Thursday 13 December 2018 04:50 PM IST

‘അതിനു മുൻപോ ശേഷമോ അത്ര സുഖമായി ഞാൻ ഉറങ്ങിയിട്ടില്ല...’ ജീവിതം തന്ന വിസ്മയങ്ങളെക്കുറിച്ച് പ്രശസ്ത ക്യാമറാമാന്‍ രവിവര്‍മന്‍

Nithin Joseph

Sub Editor

ravi02


ക്യാമറ കൊണ്ട് ചിത്രം വരയ്ക്കാൻ പിറന്നവനെന്നു വർഷങ്ങൾക്കു മുൻപേ മുൻകൂട്ടി കണ്ടിട്ടാകണം, ശാരദ മകന് രവിവർമൻ എന്ന് പേരിട്ടത്. കലയുടെ കേന്ദ്രമായ തഞ്ചാവൂരിൽ നിന്ന് പന്ത്രണ്ടാം വയസ്സിൽ വാണവരുടെയും വീണവരുടെയും  മണ്ണായ ചെന്നൈയിലേക്ക് കള്ളവണ്ടി കയറുമ്പോൾ  െകാച്ചുരവിയുെട സമ്പാദ്യം അനാഥനെന്ന പട്ടവും ലാത്തിയടിയേറ്റതിന്റെ നീറ്റലും മാത്രമായിരുന്നു. വിധി പിന്നോട്ടടിച്ചിട്ടും പതറാതെ, നിറങ്ങളോടുള്ള പ്രണയം മനസ്സിൽ സൂക്ഷിച്ച് രവി മുന്നേറി. ഒാേരാ സിനിമ കഴിയുമ്പോഴും ‘ദൃശ്യങ്ങളുെട ഭാഷ മാത്രം അറിയാവുന്ന മനുഷ്യന്‍’ എന്ന് രവിവര്‍മനെ ഏവരും വിേശഷിപ്പിച്ചു.  ടി. കെ രാജിവ്കുമാറിന്റെ ‘ജലമർമര’ത്തിൽ തുടങ്ങി അനുരാഗ് ബസുവിന്റെ ‘ജഗ്ഗാ ജസൂസി’ൽ എത്തി നിൽക്കുന്ന കരിയര്‍.  മണിരത്നം, സഞ്ജയ് ലീലാ ബൻസാലി, പ്രിയദർശൻ, ശങ്കർ തുടങ്ങി ഇന്ത്യൻ സിനിമയിലെ അതികായരുെട സിനിമകളുടെ ക്യാമറാമാൻ. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി നിരവധി പുരസ്കാരങ്ങള്‍. പുതിയ ഉയരങ്ങൾ തേടുമ്പോഴും ഭൂതകാലകാഴ്ചകളാണ് രവിവര്‍മന്‍റെ കണ്ണു നിറയെ.

കൊമേഴ്സ്യൽ സിനിമകളിൽ പോലും കവിത പോലെ മനോഹരമായ ദൃശ്യങ്ങളൊരുക്കുന്നത് എങ്ങനെയാണ്?


ഓരോ സിനിമ ചെയ്യുമ്പോഴും അതെന്റെ ആദ്യ സിനിമയേക്കാൾ മികച്ചതാകണം എന്ന് മനസ്സിൽ തീരുമാനിക്കും. സിനിമ  ഏതു തരത്തിലുള്ളതാണെങ്കിലും  എന്റെ വർക്ക്  ആദ്യം ഇഷ്ടപ്പെടേണ്ടത് ഞാനാണ്. എടുക്കുന്ന ഓരോ ഷോട്ടും  എന്നെ തൃപ്തിപ്പെടുത്തിയാ ൽ മാത്രമേ പ്രേക്ഷകര്‍ക്കും സ്വീകാര്യമാകൂ. ആറു ഭാഷകളിലായി മുപ്പതിലധികം സംവിധായകർക്കൊപ്പം ജോലി ചെയ്തു. എന്‍റെ സിനിമ കാണുന്ന പ്രേക്ഷകർ അതിലെ ഏതെങ്കിലും  ഒരു ഷോട്ടോ സീക്വൻസോ നന്നായിട്ടുണ്ട് എന്നു പറയുന്നത് എന്നെ സന്തോഷിപ്പിക്കാറില്ല. സിനിമയുടെ ഓപ്പണിങ് ഷോട്ട് മുതൽ ക്ലൈമാക്സ് വരെ ഓരോ ഫ്രെയിമും അവർക്ക് ഇഷ്ടപ്പെടണം.
 
നിറം മങ്ങിയ കുട്ടിക്കാലമാണോ നിറങ്ങളോട്  അടുക്കാൻ കാരണം...?

തഞ്ചാവൂരിലാണ് ജനിച്ചത്. കേരളത്തിലെ കഥകളി പോലെ ഞങ്ങളുടെ നാട്ടിൽ ‘വള്ളിത്തിരുനാൾ വേഷം’ എന്നൊരു ക ലാരൂപമുണ്ട്. അതിൽ മുരുകനായി വേഷം കെട്ടാനുള്ള അധികാരം ഉയർന്ന കുലത്തിൽപ്പെട്ടവർക്ക് മാത്രമാണ്. അ ച്ഛൻ സാമു വിജയ തേവരാണ് ആ വേഷം കെട്ടിയിരുന്നത്. അമ്മ ശാരദ. ധാരാളം സ്വത്തുണ്ടായിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. പതിനെട്ടു ഗ്രാമങ്ങളുടെ തലവനായിരുന്നു അച്ഛൻ. മക്കളിൽ മൂന്നാമനാണ് ഞാൻ. പെട്ടെന്നൊരു നാള്‍ ദുരൂഹസാഹചര്യത്തിൽ അച്ഛൻ മരിച്ചു. അതിനു പിന്നിലെ കഥ ഇന്നും എനിക്കറിയില്ല. അതിനു ശേഷം ഉണ്ടായിരുന്ന സ്വത്തെല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായി. ജനിച്ചയുടനെ എന്നെ സ്വർണത്തളികയിലാണ് കിടത്തിയത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ, എന്റെ ഓർമയിലുള്ളത് ചോർന്നൊലിക്കുന്ന കൂരയിൽ അച്ഛന്റെ മരണശേഷം മുഴുപ്പട്ടിണിയിൽ തളർന്നുറങ്ങിയ കുട്ടിക്കാലമാണ്.

ഭക്ഷണം കഴിക്കുമ്പോള്‍ അത് കേടായതാണോ എന്ന് തിരിച്ചറിയാൻ എനിക്കിപ്പോഴും സാധിക്കാറില്ല. കാരണം കുട്ടിക്കാലത്ത് ഒരുപാട് തവണ കേടായ ഭക്ഷണം കഴിച്ച് ശീലമുണ്ട്. വൈകാതെ അമ്മയും മരിച്ചു. വയറുവേദനയെന്നാണ്  പറഞ്ഞുകേട്ടത്. പിന്നീടു മനസ്സിലായി, പട്ടിണിയായിരുന്നു യഥാർഥ കാരണമെന്ന്. പന്ത്രണ്ടാം വയസ്സിൽ ഞാൻ അനാഥനായി.

തഞ്ചാവൂരിൽ നിന്ന് ചെന്നൈയിലേക്ക് എത്തിച്ചത് സിനിമാ മോഹമായിരുന്നോ?

