Thursday 13 December 2018 11:18 AM IST : By നിതിൻ ജോസഫ്

‘ശോഭന,സംയുക്ത, രേവതി, മ‍ഞ്ജു വാരിയർ...ഈ ചേച്ചിമാരാണ് എന്റെ എൻസൈക്ലോപീഡിയ’; ഡോ.ഹന്ന രക്ഷാധികാരി ബൈജുവിന്റെ ഭാര്യയായ കഥ

hanna_main ഫോട്ടോ: സരിൻ രാംദാസ്‍

ബിജുമേനോൻ നായകനായ ‘രക്ഷാധികാരി ബൈജു’ കണ്ടിറങ്ങിയവരെല്ലാം പറഞ്ഞു, മലയാളസിനിമയിലേക്ക് നല്ല ഐശ്വര്യമുള്ള ഒരു നാടൻവീട്ടമ്മ കൂടി എത്തി എന്ന്. കരിമണി മാല ഇട്ട്, സാരി ഉടുത്ത് പൊട്ട് വച്ച് അജിതയും ബിജുമേനോന്റെ ബൈജു എന്ന കഥാപാത്രത്തോടൊപ്പം ചേർന്നു നിന്നു. ‘ഡാർവിന്റെ പരിണാമ’ത്തിന് ശേഷം ഹന്ന റെജി കോശി അജിതയിലേക്ക് പരിണമിച്ചപ്പോൾ മലയാളികൾക്ക് കിട്ടിയത് ഒരു നല്ല നടിയെ കൂടിയാണ്. അത്ര തന്മയത്വത്തോടെയാണ് ഹന്ന അജിത എന്ന കഥാപാത്രം ഭംഗിയാക്കിയത്. ‘ഷൂട്ട് തുടങ്ങുമ്പോൾ സംവിധായകൻ രഞ്ജൻ പ്രമോദ് സാർ പറഞ്ഞിരുന്നു, കുറെ പഴയ സിനിമകൾ കാണണമെന്ന്. ശോഭന, രേവതി, സംയുക്ത,മ‍ഞ്ജു വാരിയർ– ഈ ചേച്ചിമാരാണ് അഭിനയത്തിൽ എന്റെ എൻസൈക്ലോപീഡിയ.’ സിനിമയെ ഏറെ സ്നേഹിക്കുന്ന ഡോക്ടർക്ക് ഹന്ന വനിതയോട് തന്റെ ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു.

ആൻസിയും അജിതയും

ആദ്യ സിനിമയായ ‘ഡാർവിന്റെ പരിണാമ’ത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് ആൻസി. ‘രക്ഷാധികാരി ബൈജു ഒപ്പ്’–ലെ ക്യാരക്ടർ അജിത ഒരു കുട്ടിയുടെ അമ്മയാണ്. കുറേയധികം എക്സ്പീരിയൻസ് ഉള്ള താരങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. ആദ്യ ദിവസം നല്ല ടെൻഷനുണ്ടായിരുന്നു. ബിജു ചേട്ടനെ ആദ്യം കണ്ടപ്പോ പേടി തോന്നി. പക്ഷേ അതൊക്കെ പെട്ടെന്നു തന്നെ മാറി കേട്ടോ. പിന്നെല്ലാം ബാക്ക് ടു നോർമൽ.

വായ്നോട്ടം വിത് ഡിഗ്രി

വായ്നോട്ടം കഷ്ടപ്പെട്ട് പഠിച്ച് തൊഴിലാക്കി മാറ്റിയ വ്യക്തിയാണ് ഞാൻ. അയ്യോ, തെറ്റിദ്ധരിക്കല്ലേ. ഞാനൊരു ഡെന്റിസ്റ്റാണെന്നാ ഉദ്ദേശിച്ചത്. കർണാടകയിൽ ബി.ഡി.എസ്. പഠിച്ചിട്ട് ഒരു വർഷം അവിടെ പ്രാക്ടീസ് ചെയ്തു. ആ സമയത്താണ് മോഡലിങ്ങിനോടുള്ള പാഷൻ തുടങ്ങിയത്. കുറേ പരസ്യങ്ങളിലും അഭിനയിച്ചു. അങ്ങനെയാണ് ആദ്യ സിനിമയായ ഡാർവിന്റെ പരിണാമത്തിൽ ചാൻസ് കിട്ടിയത്.

