഷാസുരനെ വധിച്ച് പ്രജകൾക്ക് നന്മ പകർന്ന ചാമുണ്ഡേശ്വരിയുടെ സന്നിധിയിലേക്ക്....

Vijeesh Gopinath

Senior Sub Editor

chamu01

ഓർമക്കടലാസുകൊണ്ട് ഭദ്രമായി പൊതിഞ്ഞ ചിത്രപുസ്തകമാണ് മൈസൂരു. ഒന്നു മങ്ങിയെങ്കിലും  ഒാരോ ചിത്രത്തിലും തൊട്ടാൽ കേൾക്കാം, സ്വ ർണമരത്തിനു താഴെ ജീവിച്ചിരുന്ന ആ പഴയ കാലത്തിന്റെ ഹ‍ൃദയതാളം. അതുകൊണ്ടാകാം ൈമസൂരു യാത്രകൾക്കൊപ്പം  ബാഗും തൂക്കി ‘ഒരു സ്കൂൾ കുട്ടി’ കൂടെ വരാറുള്ളത്, അദ്ഭുതത്തിന്റെ ആദ്യ ബെഞ്ചിലിരുന്ന് തുള്ളിക്കളിക്കുന്ന ആ കുട്ടിയായി അ റിയാതെ മാറിപ്പോകുന്നത്. ചിലർ ഒപ്പം കൂട്ടുന്നത്  പഴയൊരു കൗമാര കാലത്തെയാകും.  ഈ പാതയോരത്തെവിടെയോ വച്ച്  വിരൽത്തുമ്പൊന്നു തൊടാൻ കൊതിച്ച തുടിപ്പ്  അ വരുടെ ഒാർമകളിൽ ഉറങ്ങിയിട്ടുണ്ടാകില്ല.  മൈസൂരുവിൽ മറ്റൊന്നും കാണാതെ, ചാമുണ്ഡേശ്വരിയുടെ പാദത്തിലേക്കു മാത്രമായുള്ള ഈ യാത്രയിൽ ഇ വരിൽ  ആരാകും കൂടെയെത്തുക? പഴയ ആൽബങ്ങളിലെ ഏതു ചിത്രമാകാം പൊടികുടഞ്ഞ് ഒാടിയെത്തുന്നത്?  

ചോദ്യങ്ങൾക്കൊപ്പം  മൈസൂരുവിൽ നിന്നു പുറപ്പെട്ട 201ാം നമ്പർ ബസ്  ചുരം കയറിത്തുടങ്ങി. മലമുകളിൽ ചാമുണ്ഡേശ്വരിയുടെ പുണ്യഭൂമി. ആകാശം തൊട്ടു നിൽക്കുന്ന ഗോപുരത്തിലേക്ക് ഇനി അധിക ദൂരമില്ല. അടുത്ത സീറ്റിലിരുന്ന ചെറുപ്പക്കാരൻ, ബെംഗളൂരുവിൽ താമസിക്കുന്ന സേലം സ്വ ദേശി ശ്രീനിവാസ് ചാമുണ്ഡി ക്ഷേത്രത്തിലേക്കുള്ള യാത്രയെക്കുറിച്ച് പറഞ്ഞതു കേട്ടപ്പോൾ മനസ്സിലൊരു കൗതുകത്തിരി തെളിഞ്ഞു. ഒറ്റ യാത്രയിൽ തീരുന്ന ഒന്നല്ലത്രെ അത്.
 ‘‘ചാമുണ്ഡി ക്ഷേത്രത്തിലേക്കുള്ള യാത്ര പൂർണമായി ആസ്വദിക്കണമെങ്കിൽ രണ്ടു പ്രാവശ്യം നമ്മൾ പോകണം. ഒന്ന് നിങ്ങൾ ചെയ്തതു പോലെ ബസിലോ കാറിലോ
ചാമുണ്ഡി ഹില്ലിലെത്തി തൊഴുതു മടങ്ങുക. രാവിലെ മഞ്ഞു മൂടിക്കിടക്കുന്ന ഗോപുരം കണ്ട് ഉച്ചവെയിലാറുമ്പോഴുള്ള മടക്കയാത്ര.

