Thursday 13 December 2018 02:11 PM IST : By വി.ആർ. ജ്യോതിഷ്

‘ഞങ്ങൾ തീരുമാനിച്ചു, ജീവിതവും ഒരുമിച്ചായിരിക്കട്ടെ..’: ശബരീനാഥിന്റെയും ദിവ്യയുടേയും വിവാഹം ജൂണ്‍ 30ന്

divya-s1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒന്ന് മിന്നിച്ചേക്കണേ...... ആശംസയുമായി എത്തുന്നവരോെടല്ലാം ശബരിനാഥൻ എം.എൽ.എയുെട മറുപടി. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലാണ് സ്ഥലം. സമ്മേളനങ്ങൾക്കും മറ്റുമായി അവിടുത്തെ സ്ഥിരം സന്ദർശകരാണ് ശബരിനാഥനും ദിവ്യ എസ് അയ്യരും. പക്ഷേ, വിവാഹവാർത്ത പുറത്തുവന്നതിനു ശേഷം രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ എല്ലാവർക്കും കൗതുകം. അനുഗ്രഹിക്കാനും സന്തോഷം അറിയിക്കാനും എത്തുന്നവർ ഏറെ. ‘വനിതയിൽ നിന്നാണ്, ഈ വിവാഹവാർത്ത ഒന്ന് മിന്നിക്കാനാണ്...’ എന്നു പറഞ്ഞപ്പോഴേ ശബരിക്കൊരു ചമ്മൽ. തിരഞ്ഞെടുപ്പിന് പോസ്റ്റർ അടിക്കാൻ വേണ്ടി ഫോട്ടോഷൂട്ട് നടത്തിയതാണ്. അതിനുശേഷം ഫോട്ടോയ്ക്കു നിന്നു കൊടുത്തിട്ടില്ല. ദിവ്യയ്ക്കു പക്ഷേ, ഈ വെള്ളിവെളിച്ചം പരിചയമുണ്ട്. സിനിമയായും സംഗീതമായും ഫാഷൻ ഫോട്ടോയായുമൊക്കെ.

െവയിലിനു ചൂടാറാത്ത ആ ൈവകുന്നേരം മസ്കറ്റ് ഹോട്ടലിന്റെ പച്ചപ്പിലിരുന്ന് രണ്ടുപേരും ദീർഘമായി സംസാരിച്ചു. ആദ്യം കണ്ടതു മുതൽ വിവാഹനിശ്ചയം വരെയുള്ള  പ്രണയത്തെക്കുറിച്ച്. അതിനിടയിൽ കടന്നു വന്ന യാദൃച്ഛികതകളെക്കുറിച്ച്. ൈദവത്തിന്റെ ഇടപെടലിനെക്കുറിച്ച്. തിരുവനന്തപുരത്ത് പതിനാല് എം. എൽ. എമാർക്ക് ഒരു സബ് കലക്ടറാണ്. അതുകൊണ്ടാകും ഔദ്യോഗിക മീറ്റിങ്ങുകളിൽ പോലും പരസ്പരം സംസാരിക്കേണ്ടി വന്നിട്ടില്ല രണ്ടുപേർക്കും. പിന്നീട് എപ്പോഴോ സംസാരിച്ചു തുടങ്ങി. ആദ്യം സർക്കാർ കാര്യങ്ങൾ പിന്നീട് വ്യക്തിപരമായ കാര്യങ്ങൾ. പിന്നീട് എന്താണു സംഭവിച്ചത്? അവർ തന്നെ പറയട്ടെ...

