Thursday 13 December 2018 02:45 PM IST : By സ്വന്തം ലേഖകൻ

’എന്റെ പേടി മാറ്റാൻ കരൺ ജോഹർ ഒരുപദേശം തന്നു’; ആലിയ ഭട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു

aliya3 ഫോട്ടോ: രാജ് ചതുർവേദി

സിനിമയോട് ഇഷ്ടം തോന്നിയപ്പോഴേ ആലിയ ഭട്ട് ഒരുകാര്യം മനസ്സിൽ ഉറപ്പിച്ചു. സംവിധായകനായ അച്ഛന്റേയും നടിയായ അമ്മയുടേയും പേരിന്റെ ബലത്തിൽ കിട്ടുന്ന അവസരങ്ങളൊന്നും വേണ്ട. കുടുംബത്തിനു സ്വന്തം സിനിമാ പ്രൊഡക്‌ഷൻ ഹൗസ് ഉണ്ടായിട്ടും മഹേഷ് ഭട്ടിന്റേയും സോണിയാ റസ്ദാന്റേയും മകൾക്ക് അരങ്ങേറ്റത്തിന് ആ വഴി പോകാൻ മനസ്സുണ്ടായിരുന്നില്ല.  സംവിധായകൻ കരൺ ജോഹർ ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ സിനിമയുടെ  ഓഡിഷനു വിളിച്ചപ്പോൾ 500 പേരിൽ ഒരാളായി ആലിയയും ചെന്നു. പിന്നെ സംഭവിച്ചത് ബോളിവുഡിലെ പുതു താരോദയമായിരുന്നു. ‘ഉഡ്താ പഞ്ചാബ്’ എന്ന സിനിമയിലൂടെ ഫിലിം ഫെയർ അവാർഡിന്റെ തിളക്കം സ്വന്തമാക്കിയ ആലിയയുടെ കരിയർ ഗ്രാഫ് ‘ബദ്രിനാഥ് കി ദുൽഹനിയ’യിൽ എത്തിയപ്പോൾ പുതിയ ഉയരങ്ങളിലെത്തി. ബോളിവുഡിന്റെ ഹ‌ൃദയം കവർന്ന സുന്ദരിക്കുട്ടിയുടെ വിശേഷങ്ങൾക്കൊപ്പം.

കരണ്‍ ജോഹർ നൽകിയ ഉപദേശങ്ങൾ?

കരണിന് ആകെ ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, തടി നന്നായി കുറയ്ക്കണമെന്ന്. കരണിന്റെ ആ ഉപദേശം  കേട്ടതുകൊണ്ടാണ് എനിക്ക് ഇപ്പോൾ ഇവിടെ നിൽക്കാൻ സാധിക്കുന്നത്. എപ്പോഴും ക്യാമറയിൽ നോക്കാനും, ചിരിക്കാനും കരൺ പറയുമായിരുന്നു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ ക്യാമറയ്ക്കു മുന്നിൽ നിൽക്കാനുള്ള ഭയവും നാണവും മാറ്റി തന്നു. അഭിനയത്തിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നുവെങ്കിൽ അതിനു  ഞാൻ കരണിനോടു കടപ്പെട്ടിരിക്കുന്നു.

‘ൈഹവേ’യിലെ നായിക വീരയെക്കുറിച്ചു പറയൂ?

ഞാൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറെ വ്യത്യസ്തയുള്ളതാണ് ‘ഹൈവേ’യിലെ വീര ത്രിപാഠി. ആ ചിത്രത്തിന്റെ സംവിധായകൻ ഇംത്യാസ് അലി ഒരു അദ്ഭുതമാണ്. നമ്മൾ അദ്ദേഹത്തെക്കുറിച്ച് കേട്ടതൊക്കെ കുറവാണെന്നേ എനിക്ക് തോന്നുന്നുള്ളൂ. കാരണം, അത്രയധികം കഴിവുള്ള ഫിലിംമേക്കറാണ് അദ്ദേഹം. ‘ഹൈവേ’യുടെ ചിത്രീകരണ സമയത്ത് അേദ്ദഹവുമൊത്ത് ചെലവഴിക്കാൻ കഴിഞ്ഞ സമയങ്ങൾ എന്റെ സിനിമാ ജീവിതത്തിലെ തന്നെ വിലയേറിയ നിമിഷങ്ങളാണ്.

സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്?

സിനിമാ വലുതൊ ചെറുതൊ എന്നതോ എന്റെ കഥാപാത്രം എത്ര സീനിൽ ഉണ്ടെന്നതോ പരിഗണിക്കാറില്ല. അഭിനയത്തിൽ എനിക്ക് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണെങ്കിൽ സ്വീകരിക്കും. ഒന്നും കാര്യമായി ചെയ്യാനില്ലാതെ എല്ലാ സീനിലും ഉള്ള നായികയാണ് എന്ന കാരണത്താൽ ഞാൻ സിനിമ സ്വീകരിക്കില്ല. ‘ഗ്രേറ്റ് ഗാറ്റ്സ്ബൈ’ എന്ന ഹോളിവുഡ് സിനിമ  അമിതാഭ് ബച്ചൻ തിരഞ്ഞെടുത്തത് കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടല്ലേ? അതു പോലെയുള്ള തിരഞ്ഞെടുപ്പുകളാണ് എനിക്കിഷ്ടം. കഥ കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന തോന്നൽ അനുസരിച്ചാണ് ഞാൻ സിനിമ തിരഞ്ഞെടുക്കുന്നത്. എല്ലായ്പ്പോഴും അത് ശരിയായിരിക്കുമോ എന്നു ചോ ദിച്ചാൽ ഉറപ്പിച്ചൊരു ഉത്തരം പറയാൻ കഴിയില്ല. ഇതു വരെ ഞാൻ അങ്ങനെയാണ്. ഇനിയും അത്തരം തോന്നലുകളെ വിശ്വസിക്കാനാണിഷ്ടം. കുറേക്കാലം കഴിയുമ്പോൾ അത് മാറാം. അതിനെക്കുറിച്ച് അപ്പോൾ ആലോചിച്ചാൽ പോരേ.

‌‘ഡിയർ സിന്ദഗി’ക്കു ശേഷം തന്റേടിയായ പെൺകുട്ടി എന്നൊരു ഇമേജ് വന്നിട്ടുണ്ടോ?

ഒരിക്കലുമില്ല. സിനിമയ്ക്കു ശേഷം കഥാപാത്രങ്ങളെ ജീവിതത്തിൽ തുടരാൻ ഞാൻ അനുവദിക്കാറില്ല. ഓരോ സിനിമ ഇറങ്ങിക്കഴിയുമ്പോഴേക്കും  കഥാപാത്രങ്ങളെ ഞാൻ ഉപേക്ഷിക്കും. കാരണം, ഒരു വിജയമുണ്ടാകുമ്പോൾ നമ്മൾ കരുതും  ഇനി ഒന്നും പ്രശ്നമില്ല, നമ്മളെല്ലാം പഠിച്ചെന്ന്. അത് ശരിയല്ല. അതുകൊണ്ട് സിനിമകൾക്കു ശേഷം ഞാൻ അതിനെക്കുറിച്ചുള്ളതെല്ലാം മറന്നു ഫ്രെഷാകാൻ ബോധപൂർവം ശ്രമിക്കാറുണ്ട്. അവാർഡുകള്‍ ലഭിച്ചപ്പോൾ എല്ലാവരും എന്നോട് വലിയ രീതിയിൽ ആഘോഷിക്കാൻ പറഞ്ഞു. ആഘോഷങ്ങൾ ഇ ഷ്ടമല്ലെന്നല്ല. പക്ഷേ, കഠിനാധ്വാനത്തിൽ നിലയുറപ്പിച്ച്  മു ന്നേറുന്നതാണ് എനിക്ക് കൂടുതൽ സന്തോഷം തരുന്നത്.  പിന്നെ, ആളുകൾ യൂത്ത് ഐക്കണെന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമാണ്, പക്ഷേ, അതൊരു പദവി ആണെന്ന അഹങ്കാരമൊന്നും തോന്നിയിട്ടില്ല. അത്തരം ഇമേജുകൾ എന്നെ ബാധിക്കാറില്ല.

