Wednesday 12 December 2018 11:28 AM IST : By ചൈത്രാലക്ഷ്മി

നോൺ സ്റ്റോപ്പ് ’ഭാവന’

actress-bhavana.jpg.image.784.410 ഫോട്ടോ: ടിജോ ജോണ്‍

മഴവില്ല് വരച്ചിട്ടതു പോലെയാണു ഭാവന എന്നാണ് കൂട്ടുകാര്‍ പറയുന്നത്. ബോറടിച്ചിരിക്കുന്ന ഒരു ഗ്രൂപ്പിലേക്കു ഭാവന കടന്നുവന്നാല്‍ പിന്നെ മറ്റുള്ളവര്‍ മനപ്പൂര്‍വം ബോറടിക്കണം എന്നു വിചാരിച്ചാല്‍ പോലും അതു നടക്കില്ല. ഒരു നിമിഷം കളയാതെ ഭാവന ചലപില വര്‍ത്തമാനം തുടങ്ങും. കളിയാക്കലും വികൃതികളും കൊണ്ട് പൊറുതിമുട്ടിക്കും. അവസാനം നിശ്ശബ്ദമായ സ്ഥലം ഒരുകൂട്ടം കിളികള്‍ പറന്നിറങ്ങിയതുപോലെ ബഹളമയമാവും. സ്വന്തം എനര്‍ജി പ്രസരിപ്പിച്ച് ഏതു സ്ഥലത്തിനും 'സ്‌പെഷല്‍ ഇഫക്റ്റ്' നല്‍കാന്‍ ഭാവനയ്ക്കു കഴിയുമെന്നു കൂട്ടുകാരുടെ സര്‍ട്ടിഫിക്കറ്റ്. 'ഹണീ ബീ'യുടെ വിജയത്തിന്റെ സന്തോഷത്തിലാണു ഭാവന. ഒപ്പം, എംടി -ഹരിഹരന്‍ ടീമിന്റെ 'ഏഴാമത്തെ വരവ്' എന്ന ചിത്രത്തിലെ നായികയായതിന്റെ ത്രില്ലുമുണ്ട്. തമിഴി ലും തെലുങ്കിലുമെല്ലാം ചുറ്റിയടിച്ചശേഷം തിരിച്ച് മലയാള ത്തില്‍ തന്നെ സ്ഥാനമുറപ്പിക്കുന്നതു വിവാഹത്തിന് മുന്നോടിയായിട്ടാണെന്നും കഥകളുണ്ട്.

ഇടക്കാലത്ത് മലയാളസിനിമയില്‍ നിന്ന് അവധിയെടു ത്തു. ഇപ്പോള്‍ വീണ്ടും മലയാളസിനിമയോട് ഇഷ്ടം കൂടുകയാണല്ലോ?

മലയാളത്തിലും കന്നടയിലും ഒരു വര്‍ഷം രണ്ടോ മൂന്നോ നല്ല സിനിമ. ഇപ്പോള്‍ ഇങ്ങനെ പോകാനാണ് ഇഷ്ടം. കുറേനാള്‍ മുമ്പ് തമിഴിലും തെലുങ്കിലും വളരെ ആക്ടീവായിരുന്നു. മാനസികമായി പൊരുത്തപ്പെടാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ വന്നതു കൊണ്ടാണു തല്‍കാലം അങ്ങോട്ടേക്കില്ല എന്നു തീരുമാനിച്ചത്. മോഡേണായ വേഷങ്ങള്‍ അണിയുന്ന ആളാണ് ഞാന്‍. പക്ഷേ, ഒരു പരിധിയില്‍ക്കൂടുതല്‍ ഗ്ലാമറസായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കു താല്‍പര്യമില്ല. നല്ല കഥാപാത്രങ്ങള്‍ പോലും വേണ്ടെന്നു വയ്ക്കുകയാണ്. ഓര്‍ഡിനറിയുടെ തമിഴ് പതിപ്പ് ഉള്‍പ്പെടെയുള്ള സിനിമകളിലേക്കു വിളിച്ചപ്പോള്‍ ഇനി തമിഴിലേക്കില്ല എന്നാണ് അവരോടെല്ലാം പറഞ്ഞത്. പക്ഷേ, എന്നും അങ്ങനെയാവണമെന്നില്ല. ഇപ്പോള്‍ ഒരു ചെറിയ മടി, അല്ലെങ്കില്‍ ഇഷ്ടം തോന്നുന്നില്ല. അത്രേയുള്ളൂ.

