Wednesday 12 December 2018 05:07 PM IST : By രാഖി പാര്‍വതി

ക്യാമറകൾ ഓഫ് ചെയ്ത പ്രേതം! എസ്രയുടെ ഷൂട്ടിങിനിടെ സംഭവിച്ചത് ക്യാമറാമാൻ സുജിത് വാസുദേവ് പറയുന്നു

sujith_main

‘എസ്ര’ അഥവാ മലയാള സിനിമയിലെ ‘കൊഞ്ചുറിങ്’ എന്ന് അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കണ്ടിരുന്നു. ഹൃദയമിടിപ്പ് കൂട്ടി എബ്രഹാം എസ്രയെ കണ്ടിരുന്ന ഓരോ മലയാളിയും പറയും ഇത് ബോളിവുഡിനെയും വെല്ലുന്ന ത്രില്ലർ. പൃഥ്വിരാജ് എന്ന നടനും ജയ്. കെ എന്ന സംവിധായകനും ഒപ്പം എസ്ര എന്ന സിനിമയുടെ വിജയത്തിൽ സിനിമാറ്റോഗ്രാഫർ സുജിത് വാസുദേവിന്റെ പേര് കൂടെ ചേർത്തുകൊണ്ടാണ് മലയാളികൾ ഈ ഹിറ്റിനെ നെഞ്ചോട് ചേർക്കുന്നത്. ഇരുട്ടും ആത്മാവും അതിന്റെ പേടിപ്പിക്കുന്ന ഓരോ മുക്കും മൂലയും സിനിമ കണ്ടിറങ്ങിയിട്ടും പ്രേക്ഷകരെ പിന്തുടരുന്നുണ്ടെങ്കിൽ അത് സുജിത് വാസുദേവ് ചലിപ്പിച്ച ക്യാമറയുടെ മികവ് കൂടെയാണ്. ജെയിംസ് ആന്റ് ആലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സുജിത് വീണ്ടും സിനിമാറ്റോഗ്രാഫറായപ്പോൾ മലയാളികൾക്ക് ലഭിച്ചത് എക്കാലത്തെയും മികച്ചു ഒരു ഹൊറർ ത്രില്ലർ. എസ്ര എന്ന എബ്രഹാം എസ്രയുടെ ശരീരം മുക്തമാക്കപ്പെട്ട ആത്മാവിന്റെ ക്യാമറയിലൂടെയുള്ള സഞ്ചാരങ്ങൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സുജിത് വാസുദേവ്.  

എസ്രയും ഞാനും

എന്റെ കാമറ ഒപ്പിയെടുത്ത തുടർച്ചയായ എട്ടാം ഹിറ്റാണിത്. ജെയിംസ് ആന്റ് ആലീസിന്റെ സമയത്താണ് എസ്രയുടെ ചർച്ചകൾ നടക്കുന്നത്. അതിനും വളരെ നേരത്തെ ജയ്. കെ പ്ലാൻ ചെയ്ത സിനിമയാണിത്. ഒരു ഘട്ടം വരെ സിനിമയുടെ ചർച്ചയിൽ ഞാൻ ഭാഗമായിരുന്നില്ല. പ്രമുഖ സിനിമാറ്റോഗ്രാഫർമാരെ സംവിധായകൻ ജയ്.കെ സമീപിച്ചതുമാണ്. പിന്നീടാണ് രാജു (പൃഥ്വിരാജ്) വിന്റെ നിർദേശ പ്രകാരം  എന്നിലേക്ക് എസ്ര എത്തുന്നത്.  കഥമുഴുവൻ ജയ് എന്നോട് പറഞ്ഞു. കഥ കേൾക്കുമ്പോൾ തന്നെ സിനിമയുടെ ട്രീറ്റ്മെന്റിന്റെ വ്യത്യസ്തതയും ‘എസ്ര’ എന്ന മികച്ച പ്രോജക്ടിന്റെ സാന്നിധ്യവും മനസിലേക്ക് വന്നിരുന്നു. അത്രമാത്രം ജയ് അതിൽ ഹോം വർക്ക് ചെയ്തിട്ടുണ്ടെന്ന് മനസിലായി. ഓരോ സീനും അതിന്റെ ക്യാമറയും ലൈറ്റും ആർട്ട് ഡയറക്ഷനും എന്നു വേണ്ട എല്ലാ കാര്യങ്ങളിലും ജയ്ക്ക് അത്രമാത്രം വ്യക്തതയുണ്ടായിരുന്നു.

