Wednesday 12 December 2018 05:11 PM IST : By രൂപാ ദയാബ്ജി

കൊച്ചിയിലെ ഋതിക് റോഷൻമാർ!

kattappana1.jpg.image.784.410 ഫോട്ടോ: സരിൻ രാംദാസ്

നോട്ടുനിരോധനം കാരണം റിലീസ് മാറ്റിവച്ച സിനിമയാണ് ‘കട്ടപ്പനയിലെ ഋതിക് റോഷൻ’. അന്നു കയറിനിന്ന പനമ്പിള്ളി നഗർ എടിഎമ്മിനു മുന്നിലെ ക്യൂവിൽ നിന്ന് തല പുറത്തേക്കിട്ട് വിഷ്ണുവും ബിബിനും കോറസ്സായി പറഞ്ഞു, ‘‘പത്തു മിനിറ്റേ...’’ മലയാള സിനിമയിലെ പുതിയ സിദ്ദിഖ്– ലാലുമാരെന്ന ചിരിപ്പതക്കം പ്രേക്ഷകർ ഇവർക്ക് നൽകിക്കഴിഞ്ഞു. സംവിധായകനായി നാദിർഷയുടേയും തിരക്കഥാക‍ൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും  ബിബിൻ ജോർജിന്റെയും കന്നിയങ്കമായിരുന്നു ‘അമർ അക്ബർ അന്തോണി’. രണ്ടാമത്തെ ചിത്രത്തിലും കൂട്ടുകെട്ട് തുടർന്നു.

പക്ഷേ, ട്വിസ്റ്റ് അവിടെയല്ല, ചിത്രത്തിലെ നായകനായി നാദിർഷ വിഷ്ണുവിനെ അവതരിപ്പിച്ചപ്പോൾ പലരും ഞെട്ടി. കൊച്ചിയിലൂടെ കൂളായി നടന്ന ഈ പയ്യന്മാർ അങ്ങനെ താരങ്ങളായി. ക്യൂ നിന്ന് കിട്ടിയ രണ്ടായിരം രൂപ ഭദ്രമായി പഴ്സിൽ വച്ച് സംസാരിക്കാനിരിക്കുമ്പോൾ മുൻകൂർ ജാമ്യം പോലെ ബിബിൻ പറഞ്ഞു, ‘‘ചോദിച്ചോളൂ... ചോദിച്ചോളൂ... ചില്ലറ ഒഴിച്ച് എന്തു വേണമെങ്കിലും ചോദിച്ചോളൂ...’’

സീൻ ഒന്ന്: ക്രിക്കറ്റ് മാച്ച്

ബിബിൻ: അന്നു ഞാൻ ആറാം ക്ലാസിലാണ്. കാക്കനാട് എംഎച്ച്എസിൽ. ക്ലബിലെ പരിപാടിക്ക് മിമിക്രി ചെയ്യണം. പക്ഷേ, ഒന്നുരണ്ടു പേർ കൂടിയുണ്ടെങ്കിലേ ഉഷാറാക്കാൻ പറ്റൂ. അന്നേരം കൂട്ടത്തിലെ ശ്രീനാഥ് പറഞ്ഞു, ‘എന്റെ സ്കൂളിൽ മിമിക്രി ചെയ്യുന്ന പയ്യനുണ്ട്. വിഷ്ണു. പിന്നെ, സഞ്ജയ‌്യും  അനീഷും. അവരെ കൊണ്ടുവന്ന് ടീമാക്കാം.’ ഇതാരെടാ വലിയ വിഷ്ണു എന്നൊക്കെ ഞാൻ ആലോചിച്ചു. ശ്രീനാഥ് തന്നെ വിഷ്ണുവിനെ വിളിച്ചു കൊണ്ട് വന്നു. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് പോലെ ആദ്യകാഴ്ചയിൽ തന്നെ ഞങ്ങൾ സുഹൃത്തുക്കളായി. അന്ന് പരിപാടിക്ക് ശേഷം വിഷ്ണുവിനെ തോളിലെടുത്താണ് ഞങ്ങൾ കൊണ്ടുപോയത്. അത്ര ഹിറ്റായിരുന്നു അവന്റെ പെർഫോമൻസ്.

