Thursday 13 December 2018 11:07 AM IST : By രൂപാ ദയാബ്ജി

വന്ദനത്തിന് ശേഷം എവിടെപ്പോയി? സിനിമയിലേക്ക് തിരിച്ചുവരുന്ന സലീമ വനിതയോട് മനസുതുറക്കുന്നു

saleema1 ഫോട്ടോ: സരിൻ രാംദാസ്

ആത്മാവിൽ മുട്ടിവിളിച്ചതു പോലെയായിരുന്നു സലീമയെന്ന ആന്ധ്രാക്കാരി മലയാളി മനസ്സിലേക്ക് ചുവടുവച്ചു വന്നത്. വലിയ നെറ്റി കോംപ്ലക്സായി കൊണ്ടുനടന്ന പെൺകുട്ടികൾ പോലും മുടി പിന്നിലേക്ക് ചീകിക്കെട്ടാൻ തുടങ്ങിയത് ‘നഖക്ഷതങ്ങൾ’ റിലീസായ കാലത്താണ്. ‘ആരണ്യക’ത്തിലെ അമ്മിണിയെ പോലൊരു കാമുകിയെ സ്വപ്നം കണ്ടു നടന്നവരായിരുന്നു അന്നത്തെ ചെറുപ്പക്കാർ. ചെറിയൊരു ഗ്യാപ്പിനു ശേഷം ‘വന്ദന’ത്തിലെ ഗസ്റ്റ് റോളിൽ സലീമയെത്തിയപ്പോൾ മലയാളി സന്തോഷിച്ചതും അതുകൊണ്ടുതന്നെ.

പക്ഷേ, സലീമയ്ക്കൊപ്പം അഭിനയജീവിതമാരംഭിച്ചവർ സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങിയപ്പോൾ സലീമയെ മാത്രം എവിടെയും കണ്ടില്ല. ഭർത്താവും മക്കളുമൊത്ത് വിദേശത്തെവിടെയോ താമസിക്കുന്നു എന്ന് ഒരു കൂട്ടർ. അമ്മയുടെ മരണശേഷം ഒറ്റപ്പെട്ടുപോയ സലീമ മാനസികരോഗ ചികിത്സാകേന്ദ്രത്തിലാണെന്നു മറ്റൊരു കൂട്ടർ. ഇതെല്ലാം ചിരിച്ചുതള്ളി സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്ന് തേനാംപേട്ടിലെ പഴയ വീട്ടിൽ ഒറ്റയ്ക്കു ജീവിക്കുകയായിരുന്നു സലീമ. അമ്മൂമ്മയുടെയും അമ്മയുടെയും മരണം നിറച്ച ശൂന്യതയുടെ മടുപ്പിൽ നിന്ന് അവർ മുക്തയായത് 22 വർഷങ്ങൾക്കു ശേഷമാണ്.

‘‘ഒറ്റയ്ക്കു ജീവിച്ചു മടുത്തു. ഒരു കൂട്ടുവേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങി, സിനിമയിലേക്ക് മടങ്ങിവരണമെന്നും. എന്നും കൈപിടിച്ച മലയാളമാണ് മോഹിപ്പിക്കുന്നത്. കൊച്ചിയിൽ താമസമാക്കണം. മലയാള സിനിമയിൽ സജീവമാകണം.’’ അഭിനയിച്ചു തുടങ്ങിയ പുതിയ തമിഴ് സിനിമയുടെ ലൊക്കേഷനിൽ നിന്ന് അഭിമുഖത്തിനായി സലീമയെത്തിയത് സന്തോഷത്തോടെയാണ്. ടിനഗറിലെ പെയിന്റിളകിയ ഒറ്റമുറി ഫ്ലാറ്റിലിരുന്ന് സംസാരിക്കുമ്പോൾ ജീവിതം പുതിയ ട്രാക്കിൽ ഓടിത്തുടങ്ങിയതിന്റെ തിളക്കമുണ്ടായിരുന്നു സലീമയുടെ കണ്ണുകളിൽ.

