Wednesday 12 December 2018 11:32 AM IST : By സുജിത് പി. നായർ

ട്വിസ്റ്റിനു ശേഷം പ്രിയദർശൻ

priyannew3 ഫോട്ടോ: ശ്യാം ബാബു

ജീവിതത്തിലും സിനിമയിലും സംഭവിച്ച ട്വിസ്റ്റിനു ശേഷം പ്രിയദർശൻ...

ഒരൊറ്റ സീനിൽ കഥ മാറി മറിയും പ്രിയന്‍ ചിത്രങ്ങളിൽ. അതുവരെ ചിരിയുടെ മാലപ്പടക്കം പൊട്ടിത്തെറിക്കുകയാകും തിയറ്ററുകളിൽ. അടുത്ത നിമിഷം മുതൽ അതു നെഞ്ചു പിളർക്കുന്ന നൊമ്പരമാകും. ക്ലൈമാക്സിൽ ചിലപ്പോൾ ‘ചിത്ര’വും ‘വന്ദന’വും പോലെ പ്രേക്ഷകരെ പൊട്ടിക്കരയിക്കും. തിയറ്റർ വീട്ടാലും നെഞ്ചിൽ നോവിന്റെ തിരയിളക്കം ബാക്കിയാകും. എന്തിനിത്ര ക്രൂരതയെന്നോർത്ത് ചിലർ സംവിധായകനെ പഴിച്ചേക്കും. മറ്റു ചിലപ്പോൾ ചിരി നിറഞ്ഞ മനസോടെ തിയറ്റർ വിടാം. കിലുക്കവും തേന്മാവിൻ കൊമ്പത്തും പോലെ. രണ്ടായാലും എന്നും മലയാളികളുടെ പ്രിയനാണ് പ്രിയദർശൻ.

പ്രവചനാതീതമായ ക്ലൈമാക്സുകളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച പ്രിയന് ഇപ്പോള്‍ സംഭവിക്കുന്നത് ജീവിതത്തിലെ പുതിയ ട്വിസ്റ്റ്. സിനിമാക്കഥ പോലെ സീനുകൾ മാറി മറിയുന്ന ജീവിതത്തിൽ ദൈവം ഒരുക്കിയ മറ്റൊരു വഴിത്തിരിവ്. ഇനിയൊരു തിരിച്ചു  വരവില്ലെന്ന് അടുപ്പമുള്ളവർ പോലും വിധിയെഴുതിയിടത്തു നിന്ന് പ്രിയപ്പെട്ടവരെ ‘ഒപ്പം’ കൂട്ടി പ്രിയദർശൻ തിരിച്ചെത്തിയിരിക്കുന്നു, വിജയവഴിയിൽ. രണ്ടുവർഷത്തോളം നീണ്ട അഗ്നിപരീക്ഷയിൽ ഉരുകിയൊലിച്ചെങ്കിലും പരാജയത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു മലയാളിയുടെ പ്രിയപ്പെട്ട സംവിധായകൻ.

‘‘ഇതൊരു വാശിയായിരുന്നു, മറ്റാരോടുമല്ല. പ്രിയന്റെ കാലം കഴിഞ്ഞു എന്നു വിധിയെഴുതിയവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ എനിക്കൊരു വിജയം അനിവാര്യമായിരുന്നു. ഇനിയും സിനിമ ചെയ്തു വിജയിപ്പിക്കാൻ കഴിയും എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഉണ്ടായിരുന്നു. അതു സാധിച്ചു.’’ പ്രിയന്റെ മുഖത്ത് സംതൃപ്തി.

‘ഒപ്പം’ നേടിയ വിജയം പ്രിയദർശന്റെ തിരിച്ചുവരവാണോ?

മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു, വിജയങ്ങളും പരാജയങ്ങളുമൊന്നും എന്നെയും ലാലിനെയും ബാധിക്കാറില്ലെന്ന്. കാരണം ഞങ്ങളെ സംബന്ധിച്ച് തെളിയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഒരു ചിത്രം വിജയിച്ചാൽ സന്തോഷം തോന്നും. അല്ലാതെ അതിൽ മതിമറക്കേണ്ട കാര്യമില്ല. പരാജയപ്പെട്ടാൽ അതിനെ ആ വഴിക്കു വിടും. എന്നാൽ ഒരു ഘട്ടത്തിൽ എനിക്ക് വിജയം അനിവാര്യമായി മാറി. ചിലർ എന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടി വേദനിപ്പിച്ചു. ഇടയ്ക്ക് കുടുംബപ്രശ്നങ്ങൾ കാരണം ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ആ സമയത്ത് അതൊന്നും ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

‘ഒപ്പം’ ഷൂട്ട് ചെയ്യുമ്പോൾ ഒരു ദിവസം ബ്രേക്ക് സമയത്ത് ലാലിന്റെ കാരവാനിൽ ചെന്നു. ലാൽ ഒരു മലയാള സിനിമ കാണുകയാണ്. സീൻ കണ്ടപ്പോൾ മനസിലായി ഇതു ഞാൻ കണ്ടിട്ടുള്ള ചിത്രമാണെന്ന്. ‘ഇതേത് സിനിമ?’ ഞാൻ ലാലിനോട് ചോദിച്ചു. ‘നിനക്ക് ഓർമയില്ലേ?’ എന്നു ലാലിന്റെ മറുചോദ്യം. ‘കണ്ടിട്ടുള്ള സിനിമയാണ്, പേര് ഓർക്കുന്നില്ല’ എന്നു പറഞ്ഞപ്പോൾ ലാൽ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു, ‘പ്രിയാ... ഇതു നിന്റെ സിനിമയാണ്, ആമയും മുയലും!’ എത്രമാത്രം പ്രശ്നത്തിലായിരുന്നു ഞാന്‍ ആ സിനിമ സംവിധാനം ചെയ്യുന്ന നാളുകളില്‍ എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. സംവിധാനം ചെയ്ത ചിത്രം പോലും തിരിച്ചറിയാൻ കഴിയാതെ...

ഒപ്പം കണ്ടിട്ട് കമൽഹാസൻ വിളിച്ചു. ‘പ്രിയൻ, ഈ സിനിമ നിങ്ങൾക്കു വലിയൊരു അച്ചീവ്മെന്റാണ്. കുടുംബജീവിതം തകർന്നതോടെ പല കലാകാരൻമാരും തകരുന്നത് നമ്മൾ കണ്ടിട്ടില്ലേ. അവിടെയാണ് നിങ്ങൾ വിജയിച്ചിരിക്കുന്നത്. അതിനുള്ള കരുത്ത് നിങ്ങൾക്കുണ്ടെന്നു തെളിയിച്ചിരിക്കുകയാണ്.’ വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു കമലിന്റെ വാക്കുകൾ.

പ്രതിസന്ധി, പരാജയങ്ങൾ, ഒടുവിൽ തിരിച്ചുവരവ്?

കുടുംബജീവിതം തകർന്നതോടെ ഞാന്‍ തളർന്നു. ഒരു ദിവസം ലാൽ ഫോണിൽ വിളിച്ചു.‘‘നീ ഇങ്ങനെ ഇരുന്നാൽ പോര, നമുക്കൊരു സിനിമ ചെയ്യണം.’’ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു, ‘‘എന്റെ സമയം ശരിയല്ല. ഇപ്പോൾ എന്തു ചെയ്താലും ശരിയാകില്ല. നിനക്കെന്നല്ല ആർക്കും എന്നെ രക്ഷിക്കാൻ കഴിയില്ല.’’

