Wednesday 12 December 2018 11:40 AM IST : By വിജീഷ് ഗോപിനാഥ്

മകൾക്ക് സമ്മാനിച്ച സുന്ദരമായ ഒാർമ!

meenanew3 ഫോട്ടോ: ശ്യാം ബാബു

സിനിമയിലെ സൂപ്പർഹിറ്റ് അമ്മയും മകളും! മീനയും നൈനികയും വനിതയോട്...

താരനിശയിൽ സൂപ്പര്‍ സ്റ്റാറുകൾ വേദിയിലേക്കെത്തുന്നതു പോലെയായിരുന്നു ആ വരവ്. ഫോട്ടോഷൂട്ടിന് ലൈറ്റും ക്യാമറയും എല്ലാം റെ‍‍ഡി. കസവുസാരി ചുറ്റി മീനയും വന്നു. പക്ഷേ, പ്രധാന താരത്തിന്റെ സീറ്റ് മാത്രം ഒഴിഞ്ഞുകിടന്നു. ഇപ്പോള‍്‍ വരുമെന്ന കാത്തിരിപ്പിലാണ് എല്ലാവരും. മേക്കപ്പ് ആർട്ടിസ്റ്റ് അകത്തുപോയ അതേ വേഗത്തിൽ തിരിച്ചുവന്നു, രക്ഷയില്ലെന്ന മട്ടില്‍ തലയാട്ടി. ആൾ ‘ഛോട്ടാഭീമു’മായി എന്തോ ഡിസ്കഷൻ. ഒടുവിൽ മീനയുടെ അമ്മ രാജമല്ലിക തന്നെ ഇടപെട്ടു.

കുറച്ചുകഴിഞ്ഞപ്പോൾ കൊലുസിന്റെ ചിരി പരന്നു. കസവു പാവാടയും ചന്ദനക്കുറിയുമായിട്ട് പൂമ്പാറ്റയെ പോലെ അതാ വരുന്നു നൈനിക. ബേബി സൂപ്പർസ്റ്റാർ. അൽപം നീളക്കൂടുതലുള്ള പട്ടുപാവാട രണ്ടു കൈകൊണ്ടും ഉയര്‍ത്തിപ്പിടിച്ചുള്ള ആ വരവു കണ്ട് വലിയ ചിരിയൊടെ മീന കൈയടിച്ചു. ടിവിക്കു മുന്നിൽ നിന്ന് വിളിച്ചതുകൊണ്ടാവാം നക്ഷത്രക്കണ്ണിലെ ചിരിക്കത്ര തിളക്കമില്ല. ‘ഞാന്‍ രണ്ടുമൂന്നു പോസ് തരും, അപ്പോൾ ക്ലിക്ക് ചെയ്താൽ കിട്ടും’ എന്ന മട്ട്. പക്ഷെ, അല്‍പം കഴി‍ഞ്ഞപ്പോഴേക്കും ചെന്നൈ സെയ്താപേട്ട് ഉള്ള വീട്ടിൽ ചിരി പൂത്തുലഞ്ഞു തുടങ്ങി, അതിനിടയിലൂടെ നൈനികയെന്ന പൂമ്പാറ്റക്കുഞ്ഞ് പാറിത്തുടങ്ങി.

നാലു വയസ്സിലാണ് മീന ക്യാമറയ്ക്കു മുന്നിലെത്തുന്നത്. നൈനികയും അമ്മയുടെ വഴിയില‍ൂടെ തന്നെയാണല്ലോ?

വിജയ് നായകനായ തെരി സിനിമയിൽ അഭിനയിക്കാനായി പോകുമ്പോൾ നൈനികയ്ക്കും നാലു വയസ്സ്. മകളെ അഭിനയിപ്പിക്കണെമെന്ന് ഞാനും വിദ്യാസാഗറും വിചാരിച്ചിട്ടേ ഇല്ല. സിനിമയുടെ  പ്രൊഡ്യൂസർ തനു സാറിന്റെ ഒാഫിസിൽ നിന്നു വിളിച്ചപ്പോ‍ൾ എനിക്കുള്ള ഒാഫറാണെന്നാണ് കരുതിയത്. ഒരു ദിവസം അവർ നേരിൽ കാണാനായി വന്നു.