എവിടെയായിരുന്നു ഇത്രകാലം ?

അമ്മയും മുത്തശ്ശിയും മരിച്ചതിനു ശേഷമാണ് ഒറ്റയ്ക്കായത്, 1995 മുതൽ. മുത്തശ്ശി മരിക്കുന്ന സമയത്ത് ‘അശോകവനം’ എന്ന തമിഴ് സീരിയലിൽ ലീഡ് റോൾ ചെയ്യുകയായിരുന്നു. പിന്നെയും തമിഴിലും കന്നടയിലും സീരിയലുകൾ ചെയ്തു. അഭിനയത്തിൽ നിന്ന് മനപ്പൂർവം മാറിനിന്നതൊന്നുമല്ല. ‘വന്ദന’ത്തിനു ശേഷം ചാൻസ് ചോദിച്ച് ആരെയും വിളിച്ചിരുന്നില്ല. മുമ്പും ആ ശീലമില്ലായിരുന്നു. ആരും എന്നെയും വിളിച്ചില്ല. റിയൽ എസ്റ്റേറ്റ് ബിസിനസായിരുന്നു ആ സമയത്ത് ചെയ്തത്. കുറച്ചുകാലം ഒരു ട്രാൻസ്പോർട് കമ്പനിയുടെ മേൽനോട്ടമുണ്ടായിരുന്നു. ഇപ്പോൾ എല്ലാത്തിൽ നിന്നും അവധിയെടുത്തു. ഈ ഫ്ലാറ്റ് തൽക്കാലത്തേക്ക് എടുത്തതാണ്. തിരിച്ചുവരാൻ തീരുമാനിച്ച ശേഷം തമിഴ് സീരിയലിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ അനുഭവിച്ച സന്തോഷത്തിന് അളവുകളില്ല.

saleema4

തിരിച്ചുവരവ് അൽപം വൈകിയോ ?

മലയാളികൾ എവിടെവച്ചു കണ്ടാലും സ്നേഹത്തോടെ പരിചയപ്പെടാൻ വരുമായിരുന്നു. എന്താണ് അഭിനയം നിർത്തിയതെന്ന് ചോദിക്കും. വീണ്ടും അഭിനയിക്കണമെന്നു സ്നേഹത്തോടെ നിർബന്ധിക്കും. അന്നൊന്നും തിരിച്ചുവരണമെന്നു തോന്നിയില്ല. ഈ തീരുമാനം വൈകിപ്പോയി എന്നു തോന്നുന്നില്ല. ഓർമകളിൽ ജീവിക്കുന്നത് എന്റെ ശീലമല്ല. കാലം മാറുമ്പോൾ ഓർമകളെയും മായ്ച്ചുകളയണം. ജീവിതം മുമ്പോട്ടു പോകുമ്പോൾ അതാണ് നല്ലത്.

മുത്തശ്ശി സരോജം നടിയായിരുന്നു, നാടകങ്ങളിലാണ് അ ഭിനയിച്ചിരുന്നത്. ആ ചുവടുപിടിച്ചാണ് അമ്മ ഗിരിജയും അഭിനയ രംഗത്തെത്തിയത്. സ്വന്തമായി നാടകട്രൂപ്പുണ്ടായിരുന്നു അമ്മയ്ക്ക്. എൻടിആറിന്റെയും നാഗേശ്വര റാവുവിന്റെയും നായികയായ അമ്മ 200ലധികം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ആശാദീപം, ബ്രഹ്മചാരി, ഞാറ്റടി തുടങ്ങി എട്ടു സിനിമകളിൽ അമ്മ അഭിനയിച്ചു.

