Wednesday 11 April 2018 10:20 AM IST : By സ്വന്തം ലേഖകൻ

ഇന്ന് തിരുവാതിര! ഇഷ്ടപ്പെട്ട ഭർത്താവിനെ ലഭിക്കാൻ ആർദ്ര വ്രതം നോറ്റ് സ്ത്രീകൾ

shiva-thiriuvathira

പണ്ടൊക്കെ, മലയാളിമങ്കമാർക്കു വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷമാണു ധനുമാസത്തിലെ തിരുവാതിര. സ്ത്രീകളുടെ ഉത്സവം തന്നെയാണത്. തിരുവാതിരയുമായി ബന്ധപ്പെട്ട് പാതിരാക്കുളി, പാതിരാപ്പൂചൂടൽ, ആർദ്രാവ്രതം തുടങ്ങി ഒട്ടേറെ ആചാരങ്ങളുമുണ്ട്. ഭഗവാൻ പരമശിവന്റെ പിറന്നാളാണു തിരുവാതിര.

“ധനു മാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ….” എന്നു തിരുവാതിരപ്പാട്ടുകളിൽ തന്നെ പറയുന്നു. ജ്യോതിഷപ്രകാരം തിരുവാതിര നക്ഷത്രത്തിന്റെ ദേവത പരമശിവനാണ്. ഇത്തവണ ഇംഗ്ലിഷ് പുതുവത്സര ദിനത്തിൽ തന്നെയാണു തിരുവാതിര വരുന്നത്.

ഒരാഴ്ചത്തെ ആഘോഷമായിട്ടാണു പണ്ടൊക്കെ തിരുവാതിര ആചരിച്ചിരുന്നത്. ദിവസവും പുലർച്ചെ എണീറ്റ് കുളത്തിൽ തുടിച്ചുകുളിച്ച് മഞ്ഞളരച്ച ചന്ദനം ചാർത്തി ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി പാർവതീപരമേശ്വരന്മാരെ ആരാധിച്ചാൽ സ്ത്രീകൾക്കു ദീർഘമാംഗല്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണു വിശ്വാസം. തിരുവാതിര ദിവസം തറവാട്ടുമുറ്റത്തു നടത്തുന്ന തിരുവാതിരക്കളിയും ആചാരത്തിന്റെ ഭാഗം തന്നെ.

ഇഷ്ടപ്പെട്ട ഭർത്താവിനെ ലഭിക്കാൻ ആർദ്രാവ്രതം


പാർവതീദേവിക്കു പരമശിവനെ ഭർത്താവായി ലഭിച്ചതു തിരുവാതിര ദിനത്തിലാണെന്നും ഐതിഹ്യമുണ്ട്. പഞ്ചാഗ്നിമധ്യത്തിലെ തപസ്സിനും കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്കും ശേഷമാണു പാർവതിക്കു പരമശിവനെ ഭർത്താവായി ലഭിച്ചത്. തിരുവാതിര വ്രതമെടുത്ത് പാർവതീദേവിയെ ആരാധിച്ചാൽ ഇഷ്ടപ്പെട്ട പുരുഷനെ ഭർത്താവായി ലഭിക്കുമെന്നാണു വിശ്വാസം. വിവാഹിതർക്കു ദാമ്പത്യബന്ധം ദൃഢമാക്കാനും തിരുവാതിര വ്രതാനുഷ്ഠാനത്തിലൂടെ കഴിയുമെന്നു പറയുന്നു.

കൂടുതൽ വായനയ്ക്ക്