Thursday 13 December 2018 03:14 PM IST

‘വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം വിവാഹ മോതിരം ഊരി കയ്യിൽ തന്നിട്ടു അദ്ദേഹം പറഞ്ഞു, ശോഭച്ചി ഇതു സൂക്ഷിക്കണം’

Sujith P Nair

Sub Editor

jagathi-p3 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

"ബഹാരോം നെ മേരാ ചമൻ ലൂട്ട്കർ ഖിസാ കോ യെ ഇൽസാം ക്യോം ദേ ദിയാ... എന്തിനാണ് വസന്തമേ, എന്റെ പൂന്തോട്ടം കവർന്നിട്ട് കാറ്റിനു മേൽ പഴി ചാരുന്നത്..."

പേയാട് സ്കൈലൈൻ പാർക്ക് വില്ലയിലെ കുന്നിൻ മുകളിൽ മേഘം മൂടിയ ആകാശത്തോടു തൊട്ടുരുമ്മി നിൽക്കുന്ന ഒരു വീട്. വിരിഞ്ഞ പൂക്കളും നിറഞ്ഞ പച്ചപ്പും കിഷോർ കുമാറിന്റെ പാട്ടുകളും വഴി കാട്ടുന്ന ഈ വീട്ടിലാണ് മലയാള സിനിമയിലെ ചിരിയുടെ നിത്യവസന്തം ജഗതി ശ്രീകുമാര്‍ താമസിക്കുന്നത്. ആ ഉമ്മറത്തിരുന്നാൽ അങ്ങകലെ ശ്രീപത്മനാഭന്റെ മണ്ണിലെ കാഴ്ചകൾ കാണാം. ഇടയ്ക്കിടയ്ക്ക് ആകാശത്തു നിന്ന് വിമാനത്തിന്‍റെ ഇരമ്പലുകളും അറബിക്കടലിനെ തഴുകി ശംഖുമുഖത്തു നിന്നു വീശുന്ന ഇളംകാറ്റും ഈ വീട്ടുകാരനെ തേടിയെത്തും, പിന്നെ വീടിനെ വലം വച്ച് ഒന്നും മിണ്ടാതെ കടന്നു പോകും. ഒരുകാലത്ത് ഒരുപാടു പൊട്ടിച്ചിരികള്‍ മുഴങ്ങിയിരുന്ന ഈ വീട്ടിൽ നിന്ന് ചിരിയുടെ പൂക്കാലം കാറ്റ് കവർന്നെടുത്തിട്ട് അ‍ഞ്ചു വർഷമായി.

മലയാളിക്ക് ഏതു വേദനകളിലും ചിരിയുടെ ഒറ്റമൂലി കുറിച്ചു കൊടുത്തിരുന്ന ചാർലിചാപ്ലിന് ഇ ത് പുനർജന്മത്തിന്റെ അഞ്ചാം ഓണം. സെറ്റിൽ നിന്നു സെറ്റിലേക്കുള്ള യാത്രകളിൽ തിരക്കു മൂലം  വീട്ടിലിരുന്ന് ഉണ്ണാൻ സാധിക്കാതിരുന്ന ഓണങ്ങൾക്ക് ദൈവം പ്രായശ്ചിത്തം ചെയ്യിക്കുകയാകാം. അഭിനയത്തിന്റെ രസക്കൂട്ടുകളിൽ നവരസങ്ങൾക്കു പുറമേ സ്വന്തമായി നാലുരസങ്ങൾ കൂടി ചേർത്ത് എരിവും പുളിയും സ്വാദും ഒന്നു കൂടി കൂട്ടിയ ജഗതിയുടെ മുഖത്ത് ഇപ്പോഴുമുണ്ട് ആ കുസൃതി. ‘അനിയാ... എന്തുവാടേ ഇത്... ’ എന്ന ഭാവം ഇടയ്ക്ക് മിന്നി മറയുന്നു. ഒഴുകിയെത്തുന്ന പാട്ടിന്റെ താളത്തിൽ ചിലപ്പോള്‍ കണ്ണുകൾ ഉറക്കത്തിലേക്കു വഴുതി വീഴും. തൊട്ടടുത്ത നിമിഷം തന്നെ കണ്ണുതുറന്ന് കള്ളച്ചിരിയോടെ പാളി നോക്കും, എല്ലാം ഞാൻ അറിയുന്നുണ്ട് എന്ന ഭാവത്തിൽ.