അമ്മയുടെ കൂടെ ലൊക്കേഷനിൽ പോയി വന്നാൽ മുത്തശ്ശിയുടെ മുന്നിൽ അതെല്ലാം അഭിനയിച്ചു കാണിക്കുന്നതായിരുന്നു എന്റെ ഹോബി. ഒരു ദിവസം ഇതു കണ്ട് അമ്മ ചോദിച്ചു, ‘നിനക്ക് അഭിനയിക്കണോ?’ എനിക്ക് സിനിമയിൽ നായികയാകണമെന്ന മറുപടി കേട്ട് അമ്മ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. ‘മേഘസന്ദേശ’മെന്ന സിനിമയിൽ ബാലതാരമായാണ് സിനിമയിലെത്തിയത്. അന്ന് ഞാൻ യുകെജിയിലാണ് പഠിക്കുന്നത്. അച്ഛന്റെ പേര് സലീം എന്നാണ്. അമ്മയാണ് എനിക്ക് സലീമ എന്നു പേരിട്ടത്. ‘ഠാക്കൂർ’ എന്നു വിശ്വാസികൾ വിളിക്കുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ വിശ്വാസിയാണ് ഞാൻ. ആശ്രമത്തിൽ മണിക്കൂറുകളോളം പ്രാർഥിച്ചിരിക്കും. നിങ്ങളാരാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ ‘അയാം ഠാക്കൂർസ് ചൈൽഡ്’ എന്നാണ് ഞാൻ പറയാറ്.

അമ്മയായിരുന്നോ റോൾ മോഡൽ ?

അമ്മയായിരുന്നു സ്വയം എല്ലാം ചെയ്യണമെന്നു പഠിപ്പിച്ചത്. ഷൂട്ടിങ്ങിനു പോകുന്നതും പ്രതിഫലം വാങ്ങുന്നതും ഒറ്റയ്ക്കായിരുന്നു. ഡ്രൈവിങ്ങും നീന്തലും കരാട്ടെയുമൊക്കെ പഠിക്കാൻ അമ്മ നിർബന്ധിച്ചുവിട്ടു. ‘അശോകവന’ത്തിന്റെ ലൊക്കേഷനിൽ നിൽക്കുമ്പോഴാണ് അമ്മൂമ്മ മരിച്ചു എന്ന വിവരമറിയുന്നത്. വീട്ടിലെത്തുമ്പോൾ അമ്മൂമ്മയുടെ മൃതദേഹത്തിനരികിൽ അമ്മ മിണ്ടാതെയിരിക്കുന്നു. അതുകഴിഞ്ഞ് ആറുമാസത്തിനു ശേഷം അമ്മ മരിച്ചു. കുളിക്കാൻ ബാത്റൂമിൽ കയറിയതായിരുന്നു. ശബ്ദം കേട്ട് ചെന്നു നോക്കുമ്പോൾ അമ്മ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നു. ആംബുലൻസ് വരുത്തി ഞാനാണ് അപ്പോളോ ആശുപത്രിയിലെത്തിച്ചത്. നേരെ ഐസിയുവിലേക്കു കൊണ്ടുപോയി. കുറച്ചു സമയത്തിനു ശേഷം പുറത്തുവന്ന ഡോക്ടറുടെ നിശ്ശബ്ദതയിൽ നിന്ന് എന്തൊക്കെയോ എനിക്കു മനസ്സിലായി. അകത്ത് ഉറങ്ങുന്ന പോലെ മരിച്ചുകിടക്കുന്ന അമ്മ.

അന്ന് സിനിമാരംഗത്തു നിന്ന് ആകെ വിളിച്ചത് ശോഭൻ ബാബു സാർ ആണ്. അന്നെനിക്ക് 21 വയസ്സാണ്. ഞങ്ങൾ ജീവിച്ച വീട്ടിൽ പിന്നീട് ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചു. വിവാഹം കഴിക്കണമെന്നോ കൂട്ടു വേണമെന്നോ തോന്നിയില്ല. ഒറ്റയ്ക്കൊരു പെൺകുട്ടി ജീവിക്കുമ്പോൾ കൂട്ടുകൂടാൻ വരുന്നവർക്ക് നല്ല ലക്ഷ്യങ്ങളാകില്ല ചിലപ്പോൾ. ഒറ്റയ്ക്കായതോടെ ധൈര്യം കൂടി. ജീവിതത്തിന്റെ ദിശ തിരിച്ചു വിടാനോ ഒഴുക്ക് തടസ്സപ്പെടുത്താനോ ആരെയും അനുവദിക്കില്ല എന്നു തീരുമാനിച്ചു. അമ്മ പറഞ്ഞ വാചകമാണ് മനസ്സിലുണ്ടായിരുന്നത്, ‘വരുന്നവരും പോകുന്നവരും ചവിട്ടി അഴുക്കാക്കുന്ന പൂമുഖപ്പടിയിലെ കാർപെറ്റ് പോലെയല്ല പെണ്ണിന്റെ ജീവിതം. അംഗീകാരവും സ്വീകാര്യതയും ലഭിക്കുന്ന റെഡ് കാർപെറ്റ് ആകണമത്.’ ഇന്നുവരെ ജീവിച്ചത് അങ്ങനെ തന്നെയാണ്.