ശബരിനാഥൻ: ആ സംസാരകാലത്ത് പി. ആർ. ഡിയുെട ഒരു പരിപാടി അട്ടക്കുളങ്ങര സ്കൂളിൽ വച്ച് നടക്കുന്നു. ‘ഖസാക്കിന്റെ ഇതിഹാസം’ നാടകത്തിന്റെ പ്രദർശനമാണ്. അവിടെ വച്ച് തമ്മിൽ കാണാം എന്നു ഞങ്ങൾ മുൻകൂട്ടി പ്ലാൻ െചയ്തു. ഔദ്യോഗിക കാര്യങ്ങളല്ലാെത വ്യക്തിപരമായി സംസാരിച്ചതിനുശേഷം ഞങ്ങൾ തമ്മിൽ ആദ്യം കാണുന്നത് അവിടെ വച്ചാണ്. പക്ഷേ, ഞങ്ങൾ അവിടെ വന്ന് പത്തു മിനിറ്റു കഴിഞ്ഞപ്പോൾ െക.പി.എ.സി. ലളിതച്ചേച്ചി വന്ന് ദിവ്യയെ വിളിച്ചുകൊണ്ടുപോയി. അവർ ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പാറശാല താലൂക്ക് ആശുപത്രിയിൽ സംഘർഷം. സബ് കലക്ടർ ഉടൻ സ്ഥലം സന്ദർശിക്കണം. അന്ന്, എന്നോട് യാത്ര പറഞ്ഞു ദിവ്യ പോകുമ്പോൾ പലരുടെയും കണ്ണുകൾ നാടകത്തിൽ നിന്നു തിരിഞ്ഞ് ഞങ്ങൾക്കു നേരെയായിരുന്നു.

ദിവ്യ: അന്നു രാത്രി ഞാൻ ശബരിയെ  വീണ്ടും വിളിച്ചു. ആശുപത്രിയിൽ ഒരു കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമല്ലേ. േഡാക്ടർ ആയതുകൊണ്ടാകും എനിക്ക് അത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. ആ രാത്രിയാണ് ഞങ്ങൾ മനസു തുറന്നു സംസാരിച്ചത്. ഫോണിലൂടെയുള്ള സംസാരം തുടർന്നുപോയി. പിന്നെ വിവാഹാലോചനയുടെ സമയത്താണ് തമ്മിൽ കാണുന്നത്.

ഇടയ്ക്ക് രണ്ടുപേരും സന്ദേശങ്ങൾ ൈകമാറിയില്ലേ?

ശബരിനാഥൻ: ട്രൈബൽ സെറ്റിൽമെന്റ് േകാളനികളിൽ ചില ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നതിനെ സംബന്ധിച്ചാണ് എനിക്ക് ഒഫീഷ്യലായ ചില മെസേജുകൾ അയയ്ക്കുന്നത്. അല്ലാതെ വ്യക്തിപരമായ മെസേജുകൾ അയച്ചിട്ടില്ല.

ദിവ്യ: ബാക്കി ഞാൻ പറയാം. ഒരു അദ്ഭുതമാണ്. കഴിഞ്ഞ ആറ്റുകാൽ പൊങ്കാല ദിവസം. ഞാൻ െപാങ്കാലയിട്ടുകൊണ്ടു നിൽക്കുന്ന സമയം. എനിക്ക് ശബരിയുെട ഒരു മെസേജ് വന്നു. ‘പൊങ്കാലയിങ് ഒാർ മോണിറ്ററിങ്?’ എന്ന് ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തിയ ഒരു െമസേജ്. കൂട്ടത്തിലൊരു സ്മൈലിയും. പരസ്പരം ‘സർ’ എന്നും ‘കലക്ടർ’ എന്നുമൊക്കെയാണ് അന്നേവരെ വിളിച്ചു കൊണ്ടിരുന്നത്. ഒരു കൗതുകത്തിന് ‘പൊങ്കാലയിങ്’ എന്നൊരു മെസേജ് ഞാനും തിരിച്ചയച്ചു. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ സന്ദേശം. ഈ വർഷത്തെ പൊങ്കാലയ്ക്ക് പിന്നെയും ഒരു പ്രത്യേകതയുണ്ടായിരുന്നു. ഞാനും അമ്മയും കൂടിയാണ് പൊങ്കാലയിടുന്നത്. എന്റെ കല്യാണം നടക്കാത്തതിൽ അമ്മയ്ക്ക് വലിയ വിഷമം ഉണ്ടായിരുന്നു. ‘ഈ വർഷം എന്റെ മകളുടെ കല്യാണം നടന്നില്ലെങ്കിൽ ആറ്റുകാലമ്മേ അടുത്തവർഷം ഞാൻ പൊങ്കാലയിടില്ല’ എന്നൊക്കെ പറഞ്ഞ് അമ്മ ൈദവത്തോടു പിണങ്ങിയാണ് പൊങ്കാലയിടുന്നത്. എന്റെ കല്യാണക്കാര്യത്തിൽ അമ്മയ്ക്ക് അത്രയ്ക്കും വിഷമമുണ്ടായിരുന്നു എന്നതാണു വാസ്തവം. കേൾക്കുന്നവർക്ക് നിസ്സാരമായി തോന്നാം. എങ്കിലും ആറ്റുകാലമ്മയുെട അനുഗ്രഹം എനിക്ക് എന്നും ഉണ്ടായിട്ടുണ്ട്.