sujith4

‘എസ്ര’ എന്ന ത്രില്ലർ

കഥ കേട്ട് നിരവധി സിനിമകൾ വേണ്ടെന്ന് വയ്ക്കേണ്ടി വന്നിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും ഓരോ സാഹചര്യങ്ങളും അതിൽ എന്തെങ്കിലും പുതിയ ക്യാമറ പരീക്ഷണങ്ങൾ കൊണ്ട് വരാനൊക്കെയുള്ള അവസരങ്ങൾ പരിശോധിച്ച് മാത്രമേ സിനിമ തിരഞ്ഞെടുക്കാറുള്ളൂ. ഒരു ക്യാമറമാൻ എന്ന നിലയിൽ പുതിയ പുതിയ പരീക്ഷണങ്ങൾ ചെയ്യുന്നതാണ് ത്രിൽ. ജയ് കെയുടെ ഹോം വർക്കുകൾ ക്യാമറ വർക്കിനെ വളരെയധികം സഹായിച്ചു. ഞാൻ ‘സെവൻത്ഡേ’ ചെയ്തത് ഏകദേശം ഒരു ഡാർക്ക് തീമിൽ തന്നെയാണ്. പക്ഷെ എസ്രയിലെ ഡാർക്ക് ആന്റ് ലൈറ്റ് അന്തരീക്ഷം, ഹൊറർ മൂഡ് എല്ലാം വളരെ നാചുറൽ ആയി തോന്നിപ്പിക്കാൻ വളരെ കഷ്ടപ്പെടേണ്ടി വന്നു. ഫോർട്ട് കൊച്ചിയിലും മുംബൈയിലുമായിരുന്നു ഷൂട്ട്. നിർണായകമായ രംഗങ്ങൾ ഫോർട്ട് കൊച്ചിയിലെ ബംഗ്ലാവിൽ വച്ചാണ് ഷൂട്ട് ചെയ്തത്.

പലരംഗങ്ങളുടെയും ചിത്രീകരണം വൈകിട്ട് 5. 30 മുതൽ പുലർച്ചെ ആറ് മണി വരെയൊക്കെയായിരുന്നു. ഞങ്ങൾ പാക് അപ് ചെയ്ത് രാവിലെ തിരികെ പോകുമ്പോൾ ആണ്  മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിലേക്ക് സിനിമയിലെ സുഹൃത്തുക്കൾ വരുന്നത് കാണുന്നത്. ഞങ്ങൾ അവരോട് ബൈ പറഞ്ഞു പോകും. സിനിമയുടെ സ്വഭാവം ലൈറ്റിന്റെ പ്രത്യേകതകളെ വളരെ സ്വാധീനിക്കുന്നതായിരുന്നു. വെളിച്ചം ഉണ്ടാക്കുന്നത് അത്രവലിയ കാര്യമല്ല. പക്ഷെ ഭീതിപ്പെടുത്തുന്ന ഏകാന്തതയും ഇരുട്ടും ചെറിയ വെളിച്ചവും ഇടകലർന്ന വിജനമായ വഴികളും ഒക്കെ ചിത്രീകരിക്കാൻ ഏറെ പണിപ്പെട്ടു. ലേക്ക ലെൻസാണു രംഗങ്ങൾ പകർത്താൻ കൂടുതലായി ഉപയോഗിച്ചത്. ഇതു കൂടുതൽ പുതുമയും ഭീതിയും കൊണ്ടു വരാൻ ഗുണം ചെയ്തു. ഫോർട്ട് കൊച്ചിയിൽ ആളുകൾ ഇല്ലാത്ത വഴികൾ ചുരുക്കമാണ്. ഷൂട്ടിങ് സമയം ക്രമീകരിക്കാൻ കഴിഞ്ഞത് സിനിമയുടെ ഫുൾ ടീമിന്റെയും സപ്പോർട്ട് കൊണ്ട് മാത്രമാണ്.

sujith5

ഫോർട്ട്കൊച്ചി ബംഗ്ലാവിലെ ‘പ്രേതം’

