Wednesday 12 December 2018 05:16 PM IST : By വിജീഷ് ഗോപിനാഥ്

അമലയുടെ ജീവിതം മാറ്റിമറിച്ച ആ യാത്ര!

amala1 ഫോട്ടോ: ഹൈദർ ഖാൻ, മുംബൈ

യാത്രകളെക്കുറിച്ചു മാത്രമേ സംസാരിക്കൂ എന്ന ആമുഖത്തോടെയായിരുന്നു അമല തുടങ്ങിയത്. ചെന്നൈയിലെ ആഢംബര ഹോട്ടലിലെ വലിയ മുറിക്കുള്ളിലേക്ക്  യാത്രയ്ക്കിടയിൽ  കണ്ട  കഥാപാത്രങ്ങൾ ഒാരോരുത്തരായി  കയറി വന്നു. ഹിമാലയൻ ട്രക്കിങ്ങിനിടയിൽ  വച്ചു കണ്ട ബാബാജി, ഹിമാചൽ പ്രദേശിലെ  കുല്ലു സൈഡിൽ നിന്ന് സ്പിറ്റി താഴ്‌വര വരെ കൂടെ വന്ന നായ്ക്കുട്ടി, വഴികാട്ടാനെത്തിയ ആട്ടിടയന്മാർ, മഞ്ഞുമലകൾക്കരികിലിരുന്ന് കുടിച്ച സൂപ്പിന്റെ എരിവ്  ലക്ഷ്മൺഝൂലയിലെ കാറ്റിന്റെ കുളിര്... ഒeരോ വാക്കിലുമുണ്ടായിരുന്നു കാഴ്ചയുടെ കൈയൊപ്പ്.

അവർക്കിടയിൽ എവിടെയോ വച്ച്  അമല പറഞ്ഞു,‘‘ആരൊക്കെ ഒപ്പമുണ്ടെങ്കിലും നമ്മളെല്ലാം ഒറ്റയ്ക്കാണു യാത്രചെയ്യുന്നത്, യാത്രയിൽ നമ്മൾ പലരെയും കാണും. ചിലർ ചങ്ങാതിമാരാവും. മറ്റു ചിലർ നമ്മളെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കും. വലിയ തിരിച്ചറിവുകൾ നൽകും. എന്നിട്ട് ഇടയ്ക്കുവച്ച് കുറേ ഒാർ‌മകൾ തന്ന് ഇറങ്ങി പോവും.   പിന്നെയും യാത്ര തുടരും...’’ അപ്പോൾ അമലയുടെ കണ്ണിൽ ജീവിതം തിരയിളക്കുന്നുണ്ടായിരുന്നു.

സിനിമയ്ക്കു വേണ്ടി മാത്രം യാത്ര ചെയ്തിരുന്ന ആൾ എന്നുമുതൽക്കാണ്  യാത്രയെ സ്നേഹിക്കാൻ തുടങ്ങിയത്?

സിനിമകൾക്കായി ഒരുപാടു യാത്രകൾ ചെയ്തിട്ടുണ്ട്. പക്ഷേ, നമുക്കായി മാത്രം പോകുന്ന യാത്രകളിലേ ജീവിതമുള്ളൂ. രണ്ടുവർഷം മുമ്പ്, വിവാഹത്തിനുശേഷം സിനിമകൾ ഏറ്റെടുക്കുന്നത്  കുറച്ചിരുന്നു. ആ സമയത്താണ് ഋഷികേശിനെക്കുറിച്ച് വായിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പോകാൻ തീരുമാനിച്ചെങ്കിലും  പല കാരണങ്ങളാൽ അവർക്ക് വരാൻ പറ്റിയില്ല. ഒറ്റയ്ക്കാണെങ്കിലും യാത്രപോവാൻ തീരുമാനിച്ചു. താരങ്ങൾ പലപ്പോഴും സ്വർണക്കൂട്ടിലാണെന്ന് തോന്നിയിട്ടുണ്ട്.

