Monday 06 February 2017 05:29 PM IST : By രവീന്ദ്രൻ കളരിക്കൽ

വാരഫലം-ഫെബ്രുവരി

weekly_astro

(2017 ഫെബ്രുവരി 05 മുതൽ 11 വരെ)

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): അഷ്ടമശ്ശനിദോഷകാലം കഴിഞ്ഞെങ്കിലും വ്യാഴം ആറാംഭാവത്തിൽ തുടരുന്നതിനാൽ മേടക്കൂറുകാർക്ക് ഈയാഴ്ച ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര ലഭിക്കുന്നില്ലെന്നു തോന്നും. അതുകൊണ്ട് ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകളും ആരാധാനകളുമൊക്കെ വേണം. ഏതായാലും ശനി മാറിയതുകൊണ്ടു തന്നെ ജോലിസ്ഥലത്തെ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കുടുംബകാര്യങ്ങളിൽ തികച്ചും ഗുണകരമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ചെലവു കൂടും. ശരീരസുഖം കുറയുകയും ചെയ്യും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. നിത്യവരുമാനക്കാർക്കു വരുമാനത്തിൽ വർധന അനുഭവപ്പെടും. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ഇടവക്കൂറുകാർക്ക് കണ്ടകശ്ശനി തീർന്നതിനാൽ ഈയാഴ്ചയിൽ പൊതുവേ നല്ല ഫലങ്ങളാണ് എല്ലാ രംഗത്തും അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബാംഗങ്ങളിൽ നിന്നുള്ള സ്നേഹവും സഹകരണവും മനസ്സിനു കരുത്തു പകരാൻ സഹായിക്കും. പ്രവർത്തനരംഗത്ത് ഇടപെടുന്ന കാര്യങ്ങളിലെല്ലാം കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ജോലിയിൽ പുതിയ സ്ഥാനലബ്ധിയുണ്ടാകും. സാമ്പത്തികകാര്യങ്ങളിൽ നേരിയ പുരോഗതി പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): ഈയാഴ്ച മിഥുനക്കൂറുകാർക്കു പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ശനി ധനു രാശിയിലേക്കു മാറിയതോടെ കണ്ടകശ്ശനി തുടങ്ങിയതു കാരണം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും.  എങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ ജോലിയിൽ ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ല. കുടുംബത്തിൽ സ്വസ്‌ഥത നിലനിൽക്കും. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ അച്ചടക്കം പാലിക്കണം. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കാവുന്ന ദിവസങ്ങളാണിത്. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരും. സാമ്പത്തികകാര്യങ്ങളിലും നല്ല അനുഭവങ്ങളാണ് ഉണ്ടാകുക. 