saleema3

ഹരിഹരൻ സിനിമയിൽ രണ്ടുവട്ടം നായികയായി ?

സ്കൂളിൽ പഠിക്കുമ്പോഴേ മോഡലിങ് ചെയ്തിരുന്നു. അക്കാലത്ത് 200ലധികം പരസ്യങ്ങൾക്ക് മോഡലായി. ഏഴാംക്ലാസിൽ വച്ച് പഠിപ്പു നിർത്തിയാണ് സിനിമയിൽ നായികയായത്. പി. ചന്ദ്രകുമാറിന്റെ ‘ഞാൻ പിറന്ന നാട്ടിൽ’ കഴിഞ്ഞയുടനേ ഒരുപാട് റോളുകൾ വന്നു. അമ്മയുടെ സുഹൃത്ത് കൂടിയായ കാഞ്ചനാമ്മയാണ് ഹരിഹരൻ സാറിനോട് എന്റെ കാര്യം പറയുന്നത്. അങ്ങനെ ‘നഖക്ഷതങ്ങൾ’ ചെയ്തു. ആദ്യത്തെ സിനിമയിൽ ഡയലോഗൊന്നും പറയാൻ പറ്റാത്തതിൽ എനിക്ക് വലിയ വിഷമമായിരുന്നു. പക്ഷേ, സംസാരിക്കാൻ പറ്റാത്ത കുട്ടിയായതിനാൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു. അന്നെനിക്ക് 13 വയസ്സേയുള്ളൂ.

രണ്ടാമതും ഹരിഹരൻ സാറിന്റെ സിനിമയിൽ അവസരം കിട്ടിയത് വലിയ സന്തോഷമായിരുന്നു. ‘നഖക്ഷതങ്ങളി’ലെ ലക്ഷ്മി ഊമയാണെങ്കിൽ ആരണ്യകത്തിലെ അമ്മിണി വായാടിയും തന്റേടിയുമാണ്. കാടും മേടും താണ്ടി പക്ഷികളോടും മരങ്ങളോടും കൂട്ടുകൂടി നടക്കുന്നു അമ്മിണിയുടെ റോൾ അസ്വദിച്ചാണ് ചെയ്തത്. ഡയലോഗ് ഇംഗ്ലിഷിലെഴുതിയാണ് പഠിച്ചിരുന്നത്. ഇന്നും മലയാളം എഴുതാനും വായിക്കാനും എനിക്കറിയില്ല. പക്ഷേ, അമ്മിണി പറഞ്ഞ ഡലോഗുകളെല്ലാം കാണാപ്പാഠമാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രവും അമ്മിണിയാണ്.

ആ കാലത്തെ നിറമുള്ള ഓർമകളും മറന്നോ ?

അഭിനയിച്ച കാലമായിരുന്നു ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലം. ‘ആരണ്യക’ത്തിന്റെ മൂന്നുമാസത്തെ ഷൂട്ടിങ് കൽപറ്റയിലും സുൽത്താൻബത്തേരിയിലും കാട്ടിനുള്ളിലായിരുന്നു. അന്നത്തെ ഒരു സംഭവം ഇപ്പോഴും ഓർമയുണ്ട്. പെട്ടെന്ന് കോസ്റ്റ്യൂം ചെയ്ഞ്ച് വേണം. കുറച്ച് ഉൾഭാഗത്താണ് ഷൂട്ടിങ് നടക്കുന്നത്. പോയി ഡ്രസ് മാറി വരാൻ സമയമില്ല. അപ്പോഴേക്കും ചിലപ്പോൾ ലൈറ്റ് പോകും. എന്തുചെയ്യണമെന്നറിയാതെ ഹരിഹരൻ സാർ കുഴങ്ങി നിൽക്കുന്നു. ഞാൻ പറഞ്ഞു, ‘നോക്കാം.’ പ്രൊഡക്‌ഷനിലെ നാലുപേർ ചേർന്ന് വലിയ ബെഡ്ഷീറ്റ് വലിച്ചുപിടിച്ച് മറയുണ്ടാക്കിത്തന്നു. അതിനുള്ളിൽ നിന്ന് ഞാൻ വേഗം ഡ്രസ് മാറി. ഇന്ന് അതൊന്നും ചിന്തിക്കാൻ പോലും പറ്റില്ല. നടിമാർ അശ്രദ്ധമായി ഡ്രസ് ചെയ്താൽ പോലും ക്യാമറയെടുക്കും ആളുകൾ.

സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും വിവരങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു. മോനിഷ മരിച്ചു കുറച്ചുകാലം കഴിഞ്ഞാണ് ആരോ എന്നോട് ഇക്കാര്യം പറയുന്നത്. കൊച്ചിയിൽ സിനിമാനടി ആക്രമിക്കപ്പെട്ട വാർത്തയൊക്കെ അറിഞ്ഞിരുന്നു. അവർ വീണ്ടും അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞതിലാണ് കൂടുതൽ സന്തോഷം. സ്ത്രീ എവിടെയായാലും സ്വയം സംരക്ഷിക്കാൻ ഒരുങ്ങിയിരിക്കണം.

മാറി നിന്ന കാലം സിനിമ മിസ് ചെയ്തോ ?

ഇപ്പോഴും എന്തെങ്കിലുമൊക്കെ ജീവിതത്തിൽ മിസ് ചെയ്യുന്നുണ്ടെങ്കിലും അത് സിനിമയല്ല, എന്റെ അമ്മയേയും മുത്തശ്ശിയേയുമാണ്. അമ്മയുണ്ടായിരുന്ന കാലത്താണ് അവസാനമായി തിയറ്ററിൽ പോയി സിനിമ കണ്ടത്. ‘ആരണ്യക’വും ‘നഖക്ഷതങ്ങ’ളും ചെന്നൈയിൽ വച്ചു പ്രിവ്യൂ കണ്ടു. ‘മഹായാന’വും ‘വന്ദന’വും ഇതുവരെ കണ്ടിട്ടില്ല.

ഇവിടെ പോണ്ടി ബസാറിൽ ഫൈവ് സ്റ്റാർ ഷോപ്പിങ് ബസാർ എന്ന പേരിൽ സിനിമാക്കാരൊക്കെ ആഭരണങ്ങളും മേക്കപ്പ് ഐറ്റംസും വാങ്ങുന്ന വലിയൊരു കടയുണ്ട്. അവരുടെ കലണ്ടറിൽ നാലുവർഷം തുടർച്ചയായി ഞാൻ മോഡലായിരുന്നു. അവരുടെ ഗിഫ്റ്റ് ക്ലോക്കിലും എന്റെ മുഖമായിരു ന്നു. ‘സലീമ ക്ലോക്ക്’ എന്ന പേരിൽ നൂറുകണക്കിനു പീസുകളാണ് അന്നു വിറ്റുപോയത്. കാലവും സമയവും ഏറെ മാറിയെങ്കിലും സുഹൃത്തുക്കളുടെ വീട്ടിൽ ചെല്ലുമ്പോൾ വലിയ സന്തോഷത്തോടെ അവർ ആ ക്ലോക്ക് കാണിച്ചുതരും.

saleema5

ആരോടും പ്രണയം തോന്നിയിട്ടില്ലേ ?

