Wednesday 12 December 2018 05:10 PM IST : By വിജീഷ് ഗോപിനാഥ്

കൊച്ചിക്കാരി ആയെങ്കിലും പാടിത്തെളിഞ്ഞ പാലായെക്കുറിച്ച് റിമി ടോമി

rimi1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പാലാക്കാർ ഇരട്ടച്ചങ്കന്മാരാണെന്നു പറയുന്നതു വെറുതെയല്ല. പുറമെയുള്ളവർക്ക് ഈ നാട് വെറും  ‘പാല’ ആയിരിക്കാം എന്നാൽ കോട്ടയംകാർക്കിത് ‘പാലാ’യാ... എഴുതുമ്പോഴും പറയുമ്പോഴും ല കഴിഞ്ഞ് ദാ കിടക്കുന്നു ഒരു ‘ാ’ .  നാടിന്റെ പേരിൽ തന്നെ ഒരെല്ലു കൂടുതലുള്ളവർ. അപ്പോൾ പിന്നെ റിമിടോമി പാടുമ്പോൾ ഈ കൊച്ചിനു പാടിയാല്‍ പോരെ എന്തിനാ ഇങ്ങനെ തുള്ളുന്നെ എന്ന് ഏതെങ്കിലും വല്യമ്മ ചോദിച്ചാൽ ‘‘അമ്മച്ചിയേ ഞങ്ങൾ പാലാക്കാരെല്ലാം അങ്ങനെയാ കേട്ടോ’’ എന്നു ധൈര്യമായിട്ട് ഉത്തരം പറയാം.
ശരിക്കും ഇരട്ടച്ചങ്കന്മാരാണോ പാലാക്കാർ എന്നു റിമി ടോമിയോടു ചോദിച്ചപ്പോൾ ഉത്തരം പക്ഷേ താത്വികമായിരുന്നു.‘‘ ചേട്ടാ... ഈ നാനാത്വത്തിൽ ഏകത്വം എന്നൊക്കെ കേട്ടിട്ടില്ലേ?

ഉദാഹരണം പറഞ്ഞാൽ പാലാക്കാരിൽ തന്നെ പല സ്വഭാവമുള്ളവരൊണ്ട്. മിയ പാലാക്കാരിയല്ലേ? എന്നാൽ മിയയുടെ സ്വഭാവവും എന്റെ സ്വഭാവവും തമ്മിൽ വലിയ വ്യത്യാസം ഇല്ലേ?  എന്നാലും ഒരേകത്വം പാലാക്കാർക്ക് ഒണ്ട്.’’ കർത്താവേ  ഈ പറഞ്ഞത് ഞാൻ തന്നെയാണോ എന്ന മട്ടിൽ കണ്ണാടിയിൽ നോക്കി റിമി, ഒരു ‘റിമിച്ചിരി’ ചിരിച്ചു.
പാലായിലെ വീട്ടിൽ സ്കൂൾ യൂണിഫോമിട്ട് റെഡിയായി നിൽക്കുന്ന റിമി. എന്നാൽ വാ സ്കൂളിലേക്കു പോകാം? അതൊരു പോക്കു തന്നെയായിരുന്നു. നീലയും വെള്ളയും ഇട്ട് ബാഗൊക്കെ തൂക്കി. ഒരു പൊട്ടു പോലും തൊടാൻ പറ്റില്ല. അത്രയ്ക്ക് അച്ചടക്കമായിരുന്നു സ്കൂളിൽ. പത്താം ക്ലാസുവരെ സിനിമാ പാട്ടൊന്നും അങ്ങനെയിങ്ങനെ പാടാറില്ല.  
മൂന്നര വയസ്സിൽ പള്ളിയിലൊക്കെ പാടാൻ തു‍ടങ്ങിയതല്ലേ... പിന്നെ, സ്കൂളിലെ അവസ്ഥ പ്രത്യേകിച്ച് എടുത്തു പറയേണ്ടല്ലോ. പാട്ടായാലും പ്രസംഗമായാലും പ്രാർഥനയായാലും മൈക്കിനു പിന്നിൽ ഞാനുണ്ട്. മൈക്കിനു ബോറടിച്ചിട്ടുണ്ടെങ്കിലേ ഉള്ളു. അതായിരുന്നു അന്നത്തെ അവസ്ഥ.

