Thursday 13 December 2018 12:36 PM IST : By രാഖി റാസ്

ഇത് വ്യത്യസ്തനായ സായ് കിരൺ റാം, പാമ്പു പിടിത്തം ഹോബിയാക്കിയ തെലുങ്ക് നടൻ

sai-kiran1 ഫോട്ടോ: അരുൺ സോൾ

പാട്ട് പൂവിട്ടു നിൽക്കുന്ന വീട്ടിൽ നിന്നാണ് സായ്കിരൺ റാം അഭിനയത്തിലേക്ക് വരുന്നത്. സംഗീതത്തിനു പ്രാധാന്യമുള്ള ‘വാനമ്പാടി’ എന്ന സീരിയലിൽ നായകനാകുമ്പോൾ പലരും ചോദിച്ചു. പാട്ടിൽ താൽപര്യം ഇല്ലാഞ്ഞിട്ടാണോ അഭിനയം കരിയറായി തിരഞ്ഞെടുത്തതെന്ന്. സായികിരണിന്റെ അമ്മൂമ്മയുടെ ഇളയ അനിയത്തിയാണ് മലയാളത്തിന്റെ പ്രിയഗായിക പി. സുശീല. കുടുംബത്തിൽ എല്ലാവരും സംഗീതാഭിരുചിയുള്ളവർ. പക്ഷേ, ഇഷ്ടങ്ങളുടെ കാര്യത്തിൽ സ്വന്തം ട്രാക്കിലൂടെയാണ് സായ്കിരണിന്റെ സഞ്ചാരം.

അഭിനയം കഴിഞ്ഞാൽ സായ് സമയം ചെലവഴിക്കുന്നത് പാമ്പുകൾക്ക് വേണ്ടിയാണ്. ഒന്നു ഞെട്ടി, അല്ലേ. പാമ്പുകളെ സഹായിക്കലും രക്ഷിക്കലുമാണ് സായ്കിരണിന് ഏറ്റവും സന്തോഷമുള്ള കാര്യം. പാമ്പ് എന്നു കേൾക്കുമ്പോഴെ മുട്ട് കൂട്ടിയിടിക്കുന്നവരാണ് പലരും. പാമ്പുകളുടെ ഉടലിലെ വരകളെയും ഫണത്തിന്റെ ഡിസൈൻ ഭംഗിയെക്കുറിച്ചും സായ് കിരൺ പറയുന്നത് കേട്ടാൽ പാമ്പിനെപ്പോലെ പാവം വേറാരും ഇല്ലെന്നു തോന്നും.

പാമ്പിനാണോ പാലു കൊടുക്കുന്നത് എന്ന മലയാളത്തിലെ പ്രയോഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ സായ്കിരൺ പുഞ്ചിരിയോടെ പറയുന്നു. ‘എന്തെങ്കിലും ഗുണം ചെയ്താൽ അത് ചെയ്തവരോട് മോശമായി പെരുമാറുന്നതൊക്കെ മനുഷ്യരുടെ രീതിയല്ലേ. പാമ്പുകൾ അത്ര മോശക്കാരല്ല. പാമ്പിന് പാൽ അല്ല വേണമെങ്കിൽ പാൽ പായസവും കൊടുക്കാം എന്നാണ് എന്റെ അഭിപ്രായം.’

സായ്കിരണിന്റെ ഈ വ്യത്യസ്തമായ ഹോബിയാണ് ഇപ്പോൾ ലൊക്കേഷനിലെ പ്രധാന സംസാരവിഷയം. മുപ്പത് തെലുങ്ക് സിനിമകളിൽ നായകനായി തിളങ്ങിയ സായ് കിരണിന് ജന്മനാടായ ആന്ധ്ര കഴിഞ്ഞാൽ ഏറ്റവും പ്രിയം കേരളത്തോടാണ്.

സംഗീതത്തേക്കാൾ പ്രിയം അഭിനയത്തോടായിരുന്നോ ചെറുപ്പം മുതൽ?

