Saturday 18 March 2017 02:15 PM IST : By വിജീഷ് ഗോപിനാഥ്

ഒരുപോലെ ഒഴുകിയ രണ്ടു താരങ്ങൾ!

manju22.jpg.image.784.410
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ലൊക്കേഷൻ: ക്രൗൺപ്ലാസ, കൊച്ചി

കോലോത്തെ തമ്പുരാട്ടിയാടോ മാഷേ... എന്ന്  ജഗന്നാഥനോടു പറയുന്നതു പോലെയായിരുന്നു ആ വരവ്. ആറാം തമ്പുരാനിലെ ആ ചുവപ്പു സാരിക്കു പകരം ജീൻസും ടോപ്പും  ആണെന്നേ ഉള്ളൂ. കുറച്ചു മുമ്പ് ‘C/O െസെറാബാനുവിന്റെ’ ലൊക്കേഷനിൽ വച്ചു കാണുമ്പോൾ കൈയിറക്കമുള്ള ചുരിദാറിട്ട, തട്ടമിട്ട പെൺകുട്ടിയായിരുന്നു മഞ്ജു വാരിയർ. ഇപ്പോഴിതാ പതിഞ്ഞ താളത്തിലൊഴുകിയ പുഴയ്ക്ക് പെട്ടെന്ന് പുതിയൊരു വേഗം വന്നതു പോലെ...

ക്യാമറയ്ക്ക് മുന്നിൽ നിന്ന്, തോളറ്റം വെട്ടിയിട്ട മുടിയിളക്കി വേഗത്തിൽ  നടന്നു വന്ന അമല അക്കിനേനി  അപ്പോഴും നടത്തത്തിലെവിടെയൊെക്കയോ മായാവിനോദിനിയെ ഒളിപ്പിച്ചു വച്ചിരുന്നു. ‘എന്റെ സൂര്യപുത്രി’യിൽ കുസൃതിക്ക് കൈയും കാലും വച്ച്, നീല ജീൻസും ചെക്ക് ഷർട്ടുമിട്ട്  ‘രാപ്പാടി പക്ഷിക്കൂട്ടം ചേക്കേറാൻ’ എന്ന് പാടിയ അതേ മായാവിനോദിനി.

അഭിനയത്തിന്റെ രണ്ട് സ്ഫടിക പാത്രങ്ങളാണ് മുന്നിൽ. കഥയ്ക്കനുസരിച്ച് ഉടൽ മാറാനാകുന്ന വിസ്മയങ്ങൾ. രണ്ടുപേർക്കും വലിയ വ്യത്യാ സങ്ങളില്ല. നിറഞ്ഞാടിയ കഥാപാത്രങ്ങള്‍ മായാതെ നിൽക്കുന്നതുകൊണ്ടാവാം താരങ്ങളുടെ കാര്യത്തിൽ പ്രായം പതുക്കെയായിപ്പോകുന്നത്.

സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെ മഞ്ജു പറഞ്ഞു, ‘‘നമ്മൾ രണ്ടിടങ്ങളിലായി ഒഴുകിയ ഒരേ പുഴയാണ്. ജീവിതത്തില്‍ എവിടെയൊക്കെയോ നമുക്ക് ഒരേ ഭാവമാണ്. ജീവിതം എനിക്ക് ഒരു വിസ്മയമാണ്. പണ്ടു തൊട്ടേ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരുമിച്ചിരിക്കാൻ. ഇപ്പോഴിതാ അതു നടക്കുന്നു...’’   

manju1.jpg.image.784.410‘‘അന്നു ഞാൻ കൊതിച്ചിരുന്നു, ആ മായാവിനോദിനി ആകാൻ’’

മഞ്ജു– കണ്ണൂരിലെ അമ്പിളി തിയറ്ററിൽ വച്ചാണ് ഞാൻ ‘എന്റെ സൂര്യപുത്രിക്ക്’  ആദ്യമായി കണ്ടത്. അന്നൊക്കെ ശനിയാഴ്ചയാകാൻ കാത്തിരിക്കാറുണ്ടായിരുന്നു. എല്ലാ  ശനിയാഴ്ചയും അച്ഛൻ ഞങ്ങളെ സിനിമ കാണിക്കാനായി കൊണ്ടുപോകും. അതൊരു ശീലം തന്നെയായിരുന്നു.

