Thursday 13 December 2018 02:47 PM IST

അഭിനയത്തിലൂടെ തിയറ്ററുകളിൽ ആരവം ഉയർത്തുകയാണ് എഴുത്തിന്റെ ഈ മസിൽമാൻ; രഞ്ജി പണിക്കർ

V R Jyothish

Chief Sub Editor

panikar-n ഫോട്ടോ: ശ്യാം ബാബു

വെടിമരുന്ന് നിറച്ച വാക്കുകളിൽ തിയറ്ററുകൾ ഹരം കൊണ്ട കാലം. ഇപ്പോൾ ഇതാ,അഭിനയത്തിലൂടെ തിയറ്ററുകളിൽ ആരവം ഉയർത്തുകയാണ് എഴുത്തിന്റെ ഈ മസിൽമാൻ

നാൽപതു വർഷം മുമ്പൊരു കുട്ടനാടൻ ൈവകുന്നേരം!

ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പൊതുയോഗം നടക്കുകയാണ് െനടുമുടിയിൽ. മുഖ്യപ്രാസംഗികൻ ഇ.എം.എസ്.നമ്പൂതിരിപ്പാട്, പിന്നെ, പ്രസംഗിക്കുന്നത് സ്റ്റഡി സർക്കിളിന്റെ സംസ്ഥാന ഭാരവാഹി കൂടിയായ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ. നോട്ടീസിൽ അച്ചടിച്ച മറ്റൊരു പ്രാസംഗികനും കവിയാണ്, വെറും പ തിനേഴുകാരനാണ്. കുട്ടനാട്ടുകാരനാണ്, ഇടതു സഹയാത്രികനാണ്;

നാൽപതു വർഷങ്ങൾക്കു ശേഷം.

കോട്ടയം ജില്ലയിലെ ഉഴവൂരിൽ ഒരു സ്കൂൾ വാർഷികം. മുഖ്യാതിഥി സിനിമാനടനാണ്. മൂന്നു വയസ്സുള്ള നഴ്സറി ക്കാരും പത്താംക്ലാസ്സുകാരും കൈയിൽ പൂത്താലവുമായി കാത്തിരിക്കുകയാണ് ആ സിനിമാനടനെ. നാലു പതിറ്റാണ്ട് കഷ്ടപ്പെട്ട് വളർത്തിയെടുത്ത മസിലും പെരുക്കിപ്പിടിച്ച് സമ്മേളന സ്ഥലത്തേക്ക് ആ പ്രമുഖനടന്‍ നടന്നുപോയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ഒരു മൂന്നാംക്ലാസ്സുകാരന്റെ ശബ്ദം; ‘പണിക്കരേ.... അഭിനയം നന്നായി വരുന്നുണ്ട് കേട്ടോ....’

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സഹപ്രാസംഗികനായും ഒന്നാംക്ലാസുകാരന്റെ ഇഷ്ടപ്പെട്ട അഭിനേതാവായും നിൽക്കുന്നത് ഒരാളു തന്നെ രഞ്ജിപണിക്കർ. കുട്ടനാട്ടിൽ നിന്ന് പത്രപ്രവർത്തനം പഠിക്കാൻ തലസ്ഥാനത്തെത്തി. പത്രപ്രവർത്തകനായി. സിനിമാക്കാരെക്കുറിച്ചുള്ള എഴുത്തുകാരനായി. പിന്നെ, സിനിമയെഴുത്തുകാരനായി. അപ്പോഴൊക്കെ രഞ്ജിപണിക്കർ തന്റെ പേനയിൽ നിറയെ നിറച്ചത് ‘സമരതീക്ഷ്ണങ്ങളായ ഇന്നലെ’കളെയും ‘ക്ഷുഭിതയൗവനത്തിന്റെ നഷ്ടസ്വപ്ന’ങ്ങളെയുമായിരുന്നു’

ഈയടുത്തകാലത്തായി നമ്മൾ കാണുന്നത് എഴുത്തു കാരനായ രഞ്ജിപണിക്കരെയല്ല. സിനിമാനടനായ രഞ്ജിപണിക്കരെയാണ്. അനായാസമായ അഭിനയമുഹൂർത്ത ങ്ങളിലൂെട അദ്ദേഹം കയറിവന്നത് മഹാനടന്മാർ ഒഴിച്ചിട്ടു പോയ സ്ഥാനങ്ങളിലേക്കാണ്. ന്യൂജൻ അച്ഛനായി, ദു ഷ്ടനായ മാടമ്പിയായി, ഭാര്യയെ പേടിയുള്ള ഗുസ്തിക്കാര നായി... അങ്ങനെ പല മുഖങ്ങളിൽ. തിരക്കുള്ള നടനായി മുന്നിലിരിക്കുമ്പോഴും പേനയിൽ ഇപ്പോഴും വെടിമരുന്ന് നിറച്ച് കാത്തിരിക്കുന്ന എഴുത്തുകാരനാണ് താനെന്ന് ഓർമിപ്പിക്കുന്നുണ്ട് രഞ്ജിപണിക്കരുടെ ഓരോ വാക്കും ചിന്തയും.  