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും): ഈയാഴ്‌ച കർക്കടകക്കൂറുകാർക്കു ജോലിരംഗത്തും കുടുംബത്തിലും തികച്ചും നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. കഴിഞ്ഞയാഴ്ച വരെ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളിൽ നിന്നു മോചനം ലഭിക്കും. എങ്കിലും വ്യാഴം മൂന്നാം ഭാവത്തിൽ തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകളും വഴിപാടുകളും വേണം. ചന്ദ്രൻ പ്രതികൂലഭാവത്തിൽ വരുന്നതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിച്ച് ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും കഴിയും. ജോലിരംഗത്തും തികച്ചും നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും): ചിങ്ങക്കൂറുകാരുടെ കണ്ടകശ്ശനി തീർന്നതിനാൽ കഴിഞ്ഞയാഴ്ചത്തേതിനെക്കാൾ നല്ല അനുഭവങ്ങൾ ഈയാഴ്ചയിൽ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ചന്ദ്രൻ പ്രതികൂലഭാവത്തിൽ വരുന്നതിനാൽ ആഴ്ചയുടെ അവസാനത്തെ രണ്ടു ദിവസം മനസ്സിന്റെ സ്വസ്ഥത കുറയും. ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ‌ മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ഉണ്ടാകുകയും ചെയ്യും. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും): കന്നിക്കൂറുകാർക്കു പൊതുവേ ഗുണദോഷമിശ്രഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കണ്ടകശ്ശനി തുടങ്ങിയതിനാൽ ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാനിടയുണ്ട്. കണ്ടകശ്ശനിയുടെ തടസ്സങ്ങൾ ഇല്ലാതാകാൻ ഈശ്വരാരാധന ആവശ്യമാണ്. പൊതുവേ ദൈവാനുഗ്രഹം അനുഭവപ്പെടുന്ന ദിവസങ്ങളാണിത്. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. പ്രതിസന്ധികളിലൊന്നും പെടാതെ മുന്നോട്ടു പോകാനും സാധിക്കും. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): ഈയാഴ്‌ച തുലാക്കൂറുകാർക്ക് കാര്യങ്ങൾ തികച്ചും അനുകൂലമായിട്ടാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറും. സാമ്പത്തികരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. അഷ്ടമരാശിക്കൂറു വരുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിന്റെ സ്വസ്ഥത കുറയും. ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ മനസ്സിന്റ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. കുടുംബത്തിൽ സന്തോഷം നിലനിർത്താനും സാധിക്കും. ജോലിരംഗത്തു സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും): കണ്ടകശ്ശനി തീർന്നതിനാൽ ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കഴിഞ്ഞയാഴ്ചത്തേതിനെക്കാൾ നല്ല അനുഭവങ്ങൾ തന്നെ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ദൌത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടും. ജോലികാര്യങ്ങൾക്കായി കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തികകാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മക്കൾക്കു വിദ്യാഭ്യാസപുരോഗതിയുണ്ടാകുന്നതു മൂലം മനസ്സിനു സ്വസ്ഥതയും സംതൃപ്തിയും ഉണ്ടാകും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): ഈയാഴ്ച ധനുക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ശനി ധനുരാശിയിലേക്കു മാറിയതോടെ ജന്മശ്ശനി തുടങ്ങിയതിനാൽ കാര്യങ്ങൾക്കു ചെറിയ തോതിൽ തടസ്സം അനുഭവപ്പെടും. ഏതായാലും ദൈവാനുഗ്രഹം ഉള്ളതിനാൽ ആഴ്ചയിലെ മിക്ക ദിവസങ്ങളിലും കഴിഞ്ഞയാഴ്ചത്തേതിനെക്കാൾ കൂടുതൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്ഥതകളിൽ നിന്നെല്ലാം മോചനം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനു സാധ്യത. വിചാരിച്ച കാര്യങ്ങൾ നടക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയുകയും ചെയ്യും. പ്രവർത്തനരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും): ഈയാഴ്‌ച മകരക്കൂറുകാർക്കു കാര്യങ്ങൾ കഴിഞ്ഞയാഴ്ചത്തേതിനെക്കാൾ കൂടുതൽ അനുകൂലമായിരിക്കും. ശനി ധനുരാശിയിലേക്കു മാറി എന്നതിനാൽ കാര്യങ്ങളിലെല്ലാം ചെറിയ തോതിൽ തടസ്സമനുഭവപ്പെടുന്നതു തുടരും. എങ്കിലും വ്യാഴം അനുകൂലഭാവത്തിൽ തുടരുന്നതിനാൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും ജോലികാര്യങ്ങളിലും തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചെലവു കൂടും. എങ്കിലും കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. മനസ്സിന്റെ സ്വസ്‌ഥത വീണ്ടെടുക്കാൻ കഴിയും. സാമ്പത്തികരംഗം മെച്ചപ്പെടും. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും): കുംഭക്കൂറുകാർക്ക് കണ്ടകശ്ശനി തീർന്നതിനാൽ ഈയാഴ്‌ച തികച്ചും നല്ല അനുഭവങ്ങളാണ് ഉണ്ടാകുക. വരുമാനത്തിൽ അധികം വർധനയുണ്ടാകില്ലെങ്കിലും ചെലവു നിയന്ത്രിക്കാൻ കഴിയും. അങ്ങനെ കയ്യിൽ പണലഭ്യത ഉണ്ടാകും. ജോലികാര്യങ്ങളിൽ വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. വ്യാഴം അഷ്ടമഭാവത്തിൽ തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ചെയ്യണം. എങ്കിൽ പ്രതിസന്ധികളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും): ഈയാഴ്ച മീനക്കൂറുകാർക്കു വലിയ കുഴപ്പങ്ങളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കണ്ടകശ്ശനി ആരംഭിച്ചിട്ടുണ്ടെങ്കിലും വ്യാഴം ഇഷ്ടഭാവത്തിൽ ആയതിനാൽ  ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ സാധിക്കും. ചില ദിവസങ്ങളിൽ ശാരീരികമായി ഇടയ്ക്കിടെ സുഖമില്ലായ്മ തോന്നും. എങ്കിലും ജോലിരംഗത്തും കുടുംബത്തിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തികബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും.