Wednesday 12 December 2018 11:41 AM IST : By ആന്‍റണി ജോണ്‍

‘എന്നെ പൂര്‍ണ വനിതയാക്കുന്നത് എന്‍റെ കുടുംബമാണ്...’

nitha7.jpg.image.784.410

ജിയോ എന്ന ഹിന്ദി വാക്കിന്‍റെ അർഥം ‘ലിവ് ലൈഫ്’ എന്നാണ്. ജീവിതമുണ്ടെങ്കിൽ അത് സുന്ദരമായി തന്നെ ജീവിച്ചു തീർക്കുക. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയും ഒന്നരലക്ഷം േകാടിയോളം ആസ്തിയുള്ള റിലയന്‍സ് സാമ്രാജ്യത്തിന്‍റെ അമരക്കാരനുമായ മുകേഷ് അംബാനി ഈ സ്വപ്നം കണ്ടത് ഭാര്യ നിതയ്ക്കൊപ്പമാണ്. അധ്യാപിക, നർത്തകി, എജ്യുക്കേഷനിസ്റ്റ്, സ്പോർട്സ് ടീം ഉടമ... ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വനിത അങ്ങനെ റോളുകൾ നിരവധിയുണ്ട് നിത അംബാനിയുടെ ജീവിതത്തിൽ. തിരക്കുകളൊക്കെ മാറ്റിവച്ച് അഭിമുഖത്തിനിരിക്കുമ്പോൾ നിത പറഞ്ഞുതുടങ്ങിയത് കുടുംബത്തെക്കുറിച്ചു തന്നെ. ‘‘വീടു തന്നെയാണ് ഫസ്റ്റ് പ്രയോറിറ്റി. മുകേഷും ഇഷയും ആകാശും ആനന്ദുമാണ് എന്റെ ലോകം. കരുത്തും പ്രോത്സാഹനവും നൽകി എന്നെ കംപ്ലീറ്റ് വുമൺ ആക്കുന്നതും അവരാണ്.’’ നിത അംബാനി ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖം.

കോളജ് പ്രഫസറുടെ കൊച്ചുമകൾ, അധ്യാപിക. ഇപ്പോൾ ജീവിതം സ്പോർട്സിന്റെ വഴിയേ ?

പ്രൈമറി സ്കൂളിൽ അധ്യാപികയായാണ് തുടക്കം. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ, മാസം തികയുന്നതിനു മുമ്പ് ആകാശും ഇഷയും പിറക്കുന്നതു വരെ അത് തുടർന്നു. മക്കൾ സ്കൂളിൽ പോയി തുടങ്ങിയതോടെ വീട്ടിലിരുന്ന് ബോറടിക്കുന്നു എന്നു പറഞ്ഞപ്പോൾ ഗുജറാത്തിൽ ആരംഭിച്ച പുതിയ പ്രൊജക്ടിന്റെ ചുമതല മുകേഷ് എന്നെയേൽപിച്ചു. ആദ്യം പരിഭ്രമിച്ചെങ്കിലും മെല്ലെ പഠിച്ചെടുത്തു.

അധ്യാപികയായി ജോലി ചെയ്ത പരിചയം വച്ചാണ് പിന്നീട് ധീരുഭായ് അംബാനി ഫൗണ്ടേഷൻ സ്കൂളുകൾ ആരംഭിച്ചത്.

അധ്യാപികയാകുക  അല്ലെങ്കിൽ സ്കൂൾ തുടങ്ങുക എന്നത് ജീവിതത്തിലെ എക്കാലത്തെയും സ്വപ്നമായിരുന്നു. മുകേഷിന്റെ പ്ലാനിൽ പുതിയൊരു പവർപ്ലാന്റ്  വരുമ്പോൾ ആ നാട്ടിൽ പുതിയ സ്കൂൾ തുടങ്ങിയാലോ എന്നാകും ഞാനാലോചിക്കുന്നത്. വിദ്യാഭ്യാസം മാത്രമല്ല കായികവിനോദങ്ങളും കുട്ടികൾക്ക് വേണം. സ്കൂളിലും കോളജിലും സ്പോർട്സ് പരിശീലനം നൽകുന്ന പ്രൊജക്ടുകളും റസിഡൻഷ്യൽ സ്കോളർഷിപ് പ്രോഗ്രാമും റിലയൻസ് ഫൗണ്ടേഷനുണ്ട്. എല്ലാ കായിക വിനോദങ്ങൾക്കും പിന്തുണ നൽകുന്നതിലൂടെ ഇന്ത്യയെ മൾ ട്ടി സ്പോർട്സ് ഹബ് ആക്കുകയാണ് ലക്ഷ്യം.

