Thursday 13 December 2018 02:55 PM IST

മുസ്തഫയ്ക്ക് പ്രിയാമണി എഴുതുന്ന കത്ത്; ഇതിലെ വരികളിലുണ്ട് പ്രിയയുടെ മനസ്സ്!

Shyama

Sub Editor

priya-mony2 ഫോട്ടോ: ശ്യാം ബാബു

നമ്മളെ മനസ്സിലാക്കുന്ന ഒരാൾ ഒപ്പമുള്ളപ്പോൾ അനാവശ്യ ഡ്രാമയൊന്നുമില്ലാതെ നമുക്ക് നമ്മളായി തന്നെ ഇരിക്കാൻ സാധിക്കുന്ന ഒരാളെ ജീവിതപങ്കാളിയാക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. ആൻഡ് യൂ ആർ അബ്സൊല്യൂട്ട്ലി ലൈക് ദാറ്റ്. ഞാൻ എല്ലാവരോടും ഫ്രണ്ട്‌ലിയാണ്, ഒരുപാട് സംസാരിക്കാനിഷ്ടം. പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും ഇഷ്ടമാണ്. ഇനിയിപ്പോൾ ധൈര്യപൂർവം പറയാം, ഭാവിവരനാണ് ഏറ്റവും നല്ല സുഹൃത്ത്. അല്ല എന്റെ ഉറ്റ സുഹൃത്തിനെയാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്നത്...

എന്നെ കേൾക്കുന്നയാൾ

എനിക്കറിയാം  നിങ്ങൾക്കു പാട്ടു പാടാൻ അറിയില്ലെന്ന്. എന്നിട്ടും ഞാൻ മൂഡ് ഓഫ് ആയിരിക്കുമ്പോൾ നിങ്ങൾ ടിവിയിലോ മൊബൈലിലോ പാട്ടു വച്ച് അതിനൊപ്പം ചുണ്ടനക്കി പാടും പോലെ അഭിനയിച്ച്  തരും. ഇനി മേലാൽ പാടരുതെന്ന് കളിയായി പറഞ്ഞാലും എന്നെ ചിരിപ്പിക്കാൻ ചെയ്യുന്ന ഇത്തരം കൊച്ച് കൊച്ച് കാര്യങ്ങൾ ഞാൻ ആവോളം ആസ്വദിക്കുന്നുണ്ട്. മേക്കപ്പ് ഇടാത്ത എന്നെയാണ് ഏറെ ഇഷ്ടമെന്നു മുസ്തഫ പറഞ്ഞ നിമിഷം ഞാൻ എത്ര സന്തോഷിച്ചുവെന്നറിയാമോ?

ക്യാമറയ്ക്കു മുന്നിൽ മാത്രം മേക്കപ്പ് ഇടാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. നിങ്ങളെ ഇഷ്ടപ്പെട്ടതു പോലെ തന്നെ മുസ്തഫാ, നിങ്ങളുടെ കുടുംബവും എന്റെ മനസ്സിലുണ്ട്.  സിനിമ പോലൊരു മേഖലയിൽ ജോലി ചെയ്യുമ്പോൾ സമയത്തിന്റെ കാര്യത്തിൽ കടുംപിടുത്തം പറ്റില്ല. അതൊക്കെ മനസ്സിലാക്കുന്നയാളാണ് മുസ്തഫയുടെ അമ്മ. എന്റെ സിനിമകൾ കണ്ടിട്ടുണ്ടെന്ന് ആദ്യം കണ്ട ദിവസം തന്നെ അമ്മ പറഞ്ഞായിരുന്നു കേട്ടോ.

കരിയറിന് ഫുൾസപ്പോർട്ട് തരുന്ന കുടുംബത്തിൽ വളർന്നതു കൊണ്ടാകാം ഫാമിലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ എപ്പോഴും അത് തന്നെ വരുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് അവളുടെ കരിയറിനു കുടുംബത്തിൽ നിന്നു കിട്ടുന്ന സപ്പോർട്ട്.

കുട്ടിക്കാലത്ത് വീട്ടിലെ മുതിർന്നവർ പറയുന്ന നല്ല വാക്കുകൾ എത്രത്തോളം ആത്മവിശ്വാസം കൂട്ടുമെന്നറിയാമോ? ടിവിയിൽ ഞാൻ ചെയ്ത പരസ്യങ്ങൾ വരുന്നത് കാണാൻ വേണ്ടി തന്നെ അമ്മൂമ്മ കാത്തിരിക്കുമായിരുന്നു. അമ്മൂമ്മയും അച്ഛനുമാണ് എന്റെ റോൾമോഡൽസ്. അമ്മൂമ്മ ഇടയ്ക്കിടയ്ക്ക് അച്ഛനോട് പറയുമായിരുന്നു. ‘അഭിനയിക്കാനാണ് അവൾക്ക് മോഹമെങ്കിൽ അവളെ അതിനു വിടൂ’. ടിവിയിലും മറ്റും ഞാൻ ചെയ്ത പരസ്യങ്ങൾ കണ്ട്, അമ്മൂമ്മ എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു.