ശബരിനാഥൻ: പിന്നെപ്പിന്നെ സംസാരിച്ചതൊന്നും പ്രണയത്തെക്കുറിച്ചല്ല. പുസ്തകങ്ങളെക്കുറിച്ചൊക്കെയാണ്. ടാഗോറിനെ ദിവ്യയ്ക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, രവീന്ദ്ര സംഗീതം, സൂഫി സംഗീതം ഇതൊക്കെയായിരുന്നു ഞങ്ങളുടെ സംസാരം.

പ്രണയം അത്ര പൈങ്കിളി ആയിരുന്നില്ല എന്നാണോ?

ദിവ്യ: രണ്ടുപേർക്കും ഇഷ്ടമാണ് കുന്ദേരയുെട പുസ്തകങ്ങൾ. ആദ്യം പറഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു. ‘കുന്ദേരയുെട പുസ്തകങ്ങൾ വായിക്കുന്ന ഒരു രാഷ്ട്രീയനേതാവ് കേരളത്തിലുണ്ടോ’ എന്ന്.

ശബരിനാഥൻ: എനിക്കും ഉണ്ടായിരുന്നു ആ അദ്ഭുതം. ഒരു ഡോക്ടർ സാഹിത്യപുസ്തകം, അതും കുന്ദേരയെപ്പോലെയുള്ളവരുടെ പുസ്തകം വായിക്കുന്നു. ചുരുക്കത്തിൽ മിലൻ കുന്ദേരയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു.

ദിവ്യ: എന്റെ മനസ്സിലേക്കു വന്ന ആദ്യത്തെ ഇമേജ് തന്നെ പുസ്തകം വായിക്കുന്ന ശബരിയാണ്.

ശബരിനാഥൻ: എനിക്ക് അങ്ങനെയൊരു ഇമേജൊന്നും ഉണ്ടായിരുന്നില്ല.

ദിവ്യ: സംസാരം ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ കണ്ടതേയില്ല. ശബരിക്ക് അക്കാര്യത്തിൽ എന്തോ ചമ്മൽ. എം. എൽ.എ.മാരൊക്കെ സാധാരണ വരാറുണ്ട്. സംസാരിക്കാറുണ്ട്. പക്ഷേ ശബരി ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാൻ േപാലും വന്നില്ല.

divya-s2

ആരാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്?

ദിവ്യ: രണ്ടു ഭാഗത്തു നിന്നും ആശങ്കയുണ്ടായിരുന്നു, പ്രണയം നിഷേധിച്ചാലോ എന്ന്. രണ്ടുപേരും പിന്നെയും കാണേണ്ട ആൾക്കാരാണ്. ഔദ്യോഗികമായിട്ടാണെങ്കിലും വീണ്ടും സഹകരിക്കേണ്ടവരാണ്. എന്നാൽ ഉള്ളിൽ ഇഷ്ടമാെണന്നും അറിയാമായിരുന്നു. അതുകൊണ്ട് ‘ആരാദ്യം പറയും... ആരാദ്യം പറയും.... പറയാതിനി വയ്യ... പറയാനും വയ്യ’ എന്ന അവസ്ഥയിലായി ഞങ്ങൾ.

