Thursday 13 December 2018 10:39 AM IST : By രൂപാ ദയാബ്ജി

ഓരോ വിഷുവും ഗ‍ൗരിയുടെ മനസ്സിൽ നിറയ്ക്കുന്നത് പഴയ ഒരു ഒത്തുചേരലിന്റെ ഒാർമ!

jomol12 ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

വർഷങ്ങൾക്കപ്പുറം ഒരു വിഷുവിന്റെ തലേദിവസം. മകളുടെ സ്കൂൾ ആനിവേഴ്സറി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി (ജോമോൾ) കണ്ടത് ബാഗ് പാ ക്ക് ചെയ്ത് യാത്രയ്ക്ക് തയാറായി നിൽക്കുന്ന ഭർത്താവ് ചന്തുവിന്റെ അച്ഛനമ്മമാരെയാണ്. ‘നാട്ടിൽ നിന്ന് ഫോൺ വന്നു, ഗൗരിയുടെ അച്ഛൻ സീരിയസായി ഐസിയുവിലാണ്. നമുക്ക് പോയി കാണാം.’ വിവാഹത്തോടെയുണ്ടായ പ്രശ്നങ്ങൾ തീരും മുമ്പേ നാട്ടിലേക്ക്. പക്ഷേ, അന്ന് ആശുപത്രിയിൽ വച്ച് ഉരുകിപ്പോയത് വർഷങ്ങൾ പഴക്കമുള്ള പിണക്കവും പരിഭവവുമായിരുന്നു. അച്ഛൻ ആരോഗ്യത്തോടെ ചിരിക്കുന്നത് കണ്ട് മകൾ അരികിലിരുന്നു. വാത്സല്യ വാക്കുകളിൽ സന്തോഷത്തിന്റെ കണിക്കൊന്ന പൂത്തു. അന്നു മുതൽ ഗൗരിയുടെ മനസ്സിൽ വിഷു കൂടിച്ചേരലിന്റെ ആഘോഷമാണ്. നഷ്ടപ്പെട്ടു പോകുമെന്ന് ഭയന്ന സന്തോഷം തിരികെ കിട്ടിയ ദിവസം.

അത്രയും ഹാപ്പിയായ വിഷുക്കാലം ജീവിതത്തിലുണ്ടായിട്ടില്ലെന്നു പറയുന്നു, മലയാളിയുടെ പ്രിയപ്പെട്ട ജോമോൾ. വിവാഹശേഷമാണ് ജോമോൾ ഗൗരിയെന്ന് പേര് മാറ്റിയത്. ഇക്കുറി വിഷു കെങ്കേമമാക്കാനുള്ള ഒരുക്കങ്ങളുമായി തൊട്ടടുത്ത് മക്കൾ ആര്യയും ആർജയുമുണ്ട്. കൊച്ചി രാജഗിരി പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസിലും മൂന്നാം ക്ലാസിലുമാണ് ഈ കുറുമ്പികൾ. തനിക്ക് അമ്മയെക്കാൾ പൊക്കമുണ്ടെന്നു പറഞ്ഞ് ആര്യ ചൊടിപ്പിക്കുമ്പോൾ ‘ചേച്ചി  അമ്മയേക്കാൾ സ്വീറ്റ് അല്ലല്ലോ’ എന്നുപറഞ്ഞ് ആർജ ഫൈറ്റിനിറങ്ങുന്നു. മക്കളെ അനുനയിപ്പിച്ചിരുത്തി ഗൗരി സംസാരിച്ചു, ജീവിതത്തെക്കുറിച്ച്, സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കുറിച്ച്.

കൊച്ചിയിലേക്ക് മാറിയതിനു പിന്നിൽ സിനിമയാണോ ?

