Wednesday 19 April 2017 12:30 PM IST : By സ്വന്തം ലേഖകൻ

പുലർച്ചെ രണ്ടിനു നട തുറക്കും, താക്കോലിനൊപ്പം കോടാലിയും! തിരുവാര്‍പ്പ് ശ്രീകൃഷ്ണക്ഷേത്രത്തിന്റെ പ്രത്യേകതകൾ അറിയാമോ?

thiruvarp

കേരളത്തിലെ പ്രസിദ്ധമായ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണക്ഷേത്രം അതിന്‍റെ ആചാരാനുഷ്ഠാനങ്ങളിലും പഴമയിലും എന്നും ഒരു അത്ഭുതം തന്നെയാണ്. 1500 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം മീനച്ചിലാറിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ചതുര്‍ബാഹു രൂപേണയുള്ള ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉരുളിയില്‍ അധിവസിക്കുന്ന രീതിയിലാണ് ഇവിടുത്തെ പ്രതിഷ്ഠ. പാണ്ഡവന്മാര്‍ പൂജിച്ചിരുന്നതാണ് ഇവിടത്തെ ശ്രീകൃഷ്ണ വിഗ്രഹം എന്നാണ് വിശ്വാസം. വില്വമംഗലത്ത് സ്വാമിയാര്‍ക്ക് വേമ്പനാട്ട് കായലില്‍ നിന്ന് ഒരു ശ്രീകൃഷ്ണ വിഗ്രഹം ലഭിച്ചുവെന്നും അത് ഒരു വാര്‍പ്പില്‍ വച്ചശേഷം അദ്ദേഹം കുളിക്കാനിറങ്ങിയെന്നും കുളി കഴിഞ്ഞ് വന്നപ്പോള്‍ വിഗ്രഹം വാര്‍പ്പില്‍ ഉറച്ചിരിക്കുന്നതായി കണ്ടുവെന്നും തദ്ദേശീയരുടെ സഹായത്തോടെ അവിടെ ഒരു ക്ഷേത്രം നിര്‍മിച്ചു എന്നുമാണ് ഐതിഹ്യം.

നിരവധി പ്രത്യകതകളുള്ള ക്ഷേത്രമാണ് തിരുവാര്‍പ്പ്. വെളുപ്പിന് രണ്ടു മണിക്ക് കൃത്യമായി നട തുറക്കണം എന്നതാണ് ഏറ്റവും പ്രധാനം .! പണ്ട് ഇവിടുത്തെ പൂജാരിയെ,സ്ഥാനം ഏല്പ്പിക്കുമ്പോള്‍ കയ്യില്‍ ശ്രീകോവിലിന്‍റെ താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നത്രേ ..! ഇനി അബദ്ധവശാല്‍ താക്കോല്‍ കൊണ്ട് നടതുറക്കാന്‍ കഴിയാതെ വന്നാല്‍ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കാനായിരുന്നു ഇത് ..!! അത്രയ്ക്കും സമയം കൃത്യമാകണം ..!

ഒരുപക്ഷേ ഭാരതത്തില്‍ തന്നെ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടത്തുന്ന ക്ഷേത്രമാണ് തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രം. ശ്രീകൃഷ്ണനെ ബാലനായി സങ്കല്പിച്ചാണ് ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. താമരപ്പൂക്കളാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കുന്നത്. ഉഷഃപായസമാണ് പ്രധാന നിവേദ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൂര്യോദയത്തിന് 71/2 നാഴിക മുമ്പെയാണ് ഇവിടെ ഉഷഃപായസം നിവേദിക്കുന്നത്. 5 നാഴിഅരി, 50 പലം ശര്‍ക്കര, 7 തുടം നെയ്യ്, 5 കദളിപ്പഴം, 5 കൊട്ടത്തേങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന തിരുവാര്‍പ്പിലെ ഉഷഃപായസം പ്രസിദ്ധമാണ്.