ശബരിനാഥൻ: പിന്നീടാണ് ഞങ്ങളുടെ ഒരു പൊതുസുഹൃത്തിന്റെ വീട്ടിൽവച്ചു കണ്ട് സംസാരിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഞാനും ദിവ്യയും അടുപ്പത്തിലാെണന്ന് വീട്ടിൽ അറിയാമായിരുന്നു. ഞാൻ ദിവ്യയെ പ്രപ്പോസ് െചയ്യാൻ പോകുന്ന ദിവസം അമ്മ എന്നെ അനുഗ്രഹിച്ചാണു വിട്ടത്. ‘മോനേ, നിന്റെ ഫോട്ടോ കണ്ടിട്ടാണ് ദിവ്യ വീണത്. നേരിട്ടു കാണുമ്പോൾ അവള് ഓടിക്കൊള്ളും...’ പക്ഷേ നേരിട്ടു കണ്ടപ്പോഴും മനസ്സ് മാറിയില്ല. ഇഷ്ടമാെണന്നു പറഞ്ഞു.

ദിവ്യ: അമ്മ തന്നെയാണ് എന്നോട് ഈ വിവരം പറഞ്ഞത് കേട്ടോ. അമ്മ വെറുതെ ശബരിയെ ഇളക്കിയതാണ്. ഞങ്ങൾ എല്ലാം തീരുമാനിച്ചതിനുശേഷമാണ് വീട്ടുകാർ ജാതകം നോക്കിയത്. ‘ഇനി ജാതകം ചേരുന്നില്ലെങ്കിലും ഞങ്ങളോടു പറയേണ്ട, കാരണം ഞങ്ങൾ എല്ലാം തീരുമാനിച്ചു’ എന്ന് വീട്ടുകാരോടു പറഞ്ഞു.

ശബരിനാഥൻ: കേരളത്തിൽ ഇത്തരമൊരു പരീക്ഷണം ആദ്യമായിട്ടാണെന്നു തോന്നുന്നു. ഒരു ഐ.എ. എസ് – എം. എൽ. എ. വിവാഹം. അതുകൊണ്ട് ഞങ്ങൾ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു നീങ്ങണം.

ദിവ്യ: ഞങ്ങൾക്ക് രണ്ടുപേർക്കും െചറിയ പ്രായമല്ല. െതറ്റാനും തിരുത്താനുമുള്ള സമയമൊന്നും ഞങ്ങളുടെ ജീവിതത്തിൽ ഇല്ല. അതുകൊണ്ട് പരസ്പരം മനസ്സിലാക്കി ജീവിക്കണമെന്ന ധാരണയിലാണ് ഞങ്ങളിപ്പോൾ. പിന്നെ, ഞങ്ങൾ രണ്ടുപേരും വേറെ വേറെ ഫീൽഡിൽ േജാലി ചെയ്തിരുന്നവരാണ്. ഞാനൊരു ന്യൂറോ സർജൻ ആകേണ്ട ആളായിരുന്നു. ശബരി ഒരു പക്ഷേ, ഒരു കമ്പനി മേധാവിയും. സാമൂഹ്യ സേവനം എന്ന ലക്ഷ്യം കൂടി ഉള്ളതുകൊണ്ടാണ് ഞങ്ങൾ പൊതുരംഗത്തേക്കു വരുന്നത്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു നിന്നാൽ സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ െചയ്യാൻ കഴിയും.

പൊതുപ്രവർത്തകനെ വിവാഹം കഴിക്കുന്നത് എന്തോ പാതകമാെണന്നു കരുതുന്ന സമൂഹമനസ്സ് നമുക്കില്ലേ?

ശബരിനാഥൻ: എനിക്ക് ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു രാഷ്ട്രീയക്കാരന് മകളെ കെട്ടിച്ചുകൊടുക്കാൻ ഒരുമാതിരിയുള്ള മാതാപിതാക്കളൊന്നും തയാറാകില്ല. പൊതുപ്രവർത്തനം ഒരു തെറ്റായ കാര്യമാണ് എന്ന ചിന്തയുണ്ട്. നാട്ടുഭാഷയിൽ പറഞ്ഞാൽ രാഷ്ട്രീയക്കാരെ വീട്ടിൽ േകറ്റാൻ കൊള്ളില്ല എന്ന മനോഭാവം നമ്മുടെ സമൂഹത്തിൽ ഉണ്ട്.