ഇത് ലാലിന് വലിയ വിഷമമായി. ലാൽ തന്നെയാണ് ‘ഒപ്പ’ത്തിന്റെ കഥാകൃത്തിനെ എന്റെ മുന്നിലേക്ക് അയച്ചത്. കഥയിൽ പലയിടത്തും  ലോജിക്കിന്റെ പ്രശ്നമുണ്ടായിരുന്നു. ശരിയാകില്ലെന്ന് പറഞ്ഞു അയാളെ മടക്കി, ‘എങ്കിൽ നീയൊന്ന് മാറ്റി എഴുതി തിരക്കഥ തയാറാക്കൂ’ എന്നായി ലാൽ. അങ്ങനെ ഞാൻ വീണ്ടും പ്രോജക്ട് ഏറ്റെടുത്തു. ഐവി ശശിയുടെ മകൻ അനി ശശി,  പിന്നെ, അർജുൻ എന്നിവരെയും ഒപ്പം കൂട്ടി. ഒരു മാസത്തോളം കഥ വെട്ടിയും തിരുത്തിയും മാറ്റി എഴുതി. പിന്നീട് ലാലിനെ കാണിച്ചപ്പോൾ അവൻ പറഞ്ഞു, ‘നമുക്കിത് ചെയ്യാം പ്രിയാ...’

മലയാള സിനിമ മാറിയിട്ടുണ്ടോ?

സിനിമ ഒരിക്കലും മാറിയിട്ടില്ല. ടെക്നോളജിയാണ് മാറുന്നത്. പുതിയ തലമുറയിലെ സംവിധായകരായ മാർത്താണ്ഡനും ജൂഡ് ആന്റണിയുമെല്ലാം വിളിച്ച് സാറിന്റെ ചിത്രങ്ങളിൽ നിന്നുമാണ് പലതും പഠിച്ചതെന്ന് പറയുമ്പോൾ സന്തോഷം തോന്നും. നമ്മൾ ചെയ്തതു വെറുതെയല്ല എന്ന തോന്നല്‍. ഒരിക്കൽ മമ്മൂട്ടി നിർമാതാവ് സുരേഷ്കുമാറിനോട് തമാശയായി ചോദിച്ചു, ‘‘ടോയ്‌ലറ്റ് പേപ്പറിൽ തിരക്കഥ എഴുതിക്കൊണ്ടു രാവിലെ സെറ്റിൽ വരുന്നവനെക്കൊണ്ടാണോ നീ സിനിമ സംവിധാനം ചെയ്യിക്കുന്നതെന്ന്...’സംഗതി സത്യമാണ്. ഞാൻ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളിൽ ‘ഒപ്പം’ ഉൾപ്പെടെ മുന്നെണ്ണം മാത്രമാണ് മുഴുവൻ സ്ക്രിപ്റ്റുമായി ചെയ്തത്. ‘പൂച്ചയ്ക്കൊരു മുക്കൂത്തിയും’ ‘തേന്മാവിൻ കൊമ്പത്തു’മാണ് മറ്റു രണ്ടെണ്ണം. എന്റെ കൂടെയുള്ള എഴുത്തുകാർ ശ്രീനിവാസനും ദാമോദരൻ മാഷുമായിരുന്നു. അവരും സെറ്റിൽ ഇരുന്ന് എഴുതുന്നവരായിരുന്നു. ‘വെള്ളാനകളുടെ നാടി’ന്റെ സ്ക്രിപ്റ്റ് ശ്രീനി ഫോണിൽ കൂടി വിളിച്ചു പറഞ്ഞിട്ട് ആളെ വച്ച് എഴുതിയെടുക്കുകയായിരുന്നു.

priyannew4



വിഷമഘട്ടങ്ങളിൽ ആരും ഒപ്പമുണ്ടായിരുന്നില്ല എന്നു തോന്നിയോ?

ഒരിക്കലുമില്ല. എനിക്കൊപ്പം എന്റെ മക്കളുണ്ടായിരുന്നു. രണ്ടുപേരും അമേരിക്കയിൽ വിദ്യാർഥികളാണ്. അവർ മുതിർന്ന കുട്ടികളാണ്. കാര്യങ്ങൾ മനസിലാക്കാൻ പ്രാപ്തിയുള്ളവർ. പിന്നെ, എന്റെ ചേച്ചി. ഇവരാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അച്ഛനും അമ്മയും മരിച്ച എനിക്ക് ഇപ്പോൾ ഇവർ മാത്രമല്ലേ സ്വന്തമായുള്ളൂ. സുഹൃത്തുക്കൾക്ക് കുടുംബ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ പരിധിയുണ്ട്. ലാൽ ഒരിക്കൽ പറഞ്ഞു, ‘രണ്ടു പേർ ഒത്തു ചേരാൻ തീരുമാനിക്കുമ്പോൾ എതിർക്കുന്നവൻ ശത്രുവാകും. രണ്ടുപേർ പിരിയാൻ തീരുമാനിക്കുമ്പോഴും എതിർക്കുന്നവന്‍ ശത്രുവാകും.’

ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയില്ല. മക്കൾ പോലും ഇതിൽ വലിയ ഇടപെടൽ നടത്തിയിട്ടില്ല. ഒരു വീട്ടിൽ രണ്ടു മനസുമായി അച്ഛനും അമ്മയും കഴിയുന്നതിനേക്കാൾ നല്ലത്  രണ്ടു വീടുകളിൽ രണ്ടു മനസായി കഴിയട്ടെ എന്ന് അവർ കരുതിക്കാണും.

ഒരിക്കൽ മോൻ എന്നോടു ചോദിച്ചു, ‘അച്ഛാ, വാട്ട് ഈ സ് യുവർ ആക്ച്വൽ പ്രോബ്ലം?’ ഞാൻ തിരിച്ചു ചോദിച്ചു, ‘നിനക്ക് എന്താണ് മനസിലായത്?’ ‘അറിയില്ല’ എന്നായിരുന്നു മറുപടി. ഞാനും അതുതന്നെ പറയും. അതാണ് സത്യം.

മകളും ഇക്കാര്യത്തിൽ ഞങ്ങൾ തീരുമാനമെടുക്കട്ടെ എന്ന നയമാണ് സ്വീകരിച്ചതെന്നു തോന്നുന്നു. ലോകം കണ്ടു വളർന്നവരാണ് അവർ. ഞങ്ങളുടെ രണ്ടു പേരുടെയും കുറ്റം കണ്ടു പിടിക്കാൻ ഒരിക്കലുമവര്‍ ശ്രമിച്ചിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ച് മോശമായി ലിസിയോടും പറഞ്ഞിരിക്കില്ല.

‘എത്രമാത്രം ബുദ്ധിമുട്ടായിരുന്നു വിവാഹജീവിതം എന്ന് എല്ലാവർക്കും മനസിലായല്ലോ’ എന്നു വിവാഹമോചനം നേടിയശേഷം ലിസി പ്രസ്താവനയില്‍ പറഞ്ഞിരുന്നു?

അവർ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. സിസിഎല്ലുമായി ബന്ധപ്പെട്ടുണ്ടായ ചില തർക്കങ്ങൾ ഒഴിച്ചാൽ ഒരു മൊട്ടുസൂചിയുടെ പേരിൽ പോലും സൗന്ദര്യപ്പിണക്കം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിട്ടില്ല. നിസാരമായ ഈഗോയാകാം ചിലപ്പോൾ ഇതിലേക്ക് എത്തിച്ചത്. എട്ടുവർഷം പരസ്പരം മനസിലാക്കിയതിനു ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന ഒരാൾ വിട്ടുപോകുമെന്ന് കരുതുമോ? വീട്ടിൽ നിന്നു പോകും വരെ എന്നും ഉച്ചയ്ക്ക് എനിക്ക് ലിസിയാണ് ചോറു വിളമ്പിത്തന്നിരുന്നത്. എന്റെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിയിരുന്നു.

പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിരുന്നു, ലിസിയാണ് ജീവിതത്തിലെ വിജയങ്ങൾക്കു കാരണം എന്ന്. മക്കളെ അവർ ഏറ്റവും നന്നായി നോക്കി. ബിസിനസുകൾ നന്നായി സൂപ്പര‍്‍‌വൈസ് ചെയ്തു. പിന്നെ, അവരുടെ മനസിൽ എന്താണെന്ന് നമുക്ക് കയറി ചിന്തിക്കാൻ കഴിയില്ലല്ലോ. പുരുഷൻമാർ കായികമായി കരുത്തരാണ്. പക്ഷേ, സ്ത്രീകൾ മാനസികമായി പുരുഷൻമാരേക്കാൾ പതിന്മടങ്ങ് കരുത്തുള്ളവരാണ് എന്ന് അനുഭവം പഠിപ്പിച്ചു. സ്ത്രീകള്‍ ഭയങ്കര ഫോക്കസ്ഡാണ്. ബിസിനസിൽ സ്ത്രീകളുടെ വിജയത്തിന് കാരണം അതാണ്.