പുറമേ നിന്നു നോക്കുന്നവർക്ക് കാണാനൊക്കെ നല്ല ഭംഗിയുണ്ടാകും. പക്ഷേ, സാധാരണക്കാരന്റെ സ്വാതന്ത്ര്യം ആസ്വദിക്കാനായി പറ്റില്ല. അതു നൽകുന്ന ആത്മവിശ്വാസക്കുറവ് വലുതായിരുന്നു. അതുവരെ  യാത്രയിൽ സുരക്ഷയ്ക്കും സഹായത്തിനും ഒരുപാടു പേർ  ഉണ്ടായിരുന്നു. ആദ്യമായാണ് ഒറ്റയ്ക്ക് യാത്രചെയ്തത്. ഒരർഥത്തിൽ ജീവിതത്തിൽ എനിക്കീയാത്ര വളരെ അത്യാവശ്യമായിരുന്നു. ആ സമയത്ത് നിലച്ചു പോയ ഒരു പുഴപോലെയായിരുന്നു ഞാൻ. ജീവിതത്തിൽ ഇനി എന്ത് എന്നറിയാത്ത അവസ്ഥ. എന്റെ കാഴ്ചപ്പാടുകൾ മാറ്റിയത് ആ ഋഷികേശ് യാത്രയായിരുന്നു.

അതുക്കും മേലെ ആയിരുന്നില്ലേ ഹിമാലയൻ ട്രക്കിങ്?

ട്രക്കിങ്ങിനാണു പോകുന്നതെന്ന് പപ്പയെയും മമ്മിയെയും അറിയിച്ചില്ല, പറഞ്ഞാൽ സമ്മതിച്ചില്ലെങ്കിലോ എന്നു പേടി തോന്നിയിരുന്നു. പത്തു ദിവസം. 110 കിലോമീറ്റർ. പതിനെണ്ണായിരം അടി ഉയരം. പ്രതിസന്ധികളുടെ മലനിരകളാണ് മുന്നിൽ തലയുയർത്തി നിന്നത്.  മലയാറ്റൂർ മല കയറിയ ‘പരിചയമേ എനിക്കുണ്ടായിരുന്നുള്ളു. ഒരു ബാഗ് നിറച്ച് സാധനങ്ങളുമായാണ് ട്രക്കിങ്ങിനെത്തിയത്.  ഘീർഗംഗയിൽ എത്തിയപ്പോഴേ ഒരു കാര്യം മനസ്സിലായി. ഈ ഭാരവും കൊണ്ട് മുന്നോട്ടു പോകാനാവില്ല. അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്ത് ബാക്കിയെല്ലാം ഉപേക്ഷിച്ചു. അവിടെ നിന്ന് 12 കിലോമീറ്റർ അകലെയുള്ള തുണ്ട ഫർഗ് ക്യാംപിലേക്ക് എത്തിയപ്പോഴേക്കും ഇരുട്ടു പരന്നിരുന്നു.  

അതൊരു വല്ലാത്ത രാത്രിയായിരുന്നു. ഒാക്സിജൻ കിട്ടാതെ ബുദ്ധിമുട്ടി. തിരിച്ചുപോവാം എന്നു തോന്നി. രാത്രി സ്ലീപ്പിങ് ബാഗിൽ ഉറങ്ങാൻ കിടന്നപ്പോൾ ദുസ്വപ്നങ്ങളുടെ നീണ്ട നിര തന്നെയാണ് വന്നത്, ആ ടെന്റിനുള്ളിൽ  കുടുങ്ങി ശ്വാസം കിട്ടാതെ പിടയുന്നെന്ന് സ്വപ്നം കണ്ട് അലറി വിളിച്ചാണ് എണീറ്റത്.  ടെന്റിൽ നിന്ന് പുറത്തേക്കിറങ്ങി ആകാശത്തേക്കു നോക്കിയപ്പോൾ  വലിയ നക്ഷത്രക്കൂട്ടം. കൈ നീട്ടി തൊ ടാനാകും എന്നു തോന്നി. അതുവരെ ഉണ്ടായിരുന്ന ശ്വാസമെ ടുക്കാനുള്ള ബുദ്ധിമുട്ട് നിമിഷനേരംകൊണ്ട് ഇല്ലാതായി.