ദിവ്യ : ഞങ്ങൾ രണ്ടുപേരും ഒരുപോലെയുള്ള ജോലിയാണു െചയ്യുന്നത്. അതുകൊണ്ട് പരസ്പരം മനസ്സിലാകും. ഒരിടത്ത് നിയമപ്രശ്നം ഉണ്ടായി. സബ് കലക്ടർക്ക് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റില്ല. അപ്പോൾ ഭർത്താവ് പറയുകയാണ്, ‘ആരെങ്കിലും കൈകാര്യം ചെയ്യട്ടെ. നീ കിടന്ന് ഉറങ്ങിക്കോ എന്ന്...’അതു ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകില്ല.

ശബരിനാഥൻ: സത്യൻ അന്തിക്കാടിന്റെ സിനിമയിെല കഥാപാത്രങ്ങളെപ്പോലെയായിരുന്നു എന്റെ അച്ഛൻ. പുറമേ ഗൗരവക്കാരനാണെങ്കിലും ഉള്ളിൽ നിറയെ സ്നേഹമായിരുന്നു. കുടുംബം അച്ഛന് പ്രിയപ്പെട്ടതായിരുന്നു. എത്ര തിരക്കു െണ്ടങ്കിലും ഒരു നേരത്തെ ഭക്ഷണം അച്ഛൻ വീട്ടിൽ നിന്നേ കഴിക്കൂ. ഒരു സിനിമ പോലും അച്ഛൻ ഒഴിവാക്കാറുണ്ടായിരുന്നില്ല. മക്കളുടെ എല്ലാ കാര്യങ്ങളിലും അച്ഛന്റെ ശ്രദ്ധയുണ്ടായിരുന്നു. ഞാനും അത്തരമൊരു ജീവിതമാണ് ആഗ്രഹിക്കുന്നത്. ദിവ്യ ഒന്നിലധികം കാര്യങ്ങളിൽ വിജയിച്ച ആളാണ്. ഡോക്ടറായി, ഐ.എ.എസ് എടുത്തു, ഒരു കലാകാരിയാണ്. പാട്ടു പാടും. ഡാൻസ് ചെയ്യും. അഭിനയിക്കും. ഇങ്ങനെയൊക്കെയുള്ള ഒരാളിന് നല്ലൊരു ഭാര്യയും ആകാൻ കഴിയും എന്നാണ് എന്റെ വിശ്വാസം. ഞങ്ങളുടെ പ്രണയത്തിൽ പാഴ്‌വാക്കുകളില്ല. െവറുതെ സമയം കളയാൻ വേണ്ടി പാർക്കിലോ ബീച്ചിലോ പോയിരിക്കുക അങ്ങനെയൊന്നും ഉണ്ടായില്ല. കാര്യമാത്ര പ്രസക്തമായ സംഭാഷണങ്ങളാണ്. ‘കാത്തിരുന്ന പെണ്ണല്ലേ’ എന്നു പറഞ്ഞതുപോലെയാണ് ദിവ്യ വന്നത് എന്നു തോന്നുന്നുണ്ട് പല കാര്യങ്ങളിലും.

ദിവ്യ: കുടുംബജീവിതത്തിന് തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഞങ്ങൾ അതിനുള്ള ശ്രമത്തിലാണ്. ചെറിയ കാര്യങ്ങൾക്കു പോലും നമ്മൾ ഹോംവർക്ക് ചെയ്യാറുണ്ട്. അപ്പോൾ പിന്നെ പുതിയ ജീവിതം തുടങ്ങുന്നതിനും നല്ല ഹോംവർക്ക് വേണം.

ശബരിനാഥൻ: ഞങ്ങൾക്ക് ഇത്രയും പ്രായമായി. രണ്ടുപേരും ഇന്ത്യ മുഴുവൻ യാത്ര െചയ്തിട്ടുണ്ട്. ഒരുപാട് സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. ഇങ്ങനെയാെണങ്കിലും കല്യാണത്തിന്റെ കാര്യം വന്നപ്പോൾ നാലു കിലോമീറ്റർ അപ്പുറത്തും ഇപ്പുറത്തും താമസിക്കുന്നവർ തമ്മിലായി. ഇതൊക്കെ കാണുമ്പോൾ ൈദവത്തിന്റെ എന്തൊക്കെയോ ഇടപെടൽ ഉണ്ടെന്നു തോന്നുന്നു. മൂകാംബികാദേവി ഞങ്ങൾ രണ്ടുപേരുടെയും ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞങ്ങളുടെ ഓണം മിക്കവർഷവും മൂകാംബികയിലായിരിക്കും. അച്ഛന് അത് നിർബന്ധമായിരുന്നു.