എസ്രയുടെ ചിത്രീകരണ സമയത്തെ പല പ്രേതകഥകളും ഞാൻ പോലും പല ഓൺലൈൻ വാർത്തകളിലൂടെയുമാണ് അറിയുന്നത്. അതിൽ വാസ്തവമായവ ഇല്ലേ എന്നു ചോദിച്ചാൽ പല അനുഭവങ്ങളും ചിത്രീകരണത്തിൽ നിന്നും ഞങ്ങളെ പിന്നോട്ട് വലിക്കുന്നതായിരുന്നു എന്നത് പറയാതിരിക്കാനാവില്ല. ‘അത് പ്രേതമാണോ’ ‘സുജിത് വാസുദേവ്’ കണ്ട പ്രേതം എന്നൊക്കെയോ വ്യാഖ്യാനിക്കരുത്. എനിക്ക് പൊതുവെ പ്രേതങ്ങളോടോ അത്തരം ശക്തികളുണ്ടെന്നു പറയുന്നതിനോടോ വിശ്വാസമില്ല. പക്ഷെ ചില അവിചാരിത സംഭവങ്ങളുണ്ടായി.

ഫോർട്ട്കൊച്ചി ബംഗ്ലാവിലെ പ്രേതത്തിന്റെ സാന്നിധ്യം ചിത്രീകരിക്കുകയാണ്. രണ്ട് ക്യാമറയിലാണ് ഷൂട്ട് നടക്കുന്നത്, അത് രണ്ടും ഒരേ സമയം മാറി മാറി നിന്നു പോയി. ഫാൻ ഒക്കെ വച്ച് തണുപ്പിക്കും ഓൺ– ഓഫ് അങ്ങനെ നിന്നു. പിന്നീട് രണ്ടര മണിക്കൂറോളം ക്യാമറ പ്രവർത്തിപ്പിക്കാനാകാതെ ടീം മുഴുവൻ വെറുതെ ഇരിക്കേണ്ടി വന്നു. പിന്നീട് അടുത്തടുത്ത സമയങ്ങളിൽ ക്യാമറ ഓൺ ആകുകയും ചെയ്തു.  അത് പോലെ തന്നെ ഷൂട്ടിങ്ങിനിടയിൽ ബോംബെയിൽ നിന്ന് കൊണ്ട് വന്ന പാന്തർ ഹൈഡ്രോളിക് ക്രെയിൻ ബറ്ററി വീക്ക് ആയി. പെട്ടെന്നൊന്നും കേടാകാത്ത ഉപകരണമാണത്. പൊടിയിലും മഴയിലുമൊക്കെ ഉപയോഗിക്കുന്ന ആ ക്രെയിൻ നന്നാക്കാൻ ബോംബെയിൽ നിന്ന് ആൾ വരേണ്ടി വന്നു. അത് പോലെ ബംഗ്ലാവിലെ ലൈറ്റുകൾ പെട്ടെന്ന് ഫ്യൂസായി പോയി. അതും തുരു തുരെ ആയപ്പോൾ പലർക്കും പേടിയായി. ജനറേറ്ററും കേടായി.  നിരന്തരമായി തടസങ്ങൾ വന്നപ്പോൾ സെറ്റിലെ പയ്യൻമാർ ഒരു തന്ത്രിയെ കൊണ്ട് വന്ന് പൂജ നടത്തി. പിന്നീടാണ് ഷൂട്ടിങ് സൗമ്യമായി പുരോഗമിച്ചത്.

sujith3

സെറ്റിലെ തമാശകൾ

തമാശകൾക്ക് അത്ര പ്രാധാന്യമല്ലാത്ത സബ്ജക്ട് ആണ് എങ്കിലും സെറ്റിലെ രസങ്ങൾക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. ഇത്തരം തടസങ്ങളൊക്കെ വരുമ്പോഴും എസ്ര കേറിയതാണ് എന്നു പറഞ്ഞ് പരസ്പരം കളിയാക്കുമായിരുന്നു. ആരുടെ എങ്കിലും ക്യയ്യിൽ നിന്ന് എന്തെങ്കിലും താഴെ വീഴുകയോ ആർക്കെങ്കിലും ചെറിയ ചെറിയ അബദ്ധങ്ങൾ പറ്റുമ്പോഴോ ഒക്കെ നിന്നെ ‘എസ്ര’ പിടിച്ചതാണ് എന്നു പറഞ്ഞു ചിരിക്കുകയായിരുന്നു.