അന്ന് ഈ കാണുന്ന റിമിയൊന്നുമല്ല. ‘ഭയങ്കര പാവം’ ആയിരുന്നു.  അതായത് ഒരു ദിവസം ഞാൻ ക്ലാസിൽ ചെന്നില്ല എന്നു വിചാരിക്ക്. അപ്പോ ഫ്രണ്ട്സും മിസ്സുമാരും പറയും, ശ്ശൊ, റിമി ഇല്ലാത്തതു കൊണ്ട് ക്ലാസങ്ങൊറങ്ങിപ്പോയി. എന്നു വച്ച് അത്രയ്ക്ക് ‍ഡീസന്റാണെന്നു വിചാരിക്കരുത്. ബാക്കി കൂടി കേൾക്ക്, ഇനി ഞാൻ ക്ലാസിലുണ്ടെന്നു വിചാരിക്ക്, അപ്പോ അവർ പറയും ഈ കൊച്ചിനെ കൊണ്ട് തോറ്റല്ലോ എന്ന്. ‘തിളച്ച വെളിച്ചണ്ണെയിലേക്ക് കടുകു വീണപോലെ  ചറപറാാാന്ന്... നടക്കും.’ നന്നാകാൻ ആകുന്നതിന്റെ മാക്സിമമായിരുന്നു പാലാ സെന്റ് മേരീസ് സ്കൂളിലെ ജീവിതം.

പാലാ, പാട്ട്, പള്ളി... ഇതു മൂന്നുമില്ലെങ്കിൽ പിന്നെന്ത് റിമി അല്ലേ?

പള്ളിയിലാണോ പെറ്റിട്ടത് എന്ന മട്ടിലായിരുന്നു എന്റെ ജീവിതം. പള്ളി, വീട്, സ്കൂൾ അങ്ങനെ ഒരു ട്രയാങ്കിൾ യാത്രയായിരുന്നു അത്. ളാലം സെന്റ് മേരീസ്  പള്ളി ഞങ്ങടെ സ്കൂളിനോട് ചേർന്നാരുന്നു. അവിടെ പാടിപ്പാടിയാണ് ഞാൻ വളർന്നത്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സ്കൂൾ. ശനി ഞായർ പള്ളി. അതായിരുന്നു ടൈംടേബിൾ. ളാലം പള്ളിയിലെ ‘ആസ്ഥാന ഗായിക.’ എന്നൊക്കെ അന്നു വേണമെങ്കിൽ വിശേഷിപ്പിക്കാമായിരുന്നു.

ക്രിസ്മസിന്റെ തലേന്ന് രാവിലെ ആറുമണിയുടെ കുർബാനക്കു പാടാൻ പോകും. പിന്നെ, പാതിരാ കുർബാന കഴിഞ്ഞേ പോരാറുള്ളു.  നാലു ക്വയർ  വരെ പാടിയ ദിവസങ്ങളുണ്ട്.  കല്യാണത്തിന് കുർബാന സ്വീകരിക്കുമ്പോൾ പാടുന്ന പ്രത്യേക പാട്ടുണ്ട്. കയ്യീന്നു കുറച്ച്  ‘ഭാവം’ കൂടിയിട്ടു പാടുമ്പോൾ ആളുകൾ നമ്മളെ ശ്രദ്ധിക്കും. ചിലർ വന്ന് അഭിനന്ദിക്കും. പിന്നെ, അവാർഡ് കിട്ടിയ പോലാ നടപ്പ്.