അക്കാലത്ത് സിനിമ എന്റെ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. പഠിച്ച് നല്ല ഒരു ജോലി എന്നതായിരുന്നു മോഹം.  അ ച്ഛന്റെ സഹായം കൊണ്ടു  പഠിച്ച് വക്കീലായ ഒരാളുടെ അഡ്രസ് കൈയിലുണ്ടായിരുന്നു. തുടർന്നു പഠിക്കാൻ അ യാൾ സഹായിക്കുമെന്ന് ഉറപ്പായിരുന്നു. ഒരു രാത്രിയിൽ വിശ ന്ന് വലഞ്ഞ് റെയിൽവേ പാളത്തിൽ പോയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള തോന്നലും മനസ്സിലുണ്ടായിരുന്നു. പെട്ടെന്ന് രണ്ടു പൊലീസുകാര്‍ വന്ന് പിടിച്ചു. വിശക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞപ്പോള്‍ അവർ എനിക്ക് ബിരിയാണി വാങ്ങിത്തന്നു. എനിക്കൊരു ജോലി വാങ്ങിത്തരാമോ എന്ന് ഞാനവരോട് ചോദിച്ചു. പിറ്റേ ദിവസം അവരെന്നെ ഒരു വണ്ടിയിൽ കയറ്റി കോടതിയിൽ കൊണ്ടുപോയി. കള്ളവണ്ടി കയറി യാത്ര ചെയ്തു എന്ന കുറ്റം ആരോപിച്ച് എന്നെ ജുവനൈൽ ഹോമിലേക്ക് അയച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും  ആരും ചെവിക്കൊണ്ടില്ല.

അങ്ങനെ പന്ത്രണ്ടാം വയസ്സിൽ കുറ്റവാളിയായി ജുവനൈ ൽ ഹോമിൽ.  ഒരു കുട്ടി ക്രിമിനൽ ആയി മാറുന്നത് എങ്ങനെയെന്ന് അവിടെ നിന്നാണു ഞാന്‍ മനസ്സിലാക്കിയത്. ജീവിതത്തിലൊരിക്കലും ഞാൻ കള്ളം പറഞ്ഞിട്ടില്ല, മദ്യപിച്ചിട്ടില്ല, പുകവലിച്ചിട്ടില്ല. അതിനെല്ലാം കാരണം അന്ന് അവിടെ കണ്ട ജീവിതമാണ്.

ഒരു മാസത്തിനു ശേഷം പുറത്തിറങ്ങി. നാട്ടിലേക്കു തിരികെ പോയാൽ എല്ലാവരും കള്ളനെന്ന് മുദ്ര കുത്തും.  അതുകാരണം ചെന്നൈയിലേക്ക് വണ്ടി കയറി. അവിടെ അച്ഛന്റെ സുഹൃത്തായ വക്കീലിനെ കണ്ടു. അയാളെനിക്ക് വയറു നിറയെ ഭക്ഷണവും പഴയ ഡ്രസും തന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ ബാത്റൂം കഴുകാനും  മറ്റ് വീട്ടുജോലികൾ ചെയ്യാനും പറഞ്ഞു. പഠിക്കണമെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. നാട്ടിലേക്ക് ഓടിപ്പോകാതിരിക്കാൻ അയാൾ എന്റെ കൈയിലുണ്ടായിരുന്ന പണവും പിടിച്ചു മേടിച്ചു.

ravi3


വെറുംകൈയോടെ പുറത്തിറങ്ങി. വഴിയോരത്തും കടത്തിണ്ണകളിലും പൊലീസിനെ പേടിച്ച് ഉറങ്ങിയും ഉറങ്ങാതെയും തീർത്ത ഒരുപാട് രാത്രികൾക്കൊടുവിൽ അമരാവതി ഹോട്ടലിൽ ജോലി കിട്ടി. അങ്ങനെ പന്ത്രണ്ടാം വയസ്സിൽ ജോലിക്കാരനായി. ആറാം ക്ലാസ്സിൽ പഠനവും  നിലച്ചു. അന്നെനിക്ക് മാറ്റിയുടുക്കാൻ ഒരു ലുങ്കി പോലും ഉണ്ടായിരുന്നില്ല.

എപ്പോഴാണ് ക്യാമറയെ പ്രണയിച്ചു തുടങ്ങിയത്?