hanna2

ഒറ്റക്കുട്ടിയുടെ സാമ്രാജ്യം

എറണാകുളത്താണ് വീട്. വീട്ടിൽ പപ്പയും മമ്മിയും പപ്പയുടെ അമ്മയുമുണ്ട്. പപ്പ റെജി തോമസ്, ബിസിനസുകാരനാണ്. മമ്മി ആലീസ്, ഹോംമേക്കർ. ഞാൻ ഒറ്റക്കുട്ടിയാണ്. ഫാമിലി മുഴുവൻ മൃഗസ്നേഹികളായതുകൊണ്ട് കുറെയധികം പെറ്റ്സിനെ വളർത്തുന്നുണ്ട്. അഭിനയവും മോഡലിങ്ങും താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോഴേ വീട്ടുകാർ ഫുൾസപ്പോർട്ട് തന്നു. മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഇന്ത്യ മൽസരങ്ങളിൽ ഫൈനലിസ്റ്റായിരുന്നു. ഫെമിനാ മിസ് ഇന്ത്യ മൽസരത്തിൽ കേരളത്തിൽനിന്നുള്ള ടോപ് ത്രീയിൽ ഉണ്ടായിരുന്നു.

കുക്കിങ്ങില്ല, ഈറ്റിങ് മാത്രം

മധുരമാണെന്റെ പ്രധാന വീക്ക്നെസ്സ്. ഡെസേർട്സും പേസ്ട്രീസും കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ. ഹോസ്റ്റൽ ജീവിതത്തിന്റെ പരിണിതഫലമായി വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണത്തോടും താൽപര്യമാണ്. ഫൂഡ് കഴിക്കാൻ മാത്രമേ അറിയൂ. പാചകത്തിന്റെ എ ബി സി ഡി പോലും അറിയില്ല. ചില ചെറിയ പാചക പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും ഒന്നും വിജയിച്ച ചരിത്രമില്ല.

സകലകലാവല്ലഭ

പാട്ടിലും ഡാൻസിലും ഡ്രോയിങ്ങിലും പയറ്റിത്തെളിഞ്ഞിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് മൽസരങ്ങളില്‍ പങ്കെടുത്ത് കുറെ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. സ്പോർട്സിലും പുലിയായിരുന്നു. മറ്റൊരു പ്രധാന ഹോബി വായനയാണ്. നിറയെ പുസ്തകങ്ങളുള്ള ഒരു മുറിയിൽ എന്നെ പൂട്ടിയിട്ടാൽ ഞാൻ ഭയങ്കര ഹാപ്പിയായിരിക്കും. നേരത്തെ ഫിക്‌ഷനോ‍ടായിരുന്നു താൽപര്യമെങ്കിൽ ഇപ്പോൾ പൊസിറ്റിവ് തിങ്കിങ്ങിലാണ് ഭ്രമം.

ഡ്രസ് ഫോർ ദി ഒക്കേഷൻ

ഡ്രസിങ്ങിൽ ഒരു ടോംബോയിഷ് ആറ്റിറ്റ്യൂഡാണ് എന്റേത്. വാഡ്രോബ് നിറയെ മോഡേൺ ഔട്ട്ഫിറ്റ്സാണുള്ളത്. മിക്സ് ആൻഡ് മാച്ച് രീതിയാണ് ഇഷ്ടം. ആക്സസറീസ് വാങ്ങിക്കൂട്ടുന്നതിൽ വലിയ താൽപര്യമില്ല. തീരെ ബ്രാൻഡ് കോൺഷ്യസല്ല. ഷർട്ടും ജീൻസുമാണ് കൂടുതൽ താൽപര്യം. സാരി അധികമായി ഉപയോഗിച്ച് ശീലമില്ല. പക്ഷേ അഭിനയിച്ച രണ്ട് സിനിമകളിലും എന്റെ വേഷം സാരിയാണ്. ഇപ്പോള്‍ സാരിയിലും ഞാൻ കംഫർട്ടബിളാണ്്.