chamu03


ഇനി അടുത്ത വഴി – രാവിലെ ക്ഷേത്രത്തിലേക്കുള്ള പടി കൾ കയറാനായി കുന്നിന്റെ അടിവാരത്തിലെത്തുക. മഞ്ഞു തൊട്ട മരങ്ങൾക്കു താഴെക്കൂടി ആയിരത്തെട്ടു പടികൾ നടന്നു കയറുക. അപ്പോൾ മനസ്സിൽ കർപ്പൂര ഗന്ധം മാത്രമേയുണ്ടാകൂ. എന്നിട്ട് രാത്രിയിൽ അവസാന ബസിന് തിരിച്ചിറങ്ങുക. ചുരമിറങ്ങുമ്പോൾ താഴെ നൂറായിരം മിന്നാമിനുങ്ങുകൾ മിനു ങ്ങുന്നതു പോലെ ബൾബുകൾ തെളിഞ്ഞു കിടക്കുന്നതു കാ ണാം. വാക്കുകൾക്കപ്പുറമാണ് ആ കാഴ്ച. ഇതിലേതു യാത്ര വേണം?’’ശ്രീനിവാസ് പുറത്തേക്കു നോക്കിയിരുന്നു.
 താഴെ പരന്നു കിടക്കുകയാണ് മൈസൂരു രാജാക്കന്മാരുെട സ്വപ്നഭൂമി. ഒരു സാറ്റ്‌ലൈറ്റ് മാപ്പ് കാണുന്നതു പോലെയുണ്ട്. കറുപ്പു കയറിയ പച്ച നിറം. അതിൽ ചിതറിക്കിടക്കുന്ന കെട്ടിടങ്ങൾ. കുറച്ചപ്പുറം കുഞ്ഞു ചതുരപ്പെട്ടികൾ അടുക്കി വച്ചതുപോലെയുള്ള മുറികൾക്കുള്ളിൽ കിടന്നു മനുഷ്യർ ഒാടിക്കിതയ്ക്കുന്നുണ്ടാകാം. ഉരുകിത്തിളയ്ക്കുന്ന അവർക്കു ‘മുകളിൽ’ ആയിരങ്ങൾ, ഇളകാത്ത തീർഥക്കുളം പോലെ ശാ ന്തമായ മനസ്സോടെ ദേവിയെ കൈകൂപ്പി തൊഴുന്നു. ബസ് മലമുകളിലെത്തി. ഇതാ മുന്നിൽ അഭയമാകാനുള്ള സമയമാ യിരിക്കുന്നു.


അമ്മയുടെ മണ്ണിലേക്ക്

chamu02


ബസിറങ്ങി ധ‍ൃതിപിടിച്ച് ഒാടിപ്പോകുന്ന ഭക്തരുടെ മനസ്സിൽ ഒരേയൊരു സ്വപ്നമേയുള്ളൂ, പുഷ്പമാലകൾ കൊണ്ട് അലങ്കരിച്ച ദേവീരൂപം കൺനിറയെ കാണുക. തൊഴുകൈയുയർത്തി ഒരു നിമിഷമെങ്കിലും മുന്നിൽ നിന്നു പെയ്തു തോരുക...മാനത്തു തൊടുന്ന തലപ്പൊക്കവുമായി ക്ഷേത്രഗോപുരം. മുകൾ ഭാഗം മഞ്ഞു തൂവാലയ്ക്കുള്ളിലാണ്. ബസിറങ്ങി എ ത്തുന്നവരെല്ലാം ആൾപ്പുഴയിലൊരാളായി മാറുകയാണ്. ഇന്ന് പൗർണമി. വിശേഷ  ദിവസങ്ങളിലൊന്ന്. തിരക്കു കൂടുതലുള്ള ദിവസം. ക്ഷേത്ര മുറ്റത്തേക്ക് കൈപിടിച്ചു കയറ്റിയത് ദേവീ സ്തുതികളായിരുന്നു.


െഎഗിരി നന്ദിനി  നന്ദിത മേദിനി
വിശ്വ വിനോദിനി നന്ദനുതെ...
ഗിരിവര വിന്ധ്യ ശിരോധി നിവാസിനി
വിഷ്ണു വിലാസിനി ജിഷ്ണു നുതേ...


നാമജപം   മനസ്സിനെ തഴുകി തുടങ്ങി. ഉള്ളിലെ ചിരാതിൽ അറിയാതെ ഒരു തിരി തെളിഞ്ഞു. ക്ഷേത്രത്തിനു മുന്നിലേക്ക് എത്തിയിട്ടേയുള്ളൂ. നീർച്ചോല പോലുള്ള ക്യൂവിനറ്റത്ത് ഇടം പിടിക്കും മുന്നേ ഗോപുര നടയിൽ നിന്നു കണ്ണുകളടച്ചു. വലിയ കരിങ്കൽ പാളികൾകൊണ്ടു തീർത്ത മതിൽക്കെട്ടി നുള്ളിലാണ് ശ്രീകോവിൽ. നിരന്നു നിൽക്കുന്ന, കൂപ്പിയ കൈ കൾക്കിടയിലൂടെ ദൂരെ ആരതി നടക്കുന്നതു കാണാം. നട യ്ക്കു നേരെയുള്ള കൽക്കെട്ടിനുള്ളിൽ വിഘ്നങ്ങളകറ്റാൻ നാളികേരമുടയ്ക്കുന്നവരുടെ തിരക്ക്.
ഏഴു നിലയുള്ള ഗോപുരത്തില്‍ കരവിരുതിന്റെ കവിതയാ ണ് ഒഴുകിപ്പരന്നിരിക്കുന്നത്.  ഒറ്റക്കൽ പാളികൾ കൊണ്ടുപ ണിത കൽക്കെട്ടിനു മുകളിലാണ് ഗോപുരം നിർമിച്ചിരിക്കുന്ന ത്. കവാടത്തിനു മുകളിൽ, മധ്യഭാഗത്തായി ഗണപതി രൂപം. ഗോപുരത്തിന്റെ ആറു നിലയിലും ശംഖചക്ര ഗദാപത്മങ്ങ ളേന്തിയ ദേവീരൂപങ്ങളുമുണ്ട്. ഏഴാം നില അർധവൃത്താക‍‍ൃ തിയിലാണ് നിർമിച്ചിരിക്കുന്നത്, ഗോപുരത്തിന്റെ കീരീടം പോലെ. ഏറ്റവും മുകളിൽ വ്യാളീരൂപവും അതിനു മുകളിലായി സുവർണ നിറത്തിലുള്ള മകുടങ്ങളും.
വെയിൽ ഉറച്ചു തുടങ്ങി. ക്ഷേത്രത്തിനരികിൽ ചരടു ജപി ച്ചു പ്രാർഥനയോടെ കെട്ടിക്കൊടുക്കുന്ന പൂജാരിമാരുടേയും പൂജാസാധനങ്ങൾ വിൽക്കുന്നവരുടേയും തിരക്ക്. ഒരു പ്ലാ സ്റ്റിക് ട്രേയിൽ തേങ്ങയും പഴവും പൂക്കളും വച്ചിരിക്കുന്നു. അതിനപ്പുറം പച്ച നിറമുള്ള സാരിയും പച്ച വളയും കുങ്കുമവും അരിയും പൂക്കളും മുല്ലപ്പൂമാലയും നിറച്ചു വച്ചിരിക്കുന്ന വലിയ പാത്രം. ഇഷ്ട കാര്യ ലബ്ധിക്കായാണ് ഇതെല്ലാം ദേവീ പാദത്തിൽ സമർപ്പിക്കുന്നതത്രെ.


ചരിത്രം തുടിക്കുന്ന അമ്പലമുറ്റം


ആൾപ്പുഴയ്ക്കരികിലായി മഞ്ജുനാഥ് ഇരിക്കുന്നു. മുന്നിലെ വെള്ളിത്തട്ടിൽ പല നിറങ്ങളിൽ, പല രൂപത്തിലുള്ള ചരടുകൾ. അതിനരികിലായി ദേവിയുടെ പ്രസാദം. പ്രാർഥനയോടെ മു ന്നിൽ വന്നു നില‍്‍ക്കുന്നവരുടെ കൈയിൽ അയാൾ ആദ്യം ര ക്തവർണത്തിലുള്ള കുങ്കുമം തൊടും. പിന്നെ ചരടു കെട്ടി ക്കൊടുക്കും. കൈയുയർത്തി ചാമുണ്ഡേശ്വരീ ദേവിയെ തൊ ഴുത് മഞ്ജുനാഥ് ക്ഷേത്ര കഥ പറഞ്ഞു തുടങ്ങി.‘‘മൈസൂരു മഹാരാജാക്കന്മാരായ വോഡയാർമാരുടെ കുലദേവതയാണ് ചാമുണ്ഡേശ്വരി. നൂറ്റാണ്ടുകളായി അവർ   ദേവിയെ ആരാധിക്കുന്നു. ചാമുണ്ഡ അല്ലെങ്കിൽ ദുർഗ ശക്തിയുടെ രൂപമാണ്.


 പുരാണ ഗ്രന്ഥങ്ങളിൽ എട്ടു കുന്നുകളിലൊന്നായ ചാമുണ്ഡിയെക്കുറിച്ചു പറയുന്നുണ്ട്. ൈമസൂരുവിലെ ഏറ്റവും ഉയ രം കൂടിയ കൊടുമുടിക്ക് 3400 അടിയിലേറെ ഉയരമുണ്ട്. ക്ഷേ ത്രത്തിന് തന്നെ 1000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണു പറയപ്പെടുന്നത്. ചാമരാജരാണ് ഈ ക്ഷേത്രം നിർമിച്ചതെങ്കിലും കൃഷ്ണരാജ വോഡയാറാണ് ഈ ഗോപുരം നിർമിച്ചിരിക്കുന്നത്. അ തും 1827 ൽ. ഇന്നു കാണുന്ന   യന്ത്രമോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെ ഇത്രയും ഉയരമുള്ള ഗോപുരം നിർമിക്കാൻ   മനുഷ്യാധ്വാനം മാത്രം പോര, അതിനു ദേവിയുടെ അനുഗ്രഹം കൂടി വേണം. വലിയ കരിങ്കൽ പാളികളൊക്കെ അല്ലാതെ എ ങ്ങനെ മുകളിലേക്കെത്തിക്കും?

chamu05


 എല്ലാം നിമിത്തമാണ്. അമ്പതു വർഷമായി ഞാൻ ഈ ക്ഷേത്ര നടയിലുണ്ട്. എന്റെ താത്തയും ഇവിടെ തന്നെയായിരുന്നു. എന്റെ തലയിൽ ദേവി എഴുതിയിരിക്കുന്നത് ഈ കർ മമാണ്. ഇതിനിടയിൽ സിനിമ എന്ന ആഗ്രഹവുമായി ഈ മ ലയിറങ്ങി പല നാടുകളിലായി അലഞ്ഞു, ഒന്നും ശരിയായില്ല. അമ്മയ്ക്കരികിലേക്കു തന്നെ ഞാനെത്തി. ഇനിയുള്ള ജീ വിതം ഇതാ ഈ മുറ്റത്തു തന്നെ’’ മുന്നിൽ വന്നു നിൽക്കുന്ന മൂന്നു വയസ്സുകാരന്റെ നെറുകയിൽ മഞ്ജുനാഥ് കൈ വച്ചു.


അമ്മയ്ക്കു മുന്നിൽ


കാറ്റിലാടുന്ന ആലിലകളുടെ ശബ്ദം പോലെ പതുക്കെയുള്ള നാമജപം ക്ഷേത്രത്തിനുള‌ളിൽ നിറഞ്ഞു. ഭക്തിയിൽ മുങ്ങിനിവരാത്ത ഒറ്റ മനസ്സു പോലുമില്ല.     
ചതുരാകൃതിയിലാണ് ക്ഷേത്രം. രണ്ടു വലിയ വാതിൽ കടന്നാലേ പ്രധാന ക്ഷേത്രത്തിലേക്ക് എത്തുകയുള്ളൂ. വെ ള്ളി പൊതിഞ്ഞ പ്രധാന വാതിലിലെ ദേവീരൂപങ്ങൾ കണ്ട്
പ്രധാന വഴിയിലേക്ക് കയറി. കൈ വിരുതിന്റെ സൂക്ഷ്മതയ്ക്ക് വാതിലിലെ വെള്ളി രൂപങ്ങൾ തെളിവാണ്. എങ്ങും കരിങ്കൽ മ യം. വഴിയിൽ ദ്വാരപാലകന്മാരുടെ രൂപം. നവരംഗ ഹാളും അ ന്തരാള മണ്ഡപവും കഴിഞ്ഞ് ശ്രീകോവിൽ. തിരക്ക് കൂടുകയാ ണ്. ഒരു നോക്കു കാണാൻ, ദേവിക്കു മുന്നിലൊന്നു കൈ കൂപ്പി കണ്ണടച്ചു നിൽക്കാൻ ആളുകൾ അക്ഷമരാകുന്നു.
ഒടുവിലിതാ അമ്മയ്ക്കു മുന്നിൽ.  അകത്ത് പുഷ്പമാലക ൾക്കുള്ളിൽ, പട്ടുടുത്ത്, ആഭരണങ്ങളണിഞ്ഞ് ദേവീരൂപം. കൈ കൂപ്പി നിൽക്കുന്ന ഭക്തരുടെ മിഴികളിൽ നിറഞ്ഞ ക ണ്ണീരിൽ നിലവിളക്കിന്റെ നാളം തിളങ്ങുന്നു. പാപങ്ങളൊഴി യാൻ, ജീവിത ദുരിതങ്ങളെ മഹിഷാസുരനെ പോലെ നിഗ്ര ഹിക്കാൻ, ആയിരം കൈകൾകൊണ്ട് അനുഗ്രഹങ്ങൾ ചൊ രിയാൻ കർപ്പൂരം പോലെ ഉരുകി എരിയുകയാണ് ഭക്തർ. 