‘‘അമ്പിളിച്ചേട്ടന് ഉറങ്ങാൻ കട്ടിലിനേക്കാൾ ഇഷ്ടം കാറാണെന്ന് ഞാൻ കളിയാക്കാറുണ്ടായിരുന്നു. ഉറക്കം ഏറെയും യാത്രകളിലായിരുന്നു. കിഷോർ കുമാറിന്റെ പാട്ടുകൾ കേട്ട്, സീറ്റ് പിന്നിലേക്ക് നിവർത്തിയിട്ട് ഉറങ്ങും. ഇപ്പോഴും പാട്ടു വച്ചാലേ ഉറങ്ങൂ. മയക്കത്തിനിടയിലെങ്ങാനും പാട്ടൊന്നു നിന്നാൽ അപ്പോഴുണരും.’’ നിഴലുപോലെ ജഗതിക്കൊപ്പം നിൽക്കുന്ന ഭാര്യ ശോഭയുടെ ചിരിയിൽ കണ്ണീർ തിളക്കം.

വീൽചെയറിലാണ് ഇപ്പോൾ ഏറെ സമയവും. അതുകൊണ്ടുതന്നെ ചിലപ്പോൾ കുട്ടികളെപ്പോലെ നിർബന്ധം പിടിക്കും. അപ്പോൾ ‘ശോഭച്ചി’യുടെ സ്നേഹം തുളുമ്പുന്ന ശാസന, ഒരു തലോടൽ. അതു മതി ചിരിയുടെ തമ്പുരാനെ ശാന്തനാക്കാൻ.

‘‘തിരുവോണ ദിവസം ഉച്ചയ്ക്ക് വീട്ടിലെ സദ്യ കഴിഞ്ഞ് മകൾ പാർവതിയുടെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്കുള്ള യാത്ര. മോളുടെ വിവാഹശേഷമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ആഘോഷങ്ങളൊക്കെ ഇടം പിടിച്ചത്. അതുവരെ സെറ്റുകളിലായിരുന്നു ഓണം. അമ്പിളിച്ചേട്ടൻ ഇല്ലാത്തതു കൊണ്ട് ഞാനും സദ്യയൊന്നും ഉണ്ടാക്കിയിരുന്നില്ല.’’ ഓർമകളിലേക്ക് തിരിഞ്ഞു നോക്കുകയാണ് ശോഭച്ചി.

കടന്നു പോയത് സങ്കടങ്ങളുടെ പെരുമഴക്കാലം?

2012 മാർച്ച് 10നായിരുന്നു അപകടം. രണ്ടുവർഷത്തോളം നീണ്ട ചികിത്സ. മരുമകൻ ഷോൺ ജോർജ് അടക്കം എല്ലാവരും വെല്ലൂരെ ആശുപത്രിയുടെ അടുത്തുള്ള വാടകവീട്ടിലേക്ക് താമസം മാറി. കൊച്ചുമക്കളുമായി ചേട്ടന് വലിയ അടുപ്പമായിരുന്നു. അവർക്കന്ന് എട്ടു മാസമേ പ്രായമുള്ളൂ. അവരെയും കൊണ്ടുവരാൻ ഡോക്ടർ നിർദേശിച്ചിരുന്നു. അമ്പിളിച്ചേട്ടന് അപകടം നടക്കുമ്പോൾ ഞാൻ കാൻസറിന്റെ ചികിത്സയിലായിരുന്നു. അതിന്‍റെ ഭാഗമായുള്ള ചെക്കപ്പിന് മൂന്നു ദിവസം മാത്രമാണു നാട്ടിലേക്ക് വന്നത്. ചേട്ടനെ ഒറ്റയ്ക്കാക്കി പോരാൻ മനസ്സനുവദിച്ചില്ല.

