Thursday 13 December 2018 12:33 PM IST : By ശ്യാമ

ദേവസേനയായി മനംകവര്‍ന്ന അനുഷ്ക ഷെട്ടി മനസ്സിൽ ഇപ്പോള്‍ ഒരു വലിയ മോഹം സൂക്ഷിക്കുന്നുണ്ട്!

anushka34

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന ചോദ്യത്തിനു ഉത്തരം തേടി മാത്രമല്ല, പ്രേക്ഷകർ ബാഹുബലി രണ്ടാംഭാഗം കാണാൻ തിയറ്ററിലെത്തിയത്. ചിത്രത്തിൽ ദേവസേനയായി എത്തുന്ന അനുഷ്ക ഷെട്ടിയുടെ അഭിനയമികവ് കാണാൻ കൂടിയായിരുന്നു. ആക്‌ഷൻ രംഗങ്ങളിൽ അനുഷ്കയുടെ ആയോധന മികവ് കണ്ട് പലരും മിഴിച്ചിരുന്നു പോയി. കുന്ദള ദേശത്തിലെ രാജകുമാരി ദേവസേനയായി വന്ന അനുഷ്ക ബാഹുബലിയുടെ മാത്രമല്ല പ്രേക്ഷകരുടേയും ഹ‍ൃദയം കീഴടക്കി. ദേവസേനയെ പിടിച്ചു കെട്ടി കൊട്ടാരത്തിലെത്തിക്കാൻ രാജമാതാവിന്റെ ഉത്തരവിനുള്ള ദേവസേനയുടെ മറുപടി കേട്ട് പെണ്ണായിപ്പിറന്നവരെല്ലാം മനസ്സാൽ അതേറ്റു പറഞ്ഞിട്ടുണ്ടാകും. പെണ്ണിനു നേരെ നീണ്ട വിരൽത്തുമ്പുകൾ വാൾത്തലയാൽ അരിഞ്ഞു വീഴ്ത്തിയപ്പോൾ ജനം വിധിയെഴുതി, ‘റിയൽ ലേഡി സൂപ്പർ സ്റ്റാർ’.

കൊച്ചിയിൽ നേരിട്ടു കണ്ടപ്പോൾ താരഭാരങ്ങളില്ലാത്ത ചിരിയോടെയാണ് അനുഷ്ക സംസാരിച്ചു തുടങ്ങിയത്. പ്രശസ്തിയുടെ കനമൊന്നും ഈ പഴയ യോഗാധ്യാപികയുടെ മനസ്സിലേക്ക് കടന്നിട്ടില്ലെന്നുറപ്പ്. ‘‘ഒരു മലയാള ചിത്രത്തിൽ പോലും ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നിട്ടും മലയാളികൾ എന്നെ വളരെയധികം സ്നേഹിക്കുന്നു. എപ്പോഴൊക്കെ ഞാൻ കേരളത്തിൽ സിനിമ പ്രമോഷനു വന്നിട്ടുണ്ടോ അപ്പോഴൊക്കെ കേരളം തന്ന സപ്പോർട്ട് വളരെ വലുതാണ്...’’ വീര്യമുള്ള നായികാക ഥാപാത്രങ്ങളിലൂടെ ആരാധക മനസ്സിൽ പേരെഴുതിയ അനുഷ്കയുടെ വിശേഷങ്ങൾക്കൊപ്പം.

സ്വീറ്റി ഷെട്ടി അനുഷ്കയായ കഥ പറയാമോ?

മംഗലാപുരമാണ് എന്റെ നാട്. അച്ഛൻ വിത്തൽ ഷെട്ടി, അമ്മ പ്രഫുല്ല. എനിക്ക് രണ്ട് സഹോദരന്മാരുണ്ട്. ഗുണരാജ് ഷെട്ടി, സായ് രമേഷ് ഷെട്ടി. ജീവിതത്തിൽ ഞാൻ ഏറ്റവും ആദരം കൽപിക്കുന്നത് എന്റെ യോഗഗുരു ഭരത് ഠാക്കൂറിനാണ്. ബിരുദമെടുത്തതിനു ശേഷം കുറച്ചു കാലം യോഗാധ്യാപികയായി ജോലി ചെയ്തു. സിനിമയിൽ വരും മുമ്പ് ഈ ഫീൽഡിനെ കുറിച്ച് പൂജ്യം അറിവാണ് ഉണ്ടായി രുന്നത്. ഒരുപക്ഷേ, പൂജ്യത്തിലും താഴെ, നെഗറ്റീവ് അറിവ് മാത്രം.

