Thursday 27 April 2017 04:51 PM IST : By സ്വന്തം ലേഖകൻ

വേറിട്ട ‘കാഴ്ച’ അർപ്പിച്ച് സംവിധായകൻ ബ്ലെസി, ചിരിയുടെ വലിയ പിതാവിന് ആശംസകൾ അർപ്പിച്ചു കേരളം

chrysostum

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് സംവിധായകൻ ബ്ലെസിയുടെ വേറിട്ട കാഴ്ച. വലിയമെത്രാപൊലിത്തയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സുപ്രധാന നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു ഡോക്യുമെന്ററിയാണ് ബ്ലസ്സി സമ്മാനിച്ചത്. 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിയില്‍ 100 പ്രമുഖ വ്യക്തികളുമായി ക്രിസോസ്റ്റം തിരുമേനി നടത്തിയ ചര്‍ച്ചകളും സംവാദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ലോകമഹായുദ്ധങ്ങള്‍ സ്വാതന്ത്ര്യസമരം, അടിയന്തരാവസ്ഥ, രാഷ്ട്രീയമാറ്റങ്ങള്‍ അങ്ങനെ ക്രിസോസ്റ്റം തിരുമേനി കടന്നുവന്ന കാലവും ഡോക്യുമെന്ററിയില്‍ അടയാളപ്പെടുത്തുന്നു. ക്രിസോസ്റ്റം തിരുമേനിയുടെ മുന്നിലിരുന്നാല്‍ പ്രധാനന്ത്രിയുടെപോലും മാനസിക പിരിമുറുക്കങ്ങള്‍ അഴിയും. മനസ്സുനിറഞ്ഞ് ചിരിക്കും. ഈശ്വരവിശ്വാസി അല്ലാത്തവര്‍ക്കുപോലും കയറിച്ചെല്ലാവുന്നത്ര വിശാലമാണ് ആ ഹൃദയം എന്നും ഡോക്യുമെന്ററി സാക്ഷ്യപ്പെടുത്തുന്നു.

തിരുമേനിയെയല്ല, മനുഷ്യനെയാണ് സ്നേഹിക്കേണ്ടതെന്ന് മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂള്‍ മൈതാനിയില്‍ നടന്ന ആശംസാ സമ്മേളനത്തിൽ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. മറുപടി പ്രസംഗത്തിലായിരുന്നു അദ്ദേഹം സ്വതസിദ്ധമായ രീതിയിൽ നന്ദി പ്രകടിപ്പിച്ചത്. കള്ളനെയും സ്നേഹിക്കുന്ന ദൈവത്തെപ്പോലെ എല്ലാവരെയും അതിരില്ലാതെ സ്നേഹിക്കുകയാണ് നമ്മുടെ ചുമതല.

നരകത്തില്‍പ്പോട്ടെയെന്ന് ശപിക്കുകയല്ല മനുഷ്യരോട് ചെയ്യേണ്ടത്. മനുഷ്യന്റെ ആവശ്യം തിരിച്ചറിയാനും അത് പരിഹരിക്കാനും പ്രവര്‍ത്തിക്കണം. മനുഷ്യന്റെ സാധ്യതകള്‍ കണ്ടെത്തി അത് സാധ്യമാക്കുന്നതിന് അവരെ രൂപാന്തരപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമ്മളനത്തിൽ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രമുഖരും അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കാൻ സ്കൂള്‍ മൈതാനത്ത് എത്തിയിരുന്നു.

നൂറാം ജന്മദിനം ആഘോഷിക്കുന്ന മെത്രാപ്പൊലീത്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസകൾ നേർന്നിരുന്നു. ക്രിസോസ്റ്റത്തിന് ആരോഗ്യപൂര്‍ണമായ ജീവിതം നേരുന്ന ട്വീറ്റിനൊപ്പം അദ്ദേഹമൊത്തുള്ള ചിത്രവും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.