കൊച്ചി ചെലവന്നൂർ റോഡിലെ വില്ലയിൽ രാവിലെയുള്ള കസർത്തു കഴിഞ്ഞ് വിയർപ്പാറാൻ കാത്തിരിക്കുകയാണ് രഞ്ജിപണിക്കർ. സംഭാഷണം തുടങ്ങിയപ്പോൾ പുറത്ത് മ ഴയുടെ ആരവം. മഴ നനഞ്ഞെത്തിയ കാറ്റുപോലൊരോർമ അപ്പോൾ ഉള്ളിലേക്കു വീശിയെത്തി.

പൊതിച്ചോറും കൊണ്ട് ടിക്കറ്റിനു ക്യൂ നിന്ന് ഷാജി കൈലാസ് –രഞ്ജി പണിക്കർ സിനിമ കണ്ട ആ പഴയ ആരവക്കാലം. പ്രളയത്തോളം ഉയരുന്ന കുട്ടനാട്ടിലെ മഴയെക്കുറിച്ചു സംസാരിച്ചു കൊണ്ടാണ് രഞ്ജിപണിക്കർ തുടങ്ങിയത്. ‘ഞങ്ങൾ കുട്ടനാട്ടുകാർക്ക് മഴ പൊതുവെ നല്ല കാലമല്ല. അതിനു കാരണം മട വീഴുന്ന വരമ്പുകളാണ്. വയൽ വരമ്പുകളാണ് പ്രധാന റോഡുകൾ. ആലപ്പുഴ നിന്നു ചങ്ങനാ ശേരി വരെ അന്ന് മൂന്ന് കടത്ത് കടക്കണം. ഇന്നത്തെപ്പോലെ പാലങ്ങളില്ല. മഴക്കാലമായാൽ വരമ്പുകളിൽ മട വീഴും. അരയ്ക്കൊപ്പം വെള്ളം കുത്തിയൊഴുകും. അച്ഛൻ ഞങ്ങളെ എ ടുത്ത് മട കടത്തും. അങ്ങനെയായിരുന്നു ഞങ്ങളുടെ സ്കൂൾ ജീവിതം. ഇന്നത്തെ കുട്ടനാട്ടുകാർക്കു പോലും ചിന്തിക്കാൻ കഴിയില്ല പള്ളിക്കൂടത്തിലേക്കുള്ള ആ യാത്രകൾ.

എഴുത്തിന്റെ വഴിയിലേക്ക് എത്തിയത് ?

അച്ഛൻ കേശവപണിക്കർ മൂന്നു പതിറ്റാണ്ടോളം ഹെഡ്മാസ്റ്ററായിരുന്നു. മക്കളെ സുഹൃത്തുക്കളെപ്പോലെയാണ് അദ്ദേഹം കരുതിയിരുന്നത്. പുസ്തകങ്ങളും മാസികകളും നിറഞ്ഞ വീടായിരുന്നു ഞങ്ങളുടേത്. അമ്മ ലീലാമണിയും സ്കൂൾ അധ്യാപികയായിരുന്നു. അവരുെട തുച്ഛമായ ശ മ്പളത്തിനിടയിലും പുസ്തകങ്ങൾ വാങ്ങാൻ അച്ഛൻ പണം കണ്ടെത്തിയിരുന്നു. െചറിയ വീടായിരുന്നെങ്കിലും അടുക്കള ഒ ഴികെ എല്ലായിടത്തും പുസ്തകങ്ങളായിരുന്നു. കർഷകദീപം എന്ന പേരിൽ അച്ഛനൊരു മാസിക നടത്തിയിരുന്നു. മരിക്കുന്നതു വരെ അതിന്റെ പത്രാധിപത്യവും കൊണ്ടു നടന്നിരുന്നു.

കുട്ടനാട്ടിലെ അറിയപ്പെടുന്ന ഗ്രന്ഥശാലാ പ്രവർത്തകനാ യിരുന്നു അച്ഛൻ. അദ്ദേഹം സ്ഥാപിച്ച കസ്തൂർബ മെ മ്മോറിയൽ ഗ്രന്ഥശാല ഇന്നും നെടുമുടിയിലുണ്ട്. കുട്ടിക്കാല ത്തേയുള്ള ഈ പുസ്തക പരിചയമാണ് എന്നെ എഴുത്തിലേക്കു കൊണ്ടുവന്നത്. ജേണലിസം പഠിക്കാനും പിന്നീട് തിരക്കഥയെഴുതാനും വഴിയൊരുക്കിയത്. ആദ്യം ഞങ്ങൾ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീടു സ്വന്തം വീടു വച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട വീട്, പുസ്തകങ്ങൾ നിറഞ്ഞ ചെറിയ വീട്...

എഴുത്തിൽ നിന്ന് അഭിനയത്തിലേക്ക് വന്നപ്പോൾ?

എഴുത്ത് നമ്മൾ ഒറ്റയ്ക്ക് എടുക്കേണ്ട ഭാരമാണ്. അതു ന ന്നായാലും മോശമായാലും എഴുതുന്നവനാണ് അതിന്റെ മു ഴുവൻ ഉത്തരവാദിത്തവും. അത് നമുക്ക് സങ്കൽപിക്കാവുന്നതിലും അപ്പുറമുള്ള ഭാരമാണ്. അതുപോലെയല്ല അഭിനയം. അത് പങ്കുപറ്റലാണ്. ഒരു ഭാരം ഒരുപാടു പേർ ഒരുമിച്ചു പൊ ക്കുമ്പോൾ അതിൽ കൂട്ടത്തിൽ നിൽക്കുക. ഇനി അതു പൊങ്ങിയില്ലെങ്കിലും നമ്മൾക്ക് ഭാഗികമായ ഉത്തരവാദിത്തം മാത്ര മേയുള്ളു. ഈ രണ്ടു ഭാരവും താങ്ങിയിട്ടുള്ള ഒരാൾ എന്ന നി ലയിലുള്ള എന്റെ അനുഭവമാണിത്.

പക്ഷേ, ഭാരം കുറയ്ക്കാന്‍ ഞാന്‍ മനപ്പൂര്‍വം എടുത്ത തീരുമാനം ഒന്നും അല്ല അത്. എഴുത്ത് തന്നെയാണ് എനിക്കു പ്രധാനം. ‘ലേല’ത്തിന്റെ രണ്ടാംഭാഗം മനസ്സിലുണ്ട്. എഴുത്ത് തുടങ്ങിയിട്ടില്ല. മകൻ നിഥിൻ ആണു സംവിധാനം. ഷാജി ൈകലാസിനു വേണ്ടി വേറൊരു സിനിമയും എഴുതാനുണ്ട്.

തലസ്ഥാനം മുതൽ കിങ് ആൻഡ് കമ്മിഷണർ വരെയുള്ള സിനിമകളിൽ പറയുന്ന കാലം ഏറെ മാറിയില്ലേ?

ഫോട്ടോയിൽ നിന്ന് അല്ലെങ്കിൽ ഒരു വാർത്തയിൽ നിന്ന് നമുക്കു കിട്ടുന്ന യാഥാർഥ്യം ഉണ്ട്. ഇന്ത്യ ഇന്നും മാറിയിട്ടില്ല. ദാരിദ്ര്യവും ഇല്ലായ്മയും ഇപ്പോഴും അതുപോലെയുണ്ട് ഇ വിടെ. ഞാൻ രാഷ്ട്രീയസിനിമകൾ എഴുതിയിരുന്ന കാലത്തെ ഇന്ത്യ മാറിയോ എന്നു സംശയമുണ്ട്. ഭാര്യയുെട മൃതദേഹം ചുമന്നു കൊണ്ട് പോകുന്ന ഭർത്താവ് ഇപ്പോഴും വാർത്തകളിൽ വരുന്നു. നമ്മൾ കാണുന്നത് വെള്ള പൂശിയ ഇന്ത്യയാണ്. അതിനുമപ്പുറം യഥാർഥ ഇന്ത്യ ഇപ്പോഴുമുണ്ട്. എന്തിന് കേ രളത്തിൽ പോലും ഇപ്പോഴും പട്ടിണിയുണ്ട്. ഒരു ആശുപത്രി യുെട മുന്നിലുള്ള മെഡിക്കൽ സ്േറ്റാറിൽ കുറച്ചുസമയം നി ന്നു നോക്കു. അപ്പോൾ കാണാം ദാരിദ്ര്യത്തിന്റെ കാഠിന്യം.

ഈ അവസ്ഥകളൊന്നും സിനിമയായി വരുന്നില്ല എന്നതു നേരായിരിക്കാം. പക്ഷേ, നമ്മുടെ ആനുകാലികങ്ങൾ സൂക്ഷ്മമായി വായിക്കുമ്പോൾ, പത്രം സൂക്ഷ്മമായി വായിക്കുമ്പോൾ കാണുന്നത് ഈ ഇന്ത്യ തന്നെയാണ്. അതു സിനിമയാകുമ്പോ ൾ കുറച്ചുകൂടി നിറവും ഭാവനയും കലരും എന്നുമാത്രം.