എസ്രയും പ്രേക്ഷകരുടെ പേടിയും

എസ്രയും പ്രേക്ഷകരുടെ പേടിയും സിനിമ ഇറങ്ങിയപ്പോൾ പലരും പറഞ്ഞു കേട്ടു. തിയേറ്ററിൽ ഇരുന്ന് ഒച്ചയും ബഹളവും ഒക്കെ വയ്ക്കുന്നതിനെക്കുറിച്ച്. അത് അവർ സിനിമയെ നശിപ്പിക്കാനോ കോമാളിത്തരം കാട്ടുന്നതോ ഒന്നുമല്ല. പേടിയുള്ള ആളുകളാണ് ഭയം മാറാൻ വിളിച്ചു കൂവുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭയം ഉണ്ടാക്കുന്നില്ലേ എന്നു ചോദിച്ചാൽ സിനിമയെ പൂർണമായി ആവാഹിച്ച് ആസ്വദിക്കുന്ന ഒരു പ്രേക്ഷകന് പേടി വരും എന്നത് ഉറപ്പാണ്. ഭയം കാഴ്ചക്കാരന്റെ കണ്ണിലാണല്ലോ ഇരിക്കുന്നത്.

പൃഥ്വി എന്ന എസ്രയിലെ നായകൻ

കൂടെ നിരവധി ചിത്രങ്ങളിൽ ഒപ്പമുണ്ടായിരുന്നത് കൊണ്ട് രാജു എന്ന നടനെ നന്നായി നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്രയധികം ഡെഡിക്കേഷൻ ഉള്ള, താൻ ചെയ്യുന്ന കഥാപാത്രം മാത്രമല്ല സിനിമയാകണം നല്ലതാകേണ്ടത് എന്നു ചിന്തിക്കുന്ന നായകനെ ജെനുവിൻ ആയി പൃഥ്വിയിൽ കാണാം. മികച്ച ഒരു ടെക്നിഷ്യനാണ് കൂടിയാണ്. മെമ്മറീസ്, സെവൻത് ഡേ, അമർ അക്ബർ അന്തോണി, അനാർക്കലി, മോളി ആന്റി റോക്ക്സ്, ജെയിംസ് ആൻഡ് ആലീസ്, എസ്ര, സിറ്റി ഓഫ് ഗോഡ് എന്നീ എട്ടു ചിത്രങ്ങളിലാണ് ഒരുമിച്ചു ജോലി ചെയ്തത്. ക്യാമറയുടേത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൃഥ്വി അപ്ഡേറ്റഡാണ്. അതുകൊണ്ട് സാങ്കേതികമായി മികച്ചു നിൽക്കുന്ന സിനിമകൾ തിരഞ്ഞെടുക്കാൻ പൃഥ്വിക്ക് എളുപ്പം സാധിക്കും. പൃഥ്വിരാജിന്റെ ഒരു ബുദ്ധിപരമായ തീരുമാനം തന്നെയാണ് എസ്ര. കഷ്ടപ്പെടാൻ കഴിയുന്ന പൂർണമായി സിനിമയിലേക്ക് അലിഞ്ഞ് ചേരുന്ന വ്യക്തിത്വമെന്നേ രാജുവിനെ എനിക്ക് പറയാനാകൂ.  