nitha3.jpg.image.784.410



ക്രിക്കറ്റ് പ്രേമികളുടെ നാട്ടിലേക്ക് ഫുട്ബാൾ ലീഗുമായി എത്താനുള്ള ധൈര്യം എവിടെനിന്നു കിട്ടി ?

അതൊരു സാഹസമാണെന്ന് അറിയാമെങ്കിലും എനിക്ക് വിശ്വാസമുണ്ടായിരുന്നു.എന്റെ പരിശ്രമം വിജയം കണ്ടു. ലോകത്തു തന്നെ ഏറ്റവുമധികം കാണികളുള്ള മൂന്നാമത്തെ ഫുട്ബാൾ ലീഗാണ് ഇന്ന് ഐഎസ്എൽ. ഓരോ സീസൺ കഴിയുംതോറും കളിയുടെ ഭംഗി മാത്രമല്ല, കൃത്യതയും ഗോളുകളും  ഹാട്രിക്കുകളും  കൂടുന്നുണ്ട്. ഉദ്ഘാടന സീസൺ അറിയപ്പെട്ടത് റോമിയോ ഫെർണാണ്ടസ്, സന്ദേശ് ജിങ്കാൻ, മന്ദർ റാവു ദേശായി തുടങ്ങിയവരുടെ പേരിലാണെങ്കിൽ പിന്നീടു വന്ന സീസണുകൾ ജെജെ ലാൽപെഖുലെ, ഹാവോകിപ്, വി നീത്, റിനോ ആന്റോ, ജെറി, കീൻ ലൂയിസ് തുടങ്ങിയ യുവ താരങ്ങളുടേതായിരുന്നു.

മുകേഷുമായുള്ള പ്രണയവും ഇത്തരം സാഹസങ്ങൾ നിറഞ്ഞതായിരുന്നോ ?

അത് ഇതിനെക്കാൾ സാഹസം നിറഞ്ഞതായിരുന്നു. മെഴ്സിഡസ് ബെൻസിലാണ് മുകേഷ് എന്നെ കാണാൻ വന്നിരുന്നത്. എല്ലാ ദിവസവും കാറിൽ കറങ്ങും. ഒരിക്കൽ എനിക്കൊരു കുറുമ്പ് തോന്നി, ‘ഇനി എനിക്കൊപ്പം ബസിൽ വരൂ.’ പ്രണയമല്ലേ, അദ്ദേഹം ചെയ്യാതിരിക്കുമോ. ഡബിൾ ഡെക്കർ ബസിന്റെ മുകൾഭാഗത്തെ ഫസ്റ്റ് സീറ്റായിരുന്നു പിന്നീട് ഞങ്ങളുടെ പ്രണയത്തിന് സാക്ഷിയായത്. ജുഹു ബീച്ചിലെ മണൽതരികളിൽ വെയിൽ വന്നു വീഴുന്നതും അകലെ കടലലകളിൽ സൂര്യൻ അഗ്നി പടർത്തുന്നതും ഞങ്ങളൊന്നിച്ചു കണ്ടു. ആ സ്നേഹത്തിന്റെ ചൂട് ഇപ്പോഴുമുണ്ട്. ജന്മദിനം ആഘോഷി ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. പക്ഷേ, ഞങ്ങളുടെ നിർബന്ധപ്രകാരം 50–ാം ജന്മദിനം ആഘോഷിച്ചു. ഞങ്ങളുടെയെല്ലാം ജന്മദിനം ഓർത്തു വച്ച് സമ്മാനങ്ങൾ നൽകാൻ മറക്കാറില്ല. ഒരു ജന്മദിനത്തിന് അദ്ദേഹം സമ്മാനിച്ചത് ജെറ്റ് വിമാനമാണ്. എത്ര തിരക്കുണ്ടെങ്കിലും ഞായറാഴ്ച മുകേഷ് കുടുംബത്തോടൊപ്പം  ചെലവഴിക്കും. വീട്ടിലെത്തുമെന്ന് ഉറപ്പു ള്ള ദിവസങ്ങളിൽ അത്താഴത്തിനായി മുകേഷ് വരുന്നതും നോക്കിയിരിക്കാൻ ഇപ്പോഴും ത്രില്ലാണ്. സാധിക്കുന്ന അവസരങ്ങളിലെല്ലാം മക്കളുമൊത്തേ അത്താഴം കഴിക്കാറുള്ളൂ. അപ്പോഴാണ് തമാശകളും തീരുമാനങ്ങളുമെല്ലാം ചർച്ച ചെയ്യുന്നത്.