സൂര്യപുത്രി ഇന്നും ഒാർമയുണ്ട്. ആ കാലത്തെ കോളിളക്കമുണ്ടാക്കിയ ‘ന്യൂജെൻ സിനിമ.’ മായാവിനോദിനിയുടെ മിഡിയും ടോപ്പും ജീൻസും ഷർട്ടും എന്തിന് ചെരുപ്പുപോലും ഇപ്പോഴും മനസ്സിലുണ്ട്. അക്കാലത്തെ ട്രെൻഡായി മാറിയിരുന്നു അതെല്ലാം. ആ കോസ്റ്റ്യൂം എല്ലാം എന്നെപ്പോലുള്ള ഒരുപാടു ക‍ൗമാരക്കാരുടെ സ്വപ്നത്തിലുണ്ടായിരുന്നു. അന്നൊന്നും ഒരിക്കൽപ്പോലും അമലാ മാ‍ഡത്തിന്റെ അടുത്ത് ഇങ്ങനെ ഇരിക്കാൻ പറ്റുമെന്നു കരുതിയിട്ടേ ഇല്ല.

എന്നാൽ കുറച്ചുവർഷം കഴിഞ്ഞ് മാഡത്തിനെ നേരിട്ടു കാണാൻ കഴിഞ്ഞു, ഫിലിം ഫെയറിന്റെ അവാർഡ് എനിക്കു കിട്ടിയ വർഷം. ആ താരനിശയുടെ മുന്‍നിരയില‍്‍ നാഗ്സാറിനൊപ്പം (നാഗാർജുന) അമല ഇരിക്കുന്നു. ഒന്നു കൈനീട്ടിയാൽ തൊടാം. പക്ഷേ, എനിക്കു വിളിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എത്തിവലിഞ്ഞു നോക്കി മുഖത്തിന്റെ ഒരു വശം കണ്ടു സന്തോഷിച്ചു.’’

മഞ്ജു പറയുന്നതു കേട്ട് അമലയുടെ മുഖത്ത് ചിരിയുടെ വെൺതൂവല്‍ പാറി. കാപ്പിക്കപ്പ് താഴെ വച്ച് മഞ്ജുവിന്റെ കൈവിരലിലൊന്നു തൊട്ടു, അമല.  

അമല–മഞ്ജുവിന്റെ മൂന്നു സിനിമകള്‍ ഞാൻ കണ്ടിട്ടുണ്ട്. സമ്മർ ഇൻ ബത്‍‌ലഹേമിലെ അഭിരാമിക്കും സൂര്യപുത്രിയിലെ മായാവിനോദിനിക്കും എവിടെയൊെക്കയോ സമാനതകളുണ്ടെന്ന് പലപ്പോഴും തോന്നിയിരുന്നു. സംവിധായകൻ റോഷൻ ആൻഡ്രൂസാണ്‘ ‍ഹൗ ഒാൾഡ് ആർ യു’വിന്റെ ഡിവിഡി അയച്ചു തന്നത്. പിന്നെ, ‘റാണി പത്മിനിയും’ കണ്ടു.

മ‍ഞ്ജു സിനിമ തിരഞ്ഞെടുക്കുന്ന രീതി എനിക്കിഷ്ടമാണ്. ഈ സിനിമയിലെല്ലാം നായിക അവരുടെ വ്യക്തിത്വം കൊണ്ട് കൈയൊപ്പ് ഇട്ടിരുന്നു. മലയാള സിനിമയിൽ  മാത്രം സാധിക്കുന്ന കാര്യങ്ങളാണ് ഇത്. ഇവിടെ ഏതു പ്രായത്തിലുള്ളവരും സിനിമ കാണും. പക്ഷേ, തെലുങ്കിലൊക്കെ പ്രായമായ പലരും ചാനൽ പ്രേക്ഷകരായി ചുരുങ്ങിപ്പോകും.