പിറ്റേന്നു രാവിലെ നോക്കിയപ്പോഴാണ് ഭൂമിയിലെ സ്വർഗത്തിനരികിലാണ് രാത്രിയിൽ ഉറങ്ങിയതെന്ന് തിരിച്ചറിഞ്ഞത്. വെള്ളപുതപ്പിട്ട മലനിരകൾ. അതിൽ മൂന്നു വെള്ളച്ചാട്ടം... ഒരുമിച്ചുണ്ടായിരുന്ന ചിലർ ട്രക്കിങ് നിർത്തി തിരിച്ചു പോയി. പക്ഷേ ഞാനും കുറച്ചു പേരും യാത്ര തുടരാൻ തീരുമാനിച്ചു.  കഠിനമായ യാത്രയായിരുന്നു. ഒരു ദിവസം മലകയറി തളർന്നു നിൽക്കുകയായിരുന്നു ഞങ്ങൾ. പെട്ടെന്നാണ് വലിയ ശബ്ദം കേട്ടത്. മലയിടിഞ്ഞ് വലിയ പാറക്കല്ലുകൾ ഉരുണ്ടു  വരുന്നു. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. മണാലി വരെയുള്ള ആ ട്രക്കിങ് എത്ര വർഷം കഴിഞ്ഞാലും മനസ്സിൽ നിന്നുമായില്ല. ഒന്നു കണ്ണടച്ചിരുന്നാൽ മതി. ആ പത്തു ദിവസം തെളിഞ്ഞു വരും.

യാത്രകൾ അമലയ്ക്ക് തന്നതെന്തൊക്കെയാണ്?

ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനമെടുക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ആ ഹിമാലയൻ ട്രക്കിങ്. മു ന്നിൽ രണ്ടു വഴികളുണ്ടായിരുന്നു. ഏതു തിരഞ്ഞെടുക്കണം എന്നൊരു സംശയം തീർക്കാനായിരുന്നു യാത്ര. യാത്രയ്ക്കൊടുവിൽ‌ ആ ഉത്തരത്തിലേക്കെത്തണം. അന്ന് മറ്റുള്ളവരെ  ആശ്രയിച്ച് ജീവിക്കുന്ന ഒരാളായിരുന്നു ഞാൻ. ഇടയ്ക്കെപ്പോഴോ വച്ച് എനിക്ക് എന്നെ തന്നെ നഷ്ടമായി. എന്റെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും മാറ്റം വന്നു തുടങ്ങി. ഞാൻ ആരാകാനാണോ ആഗ്രഹിച്ചത് അതിൽ നിന്നു പിന്നോട്ടു പോയിരുന്നു. ഒറ്റയ്ക്ക് ജീവിക്കാൻ ആകുമോ എന്ന പേടിയുമുണ്ടായിരുന്നു  

അതെല്ലാം ആ യാത്രയോടെ മാറി. പോകുമ്പോൾ ഞാനും എന്റെ മനസ്സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നോടു തന്നെ ഒരുപാടു സംസാരിച്ചു. ഒടുവിൽ നിർണായകമായ ആ തീരുമാനവുമെടുത്തു. ആ ട്രക്കിങ്ങിനു മുൻപും പിൻപും ഞാൻ രണ്ടാളാണ്. നാളെ എന്താകണമെന്ന് തിരിച്ചറിയാൻ ആ യാത്ര സഹായിച്ചു. അതോടെ എന്നോടു കൂടുതൽ സ്നേഹമുള്ള അമലയായി മാറി. കാഴ്ചപ്പാടുകൾ മാറി. ഇന്നു ഞാൻ പുതിയ വ്യക്തിയാണ്.

എങ്കിൽ അമലയ്ക്കു വന്ന മാറ്റങ്ങൾ എന്തൊക്കയാണ്?

ജീവിതത്തിൽ എന്താണ് വേണ്ടത് എന്നതിനേക്കാൾ എന്താണു വേണ്ടാത്തത് എന്ന് ഇപ്പോൾ നന്നായിട്ടറിയാം. എനിക്ക്  എന്നെക്കുറിച്ച് കുറച്ചു കൂടി വ്യക്തത കിട്ടി.
ഒാരോ ദിവസവും ഞാൻ മാറിക്കൊണ്ടിരിക്കുകയാണ്. എന്റെ മുൻഗണനകൾ മാറി. ഞാനിപ്പോൾ കൂടുതൽ സംസാരിക്കുന്നത് ജീവിതത്തെക്കുറിച്ചാണ്. യാത്രകളിലായാൽ പോലും പുതിയ ആളുകളെ പരിചയപ്പെടാനും അവരുടെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കാനും ശ്രമിക്കുന്നു.  ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നു, സിനിമകൾ കാണുന്നു, മെറ്റാഫിസിക്സ് പോലുള്ള വിഷയങ്ങൾ പഠിക്കുന്നു.

പലരും പറയും കരിയറിൽ ഭാഗ്യവതിയായ കുട്ടിയാണ് അമല എന്ന്. ഭാഗ്യവും അനുഗ്രഹവും ഉണ്ടായിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ താരമായി മാറുന്നു. പുറമെ നിന്ന് നോക്കുന്നവർക്ക് ഇതൊരു മാജിക് ആയി തോന്നാം. എന്നാൽ ആദ്യ സിനിമയോ രണ്ടാം സിനിമയോ കിട്ടുന്നതിലല്ല കാര്യം. തുടർന്നും മികച്ച  സിനിമകളുടെ ഭാഗമാകുന്നതിലാണ്. നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്നോടു തന്നെയുള്ള മത്സരമായിട്ടാണ്  കാണുന്നത്. പതിനെട്ടാമത്തെ വയസ്സിൽ സിനിമയിലെത്തി. ഇപ്പോൾ ഏഴു വർഷം കഴിഞ്ഞിരിക്കുന്നു. ആ പ്രായത്തിൽ കൈകാര്യം ചെയ്യേണ്ട കഥാപാത്രങ്ങളോ സാഹചര്യങ്ങളോ അല്ല സിനിമയിലായാലും ജീവിതത്തിലായാലും എനിക്കു മുന്നിൽ വന്നത്.

അമല എടുക്കുന്ന പല തീരുമാനങ്ങൾക്കും പ്രായത്തിനപ്പുറം നിൽക്കുന്ന കരുത്തുണ്ടോ?

ആഘോഷത്തിൽ മുങ്ങിയ കുട്ടിക്കാലമൊന്നുമല്ല എന്റേത്. എല്ലാ സുഖസ‍ൗകര്യങ്ങളും അനുസരിച്ച് വളർന്നു വന്ന ഒരാളുമല്ല. അതുകൊണ്ടു തന്നെ  ചെറുപ്പം മുതൽക്കേ മാനസികമായി കരുത്തുള്ള കുട്ടി തന്നെയായിരുന്നു. തീരുമാനമെടുക്കാനും എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കാനുമുള്ള കഴിവ് കുട്ടിക്കാലം തൊട്ടേ ഉണ്ടായിരുന്നു. അതാണ് എന്റെ ബലം എന്ന് തോന്നിയിരുന്നു.

amala2

ജീവിതത്തിൽ തീരുമാനമെടുക്കണ്ട സാഹചര്യങ്ങളുണ്ടായപ്പോഴൊക്കെയും കൃത്യമായി തന്നെ ചെയ്തിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ ഒരുപാടുപേർ നിരുത്സാഹപ്പെടുത്തി. അന്ന് ആ തീരുമാനത്തിൽ ഉറച്ചു നിന്നില്ലായിരുന്നെങ്കിൽ ജീവിതം മറ്റൊന്നായി പോയേനെ. കുടുംബബന്ധങ്ങളിലായാൽ പോലും എടുക്കുന്ന തീരുമാനങ്ങളിലുറച്ചു നിൽക്കണം. ഒന്നുകിൽ ആ ബന്ധം മുന്നോട്ടു പോകും എന്നുറപ്പിക്കുക. അല്ലെങ്കിൽ അതു വേണ്ട എന്ന തീരുമാനമെടുക്കുക. ഈ രണ്ടു വഴിയേ എനിക്കുള്ളു.
അങ്ങനെ തീരുമാനമെടുക്കാൻ കഴിയാത്ത ഒരുപാടു പേരെ എനിക്കറിയാം.  അതുകൊണ്ട് വേദന സഹിക്കേണ്ടി വരുന്നത് ഏറ്റവും സങ്കടകരമായ അവസ്ഥയാണ്. രണ്ടുപേർ മാത്രമല്ല, കുട്ടികൾ പോലും എരിഞ്ഞു നീറിത്തുടങ്ങും. വേദന ലഹരി പോലെ മനസ്സു കീഴടക്കും. അതെനിക്കു പറ്റില്ല, കാരണം എനിക്ക് എന്നോട് ഒരുപാടിഷ്ടമാണ്.

ഒരു വർഷം നീണ്ടുനിന്ന വിവാഹജീവിതം. എന്തുകൊണ്ടാണ് വേർപിരിയാം എന്നൊരു തീരുമാനമെടുത്തത്?

തെറ്റായി എഴുതപ്പെട്ട കഥയിൽ കണ്ടുമുട്ടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു ഞങ്ങൾ. കഥ തെറ്റായിപ്പോയതു കൊണ്ടാണ് അതിലെ കഥാപാത്രങ്ങൾ ഇറങ്ങിപ്പോയത്. ഞാനും വിജയും പലരും പറഞ്ഞതു പോലെ ‘ബ്യൂട്ടിഫുൾ കപ്പിൾസ്’ തന്നെയായിരുന്നു.  ജീവിതത്തിൽ  പല കാര്യങ്ങൾക്കും ഞങ്ങൾ കൊടുത്തിരുന്ന പ്രാധാന്യം പലതായിരുന്നു. അതുവരെയുള്ള എന്റെ ജീവിതത്തിന്റെ തുടർച്ചയും വളർച്ചയുമാണ് ഞാനാഗ്രഹിച്ചത്. സിനിമയിലെ ഉയർച്ചയെക്കാളും  വൈകാരികവും ബൗദ്ധികവും മാനസികവുമായ വളർച്ചയായിരുന്നു  സ്വപ്നം കണ്ടത്. ആ വളർച്ച ഉണ്ടായില്ലെങ്കിൽ മറ്റൊരാളായി പോവും. അങ്ങനെയൊരു ജീവിതത്തിൽ എനിക്ക് അർഥം തോന്നിയില്ല.

മൂന്നാമതൊരാൾക്ക് ഇതു മനസ്സിലാകില്ല. ജീവിതം സുന്ദരമാണെന്നാണ് എന്റെ വലിയ വിശ്വാസം. അത് സങ്കടപ്പെട്ടും സഹിച്ചും തീർക്കാൻ എനിക്കിഷ്ടമല്ലായിരുന്നു. ഞാൻ കാരണം പങ്കാളിയും വേദന സഹിക്കാൻ ഇടവരരുതെന്നുമുണ്ടായിരുന്നു. നല്ല പങ്കാളികൾ എന്നാൽ ഒരു യാത്രയിൽ ഒരേ മനസ്സോടെ സഞ്ചരിക്കാനാകണം. പക്ഷേ, പലപ്പോഴും അതിനുകഴി‍ഞ്ഞില്ല. 24 വയസ്സുള്ള പെൺകുട്ടിയുടെ ആഗ്രഹങ്ങളും അവൾക്ക് പറക്കാനുള്ള ആകാശങ്ങളും വലുതായിരുന്നു. ഞങ്ങൾ ഒരുപാടു സ്നേഹിച്ചു. പരസ്പരം നന്നായി പഠിച്ചു. പൊസറ്റീവായ സ്വാധീനം രണ്ടുപേരിലുമുണ്ടായിട്ടുണ്ട്.  തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ വിജ യ്ക്ക് വിജയങ്ങൾ നേടിയെടുക്കാനുണ്ട്. എനിക്കും ഉണ്ട് എന്റേതായ സ്വപ്നങ്ങൾ. കുറേ വർഷങ്ങൾ കഴിഞ്ഞ്, ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നെങ്കിൽ ഞങ്ങൾക്ക് പിരിയേണ്ടി വരില്ലായിരുന്നു എന്നു തോന്നിയിട്ടുണ്ട്. പക്ഷേ, അതുവരെ സങ്കടം നിറഞ്ഞ ജീവിതം തുടരുക എന്നത് പരസ്പരം ചെയ്യുന്ന പാപമാണ്.

ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ എളുപ്പമാണോ?

ഒരിക്കലുമല്ല. ഇറങ്ങിപ്പോയത് അനിശ്ചിതത്വത്തിലേക്കായി രുന്നു. ജീവിതം എന്തായിതീരും? മുന്നോട്ടുള്ള യാത്രകൾ എന്താണ്? ഒന്നും അറിയില്ല. എന്റെ ശരികളിൽ വിശ്വാസമുണ്ടായിരുന്നു. ജീവിതത്തിൽകുഴപ്പം വന്നു എന്നു കരുതി ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ആളല്ല ഞാൻ. ഒരു വിള്ളൽ ഉണ്ടാവുമ്പോഴേ അതിലൂടെ വെളിച്ചം കയറൂ, പുതിയ വഴികൾ തെളിയൂ. കുടുംബമായിരുന്നു  കരുത്ത്്. ജീവിതത്തിൽ ഞാൻ കണ്ട മനക്കരുത്തുള്ള സ്ത്രീ എന്റെ മമ്മയാണ്. പല കാര്യങ്ങൾക്കും മമ്മയാണ് എന്റെ റോൾമോഡൽ. സഹോദരൻ അഭിജിതും ധൈര്യം തന്നു. ഞങ്ങൾക്കിടിയിൽ കുഴപ്പങ്ങളുണ്ടെന്നറിഞ്ഞപ്പോൾ പപ്പ പറഞ്ഞു മുന്നോട്ടു പോവാനാകുന്നില്ലെങ്കിൽ പിരിയാം. പക്ഷേ, നിങ്ങൾക്കിടയിലുള്ള സ്നേഹം പോകരുത്. ശത്രുക്കളെ പോലെ മുറിവേൽപ്പിക്കരുത്.’’

പപ്പ പറഞ്ഞതു പോലെ ഞങ്ങളിപ്പോഴും നല്ല ചങ്ങാതിമാരായാണ് തുടരുന്നത്. കഴിഞ്ഞു പോയതിനെക്കുറിച്ചോർത്ത് ഒരു കുറ്റബോധവും ഇല്ല. ഞാൻ എന്തല്ല എന്നു പഠിച്ചത് ആ ദിവസങ്ങളിലാണ്. വല്ലാതെ വേദനിച്ചിരുന്നെങ്കിലും ഉള്ളിൽ നടക്കുന്ന സംഘർഷങ്ങൾ പുറത്താരും അറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ദിവസങ്ങളോളം ഡിപ്രഷനിലായിരുന്നു. പക്ഷേ, പ്രാർഥനയിലൂടെയും യോഗയിലൂടെയും മെഡിറ്റേഷനിലൂടെയും മനസ്സിന്റെ കരുത്ത്  തിരിച്ചു പിടിച്ചു.

സെലിബ്രിറ്റി വിവാഹമോചനം കൂടുന്നു, വലിയ വാർത്തകളാവുന്നു. ഇതിലൊക്കെ അസ്വസ്ഥതപ്പെടാറുണ്ടോ?

വേർപിരിഞ്ഞാൽ വാർത്തായാകുമെന്നു കരുതി ജീവിതം ബലി കഴിക്കാനാവുമോ? മറ്റുള്ളവർ എന്തു പറയും എന്നോർത്ത്  മുറിക്കുള്ളിൽ കരഞ്ഞ് ജീവിക്കുന്നത് ഭീകരമല്ലേ. അത്തരം വാർത്തകൾക്ക് ആഴ്ചകളുടെ ആയുസ്സേയുള്ളൂ എന്നറിയാമായിരുന്നു. അതിനേക്കാൾ വലുത് ജീവിതമായിരുന്നു. സെലിബ്രിറ്റികളിൽ വിവാഹമോചനം കൂടുന്നു എന്നതൊക്കെ തെറ്റായ ധാരണയാണ്. സമൂഹത്തിൽ നടക്കുന്നത് ഇവിടെയും പ്രതിഫലിക്കുന്നു. താരങ്ങളുടെ ജീവിതം ഷെൽഫിലെ പുസ്തകങ്ങൾ പോലെയാണ്. ആർക്കു വേണമെങ്കിലും എടുത്തു നോക്കാം. തിരിച്ചു വയ്ക്കാം. കൂടുതൽ താൽപര്യമുള്ള പുസ്തകങ്ങൾ കൂടുതൽ ആളുകൾ എടുത്തു നോക്കുന്നു. അത്രയേയുള്ളു. അതുകൊണ്ടാണ് താരവിവാഹമോചനങ്ങൾക്ക് ഇത്രയും പ്രാധാന്യം കിട്ടുന്നത്.

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ പലരും സത്യസന്ധരല്ല. അതൊക്കെ ശരിയാകും എന്നു  കരുതി എടുത്തു ചാടുന്നവരാണ് അധികവും. മാതാപിതാക്കൾ പെൺകുട്ടികൾക്ക് കൊടുക്കുന്ന സമ്മർദ്ദം അത്ര വലുതാണ്. പഠനം–ജോലി–വിവാഹം. ഇതാണ് പതിവു വഴി. വിജയെ കണ്ടപ്പോൾ, അദ്ദേഹം തന്ന സുരക്ഷിതത്വം കണ്ടപ്പോൾ ഞാനാരാണ്, സ്വപ്നങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം മറന്നു പോയി. അതാകാം പിന്നീടുള്ള ജീവിതത്തിൽ കുഴപ്പങ്ങളുണ്ടാക്കിയത്.

വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയവരും ഇല്ലേ?

വേദനിപ്പിച്ച സംഭവങ്ങളും ആൾക്കാരുമുണ്ട്. പക്ഷേ, അതിനൊന്നും മനസ്സിനെ തൊടാനായില്ല. ചില കാര്യങ്ങൾ കേട്ടപ്പോൾ സങ്കടമല്ല പുച്ഛമാണ് തോന്നിയത്. അതിലൊന്നായിരുന്നു എന്നെയും ധനുഷിനെയും ചേർത്തുള്ള വാർത്ത. വിവാഹമോചനത്തിനായി ഒരുങ്ങിയപ്പോൾ നിരുത്സാഹപ്പെടുത്തിയ ആളാണ് അദ്ദേഹം. അപ്പോഴും നോക്കൂ സമൂഹം പുരുഷനെയല്ല, എനിക്കാണ് പുതിയൊരു ബന്ധമുണ്ടായെന്നും അതാണ് വേർപിരിയിലിനു കാരണമായതെന്നും പറഞ്ഞ് ആക്രമിച്ചത്. അത് ഞാനൊരു പെൺകുട്ടി ആയതുകൊണ്ടു മാത്രമാണ്. അപ്പോൾ പുച്ഛമല്ലാതെ മറ്റെന്താണ് തോന്നുക?

ഇപ്പോഴും അമലയുടെ ഫെയ്സ് ബുക്ക് പേജിൽ പഴയകാല ചിത്രങ്ങൾ ഉണ്ട്. ആ കാലം  മനസ്സിലുണ്ടോ?

മനസ്സിൽ നല്ല ഒാർമകളെ ഉള്ളു. വിവാഹ ജീവിതത്തിലുണ്ടായ എല്ലാ േവദിനപ്പിക്കുന്ന കാര്യങ്ങളും ഞാനറിയാതെ മാഞ്ഞു പോയി. അത് ഒരനുഗ്രഹമായിരിക്കാം. അല്ലെങ്കിൽ പൊസിറ്റീവായി ചിന്തിക്കുന്നതു കൊണ്ടാകാം. അപ്പോൾ പിന്നെ ഫോട്ടോകൾ എന്തിനു ഡിലീറ്റ് ചെയ്യണം? ഞങ്ങൾ ഒരുമിച്ചുള്ള  പതിനായിരക്കണക്കിന് ചിത്രങ്ങൾ ലാപ്ടോപ്പിലുണ്ട്. ഒന്നു പോലും കളഞ്ഞിട്ടില്ല. വീട്ടിൽ വിവാഹ ഫോട്ടോ ഉണ്ട്. അതും എടുത്തുമാറ്റിയിട്ടില്ല. ഒാർമകൾ ഒറ്റ ഡിലീറ്റിലൂടെ മായ്ച്ചു കളായാവുന്നതാണോ? എനിക്കിപ്പോഴും വിജയ്നോട് സ്നേഹവും ബഹുമാനവുമുണ്ട്. എത്രകാലം കഴിഞ്ഞാലും ആ സ്നേഹത്തിൽ മാറ്റമുണ്ടാകില്ല.

പുതിയ വർഷം കൈനിറയെ സിനിമകളാണല്ലോ?

മലയാളത്തിൽ ‘അച്ചായൻസിൽ’ അഭിനയിക്കുന്നുണ്ട്. 2015ൽ കങ്കണ റണൗട്ടിന് നാഷനൽ അവാർഡ് നേടിക്കൊടുത്ത ക്യൂൻ സിനിമ രേവതി മലയാളത്തിൽ സംവിധാനം ചെയ്യുന്നു. ആ പ്രൊജക്ടിന്റെ ഭാഗമായി. തമിഴിൽ ധനുഷിനൊപ്പം വിെഎ പി 2, വടചെന്നൈ, തിരുട്ടുപയലെ 2, സിൻഡ്രല...  സിനിമയും യാത്രയുമാണ് സന്തോഷം തരുന്നത്, ഒരുപാടു നല്ല വേഷങ്ങൾ ചെയ്യണം. പിന്നെ ഇരുപത്തഞ്ചു വയസ്സിന്റെ എല്ലാ ക്രേസും അനുഭവിക്കണം. ഒറ്റയ്ക്ക് ട്രക്കിങ് വലിയൊരു സ്വപ്നമാണ്. അതെന്നു നടക്കും എന്നറിയില്ല. ഇതിനിടയിൽ ഒരു ബാലി യാത്ര നടത്തിയിരുന്നു. അവിടെ വായിച്ച ഒരു വരി ഇങ്ങനെയാണ്– ‘‘ഇവിടെ നിങ്ങൾ കണ്ടുമുട്ടുന്ന ആൾക്കാർ മുൻജന്മത്തിൽ‌ എവിടെയോ വച്ച് നിങ്ങൾ കണ്ട‌ിരിക്കും.’’

അങ്ങനെ ഒരു യാത്രയിൽ ഒപ്പം നടക്കാനൊരാളെ എന്നാണു കണ്ടുമുട്ടുക?

ഞാനായിട്ട് അതിനു ശ്രമിക്കുന്നില്ല.  ഇപ്പോൾ എനിക്കെന്നോടു മാത്രമേ പ്രണയമുള്ളു. ഞാൻ പുരുഷ വിദ്വേഷിയൊന്നുമല്ല. രണ്ടുപേർ തമ്മിലുള്ള സൗഹൃദത്തിലും ഒരുമിച്ചു ചേരലിലും വിവാഹത്തിലുമെല്ലാം വിശ്വാസമുണ്ട്. യാത്രയ്ക്കിടയിൽ ഒരേ മനസ്സോടെ സഞ്ചരിക്കാനൊരാൾ വന്നാൽ  പുഴ കടലിൽ ചെന്നു ചേരുന്നതു പോലെ ഞാനലിയും, ഉറപ്പ്.

amala3