Thursday 13 December 2018 11:46 AM IST : By വി.എൻ. രാഖി

നിത്യാ ദാസ് തിരിച്ചെത്തി, അഞ്ചുവർഷങ്ങൾക്കിപ്പുറം! ‘സ്യമന്തകം’ എന്ന സുന്ദരിപ്രേതമായി

nithya1 ഫോട്ടോ: അരുൺ പയ്യടിമീത്തൽ

പാവാടയും ദാവണിയുമണിഞ്ഞ് ക്യാമറയ്ക്കു മുന്നിൽ സ്യമന്തകമായി നിത്യാദാസ് നിൽക്കുകയാണ്. പതിനാറു വർഷം കടന്നു പോയിരിക്കുന്നു. ‘ഈ പറക്കുംതളിക’യിലും ‘കൺമഷി’യിലും ‘ബാലേട്ട’നിലും ‘കുഞ്ഞിക്കൂന’നിലും ‘കഥാവശേഷ’നിലും കണ്ട നാടൻ ലുക്കുള്ള പാവം പെൺകുട്ടി ഇന്നും അതേപോലെ. ലുക്കിൽ മാറ്റമില്ലെങ്കിലും നിത്യയെ കാണുമ്പോൾ മലയാളി വീട്ടമ്മമാർക്ക് പേടിയാണിപ്പോൾ. മഴവിൽ മനോരമയിലെ ‘ഒറ്റച്ചിലമ്പി’ലെ സ്യമന്തകത്തെ കാണുമ്പോൾ പേടിക്കാതെ പറ്റില്ലല്ലോ. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളികൾ നിത്യയെ കാണുന്നത്. അതും മിനിസ്ക്രീനിലെ സുന്ദരിപ്രേതമായി. വിശേഷങ്ങളുമായി നിത്യാദാസും ഭർത്താവ് അർവിന്ദ് സിങ് ജംവാളും മകൾ നൈനയും.

തിരിച്ചു വരവിന് സീരിയൽ തിരഞ്ഞെടുത്തതിനു പ്രത്യേക കാരണം എന്തെങ്കിലുമുണ്ടോ?

പ്രത്യേകിച്ച് കാരണമൊന്നുമില്ല. അഭിനയം പാഷനായി ഉള്ളിലുണ്ടെങ്കിലും ഒരു വീട്ടമ്മ കൂടിയാണ് ഞാൻ. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെനിക്ക്. അതിനിടയിൽ കിട്ടുന്ന സമയത്ത് അഭിനയിക്കാനാകുന്നത് നല്ല കാര്യമല്ലേ? സിനിമയ്ക്ക് ഡേറ്റ് കൊടുത്താൽ മാറ്റാനാവില്ലല്ലോ. എന്റെ ഒഴിവുസമയം അനുസരിച്ച് അഭിനയിക്കാൻ പറ്റിയത് സീരിയലാണ്. അതുകൊണ്ട് സീരിയൽ തിരഞ്ഞെടുത്തു. സീരിയലാണെങ്കിലും അഭിനയപ്രാധാന്യമുള്ള കഥാപാത്രം ആകണമെന്ന നിർബന്ധം മാത്രമേയുള്ളൂ. ‘ഒറ്റച്ചിലമ്പിലെ’ കഥാപാത്രം പ്രേതമാണെങ്കിലും പ്രധാന വേഷമാണ്. നേരത്തേ ‘ഇന്ദ്രനീലം’ എന്നൊരു സീരിയലിലും പ്രേതമായിട്ടുണ്ട്.

മോളുണ്ടായിക്കഴിഞ്ഞ് രണ്ടുവർഷമാണ് അഭിനയത്തിൽ നിന്നു മാറി നിന്നത്. മലയാളത്തിൽ അഭിനയിക്കാതിരുന്ന സമയത്തും തമിഴ് സീരിയലുകളിൽ സജീവമായിരുന്നു. തമിഴിൽ അഭിനയിക്കുന്ന ‘ഭൈരവി’ എന്ന സീരിയലിൽ ടൈറ്റിൽ റോളാണ്. അവിടെ കുട്ടികളുടെ ഇഷ്ടസീരിയലാണ് ഭൈരവി. ഇദയം എന്നൊരു സീരിയൽ മുമ്പ് ചെയ്തിരുന്നു. ഏറെ അഭിനയ സാധ്യതയുള്ള വേഷമാണ് ‘ഒറ്റച്ചിലമ്പി’ലേത്. പക്ഷേ, ഒരേ തരത്തിലുള്ള വേഷങ്ങൾ തുടർച്ചയായി ചെയ്യാൻ ഞാനില്ല. അതുകൊണ്ട് എന്തായാലും ഇനി പ്രേതമാകാനില്ല എന്നാണ് ഇപ്പോഴത്തെ തീരുമാനം.