ഈ ന്യൂ ഇയറിന് കൊച്ചിയിലെ വീട്ടിലിരിക്കുമ്പോ   കുട്ടിക്കാലത്തെ പാലായിലെ ക്രിസ്മസ് ദിവസങ്ങളെക്കുറിച്ചാരുന്നു ആലോചിച്ചെ. അക്കാലത്തെ ക്രിസ്മസിനും ന്യൂ ഇയറിനുമെല്ലാം ഭംഗിയും ആവേശവും പൊടിക്കു കൂടുതലായിരുന്നു.  അന്ന് പുൽക്കൂട് സെറ്റൊന്നും വാങ്ങില്ല. പുല്ലു പറിക്കാനും മരത്തേൽ വലിഞ്ഞു കേറാനും ഒക്കെ മുന്നില്‍ തന്നെ ഞാനുണ്ടായിരുന്നു. അന്നൊന്നും ഫെയ്സ്ബുക്കും ഒാൺലൈനുമില്ലാത്തത് ഭാഗ്യം. അല്ലെങ്കിൽ ‘റിമി ടോമി മരത്തിൽ വലിഞ്ഞു കയറുന്ന ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ അമർത്തുക’ എന്ന് പറഞ്ഞ് വാർത്ത വന്നേനെ.

മൂന്നും നാലും വർഷം കൂടുമ്പോഴാണ് പുൽക്കൂടിൽ വ യ്ക്കാനുള്ള  ഉണ്ണീശോയുടെയും മാതാവിന്റെയുമൊക്കെ രൂപ ങ്ങൾ വാങ്ങാറുള്ളത്. എല്ലാവർക്കും കഷ്ടപ്പാടും ബുദ്ധിമുട്ടുമുള്ള കാലമായിരുന്നു.  ഒാരോ വർഷവും പുതിയതു വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും ഇല്ല.  ഒാരോ ക്രിസ്മസിനും  ഉമ്മവച്ച് ഉമ്മവച്ച് ഉണ്ണീശോ കറത്തു പോവുമ്പോഴേ പുതിയതു വാങ്ങൂ. ആ കാലത്തിനും അന്നത്തെ റിമിക്കും  ഒരിത്തിരി നിഷ്കളങ്കത കൂടുതലുണ്ടായിരുന്നെന്നു തോന്നാറുണ്ട്.

എന്നാൽ പാലാ ‍ടൗണിൽ കൂടെ ഒന്നു നടന്നു നോക്കിയാലോ?

പാലായിലെ കുരിശു പള്ളി. പാലാക്കാർ എവിടെ പോയാലും മാതാവിനു മുന്നിലൊന്നു വണങ്ങിയിട്ടേ പോകൂ. അതിനു മതവും ജാതിയുമൊന്നുമില്ല. ഒരു ശീലമാണ്. ആ പള്ളിയിലെ  ജൂബിലി പെരുന്നാളാണ് അന്നു ജീവിതത്തിലെ  ഏറ്റവും വലിയ ആഘോഷം. പിന്നെ, കത്തീഡ്രൽ പള്ളി. ഗ്ലാസ് പെയ്ന്റിങ് ചെയ്ത വലിയ ജനാലയിലൂടെ പള്ളിക്കുള്ളിൽ വീഴുന്ന നിറങ്ങൾ  കണ്ട് കണ്ണും മിഴിച്ച് നിന്നിട്ടൊണ്ട്.  

സത്യം പറഞ്ഞാ... പാലാ ഞങ്ങളുടെ അമേരിക്കയായിരുന്നു. പാലാ ടൗൺ എന്നു പറഞ്ഞാ, യുവറാണി–മഹാറാണി തിയറ്റർ,  ടൗൺഹാൾ,  സ്റ്റേഡിയം, തുണിത്തരങ്ങളെടുക്കാൻ ഒന്നോ രണ്ടോ കടകൾ, ഒന്നു രണ്ടു ബ്യൂട്ടി പാർലർ ബേക്കറി.... മഹാറാണി തിയറ്ററിനു  മുകളിൽ നിന്നു നോക്കിയാൽ പാലായുടെ മൊത്തം ചിത്രം നമ്മുടെ കണ്ണിൽ പെടും. അവിടെ സിനിമകാണാൻ പോയതൊക്കെ ഒാർക്കുമ്പോൾ നല്ല തമാശ തോന്നും.

