Thursday 13 December 2018 03:11 PM IST

’കൽപനയുടെ മിനിയേച്ചർ രൂപമാണ് കുഞ്ഞാറ്റ, ആ വേദനയിൽ നിന്ന് അമ്മയെ മാറ്റിയെടുത്തത് മോളായിരുന്നു’

Vijeesh Gopinath

Senior Sub Editor

urvasi-i5 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വീതികൂടിയ കസവുസെറ്റുടുത്ത് അഞ്ചു മക്കളുടെയും ‘ചുന്ദരിയമ്മ’ വന്നു. കാതില്‍ വലിയ കമ്മൽ. വീട്ടിലുള്ളവരേയും വീട്ടിലേക്കു വരുന്നവരേയും ഒറ്റപ്പേരേ അമ്മ വിളിക്കൂ, മക്കളേ... എന്ന്. ആ വിളി കേട്ടു കേട്ടുവളർന്നതു കൊണ്ടാകാം ആ അമ്മയുടെ മക്കളുടെ ഉള്ളിലും സ്നേഹനിലാവ് ഒഴുകി പരന്നത്. വിജയലക്ഷ്മിയുടെ താടിയിൽ പിടിച്ച് ‘ചുണ്ടെലിയമ്മേ’... എന്നു വിളിച്ച് ഉർവശി ‘കൊഞ്ചിച്ചു,’ അതുകേട്ട് കണ്ണിലൊരു നാണം പരന്നെങ്കിലും  ‘മേക്കപ്പ് ഇട്ട് എന്റെ സൗന്ദര്യം കുറയ്ക്കാൻ നോക്കണ്ട’ എന്നു തമാശ പറയാൻ നോക്കിയെങ്കിലും വിജയലക്ഷ്മിയുടെ മനസ്സിൽ ഇടയ്ക്കിടെ വേദനയുടെ തീപ്പാടുകൾ നീറുന്നുണ്ടായിരുന്നു.

അഞ്ചു മക്കളിൽ രണ്ടുപേർ ദൈവത്തിനിരികിലേക്കു മടങ്ങിപ്പോയി. അതിൽ കൽപനയുടെ മരണമാണ് ആ അമ്മയെ കനൽ പോലെ നീറ്റിക്കൊണ്ടിരുന്നത്, ഒാർമ വഴികളിലൂടെയുള്ള എല്ലാ നടത്തങ്ങളും ഒടുവിലെത്തി നിന്നത് ആ പേരിനു മുന്നിലായിരുന്നു, കൽപന. എന്നാൽ അതോർത്ത് സങ്കടത്തുരുത്തിൽ ഒറ്റയ്ക്കിരിക്കാൻ നോക്കിയപ്പോഴൊക്കെയും ഉര്‍‌വശിയും കലാരഞ്ജിനിയും വിജയലക്ഷ്മിയുടെ മുന്നിലേക്ക് ചിരിയുടെ തോണിയിറക്കിക്കൊടുത്തു, പണ്ട് പണ്ട് കുട്ടിക്കാലത്തെ കഥകളോർമിപ്പിച്ചു കൊണ്ടിരുന്നു...