അതുകൊണ്ടാണ് എനിക്ക് ‘ഉഡ്താ പഞ്ചാബ്’ പോലുള്ള സിനിമകൾ ചെയ്യാൻ കഴിയുന്നത്. ആ സിനിമയിലെ അഭിനയം കണ്ട് അമിതാഭ് ബച്ചൻ മുതൽ ആമിർ ഖാൻ വരെ വിളിച്ച് അഭിനന്ദിച്ചു. അതിലേറെ സന്തോഷം തോന്നി സാധാരണക്കാരായ പ്രേക്ഷകരുടെ വാക്കുകൾ കേട്ടപ്പോൾ. എനിക്കു തോന്നുന്നില്ല, മറ്റേതെങ്കിലും സിനിമയ്ക്ക് വേണ്ടി ഞാൻ ഇത്രയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്ന്. ആ കഷ്ടപ്പാടിന് ഫലം കിട്ടുന്നതിലും വലിയ പ്രതിഫലം മറ്റൊന്നുമില്ല. അതിനുവേണ്ടിയാണ് എല്ലാ നടീനടൻമാരും ജീവിക്കുന്നതു തന്നെ.

സമകാലികരിൽ ഏറ്റവും പ്രിയപ്പെട്ട നടി ?

പരിണീതി ചോപ്രയുടെ അഭിനയം വളരെ ഇഷ്ടമാണ്. നല്ല വ്യക്തിയും നടിയുമാണവർ. പരിണീതി അഭിനയത്തിൽ ഒരുപാട് മുന്നേറുമെന്നു ഞാൻ വിശ്വസിക്കുന്നു. നല്ല അഭിനേതാ ക്കൾക്കൊപ്പം അഭിനയിക്കുമ്പോൾ കൂടുതൽ മികവോടെ അ ധ്വാനിക്കാനുള്ള ഉന്മേഷം കിട്ടും.

‘ഡിയർ സിന്ദഗി’യിൽ കിങ്ഖാൻ ഷാരൂഖിനൊപ്പമുള്ള  അഭിനയത്തെക്കുറിച്ച്?

aliya2

ഷാരൂഖിനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ്. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നിട്ട് നാല് വർഷമേ ആയിട്ടുള്ളൂ, എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം എന്നെ ഞെട്ടിച്ചുകളഞ്ഞു. വളരെ ശാന്തനായ മനുഷ്യൻ. കൂടെ അഭിനയിക്കുന്ന ആൾക്ക് ടെൻഷൻ ഉണ്ടെന്ന് തോന്നിയാൽ കുറേ സംസാരിച്ച് അദ്ദേഹം കൂളാക്കും. അപ്പോൾ വലിയൊരു താരത്തിനൊപ്പം എന്ന തോന്നൽ മനസ്സിൽ നിന്നു മായും.

ഗായികയെന്ന ഇമേജ് ആസ്വദിക്കുന്നുണ്ടോ?

പാട്ടുകൾ എപ്പോഴും സിനിമയുടെ പ്രധാന ഘടകമാണ്. സിനിമയുടെ ആവേശം കൂട്ടാൻ മ്യൂസിക്കിനു കഴിയും.  അതുകൊ ണ്ടു തന്നെ ഗായികയെന്ന നിലയിലും സിനിമയ്ക്കായി സംഭാ വന നൽകാൻ കഴിയുന്നതിൽ സന്തോഷം.

ആലിയയുടെ ഫാഷൻ ടിപ്പ്?

വസ്ത്രധാരണ രീതിയിലൂടെ വ്യക്തിയുടെ കാഴ്ചപ്പാടും സ്വഭാവവും  ഒക്കെ എക്സ്പ്രസ്  ചെയ്യാൻ കഴിയും. അതുകൊണ്ട് ഫാഷൻ പഴ്സനൽ ആണെന്നു ഞാൻ പറയും. ഹാൻഡ് ബാഗുകൾ പോലും ഒരു ഫാഷൻ സ്േറ്ററ്റ്മെന്റാണ്. എനിക്ക് ബെയ്ജ്, കോറൽ നിറങ്ങളോട്  പ്രത്യേക ഇഷ്ടമുണ്ട്. വൈറ്റ് ടിഷർട്ടിനൊപ്പം  ചെറിയ സ്കർട്ടും നിയോൺ ഷൂസുമിടാൻ എനിക്കിഷ്ടമാണ്.