ഞാൻ പാടുമെങ്കിലും, രണ്ട് സിനിമകൾക്ക് പാടിയിട്ടുണ്ടെങ്കിലും സംഗീതം പഠിക്കുന്നതിൽ അധികം ശ്രദ്ധ വച്ചില്ല. സംഗീതം എനിക്കിഷ്ടമായിരുന്നു അന്നും ഇന്നും. സുശീലാമ്മ എന്റെ അച്ഛന്റെ അമ്മയുടെ ഇളയ സഹോദരിയാണ്. എന്റെ അച്ഛനും സിനിമാ പിന്നണി ഗായകനായിരുന്നു. മിക്കവാറും എല്ലാ തെലുങ്ക് ഹീറോകൾക്കും വേണ്ടി അദ്ദേഹം പാടി. അച്ഛന്റെ ആൾ ഇന്ത്യ റേഡിയോ ഗായികയാണ്. അച്ഛന്റെ സഹോദരന്മാരും സഹോദരിമാരും പാടും. അമ്മ ജ്യോതിയും സംഗീതജ്ഞയാണ്.  

സത്യസായി ബാബയുടെ പിറന്നാളിന് അച്ഛനും സുശീലാമ്മയും പുട്ടപർത്തിയിൽ പോയി പാടും. ഞങ്ങളെല്ലാവരും കൂടെയുണ്ടാകും. സുശീലാമ്മയും എന്റെ അച്ഛനും അവിടെ പാടുന്നത് കാണുമ്പോൾ എനിക്ക് കൊതിവരും. പക്ഷേ, എന്റെ വഴി അതല്ലെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതു പോലെ തോന്നുമായിരുന്നു. എനിക്ക് ചെറുപ്പം  മുതലേ ക്രേസ് അഭിനയത്തിലായിരുന്നു. എങ്ങനെയാണ് ഒരു നടനാകുന്നത് എന്നൊന്നും അന്ന് അറിയില്ലായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ അഭിനേതാവായി ഞാൻ മാത്രമേയുള്ളു. നാട് ഹൈദരാബാദ് ആണെങ്കിലും സിനിമയുമായുള്ള ബന്ധം കാരണം അച്ഛനും സുശീലാമ്മയും ചെന്നൈയിലേക്ക് വന്നു. അങ്ങനെ ഞങ്ങളെല്ലാവരും ചെന്നൈയിൽ സെറ്റിലായി.  

സുശീലാമ്മയുടെ മകന്റെ വിവാഹം ക്ഷണിക്കാൻ പല നടന്മാരുടെയടുത്തും ഞാനും പോയിരുന്നു. അന്ന് എട്ടാം ക്ലാസ്സിലാണ് ഞാൻ. രജനികാന്ത് സാറിന്റെയടുത്ത് ചെന്നപ്പോൾ അദ്ദേഹം ചോദിച്ചു ഞാൻ അഭിനയിക്കുമോ എന്ന്. ‘നിനക്ക് അഭിനേതാവിന്റെ ലക്ഷണമുണ്ട്. നീ നടനാകണം.’ അദ്ദേഹം പറഞ്ഞു. അതോടെ ഞാൻ രഹസ്യമായി മനസ്സിൽ സൂക്ഷിച്ച ആഗ്രഹം കത്തിജ്വലിക്കാൻ തുടങ്ങി. അന്ന് ഞാൻ മനസ്സാലെ തീരുമാനമെടുത്തു. എത്ര കഷ്ടപ്പെടേണ്ടി വന്നാലും ഞാനൊരു നടനാകും.  

പാമ്പുകളെ രക്ഷിക്കുക എന്ന വ്യത്യസ്തമായ ഹോബി യിലേക്ക് എങ്ങനെ എത്തി ?