എന്നെക്കാൾ മുന്നേ നാഗിന് മഞ്ജുവിനെ അറിയാം. കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യചിത്രത്തിൽ നാഗും മഞ്ജുവും ഒരുമിച്ചുണ്ടായിരുന്നു. െസെറാബാനുവിൽ ഞാൻ അഭിനയി ക്കാൻ തീരുമാനിച്ചപ്പോൾ നാഗ് പറഞ്ഞു–‘‘മഞ്ജുവിനെ ശരിക്കും നിനക്ക് ഇഷ്ടപ്പെടും. അത്രയ്ക്ക് ഡൗൺ ടു എർത്ത് ആണവർ.’’

‘‘നാഗ് സാറിനെക്കുറിച്ച് പറയൂ...’’

മഞ്ജു– ഇടവേളയ്ക്കു ശേഷം പരസ്യചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ നല്ല ടെൻഷൻ. പോരെങ്കില്‍ ഒപ്പം അഭിനയിക്കേണ്ടത് ബച്ചൻ സാറിനും നാഗ് സാറിനുമൊക്കെ ഒപ്പം. നാഗ് സാറിനുമുന്നില്‍ ഞാൻ ഒരു തുടക്കക്കാരിയെപ്പോലെ തന്നെയായിരുന്നു. എന്നിട്ടും എന്റെ ടെൻഷൻമാറ്റാനും കംഫർട്ടബിളാക്കാനും ശ്രമിച്ചു. എത്രയോ വലിയ താരമാണ് എന്നിട്ടും തികച്ചും സാധാരണക്കാരനെ പോലെയാണ് പെരുമാറിയത്.

ആ ടെൻഷനിലിടയിലും നാഗ് സാറിനെ കണ്ടപ്പോൾ ഞാ നാദ്യം ചോദിച്ചത് ‘അമലാ മാഡത്തിനു സുഖം തന്നെയല്ലേ’ എന്നാണ്. ആരാധന‌ അപ്പോഴും കുറഞ്ഞിരുന്നില്ല.

അമല–എന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് നാഗ്. വണ്ടർ ഫുൾ ലൈഫ്പാർ‍‍ട്ണർ മാത്രമല്ല. സുഹ‍ൃത്ത്, വഴികാട്ടി...അതെല്ലാമാണ്. ഞാൻ ഏതു തീരുമാനമെടുത്താലും അതിനു പിന്തുണയുമായി ആൾ ഒപ്പമുണ്ട്. ‘എന്നെ സപ്പോർട്ട് ചെയ്യൂ’ എന്ന് ഇതേ വരെ പറയേണ്ടി വന്നിട്ടില്ല. സിനിമയിൽ നല്ല റോളുകൾ ചെയ്യാൻ എന്താണു പരിശ്രമിക്കാത്തത് എന്നേ ചോദിച്ചിട്ടുള്ളൂ. പത്തൊൻപതു ദിവസമായി സൈറാബാനുവിനു വേണ്ടി കേരളത്തിലേക്കു ഞാൻ വന്നിട്ട്. നീ പൊയ്ക്കോളൂ.... കുഴപ്പമില്ല എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളു.

manju23.jpg.image.784.410‘‘C/O സൈറാബാനു എന്ന ഈ സിനിമയിലേക്ക് ഞാൻ വരാൻ തീരുമാനിച്ച നിമിഷം...’’