priyaaa

മുസ്തഫയ്ക്കറിയാമോ, ഇന്നും എത്ര ദൂരത്താണെങ്കിലും ദിവസത്തിൽ ഒരു തവണയെങ്കിലും അച്ഛനോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ആകെ വിഷമമാകും. മിക്കവാറും അച്ഛൻ തന്നെയായിരിക്കും രാവിലെ വിളിക്കുന്നത്.ഞാൻ വിദേശത്ത് പോകുമ്പോൾ അച്ഛൻ വാട്സാപ്പിൽ മെസേജ് അയയ്ക്കും. ഷൂട്ടിനു വേണ്ടി വിദേശത്തായിരുന്ന ഒരു ദിവസം അച്ഛൻ ഗുഡ്മോണിങ് മെസേജ് അയച്ചു. അച്ഛാ, ഇവിടെ എനിക്കിപ്പോ ഗുഡ്നൈറ്റ് ആണ്, ഷൂട്ട് കഴിഞ്ഞ് ഇപ്പോൾ റൂമിൽ എത്തിയതേയുള്ളൂ. എന്റെ മറുപടി കണ്ട് ഉടൻ വന്നു, അച്ഛന്റ മെസേജ്.

‘ഐ ആം പ്രൗഡ് ദാറ്റ് യൂ ആർ വർക്കിങ് റിയലി ഹാർഡ്’ അത്തരം ഒരു നല്ല വാക്കിൽ അന്നത്തെ ദിവസത്തെ ക്ഷീണമെല്ലാം നമ്മൾ മറക്കില്ലേ?

ഇഷ്ടങ്ങൾ പലതുണ്ട്...

എന്റെ ഇഷ്ടങ്ങളൊക്കെ ഇതിനോടകം മുസ്തഫയ്ക്കറിയാമല്ലോ? അഭിനയവും ന‍ൃത്തവും ടിവി ഷോയുമെല്ലാം ഞാൻ ഏറെ ആസ്വദിക്കുന്ന കാര്യങ്ങളാണ്. ബാഡ്മിന്റൻ കളിയോടുള്ള ഇഷ്ടം പകർന്ന് കിട്ടിയത് അമ്മ ലതാമണിയിൽ നിന്നാണ്. അമ്മ രാജ്യാന്തര മത്സരങ്ങളിൽ‌ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് ജില്ലാതലം വരെ എത്താനേ കഴിഞ്ഞുള്ളൂ.
അമ്മൂമ്മ കമലാ കൈലാസ് ആണ് എന്റെയുള്ളിലെ സംഗീതബോധം വളർത്തിയത്. അമ്മൂമ്മ കർണാടക സംഗീതജ്ഞയാണ്. വീട്ടിൽ വേറെയുമുണ്ട് പാട്ടുകാർ. മാൽഗുഡി ശുഭ  ആന്റിയാണ്. പാട്ടുപാരമ്പര്യം പറയുന്നത് കേട്ട് ഞാൻ വലിയ സംഗീതജ്ഞയാണ് എന്നൊന്നും കരുതേണ്ട. എങ്കിലും അത്യാവശ്യം പാടാൻ എനിക്കും പറ്റും. അല്ല, ഞാൻ ഇത് ആരോടാ ഈ പറയുന്നേ. എന്റെ പാട്ടിന്റെ പ്രധാന കേൾവിക്കാരനോടാണെന്ന കാര്യമേ മറന്നു.

അഭിനയത്തിന്റെയും ന‍ൃത്തത്തിന്റേയും ലോകത്ത് നിന്ന് മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസി’ലേക്ക് എന്നെ റെക്കമെന്റ് ചെയ്തത് പ്രസന്ന മാസ്റ്ററാണ്. മുസ്തഫയോട് ഞാൻ പറഞ്ഞിരുന്നില്ലേ നടി മംമ്ത ഷോയിൽ ജഡ്ജായി വന്നപ്പോൾ മുതലുള്ള രസങ്ങൾ. ഒത്തിരിക്കാലം കാണാതിരുന്ന കൂട്ടുകാരിയെ അടുത്തുകിട്ടിയതു പോലൊരു ഫീൽ ആണ് മംമ്ത വന്നപ്പോൾ. ഷോയുടെ സമയത്ത് മാത്രമല്ല ഇപ്പോൾ മേക്കപ്പ് റൂമിൽ വരെ ഫുൾഫൺ ആണ്.