വിഷ്ണു: കലൂരിലെ  ദാറുൽ ഉലൂം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്. കൂട്ടുകാരെ സംഘടിപ്പിച്ച് ഒരു സ്കിറ്റ് തട്ടിക്കൂട്ടി. സമ്മാനമായി കിട്ടിയ പ്ലാസ്റ്റിക് മഗ്ഗ്, വേൾഡ് കപ്പുമായി  ചെല്ലുന്ന പോലെയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് മിമിക്രി മത്സരത്തിൽ പങ്കെടുക്കുന്നത്. ഒരിക്കൽ മുളവുകാട് അമ്പലത്തിൽ വൺമാൻ ഷോ അവതരിപ്പിച്ചു. ചിത്രഗീതമാണ് ചെയ്യുന്നത്. പരിപാടി അവസാനിച്ചപ്പോൾ ഒരാൾ സ്റ്റേജിൽ കയറിവന്ന് നോട്ടുമാലയിട്ടു, അത് ധർമജൻ ബോൾഗാട്ടി ആയിരുന്നു.

അന്നു മുതലേ ചേട്ടൻ സുഹൃത്തായി. സ്കൂളിൽ ടീച്ചർമാരെ അനുകരിക്കുന്നതായിരുന്നു പ്രധാന ഐറ്റം. ജോയ് സാറും ജിജുസാറുമൊക്കെയാണ് പ്രോത്സാഹിപ്പിച്ചത്. ക്ലാസിൽ നിന്നു കിട്ടിയ കയ്യടിയാണ് എന്റെ വളർച്ചയ്ക്ക് കാരണം. ഇതു വായിച്ചാൽ അവർ ഉറപ്പായും വിളിച്ചു ചോദിക്കും, റിട്ടയർ ചെയ്തിട്ടും നീ സമാധാനം തരില്ലല്ലോടാ എന്ന്.

സീൻ രണ്ട്: വറീത് രാജാവിന്റെ കൊച്ചുമകൻ

ബിബിൻ: അപ്പച്ചൻ വിൻസന്റ് പാടുമായിരുന്നു. അച്ഛന്റെ അച്ഛൻ ചവിട്ടുനാടക കലാകാരനായിരുന്നു. പതിവായി രാജാപ്പാർട്ട് കെട്ടിയതിനാൽ കൊച്ചുവറീത് എന്നാണ് പേരെങ്കിലും രാജാവ് എന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. നഴ്സറിയിൽ പഠിക്കുമ്പോൾ മുതൽ ഞാനും പാടിത്തുടങ്ങി. ആയിടയ്ക്കാണ് ഇൻജക്‌ഷൻ എടുത്തിട്ട് പനിയും അസുഖവുമായി ആശുപത്രിയിലാകുന്നത്. അതോടെ ഇടത്തേ കാലിന്റെ കാര്യം ഓക്കെയായി. ഇൻജക്‌ഷൻ എടുത്തപ്പോൾ ഫ്രീയായി കിട്ടിയതാണ്.

ചെറിയ പ്രായത്തിൽ ഞാൻ ഓടിക്കളിച്ച് നടന്നതൊക്കെ അമ്മച്ചി പറഞ്ഞുകേട്ടിട്ടുണ്ട്. സ്റ്റേജിൽ നിന്നു പാടുമ്പോൾ എന്റെ കാലും പാട്ടും ആളുകൾ ശ്രദ്ധിക്കുന്നു എന്നു മനസ്സിലായി തുടങ്ങിയതോടെ കാലുമാറ്റി ചവിട്ടി മിമിക്രിയിലെത്തി. ആദ്യസീനിലെ സ്റ്റേജ് പെർഫോമൻസിൽ വിഷ്ണുവിന്റെ ആദ്യ ഡയലോഗ് ഇപ്പോഴും ഓർമയുണ്ട്. കൊച്ചിൻ ഹനീഫയുടെ ശബ്ദത്തിലാണ് ചോദ്യം, ‘‘സേതുമാധവന്റെ അളിയനെന്തിനാണ് കാശ്...’’

വിഷ്ണു: സ്റ്റേജിൽ കയറും മുമ്പേ എന്റെ മിമിക്രിക്ക് കയ്യടി കിട്ടിയത് മൂന്നാം വയസ്സിലാണ്. കൊച്ചച്ഛൻ കഴിക്കാന്‍ വരാറായെന്നു പറഞ്ഞ് തിരക്കിട്ട് അച്ഛമ്മ ചമ്മന്തിയരയ്ക്കുന്നു.