സംസാരിച്ചു തുടങ്ങിയപ്പോഴും എനിക്കാദ്യം ഒന്നും മനസ്സിലായില്ല. ‘‘പ്രധാന കഥാപാത്രമാണ്, മീന പണ്ട് കുട്ടിയായിരിക്കുമ്പോൾ രജനീകാന്തിന്റെ കൂടെ അഭിനയിച്ചിരുന്നില്ലേ, അതുപോലെ തന്നെയാണ്’’ എന്നൊക്കെ  കേട്ടപ്പോഴാണ് നൈനികയെക്കുറിച്ചാണ് അവർ  പറയുന്നതെന്നു മനസ്സിലായത്. പറ്റില്ല എന്നാണ് അപ്പോള്‍ പറഞ്ഞത്. ചെറിയ കുട്ടിയല്ലേ, ഷൂട്ടിങ്ങിന്റെ ഗൗരവമൊന്നും അവൾക്കറിയില്ല.  

പക്ഷേ, പിന്നെയോർത്തപ്പോൾ കുട്ടിക്കാലത്ത് അവൾക്കു നൽകാവുന്ന നല്ലൊരോർമയായി ആ സിനിമ മാറുമെന്നു തോന്നി. വിദ്യാസാഗറിനും അതേ അഭിപ്രായമായിരുന്നു. മകൾക്ക് ഞങ്ങൾ സമ്മാനിക്കുന്ന സുന്ദരമായ ഒരോർമ – അതായിരുന്നു തെരി എന്ന സിനിമ.

എനിക്കിപ്പോഴും ഒാർമയുണ്ട്, ഞാനാദ്യമായി ശിവാജി സാറിനെ കാണാൻ പോയ ദിവസം. അദ്ദേഹത്തിന്റെ പിറന്നാളിന് അമ്മയുടെ കൈപിടിച്ച് പോയത്, റോസാപ്പൂ മാലയണിയിക്കാൻ ചെന്നപ്പോൾ അദ്ദേഹം ചേർത്തുപിടിച്ചത്, പിന്നെ ശിവാജി സാറിന്റെ മകളായി അഭിനയിക്കാൻ വിളിച്ചത്. അങ്ങനെ അങ്ങനെ ഒാരോ കാര്യവും. നന്നായി അഭിനയിച്ചാൽ കിട്ടിയിരുന്ന ചോക്‌ലേറ്റിന്റെ രുചിപോലും നാവിൻതുമ്പിലുണ്ട്.

പക്ഷേ, എന്നെപ്പോലെ അവള്‍ ഇപ്പോള്‍ അഭിനയം തുടരില്ല. ഒരൊറ്റ സിനിമയിലെ ഉള്ളൂ. ഇനി പഠിക്കട്ടെ,  വളർന്നുകഴിഞ്ഞ് അവൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമല്ലോ.

തെരിയുടെ ലൊക്കേഷനിൽ നൈനികയുടെ കുസൃതികൾ എന്തൊക്കെയായിരുന്നു?

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ വിറയ്ക്കാത്ത ഞാൻ നൈനികയുടെ ആദ്യ ഷോട്ടിൽ ശരിക്കും ടെൻഷനടിച്ചു. നഴ്സറിപ്പാട്ടു പഠിക്കുന്നതു പോലെ ഡയലോഗുകളൊക്കെ പാടി പഠിക്കുന്നുണ്ടായിരുന്നു. പക്ഷേ, എങ്ങനെയാകുമെന്നറിയാത്തതു കൊണ്ടുള്ള ടെൻഷൻ. ആദ്യ ഷോട്ട് എടുക്കുമ്പോള്‍ കണ്ണടച്ച് ഞാൻ പ്രാർഥിച്ചു. പിന്നെ കേട്ടത് കൈയടിയാണ്. യൂണിറ്റു മുഴുവൻ അഭിനന്ദിക്കുന്നതു കണ്ടപ്പോഴും എന്താ സംഭവിച്ചതെന്ന് നൈനികയ്ക്ക്  മനസിലായില്ല.  ഇതുപോലെ മിടുക്കിയായി അഭിനയിച്ചാൽ ഇനിയും കൈയടി കിട്ടുമെന്നു പറഞ്ഞപ്പോൾ അവൾ ഹാപ്പിയായി.