ഡിസ്ചാർജായി എല്ലാവരും ഒരുമിച്ചാണ് നാട്ടിലേക്ക് പോ ന്നത്. മരുന്നുകൾ ഇപ്പോഴുമുണ്ട്, ഫിസിയോതെറപ്പിയും. വൈകിട്ട് ബെൽറ്റൊക്കെ ഘടിപ്പിച്ച് കുറച്ചു നേരം നടത്തും. ഇടതു കൈയ്ക്ക് പൂർണമായും ബലം തിരിച്ചുകിട്ടി. പക്ഷേ, കമ്പിയിട്ടിരിക്കുന്ന വലതുകൈയ്ക്ക് ഇപ്പോഴും സ്വാധീനമില്ല. കാലുകൾക്കും ചലനശേഷി പൂർണമായും ലഭിച്ചിട്ടില്ല. (ശോഭ ഇതു പറയുമ്പോൾ ഇടതുകൈ കൊണ്ട് വലതുകൈയിലെ കമ്പിയിട്ട ഭാഗം ജഗതി കാണിച്ചു തന്നു.)

പ്രാഥമികാവശ്യങ്ങൾക്കെല്ലാം സഹായി വേണം. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും പാട്ടുകൾ പാടും. വരികളെല്ലാം ഓർമയുണ്ട്. മോഹൻലാൽ വന്നു പാട്ടു പാടിയപ്പോൾ അമ്പിളി ച്ചേട്ടനും കൂടെപ്പാടി. സംസാരശേഷി നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തിനേറ്റ ക്ഷതമാണ് വർത്തമാനം പറയാൻ ബുദ്ധിമുട്ടുന്നതിന്റെ കാരണം. പഴയ സുഹൃത്തുക്കളെ കാണുന്നതൊക്കെ വലിയ സന്തോഷമാണ്. എല്ലാവരെയും തിരിച്ചറിയും. പക്ഷേ, സംസാരിക്കാൻ ശ്രമിച്ചു പരാജയപ്പെടുമ്പോൾ കണ്ണീർ പൊടിയും, കണ്ടുനിൽക്കാൻ വലിയ വിഷമമാണ്.

(വിശേഷങ്ങൾ തിരക്കുന്നതിനിടെ ഉദയനാണ് താരത്തിലെ നവരസങ്ങളുടെ രംഗം യൂ ട്യൂബിൽ കാട്ടിക്കൊടുത്തു. പുഞ്ചിരിച്ചു കൊണ്ടു ഫോണിലേക്ക് നോക്കിയിരുന്ന ജഗതിയോട് ഒന്നു രണ്ടു രസങ്ങൾ കാട്ടാമോ എന്നു ശോഭ ചോദിച്ചതോടെ കണ്ണുകൾ വിടർന്നു. ശൃംഗാരവും ഹാസ്യവും മിന്നിമറഞ്ഞത് പെട്ടെന്നാണ്. ഒരുനിമിഷം കൊണ്ടു ജഗതി അഭിനയത്തിന്റെ ഗിരിശൃംഗങ്ങൾ താണ്ടിയ ഹാസ്യസമ്രാട്ടായി. വീണ്ടുമൊരിക്കൽ കൂടി ചെയ്യാമോ എന്നു ചോദിച്ചപ്പോൾ അകലേക്ക് മിഴികൾ പായിച്ച് കേൾക്കാത്ത മട്ടിലിരുന്നു, ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.)

പഴയ ജഗതിയിലേക്ക് ഇനി എത്ര ദൂരം ബാക്കിയുണ്ട്?

സാധ്യമായ എല്ലാം ചികിത്സയും നൽകി. ഒരുപാട് വഴിപാടുകളും പ്രാർഥനകളും നടത്തി. ഡോക്ടർമാർ പറയുന്നത് ‘മിറക്കിൾ’ സംഭവിക്കുമെന്നാണ്. ശാരീരികമായി അദ്ദേഹം ആരോഗ്യവാനാണ്. ബിപിയോ ഷുഗറോ ഇല്ല. ‘അമ്പിളി’ എന്നും ‘അമ്മു’ എന്നും  ഉച്ചരിക്കും. മോളുടെ ഇളയ കുഞ്ഞാണ് അമ്മു. ‘ശോഭച്ചി എന്നൊന്നു വിളിക്കൂ’ എന്ന് ഞാൻ ഇടയ്ക്ക് നിർബന്ധിക്കും. പക്ഷേ, വിളിക്കുമ്പോൾ ‘അമ്പിളീ’ എന്നേ വരൂ. ഒന്നു രണ്ടു പ്രാവശ്യം ഇങ്ങനെ വിളിച്ചു കഴിയുമ്പോൾ സങ്കടമാണ്.