‘സൂപ്പർ’ എന്ന തെലുങ്ക് സിനിമയിലൂടെ 2005ലാണ് അഭിനയത്തിലേക്ക് എത്തുന്നത്. നാഗാർജുന ആയിരുന്നു നായകന്‍. പിന്നീട് മൂന്നു സിനിമകളിൽ അദ്ദേഹത്തിന്റെ നായികയായി. ആദ്യ സീനിൽ അഭിനയിക്കുമ്പോൾ എന്റെ മനസ്സിൽ ആവേശവും ടെൻഷനും കലർന്നൊരു സമ്മിശ്ര ഭാവമായിരുന്നു. വളരെ പൊസിറ്റിവായ വ്യക്തിയാണ് നാഗാർജുന. കരിയറിന്റെ ആരംഭം മുതൽ ശരിയും തെറ്റും ചൂണ്ടിക്കാട്ടി മുന്നോട്ടു നയിച്ച ഗുരു. ഇന്ന് ഞാൻ സിനിമയിൽ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഇനിയും ഒരുപാട് സിനിമകൾ ഒന്നിച്ച് ചെ യ്യണമെന്ന് ആഗ്രഹവുമുണ്ട്.

‘അരുന്ധതി’യാണ് കരിയറിൽ ബ്രേക്ക് തന്ന ചിത്രം. ഗ്ലാമറസ് റോളുകൾ മാത്രമല്ല എനിക്കു വഴങ്ങുന്നതെന്ന് ആളുകൾക്കു മനസ്സിലായി. സിനിമയിൽ എന്റെ കഴിവുകളെ വിശ്വസിച്ചതിനും വളർത്തിയതിനും ഏറ്റവും നന്ദി പറയുന്നത് അരുന്ധതിയുടെ നിർമാതാവ് ശ്യാമപ്രസാദ് റെഡ്ഡി സാറിനാണ്. അതിനു ശേഷം ഒരുപാട് നല്ല ചിത്രങ്ങൾ കിട്ടി. വേദം, രുദ്രമാദേവി, ഇഞ്ചി ഇടുപ്പഴകി, വാനം, ദൈവത്തിരുമകൾ. ഇപ്പോൾ ബാഹുബലി.

രാജമൗലിയുടെ രണ്ടു ചിത്രങ്ങളിൽ അഭിനയിക്കുന്ന ആദ്യ നായികയാണ് അനുഷ്ക?

അതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തോടൊപ്പം ചെയ്ത ആദ്യ ചിത്രം ‘വിക്രമാർക്കടു’വായിരുന്നു. രാജമൗലി സാറിനൊപ്പം വർക്ക് ചെയ്യുക എന്നു പറഞ്ഞാൽ അദ്ദേഹത്തിന്റെ കുടുബത്തോടൊപ്പം ഒത്തു ചേരുക എന്നുകൂടി പറയാം. രാജമൗലി സാറിന്റെ ഭാര്യ രമ രാജമൗലി, അ വരുടെ കുട്ടികൾ... എല്ലാവരുമായും നല്ല കൂട്ടായിരുന്നു. ഒരു സിനിമയുടെ വിജയത്തിനായി ഇത്രയധികം കഠിനാധ്വാനം ചെയ്യുന്നൊരു കുടുംബത്തെ ആദ്യമായിട്ടാണ് കാണുന്നത്.

പെർഫക്‌ഷനിസ്റ്റാണ് രാജമൗലി സാർ. ബാഹുബലി യില്‍ ഞാന്‍ അഭിനയിക്കുന്ന ഒരു ചെറിയ സീനിനു വേണ്ടി പതിനേഴു ടേക്ക് വേണ്ടി വന്നു. ഇതു കേൾക്കുമ്പോൾ നിങ്ങൾ കരുതും സാർ ചൂടായി എന്നെ കുറേ വഴക്കു പറഞ്ഞിരിക്കുമെന്ന്. ഇത്രയും ശാന്തനായ ഒരു വ്യക്തിയെ കണ്ടിട്ടില്ല എന്നു തന്നെ പറയാം. നമുക്കൊരു കാര്യം ഒരു തരത്തിൽ മനസ്സിലായില്ലെങ്കിൽ സാർ നമുക്ക് മനസ്സിലാകുന്നതു വരെ പല തരത്തിൽ വിശദീകരിച്ചു തരും. വളരെ നല്ല ടീച്ചറാണ് അദ്ദേഹം, നല്ല ആക്ടറും.

ബാഹുബലിയിലെ മറക്കാനാകാത്ത അനുഭവങ്ങള‍്‍?