ചരിത്രത്തേയും ഭാവനയേയും കൂട്ടിക്കുഴയ്ക്കുന്ന ഒരു രീതിയുണ്ട് എഴുത്തിൽ ?

ഒരു കഥാപാത്രത്തെ ഉണ്ടാക്കുക എന്നതിനപ്പുറം മറ്റൊന്നുമില്ല ഇതിൽ. ഇന്നത്തെപ്പോലെ ഇന്റർനെറ്റിൽ വിവരങ്ങൾ കിട്ടുന്ന കാലത്തല്ല ഞാൻ ഇതൊന്നും എഴുതുന്നത്. ഇന്നും ഇന്റർനെറ്റിൽ വിശ്വസനീയമായ വിവരങ്ങളല്ല കിട്ടുന്നത് എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ. ഉദാഹരണത്തിന് എന്റെ ‍ജന്മദിനം. നെറ്റിൽ കിടക്കുന്നത് തെറ്റായ തീയതിയാണ്. വായനയ്ക്കൊപ്പം നമ്മുടെ അനുഭവജ്ഞാന വും േചർത്തുവയ്ക്കുമ്പോഴാണ് ചില കഥാപാത്രങ്ങൾക്ക് ആഴമുണ്ടാകുന്നത്. ജീവചരിത്രങ്ങളും ആത്മകഥകളുമാണ് ഞാൻ കൂടുതലായി വായിക്കുന്നത്.

പൊലീസ്, രാഷ്ട്രീയം, മാഫിയ ഈ സിനിമാ സമവാക്യങ്ങ ൾക്ക് ഇപ്പോൾ എന്തെങ്കിലും പ്രസക്തിയുണ്ടോ?

ഈ ലോകത്ത് രണ്ടുപേർ മാത്രം ജീവിച്ചിരുന്നാലും അവിടെ രാഷ്ട്രീയം ഉണ്ടാകും എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ. ഞാൻ സിനിമ എഴുതുമ്പോൾ ദൃശ്യമാധ്യമങ്ങൾ ഇല്ല, ഇന്റ‍ർനെറ്റില്ല, പക്ഷേ, തുറന്നു പിടിച്ച കണ്ണുകളുണ്ടെങ്കിൽ എല്ലാം കാണാം. ഇന്ന് ജനങ്ങൾ എല്ലാം നേരിട്ടു കാണുകയാണ്. അ വരോട് കള്ളം പറയാൻ പറ്റില്ല. അവർക്ക് പ്രതികരിക്കാനുള്ള വേദികളുണ്ട്. മുമ്പ് അങ്ങനെയായിരുന്നില്ല.

പല പൊലീസ് ഉദ്യോഗസ്ഥരും ഭരത്ചന്ദ്രൻ കളിക്കുകയാണ് എന്നൊരു പ്രയോഗം തന്നെ ഇപ്പോഴുണ്ട് ?

പൊലീസ് കോൺസ്റ്റബിൾ മുതൽ ‍ഡി.ജി.പി. വരെ പല റാങ്കുകളിൽ ജോലി ചെയ്ത ഒരുപാടു പൊലീസുകാരുടെ നന്മ കൂട്ടി വച്ചാണ് ഭരത്ചന്ദ്രൻ എന്ന കഥാപാത്രത്തെ സ‍ൃഷ്ടിച്ചത്. അല്ലാതെ ഒരു വ്യക്തിയെ കണ്ടുകൊണ്ടല്ല ആ കഥാപാത്രത്തെ എഴുതിയത്. പിന്നീട് പൊലീസിൽ പലരും ഭരത്ചന്ദ്രന്മാ രായി എന്നു കേട്ടിട്ടുണ്ട്.

പക്ഷേ, ഒരു വ്യത്യാസം എന്റെ ഭരത്ചന്ദ്രൻ ഒരിക്കലും നി രായുധരായി നിൽക്കുന്ന ജനങ്ങളെ തല്ലുന്നവനോ അവരെ നോക്കി ആക്രോശിക്കുന്നവനോ അല്ല. അത് നല്ല പൊലീസി ങ്ങിന്റെ ഭാഗമാണ് എന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. ഒരു സർക്കാർ ജീവനക്കാരന് ഇന്ത്യയുടെ ഭരണഘടനയാണ് വി ശുദ്ധ ഗ്രന്ഥം. അതിൽ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് ഉപ കാരമുള്ള കാര്യങ്ങൾ െചയ്യുക. അങ്ങനെ ചെയ്യുന്നവർക്ക് സമൂഹം എന്നും ഒരു ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട്. ഇ ന്നും കൊടുക്കുന്നുമുണ്ട്.