ധീരുഭായ് അംബാനി ഫോൺ ചെയ്തപ്പോൾ ധിക്കാരത്തോടെ കട്ട് ചെയ്തു എന്നൊരു കഥ കേട്ടിട്ടുണ്ട് ?

കഥയല്ല, സത്യമാണ്. കോളജിലെ ഡാൻസ് പെർഫോമൻസ് കണ്ട് അഭിനന്ദിക്കാനാണ് അദ്ദേഹം വിളിച്ചത്. ഫോൺ അറ്റൻഡ് ചെയ്തപ്പോൾ മറുതലയ്ക്കൽ നിന്ന് മുഴക്കമുള്ള ശബ്ദത്തിൽ, ‘ഞാൻ ധീരുഭായ് അംബാനിയാണ്’ എന്ന ഡയലോഗ്. ഏതോ പൂവാലനെന്നാണ് ഞാൻ കരുതിയത്. വലിയ ശബ്ദത്തോടെ ഫോൺ വച്ചു. അദ്ദേഹം വീണ്ടും വിളിച്ച് പരിചയപ്പെടുത്തി. കലി വന്ന ഞാൻ മറുപടി പറഞ്ഞത് ഇങ്ങനെ, ‘നിങ്ങൾ ധീരുഭായ് അംബാനിയാണെങ്കിൽ ഞാൻ എലിസബത്ത് ടെയ്‌ലറാണ്.’ അദ്ദേഹം വീണ്ടും വിളിച്ചു. ഇക്കുറി അച്ഛനാണ് ഫോൺ എടുത്തത്. അങ്ങനെയാണ് അമളി തിരിച്ചറിഞ്ഞത്.

nitha4.jpg.image.784.410



ഇവൾ മരുമകൾ എന്ന് അദ്ദേഹം അന്ന് തീർച്ചപ്പെടുത്തി ?

അതെ,അങ്ങനെയാകാതെ തരമില്ലല്ലോ.

53–ാം വയസ്സിലും ഇത്ര ചെറുപ്പമായിരിക്കുന്നു ?