sujith8

പൃഥ്വിക്കൊപ്പം സംവിധായകനിൽ നിന്ന് സിനിമാറ്റോഗ്രാഫറിലേക്ക്

ഞാൻ ബേസിക്കലി ഒരു സിനിമാറ്റോഗ്രാഫർ തന്നെ. സിനിമയെ സ്നേഹിക്കുന്ന അതിന്റെ ഭാഗമായി, പൂർണമായി സമർപ്പിക്കുന്ന ആൾ ‘സിനിമാറ്റോഗ്രാഫർ’ എന്നോ സംവിധായകനെന്നോ വ്യത്യാസം തോന്നുന്നതെങ്ങനെ എന്നതാണ് എനിക്ക് തോന്നുന്നത്. ജെയിംസ് ആന്റ് ആലീസിൽ നിന്ന് എസ്രയിലേക്കുള്ള വ്യത്യാസം മാത്രമാണ് എനിക്ക് തോന്നുന്നത്. പിന്നെ സംവിധായകൻ എന്ന നിലയിലുള്ള മാൻ മാനേജ്മെന്റാണ് ഇവിടെ വ്യത്യാസപ്പെടുന്നത്. അതൊഴിച്ചാൽ ജയ് കെ എന്ന സംവിധായകൻ മികച്ച നിർദേശങ്ങളെ മറ്റ് ടെക്നിഷ്യൻസുമായി ചർച്ച ചെയ്യാൻ മടി കാട്ടാത്ത ഒരാളാണ്. അത് കൊണ്ട് തന്നെ വലിയ ഒരു വ്യത്യാസം പറയാൻ കഴിയുന്നില്ല. പ്രീ പ്രൊഡക്ഷന്റെ സമയത്തേ എല്ലാ ഷോട്ടുകളും അതിന്റെ തീരെ ചെറിയ പ്രത്യേകതകൾ പോലും ജയ് എന്ന തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ വർക്ക് ചെയ്തതാണ്. ചെറിയ ചില മാറ്റങ്ങൾ മാത്രമാണ് ഷൂട്ടിങ് സമയത്ത് ചെയ്യേണ്ടി വന്നത്.

sujith7

മുംബൈ ടു കൊച്ചി

വളരെ സാധാരണമായ ബജറ്റിൽ ബോളിവുഡ് ത്രില്ലർ മൂഡിലുള്ള സിനിമ ചെയ്ത് ഫലിപ്പിക്കുക എന്നത്  വെല്ലുവിളി തന്നെയായിരുന്നു. മുംബൈയിലെ ചിത്രീകരണ സമയത്ത് സിനിമയ്ക്ക് പ്രതികൂലമായി പല വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ കഠിനാധ്വാനത്തിലൂടെ എസ്ര വിചാരിച്ചതിലും നന്നായി തന്നെ ചെയ്യാൻ കഴിഞ്ഞു.  ഷൂട്ടിങ് നന്നായി എന്നതിൽ ഓരോ ടീം അംഗങ്ങൾക്കും ഒപ്പം എടുത്തു പറയേണ്ട പേരുകളാണ് സി.വി സാരഥി, എ. വി അനൂപ്, മുകേഷ്. ആർ. മേത്ത എന്നീ നിർമാതാക്കൾ. സി.വി സാരഥി എസ്രയുടെ പൂർണതയ്ക്ക് പിന്നിലെ വലിയ ഘടകം തന്നെയാണ്. സിനിമയെക്കുറിച്ച് സാങ്കേതികമായി പരിജ്ഞാനമുള്ള ആൾ ആയത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ഈ സിനിമയുടെ ആവശ്യങ്ങളും കാലതാമസവും ഒക്കെ മനസിലാക്കാൻ കഴിഞ്ഞതും.

sujith9

പഴമയെ ആവാഹിച്ച്

പഴമയും പുതുമയും ഒരേ പ്രാധാന്യത്തോടെ ഉൾക്കൊള്ളുന്ന സിനിമയിൽ ലൈറ്റിങ് ആണ് തിരക്കഥയിൽ ആവശ്യമായത്. സാധാരണ കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമായിത്തന്നെ പഴയ കാലത്തെ ലൈറ്റിങ് നൽകണമെന്നുണ്ടായിരുന്നു. വസ്ത്രാലങ്കാരവും ആർട്ട് ഡയറക്ഷനുമെല്ലാം അതിൽ നിർണായകമായ പങ്ക് വഹിച്ചു.  െസ്റ്റഫി സേവ്യറാണു കോസ്റ്റ്യും കൈകാര്യം ചെയ്തത്. ആർട്ട് രതീഷ് യു.കെ.ഗോകുൽദാസ്. ഇവരുടെ അസാധ്യ പാടവം സിനിമയെ റിയലിസ്റ്റിക് ആക്കാൻ ഏറെ സഹായിച്ചു. രാഹുൽ രാജിന്റെയും സുഷിൻ ശ്യാമിന്റെയും സംഗീതവും ഗംഭീരം എന്ന വാക്കിലല്ലാതെ പറയാനാകില്ല. ഇതിലെ ഓരോ ടീം അംഗങ്ങളുടെയും ഈഗോ വെടിഞ്ഞുള്ള പ്രയത്്ന ഫലം തന്നെയാണ് എസ്ര എന്ന സിനിമ.