ഈ പറക്കും തളികയിലെ നാടോടിപ്പെണ്ണ് ബസന്തിയിൽ നിന്ന് ഒറ്റച്ചിലമ്പിലെ സ്യമന്തകത്തിൽ എത്തിയപ്പോൾ?

‘ഈ പറക്കും തളിക’യിൽ വരുമ്പോൾ എനിക്ക് സിനിമയെന്താ, അഭിനയമെന്താ എന്നൊന്നും ഒരു ധാരണയുമില്ലായിരുന്നു. ദിലീപേട്ടനൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവരെന്താണോ പറഞ്ഞു തരുന്നത് അതുപോലെ ക്യാമറയുടെ മുമ്പിൽ ചെന്നു ചെയ്തു എന്നല്ലാതെ എന്റേതായി ഒരു സംഭാവനയും അതിലുണ്ടായിരുന്നില്ല. ‘ക്ലോസ് അപ്’ എന്നോ ‘സജഷൻ’ എന്നോ പറഞ്ഞാൽ എന്താണെന്ന് അന്ന് അറിയില്ല. ഒരുപാട് വിവരമൊന്നുമില്ലെങ്കിലും ഇത്രയും വർഷം കൊണ്ട് ക്യാമറയെക്കുറിച്ചും ആംഗിളിനെക്കുറിച്ചും കുറച്ചെങ്കിലും മനസ്സിലാക്കാനായി. അഭിനയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഇപ്പോൾ ഡയറക്ടർ പറയുമ്പോൾ കഥാപാത്രത്തെക്കുറിച്ച് ചിന്തിക്കാനും ഉൾക്കൊള്ളാനും പറ്റുന്നു. കുറച്ചു കൂടി ഗൗരവത്തോടെ കാണുന്നു.

പ്രേതത്തെ നേരിൽ കാണുമ്പോൾ പ്രേക്ഷകർ എങ്ങനെയാണ് പ്രതികരിക്കുന്നത്?

സീരിയലിൽ അഭിനയിച്ചാൽ സാധാരണയായി ‘നമ്മുടെ വീട്ടിലെ കുട്ടി’ എന്ന ഇമേജും സ്നേഹവുമാണ് ഉണ്ടാവുക. പ്രേതമായതുകൊണ്ട് സ്നേഹത്തിനു പകരം ബഹുമാനമോ ഇത്തിരി പേടിയോ ഒക്കെയാണെന്നു തോന്നുന്നു ആളുകൾക്ക്. അടുത്തു വരാൻ അൽപം മടിക്കുന്നവരുണ്ട്. പക്ഷേ, ഇന്നും ആളുകൾ എ ന്നെ അറിയുന്നതും ഓർക്കുന്നതും ‘പറക്കുംതളിക’യിലെ ബ സന്തിയായിട്ടാണ്. കുറേ സിനിമകൾ ചെയ്തെങ്കിലും മറ്റൊരു കഥാപാത്രത്തിനും അതിനു മീതെയോ അതിനൊപ്പമോ എത്താനായിട്ടില്ലെന്നു തോന്നുന്നു. മിക്കപ്പോഴും ആ സിനിമ ടിവിയിലുണ്ടാകും. ഇപ്പോഴത്തെ കുഞ്ഞു കുട്ടികൾക്കു വരെ ‘പറക്കുംതളിക’യിലൂടെയാണ് എന്നെ പരിചയം. എന്റെ മോളും ആ സിനിമ മിസ്സാക്കാറില്ല.

കുട്ടികളുടെ ഇഷ്ടനായികയാണല്ലേ?

അതേ. കുട്ടികൾക്ക് എന്നെയും എനിക്ക് കുട്ടികളെയും ഒരുപാട് ഇഷ്ടമാണ്. എന്റെ മോളുടെ സുഹൃത്തുക്കളൊക്കെ എ ന്റെയും സുഹൃത്തുക്കളാണ്.

സിനിമയിലെത്തി 16 വർഷം കഴിഞ്ഞിട്ടും നിത്യ ഇന്നും പഴയതു പോലെ. എന്താണ് സൗന്ദര്യത്തിന്റെ രഹസ്യം?