ബാഹുബലിയുടെ ഭാഗമാകാൻ സാധിച്ചു എന്നതു തന്നെ മറക്കാനാകാത്ത കാര്യമാണ്. ആദ്യമായി ബാഹുബലിയുടെ സെറ്റു കണ്ടപ്പോൾ തന്നെ അതിശയവും ആദരവും ഒക്കെ കൊണ്ടു കണ്ണു നിറഞ്ഞു. ഒരുപാടു പ്രഗത്ഭര്‍ ഈ സിനിമയ്ക്കു പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരെല്ലാം ഏതാണ്ട് അഞ്ചു കൊല്ലത്തോളം ഇതിനു വേണ്ടി ജീവിച്ചവരാണ്. ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെ അടുത്തു. ആ ബന്ധങ്ങൾ എപ്പോഴും പ്രിയപ്പെട്ടതായിരിക്കും. ബാഹുബലിക്കു വേണ്ടി ഒരുപാട് പരിശീലനങ്ങള്‍ വേണ്ടിവന്നു. വാൾപ്പയറ്റ്, അമ്പെയ്ത്ത്, കുതിര സവാരി യൊക്കെ പഠിച്ചത് ജീവിതത്തിലെ സമ്പാദ്യമാണ്.

ബാഹുബലിയെയാണോ പ്രഭാസിനെയാണോ കൂടുതൽ ഇഷ്ടം?

ബാഹുബലിക്കു മുൻപ് ബില്ല, മിർച്ചി തുടങ്ങിയ സിനിമകൾ അഭിനയിച്ചിട്ടുണ്ട്. ഞങ്ങളൊരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം വിജയങ്ങളായിരുന്നു. ആ വിജയം ബാഹുബലിയിലും ആ വർത്തിച്ചതിൽ ഏറെ സന്തോഷമുണ്ട്. താരമെന്നതിലുപരി ഒരു നല്ല മനുഷ്യൻ, അതാണ് പ്രഭാസ്.

ആരാണ് റോൾ മോഡൽ?

റോൾ മോഡൽ എന്നു പറയാൻ ഒരാളില്ല. പലരുടെയും സ്വഭാവവും രീതികളും നമ്മളെ സ്വാധീനിക്കാറില്ലേ? അങ്ങനെയുള്ളവരുണ്ട്. ചെറുപ്പത്തിൽ അച്ഛനും അമ്മയും ആയിരുന്നു േറാൾ മോഡല്‍സ്. അവരാണ് ഇപ്പോഴും എന്റെ ശക്തി. പിന്നെ സ്കൂൾ പ്രിൻസിപ്പൽ ഫ്ലോറൻസ് ഈസ്റ്റ്‌വുഡ്. വളരെ ആദരവും ബഹുമാനവും തോന്നുന്ന സിസ്റ്ററിന്റെ പെരുമാറ്റം എന്നെ സ്വാധീനിച്ചിട്ടുണ്ട്. യോഗ ഗുരു ഭരത് ഠാക്കൂർ. കഴിഞ്ഞ 17 വർഷമായി ഞാൻ അദ്ദേഹത്തിന്റെ ശിഷ്യയാണ്.

യോഗ പഠിച്ചതു കൊണ്ട് നല്ല ക്ഷമയുണ്ടാകുമല്ലേ?

യോഗ പഠിച്ചതു കൊണ്ടു ഗുണങ്ങളേറെയുണ്ട്. പക്ഷേ, വളരെ ഇമോഷനലായ ആളാണ് ഞാൻ. ദേഷ്യവും സങ്കടവുമൊക്കെ എനിക്കുമുണ്ട്. ദേഷ്യം വന്നാൽ ദേഷ്യപ്പെടും. നിങ്ങൾ സ്ക്രീനിൽ കാണുന്ന അനുഷ്കയെ പോലെയല്ല സ്വീറ്റി. സ്വീറ്റി എന്താണെന്നും എങ്ങനെയാണെന്നും എന്റെ വീട്ടുകാർക്കും ഉറ്റസുഹൃത്തുക്കൾക്കും മാത്രമേ അറിയൂ. അത് അങ്ങനെ തന്നെയിരിക്കട്ടെ...

‘ഇഞ്ചി ഇടുപ്പഴകി’ പോലൊരു ചിത്രം ചെയ്യാൻ പ്രേരിപ്പിച്ചത് എന്താണ്?