രണ്ടു ദിവസങ്ങൾ ഒന്നു പോലെ ആകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. പ്രാർഥനയോടെയാണ് ഉണരുന്നത്. അതിനുശേഷം ഭരതനാട്യം പ്രാക്ടീസും വർക്ക് ഔട്ടും. നൃത്തവും നീന്തലുമാണ് ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യമെന്നു തോന്നുന്നു. പണ്ട് ഇഷയെ ഡാൻസ് പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇടയ്ക്ക് ഞാൻ നന്നായി വണ്ണം വച്ചിരുന്നു. ഇളയമകൻ ആനന്ദാണ് തടി കുറയ്ക്കാൻ കാരണം. ആസ്മയോടനുബന്ധമായ കുറേ ചികിത്സകൾ നടത്തിയിരുന്നു അവന്. അതോടെ അമിതവണ്ണമായി. വണ്ണം കുറയ്ക്കണമെന്ന സ്ഥിതി വന്നു. മകന് കഴിക്കാനാകാത്ത ഭക്ഷണം അമ്മ കഴിക്കുന്നതെങ്ങനെ? ആനന്ദിനൊപ്പം ഞാനും ഡയറ്റ് ക്രമീകരിച്ചു. ഞങ്ങളൊന്നിച്ചാണ് നടക്കാൻ പോയിരുന്നത്. 90 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഞാൻ കോളജ് കാലത്തെ 57 കിലോയിലേക്ക് മടങ്ങിവന്നു. ഞങ്ങൾ എല്ലാവരും വെജിറ്റേറിയനാണ്. ഗുജറാത്തി വിഭവങ്ങളായ പുരൻ പോളിയും ധോക്‌ലയുമൊന്നും കിട്ടിയാൽ വിടാറില്ല. മുകേഷിന്റെ ഇഷ്ടവിഭവങ്ങൾ ഇഡ്ഡലിയും സാമ്പാറും ബജ്‍റ റൊട്ടിയുമാണ്. അദ്ദേഹത്തിന്റെ ഈ ഇഷ്ടങ്ങൾ ഞാനെത്ര ശ്രമിച്ചാലും മാറ്റാനാകുമെന്നു തോന്നുന്നില്ല. വീട്ടിൽ എന്നേക്കാൾ നല്ല പാചകക്കാരി ഇഷയാണ്.

അംബാനി കുടുംബത്തിലും സ്പോർട്സ് താരങ്ങളുണ്ടാകും ?

ഇന്റർസ്കൂൾ നീന്തൽ മത്സരത്തിലെ വിജയിയായിരുന്നു ഞാൻ. ആകാശ് ഫുട്ബാൾ ഭ്രാന്തനാണ്, എന്നെപ്പോലെ. ഇഷ സ്കൂൾ ഫുട്ബാൾ ടീമിലെ പ്ലേയറായിരുന്നു. ആനന്ദിന് പക്ഷികളോടും  മൃഗങ്ങളോടുമാണ് ഇഷ്ടം. പരിക്കുപറ്റിയും ഉപേക്ഷിക്കപ്പെട്ടും തെരുവിലെത്തുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ റെസ്ക്യൂ ഷെൽട്ടർ നടത്തുന്നുണ്ട് അവൻ. നൂറുകണക്കിന് പെറ്റ്സ് ഉണ്ട് അവിടെ.

nitha2.jpg.image.784.410



സ്പോർട്സിനായുള്ള യാത്രയിൽ ഓർത്തുവയ്ക്കുന്ന നിമിഷങ്ങളുണ്ടോ?

കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ആദ്യ സീസൺ ഉദ്ഘാടനചടങ്ങ്. സ്റ്റേഡിയം നിറഞ്ഞു കവിയുന്നു.ഞാൻ തിരിച്ചറിഞ്ഞു, പുതിയൊരു ഫു ട്ബാൾ സംസ്കാരത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ആ തുടക്കത്തിനു കാരണക്കാരിയാകാൻ കഴിഞ്ഞതോർത്ത് കണ്ണുകൾ നിറഞ്ഞു. മറ്റൊരു നിമിഷം സമ്മാനിച്ചത് കൊച്ചിയാണ്.

2014 നവംബർ ആറാം തിയതിയിലെ കേരള ബ്ലാസ്റ്റേഴ്സ്– എഫ്സി ഗോവ മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോംമാച്ച് മാത്രമായിരുന്നില്ല, കലൂർ സ്റ്റേഡിയത്തിൽ മാ ച്ച് കാണാൻ ആദ്യമായി ഞാനെത്തിയ ദിവസം കൂടിയായിരു ന്നു അത്. സ്റ്റേഡിയത്തിനകത്തും പുറത്തും ആവേശം. ഗെയി മിന്റെ 64–ാം മിനിറ്റിൽ മിലാഗ്രസ് ഗോൺസാൽവസിന്റെ ബൂട്ടിൽ നിന്ന് പറന്നുയർന്ന ആവേശം ഗോൾവല തൊട്ടപ്പോൾ സ്റ്റേഡിയം  പ്രകമ്പനം കൊണ്ടു. കേരളത്തിന്റെ ഫുട്ബാൾ ആവേശം എന്നെ കോരിത്തരിപ്പിച്ച നിമിഷമായിരുന്നു അത്. കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നുമൊക്കെ ഒഴുകിയെ ത്തുന്ന ആ ആവേശത്തിന്റെ ഭാഗമാകാനാണ് പിന്നീട് കൊച്ചിയിൽ നടന്ന മത്സരങ്ങളിലേക്ക് ഞാൻ പറന്നു വന്നത്. ആരാധകർ ഫുട്ബാൾ ടീമിലെ 12–ാമത്തെ അംഗത്തെ പോലെയാണ്. ആവേശവും കരുത്തും നിറച്ച് ഓരോ വിജയവുമെത്തിപ്പിടിക്കാൻ ടീമിനെ സജ്ജരാക്കുന്നത് അവരാണ്.