അമല–മലയാളികൾ എപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. ആകെ രണ്ടു മലയാള സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. എന്നിട്ടും ലോകത്തെവിടെ വച്ചായാലും മലയാളികൾ എന്നെ കണ്ടാല്‍ അടുത്തേക്കു വരും. സംസാരിക്കും. പുതിയ തലമുറ യിലെ കുട്ടികളും ആ കൂട്ടത്തിലുണ്ട്. ആ ഇഷ്ടം കൊണ്ടുതന്നെ മലയാളത്തിലൊരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതിനു മുമ്പേ അവസരങ്ങൾ വന്നെങ്കിലും മറ്റു ചില തിരക്കുകള്‍ കാരണം വരാനായില്ല

ഈ സിനിമയും ആദ്യം ഞാന്‍ വേണ്ട എന്നു തീരുമാനിച്ചതായിരുന്നു.  സംവിധായകന്‍ ആന്റണി സോണി C/O െസെറാബാനുവിന്റെ തിരക്കഥയുമായി ഹൈദരാബാദില്‍ വന്നു. സ്ക്രിപ്റ്റ് എനിക്ക് ഒരുപാടിഷ്്ടമായി. സ്ത്രീ പ്രാധാന്യമുള്ള സിനിമ. ഷീൻ ഹെലൻ എന്ന വനിതാ പ്രൊഡ്യൂസർ. അതൊക്കെ ഇഷ്ടം കൂട്ടി.

പക്ഷേ, നാഗചൈതന്യയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്ന സമയമാണിത്. എനിക്കും നാഗിനും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരുക്കങ്ങൾ തുടങ്ങിയിട്ടേ ഉള്ളു. അതിനിടയിൽ കേരളത്തിലേക്കു വന്നാൽ ഒന്നും ശരിയാവില്ല. അതുകൊണ്ട് ഞാനാദ്യം ‘നോ’ എന്നാണു പറഞ്ഞത്. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആന്റണി വീണ്ടും വിളിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ തീർക്കുമെന്നുറപ്പു പറഞ്ഞു.  അതോെട എനിക്ക് സമ്മതിക്കേണ്ടി വന്നു.

നീന്തലറിയാം. പക്ഷേ, വെള്ളത്തിലേക്ക് എടുത്തു ചാടണോ വേണ്ടേ എന്ന ആലോചനയിലായിരുന്നു കുറച്ചുനാൾ. അഭിനയിക്കാമെന്നായപ്പോൾ ഉറപ്പിച്ചു, ഇനി നീന്തിയേ പറ്റൂ. ബിപിന്‍ ചന്ദ്രനെഴുതിയ പല ഡയലോഗുകളും സുന്ദരമായിരുന്നു. അതിലൊരു വാക്കു പോലും എനിക്ക് പറയാൻ പറ്റാത്തതു കൊണ്ടു മാറ്റരുതെന്നുണ്ടായിരുന്നു. ചാനൽ അവതാരകയായ സൗമ്യ എന്നെ സഹായിച്ചു. എല്ലാ ദിവസവും സ്കൈപ്പിൽ മലയാളം ‘ട്യൂഷൻ’. അങ്ങനെ കേരളത്തിലേക്കു വരും മുന്നേ സ്ക്രിപ്റ്റ് ഞാൻ കാണാതെ പഠിച്ചു.

മഞ്ജു-  ഇതു ചെയ്യേണ്ട ഒരു പ്രോജക്ട് ആണെന്ന് എനിക്കും തോന്നിയിരുന്നു. അമലാ മാഡത്തിന്റെ വരവ് ശരിക്കും ഒരു വഴിത്തിരിവ് തന്നെയായിരുന്നു. ആദ്യ കുറച്ചു ദിവസങ്ങളിലുണ്ടായത് അവിശ്വസനീയതയാണ്.  ഞങ്ങൾ മാഡത്തിന്റെ അഭിനയം നോക്കിനിന്നു. ശരിക്കും മത്സരത്തോടെ അഭിനയിക്കാൻ തുടങ്ങി.  മാ‍ഡം മലയാളം പറയുന്നതു കേട്ട് ഞങ്ങളെല്ലാരും അദ്ഭുതപ്പെട്ടു. ഈ കോംബിനേഷൻ ചർച്ച ചെയ്യപ്പെടും എന്ന കാര്യം ഉറപ്പാണ്.

