Thursday 25 May 2017 03:09 PM IST : By സ്വന്തം ലേഖകൻ

ദമ്പതികളുടെ ഐക്യത്തിനും ആരോഗ്യകരമായ ജീവിതത്തിനും ഫെങ്ഷുയി

feng_shui

ഭവനത്തിലെ കിടക്കമുറികളുടെ ശരിയായ രീതിയിലുള്ള ക്രമീകരണം ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഏതു ദിക്കിലേക്ക് തലവെച്ച് കിടക്കണമെന്ന കാര്യം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗാവസ്ഥയില്‍ നിന്ന് മുക്തിനേടാൻ കഴിയുന്നതാണ്. പ്രധാന കിടപ്പുമുറി വീടിന്റെ മധ്യഭാഗത്ത് ആകുന്നത് നല്ലതാണെന്ന് ഫെങ്ഷുയി പറയുന്നു. ഒരു കാരണവശാലും കോണുകളിലെ മുറികൾ ദമ്പതികൾ ഉപയോഗിക്കാതിരിക്കുക. അങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കിൽ മൂലഭാഗം വിട്ട് കിടക്ക സ്ഥാപിക്കുക. തെക്കോട്ടോ കിഴക്കോട്ടോ തലവച്ച് കിടക്കണം. ഗൃഹനാഥന്റെ ഭാഗ്യദിക്കിലോട്ടും തലവച്ച് കിടക്കാവുന്നതാണ്.

ദമ്പതികളുടെ ഐക്യത്തിനും ആരോഗ്യകരമായ ജീവിതത്തിനും ഫെങ്ഷുയി നൽകുന്ന നിർദ്ദേശങ്ങൾ

1. കുളിമുറികളുടെ വാതിലിന് നേരെ തലവച്ച് കിടക്കരുത്.

2. ബെഡ്റൂമിൽ ചെടികൾ, വെള്ളച്ചാട്ട സീനറി, വെള്ളവുമായി ബന്ധപ്പെട്ട പുഴ, കടൽ തുടങ്ങിയവയുടെ ഛായാചിത്രങ്ങൾ വയ്ക്കരുത്.

3. കിടക്കയുടെ അടിഭാഗം വൃത്തിയായി സൂക്ഷിക്കുക, പൊടി തുടച്ചു മാറ്റുക, ആഴ്ചയിൽ ഒരു ദിവസം ഉപ്പുകല്ല് വച്ച് തറ തുടയ്ക്കുക.

4. മുഷിഞ്ഞ വസ്ത്രങ്ങൾ ഒഴിവാക്കുക.

5. ബീമിന്റെ അടിഭാഗത്തും ജനാലകൾ, വാതിലുകൾ ഇവയ്ക്ക് നേരെയും തലവച്ച് കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

6. ടെലിവിഷൻ, കമ്പ്യൂട്ടർ, ഇലക്ട്രിക് സാധനങ്ങൾ ഇവ കിടക്കയിൽ സ്ഥാപിക്കരുത്.

7. ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ മാറ്റുക.

8. കണ്ണാടിയിൽ കാണത്തക്ക രീതിയിൽ കിടക്ക ഇടാതെ സൂക്ഷിക്കുക. ബുദ്ധിമുട്ടുള്ളവർ ഉറങ്ങുമ്പോൾ കണ്ണാടി തുണികൊണ്ട് മൂടി ഇടുക.

9. കിടക്കയുടെ വിരികൾ ചുവപ്പ്, പിങ്ക്, വെള്ള ഈ കളർ ഉപയോഗിക്കുക.

10. കിടപ്പുമുറികളിൽ മറ്റുള്ളവരെ കയറ്റരുത്.

11. ക്ലോക്ക്, അലാറം, മൊബൈൽ ഇവ കിടക്കയിൽ നിന്നു 5 മീറ്റർ അകലത്തിൽ വയ്ക്കുക.

മനസ്സിന്റെ സന്തോഷമാണ് ആരോഗ്യം. അതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഗൃഹത്തിൽ ഉണ്ടാക്കേണ്ടതാണ്.