മിക്കവാറും  പെർഫോമൻസ് കഴിയുമ്പോൾ ഞങ്ങളുടെ അഭിപ്രായങ്ങൾ പോലും  ഒരുപോലെയായിരിക്കും. എന്നേക്കാൾ, നന്നായി കാര്യങ്ങൾ പറയാൻ മംമ്തയ്ക്കറിയാം. ഡി ഫോർ ഡാൻസിലെ മറ്റൊരു അവതാരകനായ നീരവിനെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഈ ഗുജറാത്തി പയ്യനെ മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്കു സംശയമുണ്ടായിരുന്നു. ഇപ്പോ നോക്കൂ. എന്റെ ഫ്രണ്ട്സ് പോലും നീരവിനെക്കുറിച്ചാണ് ആദ്യം ചോദിക്കുക.

priya-mony3

എന്നിലെ സ്ത്രീ

എല്ലാ സ്ത്രീകളും ഫെമിനിസ്റ്റുകളാകുന്ന സാഹചര്യമാണ് ഇവിടെ. സിനിമയിൽ പെണ്ണിനു സുരക്ഷയില്ലെന്ന വാർത്തയൊക്കെ കാണാറില്ലേ. പക്ഷേ, സമൂഹത്തിൽ എവിടെയാണ് സുരക്ഷയുള്ളത്? ചിലര‍്‍ പറയും സ്വയം രക്ഷാ മാർഗങ്ങൾ പഠിക്കണം പെപ്പർ സ്പ്രേയും കൈയിൽ കരുതണം എന്നൊക്കെ. ഒരു പരിധി വരെ ഇതൊക്കെ ധൈര്യം തരും എന്നാൽ അഞ്ച് വയസ്സുള്ള കുഞ്ഞ് ആക്രമിക്കപ്പെടുമ്പോഴും  80 വയസ്സുള്ള വൃദ്ധ ആക്രമിക്കപ്പെടുമ്പോഴും ഇത് പറയാൻ പറ്റുമോ?

മുസ്തഫാ ഞാൻ വിചാരിക്കുന്നത് മാതാപിതാക്കളാണ് ഇതിനെക്കുറിച്ച് മക്കൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടതെന്നാണ്. പെൺകുട്ടിയെ ആണിനെ പോലെ കാണാൻ, മികച്ചതായി എന്നല്ല, തുല്യമായി കാണാൻ അവരാണ് ചെറുപ്പം മുതൽ പറയേണ്ടത്. എന്റെ വീട്ടിൽ ഞാനും ചേട്ടനും ഒരേതരം സ്വാതന്ത്ര്യം അനുഭവിച്ചാണ് വളർന്നത്. എവിടെ പോയാലും വീട്ടുകാരോടും  മുസ്തഫയോടും പറയുന്ന ശീലമുണ്ട്. അതുമൊരു സ്വയരക്ഷയാണ്.

അതേയ്, ഞാനിപ്പോൾ പാചകവും ഗ‍ൗരവമായെടുത്തിട്ടുണ്ട് കേട്ടോ? ആദ്യമായി ഉണ്ടാക്കിയ നല്ല വട്ടത്തിലുള്ള ചപ്പാത്തിയുടെ പടം വാട്സ് ആപ്പ് ചെയ്തു തന്നപ്പോൾ മുസ്തഫ പറഞ്ഞതോർമയുണ്ട്. ‘ഇത് ഒരു ചപ്പാത്തിയിൽ അവസാനിപ്പിക്കരുതെന്ന്.’ അതു ഞാൻ കാര്യമായെടുത്തു. അല്ലെങ്കിൽ പിന്നെ, അടുക്കളയുടെ വശത്തേക്കേ പോകാത്ത എനിക്ക് പാചകം പ‍ഠിക്കണമെന്നു തോന്നുമോ?

വീട്ടിലൊരു പുതിയ ആൾ എത്തിയിട്ടുണ്ട്, ഞങ്ങളെ അഡോപ്റ്റ് ചെയ്ത പൂച്ച. ആ പൂച്ചയാണ് ഇവിടുത്തെ മാസ്റ്റർ എന്നാണ് അതിന്റെ മട്ട്. വിശക്കുമ്പോൾ കണ്ടറിഞ്ഞു ആഹാരം കൊടുക്കണം. വിശ്രമിക്കാൻ തോന്നുമ്പോൾ വലിയ ഗമയിൽ നടന്നു പോയി ബെഡ്ഡിൽ കിടന്നുറങ്ങും. നമുക്ക് മനസ്സിൽ ചെറിയൊരു വിഷമമുണ്ടെങ്കിൽ പെറ്റ്സിന്റെ ചേഷ്ടകൾ നോക്കിയിരുന്നാൽ, അവരുടെ കൂടെ കളിച്ചാൽ അതൊക്കെ മാറിക്കിട്ടും.