പൊലീസിനെക്കുറിച്ച് ഉള്ള പരാതികൾ ഇപ്പോഴുമില്ലേ?

പൊലീസുകാർ ഉറക്കമൊഴിയുന്നതുകൊണ്ടാണ് നമ്മൾ സുഖമായി ഉറങ്ങുന്നത് എന്ന യാഥാർഥ്യം മറന്നു കൂടാ. കൊടും ക്രിമിനലിനെ ചോദ്യം ചെയ്തിട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ് സാധാരണക്കാരൻ പരാതിയുമായി ചെല്ലുന്നത്. സ്വാഭാവികമായും ആ സാധാരണക്കാരനെയും ക്രിമിനലായിട്ടാണ് പൊലീസുകാരൻ പരിഗണിക്കുന്നത്. ഈ മാനസികാവസ്ഥയിൽ മാന്യമായി പെരുമാറാൻ പൊലീസുകാരനു കഴിയില്ല. അത് അയാളുടെ കുറ്റമല്ല. ഈ രീതിയാണു മാറേണ്ടത്. അങ്ങനെയാെണങ്കിലേ സ്ത്രീകൾക്കും സാധാരണ ക്കാർക്കുമൊക്കെ നല്ല നീതി കിട്ടൂ. മഹാത്മാഗാന്ധി പോലും അഞ്ചുദിവസം കേരള പൊലീസിന്റെ യൂണിഫോമിട്ടാൽ അ ഹിംസ മാറ്റി വയ്ക്കും.

panikar-n2 കുടുംബചിത്രം :നിഥിൻ, ടെനി ജോൺ, നിഖിൽ, ആനി തോമസ്, അനീറ്റ, രഞ്ജി പണിക്കർ

അഭിനയത്തിലേക്കു വരുന്നത്?

തികച്ചും യാദൃച്ഛികമായി. തലസ്ഥാനം എന്ന സിനിമയിൽ പത്രപ്രവർത്തകന്റെ റോൾ ഉണ്ട്. പത്രപ്രവർത്തകനായി അഭിനയിക്കാൻ വന്ന ആൾ ഡയലോഗു പറഞ്ഞിട്ട് ശരിയാകുന്നില്ല. ഷാജി കൈലാസ് എന്നെ വിളിച്ചു ദേഷ്യപ്പെട്ടു. ‘ഓരോന്ന് എഴുതി വയ്ക്കും മനുഷ്യനെ മെനക്കെടുത്താൻ. നിങ്ങൾ ത ന്നെ വന്ന് അഭിനയിച്ചിട്ടുപോയാൽ മതി.’ അങ്ങനെയാണ് അ ഭിനയരംഗത്തേക്കു വരുന്നത്. ‘ഓംശാന്തി ഓശാന’യിെല കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോൾ എനിക്കൊരു ആശങ്കയുണ്ടായിരുന്നു. കാരണം എന്റെ ശരീരപ്രകൃതി സ്നേഹമുള്ള ഒരു അച്ഛനെ അവതരിപ്പിക്കാൻ പറ്റിയതല്ല. ഞാനത് സംവിധായകൻ ജൂഡിനോടു പറഞ്ഞു. അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയത്തിൽ സജീവമായത്.

പിന്നെ, രഞ്ജിത് വിളിച്ച് ‘ഞാൻ’ എന്ന സിനിമയിൽ നല്ലൊരു കഥാപാത്രത്തെ തന്നപ്പോൾ വിശ്വാസം കൂടി. ആ വിശ്വാസത്തിലാണ് ഇപ്പോൾ അഭിനയിച്ചു പോകുന്നത്. നമുക്ക് ഒരുകാര്യം അറിയില്ലെങ്കിൽ ൈധര്യമായി അതിലേക്ക് ഇറങ്ങാം. തലസ്ഥാനം സിനിമ ഇറങ്ങിയ കാലം മുതൽ എനിക്കും ഷാജിക്കും വ ധഭീഷണി വരെയുണ്ട്. ഞങ്ങൾക്ക് അതിന്റെ ഗൗരവം മനസ്സിലായില്ല. ബസിലും തീവണ്ടിയിലുമൊക്കെയായിരുന്നു ഞങ്ങളുടെ യാത്ര.

കാലം കൊണ്ടും പ്രായം കൊണ്ടും ആർജിക്കേണ്ട പക്വത യുണ്ട്. ആ പക്വത അങ്ങനെയേ വരൂ. ഞാൻ കല്യാണം കഴി ക്കുമ്പോൾ ൈകവശമുള്ളത് ആയിരം രൂപയുെട ചെക്കാണ്. ആ പണത്തിന്റെ ബലത്തിലാണ് ഞാൻ അനീറ്റയെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ ഓർക്കുമ്പോൾ അത് എന്തൊരു സാഹസമായിരുന്നു എന്നു തോന്നാറുണ്ട്.