‘അമ്മയുടെ സൗന്ദര്യം നിങ്ങൾ മക്കൾക്കാർക്കും കിട്ടിയിട്ടില്ല’ ഈയൊരു ‍ഡയലോഗ് പലയിടത്തു നിന്നും ഞാൻ കേട്ടിട്ടുണ്ട്. സത്യമാണത്. അമ്മയുടെ നീണ്ടമൂക്കും െഎശ്വര്യവും ഒന്നും ഞങ്ങൾക്ക് കിട്ടിയിട്ടേ ഇല്ല. തിരുവനന്തപുരം വിമൻസ് കോളജിലെ അക്കാലത്തെ സൗന്ദര്യ റാണിയാ ഈ ഇരിക്കുന്നത്. കുട ജിമിക്കി ആട്ടി കൊണ്ട് പുസ്തകം നെഞ്ചിലടുക്കിപ്പിടിച്ച് മെലിഞ്ഞ് വെളുത്തു കൊലുന്നനെയുള്ള ആ പെൺകുട്ടി ഇന്നും അമ്മയുടെ കൂട്ടുകാരികളുടെ മനസ്സിലുണ്ട്.’’ ഉർവശി പറയുന്നതു കേട്ടപ്പോൾ വിജയലക്ഷ്മിയുടെ മുഖത്ത് ഒാർമകളുടെ വാകപ്പൂവു വിരിഞ്ഞു നിന്നു. ‌കൊട്ടാരത്തിലെ തമ്പുരാട്ടിമാർക്കൊപ്പം ന‍ൃത്തം പഠിച്ച്, വേദികളെ ചിലങ്കകളുടെ താളം കൊണ്ട് തുടുപ്പിച്ച നർത്തകി. ആ നൃത്തം കണ്ടാണ് ചവറ വി.പി. നായർ ആ കലാകാരിയെ മനസ്സിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്...

urvasi-i3

ആ  പ്രണയകാലം എങ്ങനെയായിരിക്കാം?

നാണത്തിന്റെ നാലുമണിപ്പൂവു വിരിഞ്ഞ അമ്മയുടെ തുടുത്ത കവിളിലൊന്നു പിടിച്ചു കുലുക്കി  ഉർവശി ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രണയത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി... ‘‘അച്ഛന്റെയും അമ്മയുടെയും പ്രണയം അക്കാലത്ത് വലിയ സംഭവം തന്നെയായിരുന്നു. അമ്മയെ അല്ല, നാടകത്തെ ആണ് അച്ഛൻ ആദ്യം പ്രണയിച്ചത്. ശൂ‌രനാട് പായിക്കാട്ടു കുടുംബത്തിലായിരുന്നു അച്ഛൻ ജനിച്ചത്. പേരുകേട്ട തറവാട്ടുകാർ. വക്കീലന്മാർ, ഡോക്ടർമാർ, ജന്മികൾ... ആ  കൂട്ടത്തിൽ നിന്നൊരാൾ നാടകത്തിലേക്കിറങ്ങുന്നത് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമായിരുന്നു.  

നാടകത്തെ പ്രണയിച്ചതോടെ അച്ഛൻ വീട്ടിൽ നിന്നു പുറത്തായ മട്ടിലായി. അതോടെ അച്ഛന്റെ ജീവിതം നാടകത്തിനു വേണ്ടി മാത്രമായി. സ്റ്റേജുകളിലൂടെയുള്ള ആ യാത്രയിലാണ് അമ്മയെ ആദ്യമായി കാണുന്നത്. അച്ഛന്റെ നാടകമുള്ള വേദികളിൽ പലപ്പോഴും അമ്മയുടെ നൃത്തവും ഉണ്ടാകും. നാടകത്തിനു മുമ്പോ ശേഷമോ ആയിരിക്കും അമ്മയുടെ ഡാൻസ്. അഭിനയത്തിലേയും നൃത്തത്തിലേയും കഴിവു കണ്ട് ഉണ്ടായ പ്രണയമാണ് വിവാഹത്തിലെത്തിയത്.

വിവാഹം കഴിഞ്ഞ് അമ്മ അച്ഛന്റെ നാടകങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു.  അന്നത്തെ കലാകാരന്മാർ പണമുണ്ടാക്കാനായിട്ട് ജീവിച്ചിട്ടില്ലല്ലോ. വല്ലാത്തൊരു െഎക്യമായിരുന്നു എല്ലാവരും തമ്മിൽ. സങ്കടവും സന്തോഷവും സമ്പത്തും പരസ്പരം പങ്കുവയ്ക്കും. അതുകൊണ്ടുതന്നെ അവർക്ക് കോടികളുടെ സ്വത്തൊന്നും ഉണ്ടായിരുന്നില്ല. നാടകം തട്ടേൽ കയറാൻ സ്ഥലം വരെ വിറ്റിട്ടുണ്ട്.