കല്യാണം കഴിഞ്ഞ് എട്ടു വർഷം മുംബൈയിലായിരുന്നു. ചന്തു ചേട്ടന്റെ അച്ഛൻ വിജയകുമാർ തിരുവല്ലക്കാരനാണ്, അമ്മ ഗീത പത്തനംതിട്ടക്കാരിയും. വർഷങ്ങളായി അവരെല്ലാം മുംെബെയിലായിരുന്നു. വിവാഹം കഴിക്കുമ്പോൾ ചന്തു മർച്ചന്റ് നേവിയിൽ എൻജിനീയറായിരുന്നു. ഇപ്പോൾ ഓയിൽ ആൻഡ് ഗ്യാസ് സെക്ടറിലുള്ള ഒരു കമ്പനിയിലാണ്. ഇളയ മോൾക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഞങ്ങൾ തിരുവനന്തപുരത്തേക്ക് വന്നത്. കൊച്ചിയിലെത്തിയിട്ട് കുറച്ച് വർഷങ്ങളേ ആയുള്ളുവെങ്കിലും ഞങ്ങൾ ഇപ്പോൾ പൂർണമായും കൊച്ചിക്കാരായി. സിനിമാ സൗഹൃദങ്ങളും കുറെയൊക്കെ കൊ ച്ചിയെ ചുറ്റിപ്പറ്റിയാണ്. ഇവിടെ ചാക്കോച്ചനും (കുഞ്ചാക്കോ ബോബൻ) വിനീതും അമൽ നീരദും തൊട്ടയൽക്കാരാണ്.

സിനിമ വീണ്ടും വിളിച്ചപ്പോൾ കൊച്ചിയിലായതും നന്നായി. ‘കെയർഫുളി’ലേക്ക് വി.കെ. പ്രകാശ് വിളിച്ചപ്പോൾ കഥയുടെ കൂടെ നോക്കിയത് ലൊക്കേഷനാണ്. മക്കളെ വിട്ടുപോയി അഭിനയിക്കാനൊന്നും എനിക്കാകില്ല. വെക്കേഷന് കോഴിക്കോട് എന്റെ വീട്ടിലേക്കു പോകാൻ മക്കൾക്ക് വലിയ ഇഷ്ടമാണ്. ഇക്കുറി ക്രിസ്മസ് നാട്ടിലായിരുന്നു. കൊച്ചിയിലാകുമ്പോൾ കോഴിക്കോട് യാത്രകൾക്കും സൗകര്യം കൂടുതലാണ്.

വീടുവിട്ടു വന്നപ്പോഴും അമ്മയുടെ സ്നേഹം തരാൻ പുതിയൊരാളുണ്ടായി ?

അക്കാര്യത്തിൽ ലക്കിയാണ് ഞാൻ. ‘മയിൽപീലിക്കാവിൽ’ അഭിനയിച്ചു കഴിഞ്ഞ സമയത്താണ് ചന്തു ചേട്ടനുമായി പരിചയപ്പെടുന്നത്. എന്റെ സിനിമയൊന്നും അദ്ദേഹം കണ്ടിട്ടില്ലായിരുന്നു. നേരിട്ടു കാണുമ്പോഴും വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോഴും എന്റെ വീട്ടുകാർ എതിർക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ ചേട്ടന്റെ വീട്ടുകാർക്ക് സമ്മതം. എന്റെ കാര്യം ചന്തുചേട്ടൻ വീട്ടിൽ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെ വിശേഷം അന്വേഷിച്ച് അമ്മയുടെ ഇമെയിലെത്തി. ചന്തു ഷിപ്പിലായിരിക്കുമ്പോൾ മെയിൽ അയയ്ക്കാൻ ഒരു വഴിയുമില്ലായിരുന്നു. അന്ന് അമ്മയുടെ ഇൻബോക്സിലേക്ക് ഞാൻ അയയ്ക്കുന്ന പ്രണയലേഖനം അമ്മ പകർത്തിയെഴുതി ഷിപ്പിങ് കമ്പനിയിലേക്ക് പോസ്റ്റ് ചെയ്യുമായിരുന്നു. ചന്തുവിന്റെ മറുപടി വരുമ്പോൾ അത് ടൈപ്പ് ചെയ്ത് എനിക്ക് ഇമെയിൽ ചെയ്തിരുന്നതും അമ്മ തന്നെ.