മകൻ രാജുവിന്റെ മോനെ ജഗൻ എന്നും മോളുടെ മൂത്ത മകനെ ജോജി എന്നുമാണ് അമ്പിളിച്ചേട്ടൻ വിളിക്കുന്നത്. ‘ജഗന്‍’ ആറാം തമ്പുരാനിലും ‘ജോജി’ കിലുക്കത്തിലും മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരാണ്. ഇപ്പോൾ കുട്ടികൾ മടിയിലൊക്കെ കയറി ഇരുന്നാൽ ഇടതുകൈകൊണ്ട് അവരെ ചേർത്തുപിടിക്കും.

ദിനചര്യകൾ എന്തൊക്കെയാണ്?

കൺമുന്നിൽ കാണുന്നതു മാത്രമേ ഓർമയിൽ നിൽക്കുകയുള്ളൂ. രാവിലെ പത്രം വായിക്കും. ഓടിച്ചു വായിക്കുന്നതാണ് പണ്ടേയുള്ള ശീലം. ഇപ്പോഴും അങ്ങനെ തന്നെ. വാർത്തകളൊ ക്കെ മനസിൽ തങ്ങിനിൽക്കുന്നുണ്ടോ ആവോ? ചുമ്മാ നോക്കുന്നതാണോ എന്നറിയാൻ ഇടയ്ക്ക് ഞങ്ങൾ ‘ഉമ്മൻചാണ്ടിയുടെ പടം കാണിച്ചു തരാമോ’ എന്നൊക്കെ ചോദിക്കും. കൃത്യമായി തൊട്ടുകാണിക്കും.

സിനിമയിൽ ഇപ്പോഴുള്ള പ്രതിസന്ധിയൊക്കെ അറിയാമെന്നു തോന്നുന്നു. ടിവിയിൽ വാർത്തകളും സിനിമകളും കാണും. കഴിഞ്ഞ ദിവസം ഒരു വാഹനാപകടത്തിന്റെ ദൃശ്യം കണ്ടപ്പോൾ പെട്ടെന്ന് അസ്വസ്ഥനായി.

ആരോഗ്യ കാര്യത്തിൽ പണ്ടേ ശ്രദ്ധയുണ്ട്. പ്രഭാത സവാ രിയും വ്യായാമവും നിർബന്ധമായിരുന്നു. ഇപ്പോഴും കൈകൾക്കും കാലുകൾക്കും വേണ്ടിയുള്ള ചില വ്യായാമങ്ങളൊക്കെയുണ്ട്. പരസഹായത്തോടെ നിൽക്കാൻ സാധിക്കും. ഭക്ഷണത്തിന്റെ കാര്യത്തിലും സ്വയം നിയന്ത്രണമുണ്ട്. രണ്ട് ഇഡ്ഡലി, രണ്ടു ദോശ എന്നാണ് കണക്ക്. വല്ലപ്പോഴും ഒരു മുട്ടയുടെ മഞ്ഞ കഴിച്ചതുകൊണ്ടു കുഴപ്പമില്ല എന്നു പറഞ്ഞാലും സമ്മതിക്കില്ല, വെള്ള മാത്രമേ കഴിക്കൂ.

പണ്ടു മുതലേ സിഗരറ്റ് വലിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. നിർത്താൻ പറഞ്ഞപ്പോൾ മൂക്കിപ്പൊടി വലി തുട ങ്ങി. അതു നിർത്തിയപ്പോൾ മുറുക്കാൻ ശീലമാക്കി. ഒന്നു നിർത്തുമ്പോൾ അടുത്തത് തുടങ്ങും. പക്ഷേ, ചോദിച്ചാൽ സമ്മ തിക്കില്ല. പല കാര്യങ്ങളും അങ്ങനെയാണ്. ചെയ്തതാണെ ന്ന് എനിക്ക് അറിയാം. പക്ഷേ, അദ്ദേഹം ‘ഇല്ല’ എന്നു പറയുമ്പോൾ ഞാൻ വിശ്വസിക്കും.

jagathy-sreekumar1

അപകട ശേഷവും വിവാദങ്ങളുണ്ടായി ?