ഒാരോ ഭക്തന്റെ മനസ്സും അമ്മ വന്നു തലോടി മുറിവുകളു ണക്കും പോലെ. തിരക്കിനിടയിൽ വച്ചാണ് ശശി ശേഖര ദീക്ഷിതിനെ ക ണ്ടത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി. കടലുപോലിരമ്പുന്ന ആൾക്കൂട്ടത്തിൽ നിന്ന് മാറി നിന്ന് അദ്ദേഹം ചാമുണ്ഡേശ്വരിയെക്കുറിച്ചു പറഞ്ഞു. ‘‘ഇത് മഹാബല ഗിരിയായിരുന്നു.  മഹിഷാസുരനെ ചാമു ണ്ഡി ദേവി വധിച്ച ശേഷമാണ് ഇത് ചാമുണ്ഡി മലയായി മാ റുന്നത്. നാട് മഹിഷാസുരനെ കൊണ്ട് സഹികെട്ടിരുന്നു. ആര്‍ക്കും വധിക്കാനാകില്ലെന്ന വരം നേടി മഹിഷാസുരൻ കൂ ടുതൽ ശക്തനായി. ആ അസുരന്റെ ഒരു തുള്ളി രക്തം മണ്ണിൽ വീണാൽ അതില്‍ നിന്ന് നൂറ്റെട്ട്  രാക്ഷസന്മാർ ഉ ണ്ടാകുമത്രെ.  


ഒടുവിൽ ഭക്തരുടെ പ്രാർഥനയിൽ ചാമുണ്ഡീ ദേവി മഹിഷാസുരനെ വധിച്ചു. രക്തം മണ്ണിൽ വീഴാതിരിക്കാൻ അമ്മ നാക്കു നീട്ടി. രക്തത്തുള്ളികൾ അതില്‍ വീണു. പ്രാണൻ പോകുമ്പോൾ മഹിഷാസുരൻ പറഞ്ഞു. ‘എനിക്ക് എല്ലാ ദി വസവും പൂജ വേണം.’  അതുകൊണ്ടു തന്നെ ഇപ്പോഴും പൂജാ കർമങ്ങളൊക്കെ ചെയ്യാറുണ്ട്.
മഹിഷാസുരനെ നമിച്ചു കൊണ്ട് ഒരു പൂ മാത്രം അർപ്പിക്കും. നേദ്യങ്ങളൊന്നും നടത്താറില്ല. അങ്ങനെ ചെയ്താൽ മഹിഷാസുരന് വീണ്ടും ശക്തി ലഭിച്ച് എഴുന്നേൽക്കും എ ന്നാണു വിശ്വാസം. രാജകുടുംബാംഗങ്ങള്‍ക്കു മാത്രമായാണ് പണ്ട് ക്ഷേത്രം നിർമിച്ചത്. ഇന്ന് ലോകമറിയുന്ന ക്ഷേത്രമായി മാറി. ഇവിടെ ജാതി വ്യത്യാസമൊന്നുമില്ല. ദേവിയിൽ വിശ്വസിക്കുന്ന ആ ർക്കും പ്രവേശിക്കാം.