jomol14

വിവാഹം കഴിഞ്ഞ് ചെല്ലുമ്പോഴും കൂട്ട് അമ്മയായിരുന്നു. ഞങ്ങൾ പകൽ കറങ്ങാനിറങ്ങും. പലതരം ഭക്ഷണവും രുചികളും പരീക്ഷിക്കും. സിനിമ കാണാൻ പോകും. ഡ്രൈവിങ് പഠിച്ചെങ്കിലും മുംബൈയിൽ വണ്ടിയോടിക്കാൻ അത്ര ധൈര്യമില്ലായിരുന്നു. അമ്മയാണ് പ്രോത്സാഹിപ്പിച്ചത്. പാചകം അൽപം മോശമായാലും വിളമ്പുമ്പോൾ മുഖത്ത് ആത്മവിശ്വാസമുണ്ടാകണമെന്നു പഠിപ്പിച്ചത് അമ്മയാണ്. അപ്പോഴേ കഴിക്കുന്നവർക്കും രുചി തോന്നൂ. ജീവിതത്തിലും എപ്പോഴും ആത്മവിശ്വാസം കൈവിടരുതെന്ന പാഠം കൂടിയാണ് അതിലൂടെ അമ്മ പറയാതെ പറഞ്ഞത്.

ആദ്യത്തെ വിഷു ആഘോഷവും മുംബൈയിലായിരുന്നു. വെളുപ്പിന് അമ്മ കണിയൊരുക്കി. വിളിച്ചുണർത്തി കണ്ണുപൊത്തി കൊണ്ടുവന്ന് കണി കാണിച്ചു. കൈനീട്ടം തന്നതും അമ്മയാണ്. ആ സമയത്ത് ചന്തു ഷിപ്പിലായിരുന്നതിനാൽ കൈനീട്ടം എനിക്ക് മാറ്റി വച്ചിരുന്നു. ഇപ്പോഴും വിഷുവിന് അമ്മയും അച്ഛനും ചന്തുവും കൈനീട്ടം തരും.

ആത്മവിശ്വാസം കൈവിട്ടുപോയ നിമിഷമുണ്ടോ ?

വലിയ ധൈര്യമില്ലാത്ത ആളായിരുന്നു ഞാൻ. പഠിക്കാൻ പോകുമ്പോൾ സ്കൂളും കോളജും വീടുമല്ലാതെ മറ്റൊരു ലോകമില്ലായിരുന്നു. പ്രണയം തുടങ്ങിയ കാലത്തും ധൈര്യം  അത്രയൊന്നുമില്ലായിരുന്നു. ചാറ്റിങ്ങിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. എന്റെ വിഷമങ്ങളൊക്കെ പറയുമ്പോൾ ഞാനാഗ്രഹിക്കുന്ന പോലുള്ള മറുപടികൾ അദ്ദേഹം പറയും. എന്റെ തെറ്റിദ്ധാരണകളെ സ്നേഹത്തോടെ തിരുത്തും. നേരിട്ടു കാണും മുമ്പ് പൊക്കം തീരെ കുറഞ്ഞ, കുടവയറും കഷണ്ടിയുമുള്ള ഒരാളാണ് ചന്തു എന്നായിരുന്നു എന്റെ ധാരണ.

ആദ്യമായി ആത്മവിശ്വാസത്തോടെ ഞാനൊരു തീരുമാനമെടുക്കുന്നത് അന്നാണ്. എന്തു സംഭവിച്ചാലും ഈ മനുഷ്യനെ തന്നെ വിവാഹം ചെയ്യണമെന്ന്.
പിന്നെയും വർഷങ്ങൾക്കുശേഷം എന്റെ വീട്ടുകാരോട് കല്യാണമാലോചിക്കാൻ ചന്തു കോഴിക്കോട് വന്നു. രഹസ്യമായി പോകാം എന്നു പറഞ്ഞാൽ ചന്തു സമ്മതിക്കില്ല. എല്ലാ വർഷവും പള്ളിയിൽ പുതുവത്സര പ്രാർഥന നടക്കുമ്പോൾ വരും വർഷം നല്ലതാകണമെന്നാണ് പ്രാർഥിക്കാറുള്ളത്. അന്നു ഞാൻ പ്രാർഥിച്ചത് എന്റെ ജീവിതത്തിലെ രണ്ടാംഘട്ടം നല്ലതാകണേ എന്നായിരുന്നു. ആ തീരുമാനമാണ് എന്നെ തുണച്ചത്. എല്ലാവരുടെ ജീവിതത്തിലും ഇങ്ങനെ ഒരു ഘട്ടമുണ്ടാകും. തളർന്നുപോകുന്നവർക്ക് പിന്നീട് അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കാനേ പറ്റൂ.

jomol15

ദുഃഖങ്ങളൊന്നും ഇല്ലെന്നാണോ ?