പപ്പ ആക്‌ഷൻ സിനിമയുടെ ആളായിരുന്നു. സുരേഷ് ഗോപി പടം വന്നാൽ ഞങ്ങളെയും കൊണ്ടു  പോകും. സിനിമയ്ക്കിടയിൽ ചിലപ്പോൾ റൊമാൻസ് സീനൊക്കെ വന്നാൽ പിന്നെ, ഭയങ്കര കോമഡിയാ. അതു ഞങ്ങള് പിള്ളേര് കാണരുതല്ലോ. ഉടൻ ചില ഇടപെലുകൾ പപ്പയും മമ്മിയും നടത്തും, ഒന്നുകിൽ കടലപ്പൊതി അഴിച്ചു കഴിക്കെന്നു പറഞ്ഞ ശ്രദ്ധ തിരിക്കും. അല്ലെങ്കിൽ കൂട്ടുകാരുടെ വിശേഷം ചോദിക്കും. ഒരു നിവൃത്തിയുമില്ലെങ്കിൽ കണ്ണു പൊത്തിക്കളയും.

rimi2

കൊട്ടാരമറ്റം ബസ്സ് സ്റ്റാൻഡിൽ നിന്ന് അൽഫോൻസാ കോളജിലേക്കുള്ള ആ നടപ്പ് ഇപ്പോൾ നൊസ്റ്റാൾജിയ ഉണ്ടാക്കുന്നില്ലേ?

നോക്കിയ 1100 ഫോണിൽ നിന്ന് ടച്ച് ഫോണിലേക്കുള്ള മാറ്റം പോലെയായിരുന്നു അത്. നീലയും വെള്ളയും ഇട്ട് ഇട്ട് മടുത്ത സ്കൂൾ പിള്ളേർക്കു മുന്നിൽ മഴവില്ലാണ് വന്നു വീണത്. കളർ ഡ്രസ്സൊക്കെ ഇട്ട് അൽഫോൻസാ കോളജിലേക്ക് പോകാൻ തന്നെ ആവേശം. പക്ഷേ, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നതു പോലെയായിപ്പോയി കാര്യങ്ങൾ. ഞങ്ങളുടെ സൗന്ദര്യം കാണാനും അതിനെക്കുറിച്ചു പറയാനും ആരും ഇല്ലാതായി പോയില്ലേ. അൽഫോൻസാ കോളജിലെ ക്ലാസ് മുറിയിൽ പേരിനു പോലും   ഒരാൺതരി ഇല്ലല്ലോ.  കുറച്ചപ്പുറമുള്ള സെന്റ് തോമസ് കോളജായിരുന്നു ഒരു പ്രതീക്ഷ. ആൺകുട്ടികൾ മാത്രമുള്ള അവിടെ നിന്ന് എപ്പോഴെങ്കിലും ഒരു നോട്ടത്തിന്റെ ബിരിയാണി കിട്ടിയാലോ എന്നോർത്ത് പലരും നടന്നു.

കൊട്ടാരമറ്റം സ്റ്റാൻഡിലിറങ്ങി കോളജിലേക്കുള്ള നടപ്പിലാണ് പല പ്രണയങ്ങളും പൂവിട്ടിരുന്നത്. കണ്ണുകൊണ്ടെറിഞ്ഞ് കാമുകന്മാരും കാമുകിമാരും മീനച്ചിലാറുപോലെ ഒഴുകി നടക്കും.  എനിക്കാണെങ്കിൽ പ്രണയത്തിന്റെ ‘പ്ര’  പോലും തികച്ചു പറയാൻ പേടിയായിരുന്നു. എന്റെ മുന്നിലോ പിന്നിലോ ഒരുത്തൻ നടന്നൂന്ന് വീട്ടിലറി‍ഞ്ഞാൽ മതി. അതോടെ കോളജിൽ പോക്കിന്റെ കാര്യത്തിലൊരു തീരുമാനമാകും. അതുകൊണ്ട് മൊത്തത്തിലൊരു പേടിയായിരുന്നേ.