അച്ഛനൊപ്പം എപ്പോഴും ഒരു കൂട്ടം ഉണ്ടാകും. എപ്പോൾ വേണമെങ്കിലും വീട്ടിലേക്കു വന്നു കയറി ‘അമ്മിണീ ചായ’ എന്നുറക്കെ പറയും. ചിലപ്പോൾ പാലുണ്ടാകില്ല. അകത്തു നിന്ന് അമ്മ വെപ്രാളപ്പെട്ടു തുടങ്ങും. ‘അച്ഛാ പാലില്ല’ എന്നെങ്ങാനും രഹസ്യമായി പറയാൻ നോക്കിയാൽ ‘അതെന്താ പാലില്ലാത്തെ’ എന്നുറക്കെ ചോദിക്കും. പിന്നെ, പാലു സംഘടിപ്പിക്കാനുള്ള ഒാട്ടം. ഇങ്ങനെയെത്തുന്ന അതിഥികൾ, ഇതിനുപുറമേ ഒന്നര വയസ്സു വ്യത്യാസത്തിൽ അഞ്ചു മക്കൾ. ഇതിനെല്ലാമിടയിലൂടെ അമ്മ പാഞ്ഞു കൊണ്ടേയിരുന്നു.  

അച്ഛനൊരു പാഠപുസ്തകമായിരുന്നു. പെൺകുട്ടികൾ മറ്റുള്ളവർക്കു മുമ്പിൽ ല‍ജ്ജിച്ചു നിൽക്കേണ്ടവരല്ല എന്നു പറഞ്ഞു തന്നിരുന്നു അച്ഛൻ. വീട്ടിൽ അതിഥികളെത്തിയാൽ ‘മക്കളേ’ എന്ന വിളി ഉയരും. ഞങ്ങൾ വരിവരിയായി വരും. അച്ഛൻ‌ പരിചയപ്പെടുത്തും. പേരു പറഞ്ഞാൽ ‘നമസ്തേ മാമ്മാ’ എന്നു പറയണം. ആ പറച്ചിൽ തല കുമ്പിട്ടോ നാണത്തോടെയോ പറഞ്ഞാൽ അപ്പോൾ അടി വീഴും. അമിതമായി ലജ്ജിക്കുന്ന സ്ത്രീയെയും അമിത വിനയം കാണിക്കുന്ന പുരുഷനേയും സൂക്ഷിക്കണം എന്നച്ഛന്‍ പറഞ്ഞിരുന്നു. വലിയ സ്വത്തുള്ള ആളാണെന്നു പറഞ്ഞ് ആരെയും പരിചയപ്പെടുത്തിയിട്ടില്ല. പാട്ടുകാരൻ, നടന്‍ എഴുത്തുകാരൻ... ഇങ്ങനെയാണു പറഞ്ഞിരുന്നത്. കലാകാരന്മാരും കഴിവുള്ളവരുമാണ് വലിയ ആൾക്കാർ എന്നു ഞങ്ങളെ പഠിപ്പിച്ചു.

urvasi-i1

അഞ്ചു മക്കളിൽ ഏറ്റവും പാവം ഉർവശിയായിരുന്നെന്നു പറഞ്ഞാൽ അമ്മ സമ്മതിക്കുമോ?