സിനിമയിലെ വിമർശനങ്ങളോട് രാഷ്ട്രീയക്കാരുടെ പ്രതികരണം ?

കേരളത്തിൽ ഏറ്റവും കൂടുതൽ സഹിഷ്ണുതയുള്ളത് രാഷ്ട്രീയക്കാർക്കാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് രാഷ്ട്രീയക്കാരെ തന്നെയാണ്. എന്നാൽ പ്രതികാരമനോഭാവത്തോടെ ആരും പെരുമാറിയിട്ടില്ല. ഇന്ന് പക്ഷേ, അത്രയും സഹിഷ്ണുത ഉണ്ടോ എന്ന് സംശയമുണ്ട്. പല പ്രതികരണങ്ങളും കാണുമ്പോൾ അങ്ങനെ തോന്നിപ്പോകുന്നു. സിനിമയിലൂടെ ഏറ്റവും കൂടുതൽ വിമർശിച്ചവരിൽ ഒരാൾ കെ.കരുണാകരനാണ്. ആ സമയത്തൊരിക്കൽ നേരിട്ടു കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോടു പറഞ്ഞു; ‘സിനിമയിലൂെട ഞാൻ ഒരുപാടു വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി അ തൊക്കെ എനിക്കറിയാം.

പണിക്കരെ എനിക്കൊന്ന് നേരിട്ടു കാണണം. സമയമുള്ളപ്പോൾ വീട്ടിലേക്കൊന്നു വരണം.’ അതായിരുന്നു കരുണാകരൻ. പിന്നീട് ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം അറിഞ്ഞ് അദ്ദേഹത്തിന്റെ മകൾ പത്മജ പറഞ്ഞു. ‘അച്ഛനോട് എന്തെങ്കിലും ശുപാർശ പറയണമെങ്കിൽ ‍ഞങ്ങൾ മക്കൾ പറഞ്ഞിട്ടു കാര്യമില്ല. രഞ്ജി പണിക്കരോടു പറയണം എന്ന അവസ്ഥയാണെന്ന്.’ എ ന്നോടു മനസ്സു തുറന്നു സംസാരിച്ചതുപോലെ കരുണാകരൻ ആരോടും സംസാരിച്ചിട്ടുണ്ടാകില്ല. ഒരുപാടു സിനിമയ്ക്കുള്ള കഥകളുണ്ട് അദ്ദേഹം പറഞ്ഞ അനുഭവങ്ങളിൽ.

രാഷ്ട്രീയ സിനിമകളുടെ പ്രചോദനം?

രാഷ്ട്രീയ നിലപാടുള്ള സിനിമകളായിരുന്നു ഞാൻ എഴുതിയതിൽ കൂടുതലും. ടി. ദാമോദരൻ മാഷായിരുന്നു എനിക്ക് എ ഴുതാനുള്ള പ്രചോദനം. അദ്ദേഹത്തിന്റെ നിഴലിൽ നിന്നാണു തുടങ്ങിയത്. ഞാൻ പത്രപ്രവർത്തകനായിരുന്ന കാലത്ത് ഭാ വിയുെട സംവിധായകർ എന്നു പറയാവുന്ന കുറച്ചുപേരെക്കു റിച്ച് എഴുതിയിട്ടുണ്ട്. അതിലൊരാളായിരുന്നു ഷാജി കൈ ലാ സ്. ഞാൻ കാണുമ്പോൾ രാജീവ് അഞ്ചലിന്റെ സഹായിയായി നിൽക്കുകയാണ് ഷാജി. അന്നു തുടങ്ങിയ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. എന്റെ രാഷ്ട്രീയ സിനിമകൾ അധികവും ഷാജിക്കൊപ്പമാണ്.

ഗോദ’ സിനിമയിലെ ക്യാപ്റ്റൻ എന്ന കഥാപാത്രം കാത്തിരുന്നതു പോലെയുണ്ടല്ലോ?

ആ സിനിമയിലെ എന്റെ സംഭാവന അഭിനയിച്ചു എന്നതുമാത്രമാണ്. വർക്ക് ഔട്ട് ചെയ്തിരുന്നതുകൊണ്ട് അങ്ങനെയൊരു ഗുണമുണ്ടായി. ശരീരം കുറച്ചുകൂടി വണ്ണം കൂട്ടി. ഒരുകാലത്ത് ഗാട്ടാ ഗുസ്തിക്കാർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ സിനിമയ്ക്കുവേണ്ടി കൂടുതൽ വിയർപ്പൊഴുക്കിയത് ഞാനാണെന്നു പറയാം. ചില കഥാപാത്രങ്ങളെ എഴുതുമ്പോൾ എന്റെ മനസ്സിൽ ഒരു രൂപമുണ്ട്. ഈ കഥാപാത്രം ഇന്ന ആൾ അഭിനയിച്ചാൽ നന്നാകും എന്നൊരു തോന്നൽ. ‘ഗോദ’യിൽ ക്യാപ്റ്റൻ എന്ന കഥാപാത്രത്തിന് പറ്റിയ രൂപമായിരുന്നതായി രിക്കണം എനിക്കുണ്ടായ ഗുണം.