കൂട്ടുകാർ അടുപ്പം കാണിക്കാതിരിക്കുന്നതാണ് വലിയ വിഷമമുള്ള കാര്യം. എനിക്ക് സുഹൃത്തുക്കൾ വളരെ കുറച്ചേയുള്ളൂ. സിനിമയ്ക്കു പുറത്തുള്ളവരാണ് അധികവും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടം വന്നപ്പോൾ പലരും കൂടെ നിന്നില്ല. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്തതു പോലെ ഇവരൊക്കെ തിരിച്ചുവന്നു. നമുക്കൊന്നും മനസ്സിലാകില്ല എന്നാണ് അവരുടെയൊക്കെ വിചാരം. നമ്മുടെ ഹെൽപ് വാങ്ങിയിട്ട് പിന്നീട് ബിസിയാണെന്നു പറയുന്നവരുമുണ്ട്. അതിലേറെ തിരക്ക് എനിക്കുണ്ട് എന്നു ഭാവിച്ചിരിക്കും അ ന്നേരം ഞാൻ. വിഷമം തോന്നുമെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുന്നവരോട് എന്തുപറയാൻ. പുറമേ സ്നേഹവും പ രിചയവും നടിക്കുന്നതല്ലല്ലോ യഥാർഥ സൗഹൃദം.

എപ്പോഴും ചേർത്തു നിർത്തുന്ന ആളുകളുമുണ്ട് കേട്ടോ. സുരേഷ് ഗോപി ചേട്ടനോടും കുടുംബത്തോടും അങ്ങനെയൊരു അടുപ്പമാണുള്ളത്. എത്ര തിരക്കുണ്ടെങ്കിലും ഫോൺ വിളിച്ചാൽ ചേട്ടൻ എടുക്കും. മിസ്ഡ്കോൾ കണ്ടാൽ വൈകുന്നേരത്തിനു മുമ്പ് തിരിച്ചുവിളിക്കും. മക്കളോട് സ്ട്രിക്ടായി പെരുമാറുന്നത് കണ്ടാൽ സുരേഷേട്ടൻ വഴക്കുപറയും. ഇപ്പോഴല്ലാതെ എപ്പോഴാണ് അവരോട് ഇതൊക്കെ പറഞ്ഞുകൊടുക്കേ ണ്ടതെന്ന് ഞാനും ചോദിക്കും. പണ്ട് പൂച്ചയായിരുന്നു, ഇപ്പോൾ പുലിയായി എന്നുപറഞ്ഞ് എന്നെ കളിയാക്കും. രാധിക ചേച്ചിയും മക്കളുമെല്ലാം നല്ല കൂട്ടാണ്.

പെട്ടെന്ന് ദേഷ്യം വരുന്ന ആളാണോ?

ദേഷ്യം വരുന്നത് കുറവാണ്. ഒരു കാര്യം പത്തുവട്ടം പറഞ്ഞിട്ടും  ചെയ്യാതിരുന്നാൽ മക്കളോട് ദേഷ്യം വരും. നമ്മൾ ഒരുപാട് ബഹുമാനം കൊടുക്കുന്നവർ അത് മുതലാക്കി തലയിൽ കയറാൻ വന്നാലും ദേഷ്യം വരും. മിക്കവരും ചോദിക്കും അമ്മായിഅമ്മയോട് വഴക്കിടാറില്ലേ എന്ന്. അമ്മയും ആര്യയും തമ്മിൽ വലിയ അടുപ്പമാണ്. അവളുടെ കുരുത്തക്കേടിന്  ഞാൻ വഴക്കുപറയും മുമ്പ് തന്നെ അമ്മയുടെ മുഖം വാടും. അന്നേരം അമ്മയോട് ദേഷ്യപ്പെടും, ‘ഇങ്ങനെ മുഖം വച്ചിരുന്നാൽ ഞാനെങ്ങനെ മോളെ വഴക്കുപറയും’ എന്നു ചോദിച്ച്.
വലിയ വൃത്തിക്കാരിയാണ് ഞാൻ. മുറിയിൽ സാധനങ്ങൾ വലിച്ചുവാരി ഇടുന്നത് എനിക്കിഷ്ടമല്ല. അടുക്കു തെറ്റിയാൽ പിന്നെ, അത് നേരെ വയ്ക്കാതെ സമാധാനമുണ്ടാകില്ല. എങ്ങോട്ടെങ്കിലും പോകാൻ നിൽക്കുമ്പോഴാണെങ്കിലും ഞാൻ അടുക്കിവച്ചിട്ടേ പോകൂ. അപ്പോൾ ചന്തു ചൂടാകും. എനിക്ക് ഒസിഡി (ഒബ്സസീവ് കംപൽസീവ് ഡിസോർഡർ) ഉണ്ടെന്ന് പറഞ്ഞ് കളിയാക്കും.