വിക്കിക്കാണ് അതിന്റെ ഫുൾ ക്രെഡിറ്റും. അര്‍‍വിന്ദിനെ ഞാൻ വിളിക്കുന്നത് അങ്ങനെയാണ്. അദ്ദേഹം കശ്മീരുകാരനാണ്. ആരോഗ്യകാര്യത്തിൽ എന്നെക്കാൾ ശ്രദ്ധിക്കും. പുറകെ നടന്ന് നിർബന്ധിച്ച് വർക്ഔട്ട് ചെയ്യിപ്പിക്കും. ശരീരം സൂക്ഷിക്കണമെന്നതിൽ വിട്ടുവീഴ്ചയില്ല. അതിപ്പോൾ നടിയായതുകൊണ്ടൊന്നുമല്ല. മോളോടും പറയും എക്സർസൈസ് ചെയ്യണമെന്ന്. വീട്ടിലില്ലാത്ത സമയത്തും ഞങ്ങളെ രണ്ടു പേരെയും രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കും. മടി പിടിച്ച് കിടക്കാതെ ഓടാൻ പൊയ്ക്കൂടെ എന്നു ചോദിക്കും.

nithya_dass

അർവിന്ദിനെ മലയാളം പഠിപ്പിച്ചോ?

വിക്കി ഫ്ലൈറ്റ് സ്റ്റ്യൂവർഡ് ആണ്. കോഴിക്കോട് ബെയ്സ് ചെയ്താണിപ്പോൾ ജോലി. അത്യാവശ്യം മലയാളം മനസ്സിലാകും. എനിക്ക് ഹിന്ദി അറിയാവുന്നതുകൊണ്ട് ആദ്യം മുതലേ ഹിന്ദിയിലാണ് ഞങ്ങളുടെ സംസാരം. കോഴിക്കോട് ബീച്ചിനടുത്താണ് ഞങ്ങളുടെ അപ്പാർട്ട്മെന്റ്. അയൽവാസികളും സുഹൃത്തുക്കളുമെല്ലാം ഉത്തരേന്ത്യക്കാർ. അതുകൊണ്ട് വിക്കിക്ക് സ്വന്തം നാട്ടിലെ ഫീലാണ്. മോൾ ഹിന്ദിയും മലയാളവും നന്നായി പറയും. അങ്ങോട്ട് ഏതു ഭാഷയിൽ സംസാരിച്ചാലും ആ ഭാഷയിൽ ഉത്തരം തരും.

വീട്ടിലും സ്കൂളിലുമൊന്നും മലയാളം പഠിക്കേണ്ട ആവശ്യമില്ല അവൾക്ക്. എന്നാലും അവളെ മലയാളം പഠിപ്പിക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. പലപ്പോഴും ഞാൻ ശ്രദ്ധിക്കുന്നൊരു കാര്യമുണ്ട്. അച്ഛനും അമ്മയും മലയാളികളാണെങ്കിലും വിദേശങ്ങളിൽ ജനിച്ചു വളർന്ന കുട്ടികൾക്ക് മലയാളം അറിയില്ല. അതൊരു നല്ല കാര്യമായി എനിക്കു തോന്നിയിട്ടില്ല. മാതൃഭാഷ സംസാരിക്കാൻ അറിയാത്തത് ഒരു ബോറൻ കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

അടുത്തിടെ വേദിയിൽ നൃത്തം ചെയ്തല്ലോ?

ഡാൻസ് ചെയ്യാനിഷ്ടമാണ്. അത്രേയുള്ളൂ. പഠിച്ചിട്ടൊന്നുമില്ല. എന്നേക്കാൾ ഇഷ്ടമാണ് നൈനയ്ക്ക്. പരിപാടി കാണാൻ അന്നവളും വന്നിരുന്നു. ഒരു മണിക്കൂർ കൊണ്ടാണന്ന് ഞാൻ രണ്ട് ഐറ്റം പഠിച്ചത്. സ്റ്റേജിലെ പെർഫോമൻസ് കണ്ടിരുന്ന അവൾ അഞ്ചു മിനിറ്റുകൊണ്ട് സ്റ്റെപ്സ് എല്ലാം മന:പാഠമാക്കി. വീട്ടിൽ വന്ന് അതുപോലെ കളിച്ചു.

സിനിമ പൂർണമായും വേണ്ടെന്നു വച്ചോ ?