വെളിച്ചപ്പാടിനെ എല്ലാവരും അറിയും എന്നാൽ വെളിച്ചപ്പാടിന് ആരെയും അറിയില്ല എന്ന മട്ടിലായിരുന്നു അന്നത്തെ കാര്യങ്ങൾ. പാടാനൊക്കെ പോകുന്നതുകൊണ്ട് എന്നെ എല്ലാർക്കും അറിയാം. പക്ഷേ, എനിക്കാരെയും അറിയില്ല. അങ്ങനെ ഒരു ദിവസം.  വീട്ടിലന്ന് ഫോൺ ഇല്ല.  തൊട്ടടുത്ത വീട്ടിലെ നമ്പർ തപ്പിയെടുത്ത് ഏതോ ഒരുത്തൻ വിളിച്ചു, ‘റിമിയെ ദേ ഒരു ചെറുക്കൻ വിളിക്കുന്നൂ’ എന്ന വിവരം കിട്ടിയപ്പോഴേ മമ്മി അങ്ങോട്ടു പറന്നു. പിന്നെ കേൾക്കുന്നത് ഒരലർച്ചയാണ്. ‘‘ ഇനിയെങ്ങാനും ഇങ്ങോട്ടു വിളിച്ചാൽ....’’ വിളിച്ചയാളിന്റെ ചെവി ഒക്കെ ഇപ്പോൾ ഉണ്ടോ ആവോ?. പൊട്ടിയിട്ടുണ്ടാകും ഉറപ്പാ.

അൽഫോൻസാ കോളജ് ഒരൊന്നൊന്നര ഒാർമയല്ലേ?

ഞാനാദ്യമായിട്ട് പെർഫോം ചെയ്ത് പാടാൻ തുടങ്ങിയത് അൽഫോൻസാ കോളജിന്റെ സ്റ്റേജിൽ വച്ചാണ്. ‘നിറ’ത്തിലെ പ്രായം തമ്മിൽ മോഹം നൽകി എന്ന പാട്ടിനാ ആദ്യമായിട്ട് ചുവടുവച്ച് പാടിയത്. അന്നെല്ലാർക്കും  അത് ഒരുപാടിഷ്ടമായി. പിന്നെ,  എന്റെ പാട്ടിന്റെ സ്റ്റൈലായിട്ട് അതു മാറി.  ഇങ്ങനെ പാടുന്നത് വൃത്തികേടാണെന്ന് ആരും പറഞ്ഞിട്ടില്ല. എന്റർടെയിൻമെന്റിന്റെ ഭാഗമായിട്ടേ എല്ലാവരും അതെടുത്തിട്ടുള്ളൂ.  

എന്നാലും ബിജു മേനോൻ കോളജിൽ വന്ന ദിവസം എനിക്കൊരിക്കലും മറക്കാൻ പറ്റില്ല. പാടിപ്പാടി കോളജിൽ ചെന്ന വർഷം തന്നെ ഞാൻ ആർട്സ്ക്ലബ് സെക്രട്ടറിയായി. ഈ ചിരിയും നിഷ്കളങ്കതയും ചുറുചുറുക്കും ഒക്കെ കണ്ടിട്ടാരിക്കും പിള്ളേര് എന്നെ തിരഞ്ഞെടുത്തെ... അങ്ങനെ ആർട്സ് ഡേ വന്നു. മുഖ്യാതിഥി ബിജുമേനോൻ.  ബിജു ചേട്ടന്റെ മുന്നിൽ പാടി  തകർക്കണമെന്നു വിചാരിച്ച് സാരിയൊക്കെ ഉടുത്ത് വന്നതാണ്. ആ ആ ദിവസമായപ്പോഴേക്കും  കൃത്യം  ശബ്ദം പോയി. ആത്തച്ചക്ക പഴുത്തപ്പോൾ കാക്കയ്ക്ക് എന്തോ പറ്റിയെന്നു പറഞ്ഞതു പോലായി കാര്യങ്ങൾ.  കാറ്റു പോകുന്നപോലെ സൗണ്ട് കേൾക്കാം. ശബ്ദത്തിന്റെ പൊടിപോലും കണ്ടുപിടിക്കാനില്ല.  കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പ്രസംഗം പകുതി ആംഗ്യഭാഷയിലൂടെയും പകുതി ഉള്ള ശബ്ദത്തിലൂടെയും ഒപ്പിച്ചു.

പാലായിൽ റിമിക്ക് ഏറ്റവും പേടി എന്തിനെയാണ്?