തിരുവാര്‍പ്പു ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ഉച്ചപൂജയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും അത്താഴപൂജയ്ക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലെ തിരുവമ്പാടി ശ്രീകോവിലിലും എത്തുന്നു എന്ന വിശ്വാസം നിലവിലുണ്ട്. അതിനാല്‍ ഇവിടെ ഉച്ചപൂജയും അത്താഴപൂജയും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് നേരത്തെയാണ്. അത്താഴപൂജയ്ക്കു ശേഷം നടത്തുന്ന ദീപാരാധന ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഗ്രഹണസമയത്തും പൂജ നടക്കുന്നു എന്നതും തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ സവിശേഷതയാണ്.

thiruvarpp2

ചരിത്രം

തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം സ്ഥാപിച്ച ദിനം സൂചിപ്പിച്ചുകൊണ്ട് എഴുതിയ കലിദിന സംഖ്യ “പാലക്കോല്‍ വേലിക്കാകാ” എന്നാണ്ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കു കൂട്ടിയാല്‍ ക്ഷേത്രം സ്ഥാപിച്ചിട്ട് ഉദ്ദേശം 2000 വര്‍ഷം കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കാം. ക്ഷേത്രത്തില്‍ കമ്പവിളക്ക് സ്ഥാപിച്ചത് 601 ആണ്ട് ചിങ്ങമാസം 7 ന് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2000 വര്‍ഷത്തിലേറെയായി ഇവിടെ ജനവാസം ഉണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിന്റെ സ്ഥാപനം സൂചിപ്പിക്കുന്നത്.എണ്‍പത്തയ്യായിരം പറ നിലവും നിരവധി പുരയിടങ്ങളും ഇളമ്പള്ളി,കോത്താഴം,അരീപ്പറമ്പ്, പൂവരണി,കല്ലറ,മുട്ടാര്‍ എന്നിങ്ങനെ ഏഴു ദേശവഴികളും ഉണ്ടായിരുന്ന ക്ഷേത്രം.ഇളമ്പള്ളിയില്‍ നെയ്യാട്ടുശ്ശേരി എന്ന പുരയിടം ഇവിടെ നെയ്‌കൊണ്ടുവരാന്‍ പശുക്കളെ വളര്‍ത്തുന്നതിനായി മാറ്റിവയ്ക്കപ്പെട്ടിരുന്നു.ആശ്ചര്യചൂഡാമണി എന്ന സംസ്‌കൃത കാവ്യം രചിച്ച ചെന്നീര്‍ക്കര സ്വരൂപത്തിലെ ശക്തി ഭദ്രന്റെ കുടുംബത്തിനായിരുന്നു ക്ഷേത്രഭരണം.(സമുദായ സ്ഥാനം)ആ കുടുംബം അന്യം നിന്നപ്പോള്‍ ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാനായി ഭരണം.1937 ജനുവരി 19 ന് മഹാത്മാഗാന്ധി ഈ ക്ഷേത്രത്തില്‍ ദര്‍ശനം മടത്തിയിട്ടുണ്ട്.ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 16 മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാര്‍പ്പു ക്ഷേത്രം.

ഉത്സവം

തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസിദ്ധമായ അഞ്ചാം പുറപ്പാട് ആറാം ഉത്സവദിനമായ ഇന്നു നടക്കും. രാവിലെ ഒൻപതിന് മാതൃക്കയിൽ ദർശനം, 11ന് പുറപ്പാട് സദ്യ, രാത്രി ഒൻപതിന് അഞ്ചാം പുറപ്പാട്. വേലകളിയും പഞ്ചാവാദ്യവും നാഗസ്വരവും തവിലും അഞ്ചാം പുറപ്പാടിന് കൊഴുപ്പേകും. അരങ്ങിൽ 10.30ന് ഓട്ടം തുള്ളൽ, എട്ടിന് മാതംഗി സത്യമൂർത്തിയുടെ സംഗീത സദസ്, 10.30ന് സീരിയൽ നടി ശാലുമേനോന്റെ നൃത്തശിൽപം. ഉത്സവം 23ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സത്തോടനുബന്ധിച്ച് പത്തു ദിവസവും നടക്കുന്ന വിളക്ക് പ്രധാന ചടങ്ങ്. പത്തു വയസിൽ താഴെയുള്ള പെൺകുട്ടികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.