ഐഎസ്എല്ലിൽ കേരളത്തിന്റെ സംഭാവന എത്രയുണ്ടെന്നാണ് വിലയിരുത്തൽ ?

ആദ്യ സീസണിലെ ഫൈനൽ മത്സരം മലയാളി ആരാധകർ മ റക്കാൻ ഇടയില്ല. കളിയുടെ അവസാന മിനിറ്റിൽ എതിർടീം നേടിയ ഒരു ഗോളിൽ വിജയം കൈവിട്ടുപോയി. ഇപ്പോൾ മ ലയാളി ആരാധകർക്ക് അഭിമാനിക്കാം, സീസൺ ത്രീയിലെ ടോപ് സ്കോറർ നിങ്ങളുടെ നാട്ടുകാരനാണ്. സി.കെ. വിനീ തിന്റെ ബൂട്ടിൽ നിന്ന് പിറക്കുന്ന മാജിക്കുകള്‍ നിങ്ങൾക്ക് മാ ത്രം അവകാശപ്പെട്ടതാണ്. പുനെ സിറ്റിയുടെ കളിക്കാരനായിരുന്ന മലപ്പുറത്തുകാരൻ മുഹമ്മദ് ആഷിഖിന് ലഭിച്ചത് സ്വപ്നസമാനമായ അവസരമല്ലേ. സ്പാനിഷ് ലാലിഗയിൽ മത്സരിക്കുന്ന വില്ലാറിയൽ ഫുട്ബാൾ ക്ലബിലേക്ക് 19–ാം വയസ്സിൽ തന്നെ പരിശീലനത്തിന് പോകാൻ സാധിച്ചത് ഐഎസ്എൽ നൽകിയ അവസരത്തിലൂടെയാണ്. കേരളാ ഫുട്ബാളിൽ ഒരുപാട് ആഷിഖുമാരുണ്ട്. കൊച്ചിയിൽ നടന്ന ഒരു മത്സരത്തിനിടെ ഗാലറിയിൽ കണ്ട ബാനർ മനസ്സിൽ മായാതെയുണ്ട്, ‘ഫുട്ബാൾ ഞങ്ങളുടെ രക്തത്തിലലിഞ്ഞിരിക്കുന്നു.’ ഐഎസ്എല്ലിന്റെ പേരും പെരുമയും ഉയർത്തുന്നതി ൽ മലയാളി ആരാധകർ നൽകുന്ന പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

nitha1.jpg.image.784.410



വിദ്യാഭ്യാസവും സ്പോർട്സും മാത്രമല്ല, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?