പാലായിൽ നിന്നു കിട്ടിയ പേടി ഇപ്പോഴും ഞാൻ കെടാതെ കൊണ്ടു നടക്കുന്നുണ്ട്. സിനിമയിൽ എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടി പാലു വാങ്ങാൻ പോകുന്ന സീന്‍ ഇല്ലേ? അതു പോലെ ഞാൻ നടന്നു പോകുകയാണ്. കൈയിലൊരു മൊന്ത ആട്ടിയാട്ടി ഒാടിയും നടന്നുമുള്ള പോക്ക് അപ്പുറത്തെ വീട്ടിലെ പട്ടിക്ക് അത്ര പിടിച്ചില്ല. മൊന്തക്കു നേരെ ചാടിയ പട്ടിക്ക് ഉന്നം തെറ്റിയതാണോ എന്നറിയില്ല. കടിച്ചത് എന്റെ കാലി നായിരുന്നു.

അതിനുശേഷം പട്ടിയും ഞാനും കടുത്ത ശത്രുക്കളായി. കണ്ടാൽ പോലും മൈൻഡ് ചെയ്യില്ല. പട്ടി എന്നു കേൾക്കുമ്പോഴേ ഞാൻ ഒാടി രക്ഷപ്പെടും. ഭാര്യയെക്കാൾ നന്ദി പട്ടിക്കുണ്ടാകും എന്നു വിചാരിച്ചിട്ടാണോ എന്നറിയില്ല, നമുക്കൊരു പട്ടിയെ വളർത്തിയാലോ എന്ന് ഒരിക്കൽ റോയ്സ് ചോദിച്ചു. ഒരു കുഞ്ഞിപ്പട്ടിയാണെന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ചിലപ്പോൾ ആനപ്പുറത്ത് കയറാൻ പറഞ്ഞാൽ ഞാൻ‌ ചെയ്യും പക്ഷേ, ഇതെനിക്ക് പേടിയാണ്.

ഭൂമി മലയാളത്തിലെ എല്ലാ രാജ്യവും കാണണം എന്നതാണ് എന്റെ സ്വപ്നം. പക്ഷേ, വിമാനത്തിൽ കയറാനായിട്ട് പേടിയാണ്. ഞാനും ഇപ്പൊ ജനിച്ച പിള്ളേരും മാത്രമേ ഇങ്ങനെ ബഹളമുണ്ടാക്കുകയുള്ളു. ടേക്ക് ഒാഫ് സമയത്ത് കണ്ണൊക്കെ തുറിച്ച്, ശ്വാസം മുട്ടി.... അടുത്തരിക്കുന്ന ആൾ പേടിച്ചു പോകും. ചിലപ്പോൾ എയർ ഹോസ്റ്റസ്മാർ  ഒാടി വരും. എന്തു പറ്റിയെന്നു ചോദിക്കും.

rimi4

ബീഫ് വരട്ടിയത്, പുളിശ്ശേരി, കാബേജ് തോരൻ... പാലാക്കാർക്ക്   ഒാളം വയ്ക്കാൻ  ഇതൊക്കെ പോരെ?

നോൺരുചിയുടെ കാര്യത്തിൽ പാലാക്കാർക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. ഏത് ആഘോഷത്തിലും മാറാതെ നിൽക്കുന്ന പതിവു മെനു ഉണ്ടാവും. ബീഫ് ഒലത്തിയത്, പുളിശ്ശേരി, കാബേജ് തോരൻ,കടുമാങ്ങാ അച്ചാർ, കട്‌ലറ്റും സവാളയും. ഇതിനൊക്കെ പ്രത്യേക ടേസ്റ്റാണ്. കല്യാണത്തിനൊക്കെ പോവുമ്പോ ഇതൊക്കെ അങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ ഒരു സുഖമാണ്.