chamu04


ക്ഷേത്രത്തിന് ഒരു പ്രത്യേക ശക്തിയുണ്ട്. ആർക്ക് എന്തു കൊടുക്കണം, ആരിൽ നിന്ന് എന്തൊക്കെ വാങ്ങണമെന്ന് അമ്മയ്ക്ക് നന്നായറിയാം. അമ്മയ്ക്കു മുന്നിൽ കണ്ണീരോടെ പ്രാർഥിക്കുന്ന കാര്യങ്ങളെല്ലാം സാധിക്കും. അതാണ് ശക്തി. കരയുന്ന കുട്ടിക്ക് ഒരമ്മ പാൽ നൽകില്ലേ? വിശപ്പു മാറ്റാൻ ഭക്ഷണം നൽകില്ലേ? അതു പോലെയാണ് ചാമുണ്ഡേശ്വരി ദേ വിയും. ഭക്തരുടെ ആവശ്യങ്ങൾ അമ്മയെ പോലെ നടത്തിക്കൊടുക്കുന്നു.’’ ആൾത്തിരക്കു കൂടുന്നു. വൈകിട്ട് വീണ്ടും കാണാമെന്നു പറഞ്ഞ് ദേവിക്കു മുന്നിലെരിയുന്ന മറ്റൊരു നാ ളമായി ശശി ശേഖര ദീക്ഷിതർ മാറി.ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്തു തന്നെയാണ് ശ്രീമ ഹാബലേശ്വര സ്വാമിയുടെയും നാരാണ സ്വാമിയുടെയും ക്ഷേ ത്രങ്ങൾ. കുന്നിനു മുകളിൽ ഏറ്റവുമാദ്യം ഉണ്ടായിരുന്നത് മഹാബലേശ്വര ക്ഷേത്രമായിരുന്നത്രേ. കരിങ്കൽ പാളിയുടെ ഉറപ്പാണ് ഈ രണ്ടു ക്ഷേത്രങ്ങളുടെയും പ്രത്യേകത. ശ്രീകോവിലുൾപ്പെടെ എല്ലാം കരിങ്കല്ലുകൊണ്ടാണുണ്ടാക്കിയിരിക്കുന്നത്. പടികളിറങ്ങി നന്ദിക്കരികിലേക്കു പോകാം.   


കുങ്കുമം തൊട്ട പടിക്കെട്ടുകൾ


ക്ഷേത്ര മതിൽക്കെട്ടിനു പുറത്തു നിന്നാണ് പടികളിറങ്ങിത്തുട ങ്ങിയത്. പടികൾ തുടങ്ങും മുൻപ് വാളുമേന്തി നിൽക്കുന്ന മ ഹിഷാസുരന്റെ വലിയ പ്രതിമയുണ്ട്. കഥകളിൽ, ജനങ്ങളെ ഭയക്കനലിൽ തള്ളിയ രാക്ഷസനു മുന്നിൽ ഇന്ന് സെൽഫിയെ ടുക്കാനുള്ള തിരക്ക്. ആയിരത്തെട്ടു പടികളുണ്ടെന്നാണു വി ശ്വസം. ഇതു വഴിയാണ് ഭക്തർ ആദ്യകാലങ്ങളിൽ ക്ഷേത്രത്തിലേക്ക് വന്നു കൊണ്ടിരുന്നത്.


പടിക്കെട്ടുകൾ പ്രാർഥനകളുടെ കുങ്കുമം വീണ് ചുവന്നു തുടുത്തിരിക്കുന്നു. ആദ്യപടി മുതൽ കുങ്കുമവും മഞ്ഞളും ക രിങ്കൽ പാളിയിൽ തൊട്ട്  മുകളിലേക്കു കയറുന്ന സ്ത്രീകൾ. ചിലര്‍ തള്ളവിരൽ കൊണ്ട് രണ്ട് മഞ്ഞൾക്കുറിയും നടുക്ക് കു ങ്കുമവും പടിയിൽ തൊടുന്നു. മറ്റു ചിലർ രണ്ടു കുങ്കുമവരകളും നടുക്ക് മഞ്ഞളും. പടിക്കെട്ടിനു നടുവിൽ കർപ്പൂരം കൊളു ത്തുന്നവരും. പൂക്കൾ അർപ്പിക്കുന്നവരുമുണ്ട്.  ആയിരത്തെട്ടു പ്രാവശ്യം കുനിഞ്ഞു നിവർന്ന വേദന ആരുടെ മിഴിയിലും ഇല്ല. മറിച്ച് ദേവിക്കു വേണ്ടി ചെയ്യുന്ന പുണ്യകർമത്തിന്റെ ആനന്ദത്തിലാണ് ഒാരോ മനസ്സും.