കിങ്ങും കമ്മീഷണറുമൊക്കെ ഇപ്പോൾ വന്നാൽ ?

വിജയിക്കുമോ പരാജയപ്പെടുമോ എന്നൊന്നും പറയാൻ പറ്റില്ല. ഈ ലോകത്ത് പ്രവചനങ്ങൾക്ക് അപ്പുറം നിൽക്കുന്ന ഒരു കലയേയുള്ളു അത് സിനിമയാണ്. ആര്? എന്ത്? എപ്പോൾ? എങ്ങനെ? എന്നൊന്നും സിനിമ യിൽ പറയാൻ പറ്റില്ല. നേരത്തെപ്പോലെ വിജയിക്കുമോ എ ന്നൊന്നും പറയാൻ പറ്റില്ല. സിനിമ അങ്ങനെയാണ്. പ്രവചനത്തിന്റെ ചതുരക്കള്ളിയിൽ ചുരുണ്ടിരിക്കാൻ വിസമ്മതിക്കുന്ന കലയാണത്.

മസിലും എഴുത്തും എളുപ്പം ചേരുന്ന കാര്യങ്ങളാണോ?

എഴുത്തുകാരിൽ അധികം പേരും ശരീരം സൂക്ഷിക്കുന്നവരല്ല എന്നു പറയാറുണ്ട്. എനിക്കറിയില്ല. എന്റെ കാര്യം പറഞ്ഞാൽ, കോളജിൽ പഠിക്കുമ്പോൾ എനിക്ക് കവിതാ രചനയ്ക്കും െവയ്റ്റ് ലിഫ്റ്റിങ്ങിനും സമ്മാനം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ നാൽപതു വർഷമായി ഞാൻ ജിമ്മിൽ വിയർപ്പ് ഒഴുക്കുന്നുണ്ട്.

മക്കളും സിനിമയിൽ സജീവമാകുന്നു?

ഇരട്ടക്കുട്ടികളുടെ അച്ഛനാണു ഞാൻ. നിഥിനും നിഖിലും. മക്കൾ സിനിമയിലേക്കു വരേണ്ട എന്നു കരുതിയാണ് ഞാൻ അവരെ വിദേശത്ത് പഠിക്കാനയച്ചത്. എന്നാൽ രണ്ടുപേരും തിരിച്ചുവന്നത് സിനിമാക്കാരായി. രണ്ടുപേരും സംവിധാനരംഗത്ത് അവരുടെതായ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുകയാണ്. ഞാൻ അവരോടു പറയാറുള്ളതും അതാണ്. അച്ഛന്റെ ത ണൽ ഭാരമാകരുത്. അവരവരുടേതായ വഴി കണ്ടെത്തണം.

േസാമന്‍ എന്ന സ്േനഹം

പല നല്ല നടന്മാരും മരിച്ചു പോയതുകൊണ്ട് ചില കഥാപാത്രങ്ങള്‍ മനസ്സില്‍ വന്നാലും എഴുതാന്‍ പറ്റാറില്ല. പല കഥാപാത്രങ്ങളെയും സങ്കൽപിക്കുമ്പോൾ അതിന് ഈ ആൾ ആയിരിക്കും ചേരുക എന്ന് മനസ്സില്‍ എഴുതിയിടും. അത് കഥാപാത്രവും നടനും തമ്മിലുള്ള രസതന്ത്രമാണ്. ഞാൻ മനസ്സിൽ കാണുന്ന പല കഥാപാത്രങ്ങളെയും അ വതരിപ്പിക്കാൻ ഇന്ന് സോമൻ ചേട്ടനോ മുരളിച്ചേട്ടനോ നരേന്ദ്രപ്രസാദോ ഒന്നും ഇല്ല എന്നത് വേദനയുണ്ടാക്കുന്നതാണ്. മാത്രമല്ല അവരിൽ നിന്നൊക്കെ കിട്ടിയിരുന്ന സ്നേഹം ഒരു വലിയ കാര്യമാണ്. സോമൻ ചേട്ടനെപ്പോലെ സ്നേഹമുള്ള ഒരു സുഹൃത്തിനെ ഒരിക്കലും സങ്കൽപിക്കാൻ പോലും കഴിയില്ല.