ഉർവശി ഉത്തരം പറയും മുമ്പേ അമ്മ ചാടി വീഴുന്നു. അതുവരെ ഒാർമത്തണുപ്പിലിരുന്ന  വിജയലക്ഷ്മി ഒന്നുഷാറായി.  ‘‘ഞങ്ങളിവളെ അന്നു വിളിച്ചിരുന്നത് ‘നരിച്ചീറേ’ എന്നാ. നിസ്സാര കാര്യം മതി. അതുപോലെ കിടന്ന് കീറിപ്പൊളിക്കാന്‍ തുടങ്ങും. ഇവളെ കൈകാര്യം ചെയ്യാൻ ആർക്കും കഴിയില്ലായിരുന്നു. കുഞ്ഞു കാര്യത്തിനു പോലും വാശിക്കരച്ചിൽ. ശ്വാസം പിടിച്ചു കരയും. കണ്ടാൽ നമ്മൾ പേടിച്ചു പോകും. ആ വാശി മാറ്റിയത് എന്റെ അമ്മയായിരുന്നു.

ഒരു ദിവസം അത്താഴം വിളമ്പി. ചോറുവിളമ്പിയപ്പോൾ ഏറ്റവും അവസാനം കൊടുത്തത് ഉർവശിക്കായിപ്പോയി. അത് ഇഷ്ടപ്പെട്ടില്ല എന്നു മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി. മോൾക്ക് സാമ്പാർ വിളമ്പട്ടെ എന്നു ചോദിച്ചപ്പോൾ ‘ഉം’ എന്നായിരുന്നു മറുപടി. ചോറിനു മീതേ സാമ്പാർ ഒഴിച്ചതോടെ തുടങ്ങി അലറിക്കരച്ചിൽ. ‘സാമ്പാറൊഴിക്കാത്ത ചോറു മതീ...’ കാലിട്ട് നിലത്തുരച്ച് മുടിയൊക്കെ വലിച്ചു പറിച്ച് അലറൽ. എന്നാൽ വേറെ പ്ലേറ്റിൽ തരാം എന്നു പറഞ്ഞപ്പോ ദാ അടുത്ത വാശി– ആദ്യം വിളമ്പിയ ചോറു തന്നെ സാമ്പാറില്ലാതെ വേണം. അതും പ്ലേറ്റ് മാറ്റരുത്, സാമ്പാർ അതിൽ നിന്ന് എടുത്തു മാറ്റരുത്...

കരച്ചിൽ കേട്ട് എന്റെ അമ്മ അതു വഴി വന്നു– ‘ അമ്മിണീ നീ എന്തിനാ വിഷമിക്കുന്നത്. പൊടിമോൾക്കു ചോറു വേണ്ടാഞ്ഞിട്ടല്ലേ. കൊടുക്കണ്ട. അമ്മ ആ പ്ലേറ്റെടുത്ത് ആ ചോറുണ്ടു. പാത്രം കഴുകി കമിഴ്ത്തി, എല്ലാവരും ഉറങ്ങാൻ കിടന്നു. അവൾക്കു വിശക്കുന്നുണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി. ഒടുവിൽ കുറേ കഴിഞ്ഞ് മക്കൾക്കെന്തെങ്കിലും േവണോ എന്നു ചോദിച്ചപ്പോ സിനിമയിലൊക്കെ കേട്ടപോലെയുള്ള ഡയലോഗ്. ‘എനിക്ക് വിശക്കണൂ..’ അതോടെ പൊടിമോൾടെ വാശി തീർന്നു.’’അമ്മൂമ്മയുടെ കഥ കേട്ട് ഉർവശിയുടെ മകൻ നീലാണ്ടന്‍ പോലും ചിരിച്ചു പോയി. എന്റെ വാശി തീർക്കാൻ ഈ നമ്പർ ഇറക്കുമോ എന്നു പേടിച്ചിട്ടാണോ എന്നറിയില്ല, ചിരി പെട്ടെന്ന് ഒാഫായി.

urvasi-i2

കുഞ്ഞാറ്റയുടേയും ഇപ്പോൾ നീലാണ്ടന്റെയും കുസൃതികൾ കാണുമ്പോൾ നിങ്ങളൊക്കെ പാവം കുട്ടികളായിരുന്നെന്ന് തോന്നാറുണ്ടോ?