ആ കൂട്ടത്തിലാണ് കർണാടകയിലെ ഏതോ ഗ്രാമത്തിൽ നിന്നു വരുന്ന മംമ്തയേയും കൂട്ടുകാരിയേയും കണ്ടത്. ‘‘ഇന്നു പൗർണമിയല്ലേ? വിശേഷ ദിവസം. ദേവിക്ക് ഏറ്റവും പ്രിയപ്പെ ട്ട വഴിപാടാണ് ഇത്. കഷ്ടകാലങ്ങളകറ്റി നന്മവരാന്‍ വേണ്ടി  യുള്ള പ്രാർഥനയാണിത്. സ്ത്രീകളാണ് ചെയ്യാറുള്ളത്. ന ഗ്നപാദത്തോടെ വേണം പടികൾ കയറാൻ. താഴേക്കു പൊയ്ക്കോളൂ. അറുനൂറു പടികള്‍ കഴിഞ്ഞാൽ നന്ദിയുടെ പ്ര തി മയുണ്ട്’’ മുകളിൽ പോയി ചാമുണ്ഡേശ്വരിയെ കാണാനുള്ള  ധൃതിയിൽ മംമ്ത അടുത്ത പടിക്കെട്ടിൽ പ്രാർഥനകളുടെ കു റി തൊട്ടു.
പടികളിറങ്ങിയെത്തുമ്പോൾ അരികിൽ ആഞ്ജനേയന്റെയും വിഘ്നേശ്വരന്റെയും കുഞ്ഞു ക്ഷേത്രങ്ങൾ. കരിങ്കൽ പാളികള്‍ കൊണ്ടു ചതുരത്തിലാണു നിർമിച്ചിരിക്കുന്നത്.  പെട്ടെന്നാണ് നന്ദിയുടെ ഒറ്റക്കൽ പ്രതിമ കണ്ടത്. ഒരു കാ ൽ കുത്തി തലയുയർത്തി കിടക്കുന്ന നന്ദി. കാൽമുട്ടിലും ദേ  ഹത്തും ഭസ്മം തൊട്ടിട്ടുണ്ട്. കഴുത്തിനു ചുറ്റും മാലയുടെ രൂപവും നടുക്ക് മണികളും കൊത്തി വച്ചിരിക്കുന്നു. മഞ്ഞയും ചുവപ്പും കലർന്ന പൂക്കൾ കൊണ്ടുള്ള വലിയ മാലകൊണ്ടുള്ള അലങ്കാരം. ഭക്തർ നന്ദിയുടെ  വയറ്റത്തും കാലിലും നാണയങ്ങൾ ഒട്ടിച്ചു വയ്ക്കുന്നു.


പടികളിറങ്ങി ഏറ്റവും താഴെയെത്തി. പടിക്കെട്ടു തുടങ്ങുന്നതിനു താഴെ ഗോപുരം. ഇനി ജ്വാലാമുഖി തൃപുരസുന്ദരി ക്ഷേത്രത്തിലൊന്നു പോയി വരാം. ഇവിടെ നിന്ന് ഏതാണ്ട് അരമണിക്കൂർ അകലെയാണ് ക്ഷേത്രം. ചാമുണ്ഡേശ്വരീ ദേവിയുടെ സഹോദരിയാണ് ജ്വാലാമുഖി തൃപുരസുന്ദരി എന്നാണു വിശ്വാസം, മൂലക്ഷേത്രവും അതാണത്രെ. ചാമുണ്ഡിമലയ്ക്ക് പിന്നിലായുള്ള ഉത്തനഹള്ളിയിലാണ് ക്ഷേത്രം. ‘‘രാക്ഷസനെ വധിക്കുമ്പോൾ  രക്തം താ ഴെ വീഴാതിരിക്കാൻ ദേവി മന്ത്രശക്തിയാൽ നാവു നീട്ടി. ആ രൂപത്തിലാണ് വിഗ്രഹം’’ പൂജാരി പറഞ്ഞു. തിരക്കിട്ട് വീണ്ടും ചാമുണ്ഡി മലയിലേക്കു തന്നെ പോയി. ഗോപുരത്തിൽ സന്ധ്യ ആരതിയുഴിയും മുന്നേ അവിടെയെത്തണം.  