‘ആരണ്യക’ത്തിനു വേണ്ടി വിനീത് തന്ന ഉമ്മ മാത്രമേ ജീവിതത്തിൽ ഇതുവരെ കിട്ടിയിട്ടുള്ളൂ. അത് അഭിനയമല്ലേ. ജീവിതത്തിൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. പാട്ടിനെയാണ് എന്നും പ്രണയിച്ചത്. എല്ലാ ഭാഷകളിലുമുള്ള പാട്ടുകളും കേൾക്കും. ചൈനീസും ആസാമിയും ബംഗാളിയുമൊക്കെ. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഇംഗ്ലിഷ്, ഹിന്ദി എന്നീ ആറു ഭാഷകൾ കേട്ടാൽ മനസ്സിലാകും, സംസാരിക്കാനുമറിയാം.

കുട്ടികളെ വളരെ ഇഷ്ടമാണ്. ചെറിയ കുഞ്ഞുങ്ങളെ കാണുമ്പോൾ പലതും മനസ്സിലൂടെ കടന്നുപോകും. ജീവിതത്തിൽ ഒറ്റയ്ക്കായതു കൊണ്ട് ഒരു കൂട്ട് വേണമെന്ന് ഇതുവരെ തോന്നിയിരുന്നില്ല. ഇപ്പോൾ പക്ഷേ, വിവാഹം കഴിച്ച് ജീവിക്കണമെന്ന് തോന്നുന്നു. എന്നെ പൂർണമനസ്സോടെ അംഗീകരിക്കുന്ന ഒരാൾ വരണമെന്ന് മാത്രം

സിനിമയിലെ മാറ്റങ്ങളൊക്കെ അറിയുന്നുണ്ടോ ?

13–ാം വയസ്സിൽ ഞാൻ നായികയായ കാലത്തെ സിനിമയല്ല ഇന്നുള്ളത് എന്നറിയാം. തമിഴ് സീരിയലിനു വേണ്ടി ക്യാമറയ്ക്ക് മുന്നിൽ വീണ്ടും നിൽക്കുമ്പോൾ തന്നെ മാറ്റം ഞാൻ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. വീട്ടിൽ ടിവിയില്ല. യുട്യൂബിലാണ് സിനിമയൊക്കെ കാണുന്നത്. മഞ്ജു വാരിയരുടെ സിനിമകളാണ് ഇഷ്ടം. മമ്മൂട്ടിയുടെ മകനും ജയറാമിന്റെ മകനും സിനിമയിലെത്തി എന്ന് നിങ്ങൾ പറയുമ്പോഴാണ് അറിയുന്നത്.

saleema2 വന്ദനത്തില്‍ നെടുമുടിവേണുവിനൊപ്പം

തിരിച്ചുവരാൻ തീരുമാനിച്ച ശേഷം ആദ്യം വിളിച്ചത് എന്റെ പഴയ നായകൻ വിനീതിനെയാണ്. പിന്നീട് എം.ടി വാസുദേവൻ നായർ, ഹരിഹരൻ, ദേവൻ, സെവൻ ആർട്സ് വിജയകുമാർ, എം.ടിയുടെ മകൾ അശ്വതി തുടങ്ങിയവരോടൊക്കെ സംസാരിച്ചു. എല്ലാവർക്കും സന്തോഷമാണ് മടങ്ങിവരുന്നതിൽ. അടുത്ത സിനിമയിൽ വേഷമുണ്ടെങ്കിൽ തീർച്ചയായും വിളിക്കാമെന്ന് ഹരിഹരൻ സാർ ഉറപ്പുതന്നിട്ടുണ്ട്.

സിനിമയിൽ നിന്ന് എന്തെങ്കിലും ദുരനുഭവം ഉണ്ടായതാണോ മാറിനിൽക്കാൻ കാരണം ?