ഞാൻ സൈക്കോളജി പഠിച്ചിട്ടുണ്ട്. ‘ബ്ലിങ്കേഴ്സ് മെന്റാലിറ്റി’ എന്നാണ് ഇതിന് സൈക്കോളജിയിൽ പറയുന്നത്. അതായത് കുതിരയുടെ കണ്ണിന്റെ ഇരുവശവും കെട്ടി അതിനെ ഓടിക്കുന്നതു പോലെയാണിത്. മുന്നോട്ടുള്ള കാഴ്ച മാത്രമാണുള്ളത്. ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണ് അവർ. അതിനിടെ മറ്റൊന്നും കാണില്ല. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും ഒന്നും അവർക്ക് പ്രശ്നല്ല. ലിസി എപ്പോഴും പറയുമായിരുന്നു, ചേട്ടൻ നെഗറ്റീവായി ചിന്തിക്കരുതെന്ന്. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ ഇങ്ങനെ പറയാനും ചിന്തിക്കാനും കഴിയുന്നു?.’ പറയുമ്പോൾ പ്രിയന്റെ കണ്ണുകൾ നിറയുന്നു. ആലോചനകളില്‍ നിശബ്ദനാകുന്നു.

ലിസി ഒപ്പമുണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്?

വിവാഹമോചനക്കേസിനിടെ ഒരു ദിവസം കോടതിയിൽ ലിസി പറഞ്ഞു, ‘സംവിധായകൻ പ്രിയദർശന്റെ കാലം കഴിഞ്ഞു, എന്ന് പലരും പറയുന്നു.’ അത്രയും നേരം പിടിച്ചുനിന്ന ഞാൻ പൊട്ടിക്കരഞ്ഞു പോയി. കാലം കഴിഞ്ഞു എന്നു പറഞ്ഞാൽ ജഡം ആയെന്നാണ്. ജീവനേക്കാൾ സ്നേഹിച്ച ആളാണ് പറയുന്നത്. എനിക്കത് വലിയ ആഘാതമായി. പിന്നെ, എന്റെ നാക്കു പൊങ്ങിയില്ല. വലിയ ഡിപ്രഷനിലായി ഞാന്‍. നാലുമാസത്തോളം ഡിപ്രഷനുള്ള ചികിത്സ തേടി. മരുന്നുകൾ കഴിച്ചു. മുറിയടച്ചിരുന്നു അലറിക്കരഞ്ഞു. ഒടുവിൽ ഇതിൽ നിന്നു മോചനം വേണമെന്ന് സ്വയം തീരുമാനമെടുത്തു. തുടർച്ചയായി സിനിമകൾ കണ്ടു. പുസ്തകങ്ങൾ വായിച്ചു. സാവധാനം സാ ധാരണ നിലയിലേക്ക് മടങ്ങി വന്നു. സിനിമയാണ് എന്നെ രക്ഷിച്ചത്. അതു കാണുമ്പോൾ മറ്റൊന്നും നമ്മളെ അലട്ടില്ല.

കടുത്ത ഈശ്വര വിശ്വാസിയാണ്. പ്രതിസന്ധികൾ വന്നപ്പോൾ ദൈവത്തെ പഴിച്ചോ?