സിനിമാ ലോകത്തെത്തിയിട്ടു പതിനൊന്നു വര്‍ഷങ്ങള്‍. സീനിയര്‍ ആയെന്നു തോന്നുന്നുണ്ടോ?

പതിനഞ്ചാമത്തെ വയസ്സിലാണു ഞാന്‍ 'നമ്മളി'ല്‍ അഭിനയിക്കുന്നത്. രണ്ടാമതൊരു സിനിമയില്‍ അഭിനയിക്കുമെന്ന് അ ന്നു ഞാന്‍ കരുതിയിയതുപോലുമല്ല. ആദ്യ സിനിമ, ആദ്യത്തെ സീന്‍ ഇവയൊന്നും വീണ്ടും സംഭവിക്കില്ലല്ലോ. അതു കൊണ്ടു 'നമ്മളി'ന്റെ ലൊക്കേഷനും പരിമളം എന്ന കഥാപാത്രവുമെല്ലാം ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. ആദ്യസമയത്ത് കൂടുതല്‍ സിനിമകളിലും സഹനായികയായിരുന്നു. 'നരന്‍' മുതലാണു പ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുത്തു തുടങ്ങിയത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു. ആദ്യം തന്നെ കുറേ ചിത്രങ്ങളില്‍ നായികയാവുക, അവ പരാജയപ്പെടുക... അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ സിനിമയിലുണ്ടാവില്ലായിരുന്നു. 'കുറേ വര്‍ഷമായില്ലേ സിനിമയിലെത്തിയിട്ട്.. ഇനി പ്രധാ ന നായികാ കഥാപാത്രമായി മാത്രമേ അഭിനയിക്കൂ' എന്ന വാശിയൊന്നും ഇല്ല. രണ്ടോ, മൂന്നോ സീനുകളിലേ ഉള്ളൂവെ ങ്കിലും എന്റെ കഥാപാത്രത്തിനു പ്രാധാന്യമുണ്ടാവണം ട്രിവാ ന്‍ഡ്രം ലോഡ്ജിലെ ഒരു പാട്ടു സീനില്‍ മാത്രമാണു ഞാനുള്ള ത്. മൂന്നു ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ ക്ഷേ, ആ പാട്ട് ഒരു നല്ല കഥാപാത്രം പോലെ ഗുണം ചെയ്തു. കഥാപാത്രത്തെയാണ് ഞാന്‍ നോക്കുന്നത്. അഭിനയിച്ച കഥാപാത്രങ്ങള്‍ നല്ലതാണെന്ന് ആളുകള്‍ പറയുമ്പോള്‍ അവാര്‍ഡ് കിട്ടുന്നതിലും സന്തോഷം തോന്നാറുണ്ട്.

ചലപില സംസാരിക്കുന്ന ഉറക്കെ ചിരിക്കുന്ന ഈ ഭാവനതന്നെയാണോ യഥാര്‍ഥ ഭാവന? ഞാന്‍ വളരെ ഇമോഷണല്‍ ആണ്. ചെറിയ ചെറിയ കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍. സങ്കടപ്പെടാനും ചെറിയ കാര്യങ്ങള്‍ മതി. സങ്കടം വരുമ്പോള്‍ ചിലപ്പോള്‍ നല്ല സിനിമകളെടുത്തു കാണും. അല്ലെങ്കില്‍ അച്ഛനോടും അമ്മയോടും സംസാരിക്കും. അല്ലെങ്കില്‍ കൂട്ടുകാരെ വിളിച്ച് സംസാരിക്കും. ചില നേരങ്ങളില്‍ തനിയെ ഇരുന്നു കരയും. സിനിമാ താരങ്ങള്‍ എപ്പോഴും സന്തോഷിച്ചാണു നടക്കുന്നതെന്നു കരുതുന്നവരുണ്ട്. ഓരോ നടിയിലും ഒരു സാധാരണ പെണ്‍കുട്ടിയുണ്ടെന്നു വളരെ കുറച്ചുപേരേ മനസ്സിലാക്കൂ. ആയിരം പ്രശ്‌നങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴാവും ഫോട്ടോ എടുത്തോട്ടെയെന്നു ചോദിച്ച് ആരെങ്കിലുമെത്തുന്നത്. അപ്പോഴും സന്തോഷത്തോടെ സമ്മതിക്കാറുണ്ട്. എന്നോടു നന്നായി സംസാരിച്ചാല്‍ ഞാനും അതേ പോലെ സംസാരിക്കും.