സിനിമയിൽ നിന്ന് യാതൊരു ദുരനുഭവവും ഉണ്ടായിട്ടില്ല. ‘നഖക്ഷതങ്ങൾ’ക്കും ‘ആരണ്യക’ത്തിനും കേരളത്തിലേക്ക് അമ്മ കൂട്ടുവന്നിരുന്നു. പിന്നീട് ഷൂട്ടിങ്ങിനു വന്നതൊക്കെ ഞാൻ തനിച്ചാണ്. ആരും മോശമായി പെരുമാറിയിട്ടില്ല. ‘ആരണ്യകം’ കഴിഞ്ഞു ‘മഹായാനം’ വരുന്നത് രണ്ടുവർഷത്തിനു ശേഷമാണ്. ഈ ഗ്യാപ്പിൽ കന്നടയിൽ രണ്ടുമൂന്ന് സിനിമകൾ ചെയ്തു. തമിഴിൽ സീരിയലുകളും. പിന്നെയാണ് ‘വന്ദന’ത്തിലെ റോൾ വന്നത്. അതിനു ശേഷം റോളുണ്ടെന്നു പറഞ്ഞ് ആരും വിളിച്ചില്ല എന്നതാണ് സത്യം. ഇത്ര ഹിറ്റായി നിന്ന കാലത്ത് അപ്രത്യക്ഷയായത് എന്താണെന്ന് ആളുകൾ ചോദിക്കുമ്പോഴാണ് എന്റെ നഷ്ടത്തിന്റെ വില തിരിച്ചറിയുന്നത്.

ഇനിയും അപ്രത്യക്ഷയാകുമോ ?

ചെന്നൈ ചാപ്റ്റർ അവസാനിപ്പിക്കാൻ സമയമായെന്നാണ് ഇപ്പോൾ തോന്നുന്നത്. 43 വയസ്സായി, 22 വർഷമായി ഒറ്റയ്ക്കാണ്. നഷ്ടബോധമില്ല. തിരിഞ്ഞുനോക്കിയാൽ ജീവിതത്തിൽ കയറ്റിറക്കങ്ങളൊക്കെയുണ്ട്. മുന്നോട്ട് നോക്കുമ്പോൾ നീ ണ്ടുനിവർന്ന വഴിയാണ്. അവിടേക്ക് നോക്കുന്നതാണ് എനിക്കിഷ്ടം. സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാതെ ജീവിക്കാനുള്ളത് കൈയിലുണ്ട്. ഇനി അപ്രത്യക്ഷയാകില്ല.

ഡ്രൈവിങ് വലിയ ഇഷ്ടമാണ്. എന്റെ കാറിൽ ചെന്നൈ നഗരത്തിലൂടെ ഒന്നു കറങ്ങിവന്നാൽ ഫ്രഷാകും. കേരളത്തെ പോലെ മറ്റൊരു നാടുമെന്നെ സ്നേഹിച്ചിട്ടില്ല. അതുകൊണ്ടാണ് രണ്ടാംവരവിന് മലയാളം തന്നെ മതിയെന്നു തീരുമാനിച്ചത്. നാട്ടിലെ കാലാവസ്ഥയും പച്ചപ്പും ഭക്ഷണവും വലിയ ഇഷ്ടമാണ്. പുട്ട്, കടല, അടപ്രഥമൻ, ഇലയട, പപ്പടം, അവിയൽ. പണ്ടുകഴിച്ച രുചി നാവിലുണ്ട്.

മലയാളം സിനിമയോ സീരിയലോ വന്നാൽ തീർച്ചയായും അഭിനയിക്കും. ഏതു വേഷവും ചെയ്യാമെന്ന ആത്മവിശ്വാസമുണ്ട്. അമ്മ വേഷമോ മുത്തശ്ശിയോ ചേട്ടത്തിയോ ഒക്കെ. കേരളത്തിൽ താമസം ആരംഭിക്കുന്ന ദിവസമാകും ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്നത്. തിരിച്ചുവരവിൽ എനിക്കൊരു രഹസ്യമോഹം കൂടിയുണ്ട് കേട്ടോ, ‘മലയാളത്തിന്റെ സ്വന്തം മധു സാറിന്റെയൊപ്പം അഭിനയിക്കണം...’