മൃഗങ്ങളോടും പക്ഷികളോടും എനിക്ക് ചെറുപ്പത്തിലേ സ്നേഹമുണ്ടായിരുന്നു. മാത്രല്ല ഞാനൊരു ശിവഭക്തനുമാണ്. ഒരിക്കൽ സ്കൂളിൽ നിന്നും വരുന്ന വഴി  ഒരു പാമ്പിനെ തല്ലിക്കൊല്ലാൻ ഏഴെട്ടാളുകൾ അതിന് ചുറ്റും വടികളുമായി നിൽക്കുന്നു. ‘കൊല്ലരുതേ’ എന്ന് നിലവിളിച്ചു പറഞ്ഞ് ഞാൻ ഓടി അതിനടുത്തേക്ക് ചെന്നു. ഞാൻ പാമ്പിനടുത്തേക്ക് ചെന്നപ്പോൾ അതെനിക്ക് നേരെ ചീറ്റി. ഞാൻ ധൈര്യം സംഭരിച്ച് പിന്നെയും ചെന്നെങ്കിലും മുതിർന്നവർ എന്നെ ബലമായി പിടിച്ചു മാറ്റി. എന്നിട്ട് അതിനെ തല്ലിക്കൊന്നു. അതൊരു വിഷമമായി മനസ്സിൽ കിടന്നു. കോളജ് കാലമായപ്പോൾ ഹൈദരാബാദിലെ ‘ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റി’യിൽ ചെന്ന് അംഗത്വം എടുത്തു. സ്നേക് റെസ്ക്യൂ പഠിക്കണം എന്ന് പറഞ്ഞു.

രണ്ടു വർഷം കൊണ്ട് പലതരം പാമ്പുകളെക്കുറിച്ചും അവയെ രക്ഷിക്കേണ്ട രീതിയും പഠിച്ചു. ആദ്യമായി ഒരു പെരുമ്പാമ്പിനെയാണ് രക്ഷിക്കാൻ പോയത്. അന്ന് കൈക്ക് പാമ്പിന്റെ കടി കിട്ടി. കൈയിൽ നിന്നു രക്തം ഒഴുകി. പക്ഷേ, ഞാൻ പേടിച്ചില്ല. കാരണം, അതിന് വിഷമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഏതെങ്കിലും വിഷമാവസ്ഥയിൽ കുടുങ്ങിയ പാമ്പുകളെയാണ് നമ്മൾ രക്ഷിക്കാൻ പോകുന്നത്. നമ്മൾ സഹായിക്കാനാണ് ചെല്ലുന്നത് പാമ്പുകൾക്ക് അറിയില്ലല്ലോ. പാമ്പിന്റെ ജീവനും  നമ്മുടെ ജീവനും രക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയാണ്.

ഭയപ്പെട്ടു പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലേ ?

ഉണ്ട്. ഒരിക്കൽ എന്റെ വീട്ടിലെ മരപ്പണിക്കാരന്റെ വീട്ടിൽ പാമ്പിനെ കണ്ടു. രാത്രി ഏഴ് മണിയായിക്കാണും. അയാൾ വിളിച്ച പ്രകാരം ചെന്നു. മുള കൊണ്ടുള്ള വീടാണ് അയാളുടേത്. മുളയിൽ മൂന്നുനാല് ചുറ്റായി വളഞ്ഞ് ഒരു മൂർഖൻ. അവസാനത്തെ വളയം അഴിച്ചതോടെ പാമ്പ് താഴെ വീണു. കൃത്യസമയത്ത് കറന്റ് പോയി. ‘ടോർച്ച് കൊണ്ടുവാ’ എന്ന് ഞാൻ. ‘ടോർച്ച് ഇല്ലെന്ന്’ അയാൾ.

‘ഒരു മെഴുകുതിരി എങ്കിലും..’ അന്ന് സത്യത്തിൽ ഞാൻ പേടിച്ച് വിറച്ചാണ് അത് പറഞ്ഞത്. ഒടുവിൽ മെഴുകുതിരി വെട്ടത്തിൽ അന്ന് ഒരു വിധത്തിൽ അതിനെ പിടിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെടുത്തുന്ന പാമ്പുകളെ ഫ്രണ്ട്സ് ഓഫ് സ്നേക്ക്സിന്റെ കീഴിലുള്ള ടെറേറിയത്തിലാണ് സൂക്ഷിക്കുന്നത്. മണൽ നിറച്ച അക്വേറിയം പോലുള്ള സംവിധാനമാണ് ടെറേറിയം. രണ്ട് മൂന്നു മാസം കൂടുമ്പോൾ ഇവയെ കാട്ടിൽ കൊണ്ടു വിടും. വലിയ ഗണ്ണി ബാഗുകളിൽ പാമ്പുകളെ നിറച്ച് കാട്ടിൽ കൊണ്ടു പോയി തുറന്ന് വിടുകയാണ് ചെയ്യുന്നത്.