എപ്പോഴാണു ദേഷ്യക്കാരിയാകുന്നത്?

'ഇവള്‍ സിനിമാ നടിയാണ്. ഇവളെക്കുറിച്ച് എന്തും പറയാമെന്ന' രീതിയില്‍ ആരെങ്കിലും പറയുന്നതു കേള്‍ക്കുമ്പോള്‍ നല്ല ദേഷ്യം തോന്നാറുണ്ട്. സിനിമാ നടിമാരെ ദൈവം പ്രത്യേകം ഡിസൈന്‍ ചെയ്‌തെടുക്കുന്നതല്ലല്ലോ. എല്ലാ പെണ്‍കുട്ടികളെയും പോലെ ഒരു കുടുംബത്തില്‍ ജനിച്ചു വളരുന്നതല്ലേ? വേഷം നോക്കിയാണ് ചിലര്‍ ആളുകളുടെ സ്വഭാവം തീരുമാനി ക്കുക. മോഡേണായി വസ്ത്രമണിഞ്ഞാല്‍ അവള്‍ ശരിയല്ല എന്നു പറയും. വസ്ത്രധാരണം കാരണമാണോ അഞ്ചു വയ സ്സുള്ള പെണ്‍കുട്ടി പീഡനം നേരിടേണ്ടി വരുന്നത്?

സിനിമയിലെ മിക്ക താരങ്ങളോടും ചോദിച്ചാല്‍ സുഹൃ ത്തുക്കളുടെ ലിസ്റ്റില്‍ ഭാവനയുണ്ട്?

എല്ലാവരുമായും സൗഹൃദം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. രമ്യ, ഭാമ, മീരാ നന്ദന്‍ അങ്ങനെ കുറേ ഫ്രണ്ട്‌സ് ഉണ്ട്. ഞങ്ങ ളെല്ലാം കൂടി ഗ്രൂപ്പ് ചാറ്റ് ചെയ്യാറുണ്ട്. സംയുക്തച്ചേച്ചി, ഗീതു ച്ചേച്ചി, പൂര്‍ണിമച്ചേച്ചി, േശ്വതച്ചേച്ചി, മഞ്ജുച്ചേച്ചി, ഈ അ ഞ്ചു േചച്ചിമാരുമായും അടുപ്പമുണ്ട്. എന്നെ വഴക്കു പറയാനെ ല്ലാം അവകാശമുള്ളവരാണ് ഇവരെല്ലാം. കാര്‍ത്തൂ, ഭവീ എ ന്നൊക്കെയാണവര്‍ എന്നെ വിളിക്കുന്നത്. ഗീതുച്ചേച്ചിയുടെ മകള്‍ ആരാധനയുടെയും ശ്വേതചേച്ചിയുടെ മകള്‍ സബൈന യുടെയും വിശേഷങ്ങളാണു ഞങ്ങളുടെ ഗ്രൂപ്പില്‍ ഇപ്പോള്‍ ഹോട്ട് സബ്ജക്ട്. ആസിഫും ഞാനും നല്ല ഫ്രണ്ട്‌സ് ആണ്. ഞങ്ങള്‍ ഒരേ സ്വഭാവമാണെന്നു പറയാറുണ്ട്. അനൂപ് മേനോ ന്‍, ഇന്ദ്രജിത്, ജയസൂര്യ. ചാക്കോച്ചന്‍ എല്ലാവരും നല്ല സുഹൃ ത്തുക്കളാണ്.

സിനിമയെ സംബന്ധിച്ച സ്വപ്നങ്ങളുണ്ടോ മനസ്സില്‍?

അഭിനയിച്ചു തുടങ്ങിയ സമയത്തു ഞാന്‍ വളരെ അംബീഷ്യസ് ആയിരുന്നു. മുമ്പ് ബോളിവുഡില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചാല്‍ അതെന്റെ സ്വപ്നമാണ് എന്നു ഞാന്‍ പറഞ്ഞേനെ. പക്ഷേ ഇപ്പോള്‍ എനിക്കു കൂടുതല്‍ ഭാഷകളില്‍ അഭിനയിക്കണമെന്നൊന്നും തോന്നാറില്ല. ബോളിവുഡും ഹോളിവുഡും ഒന്നും എന്റെ സ്വപ്നത്തില്‍ വരാറേയില്ല. ഓരോ പ്രായത്തിലും ഓരോ ആഗ്രഹങ്ങളല്ലേ?