ചെയ്തേ തീരൂ എന്നു തോന്നിയ ഒരു വേഷവും ഇത്ര നാളായിട്ടും സിനിമയിൽ നിന്നു വന്നില്ല. സീരിയലിൽ നായികാ വേഷമാണ് വരാറുള്ളത്. സിനിമ എനിക്കൊത്തു നീങ്ങുന്ന ഇൻഡസ്ട്രിയുമല്ലല്ലോ. നായികയായേ അഭിനയിക്കൂ എന്ന് സിനിമയിൽ എനിക്ക് വാശി പിടിക്കാൻ പറ്റില്ല. നായികയായില്ലെങ്കിലും എന്റെ മനസ്സിനിണങ്ങിയ വേഷമാകണം എന്നൊരു നിർബന്ധമുണ്ട്. അങ്ങനെയൊരു വേഷം വന്നാൽ തീർച്ചയായും സിനിമ ചെയ്യും. ഇല്ലെങ്കിൽ സീരിയലിൽ ഹാപ്പിയാണ്.

ചെയ്ത വേഷങ്ങളെല്ലാം മനസ്സിനിണങ്ങിയതായിരുന്നോ?

എല്ലാം ഇഷ്ടവേഷങ്ങളാണെന്നു പറയാൻ പറ്റില്ല. ഇഷ്ടമില്ലാതെയും സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അന്നെനിക്ക് സിനിമയുടെ രീതികളെന്താണെന്നു പറഞ്ഞു തരാനും വഴികാണിക്കാനും ഒരു ഗോഡ്ഫാദറും ഉണ്ടായില്ല. എന്റെ അച്ഛനൊരു പൊലീസുകാരനായിരുന്നു. സിനിമയെന്താണെന്ന് യാതൊരു ഐ‍ഡിയയുമില്ലാത്തൊരാൾ. ഏതോ നിമിത്തം കാരണം സിനിമയിലെത്തിപ്പെട്ടതാണു ഞാൻ. കുടുംബത്തിലാർക്കും സിനിമയുമായി ഒരു തരത്തിലും ബന്ധമില്ല. എല്ലാത്തിനുമുപരി ഇതെല്ലാം യോഗമാണെന്നു വിശ്വസിക്കുന്നു. ഇത്രയേ വിധിച്ചിട്ടുള്ളൂ എന്നു കരുതും.

സിനിമയിലെ സുഹൃത്തുക്കൾ?

സിനിമയിൽ വലിയ ബന്ധങ്ങളൊന്നുമില്ല. നവ്യയുമായി മാത്രം അന്നും ഇന്നും ബന്ധം ഉണ്ട്. എല്ലാം ഷെയർ ചെയ്യുന്ന നല്ല സുഹൃത്താണ്. ചിന്നുച്ചേച്ചിയെ (സംയുക്താവർമ) വലിയ ഇഷ്ടമാണെനിക്ക്. ആ ഇഷ്ടം കൊണ്ട് വല്ലപ്പോഴും വിളിക്കാറുണ്ട്. ചേച്ചി എന്നെയും വിളിക്കും. നീയെവിടെയോ സന്തോഷത്തോടിരിക്കുന്നു എന്ന് കേൾക്കുമ്പോൾ സമാധാനമുണ്ട് എന്നു പറയാറുണ്ട് ചേച്ചി.

നിത്യ വീട്ടിലെത്തിയാൽ?

വീട്ടിലെത്തിയാൽ പക്കാ ഹോം മെയ്ക്കർ. സീരിയലൊന്നും ക ടന്നു വരാറില്ല. അതിശയോക്തിയാണെന്നു തോന്നാം എന്നാലും വീട്ടിലെത്തുമ്പോൾ ഇടയ്ക്ക് വിചാരിക്കും, ഇന്ത്യൻ പ്രസിഡന്റിനു പോലും എന്നേക്കാളും സമയമുണ്ടാകുമല്ലോ എന്ന്. അഭിനയിക്കാൻ സെറ്റിലെത്തുമ്പോൾ മാത്രമാണ് ഫ്രീ ആകുന്നത്. വീട്ടിലിരിക്കുമ്പോൾ ഒരുനിമിഷം പോലും ഫ്രീ ടൈം കിട്ടില്ല. ഞാൻ അഭിനയിക്കുന്ന സീരിയലുകൾ പോലും കാണാൻ പറ്റാറില്ല. ആ സമയത്ത് മോളെ ഹോംവർക്കിൽ സഹായിക്കാൻ പോകണം, അല്ലെങ്കിൽ അവൾക്ക് ഭക്ഷണം കൊടുക്കണം. പക്ഷേ, ഹിന്ദി സിനിമകൾ ഒന്നു വിടാതെ റിലീസ് ദിവസം തന്നെ വിക്കി തിയറ്ററിൽ കൊണ്ടുപോയി കാണിച്ചു തരും.

nithya2

അർവിന്ദും മോളും അഭിനയത്തെ വിമർശിക്കാറുണ്ടോ?