ഒരിക്കൽ 120 പാമ്പുകളുള്ള ബാഗുകളുമായി ഞാൻ എന്റെ കാറിൽ കാട്ടിലേക്ക് പോയി.  ഓരോരോ ബാഗുകൾ തുറന്ന് പാമ്പുകളെ വിട്ടു. അവസാനം എടുത്ത ബാഗിൽ പതിനാറ് മൂർഖന്മാരെയാണ് നിറച്ചിരുന്നത്. ആ ബാഗും എടുത്ത് കാട്ടിലേക്ക് നടക്കുന്ന വഴി. ബാഗിന്റെ അടിഭാഗം പൊട്ടി മുഴുവൻ പാമ്പുകളും എന്റെ കാലിലേക്ക് വീണു. അതിൽ ഒരെണ്ണം കടിച്ചാൽ ആശുപത്രിയിൽ എത്താനുള്ള നേരം പോലും കിട്ടില്ല.

വേറെ വഴിയൊന്നുമില്ല മുന്നിൽ. ഞാൻ ശിവഭഗവാനോട് പ്രാർഥിച്ചു. തീരെ നിസ്സഹായത വരുമ്പോൾ തോന്നുന്ന തരം നർമം ആയിരുന്നു അപ്പോൾ മനസ്സിൽ. ഞാൻ മൗനമായി ഭഗവാനോട് ചോദിച്ചു. ‘ഹലോ സാറേ, ഞാനിനിയും നിന്റെ പാമ്പുകളെ രക്ഷിക്കേണ്ടതില്ല എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്.’ ഭയത്തിൽ നിന്നു പിറന്ന എന്റെ തമാശയും പ്രാർഥനയും ശിവ ഭഗവാൻ കേട്ടുവെന്ന് തോന്നുന്നു.

പാമ്പുകൾ ഓരോന്നായി തലപൊക്കി എന്നെ കടിക്കാതെ കാട്ടിലേക്ക് ഇഴഞ്ഞ് പോയി. അത്രയും നേരം യാതൊരു ചലനങ്ങളുമില്ലാതെ ഭയമുറഞ്ഞ പ്രതിമ പോലെ ഞാൻ നിന്നു.  അന്ന് ഭയന്നതു പോലെ  ജീവിതത്തിലൊരിക്കലും ഞാൻ പേടിച്ചിട്ടില്ല. ഒരിക്കൽ കാറിൽ പാമ്പ് കയറി ഒന്ന് സഹായിക്കാമോ എന്ന് ചോദിച്ച് ഒരു കോൾ വന്നു. ആരാണെന്ന് ചോദിച്ചപ്പോൾ ‘അക്കിനേനി നാഗാർജുന’ ആണെന്ന് പറഞ്ഞു. തമാശ പറയാതെ ആളാരാണെന്ന് പറയൂ എന്ന് ഞാൻ. ഇത് ഞാൻ തന്നെ, അക്കിനേനി നാഗാർജുന എന്ന് അദ്ദേഹം. അദ്ദേഹം എന്നെ വിളിക്കുമെന്ന് ഞാൻ കരുതിയിട്ടേയില്ലായിരുന്നു. പിന്നെ, നേരേ, നാഗാർജുനയുടെ വീട്ടിലെത്തി പാമ്പിനെ കാറിൽ നിന്നു പുറത്തെടുത്തു.

മലയാളത്തിൽ ആദ്യമായല്ലേ ?