ദിവ്യ: ഞാൻ ഏതുകാര്യം െചയ്യുന്നതിനു മുമ്പും മൂകാംബികയിൽപ്പോയി പ്രാർഥിക്കും. േജാലിയിൽ കയറും മുമ്പും പുസ്തകം എഴുതാൻ ഇരിക്കുന്നതിനു മുമ്പും... അപ്പോഴൊക്കെ എനിക്കൊരു അതീന്ദ്രിയാനുഭവം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും സർവ്വജ്‍ഞപീഠം കയറി തൊഴുതു നിൽക്കുമ്പോൾ. ഇപ്പോൾ ശബരിയുെട കുടുംബത്തിനും മൂകാംബികയുമായി ഇങ്ങനെയൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ശബരിയുമായി അടുപ്പം ഉണ്ടായതിനുശേഷവും ഞാൻ സർവ്വജ്ഞപീഠം കയറി. പ്രാർഥിച്ചു. അമ്മയുെട അനുഗ്രഹം വാങ്ങിയാണ് ശബരിയോട് ഒാക്കെ പറഞ്ഞത്.

ശബരിനാഥൻ: അതുകൊണ്ട് വിവാഹം കഴിഞ്ഞ് ഞങ്ങളുടെ ആദ്യയാത്ര മൂകാംബികയിലേക്കായിരിക്കും. അതൊരു നേർച്ച പോലെയാണ്. വിവാഹം ഉറപ്പിച്ചതിനുശേഷം എടുത്ത ആദ്യത്തെ പ്രാർഥനയാണത്.

ദിവ്യ : ‘കുഞ്ഞിലേ മുതലേ ഞാനൊരു അയ്യപ്പഭക്തയാണ്. വീട്ടിൽ അപ്പൂപ്പൻ ഗുരുസ്വാമിയായിരുന്നു. അന്നും ഇന്നും നൂറ്റിയെട്ട് ശരണമന്ത്രം ജപിച്ചാണ് ഞാൻ എന്റെ ഒരുദിവസം ആരംഭിക്കുന്നത്. മാത്രമല്ല അയ്യപ്പവിഗ്രഹം കൊത്തിയ മോതിരം ഞാൻ വർഷങ്ങളായി കൈയിൽ അണിഞ്ഞിട്ടുണ്ട്. അത് ഇപ്പോഴുമുണ്ട്. അന്നു മുതൽ ഇന്നോളം എന്നെ കാത്തുരക്ഷിക്കുന്ന ശക്തി അയ്യപ്പനാെണന്ന് ഞാൻ കരുതുന്നു. അങ്ങനെയുള്ള എനിക്ക് ജീവിത പങ്കാളിയായി ഒരു ശബരിനാഥൻ തന്നെ വന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നുണ്ട്.’

സംസാരത്തിനിടയിൽ തന്റെ കൂട്ടുകാരിയുെട മുടിയിഴകളിൽ പറന്നു വീണ ശലഭത്തെ പ്രണയപൂർവം അടർത്തിയെടുത്തു ശബരിനാഥൻ. കടക്കണ്ണു കൊണ്ട് ഒരു ചിരിയായി ഉടൻ എത്തി ദിവ്യയുെട മറുപടിയും.

(കെ എസ് ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടർ ഡോ. ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹം ജൂണ്‍ 30ന് നടക്കും. രാവിലെ 9.30നും 10.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ചാണ് മിന്നുകെട്ട്. ശേഷം അരുവിക്കര നിയോജക മണ്ഡലത്തില്‍ വിവാഹ സല്‍ക്കാരം നടക്കും. അന്നേ ദിവസം വൈകുന്നേരം നാലു മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിൽ വിവാഹ സൽക്കാരം നടക്കും. ജൂലൈ രണ്ടിനു വൈകിട്ട് നാലു മുതല്‍ ആര്യനാട് വി.കെ. ഓഡിറ്റോറിയത്തിലും വിവാഹ സല്‍ക്കാരം ഉണ്ടാവും.)

divya-s3