ഉർവശി– കുഞ്ഞാറ്റ കുട്ടിയായിരിക്കുമ്പോൾ അവളെ എളുപ്പം പറ്റിക്കാമായിരുന്നു. എന്തു പറഞ്ഞാലും പാവം വിശ്വസിക്കും  പക്ഷേ, ഒരിക്കൽ ഞാൻ പെട്ടു. കുഞ്ഞുകളവുകൾ കാണിക്കുമ്പോൾ കുഞ്ഞാറ്റയെ പറഞ്ഞു പേടിപ്പിക്കും– ‘‘പൊയ്സൊന്നാ സാമി കണ്ണു കുത്തും.’’ കള്ളം പറഞ്ഞാൽ രാത്രിയിൽ വന്ന് സ്വാമി കണ്ണു ചൂഴ്ന്നെടുക്കുമോ എന്നോർത്ത് ആ പാവം ചെയ്ത കുസൃതിയൊക്കെ പറയുമായിരുന്നു.  

എനിക്കന്നു മൊബൈൽ ഫോൺ ഇല്ല. ലാൻഡ് ഫോണിൽ ആരാണു വിളിക്കുന്നതെന്നു മനസ്സിലാകുകയുമില്ല. അപ്പോഴൊരു കളവു കാണിക്കും. ഞാൻ ശബ്ദം മാറ്റി സംസാരിക്കും. പരിചയമല്ലാത്തവരാണെങ്കിൽ ‘ഊർവസി മാഡം ഷൂട്ടിങ്ങിന് പോയാച്ച്’ എന്നു പറഞ്ഞ് ഞാൻ രക്ഷപ്പെടാൻ നോക്കും. ഒരിക്കൽ ഇങ്ങനെ പറയുന്നത് കുഞ്ഞാറ്റ കേട്ടു. ‘അമ്മ കള്ളം പറഞ്ഞൂ. രാത്രിയിൽ സ്വാമി വന്ന് അമ്മയുടെ കണ്ണു കുത്തിപ്പൊട്ടിക്കും. അവരെ വിളിച്ച് സത്യം പറ എനിക്കു പേടിയാവുന്നേ.’ എന്നു പറഞ്ഞ് ബഹളം തുടങ്ങി. ഒടുവിൽ ഞാൻ അവരെ ഫോൺ ചെയ്യുന്നതായി അഭിനയിച്ച് രക്ഷപ്പെട്ടു.

കൽപന മരിച്ച വേദനയിൽ നിന്ന് അമ്മയെ മാറ്റിയെടുത്തത് കുഞ്ഞാറ്റയായിരുന്നു. അവളുടെ മിനിയേച്ചർ രൂപമാണ് എന്റെ മോൾ‌. ഒരീച്ചും പേച്ചുമില്ല. ആരോട് എന്തു പറയുന്നു ഒരു രൂപവുമില്ല. അമ്മ വിഷമിച്ചിരിക്കുമ്പോൾ ഒാടി വന്ന് താടിയിൽ പിടിക്കും. ‘എന്താ പിസ്ക്കാളി ഒറ്റയ്ക്കിരിക്കുന്നേ, സെറ്റ് പല്ലു വയ്ക്കാതെ ഇങ്ങനൊന്നും ഇരിക്കരുതെന്നു പറഞ്ഞിട്ടില്ലേ.. ’ഇങ്ങനൊക്കെ പറഞ്ഞ് അമ്മയെ ചിരിപ്പിച്ചിട്ടേ അവൾ പോകൂ.

urvasi-i4

സഹോദരങ്ങൾ തമ്മിലുള്ള അടുപ്പം. അതു പലപ്പോഴും കാണുന്നവർക്ക് അസൂയ ഉണ്ടാക്കിയിരുന്നോ?