അതെ. അഭിനയം തുടങ്ങിയിട്ട് പതിനെട്ട് കൊല്ലമായി.  എന്റെ ആദ്യ സിനിമ ‘നുവേ കവ്വാലി’ മലയാളത്തിലെ ‘നിറം’ സിനിമയുടെ തെലുങ്ക് റീമേക്കായിരുന്നു. അതിൽ നായികയെ വിവാഹം കഴിക്കാൻ വരുന്ന കോളജിലെ പാട്ടുകാരന്റെ റോളായിരുന്നു എനിക്ക്. 35 തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. മുപ്പത് സിനിമയിൽ നായകനായിരുന്നു. തെലുങ്കിൽ സീരിയലുകളും ചെയ്യുന്നുണ്ട്. തെലുങ്കിലെ ‘കൊയിലമ്മ’ എന്ന സീരിയലാണ് മലയാളത്തിൽ വാനമ്പാടി ആയത്. കൊയിലമ്മയിലെ നായകനായ എന്നെ തന്നെ മലയാളത്തിലേക്കും തിരഞ്ഞെടുക്കുകയായിരുന്നു.

പക്ഷേ, മലയാളവും തെലുങ്കും തമ്മിൽ നല്ല വ്യത്യാസമുണ്ട്. തെലുങ്കിൽ ഇതേ റോളിൽ ഫൈറ്റ് ചെയ്യാൻ അവസരമുണ്ട്. ഇവിടുത്തെ മോഹൻ കുമാർ പാവമാണ്. കൂടുതൽ നാച്വറൽ ആയ രീതിയാണ്. ഒരു നടനെന്ന നിലയിൽ രണ്ട് രീതികളിൽ ഒരു കഥാപാത്രം അവതരിപ്പിക്കേണ്ടി വരുന്നുവെന്നത് വെല്ലുവിളിയാണ്. പക്ഷേ, ഞാനത് ആസ്വദിക്കുന്നു.

ഭാഷ ബുദ്ധിമുട്ടാകുന്നുണ്ടോ ?

ഏയ് ഇല്ല.. കാരണം എന്റെ സ്കൂൾ കാലത്ത് മുതൽ മലയാളികളുമായി ബന്ധമുണ്ട്. എന്റെ വീടിനടുത്ത് ധാരാളം മലയാളികൾ ഉണ്ടായിരുന്നു. മലയാളം സംസാരിക്കാൻ അറിയില്ലെങ്കിലും ലിപ് മൂവ്മെന്റ് എനിക്ക് നന്നായി ചെയ്യാൻ സാധിക്കും. എക്കാലത്തും ഒരു മലയാളിയുമായിട്ടെങ്കിലും എനിക്ക് അടുപ്പമുണ്ടായിരുന്നു. ഞാൻ ‘വംശം’ സീരിയൽ ചെയ്യുമ്പോൾ ഐ.വി. ശശി സാറിന്റെ ഭാര്യ സീമ ചേച്ചി അതിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അവർ ഫോണിൽ മലയാളത്തിൽ സംസാരിക്കുന്നത് കേട്ടിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. മലയാളം സിനിമകൾ കാണാറുണ്ട്. അടുത്തയിടെ ‘പുലിമുരുകൻ’ കണ്ടിരുന്നു. ‘ദൃശ്യം’ എനിക്ക് ഏറെ ഇഷ്ടമായ സിനിമയാണ്. മലയാളത്തിൽ എന്റെ ഫേവറിറ്റ് ആക്ടർ മോഹൻലാൽ ആണ്. വളരെ സ്വാഭാവികമായ അദ്ദേഹത്തിന്റെ അഭിനയശൈലി ഒരുപാട് ഇഷ്ടമാണ്.

കുടുംബത്തെക്കുറിച്ച് പറയൂ..?

അച്ഛൻ മരിച്ചിട്ട് മൂന്നു വർഷം ആയി. ഇപ്പോൾ അമ്മയും അനിയത്തി ലേഖയും കൂടെയുണ്ട്. ദാമ്പത്യജീവിതം ഞാൻ ആഗ്രഹിച്ചതു പോലെ ആയിരുന്നില്ല. ഞങ്ങൾ വിവാഹമോചിതരായതു കൊണ്ട് അതേക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല.