Saturday 15 December 2018 11:09 AM IST

‘തൂവാനത്തുമ്പികൾ’ എന്തുകൊണ്ട് പ്രിയപ്പെട്ട സിനിമയല്ല, അനന്തനും മുരളി ഗോപിയും പറയുന്നു

Unni Balachandran

Sub Editor

ananthu-gopi3 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മണലെഴുത്ത് പോലെ മാഞ്ഞു പോകുന്ന ധാരാളം ഓർമകളുണ്ടാവും ജീവിതത്തിൽ. പക്ഷേ, കാലത്തിനും മേലെ വളരുന്ന സൗഹൃദങ്ങൾ ഏതു തിരയിലും മായാതെ നിൽക്കും. അത്തരത്തിൽ തലമുറകൾ കടന്ന് തുടരുന്ന കൂട്ടിന്റെ തുടർക്കഥയാണ് മുരളി ഗോപിക്കും അ നന്തപത്മനാഭനും പറയാനുള്ളത്. മനുഷ്യനാകാൻ കൊതിച്ച ഗന്ധർവനെ ഭൂമിയിലെത്തിച്ചും അഭിനയമികവുകൊണ്ട് യവനികയെ കത്തിജ്വലിപ്പി ക്കുകയും ചെയ്തൊരു സൗഹൃദക്കൂട്ട്  മലയാളത്തിലുണ്ടായിരുന്നു, പത്മരാജനും ഭരത് ഗോപിയും. ആ സൗഹൃദം പുതിയ കാലത്ത് തുടർക്കഥയൊരുക്കുകയാണ് പത്മരാജന്റെ മകൻ അനന്തപത്മനാഭന്റേയും ഭരത് ഗോപിയുടെ മകൻ മുരളി ഗോപിയൂടേയും പുതിയ സിനിമയായ ‘കാറ്റി’ലൂടെ.

‘കാറ്റ്’ സിനിമയുടെ പശ്ചാത്തലം  എഴുപതുകളുടെ അവസാനമാണ്. അതിലെ പ്രധാന കഥാപാത്രങ്ങൾ പത്മരാജൻ കഥകളിൽ നിന്നെടുത്തതും. ‘കാറ്റിൽ’ മുരളി ഗോപി അവതരിപ്പിക്കുന്ന ‘ചെല്ലപ്പൻ’, ഭരത് ഗോപി അനശ്വര മാക്കിയ പല കഥാപാത്രങ്ങളുടെയും ഛായയുള്ളവനാണ്. വർഷങ്ങൾക്ക് ശേഷം പഴയ കാൽപാടുകളോട് ചേർന്ന് രണ്ട് പ്രതിഭാധനരുടെയും മക്കൾ വീണ്ടും ഒരുമിച്ചതിന്റെ കൗതുകം പങ്കുവയ്ക്കുകയാണ് സുഹൃത്തുക്കളായ അനന്തപത്മനാഭനും മുരളി ഗോപിയും.  

പത്മരാജൻ കഥാപാത്രങ്ങളില്‍ നിന്ന് എങ്ങനെയാണ്  ‘കാറ്റ്’ ഉണ്ടായത് ?

അനന്തപത്മനാഭൻ: ഞാനും മുരളിയും ആദ്യമായി ഒന്നിച്ച   ‘ആഗസ്റ്റ് ക്ലബ്’ എന്ന സിനിമയ്ക്കും മുൻപുണ്ടായ കഥ യാണ് കാറ്റിന്റേത്. വർഷങ്ങൾക്ക് മുൻപ് ഞാൻ മുരളിയോടൊരു കഥ പറഞ്ഞിരുന്നു. അച്ഛന്റെ ചില കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള കഥ. അന്നത് സംസാരിച്ച് ഉപേക്ഷിച്ചതാണ്. പക്ഷേ, കുറച്ചു നാൾ മുൻപ് മുരളി എന്നോട് ആ കഥ സിനിമയാക്കുന്നതിനെക്കുറിച്ച് വീണ്ടും പറഞ്ഞു.

മുരളി ഗോപി: സംവിധായകൻ അരുൺ കുമാർ അരവിന്ദി നോട് ഞാനീ കഥ പറഞ്ഞപ്പോൾ അദ്ദേഹം വല്ലാതെ എ ക്സൈറ്റ‍ഡായി. പഴയൊരു പാലക്കാടൻ യാത്രയിൽ അന ന്തൻ പറഞ്ഞൊരു കഥയെപറ്റി അപ്പോഴാണ് അരുൺ ഓർമിച്ചത്. അങ്ങനെ അനന്തന്റെ തന്നെ രണ്ട് കഥകൾ ചേർത്താണ് ‘കാറ്റ്’ ഉണ്ടായത്. പക്ഷേ, അതിന്റെയൊരു റൂട്ട് പത്മരാജൻ സാറിന്റെ കഥാപാത്രങ്ങളായതുകൊണ്ട് പരാമർശിക്കാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി. അല്ലാതെ, കുറച്ച് കഥാപാത്രങ്ങളെ മാത്രം വച്ച് സി നിമ ചെയ്യുകയായിരുന്നില്ല ഞങ്ങൾ.

80കളുടെ തുടക്കത്തിലാണല്ലൊ ഈ കഥ വിരിയുന്നത് ?

അനന്തൻ:  ഞാനീ കഥ പറയുമ്പോൾ മുരളി ഇന്ത്യൻ എക്സ്പ്രസ്സിൽ ജോ ലി ചെയ്യുകയാണ്. അഭിനയം തുടങ്ങിയിട്ടില്ലെങ്കിലും ‘ചെല്ലപ്പനെ’ അവതരിപ്പിക്കണമെന്ന് ഇവൻ അന്നേ ആഗ്രഹം പറഞ്ഞിരുന്നു. ആ രെയും ഉദ്ദേശിച്ചില്ലെങ്കിലും എഴുതി വന്നപ്പോൾ കഷണ്ടി കയറിയ തല, വിയർത്ത നെറ്റി എന്നുള്ള വിവരണങ്ങൾ ഗോപി സാറിന്റെ മുഖമാണ് ഓർമിപ്പിച്ചത്. ചെല്ലപ്പനായി നിൽക്കുമ്പോൾ മുരളി പറഞ്ഞിട്ടുണ്ട്, അച്ഛൻ ചെയ്തതുപോലെ പരുക്കനായ ഒരു കഥാപാത്രം ചെയ്യുന്നതിന്റെ ത്രില്ലുണ്ടെന്ന്.

മുരളി:  ഇവനീ കഥ എന്നോട് പറഞ്ഞ് ഇത്രയും വർഷങ്ങൾക്ക് ശേഷവും മനസ്സിൽ നിന്ന് മായാതിരുന്നതിന്റെ കാരണം അതിലൊരു‘നാടൻ ചൂര്’ ഉള്ളതുകൊണ്ടാണ്. ഒരു നാടിന്റെ അത്രയും സാധാരണമായ ശൈലിയും പദപ്രയോഗങ്ങളുമൊക്കെ പത്മരാജൻ സാറിന്റെ കഥകളുടെ ട്രേഡ്മാർക്കാണ്. അത് ഈ സിനിമയിലും ഉണ്ട്, ആ ഹോംവർക് നന്നായി ചെയ്തിട്ടാണ് സിനിമ അനന്തൻ പൂർത്തിയാക്കിയിരിക്കുന്നത്. ഞാൻ ഷൂട്ടിനിടയിൽ പറയുമായിരുന്നു, നല്ല ഗുരുത്വത്തോടെ ചെ യ്യേണ്ട സംഗതിയാണിതെന്ന്.

ananthu-gopi4

രണ്ടാളുടേയും സൗഹൃദം വളർന്നത്  അച്ഛൻമാരുടെ സിനിമാപരിചയം വഴിയായിരുന്നോ ?

അനന്തൻ: ഒരിക്കലുമല്ല. തിരുവനന്തപുരത്തെ നീറമൺകര മന്നം മെമ്മോറിയൽ സ്കൂളിൽ പത്ത് വരെ ഒരുമിച്ചു പഠിച്ചു വളർന്നവരാണ് ഞങ്ങൾ. പിന്നീട് മുരളി, ആർട്സ് കോളജിൽ ബികോമിനും ഞാൻ ഇവാനിയോസിൽ ഇംഗ്ലിഷ് ലിറ്ററേച്ചറും പഠിക്കാൻ പോയി. എന്റെ ചെറുപ്പത്തിൽ ഗോപി സാർ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു, അമ്മ ഡയറിയിൽ എഴുതിയിടും, ഇന്ന് കെഎസ്ഇബിയിലെ ഗോപി വന്നിരുന്നു.

പക്ഷേ, അപ്പോഴൊന്നും മുരളി അദ്ദേഹത്തിന്റെ മകനാണെന്ന് അറിയില്ല. അങ്ങനെയിരിക്കെയാണ് കൊടിയേറ്റത്തിലെ അഭിനയത്തിന് ഗോപി സാറിന് ഭരത് അവാർഡ് കിട്ടുന്നത്. ‘കൊടിയേറ്റത്തിന് നാഷനൽ അവാർഡ്, ഗോപിക്ക് ഭരത്’ മനോരമയിൽ അന്ന് വന്ന വാർത്തയിൽ ഗോപിസാറിന്റെ കു ടുംബ ചിത്രത്തിൽ ദേ ഇവൻ കേറിയിരിക്കുന്നു. അങ്ങനെയാണ് മുരളി, ഗോപി സാറിന്റെ മകനാണെന്ന് അറിയുന്നത്.

മുരളി: കാവാലം നാരായണപ്പണിക്കർ സാറിന്റെ തിരുവരങ്ങും, ചിത്രലേഖാ ഫിലിം സൊസൈറ്റിയുമൊക്കെ വഴി അച്ഛനും പത്മരാജൻ സാറും പണ്ടേ സുഹൃത്തുക്കളായിരുന്നു. പത്മരാജൻ സാർ ഓള്‍ ഇന്ത്യ റേഡിയോയിലുള്ള സമയത്ത് അച്ഛൻ അവിടെ റേഡിയോ നാടകങ്ങൾ ചെയ്യാൻ പോയിട്ടുണ്ട്. വളരെ അടുത്ത പരിചയമായിരുന്നു രണ്ട് കുടുംബങ്ങള്‍ തമ്മിലും. ‘ഒരിടത്തൊരു ഫയൽവാന്റെ’ പ്രിവ്യുവിന് ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നത് ഓർക്കുന്നു. ഞാനും ഇവനും അന്ന് തറയിലിരുന്നാണ് ആ സിനിമ കണ്ടത്.

അനന്തൻ:  അച്ഛനും ഗോപി സാറും ഒരുമിച്ച് നാലു സി നിമയേ ചെയ്തിട്ടുള്ളൂ. നല്ലൊരു ഒത്തുചേരലിന് സാധ്യതയു ള്ള സമയത്തായിരുന്നു അദ്ദേഹത്തിന് അസുഖം വന്നത്. അദ്ദേഹം ഇല്ലാത്തതുകാരണം അച്ഛൻ മൂന്നോ നാലോ സിനിമകൾ വേണ്ടെന്നുവച്ചിട്ടുണ്ട്. ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗോപി സാർ ആക്ടീവായിരുന്നെങ്കിൽ ‘സക്കറിയയെ’ അച്ഛൻ ഗോപി സാറിന് കൊടുത്തേനെ എന്നെനിക്ക് തോന്നിയിയട്ടുണ്ട്.

മുരളി: അച്ഛൻ എഴുതിയിട്ടുണ്ട് ‘എന്നേക്കാൾ പത്തു വയസ്സിന് താഴെയുള്ള പത്മരാജനാണ് ജീവിതത്തിൽ ഏറ്റവും വലിയ ഉപദേശം തന്നിട്ടുള്ളത്’ എന്ന്. അച്ഛന് പണ്ടേ വാ ണിജ്യ സിനിമയോട് താൽപര്യമില്ലായിരുന്നു. ‘കൊടിയേറ്റം’ കഴിഞ്ഞിരിക്കുന്ന സമയം, ഭരതൻ സാറിന്റെ ‘തകര’ സിനിമ യുടെ ഷൂട്ടിങ് തുടങ്ങാൻ പോകുകയാണ്. പത്മരാജൻ സാർ തിരക്കഥയെഴുതുന്നതുകൊണ്ട്, അതിന്റെ കാസ്റ്റിങ്ങും അദ്ദേഹം തന്നെയാണ് നോക്കിയിരുന്നത്. പത്മരാജൻ സാർ  അച്ഛനെ തകരയിലെ ‘മൂപ്പന്റെ’ റോൾ ചെയ്യാൻ വിളിച്ചു, വാണിജ്യ സിനിമ ഇഷ്ടമില്ലെന്ന് പറഞ്ഞ് അച്ഛനത് ഉപേക്ഷിച്ചു.

പിന്നീട്, രണ്ടാളും ആദ്യമായി ഒന്നിച്ച ‘പെരുവഴിയമ്പല ത്തിന്റെ’ സെറ്റിൽ എത്തിയപ്പോൾ പത്മരാജൻ സാർ പറഞ്ഞിരുന്നത്രേ, അവാർഡുകൾ രണ്ട് വർഷം കഴിയുമ്പോൾ എല്ലാവരും മറക്കും, കിട്ടാവുന്ന നല്ല വേഷങ്ങളിൽ അഭിനയിക്കുക എന്നതാണ് ഒരു നടന്റെ ജോലിയെന്ന്. ആ വാക്കുകൾക്ക് ശേഷമാണ് അച്ഛൻ മുഖ്യധാരാ സിനിമകൾ ചെയ്തത്.  ആർട് ആസ്വദിച്ചു ചെയ്യുന്ന സംവിധായകർ  എന്ന നിലയ്ക്ക് ജോലി ചെയ്യാൻ ഏറ്റവുമിഷ്ടം പത്മരാജനോടൊപ്പവും കെ.ജി. ജോർജ് സാറിനൊപ്പവുമായിരുന്നെന്ന് അച്ഛൻ പ റഞ്ഞിട്ടുണ്ട്.

സിനിമകളെ പറ്റി സംസാരിക്കാൻ പറ്റിയിട്ടുണ്ടോ?

അനന്തൻ :  ഞാൻ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മുതൽ കഥകളെഴുതുമായിരുന്നു. ഒരു പക്ഷിയെക്കുറിച്ചുള്ളതായിരുന്നു ആദ്യ കഥ, ‘കരട്ടിമീൻ കുളത്തിലെ വിരുന്നുകാരൻ’. അച്ഛന് എന്റെ എഴുത്ത് താൽപര്യമായിരുന്നു. പക്ഷേ, ഒരിക്കലും സംവിധായകൻ ആകരുതെന്ന് ഉപദേശിക്കുമായിരുന്നു. മികച്ച സിനിമകൾക്ക് അംഗീകാരം ലഭിക്കാതെപോയത്, അച്ഛനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. ‘ഒ രിടത്തൊരു ഫയൽവാന്’ പനോരമ സെലക്‌ഷൻ കിട്ടിയി രുന്നു. പക്ഷേ, സിനിമ ഗുണപാഠങ്ങളൊന്നും കൊടുക്കുന്നില്ലെന്നൊരു ‘ആക്ഷേപം’ അന്നത്തെ സെൻസർബോർഡ് കമ്മിറ്റി ഉന്നയിച്ചു. അച്ഛൻ അടുത്തതായി ചെയ്ത സിനിമ ‘കള്ളൻ പവിത്രനാ’യിരുന്നു, സിനിമ അച്ഛൻ അവസാനിപ്പിച്ചത് നന്നായി കളിയാക്കിയൊരു ‘ഗുണപാഠം’ എഴുതിവച്ചാണ്.

മുരളി: അച്ഛൻ ഒരിക്കലും സ്വന്തം സിനിമയെ പറ്റി സംസാരിക്കില്ലായിരുന്നു, ടിവിയിൽ അച്ഛന്റെ സിനിമ വന്നാൽ മാ റ്റാൻ പറയും. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അച്ഛന് സ്ട്രോക് വന്നത്, എൺപത്തിയാറിൽ. അതിനുശേഷമാണ് ഞങ്ങൾ ശരിക്കും സംസാരിച്ചതൊക്കെ. അന്ന് ഞാൻ ചെറുതായി മിമിക്രി ചെയ്യും, അത് അച്ഛന് വലിയ ഇഷ്ടമായിരുന്നു. അന്നെനിക്കൊരു കണ്ണടയുണ്ട്, അതെടു ത്ത് മാറ്റിയാൽ എനിക്ക്  അഭിനയിക്കാൻ പ റ്റുമെന്ന് അച്ഛൻ പറയുമായിരുന്നു. ആർട്ടിസ്റ്റിന് വേണ്ട ഫോക്കസിനെ പറ്റി അച്ഛൻ ഉപദേശിച്ച കാര്യങ്ങൾ തന്നെയാണ് ഞാൻ ഇപ്പോഴും ഫോളോ ചെയ്യുന്നത്. തളർന്ന് കിടക്കുന്ന സമയത്ത് അച്ഛൻ പറയുമായിരുന്നു, അഭിനയിക്കാനുള്ളതെല്ലാം അഭിനയിച്ചു കഴിഞ്ഞെന്നും ഇനി അഭിനയിക്കാനുള്ളതല്ല ജീവിതമെന്നും.

വയ്യാതെ കിടന്നിരുന്ന അച്ഛനെ കാണാൻ പത്മരാജൻ സാർ വന്നത് ഇപ്പോഴും ഞാനോർക്കുന്നു. അച്ഛൻ മുകളിലത്തെ നിലയിൽ കിടക്കുകയായിരുന്നു, ഞാൻ ഡൈനിങ് റൂമിലേക്ക് നടന്ന് പോകുമ്പോൾ പത്മരാജൻ സാർ ക്രോസ് ചെയ്തു പോയി. എന്നെ കണ്ട് അടുത്തു വന്ന് എന്തൊക്കെയുണ്ടെന്നൊക്കെ ചോദിച്ചു, തലയിലൊന്നു തൊട്ടുതടവിയിട്ട് പോയി. തലമുടിയിൽ എണ്ണതേച്ച് കുളിച്ച് ഫ്രെഷായി മാ ത്രമേ ഞാൻ പത്മരാജൻ സാറിനെ കണ്ടിട്ടുള്ളൂ. ഒരുപാട് സം സാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ഇവിടെയുണ്ടാകുമ ല്ലോ എന്ന് കരുതിയിരുന്നു ഞാൻ. വിട്ടുപോയപ്പോഴാണ് സംസാരിക്കാൻ ധൃതിപിടിക്കേണ്ടതായിരുന്നെന്ന് തോന്നിയത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്, ഇവന്റെ വീട്ടിലുണ്ട് ആർക്കും അതറിയില്ല എന്നതരത്തിലൊക്കെയുള്ള വിചിത്ര സ്വപ്നങ്ങൾ ഞാൻ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. നേരിട്ട് കാണാനുള്ള മനസ്സിലെ ആഗ്രഹം കൊണ്ടാകാം.

അനന്തൻ: അച്ഛൻ മരിച്ച സമയം പേടിച്ചിരുന്ന എന്റെ അ ടുത്തേക്ക് ഗോപി സാർ വന്ന് മുഖമൊക്കെ തടവിത്തന്നു. മു രളിയും കണ്ണനും (മുരളി ഗോപിയുടെ കസിൻ) താഴെ വന്നിട്ടുണ്ട്, അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. എപ്പോൾ കണ്ടാലും വല്ലാ ത്തൊരു വാൽസല്യം കാണിക്കുമായിരുന്നു ഗോപി സാർ, അ വരുടെ സൗഹൃദവും അത്തരത്തിലായിരുന്നു.
എനിക്കൊരുപാട് ഇഷ്ടമുള്ളൊരു സിനിമയാണ് ‘യവനിക’. അതിൽ ഗോപി സാറിന്റെ അയ്യപ്പൻ ചാരായ ഗ്ലാസ് വലിച്ചെടുത്തുള്ള ഒരു കുടിയുണ്ട്. ആ സമയത്ത് കഴുത്തിലെ  ഞരമ്പൊക്കെ പിടച്ചു നിൽക്കും പിന്നെ, മഴയത്തേക്കൊരു ഇറക്കമാണ്. ആ സീനിലെ ‘അയ്യപ്പനെ’ പറ്റി സംസാരിക്കാൻ ഞാൻ ഒരിക്കൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. അപ്പോഴാണ് അദ്ദേഹം പറയുന്നത്, ‘എത്രയധികം വെള്ളം കുടിച്ചാണ് ഞാനാ സിനിമയിൽ അഭിനയിച്ചതെന്ന് ഓർക്കുന്നില്ല, പക്ഷേ,  ഞാൻ മദ്യപിച്ചഭിനയിച്ച സീനായിട്ടാണ് എല്ലാവരും അതിനെ വിശേഷിപ്പിക്കുന്നത്’.

ananthu-gopi1

അച്ഛന്റെ ഇഷ്ട സിനിമ തിരഞ്ഞെടുത്താൽ ?

അനന്തൻ: തൂവാനത്തുമ്പികളുടെ മുപ്പതാം വാർഷികമാണിത്. അച്ഛന്റെ ഏറ്റവും മികച്ച സൃഷ്ടിയായി എല്ലാവരും കൊട്ടിഘോഷിക്കുന്നൊരു സിനിമയാണത്. പക്ഷേ, അച്ഛനെ ഒട്ടും എക്സൈറ്റ് ചെയ്യിച്ച സിനിമയായിരുന്നില്ലത്. എന്നെ സംബന്ധിച്ചും അങ്ങനെ തന്നെ. ക്ലാര ഒരു നല്ല ക്യാരക്ടറാണ്. അച്ഛനൊക്കെ പരിചയമുള്ള എന്നാൽ ആരോടും പറയാ ത്തൊരു യഥാർഥ കഥാപാത്രം തന്നെയാണ് ക്ലാരയെന്ന് ഞാനും വിശ്വസിക്കുന്നുണ്ട്. കാരണം ആ കഥയിലെ മറ്റെല്ലാ കഥാപാത്രങ്ങളും തൃശൂരിൽ അച്ഛന് പരിചയമുള്ളവരാണ്. ‘തങ്ങൾ’ എന്ന കഥാപാത്രം ആ സമയത്ത് തൃശൂർ സ്വപ്ന ലോഡജിലുണ്ടായിരുന്ന ഒരു തങ്ങൾ തന്നെയാണ്. അയാൾ മുണ്ട് മടക്കി കുത്തുന്നതും വെള്ളയും വെള്ളയും വസ്ത്രം ധരിക്കുന്നതുമെല്ലാം അച്ഛൻ അതേ പോലെ പകർത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്.

‘തൂവാനത്തുമ്പികൾ’ സിനിമയുടെ ഷൂട്ടിങ്ങിന് മാത്രമാണ് ഞാൻ അച്ഛനോടൊപ്പം പോയിട്ടുള്ളത്. ഷൂട്ടിന് ഇറങ്ങുന്നതിന് മുൻപ് അമ്മയുടെ കാൽതൊട്ട് വന്ദിക്കാൻ പറഞ്ഞിരുന്നു അച്ഛൻ. അവിടെ ഉഴപ്പി നടന്നിരുന്ന എന്നോട് സിനിമയുടെ ബ്രേക് ഡൗൺ (ഷൂട്ടിങ് സ്ക്രിപ്റ്റ് ഇൻ സീൻ ഓർഡർ) എ ഴുതാൻ പറഞ്ഞു. അച്ഛൻ എഴുതിയ ആ സിനിമയുടെ സ്ക്രിപ്റ്റ് എന്റെ കൈയിലുണ്ട്. അതിൽ അച്ഛന്റെയൊരു  ഡീറ്റെയിലിങ്ങുണ്ട്  ‘ജയകൃഷ്ണനും ക്ലാരയും താമസിക്കുന്ന ബീച്ച് റിസോർട്ട്. അവിടെ നിന്നു നോക്കിയാൽ കടലു കാണാം. കടലിൽ നിന്നു പെയ്തു വരുന്ന മഴ, ആ മഴ പെയ്തു പെയ്തു വന്ന് രണ്ടാളുടേയും മുഖത്തേക്ക് എറിച്ചിലടിക്കുന്നു’’. അതൊന്നും സിനിമയിൽ കാണാൻ പറ്റാതിരുന്നതും തൂവാനത്തുമ്പികളോടുള്ള  ഇഷ്ടക്കേട് കൂട്ടിയിട്ടുണ്ട്. അച്ഛന്റെ ഏറ്റവും മികച്ച  സിനിമയെന്ന് ഞാൻ വിശ്വസിക്കുന്നത് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിലാണ്’. ആ സിനിമയെ ഇപ്പോഴും ആരും മനസ്സിലാക്കിയിട്ടില്ല. ഗോപി സാറിന്റെ സിനിമയില്‍ എന്റെ പ്രിയപ്പെട്ടത് യവനികയും.

മുരളി: അസുഖം വരുന്നതിന് മുൻപ് അച്ഛൻ അഭിനയിച്ച എല്ലാ സിനിമയും എനിക്ക് പ്രിയപ്പെട്ടതാണ്. ആളുകൾ അധികം ശ്രദ്ധിക്കാതെ പോയ അച്ഛന്റെ പെർഫോമൻസ് ഉള്ളത് ‘അഷ്ടപദി’, ‘ഗായത്രി ദേവി എന്റെ അമ്മ’ ‘നിലാവിന്റെ നാട്ടിൽ’ എന്നീ സിനിമകളിലാണെന്ന് തോന്നിയിട്ടുണ്ട്.പ ത്മരാജൻ സാറിന്റെ സിനിമകളിൽ നവംബറിന്റെ നഷ്ടം, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, പെരുവഴിയമ്പലം, പി ന്നെ, ഒരിടത്തൊരു ഫയൽവാനുമാണ് ഇഷ്ടം. ‘തൂവാനത്തുമ്പികൾ’ എന്റേയും പ്രിയപ്പെട്ട സിനിമയല്ല, ഒരു ‘റൊമാന്റിക് റിബല്യൺ’ ആയതുകൊണ്ടാകാം ആ സിനിമയെ ഇപ്പോൾ ആളുകൾ കൊണ്ടാടുന്നത്. എന്റെ അഭിപ്രായത്തിൽ ക്ലാരയേക്കാള്‍ എത്രയോ പടി മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് മുന്തിരിത്തോപ്പുകളിലെ സോഫിയ.

സംവിധായകന്റെ റോളിൽ പ്രതീക്ഷിക്കാമോ?

മുരളി:  രണ്ട് വർഷത്തിനുള്ളിൽ പ്രതീക്ഷിക്കാം. കഥയും തിരക്കഥയുമൊക്കെ തയാറായിട്ടുണ്ട്. അനന്തന്റെ തിരക്കഥയിൽ സിനിമ ചെയ്യാനും താൽപര്യമുണ്ട്.

അനന്തൻ: സംവിധായകനാകാൻ ഞാനില്ല, മുരളിക്കുവേണ്ടി തിരക്കഥയെഴുതാൻ എനിക്കു സന്തോഷമേ ഉള്ളൂ.

സിനിമ നേരിടുന്ന പ്രശ്നം

‘ഇപ്പോഴത്തെ സിനിമയുടെ പ്രധാന പ്രശ്നം റിവ്യൂകളാണ്. സിനിമയിറങ്ങും മുൻപ് സിനിമാനിരൂപണം വരും, കൂടെയൊരു ക്ലീഷെ റിവ്യൂ വാക്കും, ‘ലാഗ്’. ‘ഗ്രാവിറ്റി’ എന്ന സിനിമയെക്കുറിച്ച് ഇവിടുത്തെ ഓൺലൈൻ നിരൂപകർ എഴുതിയാൽ പ്രധാന പോരായ്മയായി പറയുന്നത് ലാഗ് ആയിരിക്കും. രണ്ടര മണിക്കൂറിൽ കഥ പറഞ്ഞ് തീരുമെന്നറിയാം, അതിലെങ്ങനെയാണ് ഇഴച്ചിൽ വരുന്നത്. ’ – മുരളി ഗോപി.

ananthu-gopi2