കോ എക്സിസ്റ്റ് എന്ന സംഘടന തുടങ്ങിയത് ?

പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളും മൃഗങ്ങളോടും ക്രൂരത കാട്ടുന്നതുമൊക്കെ കാണുമ്പോൾ വേദന തോന്നാറുണ്ട്. അതുകൊണ്ട് തന്നെ അതിരുകളില്ലാത്ത ഒരു മുന്നേറ്റമാണ് കോ എക്സിസ്റ്റിന്റെ സ്വപ്നം. എല്ലാ മൃഗങ്ങൾക്കും സുരക്ഷിതമായി  താമസിക്കാൻ ഇടം കണ്ടെത്തുകയെന്നതാണ് കോ–എക്സിസ്റ്റ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. സോഷ്യൽ മീഡിയ വഴി കാംപെയ്നുകൾ ചെയ്യുന്നുണ്ട്.

‘ആഷിഖി 3’ യെ കുറിച്ച്  കേൾക്കുന്ന വാർത്തകൾ ?

സ്ക്രിപ്റ്റിങ് നടക്കുന്നതേയുള്ളു. അതുകൊണ്ട് ഒന്നിനേയും കുറിച്ച് ഇപ്പോൾ ഉറപ്പു പറയാനാകില്ല. എല്ലാം നന്നായി വരുക യാണെങ്കിൽ എന്റെ ഫാമിലി പ്രൊഡക്‌‌ഷന്റെ ബാനറിൽ  ഞാൻ ചെയ്യാൻ പോകുന്ന ആദ്യത്തെ സിനിമയായിരിക്കും ‘ആഷിഖി 3’.

രൺബീർ കപൂർ നായകനായ ‘ഡ്രാഗണും’  രണ്‍‌വീർ സിങ് നായകനായ ‘ഗള്ളി ബോയ്സു’മാണ് ഇപ്പോൾ ചെയ്യുന്ന സിനിമകൾ. അയാൻ മുഖർജിയാണ് ‘ഡ്രാഗൺ’ എന്ന സയൻസ് ഫിക്‌ഷന്റെ സംവിധായകൻ. സോയ അക്തറാണ് ‘ഗള്ളി ബോ യ്സിന്റെ സംവിധായിക’.

നടൻ സിദ്ധാർഥ് മൽഹോത്രയേയും ആലിയയേയും ചേർത്തുള്ള ഗോസിപ് കൂടി വരികയാണല്ലോ ?

ഈ വാർത്തകൾ ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. സത്യമാണ് ഞാൻ സിദ്ധാർഥിനൊപ്പം പാർട്ടികൾക്ക് പോകാറുണ്ട്, കറങ്ങാറുണ്ട്. പക്ഷേ, ഇതെല്ലാം ഞാനെന്റെ മറ്റ് സുഹൃത്തുക്കളുടേയുമൊപ്പം ചെയ്യാറുണ്ട്. എന്നിരുന്നാലും സിദ്ധാർഥ് എന്റെ സ്പെഷൽ ഫ്രണ്ട് തന്നെയാണ്, അതിൽ സംശയം വേണ്ട. ഗോസിപ്പുകളെ എനിക്ക് ഭയമില്ല.
അഭിനയം കരിയറാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ തന്നെ അച്ഛൻ എന്നോട് പറഞ്ഞു. ‘ആളുകളിൽ നിന്ന് നന്നായി വേദനിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കേണ്ടി വരും. ചിലർ എഴുതിയും പ്രചരിപ്പിച്ചും  ഇല്ലാതെയാക്കാൻ ശ്രമിക്കും. അതിൽ തളരരുത്.’ ആ ഉപദേശം മനസ്സിലുള്ളത് കൊണ്ട് ഗോസിപ്പുകൾ കാര്യമാക്കാറില്ല. എന്നെ മനസ്സിലാക്കുന്നവർക്ക് എന്നെ വിശ്വാസമാണെന്ന് അറിയാം.

aliya1