എന്റെ അമ്മയുടെ ചിരിക്കുന്ന മുഖം ഞാൻ കണ്ടിട്ടില്ല. അമ്മ നിറമുള്ള വസ്ത്രങ്ങൾ ഇടുന്നതും കണ്ടിട്ടില്ല. ഒരിക്കൽ അടുത്ത വീട്ടിലെ കല്യാണത്തിന് എടുത്ത ഫോട്ടോയിൽ അബദ്ധത്തിൽ അമ്മയും പെട്ടു. ഞാൻ ആ ഫോട്ടോ അന്വേഷിച്ച് ക ണ്ടുപിടിച്ചപ്പോൾ അതു ഫോക്കസ് ഔട്ടായിരുന്നു. അമ്മയുടെ മുഖം വ്യക്തമല്ല. അയാൾ നല്ല ഫൊട്ടോഗ്രഫർ ആയിരുന്നെങ്കിൽ അമ്മയുടെ ഫോട്ടോ എനിക്കിന്നും  കാണാൻ സാധി ക്കുമായിരുന്നല്ലോ എന്നു ഒാര്‍ത്തു.

ഹോട്ടല്‍ ജോലിയുടെ ആദ്യശമ്പളം കിട്ടി. നൂറ്റിയൻപതു രൂപ. പുതുയൊരു ലുങ്കി വാങ്ങാന്‍ മാർക്കറ്റിൽ പോയി. അവിടെ വച്ചാണ് വില കുറഞ്ഞ ഒരു ഫിലിം ക്യാമറ കണ്ടത്. എല്ലാവരുടെയും ചിരിക്കുന്ന തെളിച്ചമുള്ള ഫോട്ടോ എടുക്കണമെന്നു മനസ്സിൽ തോന്നി. വില പേശലിനൊടുവിൽ 130 രൂപയ്ക്ക് അതു വാങ്ങി. ക്യാമറ ഉപയോഗിക്കുന്നതെങ്ങനെ എന്നു പോ ലും എനിക്കറിയില്ലായിരുന്നു. അടുത്ത മാസത്തെ ശമ്പളം കിട്ടിയപ്പോഴാണ് ഫിലിം വാങ്ങിയത്. പിന്നീട് ഫോട്ടോഗ്രഫിയെ കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങി വായിച്ചു പഠിച്ചു. അ ക്കാലത്ത് ഇംഗ്ലിഷ് സിനിമകൾ ധാരാളം കാണുമായിരുന്നു. ഒരു വാക്കു പോലും മനസ്സിലാകില്ല. പക്ഷേ, അതിലെ ദൃശ്യങ്ങൾ മായാതെ മനസ്സിൽ കിടക്കും. ആ പ്രണയമാണ് സിനിമാട്ടോഗ്രഫിയിലേക്ക് അടുപ്പിച്ചത്.

സിനിമയിലേക്കുള്ള രംഗപ്രവേശം...?

‘രംഗ’ എന്ന തെലുങ്ക് ക്യാമറാമാന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. കുറച്ചു കൂടി തിരക്കുള്ള ആരുടെയെങ്കിലും  കൂടെ നിന്നാലേ കരിയറിൽ വളർച്ച ഉണ്ടാകൂ എന്ന് തോന്നി. മൂന്ന് പേരുകളാണ് മനസ്സിൽ ഉണ്ടായിരുന്നത്. ബാലു മഹേന്ദ്ര, സന്തോഷ് ശിവൻ, പി.സി ശ്രീറാം. പക്ഷേ, ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. പിന്നീടു രവി കെ. ചന്ദ്രന്റെ സഹായിയായി. ശിഷ്യൻ എന്നതിലുപരി വലിയൊരു സ്ഥാനം എനിക്ക് അദ്ദേഹത്തിന്റെ മനസ്സിലും കുടുംബത്തിലും ഉണ്ടായിരുന്നു. അങ്ങനെ സംവിധായകൻ ടി. കെ രാജീവ്കുമാറിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ സിനിമയിലെ ഓരോ ഫ്രെയിമിന്റെയും സൗന്ദര്യം ഇന്നും സിനിമാലോകത്ത് അദ്ഭുതമാണ്.ആ സിനിമയിൽ ബിജു മേനോനും  അബ്ബാസും തമ്മിൽ പാടത്തു വച്ച് തല്ലുണ്ടാക്കുന്നതുൾപ്പെടെ ചില സീനുകളിൽ ക്യാമറ ചെയ്തതു ഞാനായിരുന്നു.