വിജയ് വരുമ്പോൾ സെറ്റ് കുറച്ച് സീരിയസാവും. കളിചിരികൾ നിൽക്കും. അതായിരുന്നു പതിവ്. നൈനിക വന്നതോടെ കാര്യങ്ങൾ നേരെ തിരിച്ചായി. അവളെ കൂൾ ആക്കാൻ എല്ലാവരും നോക്കിത്തുടങ്ങി. സിനിമയിലെ പോലെ ‘ബേബീ’ എന്നു വിളിച്ച് പിന്നാലെ നടക്കും. ചോക്‌ലേറ്റുകളും മറ്റു സമ്മാനങ്ങളുമായി വിജയ്‍‌‍യും കൂടും.

ആ സിനിമയില്‍ വിജയ് ഒാടിക്കുന്ന ബൈക്കില‍്‍ നൈനിക ഇരിക്കുന്ന കുറേ രംഗങ്ങളുണ്ടായിരുന്നു. അവള്‍ ബൈക്കിൽ കയറാൻ സമ്മതിച്ചില്ല. ഒരു കുഴപ്പവുമില്ല എന്ന് എത്ര പറഞ്ഞിട്ടും ഒരനക്കവുമില്ല. ‘വിജയ് അങ്കിൾ ബൈക്കോടിക്കുന്നത് ഞാനിതു വരെ കണ്ടിട്ടില്ല. അതുകൊണ്ട് ‍ഞാൻ കയറില്ല. ഇനി കയറണമെങ്കിൽ അങ്കിൾ ബൈക്കോടിച്ചു കാണിക്കണം.’ ഇതായിരുന്നു അവളുടെ ‍‍‍‍ഡിമാൻഡ്.

വിജയ് വലിയ ആളാണ്, സൂപ്പർ സ്റ്റാറാണ് എന്നൊക്കെ ഞാൻ പറഞ്ഞിട്ടും അവൾ കുലുങ്ങിയില്ല. കാര്യമറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് വിജയ് ബൈക്കിൽ കയറി. ലൊക്കേഷനു ചുറ്റും വലംവച്ചു. എന്നിട്ട് നൈനികയുടെ അടുത്തു കൊണ്ടുവന്നു നിർത്തി ചോദിച്ചു,‘ഇനി പോവാം?’

നൈനികയെന്ന പേര് ആരാണ് കണ്ടുപിടിച്ചത്?

കു‍ഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിൽ എല്ലാവരും ചെയ്യുന്ന പോലെ കുറേ പേരുകൾ തിരഞ്ഞുവച്ചു. പെൺകുട്ടിക്കുള്ള പേരാണ് കൂടുതലും നോക്കിയത്. ജനിക്കുന്നത് പെൺകുഞ്ഞാകുമെന്ന തോന്നൽ. അപ്പോഴേ നൈനികയെന്ന പേര് കണ്ടിരുന്നു. മോളുണ്ടായിക്കഴിഞ്ഞ് ഞാനും വിദ്യാസാഗറും കൂടി വീണ്ടും പേരു തിരയാന്‍ തുടങ്ങിയപ്പോൾ പിന്നെയും ‘നൈനിക’ കണ്ണിൽ തടഞ്ഞു. വിദ്യാസാഗറിനും ആ പേര് ഇഷ്ടമായി. കൃഷ്ണമണിയെന്നാണ് ആ വാക്കിന്റെ അർഥം. ഒന്നാം ക്ലാസ്സുകാരിയുടെ എല്ലാ കുസൃതിയും ഉണ്ട്. വാശി, ചോക്‌ലേറ്റ് കഴിക്കൽ. ഷോപ്പിങ്ങിനൊക്കെ പോകാന്‍‌ താൽപര്യമാണെങ്കിലും സിനിമയിൽ വന്നശേഷം ആളുകൾ ഫോട്ടോ എടുക്കാൻ തുടങ്ങി. അതുമാത്രം അവൾക്ക് ഇഷ്ടമല്ല.

ഒരു ക്യാമറയ്ക്കു മുന്നിൽ നിന്ന് അടുത്ത സ്ഥലത്തേക്കുള്ള ഒാട്ടമായിരുന്നില്ലേ മീനയുടെ കുട്ടിക്കാലം?

മുപ്പത്തിനാലുവർഷം മുമ്പ് ക്യാമറയ്ക്ക് മുന്നിൽ വന്ന ഞാൻ കുറച്ചുകാലം മാറി നിന്നത് വിവാഹം കഴിഞ്ഞി‍ട്ടായിരുന്നു, അതും രണ്ടോ മൂന്നോ വർഷം. ബാലതാരമായി തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം അഭിനയിച്ചു. ആദ്യകാലത്ത് നൈനികയെപ്പോലെ തന്നെയായിരുന്നു. എനിക്ക് സിനിമയുടെ ഗൗരവം ഒട്ടും അറിയില്ലായിരുന്നു. അച്ഛന്റെയോ അമ്മയുടേയോ കൂടെ ഷൂട്ടിനു പോവും. കരയാൻ പറഞ്ഞാൽ‌ കരയും ചിരിക്കാൻ പറഞ്ഞാൽ ചിരിക്കും. അത്രയേയുള്ളൂ.

കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. ‘സിനിമയിലഭിനയിക്കുന്ന കുട്ടിയല്ലേ’ എന്നു ചോദിക്കാൻ തുടങ്ങി. അപ്പോഴൊരു രസം തോന്നി. ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് പിന്നെ സ്കൂളിലേക്ക്. അതായി ജീവിതം. തിരിച്ചു സ്കൂളിൽ ചെല്ലുമ്പോൾ ടീച്ചർമാർ എനിക്കു സ്പെഷൽ ക്ലാസുകൾ എടുത്തു തരും. സിനിമയും സ്കൂളും ഒരുപോലെ ആസ്വദിക്കാൻ തുടങ്ങിെയങ്കിലും തിരക്കു കൂടിയപ്പോൾ സ്കൂൾ ജീവിതം പാതിയിൽ നിറുത്തി. പിന്നെ പഠിച്ചതെല്ലാം പ്രൈവറ്റായിട്ടായിരുന്നു. തൊണ്ണൂറുകളിലായിരുന്നു കൂടുതല്‍ സിനിമകൾ ചെയ്തത്. ആ സമയത്ത് ഏതു സിനിമ ചെയ്താലും ഹിറ്റായിരുന്നു. ഒരുപാടു പേരുടെ മകളായും വളർന്നപ്പോൾ അവരുടെയൊക്കെ നായികയായും അഭിനയിച്ചു.

മൂന്നു പതിറ്റാണ്ടിലധികം കാലം, ഇരുപത്തഞ്ചിലധികം നായകന്മാർ... ഇതൊരു ഭാഗ്യമല്ലേ?

ഇതൊെക്ക അറിഞ്ഞ് ആളുകൾ കണ്ണുവയ്ക്കുമോ എന്നോർത്ത് മീന പേടിക്കുന്നു, പ്രാർഥിക്കുന്നു. ‘‘ഭാഗ്യം തന്നെയാണ്. രജനീകാന്ത്, പ്രഭു, സത്യരാജ്,വിജയ കാന്ത്, തെലുങ്കിൽ ബാലകൃഷ്ണ, മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ... ഇവരുടെയെല്ലാം നായികയായി അഭിനയിച്ചു. പല ഭാഷകളിലായി നിരവധി നായകന്മാർ. രജനീകാന്ത്, മമ്മൂട്ടി, പ്രഭു... ഇവരുടെയെല്ലാം മകളായും അഭിനയിച്ചിട്ടുണ്ട്.

പക്ഷേ, ആരുമായിട്ടും  കൂടുതല്‍ അടുക്കാനോ സംസാരിക്കാനോ പോയില്ല. എന്റെ സ്വഭാവം അങ്ങനെയാണ്. ഒരു ഷെൽ. അതിനുള്ളിലാവും പലപ്പോഴും.  ഷോട്ടില്ലാത്ത സമയത്ത് മറ്റുള്ളവരോടു സംസാരിച്ചു സമയം കളയുന്ന ആളല്ല ഞാൻ. കൃത്യസമയത്ത് സെറ്റിലെത്തി ഷൂട്ട് കഴിഞ്ഞ് തിരിച്ചുപോവും. മലയാളത്തിൽ കൂടുതൽ പ്രാവശ്യം ലാലേട്ടന്റെ നായികയായാണ്  അഭിനയിച്ചത്. ഒരു പുഴപോലെയാണ് ലാലേട്ടൻ എന്ന് തോന്നിയിട്ടുണ്ട്. സെറ്റിലാണെങ്കിലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. മമ്മൂക്കയുടെ മകളായി ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നു പോയിട്ടുണ്ടാവും.

meenanew2



രജനികാന്തും കമൽഹാസനുമൊക്കെ അഭിനയത്തിലൂടെ അദ്‌ഭുതപ്പെടുത്തിയിട്ടില്ലേ?

കൂടെ അഭിനയിച്ച എല്ലാവരും അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലാളിത്യം കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തിയത് രജനിസാർ തന്നെയാണ്. ബാലതാരമായി അദ്ദേഹത്തിനൊപ്പം അഭിനയിച്ച ശേഷം പിന്നെ നായികയാവുന്നത് യജമാൻ എന്ന ചിത്രത്തിലാണ്. അപ്പോഴേക്കും തെലുങ്കിലൊക്കെ എനിക്ക് ഹിറ്റുകൾ ആയി കഴിഞ്ഞിരുന്നു,

രാജ്മുന്ദ്രിയിലെ ലൊക്കേഷനിൽ വച്ച്  കണ്ടപ്പോള‍്‍ ബഹുമാനത്തോടെ ഞാൻ മാറി നിന്നു.  ഷൂട്ട് കാണാൻ വന്നവർ മീനാ, മീനാ... എന്നുറക്കെ വിളിക്കുമ്പോൾ എനിക്ക് ചെറിയ ചമ്മലുമുണ്ടായിരുന്നു. രജനിസാറിനെ പോലെയുള്ള സൂപ്പർസ്റ്റാറിന്റെ  മുന്നിൽ വച്ച് ഇങ്ങനെയൊക്കെ ഉണ്ടാവുമ്പോൾ അദ്ദേഹത്തിന് എന്തുതോന്നും എന്നായിരുന്നു ചിന്ത.

ഒരു ദിവസം ഷൂട്ടിനിടയിലുള്ള ട്രെയിൻ യാത്രയ്ക്കായി പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ആളുകൾ എന്നെ പൊതിഞ്ഞു. അവരിൽ നിന്ന് രക്ഷപ്പെട്ട് ഞാൻ ട്രെയിനിൽ കയറി. ആ ബഹളമൊക്കെ ശ്രദ്ധിച്ച് രജനിസാറും ആ വണ്ടിയിലുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടയുടന്‍ ചമ്മലോ‍ടെ ഞാൻ സോറി പറഞ്ഞു. ‘ഇതൊക്കെ നല്ലതാണ്, ആളുകള്‍ സന്തോഷം കൊണ്ടു ചെയ്യുന്നതല്ലേ.’ എന്നാണദ്ദേഹം പറഞ്ഞത്.

പക്ഷേ, ശരിക്കും അദ്‌ഭുതപ്പെടുത്തിയ മറ്റൊരു സംഭവമുണ്ടായി. ആ സമയത്ത് ഞാനഭിനയിച്ച തെലുങ്കു സിനിമ റിലീസായിരുന്നു. ഷൂട്ട് നേരത്തേ കഴിഞ്ഞദിവസം എല്ലാവരേയും ഞാൻ സിനിമ കാണാൻ ക്ഷണിച്ചു. രജനി സാറിനെ പോലെയുള്ള വലിയ മനുഷ്യൻ രാജ്മുന്ദ്രിയിലെ സാധാരണ തിയറ്ററിൽ സിനിമ കാണാന്‍ വരില്ലെന്നുറപ്പായിരുന്നു. എങ്കിലും അദ്ദേഹത്തെയും ക്ഷണിച്ചു. പോകാൻ തയാറായി ഹോട്ടൽ റൂമിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അതാ രജനിസാർ തയാറായി നിൽക്കുന്നു. ആ നാട്ടിലെ സാധാരണ തിയറ്ററിലിരുന്ന് സിനിമ ശ്രദ്ധയൊടെ കാണുന്ന അദ്ദേഹത്തിന്റെ മുഖം ഇന്നും ഒാർമയുണ്ട്.

കമൽഹാസനെക്കുറിച്ചുമുണ്ടാവില്ലേ ഇതുപോലുള്ള ഒാർമകൾ?

കമൽസാറിനെ ഞാൻ എൻസൈക്ലോപ്പീഡിയ എന്നാണു വിളിക്കാറുള്ളത്. ടെക്നോളജിയെക്കുറിച്ച്, സിനിമയെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച് എല്ലാത്തിനുമുണ്ടാവും ഉത്തരം. പക്ഷേ, അവ്വൈ ഷൺമുഖിയില‍്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്നെ ‘ഞെട്ടിച്ച’ അനുഭവമുണ്ടായത്. ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസം. അസിസ്റ്റന്റ് ‍‍ഡയറക്ടർ‌  വന്നു പറഞ്ഞു, ‘അമ്മാ, ഷോട് റെ‍ഡി. അടുത്തത് ലിപ് ലോക് സീനാണ്.’എനിക്ക് മനസ്സിലായില്ലെന്നു കരുതി അയാൾ വിശദീകരിച്ചു, ‘അമ്മാ ലിപ് ടു ലിപ് കിസ് കൊടുക്കുന്ന സീൻ’

ഞെട്ടിപ്പോയി. അങ്ങനെയൊരു സീനിനെക്കുറിച്ച് എന്നോടാരും പറഞ്ഞിരുന്നില്ല. എനിക്കിപ്പൊ തിരിച്ചു വീട്ടിൽ പോണമെന്നു പറഞ്ഞ് ഞാൻ കരച്ചിലായി. ആ സീനിൽ അഭിനയിക്കാൻ പറ്റില്ലെന്നു പറയാൻ ‍ഡയറക്ടറുടെ മുന്നിലേക്കു ചെന്നപ്പോൾ ‘ലൈറ്റ് പോവുന്നു വേഗം നിൽക്കാൻ’ പറഞ്ഞ് അദ്ദേഹം ധ‍‍ൃതി കൂട്ടി. അപ്പോഴേക്കും കമൽ സാറും വന്നു. ബോധംകെട്ടു വീഴുമെന്ന അവസ്ഥയിൽ ഞാൻ നിൽക്കു മ്പോഴാണ് അദ്ദേഹം സ്ക്രിപ്റ്റ് വായിക്കുന്നത്. മുഖങ്ങൾ തമ്മിൽ അടുത്തുവരുന്നു എന്നേയുള്ളു സ്ക്രിപ്റ്റിൽ. ബാക്കി അസിസ്റ്റൻറ് ഡയറക്ടർ ഊഹിച്ചതായിരുന്നു. അപ്പോഴാണ് സമാധാനമായത്. ആ സിനിമ ഇപ്പോൾ കാണുമ്പോൾ ചിരിവരും, വിളറി നിൽക്കുന്ന എന്റെ മുഖം കണ്ട്.

പലർക്കും അമ്മവേഷം പേടിയാണ്. പക്ഷേ, ആ ഭയം മീനയ്ക്കില്ലല്ലോ?

വിവാഹം കഴിക്കുന്നതിനു മുന്നേ അമ്മ വേഷത്തില്‍ അഭിനയിച്ച ആളാണു ഞാൻ, അവ്വൈഷൺമുഖിയിൽ. കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ മൂന്നു കുട്ടികളുടെ അമ്മയായിരുന്നു. പ്രേക്ഷകർ അഭിനയം മാത്രമേ കാണുന്നുള്ളൂ എന്നാണെന്റെ ഉറച്ചവിശ്വാസം. അതുകൊണ്ടു തന്നെ ഏതു പ്രായത്തിലുള്ള കഥാപാത്രവും ചെയ്യാൻ മടിയില്ല. സിനിമയിൽ നായികയായിരുന്നപ്പോൾ തന്നെ തമിഴിൽ സീരിയലിൽ  അഭിനയിച്ചിരുന്നു. വിവാഹത്തിനുശേഷവും ദൃശ്യമെന്ന സിനിമയിലൂടെ പ്രേക്ഷകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചില്ലേ.

ദൃശ്യത്തിൽ ഞാനഭിനയിക്കുമെന്ന് വിചാരിച്ചതല്ല. മോൾക്ക് ഒരു വയസ്സു കഴിഞ്ഞിട്ടേയുള്ളു. നിർമാതാവ് ആന്റണി പെരുമ്പാവൂർ വിളിച്ചപ്പോൾ ‘മോളെ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ല’ എന്നാണാദ്യം പറഞ്ഞത്. എന്നാൽ മോളെയും കൊണ്ട് പോരൂ എന്നായി ആന്റണി. അങ്ങനെ ഞാനും നൈനികയും കൂടിയാണ് സെറ്റിലേക്കു വന്നത്.

പുതിയ സിനിമയിലും ഞാനും ലാലേട്ടനും ഒരുമിച്ചാണഭിനയിക്കുന്നത്. ഈ സിനിമ ദൃശ്യം പോലെയേയല്ല. ആളുകളെ ശ്വാസമടക്കി പിടിച്ചിരുത്തുന്ന ചിത്രമേയല്ല. മറ്റൊരു അച്ചിലാണിത് വാർത്തിരിക്കുന്നത്. പ്രേക്ഷകർക്ക് നന്നായി രസിക്കുന്ന വ്യത്യസ്തമായ ഒരു കുടുംബകഥയാണത്. കഥയിപ്പോൾ പറഞ്ഞാൽ സസ്പെൻസ് പോകില്ലേ?  

വിവാഹത്തിനു ശേഷം പല നടികളും സിനിമ മനസ്സിലൊതുക്കാറാണ് പതിവ്. അവിെടയും വ്യത്യസ്തയാണല്ലോ?

മുൻകൂട്ടി ഒരു തീരുമാനവും എന്റെ ജീവിതത്തിലില്ല. അതുകൊണ്ടു വിവാഹത്തിനു മുമ്പേ ഇനി ഞാൻ വീട്ടമ്മ മാത്രമാണ് എന്നൊന്നും ചിന്തിച്ചിരുന്നില്ല. ഭർത്താവുമൊത്ത് ഒരുമിച്ച് സുഖമായി ജീവിക്കാനല്ലേ വിവാഹം കഴിക്കുന്നത്. അതുകൊണ്ടാണ് വിവാഹം കഴി‍ഞ്ഞ് മൂന്നു വർഷത്തോളം സിനിമയിൽ നിന്നു ഞാൻ വിട്ടുനിന്നത്. വിദ്യാസാഗർ ബെംഗളൂരുവിൽ സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. ജനിച്ചതും വളർന്നതുമെല്ലാം ബെംഗളൂരുവിലാണ്. സിനിമകൾ  ഇഷ്ടമാണ്. എന്റെ സിനിമകൾ കണ്ട് അഭിപ്രായങ്ങൾ പറയാറുമുണ്ട്.

വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോള്‍ ചാനല്‍ റിയാലിറ്റി ഷോയുടെ ജഡ്ജായി ഞാന്‍ പോയി. അതൊരു പരീക്ഷണമായിരുന്നു. കുടുംബത്തെ ബാധിക്കാതെ എന്റെ കരിയർ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് അന്നു പഠിച്ചു. ഇപ്പോഴും സിനിമകൾ തിരഞ്ഞെടുക്കുമ്പോള്‍ കുടുംബത്തിനൊപ്പമുള്ള സമയം കുറയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.

എന്റെ അമ്മ, എന്റെ മകൾ

‘‘എന്റെ അമ്മയെ പോലെ ഒരമ്മയാകണമെന്നാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്. എന്റെ അമ്മ മലയാളിയാണെന്നും ഞാൻ നന്നായി മലയാളം സംസാരിക്കുമെന്നും പലർക്കും അറിയില്ല. അമ്മ രാജമല്ലിക കണ്ണൂർ ചിറക്കല്‍ കോവിലകത്തെ അംഗമായിരുന്നു, അച്ഛൻ ദുരൈസ്വാമി അധ്യാപകനായിരുന്നു. ഒരു നടിയായി എന്നെ മാറ്റിയതിനു പിന്നിൽ അമ്മയുടെയും അച്ഛന്റെയും പിന്തുണ ഒരുപാടു വലുതാണ്. ലൊക്കേഷനുകളിൽ നിഴലായി ഒപ്പം വന്ന്, ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാൻ പഠിപ്പിച്ച്...

എന്നാൽ നൈനിക വളർന്നപ്പോഴാണ് പേരന്റിങ് ഇത്ര വലിയ കാര്യമാണെന്ന് മനസ്സിലായത്. മറ്റൊരു അമ്മയെയും കുട്ടിയെയും കണ്ട് അവരുടെ ജീവിതം അനുകരിക്കാനാവില്ല. നമ്മുടെ രീതി സ്വയം കണ്ടെത്താനേ കഴിയു. ഞാന്‍ വലിയ ക്ഷമാശീലയാണെന്നായിരുന്നു വിചാരം. കുട്ടിയെ നോക്കുമ്പോൾ ക്ഷമയുടെ അളവ് അത്രയും പോര എന്നു മനസ്സിലായി.

കളറിങ്, ചിത്രംവര, കാർട്ടൂൺ ഇതാണ് നൈനികയുടെ ഇഷ്ടങ്ങൾ. ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും മടിയുള്ള കാര്യം. സ്പൂണിൽ കോരിക്കൊടുത്ത് കഴിപ്പിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നറിയാം. പക്ഷേ, മറ്റു വഴിയില്ല. സ്കൂളിലെ അവളുടെ എല്ലാ വിശേഷവും കേൾക്കും. പഠനത്തിൽ  സഹായിക്കും. ക്ലാസ് ലീ‍ഡറായതോടെ പരാതി കളുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്.’’  

ഡയറ്റെന്നു കേൾക്കുമ്പോൾ ഒാടുന്നയാളാണോ?

സത്യമാണ്. കുട്ടിക്കാലം തൊട്ടേ കേൾക്കാൻ തുടങ്ങിയതാണ്  തടി കൂടുന്നൂ, ശ്രദ്ധിക്കണം, നല്ല ഒരു ഡയറ്റ് രീതിയുണ്ട് എന്നൊക്കെ ഒരുപാട് ഉപദേശങ്ങൾ. സ്കൂളിൽ പഠിക്കുമ്പോഴേ ‌‍‍‍ഡയറ്റിങ് ഉണ്ട്. ഡയറ്റിങ് ചെയ്യാനെളുപ്പമാണ്. അത് തുടരാനാണു പ്രയാസം. ഒരുപാടു ഭക്ഷണം കഴിക്കുന്ന ആളല്ല ഞാന‍്‍. പക്ഷേ, തെറ്റായ ഭക്ഷണ രീതിയാണ് എന്റേത്. ബിരിയാണി ഇഷ്ടമാണ്. നന്നായി  ചോറു കഴിക്കും. എണ്ണപ്പലഹാരങ്ങളും മധുരവും ഒരുപാടിഷ്ടമാണ്. ഇതൊക്കെ എനിക്കറിയാം, എന്നാലും കണ്ടാൽ കഴിച്ചു പോവും.

മീനയുടെ ചിരിമുഴങ്ങുന്നു. നൈനിക ഇടയ്ക്കിടെ വന്നു പോവുന്നുണ്ട്. കക്ഷിക്ക് നാളെ സ്കൂളിലേക്കുള്ള കുറേ ജോലികൾ തീർക്കാനുണ്ട്. അതിന് അമ്മ വേണം. ‘കുറച്ചുകൂടി കഴിഞ്ഞാൽ ഹോംവർക്ക് നിങ്ങൾ തന്നെ ചെയ്യേണ്ടി വരുമെന്നു’ പറഞ്ഞ് മീന എഴുന്നേൽക്കുന്നു.

meenanew1