പലരും പല കഥകളും പ്രചരിപ്പിച്ചു. ഞങ്ങൾ മനഃപ്പൂർവം അപകടത്തിൽപ്പെടുത്തിയെന്നു വരെ. ആശുപത്രിയിൽ എ ത്തിയപ്പോൾ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. സംസാരിച്ചതുമാണ്. പിന്നീടാണ് നില വഷളായത്. അദ്ദേഹത്തിന്റെ ഒപ്പം പഠിച്ച ഒരു സുഹൃത്തും അന്നു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു. ഓപ്പറേഷനിടെ ബോധം തെളിഞ്ഞെന്നും അലറി വിളിച്ച് എഴുന്നേറ്റെന്നും അദ്ദേഹം പിന്നീടു പറഞ്ഞു. കാറിന്റെ സീറ്റ് ബെൽറ്റ് മുറുകി ഞരമ്പിനേറ്റ ക്ഷതം എംആർഐ സ്കാനിങ് എടുക്കാതിരുന്നതിനാൽ തിരിച്ചറിയാൻ വൈകി.

അദ്ദേഹത്തിന്റെ ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. വീട്ടുചെലവിനുള്ള പണം എല്ലാ മാസവും ആ അക്കൗണ്ടിലേക്കാണ് ഇട്ടു തരാറ്. സിനിമാതാരത്തിന്റെ ഭാര്യയെന്നോ മക്കളെന്നോ ഉള്ള ജീവിതം ഞങ്ങള്‍ ഒരിക്കലും ജീവിച്ചിട്ടില്ല. ഒരു ആർഭാടവും ഉണ്ടായിരുന്നുമില്ല. ഞങ്ങൾക്കു വേണ്ട വസ്ത്രങ്ങൾ എടുത്തു തന്നിരുന്നതു പോലും ചേട്ടനാണ്. ഒന്നു രണ്ടു സ്ഥലത്ത് വസ്തു വാങ്ങിയിരുന്നു എന്നതൊഴിച്ചാൽ വലിയ സമ്പാദ്യമൊന്നും ഇല്ല. അമ്പിളിച്ചേട്ടനോട് ഇക്കാര്യം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ അദ്ദേഹത്തിന് കഴിയില്ലല്ലോ.

ഒരുപാട് പേർക്ക് അദ്ദേഹം സഹായം ചെയ്യുമായിരുന്നു. ഇന്നു കിട്ടുന്ന തുക നാളെയും കിട്ടും എന്നായിരുന്നു വിശ്വാസം. അപകടം നടക്കുമ്പോൾ കൈവശമുണ്ടായിരുന്ന ബ്രീഫ്കെയ്സിൽ പാലായിലെ ഒരു അനാഥമന്ദിരത്തിനുള്ള ചെക്ക് ഒപ്പിട്ടു വച്ചിരുന്നു. ആ ചെക്ക് ഞങ്ങൾ അവരെത്തന്നെ ഏൽപ്പിച്ചു.

സിനിമാ രംഗത്തുനിന്ന് സഹായം ലഭിച്ചിരുന്നോ?