പ്രണയമാണോ ജീവിതത്തിനു ലക്ഷ്യബോധം തന്നത് ?

അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്ന കാലത്ത് ‘നേരം നല്ലാ ഇറുക്ക്’ എന്ന സിനിമയിൽ ചെറിയൊരു വേഷം അഭിനയിച്ചിരുന്നു. അതു കണ്ടാണ് ഞാൻ ജീവനോടെയുണ്ടെന്ന് നാട്ടുകാർ അറിഞ്ഞത്. അങ്ങനെ നാട്ടിലേക്കു പോയി. ഷർമിളയെ ആദ്യമായി കണ്ടു. അകന്ന ബന്ധുവാണ് അവൾ. പത്താം ക്ലാസ്സിൽ മുഴുവൻ മാർക്കും വാങ്ങി പാസ്സായതിന് നാട്ടുകാർ അവൾക്ക് നൽകിയ സ്വീകരണത്തിനിടയ്ക്കാണ് ആദ്യമായി ഞങ്ങൾ തമ്മിൽ കാണുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷം ക ണ്ടപ്പോള്‍ അവൾ എൻജിനീയറിങ്ങിന് ചേർന്നിരുന്നു. അന്നെന്റെ മനസ്സിൽ ഒരു കുബുദ്ധി തോന്നി. ഇവളെ പ്രേമിച്ച് കല്യാണം കഴിച്ചാൽ സുഖമായി ജീവിക്കാം എന്ന്.  അങ്ങനെയാണ് പ്രേമിച്ചതും  ഒളിച്ചോടി പോയി കല്യാണം കഴിച്ചതും.

പക്ഷേ, അവൾക്ക് എന്നിലും എന്റെ കഴിവിലും വിശ്വാസമായിരുന്നു. കല്യാണം കഴിഞ്ഞയുടൻ അവളെന്നോട് ചോദിച്ചു, ‘നീയെന്നെ പ്രേമിച്ചത് ആത്മാർഥമായിട്ടാണോ, അതോ ലൈഫി ൽ സെറ്റിൽഡ് ആകാമെന്ന ഉദ്ദേശ്യത്തിലാണോ’ഞാൻ പറഞ്ഞു. ‘പ്രേമിച്ചു തുടങ്ങിയപ്പോൾ എന്റെ ഉദ്ദേശ്യം അതായിരുന്നു. പക്ഷേ, ഈ നിമിഷം ഞാൻ വാക്ക് തരുന്നു, നീ ആഗ്രഹിക്കുന്നതിനേക്കാൾ മികച്ച രീതിയിലുള്ള ജീവിതം നിനക്ക് ഞാൻ തരും. മൂന്ന് വർഷത്തെ സമയം എനിക്കു ത രണം.’ എന്റെ സ്വപ്നങ്ങളെ എന്നേക്കാൾ മനസ്സിലാക്കിയതു കൊണ്ടാകാം, അവളെന്നെ വിശ്വസിച്ചു.

വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ടി.െക.രാജീവ്കുമാറിന്‍റെ ‘ജലമർമര’ത്തിൽ അവസരം കിട്ടി. വളരെ പ്രതീക്ഷയോടെയാണു ചെന്നത്. പക്ഷേ, പഴയ 16 എംഎം ബ്ലോ അപ്പ് ക്യാമറയിലാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹൈ ക്വാളിറ്റി ക്യാമറയിൽ മായാജാലങ്ങൾ തീർക്കുന്ന കാലഘട്ടത്തിൽ 16 എംഎം ഉപയോഗിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. അതോടെ മനസ്സിലുണ്ടായിരുന്ന ആത്മവിശ്വാസവും ആവേശവുമെല്ലാം ചോർന്ന് ഞാൻ കരഞ്ഞു പോയി.

ravi01

വീട്ടിലെത്തി ഭാര്യയോട് കാര്യം പറഞ്ഞപ്പോൾ അവളാണ് എന്നെ ആശ്വസിപ്പിച്ചത്. ‘നഷ്ടപ്പെടാൻ ഒന്നുമില്ലാത്തപ്പോൾ പേടിക്കേണ്ട ആവശ്യമില്ല. പരിമിതികളിൽ നിന്നു കൊണ്ടു ത ന്നെ കഴിവിന്റെ പരമാവധി തെളിയിക്കുക. ഇനിയൊരു അവസരം വരില്ല.’ കഴിഞ്ഞ പതിനേഴ് കൊല്ലങ്ങളായി ഓരോ സിനിമ ചെയ്യുമ്പോഴും ആ വാക്കുകൾ എന്‍റെ മനസ്സില്‍ ഉണ്ട്.

കുറച്ചു കാലങ്ങൾക്കു ശേഷം ഭാര്യക്ക് വലിയൊരു കമ്പനിയിൽ ജോലി കിട്ടി. പക്ഷേ, അവൾ അതു വേണ്ടെന്ന് വച്ചു. എന്നിൽ അവൾക്ക് ഉണ്ടായിരുന്ന വിശ്വാസം വെറുതെയായില്ല എന്ന് ലോകമറിയണം, അതാണ് അവള്‍ പറഞ്ഞ കാരണം. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മകൾ ദർശന പ്ലസ് വണ്ണിൽ പഠിക്കുന്നു, മകന് അർജിത് ആറിലും.

ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹിച്ചതിന്റെ നൂറിരട്ടി ജീവിതമെനിക്ക് തന്നു. മാറ്റിയുടുക്കാൻ ഒരു തുണി പോലും ഇ ല്ലാതെ, ഒഴിഞ്ഞ വയറുമായി തെരുവോരത്ത് കിടന്നുറങ്ങിയ ഞാൻ ഇന്ന് ലോകത്തെ എല്ലാ ബ്രാൻഡിലുമുള്ള വസ്ത്രങ്ങ ൾ ധരിക്കുന്നു, നിരവധി  രാജ്യങ്ങളിൽ സഞ്ചരിക്കുന്നു, സ ന്തോഷത്തോടെ ജീവിക്കുന്നു. എങ്കിലും, കടന്നു പോയ കാലത്തെ മറക്കാൻ ഒരിക്കലും സാധിക്കില്ല.

ഗൗതം മേനോന്റെ ‘വേട്ടയാട് വിളയാട്’ സിനിമ റിലീസായ ദിവസം. ചെന്നൈ സത്യം തിയറ്ററിൽ പടം കണ്ടിറങ്ങിയ ആളുകളെല്ലാം സിനിമയിലെ ക്യാമറ വർക്കിനെ കുറിച്ച് പരസ്പരം പറയുന്നത് കേട്ടു കൊണ്ട് ഞാൻ നിന്നു. ഭാര്യയെ വീട്ടിൽ വിട്ടിട്ട് ഞാൻ അണ്ണാ ഫ്ലൈ ഓവറിലേക്ക് നടന്നു. അതിനു താഴെ ഞാൻ പണ്ട് കിടന്നുറങ്ങിയിരുന്ന സ്ഥലത്ത് പോയി കിടന്ന് സ്വസ്ഥമായി ഉറങ്ങി. അതിനു മുൻപോ ശേഷമോ അത്ര സുഖ മായി ഞാൻ ഉറങ്ങിയിട്ടില്ല.
നിതിൻ ജോസഫ്