വിക്കി സീരിയലൊന്നും കാണാറില്ല. മോൾക്ക് പക്ഷേ ഇതൊക്കെ വലിയ ഇഷ്ടമാണ്. ഓരോ ചെറിയകാര്യവും ശ്രദ്ധിക്കും, അഭിപ്രായം പറയും. മുടിയെന്തിനാ അമ്മേ, ഇങ്ങനെ കെട്ടിയിരിക്കണെ?, അമ്മ ലുക്ക് ശ്രദ്ധിക്കാത്തതെന്താ? എന്നൊക്കെ ചോദിക്കും. ഇങ്ങനെ ചെയ്താൽ നന്നാകും എന്ന മട്ടിൽ ചില ടിപ്സ് തരും.

നൈനയുടെ മറ്റ് വിശേഷങ്ങൾ?

നൈന മൂന്നാം ക്ലാസ്സിലായി. കോഴിക്കോട് ദേവഗിരി സ്കൂളിലാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ കഴിവുള്ള കുട്ടിയാണവൾ. വയസ്സിൽ കവിഞ്ഞ പക്വത കാണിക്കും പലപ്പോഴും. ചിലപ്പോൾ അവളുടെ സംസാരവും പെരുമാറ്റവും ക ണ്ടാൽ ഞാൻ കുട്ടിയും അവൾ അമ്മയുമാണോ എന്ന് തോന്നിപ്പോകും. ഒരു കാര്യത്തിനും വാശി പിടിക്കാത്ത... എന്തും വിട്ടു കൊടുക്കുന്ന... കുട്ടി. (‘ടച്ച് വൂഡ്...’ നാവ്ദോഷം വരല്ലേഎന്നു പറഞ്ഞ് അടുത്തിരുന്ന മേശയിൽ തൊട്ടു) അമ്മയെ വിട്ടു നിൽക്കുന്നത് വിഷമമാണവൾക്ക്. പക്ഷേ, അതൊന്നും പുറത്തു കാണിക്കില്ല. എന്റെ പാഷനാണ് അഭിനയം എന്നു മനസ്സിലാക്കുന്നതു കൊണ്ടാണത്.

അഭിനയിക്കാനും ഡാൻസ് ചെയ്യാനുമൊക്കെ അവൾക്ക് ഇഷ്ടമാണ്. പക്ഷേ, വല്യ നാണവുമാണ്. പ്രത്യേകിച്ച് ഒരു ഭ ക്ഷണത്തോടും അമിതമായ ഇഷ്ടങ്ങളില്ല. എന്തു ഭക്ഷണമാണെങ്കിലും പരാതിയില്ലാതെ കഴിക്കും. അതുണ്ടാക്കിത്തരൂ, ഇ തുണ്ടാക്കിത്തരൂ എന്നൊന്നും പറയില്ല. വല്ലപ്പോഴും ഒരു നൂ‍ഡിൽസോ സൂപ്പോ ചോദിക്കും. അത്രേ ഉള്ളൂ.

കുക്കിങ് എങ്ങനെ?

വീട്ടിൽ ഞാൻ തന്നെയാണ് പാചകം ചെയ്യുന്നത്. അച്ഛനും മോൾക്കും ഇഷ്ടം നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ്. അധികവും അതുതന്നെയാണ് ഉണ്ടാക്കാറ്. വിക്കി പക്കാ വെജിറ്റേറിയൻ ആണ്. സൗത്ത് ഇന്ത്യൻ വിഭവങ്ങളിൽ സാമ്പാറും ദോശയും മാത്രമേ നൈനയ്ക്ക് ഇഷ്ടമുള്ളൂ. ബാക്കിയെല്ലാം അച്ഛന്റെ വീട്ടുകാരെപ്പോലെയാണ്. പക്ഷേ, ലോകത്തിന്റെ ഏത് മൂലയിൽ പോയാലും എന്റെ കോഴിക്കോടെത്തി ഞങ്ങടെ ബിരിയാണി വായിൽ വച്ചാലേ എനിക്ക് സന്തോഷമാകൂ.