കവിതയെഴുതാറുണ്ടോ?

സങ്കടം വരുമ്പോള്‍ കവിതയെഴുതണമെന്നാണു ഞാന്‍ കുട്ടിക്കാലത്തു കരുതിയിരുന്നത്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പൂച്ചയെക്കുറിച്ചൊക്കെ കവിതയെഴുതിയിട്ടുണ്ട്. ഇപ്പോള്‍ എന്തെങ്കിലും കുറിപ്പുകള്‍ എഴുതാറുണ്ട്. അതു കവിതയോ കഥയോ ആണെന്നു പറഞ്ഞാല്‍ നമ്മുടെ എഴുത്തുകാരെല്ലാം കൂടി എന്നെ തല്ലിക്കൊല്ലും. ചിലപ്പോള്‍ നല്ല ഒരു സിനിമ കണ്ടാ ല്‍ ആ സിനിമയെക്കുറിച്ചും അതിലെ താരങ്ങളെക്കുറിച്ചും എഴുതും. ചിലപ്പോള്‍ മനസ്സില്‍ തോന്നുന്ന എന്തെങ്കിലുമാണു കുറിച്ചിടുക. കുറേക്കാലം കഴിഞ്ഞ് ഇതെടുത്തു നോക്കുമ്പോള്‍ ചിരിക്കാല്ലോ.

പ്രണയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണോ?

പ്രണയിക്കാത്തവര്‍ ആരുമുണ്ടാവില്ല. പക്ഷേ പ്രണയിച്ചാല്‍ വിവാഹം കഴിച്ചേ തീരൂ എന്നു പറയുന്നതിനോടു യോജിപ്പില്ല. വര്‍ഷങ്ങള്‍ പ്രണയിച്ചു കല്യാണം കഴിച്ചിട്ടും തകരുന്ന ബന്ധ ങ്ങളില്ലേ? ഭാര്യയുടെയും സമൂഹത്തിന്റെയും മുന്നില്‍ ആത്മാ ര്‍ഥതയുള്ള ഭര്‍ത്താവായും അതേസമയം മറ്റു പ്രണയ ബന്ധ ങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നവരെ നാം കാണാറുണ്ട്. ജീ വിതം ഒന്നേയുള്ളൂ. മറ്റുള്ളവരുടെ മുന്നില്‍ മാതൃകാ ദമ്പതിക ള്‍ ചമയുകയും വീട്ടിനകത്തു പരസ്പരം പോരടിക്കുന്നവരായി ജീവിക്കുകയും ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണ്? യാതൊരു നിബന്ധനകളുമില്ലാത്ത പ്രണയമാണു സത്യമെന്നാണു ഞാന്‍ വിശ്വസിക്കുന്നത്.

വിവാഹം ഉടനെ ഉണ്ടാവുമോ?

ചെറിയ കാര്യങ്ങള്‍പോലും ഞാന്‍ പ്ലാന്‍ ചെയ്താല്‍ നടക്കാറില്ല. അപ്പോള്‍ കല്യാണം പോലുള്ള വലിയ കാര്യങ്ങളെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ എങ്ങനെ പറയും.? പക്ഷേ, ഒരു കാര്യം ഉറപ്പാണ്. കല്യാണം കഴിഞ്ഞാലും ഞാന്‍ മലയാള സിനിമയില്‍ തന്നെ കാണും. കല്യാണം കഴിഞ്ഞയുടന്‍ വേണ്ടെന്നു വയ്ക്കാന്‍ സിനിമ ഒരു മോശം തൊഴിലല്ലല്ലോ. പിന്നെ, ഇനിയുള്ള കാലത്തു വിവാഹം കഴിഞ്ഞു നല്ല കഥാപാത്രങ്ങള്‍ കിട്ടുമോ എന്നു പേടിച്ചിട്ടു കാര്യമില്ല. കല്യാണം കഴിക്കാത്ത നടിമാര്‍ക്കുണ്ടോ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍? ഇനിയുള്ള കാലത്ത് സിനിമയാണ് താരം. അല്ലാതെ ഒരു നടനോ നടിക്കോ വേണ്ടി ഒരു ഗംഭീര കഥാപാത്രം ജനിക്കുമെന്ന് എനിക്കു തോന്നുന്നില്ല.