അവസാനം അഭിനയിച്ച ‘തിരുവമ്പാടി തമ്പാ’ന്റെ പ്രവർത്തകർ പ്രതിഫലത്തിന്റെ ബാക്കി ആശുപത്രിയിൽ കൊണ്ടുതന്നു. പക്ഷേ, അപ്പോഴേക്കും ചിലരൊക്കെ അഡ്വാൻസ് മടക്കി ആ വശ്യപ്പെട്ടും വന്നിരുന്നു. ചാക്കോച്ചന്റെയും (മരുമകൻ ഷോണ്‍ ജോർജ്) രാജുവിന്റെ ഭാര്യയുടെയും കുടുംബങ്ങള്‍ നൽകിയ പിന്തുണയാണ് ഏറ്റവും തുണയായത്. നല്ല മരുമക്കളും അവ രുടെ കുടുംബവുമാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് തിരിച്ചറിഞ്ഞത് അന്നാണ്. ഇൻഷുറൻസ് തുക കിട്ടിയപ്പോൾ എല്ലാവർക്കും പണം മടക്കി നൽകി.
താരസംഘടനയായ ‘അമ്മ’ നല്‍കിയ തുകയ്ക്കൊപ്പം സ്വന്തമായി ഒരു സംഖ്യയും ചേർത്ത് അഞ്ചു ലക്ഷം രൂപ ദി ലീപ് നൽകി. ഈ അഞ്ചു വർഷവും മക്കളെ വിളിച്ചു ദിലീപ് വിശേഷങ്ങൾ അന്വേഷിച്ചിരുന്നു. എനിക്ക് ഒരു സിനിമാക്കാരെയും വ്യക്തിപരമായി അറിയില്ല. സിനിമാലോകത്തു നിന്ന് അത്രയും അകലെയായിരുന്നു ഞാൻ. വിദേശ യാത്രകളിൽ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. വീട്ടിലേക്ക് സിനിമാക്കാരെ വിളിക്കുന്ന രീതിയും അമ്പിളിച്ചേട്ടന് ഇല്ലായിരുന്നു.

ജഗതി എന്നും വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു ?

അമ്പിളിച്ചേട്ടന് അപകടം സംഭവിച്ചതിനു ശേഷമാണ് ഞങ്ങളൊക്കെ ജീവിതത്തിൽ ദുഃഖം അറിയുന്നത്. മുൻപ് പല പ്ര ശ്നങ്ങളും ഉണ്ടായെങ്കിലും ഞങ്ങളെ ആശ്വസിപ്പിക്കാനും ധൈര്യം തരാനും അദ്ദേഹം ഉണ്ടായിരുന്നു. വിതുര കേസിൽ  പ്രതിയായപ്പോൾ എന്നോടു പറഞ്ഞു, ‘ഇതു കള്ളക്കേസാണ്.’ അത് എനിക്കു പൂർണ വിശ്വാസമായിരുന്നു.
അടുത്തിെട വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ‘നെറ്റിയിൽ കുങ്കുമക്കുറി തൊട്ട, അച്ചാർ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാൾ’ എന്ന പെൺകുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാർ എന്ന് പ്രതിപ്പട്ടികയിൽ എഴുതി ചേർത്തത്. മലയാളത്തിലെ സുപ്രസിദ്ധ സിനിമാതാരത്തിന്റെ പേര് ആ പെൺകുട്ടിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും?

കേസിൽ ഉൾപ്പെടുത്താതിരിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നൽകാൻ തയാറല്ലെന്നു പറഞ്ഞു ചേട്ടൻ. ആദ്യം ഇരുപത്തി മൂന്നാം പ്രതിയായിരുന്നു. പിന്നീടാണ് മുന്നോട്ടു കയറ്റിയത്. കൈക്കൂലി ചോദിച്ചതിനെക്കാൾ പണം കേസു നടത്താൻ ചെലവായി. പക്ഷേ, സത്യം തെളിഞ്ഞ ആശ്വാസമായിരുന്നു.

ദിലീപിനെതിരേ ഇപ്പോൾ വരുന്ന വാർത്തകളും എന്നെ അസ്വസ്ഥയാക്കുന്നുണ്ട്. തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. അല്ലാതെ മാധ്യമ വിചാരണ നല്ലതല്ല. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ആളാണ് ഞാൻ. അന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു.

ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു, ‘ശോഭച്ചീ, എനിക്ക് നിന്നെ നന്നായി അറിയാം. പക്ഷേ, നിനക്ക് എന്നെ മുഴുവനായും അറിയില്ല. എന്റെ ചീത്ത വശം നീ അറിയേണ്ട.’ അങ്ങനെ തന്നെയാണ് ഞാൻ ഇന്നും കാണുന്നത്. അദ്ദേഹം എന്തു പറഞ്ഞാലും വിശ്വസിക്കും, അനുസരിക്കും. ഇപ്പോൾ മക്കൾ പറയും, ‘അമ്മ അച്ഛനെ കുറച്ചു കൂടി നിയന്ത്രിക്കേണ്ടതായിരുന്നു’ എന്ന്. എനിക്കും തോന്നും കുറച്ചു കൂടി സ്ട്രിക്ട് ആയിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു.

jagathy-000

ജഗതിക്ക് കുടുംബത്തെ വലിയ കരുതൽ ആയിരുന്നു?