ഞാൻ ആഗ്രഹിച്ചതെല്ലാം ദൈവം തന്നു. സിനിമ സ്വപ്നം കണ്ടുനടന്ന എന്നെ സിനിമയിൽ ഒരുപാട് ഉയരത്തിൽ എത്തിച്ചു. ഹിന്ദിയിൽ ഏറ്റവും കൂടുതൽ സിനിമ എടുത്ത രണ്ടാമത്തെ സംവിധായകനാണ് ഞാൻ. അപ്പോൾ എന്തിനാണ് ദൈവത്തെ പഴിക്കുന്നത്? മനുഷ്യന് കഷ്ടകാലം തരുന്നത്  നമ്മുടെ കണ്ണു തുറക്കാനാണ്. അപ്പോള്‍ ചെയ്ത തെറ്റുകൾ തിരിച്ചറിയാൻ കഴിയും. ജീവിതത്തിന്റെ നല്ലഭാഗം നന്നായി ജീവിച്ചയാളാണ് ഞാൻ. എല്ലാം ദൈവനിശ്ചയമാണ്. എത്ര ഉയരത്തിൽ‌ നിന്നാലും നിലത്തിറങ്ങേണ്ടിവരും എന്ന് ദൈവം ഓർമിപ്പിച്ചതാകാം. ഞാൻ ആരാണ്, എന്തു നേടി എന്നൊക്കെ തിരിഞ്ഞു നോക്കാൻ കഴിഞ്ഞു. ഇപ്പോൾ ദൈവത്തോട് ഒറ്റ പ്രാർഥനയെ ഉള്ളൂ. തന്നതെല്ലാം തന്നു, സംഭവിച്ചതെല്ലാം സംഭവിച്ചു. ഇനി ഉള്ളതൊന്നും തിരിച്ചെടുക്കരുത്. ഉയരത്തിൽ നിന്നുള്ള വീഴ്ച കടുത്ത ആഘാതമാണ്.

priyannew1



പ്രിയൻ ഇപ്പോഴും ആ പഴയ തിരുവനന്തപുരംകാരൻ തന്നെയാണ്?

ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലാണ് ഞാൻ ജനിച്ചത്. ഇപ്പോഴും ആ മൂല്യങ്ങൾ പിന്തുടരുന്നു. സ്നേഹം, ക്ഷമ, കടപ്പാട് തുടങ്ങിയവയെല്ലാം ഇത്തരം കുടുംബങ്ങളിലാണ് കാണാൻ കഴിയുക. പണം കൂടുംതോറും മൂല്യങ്ങൾ നഷ്ടമാകും. ചെന്നൈയിലും മറ്റും എത്തിയ കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകൾ മക്കളോട് ഇടയ്ക്കിടെ പറയുമായിരുന്നു. ഒരു ദിവസം മകൻ എന്റെ അടുക്കലെത്തി പറഞ്ഞു, ‘അച്ഛാ, എനിക്കൊരു ഗിറ്റാർ വേണം. പക്ഷേ, അതിനായി അച്ഛന്റെ കദന കഥകൾ കേൾക്കാൻ താൽപ്പര്യമില്ല.’ അതോടെ ഞാൻ പഴങ്കഥ പറച്ചിൽ അവസാനിപ്പിച്ചു.

ആകെ ഒരു പ്രശ്നമായി തോന്നുന്നത്, അമ്മ എന്നെ കടുത്ത വിശ്വാസി ആയാണ് വളർത്തിയത്. അതുകൊണ്ടു ഭയങ്കര കൺസർവേറ്റീവ് ആണ്. മറ്റൊരു സൊസൈറ്റിയിൽ എത്തിയപ്പോൾ ഇതെനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. അതിന്റെ പരിഭവം എനിക്ക് അമ്മയോടുണ്ട്. എല്ലാ അമ്മമാരോടും പറയാനുള്ളതും ഇതാണ്. മക്കൾക്ക് മൂല്യങ്ങൾ പറഞ്ഞുകൊടുക്കാം. പക്ഷേ, അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.  

മുറ്റത്ത് കാറുകളുടെ വലിയ ശേഖരമുണ്ടല്ലോ?