ആ ചിത്രത്തിൽ നല്ല വണ്ണമുള്ള ആളാണ് നായിക. അതിനായി എനിക്ക് 20 കിലോ ഭാരം കൂട്ടേണ്ടി വന്നു. സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോഴേ ഇഷ്ടപ്പെട്ടു. ശരീരഭാരത്തിന്റെ അളവിലാണ് പലരും കോൺഫിഡൻസിനെ അളക്കുന്നതു പോലും. പൊണ്ണത്തടി നല്ലതല്ല. എല്ലാവരും ഫിറ്റ് ആയി തന്നെയിരിക്കണം എന്നേ ഞാൻ പറയൂ. പക്ഷേ, രൂപഭംഗിയേക്കാൾ പേഴ്സനാലിറ്റിയാണ് വലിയ കാര്യം. നടീനടന്മാർ വളരെ ടഫ് ആയിട്ടുള്ള വ്യായാമങ്ങൾ ചെയ്താണ് ആ രൂപത്തിൽ എത്തുന്നത്. ഒരാളെ കണ്ടിട്ട് അവരോട് താരതമ്യം ചെയ്തിട്ട് സ്വന്തം വില കുറച്ചു കാണരുത്.

അഭിനേതാക്കള‍്‍ ഒരർഥത്തിൽ ആർത്തിയുള്ളവരാണ്. നല്ല റോളുകൾക്കായി പല റിസ്കും എടുക്കും. പെട്ടെന്ന് ഭാരം കൂട്ടുന്നതും കുറയ്ക്കുന്നതും ശരീരത്തിനാകെ ദോഷം ചെയ്യും. അത് സ്വന്തം അനുഭവത്തിൽ നിന്ന് മനസ്സിലായ കാര്യമാണ്. ആ പാഠം ഇനി മറക്കില്ല.

തിരക്കിനിടയിൽ വിവാഹം മനപ്പൂർവം മറക്കുന്നതാണോ?

ഹേയ്, അങ്ങനെയൊന്നുമില്ല. അൽപം വൈകിയാലും ജീവിതത്തിൽ ദൈവം എനിക്കു ദി ബെസ്റ്റ് മാത്രമേ തരൂ എന്നാണ് വിശ്വാസം. തീർച്ചയായും വിവാഹിതയാകാൻ ആഗ്രഹമുണ്ട്. എല്ലാവർക്കും ഇക്കാര്യമറിയാൻ താൽപര്യമുണ്ടെന്ന് അറിയാം. നല്ലതു നടക്കാൻ നിങ്ങളും പ്രാർഥിക്കണം. നമുക്ക് പ്ലാൻ ചെയ്ത് അതേപോലെ തന്നെ നടത്താൻ പറ്റുന്ന കാര്യമല്ലല്ലോ വിവാഹം. നടക്കേണ്ട സമയത്ത് അതു നടന്നോട്ടേ...

വിവാഹശേഷം അഭിനയം തുടരുമോ?

ഒരു ബാങ്ക് ഉദ്യോഗസ്ഥയോടോ ബിനിസസുകാരിയോടോ വിവാഹശേഷം ജോലി ചെയ്യുമോ എന്നാരും ചോദിക്കാറില്ലല്ലോ. എല്ലാം ജോലിയാണ്, അതു ചെയ്യണോ വേണ്ടയോ എന്നുള്ളത് നമ്മുടെയും കുടുബത്തിന്റെയും ഇഷ്ടവും. ജോലിയും കുടുംബവും ബാലൻസ് ചെയ്തു പോകുന്നത് പലരും പല വിധത്തിലാണെന്നു മാത്രം. ഇന്നിപ്പോൾ സിനിമ മാറുന്നു, സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവവും മാറുന്നു. വിവാഹശേഷം  നടിമാർക്ക് റോളില്ലാതാകുന്നതിനൊക്കെ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.

മലയാളത്തിൽ അനുഷ്കയെ കാണാൻ സാധ്യത ഉണ്ടോ?  

തെലുങ്കിലും തമിഴിലും മലയാളത്തിലും ഇറങ്ങുന്ന ഭാഗ്‌മതിയാണ് ഇനി വരുന്ന സിനിമ. ജയറാം, ഉണ്ണി മുകുന്ദൻ, ആശ ശരത്ത് ഒക്കെ ഉണ്ട് ആ സിനിമയിൽ. ഒരു മലയാള സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. ചെറിയൊരു ഫ്രെയിമിൽ നിന്നു കൊണ്ടു മനുഷ്യരെ വിസ്മയിപ്പിക്കുന്ന തിരക്കഥകൾ മലയാളത്തിലുണ്ടാകുന്നുണ്ട്. മുമ്പ് ഇവിടെ നിന്ന് ഓഫറുകൾ വന്നപ്പോഴൊക്കെ ഡേറ്റ് ഇല്ലാത്തതു കൊണ്ട് സ്വീകരിക്കാൻ പറ്റിയില്ല. ഇനി നല്ല തിരക്കഥ വന്നാൽ അഭിനയിക്കണം. അതിനു മുമ്പേ ഒരു വലിയ മോഹം കൂടിയുണ്ട്, എനിക്കു മലയാളം പഠിക്കണം.

anushka98