ഒാവർ അറ്റാച്ച്ഡ് ആയതിന്റെ കുഴപ്പം ഞങ്ങളുടെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിരുന്നു. കുട്ടിക്കാലത്തേ ‘ഞങ്ങൾ’ എന്നു മാത്രമേ പറയാൻ സമ്മതിച്ചിരുന്നുള്ളൂ. ഞാൻ എന്റേത് എന്നൊക്കെ പറയുന്നതു കേട്ടാൽ അപ്പോൾ അച്ഛന്റെ മുഖം ചുവക്കും. ഏതെങ്കിലും ഉടുപ്പെടുത്തിട്ട് ‘ഇതെന്റേതാണ്, എനിക്കു വേണമെന്നു’ പറഞ്ഞാൽ തീർന്നു. അപ്പോൾ അതു കീറിക്കളയുമായിരുന്നു.

സിനിമയിലെത്തിക്കഴിഞ്ഞ് ‘ഞങ്ങളുടെ വീടിനടുത്ത്,’ ‘ഞങ്ങളുടെ നാട്ടിൽ’ എന്നൊക്കെ പറയുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്. നിങ്ങളൊരു കാര്യവും ഏകവചനമായി പറയാറില്ലേ എന്നു ചോദിക്കും. കുറച്ചു കാലം മുൻപ് ചില അകൽച്ചകൾ ഉണ്ടായിരുന്നു. അതു സത്യമാണ്. എന്നാലത് മാധ്യമങ്ങൾ വഴി നാട്ടുകാരെ അറിയിച്ച് ദുരുപയോഗം ചെയ്യാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിരുന്നു. എങ്കിലും മിനിചേച്ചി (കൽപന) വളരെ തമാശയായി പറഞ്ഞ കാര്യങ്ങൾ തെറ്റിധാരണ ഉണ്ടാക്കും വിധത്തിൽ എഴുതിയവരുണ്ട്.

ഇടയ്ക്ക് ജീവിതത്തിൽ ഞാനെടുത്ത തീരുമാനങ്ങൾ ശരിയല്ലാതെ വരികയും പലപ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇതൊക്ക ഇങ്ങനെയേ വരൂ എന്നാദ്യമേ പ്രവചിച്ച ആളാണ് മിനിച്ചേച്ചി. അതു പാടില്ല എന്ന് അന്ന് പറഞ്ഞതുമായിരുന്നു.  ഈ സംഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചു. ‘ഉർവശി ഭയങ്കര ബുദ്ധിമതിയാണെന്നു കേട്ടിട്ടുണ്ട്. പിന്നെ, എന്താ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചത്? ‘ഏറെ ജ്ഞാനമുള്ള ഗൗളി കതകിനിടയിലിരുന്നു ചാവുന്നതു കണ്ടിട്ടില്ലേ’ എന്നായിരുന്നു അവളുടെ മറുപടി. അന്നത് വലിയ പ്രശ്നമാക്കി പലരും എന്റെ അടുത്തു പറഞ്ഞു.

അവളത് തമാശയായി പറഞ്ഞതാണെന്നും അതിന്റെ അർഥം എന്താണെന്നും എനിക്ക് നന്നായിട്ടറിയാം. എന്നാൽ പല മാധ്യമങ്ങളും വാർത്തയാക്കി. മിനിച്ചേച്ചിയുടെ സ്വഭാവവും സെൻസ് ഒാഫ് ഹ്യൂമറും അറിയാത്തവരേ അങ്ങനെ പറയൂ. ഒരിക്കൽ വീട്ടിലൊരു പൂജ നടക്കുന്നു. വലിയ തിരുമേനിമാരൊക്കെ ഇരുന്ന് ഗൗരവത്തിൽ മന്ത്രങ്ങൾ ചൊല്ലുന്നു. അമ്മയും ഞങ്ങളുമെല്ലാം ചുറ്റിനുമിരിക്കുന്നുണ്ട്...