അത് ഒരു ലോവർ മിഡിൽ ക്ലാസുകാരന്റെ സ്വപ്നമാണ്. കുട്ടിക്കാലത്ത് കൂട്ടുകാർക്ക് പലർക്കും കാറുണ്ട്. അന്ന് അതുകണ്ട് നമ്മള്‍ ഒരുപാട് കൊതിച്ചിട്ടുണ്ട്. അക്കാലത്തു തുടങ്ങിയ ക്രേസാണ്. ഇപ്പോൾ പണ്ട് വാങ്ങിയതിൽ ചിലത് ഉണ്ടെന്നു മാത്രം. പൊന്നുപോലെ സൂക്ഷിക്കുന്ന ഒരു ഫിയറ്റ് കാറുണ്ട്. എന്റെ ആദ്യ കാര്‍. ആദ്യമായി സംവിധാനം ചെയ്ത ‘പൂച്ചയ്ക്കൊരു മുക്കൂത്തി’ വിജയിച്ചപ്പോൾ സുരേഷകുമാർ സമ്മാനിച്ചത്. ആഗ്രഹിച്ചു നേടിയതൊന്നും ഞാനായി നഷ്ടപ്പെടുത്താറില്ല.

മകൾ സിനിമയിലേക്ക് എത്തിയല്ലോ?

കല്യാണി യുഎസിൽ ആർക്കിടെക്ചർ ഡിസൈനിങ്ങിൽ ഗ്രാജ്വേഷന്‍ പൂർത്തിയാക്കി. അവിടെ ആറു മാസം ഇന്റേൺഷിപ്പ് ചെയ്തു. രണ്ടു വർഷം പരിശീലനം നേടിയാലേ മാസ്‌റ്റേഴ്സിന് ചേരാൻ കഴിയൂ. ഒന്നര വർഷം നാട്ടിൽ ഇന്റേൺഷിപ്പ് ചെയ്യാനാണ് സാബു സിറിളിന്റെ സഹായി ആയത്. വിക്രം നായകനായ ‘ഇരുമുഖനിൽ’ സാബുവിനൊപ്പം കല്യാണി ജോലി ചെയ്തു. മക്കൾക്ക് തൽക്കാലം സിനിമയിൽ താൽപര്യം ഇല്ലെന്നാണ് പറഞ്ഞത്. രണ്ടു വർഷം ജോലി ചെയ്ത ശേഷം ഒരു കൈ നോക്കാം എന്നാണ് സിദ്ധാർഥിന്റെ അഭിപ്രായം. അവനും അമേരിക്കയില്‍ ഡിസൈനിങ് പഠിക്കുകയാണ്. സിനിമയിൽ വരാൻ മക്കൾ ആഗ്രഹിച്ചാൽ ഞാൻ തടയില്ല.

പ്രണയവിവാഹം വേണ്ടെന്നാണോ മക്കൾക്കു നൽകിയ ഉപദേശം?

ഇപ്പോഴത്തെ കുട്ടികളോട് അങ്ങനെ പറയാന്‍ പറ്റില്ല. പ്രണയവും പ്രണയ വിവാഹവും മോശമല്ല. പക്ഷേ, തിരഞ്ഞെടുപ്പിൽ‌ പിഴവു പറ്റരുതെന്ന് മാത്രമേ ഞാൻ കുട്ടികളോടു പറയാറുള്ളൂ. മൂന്നു വർഷം കഴിയുമ്പോൾ കല്യാണിക്ക് വിവാഹം ആലോചിച്ചു തുടങ്ങണം. അച്ഛൻ മരിക്കും മുൻപ് എന്നോട് ആവശ്യപ്പെട്ടത് 26 വയസിനു ശേഷം മാത്രമേ അവളുടെ വിവാഹം നടത്താവൂ എന്നാണ്. ആ വാക്ക് ഞാൻ നൽകിയിട്ടുണ്ട്.

മക്കൾ പഠിക്കാൻ പോകുമ്പോൾ വീട്ടിൽ ആരുമില്ലല്ലോ?

ഇപ്പോൾ എനിക്ക് തിയോ ആണു കൂട്ട്. ഷിഹ്സു ഇനത്തിൽപ്പെട്ട ചൈനീസ് ഡോഗ്. മോഹൻലാലിന്റെ വീട്ടിലുണ്ട് ഇതേ പൊലൊരെണ്ണം. എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഇതിെന വാങ്ങിയത്. മുൻപ് എനിക്ക് പട്ടിയെ പേടിയായി രുന്നു. അമ്പലപ്പുഴയിൽ വച്ച് ഒരിക്കൽ ഒരു പട്ടിയെന്നെ കടിച്ചിട്ടുണ്ട്. ലിസിക്കും പട്ടിയെ ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ തിയോ കുടുംബത്തിന്റെ ഭാഗം തന്നെയാണ്.