കല്ലിൽ നിന്ന് ചമ്മന്തി വാരിയെടുത്ത് പോകുന്ന വഴി തട്ടിയടിച്ച് ഒറ്റ വീഴ്ച. ചമ്മന്തിയും പാത്രവും ചൈനാക്കാരുടെ പേരു പോലെ ക്ണിം ക്ണിം എന്നൊരു പോക്ക്. ആ നിമിഷം മുതൽ അച്ഛമ്മയുടെ ഓട്ടവും വീഴ്ചയും വിത് ഡയലോഗ് ആൻഡ് ആക്‌ഷൻ ഞാൻ അനുകരിക്കാൻ തുടങ്ങി.

കണ്ടവരെല്ലാം തലയറഞ്ഞു ചിരിച്ചു. അതുകണ്ടിട്ട് ചിരിക്കാത്തതായി അച്ഛമ്മ മാത്രമേയുള്ളൂ. നാട്ടിലുള്ള മനുരാജ് ചേട്ടൻ  കൊച്ചിൻ ജൂനിയേഴ്സ് എന്ന ടീമുണ്ടാക്കിയപ്പോൾ എന്നെയും മിമിക്രിയിലെടുത്തു.

സീൻ മൂന്ന്: നേർക്കുനേർ

ബിബിൻ: ഞാനും മിമിക്രി തുടങ്ങിയതോടെ ഞങ്ങൾ തമ്മിലായി മത്സരം. എപ്പോഴും വിഷ്ണുവിനാണ് ഒന്നാം സമ്മാനം, എനിക്ക് സെക്കൻഡേ കിട്ടൂ. അന്ന് എന്റെയുള്ളിൽ ഒരു ശീതസമരവും ഉണ്ടായിരുന്നു. മഹാരാജാസിൽ വച്ച് ഒരു തവണ മിമിക്രിയിൽ വിഷ്ണുവിനെ തോൽപ്പിച്ചു. പക്ഷേ, അപ്പോഴൊക്കെയും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ആ വർഷം മുതലാണ് കോളജുകളിൽ കലോത്സവങ്ങൾ നിർത്തിയത്.

വിഷ്ണു: സംസ്ഥാന ഹയർ സെക്കൻഡറി കലോത്സവത്തിൽ മിമിക്രിക്ക് ഫസ്റ്റ് കിട്ടിയ ഫോട്ടോ പത്രത്തിൽ കണ്ടിട്ടാണ് നിഷാദ്  എന്ന സഹസംവിധായകൻ വിളിക്കുന്നത്. ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിൽ സിഗരറ്റ് മോഷ്ടിച്ചു എന്നുപറഞ്ഞ് തല്ലുന്ന സീൻ. അതിലെ ഡയലോഗ് ഒറ്റ ടേക്കിൽ ഓക്കെയാക്കി. സിബി മലയിൽ സാർ ഷേക്ക്ഹാൻഡ് തന്നു, ക്രൂ മൊത്തം കയ്യടിച്ചു. ആ സീൻ നന്നായതോടെ കുറച്ചുകൂടി സീനുകളിൽ ഉൾപ്പെടുത്തി. പിന്നീട് സിബി സാറിന്റെ തന്നെ ‘അമൃതം’ എന്ന സിനിമയിൽ ജയറാമേട്ടന്റെ കൂട്ടുകാരനായ പയ്യന്റെ റോൾ ചെയ്തു. ‘ബാച്ച്ലർ പാർട്ടി’യിൽ കലാഭവൻ മണി ചേട്ടന്റെയും ‘ഇയ്യോബിന്റെ പുസ്തക’ത്തിൽ ലാൽ സാറിന്റെയും ചെറുപ്പം ചെയ്തു. എഴുത്തിന്റെ വഴിയിൽ അന്നേ ബിബിനുണ്ട്. ടിവി പരിപാടികൾക്ക് സ്ക്രിപ്റ്റ് എഴുതി തുടങ്ങിയിരുന്നു അവൻ. ഞങ്ങൾ ഒന്നിച്ച് സ്കിറ്റുകളും ഷോകളും ചെയ്യും.

kattappana2.jpg.image.784.410



സീൻ നാല്: ഫോൺ വഴി വന്ന അനുഗ്രഹം

ബിബിൻ: മഹാരാജാസിൽ ബിഎയ്ക്ക് പഠിക്കുമ്പോൾ തന്നെ കോമഡി പരിപാടികൾക്ക് സ്ക്രിപ്റ്റ് എഴുതുമായിരുന്നു. കോമഡി കസിൻസ്, രസികരാജ നമ്പർ വൺ, കളിയും ചിരിയും, ആടാം പാടാം, ബഡായി ബംഗ്ലാവ് വരെയെത്തി അത്. ‘കളിയും ചിരിയും’ ചെയ്യുന്ന കാലത്താണ് നാദിർഷാക്കയെ പരിചയപ്പെടുന്നത്. മിമിക്രിക്കാരുടെ പുണ്യാളനല്ലേ. ബഹുമാനവും സ്നേഹവുമായി. സൗഹ‍ൃദം അങ്ങനെ തുടർന്നു. അങ്ങനെ യിരിക്കെയാണ് സിനിമാക്കഥ എഴുതാൻ മോഹം കയറുന്നത്. ഞങ്ങളെ നായകന്മാരാക്കിയാണ് കഥ എഴുതിയത്. സ്ക്രിപിറ്റ് എഴുതാനിരിക്കും മുമ്പ് ദൈവം പറഞ്ഞു നാദിർഷാക്കയെ വിളിച്ച് അനുഗ്രഹം വാങ്ങാൻ. ‘‘ഇക്കാ, ഞങ്ങളൊരു കഥയെഴുതുകയാണ്, അനുഗ്രഹിക്കണം.’’ ഫോണിലൂടെ ഇത്രയേ പറഞ്ഞുള്ളൂ. വർഷങ്ങൾ കഴിഞ്ഞ് സ്ക്രിപ്റ്റ് സിനിമയാക്കാൻ നടന്ന കാലത്ത് സാറ്റ്‌ലൈറ്റ് റൈറ്റ് ഒക്കെ പ്രശ്നമായി. ഞങ്ങൾ തന്നെ നായകന്മാരായാൽ  ആ സിനിമ ആരും എടുക്കില്ല. അതോടെ മോഹം പെട്ടിയിലിട്ടടച്ച് തട്ടുമ്പുറത്തു വച്ചു. ബാക്കി കഥ നടക്കുന്നത്  പിന്നെയും ഒരു വർഷം കൂടി കഴിഞ്ഞാണ്.

വിഷ്ണു: ഒരിക്കൽ ബഡായി ബംഗ്ലാവിൽ ഗസ്റ്റായി നാദിർഷാക്ക വന്നു. കണ്ടപ്പോൾ തന്നെ ഇക്ക ബിബിനോട് ഒരു ചോദ്യം, ‘‘അന്നു പറഞ്ഞ സ്ക്രിപ്റ്റ് എന്തായി?’’ ഞങ്ങൾ അദ്ഭുത പ്പെട്ടു, അദ്ദേഹം ഓർത്തിരിക്കുന്നുണ്ടല്ലോ. മറുപടി പറയാൻ ഞങ്ങൾക്ക് ആലോചിക്കേണ്ടി വന്നില്ല, ‘‘അതു പിന്നെ, ഇക്കാ, ഇത് ദിലീപേട്ടന് പറ്റിയ സ്ക്രിപ്റ്റല്ല.’’ അതൊക്കെ ശരി തന്നെ, എന്തായാലും നിങ്ങളൊന്നു വന്ന് കഥ പറയൂ എന്നു പറഞ്ഞ് ഇക്ക പോയി. പിറ്റേന്ന് രാവിലെ വീട്ടിൽ ചെല്ലുമ്പോൾ ഇക്ക പുറത്തെവിടെയോ പോകാൻ തയാറായി നിൽക്കുകയാണ്. ‘‘ഇരിക്ക്, അഞ്ചുമിനിറ്റ്  കൊണ്ട് കഥ പറയൂ’’ എന്നായി. അന്നും ഇന്നും കഥ പറയാൻ ഞങ്ങൾക്ക് അറിയില്ല. ആദ്യ രണ്ടുസീൻ വായിക്കാമെന്നു പറഞ്ഞാണ് ഇരുന്നത്. രണ്ടായി, മൂന്നായി, നാലായി... സീൻ ഓർഡർ പ്രകാരമുള്ള 63 സീനും വായിച്ചുകേട്ടിട്ടാണ് ഇക്കാ എഴുന്നേറ്റത്. ‘‘ഇതാണ് എന്റെ ആദ്യത്തെ പടം, ഇൻഷാ അള്ളാ’’ എന്ന് അദ്ദേഹം പറയുമ്പോൾ സ്വപ്നമാണോ സത്യമാണോ എന്ന് അറിയില്ലായിരുന്നു.

ബിബിൻ: ആദ്യം ഞെട്ടിച്ചെങ്കിലും രണ്ടാമത്തെ ചോദ്യത്തിൽ ഇക്കാ ഞങ്ങളെ വെട്ടി. ‘‘അല്ല, നായകന്മാരായി ആരെയാണ് ഉദ്ദേശിക്കുന്നത്?’’ താടി ചൊറിഞ്ഞ് സീരിയസായാണ് ഇക്കയുടെ ചോദ്യം. ഞങ്ങൾ പരുങ്ങലോടെ പറഞ്ഞു. ‘ഞങ്ങൾ, ഞങ്ങളെ തന്നെയാണ് ഉദ്ദേശിക്കുന്നത്.’  

‘‘എന്റെ ആദ്യസിനിമയാണ് മക്കളേ, ഇത് ആരെങ്കിലും കാണണ്ടേ. ഒരു നായകനെങ്കിലും ഇല്ലാതെ പറ്റില്ലല്ലോ.’’ ഒരു നായകനെ ഇട്ടിട്ട് ബാക്കി രണ്ടു റോൾ ഞങ്ങൾക്ക് ചെയ്യാമെന്നല്ലേ അപ്പോഴും പ്രതീക്ഷ. എന്നെ വച്ച് എഴുതിയ കാലിന് സ്വാധീനക്കുറവുള്ള അക്ബർ എന്തായാലും പോകില്ലെന്നുറപ്പായിരുന്നു. പക്ഷേ, അതും ജയസൂര്യ ചേട്ടൻ കൊണ്ടുപോയി. ഞങ്ങൾക്ക് കിട്ടിയത് ചെറിയ വേഷങ്ങൾ ആയിരുന്നെങ്കിലും ഞങ്ങളുടെ സിനിമ വളർന്നതു കണ്ട് മനസ്സുനിറഞ്ഞു.

വിഷ്ണു: സ്ക്രിപ്റ്റ് എഴുതാൻ ഇരിക്കുമ്പോൾ നാദിർഷാക്കയെ വിളിക്കാൻ തോന്നിച്ചത് ദൈവമാണെന്നു പറഞ്ഞത് വെറുതേയല്ല. വർഷങ്ങൾക്കിപ്പുറം അത് സിനിമയായപ്പോൾ സംവിധാനം ചെയ്തത് അദ്ദേഹം തന്നെയല്ലേ. ദിലീപേട്ടന് പറ്റിയ സ്ക്രിപ്റ്റല്ല എന്ന് അന്നു പറഞ്ഞെങ്കിലും  ഞങ്ങൾ സ്ക്രിപ്റ്റെഴുതിയ രണ്ടാമത്തെ സിനിമ നിർമിച്ചത് ദിലീപേട്ടനാണ്. എല്ലാം ദൈവനിശ്ചയം. പക്ഷേ, ഇതിനിടയിലെ ഒരു ട്വിസ്റ്റ് ഞങ്ങളറിയുന്നത് പിന്നീടാണ്. അമറിന്റെ സ്ക്രിപ്റ്റ് ഞങ്ങൾ കലാഭവൻ ഷാജോൺ ചേട്ടനെ വായിച്ചുകേൾപ്പിച്ചിരുന്നു. ചേട്ടനാണ് നാദിർഷാക്കയോട് അതിനെപറ്റി പറയുന്നത്. അതിനടുത്ത ദിവസമാണ് ബഡായി ബംഗ്ലാവിൽ വച്ച് കാണുമ്പോൾ ഇക്ക ഞങ്ങളോട് സ്ക്രിപ്റ്റിന്റെ കാര്യം തിരക്കുന്നത്.

സീൻ അഞ്ച്: അമർ ടു റോഷൻ

ബിബിൻ: അമറിന്റെ കഥ എഴുതുമ്പോൾ കൺഫ്യൂഷനുണ്ടായിരുന്നു. സീരിയസ് ആക്കാതെ ഷുഗർ പാക്ക് ചെയ്ത് അവതരിപ്പിച്ചതു കൊണ്ടാണ് ആളുകൾ സ്വീകരിച്ചത്. പിന്നെ, ആ കഥ ഞങ്ങൾക്കു വേണ്ടി എഴുതിയതായതു കൊണ്ട് കുറേയൊക്കെ ഞങ്ങളുടെ ജീവിതത്തിലെ കഥകളും വന്നിരുന്നു. ഋതിക് റോഷനിലെ സലിംകുമാർ ഏട്ടന്റെ കഥാപാത്രവും മനസ്സർപ്പിച്ച്  എഴുതിയതാണ്. ‘പുലിവാൽ കല്യാണ’ത്തിലെയും ‘മായാവി’യുടെയുമൊക്കെ മീറ്ററിൽ സലിമേട്ടനെ കിട്ടണമെന്നത് നാദിർഷാക്കയുടെ ആവശ്യമായിരുന്നു.

വിഷ്ണു: അടുത്ത സിനിമയെ കുറിച്ച് ചിന്തിച്ചപ്പോഴേ അമർ പോലെ ആകരുതെന്ന് തീരുമാനിച്ചിരുന്നു. സിനിമാമോഹം തലയ്ക്കുപിടിച്ച് നടക്കുന്ന കുറേ പേരുണ്ട് നമുക്ക് ചുറ്റും. ഞാനും ബിബിനും ഉൾപ്പെടെയുള്ളവർ ആ കൂട്ടത്തിലാണ്. കട്ടപ്പനയിലെ  കിച്ചുവാകാൻ  ഒരു താരം  തന്നെ വേണമെന്നു മനസ്സിലുണ്ടായിരുന്നു. ധർമജൻ ചേട്ടൻ ചെയ്ത റോളാണ് എനിക്കുവേണ്ടി വച്ചത്. പക്ഷേ, കാര്യങ്ങള്‍ മാറിമറിഞ്ഞ് ഇങ്ങനെയായി. ഞാൻ മാത്രമല്ല, വലിയ വേഷത്തിലേക്ക് ചുവടുമാറിയത്. റാഫി സാർ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘റോൾ മോഡൽസി’ൽ പ്രധാന വില്ലൻ കഥാപാത്രമാകുന്നത് ബിബിനാണ്. ഇപ്പോൾ അവൻ ചോദിച്ചു തുടങ്ങിയിട്ടുണ്ട്, അടുത്ത സ്ക്രിപ്റ്റ് നീ നായകനും ഞാൻ വില്ലനുമായി ചെയ്താലോ എന്ന്.

സീൻ ആറ്: സ്നേഹപ്പാരകൾ

ബിബിൻ: കട്ടപ്പനയിലെ ‘‘മിന്നാമിന്നിക്കും...’’ പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തത് ദിനേശ് മാസ്റ്ററാണ്. ഈ പാട്ടിൽ ദിനേശ് മാസ്റ്റർ ഡാൻസ് ചെയ്തിട്ടുമുണ്ട്. ഒരു തമിഴ് സിനിമയിൽ നടൻ വിശാൽ നിർബന്ധിച്ചിട്ടു പോലും ഡാൻസ് ചെയ്യാതിരുന്ന മാസ്റ്ററാണ് ഇതിലെ വിഷ്ണുവിന്റെ ഡാൻസ് കണ്ട് വീണുപോയത്.

കുറവുകൾ കൂടുതലുള്ളവരെ പഠിപ്പിച്ചെടുത്തതിന്റെ സന്തോഷം കൊണ്ടാകുമെന്നു പറഞ്ഞ് ഞാൻ കളിയാക്കാറുണ്ട്. ഇടയ്ക്ക് ഇവൻ എനിക്കിട്ട് പണിയും തരുന്നുണ്ട് കേട്ടോ. എന്റെ കല്യാണാലോചന മുടക്കി, വഞ്ചകൻ...

വിഷ്ണു: ആ കഥ ഞാൻ പറയാം. സിനിമ റിലീസാകും മുമ്പേ ചാനലിന്റെ ഇന്റർവ്യൂവിന് പോയതാണ്. ഞാനും ബിബിനും നാദിർഷാക്കയും. അമറിന്റെ കഥ ഞങ്ങളുടെ കൂടി കഥയാണെന്നു പറഞ്ഞപ്പോൾ അവതാരക ഒരു ചോദ്യം, ‘‘അപ്പോൾ ജെനി ശരിക്കും ഉള്ള ആളാണല്ലേ.’’ ചോദ്യം കേട്ട് ബിബിൻ ചമ്മി. എന്തെങ്കിലുമൊന്നു വീണുകിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. തലങ്ങും വിലങ്ങും ഗോളടിച്ചു കയറ്റി. അത്രയേ ചെയ്തുള്ളൂ, അത് മാത്രേ ചെയ്തുള്ളൂ. അതിനാണ് കല്യാണം  മുടക്കിയെന്നൊക്കെ പറയുന്നത്.

ബിബിൻ: ഇവർ അത്രയേ ചെയ്തുള്ളൂ. ബാക്കി ചെയ്തത് എന്റെ സ്വന്തം അമ്മയാണ്. ആ സമയത്താണ് ഒരു കല്യാണാലോചന വരുന്നത്. അമ്മ പെൺവീട്ടുകാരെ വിളിച്ചു പറഞ്ഞു ചെക്കൻ ചാനലിലെ പരിപാടിയിൽ വരുന്നുണ്ടെന്ന്. പരിപാടി കഴിഞ്ഞതും അവർ ഇങ്ങോട്ട് വിളിച്ചുപറഞ്ഞു, ആലോചന മതിയാക്കുവാണെന്ന്.

സീൻ ഏഴ്: കുടുംബത്തിലെ കുട്ടികൾ

വിഷ്ണു: കലൂരാണ് വീട്. അച്ഛൻ ഉണ്ണികൃഷ്ണൻ മാർക്കറ്റിലെ  കടയിൽ ജീവനക്കാരനാണ്. അമ്മ ലീല വീട്ടമ്മ. രണ്ടു ചേച്ചിമാരുണ്ട്, ലക്ഷ്മിപ്രിയയും രശ്മിയും. ഒരാൾക്ക് എയർപോർട്ടിലാണ് ജോലി, രണ്ടാമത്തെയാൾ ഹൗസ് വൈഫ്. ‘‘സിനിമാനടനൊക്കെ ആയില്ലേ, ഇനി വല്ല ജോലിക്കും പോയ്ക്കൂടേ...’’ എന്ന് അമ്മ ചോദിക്കുന്നു. ‘‘ഡാൻസ് അങ്ങോട്ട് ശരിയായിട്ടില്ല, ചിലയിടത്തൊക്കെ ചെറിയ ചമ്മലുണ്ടായല്ലോ...’’ എന്നാണ് അച്ഛന്റെ അഭിപ്രായം.

ബിബിൻ: അച്ഛൻ വിൻസന്റിന് കൽപണിയായിരുന്നു. അ ഞ്ചുവർഷം മുമ്പ് ഒരു വാഹാനപകടത്തിൽ മരിച്ചു. അപ്പച്ചൻ അമറിന്റെ വൺലൈൻ വായിച്ചിരുന്നു. വായിച്ചു തീർന്ന അപ്പച്ചൻ ഞാൻ കാണാതെ  കണ്ണുനീർ തുടയ്ക്കുന്നതു കണ്ടപ്പോ ൾ തന്നെ അറിയാമായിരുന്നു അപ്പന്റെ അനുഗ്രഹം എനിക്കുണ്ടെന്ന്. അമ്മ ലിസി വീട്ടമ്മയാണ്.  കാക്കനാടാണ് വീട്. ലിൻസിയും റിൻസിയുമാണ് ചേച്ചിമാർ. ഞാൻ നടൻ ആകണമെന്നാണ് അമ്മയുടെ ആഗ്രഹം.

വിഷ്ണു: ഉദ്ഘാടനത്തിനും സ്റ്റേജ് ഷോകളിലും ഞങ്ങൾ ഇപ്പോഴും  മിമിക്രിയും പാട്ടുമൊക്കെ ചെയ്യും. ‘‘കസ്തൂരീ... എന്റെ കസ്തൂരീ...’’ എന്ന പാട്ടാണ് ബിബിന്റെ ഫേവറിറ്റ്. ‘‘പ്രേമമെന്നാലെന്താണു പെണ്ണേ...’’ ഞങ്ങളൊന്നിച്ചു പാടും.

ബിബിൻ: ശരിക്കും പ്രേമമൊന്നുമില്ല, കേട്ടോ, ചുമ്മാ അങ്ങനെ പാടുന്നുവെന്ന് മാത്രം.

kattappana3.jpg.image.784.410