ഇതാണ് മാതൃകാ കലക്ടര്‍

ജോസഫ് അലക്സും ഭരത്ചന്ദ്രനും ഒക്കെ ഇപ്പോഴും സംസാരവിഷയങ്ങളാണെന്നറിയുമ്പോള്‍ സന്തോഷമുണ്ട്. 22 വര്‍ഷം മുന്‍പാണ് കിങ് സിനിമ റിലീസ് ചെയ്യുന്നത്. അതിനു മുമ്പും പിമ്പും എത്രയോ കലക്ടര്‍ കഥാപാത്ര ങ്ങള്‍ സിനിമയില്‍ വന്നിട്ടുണ്ട്. തഹസില്‍ദാേറാ സബ് കലക്ടറോ തന്‍റേടമായി ഒരു ചുവടു വച്ചാലിപ്പോഴും ആള്‍ക്കാര്‍ താരതമ്യം െചയ്യുന്നത് േജാസഫ് അലക്സുമായാണ്. ഇന്ത്യയെ മനസ്സിലാക്കാന്‍ ‘സെന്‍സ് േവണം, െസന്‍സിബിലിറ്റി േവണം, െസന്‍സിറ്റിവിറ്റി േവണം’ എന്ന് ആരുടെയും മുഖത്തു നോക്കി പറയാന്‍ തന്‍റേടമുള്ള േജാസഫ് അലക്സ്.

ഒരു മാതൃകാ കലക്ടർ എങ്ങനെയാകണം എന്നതിനെ സംബന്ധിച്ച് ഞാൻ നടത്തിയ പഠനത്തിൽ നിന്നാണ് ജോസഫ് അലക്സ് എന്ന കഥാപാത്രം ഉണ്ടായത്. അ ല്ലാതെ ഒരു വ്യക്തിയെ കണ്ടുകൊണ്ട് എഴുതിയതല്ല. ആ സിനിമ വന്നതിനുശേഷം നന്നായി പ്രവർത്തിക്കാൻ പലർക്കും ആ കഥാപാത്രം പ്രചോദനമായി എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഞാനത് ഒരിക്കലും അവകാശപ്പെടുന്ന കാര്യമല്ല. പലരും അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്.

ബ്യൂറോക്രാറ്റിക് ഡമോക്രാറ്റ് എന്നു പറയാവുന്ന ഒരാളാണ് കലക്ടർ. ഭരണഘടനയ്ക്ക് ഉള്ളിൽ നിന്നുകൊ ണ്ട് ചെയ്യാവുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട് ഒരു ജില്ലാക ലക്ടർക്ക്. പക്ഷേ, അധികം ആരും അത് പ്രയോഗിക്കുന്നില്ല. ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്ന സർക്കാരിന്റെ അവയവമാണ് കലക്ടർ.

കൂടുതല്‍  ചിത്രങ്ങള്‍ കാണാം

പണ്ട് പലരും ചോദിച്ചിരുന്നു; രഞ്ജിപണിക്കർക്ക് ഒരെല്ലു കൂടുതലാണോ എന്ന്. അവരോടൊന്നും പ്രതികരിക്കാൻ പോയില്ല ഈ കുട്ടനാടൻ പണിക്കർ. ഓരോ ഡയലോഗിലും കൂ ടുതൽ വെടിമരുന്ന് നിറച്ച് കത്തിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. നാൽപതു വർഷമായി കാത്തുസൂക്ഷിക്കുന്ന ശ രീരം കൊണ്ട് അഭിനയത്തിൽ തനിക്ക് ഒരെല്ലു കൂടുതലാണെന്നു തെളിയിക്കുകയാണ് ഇപ്പോൾ അദ്ദേഹം. രാവിലെ തുടങ്ങിയ അഭിമുഖവും ഫോട്ടോ ഷൂട്ടും ൈവകുന്നേരം വരെ നീണ്ടു. യാത്ര പറയുമ്പോൾ അദ്ദേഹം ചിരിയോടെ പറഞ്ഞു;

‘എന്നാൽ, രാത്രി യാത്രയില്ല.’

പതിനേഴാം വയസ്സിൽ ഇ.എം.എസിനൊപ്പം വേദി പങ്കിട്ട രഞ്ജിപണിക്കർ ശരീരം പോലെ തന്നെ പ്രതിഭയേയും കഠിനാധ്വാനത്തിലൂെട മൂർച്ച കൂട്ടുന്നു. അതുകൊണ്ടാണ് ഉഴവൂർ സ്കൂളിലെ അഞ്ചുവയസ്സുകാരൻ വിളിച്ചു പറയുന്നത്; ‘...പണിക്കരേ.... അഭിനയം, നന്നായി വരുന്നുണ്ട് കേട്ടോ....’