ഇനി ജീവിതത്തില്‍ ഒരു ട്വിസ്റ്റുണ്ടാകുമോ?

എന്നെക്കുറിച്ച് പല കഥകളും പ്രചരിച്ചിരുന്നു. എനിക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നു വരെ ചിലർ ആരോപിച്ചു. അതെല്ലാം നുണയാണ്. ജീവിതത്തിൽ ഇനി മറ്റൊരു സ്ത്രീയുണ്ടാകില്ല. ഇവിടെ അടുത്തു തന്നെയാണ് ലിസി താമസിക്കുന്നത്. ഞാൻ യാത്രകളിൽ ആയിരിക്കുമ്പോൾ മകളോടു പറയും അമ്മയുെട അടുക്കൽ പോയി നിൽക്കാൻ. അവളെ ഒറ്റയ്ക്ക് ഈ വീട്ടിൽ നിർത്താൻ എനിക്ക് ഇഷ്ടമില്ല. വീടിന്റെ മുന്നിൽ ഇപ്പോഴും ‘പ്രിയൻ– ലിസി’ എന്ന ബോർഡാണ്. അതൊന്നും മാറ്റില്ല. 60 വയസായി. ഇനി മക്കളുടെ ഭാവിയാണ് വലുത്. അവരുടെ വിവാഹം നല്ല രീതിയിൽ നടത്തണം. പറ്റുന്നിടത്തോളം സിനിമകൾ ചെയ്യണം. ഹിന്ദിയിൽ അക്ഷയ്കുമാര്‍ നായകനാകുന്ന സിനിമയാണ് അടുത്തത്.

ഇനി ലിസിയുമായി ഒരുമിക്കുമോ..?

കൃത്യമായി ഉത്തരം നൽകാൻ എനിക്ക് കഴിയില്ല. എല്ലാം ദൈവത്തിന്റ തീരുമാനമാണ്. ദൈവത്തെ ചിരിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി എന്താണെന്നോ? മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ പദ്ധതികൾ ദൈവത്തെ പറഞ്ഞു കേൾപ്പിക്കണം. അതുകേട്ട് ദൈവം തലതല്ലി ചിരിച്ചോളും, ഉറപ്പ്.

ഈ ഓണം ആരും ഒപ്പമില്ലാതെ

മുമ്പ് നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് പലപ്പോഴും ഒാണം ആഘോഷിച്ചിരുന്നത്. ഇക്കുറി ഞാൻ ചെന്നൈയിലേക്ക് പോന്നു. ഇവിടെ നുങ്കപ്പാക്കത്തെ വീട്ടിൽ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. ഇവിടെയുള്ള സഹായി ഷാനവാസ് ഇലയിട്ട് എനിക്ക് സദ്യ വിളമ്പി. ഒരില മാത്രമാണ് ഇട്ടിരുന്നത്. ബലിയിടുമ്പോൾ മാത്രമാണ് ഒരു ഇല ഇട്ട് വിളമ്പുന്നത് എന്നാണ് വിശ്വാസം. ഞാൻ ഒന്നും പറഞ്ഞില്ല. ഒരുപാട് വിഷമം തോന്നി.

ഒറ്റയ്ക്കിരുന്ന് കഴിക്കാൻ തോന്നിയില്ല. പിന്നെ തിയോയെ വിളിച്ചിരുത്തി. അങ്ങനെ അവന്റെ ഒപ്പം ഇരുന്ന് ഇക്കുറി ഓണസദ്യ കഴിച്ചു. അപ്പോൾ അച്ഛന്റെ മരണവിവരം അറിഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകൾ വീണ്ടും ഓർത്തു. ‘പ്രിയാ നീ യത്തീം ആയി. അച്ഛനും അമ്മയും മരിക്കുന്നതോടെ നമ്മൾ അനാഥരാകും. സ്വാർഥതയില്ലാതെ നമ്മളെ സ്നേഹിക്കുന്നവർ അവർ മാത്രമാണ്.’

priyannew2