സിനിമ വിട്ടുനിന്ന കാലത്ത് ദേശീയ, സംസ്ഥാന അവാർഡ് കിട്ടിയ ആളാണെന്ന് ഓർക്കാറുണ്ടോ ?

സിനിമയിൽ എന്തായിരുന്നു എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ആദ്യസിനിമയ്ക്ക് തന്നെ ദേശീയ, സംസ്ഥാന അവാർഡുകൾ കിട്ടിയെങ്കിലും അതിന്റെ തലക്കനമൊന്നും ബാധിച്ചിട്ടേ ഇല്ലായിരുന്നു. നേരത്തേ ചാൻസ് വന്നിരുന്നോ എന്നൊക്കെ എ ല്ലാവരും ചോദിക്കും. കുറേ ചാൻസ് വേണ്ടെന്നു വച്ചിരുന്നിട്ട് തിരിച്ചു വന്നതല്ല ഞാൻ. എല്ലാം കൊണ്ടും ഒത്തുവന്ന റോൾ വന്നപ്പോൾ ചെയ്തു എന്നു മാത്രം.

എൽകെജിയിൽ പഠിക്കുമ്പോൾ ഒരു മത്സരത്തിൽ സമ്മാനം തരാൻ വന്ന പി.വി. ഗംഗാധരൻ അങ്കിളാണ് സിനിമയിലേക്ക് ബാലതാരത്തെ വേണമെന്ന് അച്ഛനോട് പറയുന്നത്. ആദ്യമായി അഭിനയിച്ചത് ‘അനഘ’യിലായിരുന്നെങ്കിലും ‘ഒരു വടക്കൻ വീരഗാഥ’യാണ് ശ്രദ്ധിക്കപ്പെട്ടത്. കൃത്യസമയത്ത് സെറ്റിലെത്താനും നമ്മുടെ ജോലിയിൽ മാത്രം ശ്രദ്ധിക്കാനും പഠിപ്പിച്ചത് ഹരിഹരൻ സാറാണ്. ‘എന്നു സ്വന്തം ജാനകിക്കു ട്ടി’യുടെ ഷൂട്ടിങ് നടക്കുമ്പോഴുള്ള ഒരു സംഭവം പറയാം. ഷൂട്ടിങ് തീരുമ്പോൾ സീനിലിടുന്ന ഡ്രസ് ഇട്ടാണ് ഞാൻ റൂമിലേക്ക് പോകുന്നത്. പിറ്റേന്ന് രാവിലെ ആ ഡ്രസ് കൊണ്ടുവന്ന് കോസ്റ്റ്യൂമറെ ഏൽപിക്കും. ഒരിക്കൽ പാട്ടുസീൻ ഷൂട്ട് ചെയ്തിട്ട് ആ ഡ്രസിൽ റൂമിൽ പോയ ഞാൻ പിറ്റേ ദിവസം അതെടുക്കാൻ മറന്നു. വെളുപ്പിനുണർന്ന് കക്കയം ഡാമിനടുത്തെത്തി മേക്കപ്പിടുമ്പോഴാണ് ഇക്കാര്യം ഓർത്തത്. കണ്ടി ന്യൂറ്റി ഉള്ള ഡ്രസാണ് അത്. വഴക്ക് കിട്ടുമെന്നുറപ്പ്. പക്ഷേ, കാര്യം പറഞ്ഞപ്പോൾ തലേ ദിവസമെടുത്ത സീനുകൾ റീഷൂട്ട് ചെയ്യാമെന്ന് ഹരിഹരൻ സാർ പറഞ്ഞു. ഈയിടെയാണ് ഇക്കാര്യം ഞാൻ അദ്ദേഹത്തോട് ചോദിച്ചത്, ‘എന്തുകൊണ്ടാണ് അന്ന് വഴക്കുപറയാതിരുന്നത്.’ ‘ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങി നഷ്ടമുണ്ടാക്കുന്നതിലും നല്ലതല്ലേ, കുറച്ച് ഫിലിമിന്റെ നഷ്ടം സഹിക്കുന്നതെ’ന്നായിരുന്നു മറുപടി.

സിനിമയിലേക്ക് വീണ്ടുമെത്തിയപ്പോൾ ?

ഓരോ സീൻ എടുക്കും മുമ്പും പേടിയായിരുന്നു. മുമ്പ് അഭിനയിച്ച സീൻ വീണ്ടും കാണുന്നത് ഡബ്ബിങ് സമയത്താണ്. ഇപ്പോൾ എടുത്ത ഷോട്ട് അപ്പോൾ തന്നെ മോണിറ്ററിൽ കാണാം. രണ്ടാമത് അഭിനയിക്കാൻ വരുമ്പോൾ പേടിയുണ്ടായിരുന്നു. പക്ഷേ, വി.കെ.പി നന്നായി സഹായിച്ചു. പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കിട്ടും മുമ്പുള്ള ടെൻഷനിലാണ് ഷോട്ട് കഴിഞ്ഞ് വി.കെ.പിയെ നോക്കുന്നത്. ഷോട്ട് മോണിറ്ററിൽ കണ്ടു കഴിഞ്ഞ് നന്നായാൽ പെർഫെക്ട് എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കും. അതു കേൾക്കുമ്പോൾ സമാധാനമാകും.

മക്കളുടെ പിന്നാലെ ഓടിച്ചാടി നടന്നിട്ടാണോ ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് ?

ചോറ് വലിയ ഇഷ്ടമാണ് എനിക്ക്. കുറച്ചുകാലം ചോറ് കഴിക്കാതിരുന്നാൽ വണ്ണം കുറയും. പക്ഷേ, കഴിച്ചു തുടങ്ങുമ്പോൾ ഇരട്ടിയാകും. അതുകൊണ്ട് ഇഷ്ടമുള്ളതൊക്ക അളവ് കുറച്ച് കഴിക്കുന്നതാണ് രീതി. ചന്തു വരുമ്പോഴാണ് യാത്രയൊക്കെ. കുറച്ച് ഫ്രീയായ സമയത്താണ് ബിസിനസ് ആരംഭിച്ചത്. കേരളത്തിൽ എവിടെയുമുള്ള പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാൻ സഹായിക്കുന്ന ‘മേക്ക് ഇറ്റ് സ്പെഷൽ’ എന്ന ഓൺലൈൻ പോർട്ടലാണത്. എപ്പോഴും സർപ്രൈസ് സമ്മാനങ്ങൾ തരുന്ന ചന്തുവിന്റെ ഐഡിയയായിരുന്നു അത്.

മക്കൾക്ക് അഭിനയ മോഹമുണ്ടോ ?

ആര്യയ്ക്ക് പാട്ടും പ്രസംഗവുമൊക്കെയാണ് ഇഷ്ടം. ആർജയ്ക്ക് ഡാൻസ്. കൂട്ടുകാരികൾ പറഞ്ഞാണ് അമ്മ നടിയാണെന്ന് അവരറിഞ്ഞത്. ‘പഞ്ചാബിഹൗസും’ ‘നിറ’വും മാത്രമേ മക്കൾ കണ്ടിട്ടുള്ളൂ. കരിയറിലും ജീവിതത്തിലും മക്കൾക്ക് മുന്നിൽ യാതൊരു നിബന്ധനയും വയ്ക്കില്ല. ജീവിതത്തിൽ അവരുടെ തീരുമാനങ്ങൾക്ക് വില നൽകുമെന്ന് തീരുമാനിച്ചിട്ടുണ്ട്. അവയെ സന്തോഷത്തോടെ പിന്തുണയ്ക്കുമെന്നും.