ദീക്ഷിതർക്കരികിലേക്ക്


ചാമുണ്ഡി മലയുടെ മുകളിൽ ഇരുട്ടു വീണിരിക്കുന്നു.  കടകളെല്ലാം അടഞ്ഞു തുടങ്ങി. ഉരുകിത്തിളയ്ക്കുന്ന മനസ്സുമായി വന്ന് കർപ്പൂരഗന്ധവുമായി മടങ്ങിപ്പോകുന്നവർ. മടക്കയാത്രയിൽ ഒട്ടും ധൃതിയില്ലാതെ ആർത്തലയ്ക്കാത്ത മനസ്സുമായി... ആൾത്തിരക്കു കുറഞ്ഞ വഴിയിലൂടെ ശശി ശേഖര ദീക്ഷി തർക്കൊപ്പം വീട്ടിലേക്കു നടന്നു. ശാന്തിയുടെ തണുപ്പു പെയ്യുന്ന അകത്തളം. ചുമരിൽ മുൻ തലമുറകളുടെ ഫോട്ടോകൾ. അതിനപ്പുറം ദീക്ഷിതര്‍ക്ക് ഡോക്ടറേറ്റ്  നൽകി ആദരിക്കുന്ന ചിത്രം. പൂജ ചെയ്യാനായി കിട്ടിയ ഭാഗ്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു.


‘‘മൈസൂരു മഹാരാജാവാണ് ഞങ്ങളെ ഇങ്ങോട്ടു കൂട്ടി കൊണ്ടു വന്ന് ദേവിയുടെ പൂജചെയ്യാനായി ഏൽപിച്ചത്.   കാഞ്ചീപുരമാണ് മൂല കുടുംബം. അപ്പയിൽ നിന്നാണ് ഞാൻ പൂജകൾ പഠിച്ചത്. ഇനിയത് മകനു പകർന്നു കൊടുക്കണം. ഇതൊരു ഭാഗ്യമാണ്. ആരോ നട്ട തണൽ നമ്മൾ അനുഭവിക്കുന്നതു പോലെ, ആരോ വിതച്ചത് നമ്മൾ കൊയ്യുന്നതു പോലെ... ഞങ്ങളെ അമ്മയ്ക്കരികിലേക്ക് എത്തിച്ച ആ രാജ കുടുംബത്തിന് എന്നും നല്ലതു വരണം. ജയലളിത ഉൾപ്പെടെ ഒരുപാട് പ്രശസ്തർ വന്നിട്ടുണ്ട്. എ ല്ലാ മതത്തിലുള്ളവരും ജാതിയിലുള്ളവരും വന്നു പൂജ നടത്തി യിട്ടുണ്ട്. ഉരുകി പ്രാർഥിച്ചാൽ ഉറപ്പായും ഫലിക്കും. അമ്മ കൈ വിടില്ല.’’ ദീക്ഷിതർ കണ്ണുകളടച്ച് തൊഴുതു.
മൈസൂരുവിലേക്കുള്ള അവസാന ബസ് പുറപ്പെട്ടു. താഴെ മൈസൂരു നഗരം. വെളിച്ചത്തിന്റെ നൂറു സൂര്യകാന്തിപ്പൂക്കൾ ചിതറിക്കിടക്കുന്നു. നക്ഷത്രങ്ങൾ പൂത്തിറങ്ങിയ പോലെ.
മാനത്ത് പൗർണമിചന്ദ്രൻ പൂത്തുലഞ്ഞു നിൽക്കുന്നു. മ നസ്സിലും നിലാവുദിച്ചിരിക്കുന്നു.  

Info:
മൈസൂരുവിൽ നിന്ന് ഏതാണ്ട് അരമണിക്കൂറിലധികം നേരം വേണം ചാമുണ്ഡി ക്ഷേത്രത്തിലെത്താൻ, മൈസൂരു വിൽ നിന്ന് കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട് ബസുകൾ ഉണ്ട്. ക്ഷേത്രത്തിടുത്ത് ഗസ്റ്റ് ഹൗസുകൾ ഉണ്ടെങ്കിലും കുടുംബമായെത്തുന്നവർക്കു മാത്രമേ മുറികൾ  അനുവദിക്കൂ. ദർശന സമയം രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ. വൈകിട്ട് 3.30 മുതൽ 6 മണി വരെ. രാത്രി 7.30 മുതൽ 9 മണി വരെ.

കൂടുതല്‍ വിവരങ്ങൾക്ക്
www.chamundeshwaritemple.kar.nic.in