അമ്പിളിച്ചേട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ എ നിക്ക് പ്രായം പതിനെട്ട്, അദ്ദേഹത്തിന് എന്നേക്കാള്‍ പത്തു വയസ്സു കൂടുതല്‍.  വിവാഹശേഷം വീട്ടിൽ നിന്നു വരുമ്പോൾ അടൂരുള്ള ഹോട്ടലിൽ ചായ കുടിക്കാൻ കയറി. അപ്പോഴാണ് അദ്ദേഹത്തിന്റെ മുഖം അടുത്തൊന്നു കാണുന്നത്. ‘നിനക്ക് ചായ വേണോ’ എന്നാണ് ആദ്യമായി ചോദിച്ചത്.
അന്നു മുതൽ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യും. എ ന്നെ ഒറ്റയ്ക്ക് എങ്ങും വിട്ടിട്ടില്ല. തിരക്കുകൾ കുറയ്ക്കാൻ തീരുമാനമെടുക്കും. പക്ഷേ, സംവിധായകർ വിളിക്കുമ്പോൾ ‘എന്നെ ആവശ്യമുണ്ടാകും, പറ്റില്ലെന്ന് പറഞ്ഞാൽ സങ്കടമാകും’ എന്നാണ് ന്യായം. പക്ഷേ, എനിക്കു കാൻസർ പിടിപെട്ടുചികിത്സയിലായിരുന്നപ്പോൾ സിനിമ ഉപേക്ഷിച്ച് ഒപ്പമിരുന്നു.
ഞാൻ സങ്കടപ്പെടുന്നത് ചേട്ടന് വലിയ വിഷമമായിരുന്നു.

വീട്ടില്‍ ചില പരിഭവങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ എന്റെ ആങ്ങളയെ വിളിച്ച്, ‘പെങ്ങൾ ഇവിടെ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നു, നീ വന്ന് കഴിപ്പിക്കൂ’ എന്നു പറയും. ഷൂട്ടിങ് കഴിഞ്ഞ് പുലർച്ചെ വന്നാൽ ‘ശോഭച്ചിയുടെ ഉറക്കം കളയേണ്ട’ എന്നു പറഞ്ഞ് വിളിക്കില്ല. സന്തതസഹചാരിയായ വിജയനൊപ്പം കാറിൽ കിടന്നുറങ്ങും. പലപ്പോഴും നടക്കാൻ പോയി വന്നിട്ടേ എന്നെ വിളിക്കൂ. എന്നും ഷേവ് ചെയ്യണമെന്ന് നിർബന്ധമായിരുന്നു. ഷേവ് ചെയ്തു കഴിഞ്ഞ് ടവൽ കൊണ്ട് എന്റെ മുഖവും ഒപ്പും. ഇപ്പോൾ മുഖം ഒപ്പിക്കൊടുക്കുമ്പോൾ ഞാൻ ചോദിക്കും, ‘അമ്പിളിച്ചേട്ടന് അതൊക്കെ ഓർമയുണ്ടോ.’

ഒരു ദിവസം ദുഃഖം സഹിക്കാതെ ഞാൻ കുറേ സങ്കടം പറ ഞ്ഞു. ഇടയ്ക്ക് കരഞ്ഞു. പെട്ടെന്ന് ചേട്ടൻ ഇടംകൈ കൊണ്ട് എന്റെ കൈയിൽ മുറുക്കെ പിടിച്ചു. പ്രതികരിക്കാനാവുന്നില്ലെങ്കിലും എല്ലാം തിരിച്ചറിയുന്നു എന്ന് മനസിലായത് അന്നാണ്.

ഭാര്യയുടെ പാചകം വലിയ ഇഷ്ടമായിരുന്നു ?

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ തമ്പലയ്ക്കാടാണ് എന്‍റെ വീട്.  അമ്മ പറഞ്ഞിരുന്നു, ഭർത്താവിന്റെ സ്നേഹം പിടിച്ചു പറ്റാൻ ഏറ്റവും നല്ല വഴി രുചിയുള്ള ഭക്ഷണം പാകം ചെയ്തു കൊടുക്കുകയാണ് എന്ന്. ഇടയ്ക്ക് വല്ലപ്പോഴും പാചകക്കാരനാണ് കറികൾ ഉണ്ടാക്കിയതെങ്കിൽ ചോദിക്കും, ‘ശോഭച്ചി ഇന്ന് അടുക്കളയിൽ കയറിയില്ല അല്ലേ.’ മീൻകറി വലിയ ഇഷ്ടമായിരുന്നു. ഇടയ്ക്കൊക്കെ ‘പാചക കുന്തളറാണി’ എന്നെന്നെ കളിയാക്കി വിളിക്കും. ചില ദിവസങ്ങളിൽ രാത്രി വൈകി വന്ന് നേരേ അടുക്കള യിൽ പോയി പാചകം തുടങ്ങും. ഒത്തിരി കഴിക്കില്ലെങ്കിലും കഴിക്കുന്നതിന് നല്ല രുചി വേണമെന്ന് നിർബന്ധമായിരുന്നു.

ജാതകത്തിൽ അപകടത്തിന്റെ കാര്യം പറഞ്ഞിരുന്നു ?

നേരിൽ കണ്ട് എഴുതിയതു പോലെയാണ് അമ്പിളിച്ചേട്ടന്റെ ജാതകം. ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അതേപടി സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച ഒരു വലിയ അപകടമുണ്ടാകുമെന്നു പോലും അതിൽ പറയുന്നുണ്ട്. ഞങ്ങൾക്ക് എന്തെങ്കിലും പറ്റുമോ എന്നായിരുന്നു അമ്പിളിച്ചേട്ടന്റെ ഭയം. കുടകിലേക്ക് ഷൂട്ടിങിന് പോകുന്നതിനു മുൻപ് ഫോണിൽ വിളിച്ചിരുന്നു. ഞാനന്ന് പാർവതിയുടെ വീട്ടിലാണ്. ഞങ്ങളോടും അങ്ങോട്ടു ചെല്ലാൻ പറഞ്ഞു. കുട്ടികളുമൊത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം എന്നൊക്കെ ഉപദേശിച്ചു.

പുലർച്ചെ ജോജി ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് അലറിക്കരഞ്ഞു. അവനെ ഒരുവിധത്തിൽ സമാധാനിപ്പിച്ച് ഉറക്കി മണിക്കൂറുകൾക്കകം അപകടവാർത്ത എത്തി. പിന്നെയാണ് ഞങ്ങളുടെ ലോകം കീഴ്മേൽ മറിയുന്നത്.

ജാതകപ്രകാരം ഇപ്പോൾ അമ്പിളിച്ചേട്ടന് നല്ല സമയമാണ്. ഇപ്പോഴല്ലേ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്.

വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം അദ്ദേഹം വിവാഹ മോതിരം ഊരി കയ്യിൽ തന്നിട്ടു പറഞ്ഞു, ‘എന്റെ ജോലിക്ക് ഇതു സൂക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല. ഏതെങ്കിലും ഹോട്ടൽ മുറിയിലോ ബാത്റൂമിലോ കളഞ്ഞു പോകാം. ശോഭച്ചി ഇതു സൂക്ഷിക്കണം. തിരക്കൊഴിഞ്ഞ് വീട്ടിൽ ഇരിക്കുന്ന കാലത്ത് നീ തന്നെ എന്റെ കൈയിൽ ഇട്ടുതന്നാൽ മതി.’

ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ആ മോതിരം.  കഴിഞ്ഞ ദിവസം ഞാനത് അമ്പിളിച്ചേട്ടന്റെ വിരലിൽ അണിയിച്ചു കൊടുത്തിട്ടു പറഞ്ഞു‍, ‘ഇനി ഈ മോതിരം ഈ വിരലില്‍ തന്നെ കിടക്കട്ടെ.’ ചേട്ടൻ എന്റെ മുഖത്തേക്കു തന്നെ നോക്കി. എന്നെ ഹൃദയത്തോടു ചേർത്ത സന്തോഷം ആ കണ്ണുകളിലുണ്ടായിരുന്നു.

jagathi-familyuu