ഞാൻ അടുക്കളയിൽ കയറി കുക്ക് ചെയ്ത് അതിഥികളെ ഞെട്ടിക്കാറുണ്ടെന്നൊക്കെ പറഞ്ഞാൽ റോയ്സ് ആവും ഞെട്ടുക. അതുകൊണ്ട് അത്തരം തള്ളൊന്നും ഞാൻ നടത്തുന്നില്ല. എന്നാലും പാചകം ചെയ്യാനും ചില സ്പെഷൽ ഡിഷ് ഒക്കെ ഉണ്ടാക്കാനും ഇഷ്ടമാണ്.  കുറച്ചുനാൾ മുമ്പ് തറവാട്ടിൽ  ഒരു പാചക മത്സരം സംഘടിപ്പിച്ചിരുന്നു, അതിൽ രണ്ടാം സ്ഥാനം എനിക്കായിരുന്നു. ഒന്നാം സ്ഥാനം മുക്തയ്ക്കും. എല്ലാവരും ചോദിക്കും മുക്തയോട് നാത്തൂൻപോര് തുടങ്ങിയോന്ന്. അതൊരു പാവം കൊച്ചാ. സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങൾ പോലൊന്നുമല്ല. വീട്ടിലെ എല്ലാ കാര്യവും ഉത്തരവാദിത്തത്തോടെ ചെയ്യും.

മാണി സാറിനെ കുറിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെന്തു പാലായാണ്?

എന്നുമെത്തുന്ന മാവേലി പോലെയാണ് പാലാക്കാർക്ക് മാണി സാർ. കല്യാണം,വീടുവെഞ്ചരിപ്പ്, മരണം.... എന്നു വേണ്ട പാലയിലെന്തുണ്ടായാലും മാണിസാറുണ്ടാകും. സ്കൂളിൽ പഠിക്കുമ്പോൾ ഞാനേറ്റവും കൂടുതൽ സമ്മാനങ്ങൾ വാങ്ങിച്ചിരിക്കുന്നത് മാണിസാറിന്റെ കൈയിൽ നിന്നാണ്. എൽപി ക്ലാസിലായിരിക്കുമ്പോൾ മൈക്കിൽക്കൂടി സാറിന്റെ സൗണ്ട് കേട്ടപ്പോൾ ആദ്യം വിചാരിച്ചത് മൈക്ക് പതറുന്നതാണെന്നാ... അടുത്ത വർഷം വന്നപ്പോ ദേ പിന്നേം മൈക്ക് പതറുന്നു. അപ്പോ മനസ്സിലായി മാണി സാറിന്റെ സ്റ്റൈൽ ആണെന്ന്. പക്ഷേ, ഒരു ശുപാർശയായിട്ട് അദ്ദേഹത്തിനു മുന്നിലേക്ക് ഇതു വരെ പോയിട്ടില്ല.

റിമീടെ ഈ ചിരിയും ചാട്ടവുമൊക്കെ കാണുമ്പോൾ ‘ആ റോയ്സിനെ സമ്മതിക്കണമെന്ന്’ ‍ചില അമ്മച്ചിമാർ പറയാറില്ലേ?

എല്ലാവരുടെ മുന്നിലും റോയ്സിന് പാവം ഇമേജാണ്.  സത്യത്തിൽ ആളൊരു പാവമാണ്. എന്നെ നന്നായിട്ട് സപ്പോർട്ട് ചെയ്യും. വ്യത്യസ്തമായ രണ്ടു വഴികളിലൂടെ സഞ്ചരിച്ച് വീട്ടിൽ കണ്ടുമുട്ടുന്ന  രണ്ടുപേർ. എന്നുവച്ച് ഒരിക്കലും വഴക്കിടാത്ത, ഇണക്കുരുവികളെ പോലെ  മുഴുവൻ സമയവും കൊക്കുരുമ്മി ഇരിക്കുന്നവരൊന്നുമല്ല ഞങ്ങൾ. കുഞ്ഞു  പിണക്കങ്ങൾ ഉണ്ടാകാറൊണ്ട്, ഉണ്ടായ പോലെ അതു തീരാറുമുണ്ട്.

പാട്ടിൽ പിടിച്ചില്ലായിരുന്നെങ്കിൽ പാലാക്കാരി റിമി ഇപ്പോ എവിടെയുണ്ടായേനെ?