‘‘ നമ്മുടെ യാത്രയിൽ ചില  സമാനതകളുണ്ട്. അതിലൊന്നാണ് നൃത്തം.’’

മഞ്ജു-  എനിക്കിപ്പോഴും പഴയ ആ എൽപി സ്കൂളുകാരിയെ ഒാർമയുണ്ട്. സ്റ്റേജില്‍ വച്ച് നൃത്തം മറന്നു സദസ്സിലേക്കു നോക്കി നിന്ന ആ ദിവസം. നാഗർകോവിലിൽ താമസിച്ചിരുന്ന സമയത്ത് സ്കൂളിലെ ഏതോ പരിപാടിക്ക് നൃത്തം ചെയ്തു കൊണ്ടിരിക്കുമ്പോൾ ചുവടു മറന്നു പോയി. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു. പിന്നെ ഒറ്റയോട്ടം പുറകിലേക്ക്. കണ്ണു നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

പക്ഷേ, സെലിൻകുമാരി ടീച്ചർ എന്നെ കെട്ടിപ്പിടിച്ചു. കുറേ ആശ്വസിപ്പിച്ചു. പേടിക്കണ്ട, ഒാർമയുള്ളതു ചെയ്താൽ മതിയെന്നു പറഞ്ഞ് ധൈര്യം തന്നു. നേരെ മറിച്ച് വഴക്കു പറഞ്ഞിരുന്നെങ്കിൽ അന്നത്തോടെ ന‍ൃത്തത്തിനോടുള്ള ഇഷ്ടം പോലും ഇല്ലാതായി പോയേനെ. അങ്ങനെയുള്ള മറവികളൊന്നും ഉണ്ടാകല്ലേ എന്ന പ്രാർഥനയോടെയാണ് ഇന്നും ഒാരോ വേദിയിലും  ഞാൻ കയറുന്നത്. അച്ഛനും അമ്മയും ഗുരുക്കന്മാരും ഉൾപ്പെടെ ഒരുപാടു പേരുടെ പ്രാർഥനയും സഹനവുമാണ് എന്റെ ന‍ൃത്തജീവിതം.

കാലം ‍മാറിയെങ്കിലും അന്നത്തേക്കാൾ ആസ്വദിച്ചാണ് ഓരോ ചുവടും വയ്ക്കുന്നത്. ചില വേദികളിൽ നിന്നിറങ്ങുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു തുളുമ്പും.  

അമല– പത്മസുബ്രഹ്മണ്യം സ്വർഗത്തില്‍ നിന്നു വന്ന ദേവതയാണെന്നു  വിശ്വസിച്ച കുട്ടിക്കാലമായിരുന്നു എന്റേത്. നൃത്തത്തിനോട് അത്ര ആരാധന. അടുക്കളയിലും വരാന്തയിലും  സ്കൂളിലും എവിടെ നിന്നും ഞാൻ ഡാൻസ് ചെയ്യും. ഇതു കണ്ടാണ് അമ്മ എന്നെ ‍ഭരതനാട്യം പഠിക്കാൻ ചേർത്തത്, ക ലാേക്ഷത്രയിൽ. ശരിക്കും ആശ്രമം തന്നെയായിരുന്നു അത്. അവിടെ ശ്വസിക്കുന്നതു പോലും നൃത്തമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

പക്ഷേ, അവസാന വർഷമായപ്പോൾ ഒരു കാര്യം തിരിച്ചറിഞ്ഞു, ജീവിത ചെലവുകൾക്കായി മറ്റൊരു ജോലി കണ്ടെത്തേണ്ടി വരും. നൃത്തം പാഷനാണ്, എന്നാൽ ജോലിയായി കാണാനാകില്ല.

അപ്പോഴാണ് സംവിധായകൻ ടി. രാജേന്ദ്രൻ സാർ സിനിമയിലേക്കെന്നെ വിളിക്കുന്നത്, ഒരു നർത്തകിയുടെ വേഷം. പിന്നീട്  ഞാൻ വേണ്ട എന്നു വയ്ക്കുന്നതു വരെ സിനിമ എ നിക്കൊപ്പമുണ്ടായിരുന്നു. ദൈവം എപ്പോഴും അവസരങ്ങൾ തരും. അത് ബുദ്ധിപൂർവം ഉപയോഗിക്കണമെന്നേയുള്ളു. ജീ വിതം അതാണ് എന്നെ പഠിപ്പിച്ചത്.

‘‘ഇനി അഭിനയിക്കുന്നില്ല എന്നുറപ്പിച്ചപ്പോൾ പരീക്ഷാക്കാലം കഴിഞ്ഞ കുട്ടിയുടെ മനസ്സായിരുന്നു എനിക്ക്’’

manju20.jpg.image.784.410അമല–വിവാഹത്തിനു മുമ്പു വരെ ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഒാട്ടത്തിലായിരുന്നു ഞാൻ. വിവാഹം കഴിഞ്ഞ് നാഗാർജുനയോടു പറഞ്ഞു, ‘‘ ഇനി അഭിനയിക്കുന്നില്ല.’’ നാഗ് സമ്മതിച്ചു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ കുട്ടിയുടെ ആശ്വാസമായിരുന്നു എനിക്കപ്പോൾ. ആ അവധിക്കാലം 20 വർഷമുണ്ടായിരുന്നു.

ഞങ്ങൾ ഹൈദരാബാദിലേക്കു പോയി.  അഖിൽ പിറന്നു. നാഗിന്റെ സിനിമാ തിരക്കുകൾ, നാഗചൈതന്യയുടെയും അ ഖിലിന്റെയും വളർച്ച,  ബ്ലൂക്രോസിന്റെ പ്രവർത്തനം,  നാഗിന്റെ അച്ഛൻ അക്കിനേനി നാഗേശ്വര റാവുവിന്റെ സ്വപ്നമായ അ ന്നപൂർണ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിലിം ആൻഡ് മീഡിയയുടെ പ്രവർത്തനങ്ങൾ... ഈ ഒാട്ടത്തിനിടയിൽ 20 വർഷം കടന്നു പോയത് എത്രവേഗത്തിലാണ്.

മഞ്ജു– മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളത്. എല്ലാം അപ്രതീക്ഷിതം. സിനിമയിലേ ക്കുള്ള എന്റെ രണ്ടാം വരവു പോലും മുൻകൂട്ടി തീരുമാനിക്കപ്പെട്ടതല്ല. പരസ്യചിത്രത്തിലേക്കും സിനിമയിലേക്കും എത്തിപ്പെടുകയായിരുന്നു.

പഴയ സിനിമകള്‍ കാണുമ്പോൾ, അഭിനയിക്കാതിരുന്ന കാലത്തെക്കുറിച്ചോർക്കുമ്പോൾ നഷ്ടം തോന്നാറില്ല. ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചു വന്നത്. അഭിനയിക്കാതിരുന്ന സമയ ത്തും ജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ല.

‘‘ഈ ജീവിതത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ കണ്ടു പഠിക്കാനുണ്ട്...’’

മഞ്ജു– അമലാ മാഡം വീഗന്‍ ആണ്. മൃഗങ്ങളിൽ നിന്നുള്ള ഒരുൽപന്നവും  ഉപയോഗിക്കില്ല. കഴിക്കുകയുമില്ല. സമൂഹത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞപ്പോൾ അദ്ഭുതത്തെക്കാളേറെ ആദരവാണ് തോന്നിയത്.  

അമല–ഹൈദരാബാദിലെ ആദ്യകാല  ജീവിതത്തിൽ  റോഡ രികിൽ അപകടത്തിൽപ്പെട്ട് മരണം കാത്തു കിടക്കുന്ന ഒരു പാടു മൃഗങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. ആരും തിരിഞ്ഞു നോക്കില്ല. ചത്തു കഴിഞ്ഞാൽ എടുത്തുകൊണ്ടു പോകും.

ഇങ്ങനെ മരണം കാത്തു കിടന്ന് നരകിക്കുന്ന മൃഗങ്ങളെ ഞാൻ രക്ഷിക്കാൻ തുടങ്ങി. വീട്ടിലേക്കു കൊണ്ടുവരും. മരുന്നു വയ്ക്കും. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് നാഗ് വന്നപ്പോൾ വീട്ടുമുറ്റത്ത് നായ്ക്കളും കാളകളും കുരങ്ങന്മാരും കീരികളും ആകെ ബഹളം.‘‘അമലാ...നമ്മുടെ വീട് ഒരു കാഴ്ചബംഗ്ലാവായോ? ’’ നാഗ് ചിരിയോടെ ചോദിച്ചു.

ഇവർക്കായി  ഷെൽറ്റർ തുടങ്ങാൻ നാഗാണ് നിർദ്ദേശിച്ചത്. അങ്ങനെയാണ് ഹൈദരാബാദില്‍ ബ്ലൂക്രോസ് എന്ന സംഘടന ആരംഭിച്ചത്. നാഗ് അദ്ദേഹത്തിന്റെ കാരവൻ ബ്ലൂ ക്രോ സിനു തന്നു. ആ വണ്ടിയുടെ രൂപം മാറ്റി ആംബുലൻസാക്കി മാറ്റി.

സർക്കാർ മൃഗാശുപത്രികളിലും മറ്റു പൊതുസ്ഥലങ്ങളിലും എന്റെ ഫോൺനമ്പർ കൊടുത്തു. ഇതു പോലെ പരിക്കേറ്റ മൃഗങ്ങളെ കാണുമ്പോള്‍ ആ നമ്പരിലേക്കു വിളിക്കാൻ അഭ്യർഥിച്ചു. രണ്ടു പതിറ്റാണ്ടിനിടയ്ക്ക് അരലക്ഷത്തോളം മൃഗങ്ങളെ ഞങ്ങൾ രക്ഷിച്ചിട്ടുണ്ട്.

തെരുവുനായ്ക്കളുടെ കാര്യത്തിൽ 25 വർഷം മുമ്പ് കേരളത്തിന്റെ അതേ അവസ്ഥയിലായിരുന്നു ഹൈദരാബാദ് നഗരം, തെരുവുനായ്ക്കൾ മനുഷ്യരെ ആക്രമിച്ചിരുന്നു. ആളുകൾ നായ്ക്കളെ തല്ലിക്കൊല്ലാറുമുണ്ടായിരുന്നു.  ഇന്ന് കഥയാകെ മാറി. ബ്ലൂക്രോസിന്റെ നേതൃത്വത്തിലാണ് ആദ്യമായി സ്റ്റെറിലൈസ് ചെയ്യാനായി തുടങ്ങിയത്. അഞ്ചു വർഷത്തിനുള്ളിൽ പേവിഷബാധയേറ്റുവരുന്നവരുടെ എണ്ണം പൂജ്യമാക്കാൻ കഴിഞ്ഞു.

പൊതുസ്ഥലത്തു തള്ളുന്ന മാലിന്യമായിരുന്നു തെരുവു നായ്ക്കളുടെ എണ്ണം കൂട്ടുന്ന പ്രധാന കാരണം. അതിനു പരിഹാരം കണ്ടെത്തണം. ഒപ്പം സ്റ്റെറിലൈസേഷനും വേണം. ആ രണ്ടു കാര്യങ്ങൾ നടത്തിയാല‍്‍ കേരളത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.

‘‘മഞ്ജു എങ്ങനെയാണ് ഇത്രയും പൊസിറ്റീവ് ആയി ചിന്തിക്കുന്നത്’’

മഞ്ജു– ഞാൻ പൊസിറ്റീവായേ ചിന്തിക്കൂ എന്നോർത്ത് ബലമായി മനസ്സിനെ പിടിച്ചുവയ്ക്കാറില്ല. ആരെക്കുറിച്ചും ‍ദോഷമായി ചിന്തിക്കാറില്ല. ഇതൊന്നും എന്റെ ഗുണമായിട്ട് എടുത്തു പറയുന്നതൊന്നുമല്ല. പണ്ടുമുതൽക്കേ ഉള്ള ശീലം അങ്ങിനെയാണ്.

എന്നെക്കൊണ്ട് ആർക്കെങ്കിലും ഒരു സന്തോഷമുണ്ടാകുന്നത് വലിയ കാര്യമല്ലേ. നമുക്കത് കുഞ്ഞുകാര്യങ്ങളാകാം. പക്ഷേ, അത് മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാക്കുന്ന സന്തോഷം വളരെ വലുതായിരിക്കും.

പ്രഭാതിന്റെ അച്ഛന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. പത്രപ്രവർത്തകനായ പ്രഭാത് ഒരു ദിവസം ഫോൺ ചെയ്തു- ‘‘അച്ഛൻ കാൻസർ രോഗിയാണ്.  മഞ്ജുവിനെ കാണാൻ വലിയ ആഗ്രഹമുണ്ട്. മഞ്ജുവിനോടു പറയേണ്ട എന്നു കരുതിയെങ്കിലും  ഇടയ്ക്കിടെ അച്ഛൻ ആഗ്രഹം പറയുന്നു. ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു വന്നാൽ...’’ മടിച്ചു മടിച്ച് പ്രഭാത് പറഞ്ഞു.

ഞാൻ പറവൂരുള്ള അവരുടെ വീട്ടിൽ പോയി. സിനിമ കണ്ടിട്ടുള്ള ഇഷ്ടമായിരുന്നു കാണണമെന്ന തോന്നൽ ആ അച്ഛനിൽ ഉണ്ടാക്കിയത്. കുറേ സംസാരിച്ചു.  കാണാൻ വന്നതിനു നന്ദി പറഞ്ഞു.  കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു. തിരിച്ചിറങ്ങുമ്പോൾ ചിരിച്ചു കൊണ്ട് കൈവീശിക്കാണിക്കുന്ന മുഖം ഇപ്പോഴും ഒാർമയുണ്ട്. ഇങ്ങനെ എത്രയോ മുഖങ്ങൾ. ഇത്തരം സന്തോഷങ്ങൾ  വിലകൊടുത്തു വാങ്ങാനാകുമോ?’’

കവർഷൂട്ടിനായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയപ്പോഴും ചിരിയുടെ തൂവലുകൾ ചിതറി വീണു കൊണ്ടിരുന്നു. ആനയുടെ രൂപം ഹാൻഡ് വർക്ക് ചെയ്ത സാരിയും വലിയ മാലയുമെല്ലാം അമല ക‍ൗതുകത്തോടെ എടുത്തു നോക്കി.

അപ്പോഴും മഞ്ജു പറഞ്ഞു,‘‘അമലാ മാഡം യാത്ര പറഞ്ഞു പോകുമ്പോൾ ഹൃദയത്തിൽ ഒരു തരി നൊമ്പരം ബാക്കിയാവും. മനസ്സിലെപ്പോഴും അസ്തമിക്കാത്ത ചിരിയാണ് മാ‍ഡം. ഈ ദിനങ്ങളിൽ ഞാനൊരു സുഹൃത്തിനും സഹോദരിക്കും ഒപ്പമായിരുന്നു.’’

പുതിയ ലക്കം വനിത വായിക്കാം