സംസാരരീതി കേട്ടാൽ നിത്യ അൽപം ബോൾഡാണെന്നു തോന്നും?

ഞാനത്ര ബോൾഡ് അല്ല എന്നാണ് എന്റെ തോന്നൽ. ആരെങ്കിലും വഴക്കുണ്ടാക്കാൻ വന്നാൽ ധൈര്യമായി പ്രതികരിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്യും. അതാണ് ബോൾഡ്നെസ് എങ്കിൽ ഞാൻ ബോൾഡാണ്. എല്ലാ കാര്യങ്ങളും തനിച്ചു ചെയ്യാൻ കഴിയുന്നൊരാൾ എന്ന നിലയ്ക്കാണെങ്കിൽ ബോൾഡല്ല. എ പ്പോഴും ഞാൻ മറ്റൊരാളെ ആശ്രയിക്കും. ഇപ്പോഴെന്റെ ഏതു കാര്യവും വിക്കിയെ ആശ്രയിച്ചാണ്.

സമൂഹത്തിൽ നടക്കുന്ന ചില കാര്യങ്ങൾ ചിന്തിപ്പിക്കാറുണ്ട് കേട്ടോ. എവിടെയായാലും സ്ത്രീകൾ തുടർച്ചയായി ആക്രമിക്കപ്പെടുകയും അപമാനിതരാകുകയും ചെയ്യുന്നുണ്ടിപ്പോൾ. സ്ത്രീ പറയുന്നത് വിശ്വാസത്തോടെ കേൾക്കണം. അവൾക്ക് തല കുനിക്കേണ്ടി വരുന്ന രീതിയിൽ കോടതിയിൽ പോലും ഒരു ചോദ്യമുണ്ടാകരുത്. അങ്ങനെയുണ്ടാകുന്ന അപമാനത്തെക്കുറിച്ച് ചിന്തിച്ചാണ് പരാതി കൊടുത്തവർ പോലും വേണ്ടെന്നു വയ്ക്കുന്നത്. 90 ശതമാനം സ്ത്രീകളും സ്വന്തം മാനം വച്ച് കളവു പറയുമെന്ന് തോന്നുന്നില്ല.

എയർലൈൻസിലല്ലേ അർവിന്ദ്, യാത്രകൾ പോകാറില്ലേ?

വെയിലുണ്ടോ, മഴയുണ്ടോ എന്നൊക്കെ നോക്കിയിട്ടേ ഞാൻ പുറത്തിറങ്ങൂ. നേരെ തിരിച്ചാണ് വിക്കി. യാത്ര ഒരുപാട് ഇഷ്ടമാണ്. മോൾക്കും അതേ സ്വഭാവം കിട്ടിയിട്ടുണ്ട്. രാവിലെ മുതൽ രാത്രി വരെ ചുറ്റിക്കറങ്ങാൻ വിട്ടാൽ രണ്ടാൾക്കും സന്തോഷമാണ്. മിക്കപ്പോഴും യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ. ഓരോ മാസവും ടൂർ പ്ലാൻ ചെയ്യും. ഇന്ത്യയ്ക്കുള്ളിലും പുറത്തുമൊക്കെ പോകാറുണ്ട്. ട്രെക്കിങ്ങിനു പോകുമ്പോൾ വിക്കിയുടെ ബെസ്റ്റ് കമ്പനി മോളാണ്.

ഭാര്യ, അമ്മ, വീട്ടമ്മ ഓരോ റോളിനും 100ൽ എത്ര മാർക്ക്?

ഭാര്യയ്ക്ക് നൂറിൽ എഴുപത് മാർക്ക്. വീട്ടമ്മയ്ക്ക് തൊണ്ണൂറ്റിയൊമ്പത് കൊടുക്കും. അമ്മയുടെ സ്നേഹത്തിനാണെങ്കിൽ നൂറിൽ നൂറ്റി ഒന്ന്. അമ്മയുടെ ചുമതലകൾക്ക് തൊണ്ണൂറ്റി അഞ്ച്. മക്കൾക്കും വീടിനും വേണ്ടി എന്തൊക്കെ ചെയ്താലും ഒരമ്മയ്ക്ക് തൃപ്തിയാകില്ലല്ലോ