‘പ്രിയാജീ കൂടുതൽ ചെറുപ്പമായപോലെ തോന്നുന്നല്ലോ കല്യാണം അടുത്തതിന്റെ സന്തോഷമാണോ’ എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട് ഈയിടെയായി. തീർച്ചയായും മുഖത്ത് അതിന്റെ സന്തോഷമുണ്ടാകും. പക്ഷേ, ചെറുപ്പത്തിന്റേയും  ഫിറ്റ്നസിന്റെയും രഹസ്യം  മുസ്തഫയല്ല വ്യായാമമാ ണെന്ന് ഞാൻ അവരോടൊക്കെ പറയാറുണ്ട്. വീട്ടിലുള്ളപ്പോൾ എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യും. ഭക്ഷണത്തിലും നല്ല കൺട്രോൾ ഉണ്ട്. എത്ര രുചിയുള്ളതായാലും ആവശ്യത്തിൽ കൂടുതൽ കഴിക്കില്ല. എന്നാലും നോ പറയാന്‍ പറ്റാത്ത വിഭവ ങ്ങളുണ്ട്. ഓലനാണ് അതിൽ നമ്പർ വൺ. ബെംഗളൂരുവിൽ കിട്ടുന്ന അക്കി റോട്ടി, അതു മാത്രം കഴിച്ച് എനിക്ക് എത്ര നാൾ വേണമെങ്കിലും ജീവിക്കാം. റാഡിസൺ ബ്ലൂ ഹോട്ടലിൽ കിട്ടുന്ന ബാർബിക്യൂ ഫിഷ്! ഇതൊക്കെ ഓർത്തു വച്ചോളൂ...

priya-mony1

അതേ, ഇപ്പോൾ ചെയ്യുന്ന രണ്ടു കന്നഡ സിനിമകൾക്കു പുറമേ ഒരു മലയാളം ചിത്രത്തിന്റെ ഡിസ്കഷൻ നടക്കുന്നു, അതിനെക്കുറിച്ച് നേരിൽ കാണുമ്പോൾ പറയാം. വളരെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് നെഗറ്റീവ് ഷേഡുള്ള കഥാപാത്രം. ആ മോഹമാണ് കന്നഡ ചിത്രത്തിലൂടെ നിറവേറാൻ പോകുന്നത്. നെഗറ്റീവ് റോൾ ആണ് അതിൽ. കോമഡി ക ഥാപാത്രം ചെയ്യണമെന്ന സ്വപ്നവും  ഉടനെ സാധിക്കുമായിരിക്കും അല്ലേ?

സംഗീതം പോലെ ആ യാത്ര

നമ്മളൊന്നിച്ചു പോയ അജ്മീർ യാത്ര ഞാൻ മറക്കില്ല. ജാതി മതഭേദമില്ലാതെ എല്ലാവർക്കും വന്ന് ദൈവത്തോട് മനസ്സു തുറക്കാവുന്നിടം. അവിടെ കേട്ട ഖവാലി സംഗീതം, എനിക്കതെല്ലാം പുതിയ അനുഭവമായിരുന്നു. മതങ്ങളേക്കാൾ മനുഷ്യനാണ് വലുതെന്ന ബോധ്യം എനിക്ക് പണ്ടേയുണ്ട്. ഞാൻ ഹിന്ദുവാണെന്നതും മുസ്തഫ മുസ്‌ലിം ആണെന്നതും  ഒക്കെ ഒരു പ്രശ്നമായി പലരും പറഞ്ഞിട്ടുണ്ടാകും.

പക്ഷേ, എല്ലാ മതങ്ങളുടെയും സാരം  സ്നേഹമല്ലേ. നമ്മുടെ സ്നേഹത്തിന് ഒരു മതത്തിന്റേയും നിഴൽ വേണ്ട. രണ്ടു വീട്ടുകാരെയും വിഷമിപ്പിക്കാതെ ബെംഗളൂരുവിൽ റജിസ്റ്റർ വിവാഹം ചെയ്യാമെന്നുള്ള നമ്മുടെ തീരുമാനം എത്ര നന്നായി എന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. രണ്ടുപേർ ഒന്നാകുമ്പോൾ എന്തിനാണല്ലേ, ഇത്ര ആർഭാടം. വിവാഹത്തിന് ആർഭാടമൊന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ  അത് അംഗീകരിക്കാൻ കാണിച്ച നല്ല മനസ്സിന് നന്ദി. ഓഗസ്റ്റിലെ ആ ദിവസത്തിനായുള്ള സന്തോഷം നിറഞ്ഞ കാത്തിരിപ്പിലാണ് ഞാൻ. ബാക്കി വിശേഷങ്ങൾ നേരി‍ൽ കാണുമ്പോൾ പറയാം.

എന്ന് സ്വന്തം പ്രിയ