ഒരിക്കൽ ഗുജറാത്തിലെ നേത്രാങ് ഗ്രാമത്തിൽ വച്ച് വാജാ ബെൻ എന്ന വീട്ടമ്മയെ കണ്ടു. വരണ്ടുണങ്ങിയ പാടങ്ങൾക്കു നടുവിലെ കൊച്ചുവീട്ടിൽ വേണ്ടത്ര ഭക്ഷണം പോലും നൽകാനാകാതെ മൂന്നു കുട്ടികളുമായി കഷ്ടപ്പെടുകയായിരുന്നു അവർ. അവരുടെ ഭർത്താവ് രോഗശയ്യയിലാണ്. വീടിനു പിന്നിലെ വരണ്ട പാടത്ത് ഞങ്ങളുടെ സഹായത്തോടെ ഒരു പച്ചക്കറിതോട്ടം വാജാബെൻ ഉണ്ടാക്കി. മൂന്നുമാസത്തിനുശേഷം  200 കിലോയിലധികം പച്ചക്കറി അവർ വിളവെടുത്തു. ഇന്ന് ഗ്രാമീണ കർഷകസംഘത്തിന്റെ പ്രസിഡന്റാണ് വാ ജാബെൻ. അവരുടെ കീഴിൽ നേത്രാങ് ഗ്രാമത്തിലൊട്ടാകെ ഇത്തരം 44 തോട്ടങ്ങളുണ്ട്. എല്ലാ നാട്ടിലും ഒരു വാജാബെന്നുണ്ട്, അവളുടെ ഇച്ഛാശക്തിക്ക് കരുത്ത് പകർന്ന് ആ നാടിനെ പുരോഗതിയിലേക്ക് നയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഗ്രാമ വികസനം, ഐടി, സ്കിൽ ഡെവലപ്മെന്റ് തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകൾക്ക് പങ്കാളിത്തമുള്ള പദ്ധതികൾ റിലയൻസ് ഫൗണ്ടേഷൻ നടപ്പാക്കിയിട്ടുണ്ട്.

തിരക്കുകൾ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാറുണ്ടോ ?

ഓരോ ദിവസവും നമുക്ക് പുതിയ വെല്ലുവിളികളല്ലേ സമ്മാനിക്കുന്നത്. പൂർത്തിയാക്കേണ്ട ജോലികൾക്ക് മുൻഗണനാ പട്ടിക തയാറാക്കുകയാണ് ഞാൻ ചെയ്യാറ്. ഉദാഹരണം പറയാം. രാവിലെ നേരത്തേ ഉണർന്ന് ആദ്യം പോകുന്നത് ഞങ്ങളുടെ സ്കൂളിലേക്കാണ്. രണ്ടോ മൂന്നോ മണിക്കൂർ കുട്ടികളോടും അധ്യാപകരോടുമൊപ്പം ചെലവിടും.

അവിടെ നിന്ന് ആശുപത്രിയിലേക്ക്. മൂന്നു നാല് മണിക്കൂർ കഴിഞ്ഞാൽ ഐഎസ്എൽ മത്സരവേദിയിലേക്ക്. നല്ല വിദ്യാഭ്യാസം, നല്ല ആരോഗ്യം, നല്ല കായികസംസ്കാരം. എന്റെ മൂന്നു ലക്ഷ്യങ്ങളുടെയും ഭാഗമാകാൻ ഒരു ദിവസം തന്നെ കഴിയും. ഒരു ദിവസത്തിൽ കൂടുതൽ മണിക്കൂറുകൾ ഉണ്ടായാൽ നല്ലതായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അത് സാധിക്കില്ല എന്നറിയാവുന്നതിനാൽ കിട്ടുന്ന സമയം നന്നായി വിനിയോഗിക്കാൻ ശ്രമിക്കും.

nitha6.jpg.image.784.410



അവധി ദിവസങ്ങൾ എന്തുചെയ്യും ?

മുംബെയിലെ തിരക്കിലിരിക്കുമ്പോൾ ആഴ്ചയിലൊരു ദിവസം വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ പറ്റില്ല. പക്ഷേ, മുകേഷും മക്കളുമൊത്ത് വർഷത്തിൽ നാലോ അഞ്ചോ യാ ത്രകൾ പതിവാണ്. ഇന്ത്യയിലെയോ ആഫ്രിക്കയിലെയോ കാ ടുകളാണ് പ്രിയപ്പെട്ട സഫാരിസ്പോട്ട്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, ഇമെയിലും മീറ്റിങുകളും ഒഴിവാക്കിയുള്ള ആ യാത്രകൾ ഞങ്ങൾ ശരിക്കും എൻജോയ് ചെയ്യാറുണ്ട്.

വീട്ടിലുള്ളപ്പോൾ കൊളാബയിലെ യുഎസ് ക്ലബിൽ നട ക്കാൻ പോകുന്നതാണ് അവധി സമയത്തെ പ്രധാന പരിപാടി. അവിടെയുള്ള ലൈറ്റ് ഹൗസ് കാണുമ്പോൾ എനിഡ് ബ്ലിട്ടന്റെ ഫെയ്മസ് ഫൈവും സീക്രട്ട് സെവനും പോലുള്ള കുട്ടിക്കാലത്തെ പ്രിയപ്പെട്ട കഥകൾക്ക് ജീവൻ വച്ചതുപോലെ തോന്നും. മക്കൾ ചെറുതായിരുന്നപ്പോൾ ഞങ്ങൾ പതിവായി അവിടെ പോകുമായിരുന്നു. കടൽ തൊട്ട് നിൽക്കുന്ന പാറക്കെട്ടിലിറങ്ങി ഞണ്ടുകളെ പിന്നാലെ പായുന്നതായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രധാന വിനോദം.

ഏറ്റവും എൻജോയ് ചെയ്യുന്ന റോൾ ഏതാണ് ?

ഭാര്യയുടെയും അമ്മയുടെയും അധ്യാപികയുടെയും എജ്യുക്കേഷനിസ്റ്റിന്റെയും സ്പോർട്സ് ടീം ഉടമയുടെയും റോളു കൾ നന്നായി ആസ്വദിക്കുന്നുണ്ട്. പക്ഷേ, അമ്മയെന്ന റോളി നാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

പ്രണയിച്ചു വിവാഹം കഴിക്കുമ്പോൾ എല്ലാ ദമ്പതികളെ യും പോലെ തന്നെ കുട്ടികളെക്കുറിച്ച് ഞങ്ങൾ ഒരുപാട് സ്വപ്നം കണ്ടു.  പക്ഷേ, സ്വപ്നങ്ങൾ നമ്മുടെ വഴിക്ക് വരില്ലല്ലോ. ആറുവർഷം കാത്തിരുന്ന ശേഷം ചികിത്സയിലൂടെയാണ് ആകാശും ഇഷയുമുണ്ടായത്, ഇരട്ടകുട്ടികൾ. ആ കാത്തിരിപ്പിന്റെ വേദന എനിക്ക് നന്നായി അറിയാം. പിന്നീട് വരദാനം പോലെ ആനന്ദിനെയും കിട്ടി.

മുകേഷും ഞാനും ജനിച്ചു വളർന്നത് ഇടത്തരം കുടുംബങ്ങളിലാണ്. സാന്റാക്രൂസിൽ താമസിച്ചിരുന്ന എന്റെ അച്ഛനമ്മമാരെ കാണാൻ ഞാൻ കുട്ടികളെക്കൂട്ടി ലോക്കൽ ട്രെയിനിൽ പോകുമായിരുന്നു. ആ കാര്യങ്ങളൊക്കെ അറിഞ്ഞു തന്നെ അവർ വളരണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. എന്നും മക്കളെ ചേർത്തു നിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ആനന്ദ് ഇപ്പോൾ റസ്റ്ററന്റിൽ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ നിന്നിറങ്ങുമ്പോൾ അവൻ വിളിക്കും, തീർച്ച. ഇഷയും ആകാശും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.



അനവധി റോളുകൾ കൈകാര്യം ചെയ്യുന്നതിനിടയിൽ ഒന്നു തളർന്നുപോയാൽ ചുമലിൽ തട്ടി ആശ്വസിപ്പിക്കുന്നത് മുകേഷാണ്. നേരത്തേ മുകേഷിനോടു മാത്രമായിരുന്നു ഉപദേശങ്ങൾ തേടിയിരുന്നത്. പക്ഷേ, വീട്ടിലെ ചെറിയ തലമുറയും  ഇപ്പോൾ ആ കാര്യത്തിൽ ആക്ടീവാണ്.

ഒരു പഴയ കാര്യം കൂടി ഓർമ വരുന്നു. അന്ന് ഞങ്ങളുടെ സ്കൂളിൽ ഒരു മണിക്കൂർ വീതമായിരുന്നു ഓരോ പീരിയഡും. ആകാശും ഇഷയും ഒരിക്കൽ എന്നോടു പരാതി പറഞ്ഞു, ‘അവസാന 20 മിനിറ്റ് ക്ലാസിൽ ശ്രദ്ധിക്കാനേ പറ്റുന്നില്ല, ഉറക്കം വരുന്നു.’ അത് എനിക്കൊരു പാഠമായിരുന്നു. ഇപ്പോൾ സ്കൂൾ ടൈംടേബിളിൽ ഓരോ പീരിയഡും 40 മിനിറ്റ് വീതമാണ്.

ഉത്തരാഖണ്ഡ് പ്രളയത്തിനു ശേഷമുള്ള കാലം. പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവിടെ റിലയൻസ് ഫൗണ്ടേഷൻ പോയി. സ്കൂൾ നിർമാണം പുരോഗമിക്കുന്ന ഗ്രാമത്തിലെ കുട്ടികളോട് വെറുതേ സംസാരിച്ചു. കുട്ടികളോട് ക്ഷേമം അന്വേഷിക്കുന്നതിനിടെ ഞാൻ അവരോട് ചോദിച്ചു.എന്തൊക്കെയാണ് നിങ്ങളുടെ പുതിയ സ്കൂളിൽ വേണ്ടത്? പല ഉത്തരങ്ങളായിരുന്നു. ഒരാൾക്ക് വേണ്ടത് ഫുട്ബോൾ കോർട്ടാണ്, മറ്റൊരാൾക്ക് കംപ്യൂട്ടർ. ഒരു കൊച്ചു പെൺകുട്ടി എന്നോടാവശ്യപ്പെട്ടത് പെൺകുട്ടികൾക്കായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യമാണ്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഈ മനസ്സ് കൈവിടാറില്ല. ഇങ്ങനെ കിട്ടുന്ന കാര്യങ്ങളൊക്കെ പ്രാവർത്തികമാക്കുന്നതാണ് ഞങ്ങളുടെ വിജയം.

nitha5.jpg.image.784.410



ആന്റിലയിലെ സ്നേഹക്കൂട്

അറ്റ്ലാന്റിക്കിലെ കഥകളുറങ്ങുന്ന ദ്വീപിന്റെ പേരാണ് മുകേഷ് അംബാനി വീടിനു നൽകിയത്, ആന്റില. 27 നിലക ളിലായി 570 അടി ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ഈ ബംഗ്ലാവ് ബക്കിങ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോക ത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘വീടാ’ണ്. അതിശക്തമായ ഭൂചലനത്തെ പോലും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ താമരയുടെയും സൂര്യന്റെയും രൂപം അടിസ്ഥാനപ്പെടുത്തിയുള്ള നിർമാണരീതിയാണ് അവലംബിച്ചിരിക്കുന്നത്. ഏറ്റവും മുകളിലെ ആറു നിലകളിലാണ് മുകേഷും മക്കളുമൊത്ത് നിത സ്നേഹക്കൂടൊരുക്കിയത്. ഇവിടെയിരുന്നാൽ പ്രണയ നാളുകൾക്ക് സാക്ഷിയായ അറബിക്കടല്‍ അങ്ങകലെ കാണാം.

ടെറസിൽ മൂന്ന് ഹെലിപാഡുകൾ, ഗാരേജിൽ 168 കാറുകൾക്ക് പാർക്കിങ് സൗകര്യം, ഇ ൻഡോർ തിയറ്റർ, ഹെൽത്ത് ക്ലബുകൾ, കൃത്രിമ മഞ്ഞുമുറി... ആന്റിലയിലെ അദ്ഭുതങ്ങൾ അവസാനിക്കുന്നില്ല. അമേരിക്കയിൽ പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ഇഷയും ആകാശും റിലയൻസിന്റെ ചുമതലകൾ ഏറ്റെടുത്തു കഴിഞ്ഞു. ഇളയ മകൻ ആനന്ദ് ഉപരിപഠനത്തിനായി അമേരി ക്കയില്‍. പരിപാലിക്കാൻ 600 ജോലിക്കാരുണ്ടെങ്കിലും ആന്റില വീടാകുന്നത് ആകാശും ഇഷയും ആനന്ദും ഒത്തു ചേരുമ്പോഴാണെന്ന് പറയുമ്പോള്‍ നിതയ്ക്കു ചിരി.