അഭിവൃദ്ധിക്ക് പൂക്കളും ചെടികളും

ഗൃഹങ്ങളിലും ഓഫിസുകളിലും പൂക്കളും ചെടികളും വയ്ക്കുക വഴി സമ്പദ്‌ദായകമായ ഊർജ്ജം ഓഫിസിനും ഗൃഹത്തിനും ലഭിക്കുന്നു. ചെടികളും പൂക്കളും വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നല്ലതുപോലെ വളർച്ചയുള്ള ചെടികൾ വയ്ക്കുക. വളർച്ചയെ മുരടിപ്പിച്ച് വയ്ക്കുന്നതുമായ ചെടികൾ വയ്ക്കാതിരിക്കുക.

നല്ല വളർച്ചയുള്ള ചെടികൾ ഓഫിസിന്റെയും ഭവനത്തിന്റെയും ഭാഗങ്ങളെ വർദ്ധിപ്പിക്കും. മുള്ളുള്ള ചെടികൾ ഒരു ഭാഗത്തും വയ്ക്കാൻ പാടില്ല. കൂടാതെ സാധാരണ ചെടികൾ വെട്ടിനിരപ്പാക്കി നിർത്തുന്നത് കണ്ടുവരുന്നു. അങ്ങനെ ചെയ്യുന്നതും ഒഴിവാക്കുക. പൂക്കളുടെ കാര്യമാണെങ്കിലും ഉണങ്ങിയ പൂക്കൾ ഇവയൊന്നും ഒരു ഭാഗത്തും വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചെടികളും പൂക്കളും എങ്ങനെ വീടുകളിൽ ക്രമീകരിക്കണം

1. വീടിന്റെ പ്രധാന വാതിലിന്റെ രണ്ടുഭാഗത്തും ചെടികൾ വയ്ക്കുക.

2. വൃത്താകൃതിയില്‍ ഇലയുള്ള ചെടികൾ കൂടുതൽ ഉപയോഗിക്കുക.

3. ഓഫിസിന്റെയും വീടിന്റെയും കിഴക്കു ഭാഗത്തോ കിഴക്കുതെക്കു ഭാഗത്തോ ഒരു ചെടി വയ്ക്കുക.

4. ബെഡ്റൂമിൽ ചുവപ്പോ പിങ്കോ നിറമുള്ള പൂക്കൾ സ്ഥാപിക്കുക. വെള്ള നിറമുള്ള പാത്രത്തിൽ ചുവപ്പു പൂക്കളോ പിങ്ക് നിറമുള്ള പൂക്കളോ ബെഡ്റൂമിന്റെ ഭാഗത്ത് വയ്ക്കുക. ഇതുവഴി പ്രണയപൂർണ്ണമായ ജീവിതം കൈവരും.

5. മുല്ലപ്പൂ സമ്മാനമായി സുഹൃത്തുക്കൾക്ക് കൊടുക്കുന്നത് സുഹൃദ്ബന്ധങ്ങൾ വളരാൻ സഹായിക്കും.

6. റോസാപ്പൂക്കൾ സമ്മാനമായി നൽകുന്നത് പ്രണയത്തെ വളർത്തുന്നു.

7. പച്ചപ്പൂക്കൾ വളർച്ച, സമാധാനം ഇവ നൽകുന്നു.

8. മഞ്ഞപ്പൂക്കൾ ഐക്യത്തെയും പ്രദാനം ചെയ്യുന്നു. ഭവനത്തിന്റെയോ ഓഫിസിന്റെയോ ശരിയായ സ്ഥാനങ്ങളിൽ ഇവ വയ്ക്കുക വഴി കൂടുതൽ ഭാഗ്യങ്ങൾ നമുക്ക് ഉണ്ടാകുന്നു.

9. വിവാഹത്തിന് റോസ്, താമര, ഓർക്കിഡ് ഇവ വയ്ക്കുന്നത് നല്ലതാണ്.

10. പ്രശസ്തിക്കുവേണ്ടി സൺഫ്ലവർ, ലില്ലി, റെഡ്റോസ് ഈ പൂക്കൾ വയ്ക്കുന്നതും നല്ലതാണ്.

11. നിങ്ങൾ വിവാഹം കഴിഞ്ഞവർ ആണെങ്കിൽ കുട്ടികളെ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു കാരണവശാലും പൂക്കൾ, ചെടികൾ ഇവ കിടപ്പറയിൽ വയ്ക്കാതെ നോക്കുക. ഒരു ബാസ്ക്കറ്റിൽ കുറച്ച് പഴവർഗ്ഗങ്ങൾ കിടപ്പറയിൽ വയ്ക്കുക. ഇതിന്റെ ഫോട്ടോ വച്ചാലും മതിയാകും.