സ്കൂളിൽ പഠിക്കുമ്പോൾ എന്നെ കന്യാസ്ത്രി ആക്കണമെന്ന് ആഗ്രഹിച്ച ഒരു സിസ്റ്റർ ഉണ്ടായിരുന്നു. ദൈവവിളി പോയിട്ട് ഒരുൾവിളി പോലുമില്ലാത്ത ഞാൻ എങ്ങനെ ദൈവത്തിന്റെ ദാസിയാകാനാണ്. അതു കാരണം മഠവും സിസ്റ്റർമാരും രക്ഷപ്പെട്ടു എന്നു വിചാരിക്കാം. പാട്ടുകാരി ആയില്ലായിരുന്നെങ്കിൽ ഒരു നഴ്സായി യുകെയിലേക്ക് പോയേനെ. കൈയിൽ സിറിഞ്ചുമായി രോഗിയുടെ സമീപം നിൽക്കുന്ന എന്റെ രൂപം ഒാർക്കുമ്പോഴേ ചിരിവരും. അത്രയ്ക്ക് ക്ഷമയൊന്നും എനിക്കില്ലെന്നേ. ഈ ജീവിതം ദൈവം തന്ന സമ്മാനമായി തോന്നാറുണ്ട്. എന്റെ ജീവിതത്തിൽ തീരുമാനിച്ചുറപ്പിച്ച ഒരു കാര്യവും നടന്നിട്ടില്ല. എല്ലാം ദൈവത്തിന്റെ സമ്മാനങ്ങളാണ്.

പുതിയ വർഷത്തെക്കുറിച്ച് സീരിയസ്സായൊന്നു പറഞ്ഞാൽ?

എന്നാണ് കുഞ്ഞുവാവ വരുന്നതെന്ന് ഒരുപാടുപേർ ‍ചോദിക്കും.  താൻപാതി ദൈവം പാതി എന്നാണല്ലോ. ഞങ്ങളും കാത്തിരിക്കുന്നുണ്ട്. പിന്നെ, ഒരു പിടി സിനിമകളിൽ   പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലെ പാട്ട് ഹിറ്റായിരുന്നു. മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ട് നാദിർഷക്ക കാരണമാണ് എനിക്ക് കിട്ടിയത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലും ഇക്ക എന്നെ ഒാർമിച്ചു. പുതിയ വർഷത്തിലും ഒരു പിടി പാട്ടുകൾ ഉണ്ട് ഒ‍ൗസേപ്പച്ചൻ സാർ, ദീപക്ദേവ്, രതീഷ് വേഗ, അലക്സ് പോൾ....
ഒരുപാടു യാത്രകൾ പോകണം. അതാണ് മറ്റൊരു തീരുമാനം. കഴിഞ്ഞ വർഷം ജോർദാൻ ഉൾപ്പെടെ പല രാജ്യങ്ങളിലും പോയിരുന്നു. വിമാനത്തിൽ കയറാൻ പേടിയാണെങ്കിലും മോഹത്തിന് ഒരു കുറവുമില്ല. പലരും തിരക്കു കഴിഞ്ഞിട്ട് യാത്രപോകാം എന്നൊക്കെ വിചാരിച്ചിരിക്കും. അപ്പോഴേക്കും കാലം കടന്നു പോകും. അതുകൊണ്ട് കിട്ടുന്ന പ്രതിഫലത്തിൽ നിന്ന് ഒരു ഭാഗം യാത്രയ്ക്കു വേണ്ടി ഞാൻ മാറ്റിവച്ചിട്ടുണ്ട്.

പോയ വർഷം ചില കാര്യങ്ങൾ ഞാനോർമിക്കാൻ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ വർഷമാണ് ‍പപ്പ ഞങ്ങളെ വിട്ടു പോയത്. ഞങ്ങളെ നല്ല രീതിയിൽ  വളർത്താനും കുടുംബം കൊണ്ടുപോകാനും പാവം ഒരു പാടു കഷ്ടപ്പെട്ടിട്ടുണ്ട്.’’ അതുവരെ ചിരിച്ചിരുന്ന റിമിയുടെ കണ്ണിൽ സങ്കടം വന്നു തൊട്ടു.

rimi3