‘ഒാരോരുത്തരായി നക്ഷത്രം അങ്ങട്ട് പറയ്‍‌യാ... ആദ്യം അമ്മേടെ നാൾ..’ മുഖ്യപൂജാരി ചോദിച്ചു. ഭക്തിയോടെ കൈകൾ കൂപ്പി മിനിച്ചേച്ചി ഒറ്റ മറുപടി,‘ മകം പിറന്ന മങ്കി’. തിരുമേനി ഒന്നു ഞെട്ടി. ചുറ്റുമിരുന്ന ബാക്കി തിരുമേനിമാർ കഷ്‍ടപ്പെട്ട് ചിരി വിഴുങ്ങി മന്ത്രം ചൊല്ലുന്നതിൽ ശ്രദ്ധിക്കുന്ന മട്ടിൽ ഇരുന്നെങ്കിലും പൊട്ടിച്ചിരിച്ചു പോയി. ഇതു കേട്ട് ‘പെറ്റമ്മയെ കുരങ്ങെന്നു വിളിച്ച് നടി’ എന്നു പറഞ്ഞ് വാർത്ത വന്നാൽ എന്തു ചെയ്യും?

ഇത്തരം വാർത്തകൾക്ക് ഇരയാകുമെന്ന ഭയമുണ്ടോ?

നമ്മള്‍ പറയുന്നതിനെ വളച്ചൊടിക്കുന്നു എന്ന ഭയത്തിൽ തന്നെയാണ് ഞാൻ സംസാരിക്കുന്നത്. ഇപ്പോൾ പലരോടും ഫോണിൽ സംസാരിക്കുമ്പോൾ ഉള്ളിൽ നിന്നൊരു  ടെക്നീഷ്യൻ ഉണരും. നമ്മൾ പറയുന്നത് റിക്കോർഡ് ചെയ്യുന്നുണ്ടോ എന്ന തോന്നൽ ഒാൺ ആകും. അതോടെ നമുക്കുള്ളിലെ ‘ഫോർമാലിറ്റി മോഡ്’ തനിയെ ഒാൺ ആകും. സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തിന് മോശം എന്നാണു പറയാൻ വന്നതെങ്കിലും കുഴപ്പമില്ല എന്നായി മാറും.

ഇങ്ങനെ ഒാരോ നിമിഷവും കളവു പറഞ്ഞ്, മുഖം മൂടിയിട്ട് ജീവിക്കാൻ തുടങ്ങിയിരിക്കുകയാണു മനുഷ്യൻ. പലതും പറയാൻ പേടിയാണ്. നമ്മൾ പറയുന്ന ചില ഭാഗങ്ങൾ മാത്രമെ ടുത്ത് ഹൈലൈറ്റ് ചെയ്ത് വാർത്തയായി സോഷ്യൽ മീഡിയയിൽ കറങ്ങിത്തുടങ്ങും. സിനിമയിലെ ആരെക്കുറിച്ചു ചോദിച്ചാലും പറയാൻ നാലു വാക്യമുണ്ട്. ‘അയ്യോ, നല്ല സഹപ്രവർത്തകനാണു കേട്ടോ, നല്ല സ്വഭാവമായിരുന്നു, അഭിനയത്തിനിടയിൽ തെറ്റു വരുമ്പോൾ പറഞ്ഞു തരും.. വളരെ കോ ഓപ്പറേറ്റീവ് ആണ്, തീർന്നു. ഇത് മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും ഇന്ദ്രൻസിനെക്കുറിച്ചും മാത്രമല്ല ആരെപ്പെറ്റിയും പറയാം.  റിച്ച് നമുക്ക് അവരോടുള്ള സ്വാതന്ത്ര്യം വച്ച് എന്തെങ്കിലും പറഞ്ഞാൽ അതു മറ്റൊരു രീതിയിലാകും പുറത്തുവരുന്നത്.

’മുമ്പുള്ള ജീവിതത്തിൽ നിന്ന് ഞാനൊരുപാടു മാറി, മോന്റെ വളർച്ച ശരിക്കും ആസ്വദിക്കുന്നുണ്ട്..’, ഉർവശി പറയുന്നു