Wednesday 12 December 2018 05:29 PM IST : By രൂപാ ദയാബ്ജി

ലാലേട്ടൻ ഫാൻ പക്ഷേ, ആദ്യം നിര്‍മിച്ചത് മമ്മൂക്കയുടെ മകന്റെ സിനിമ; സോഫിയ പോളിന്റെ കഥയിലെ സിനിമാറ്റിക് ട്വിസ്റ്റ്

sophia4

നഗരങ്ങളിൽ ചെന്നു രാപാർത്ത കാലത്തും അതിരാവിലെ എഴുന്നേറ്റ് പുതിയ സിനിമ റിലീസായോ എന്നും മോഹൻലാൽ ചിത്രം ടിവിയിലുണ്ടോ എന്നും നോക്കിയ സോഫിയാ പോളിന്റെ കഥ...

സീൻ ഒന്ന്– ഫ്ലാഷ്ബാക്ക്

പത്തിരുപത്തെട്ട് വർഷം മുമ്പാണു സംഭവം. കൊല്ലത്തെ ഒരു വലിയ ആശുപത്രിയുടെ ഐസിയുവിലാണ് രംഗം നടക്കുന്നത്. ഹാർട്ട്അറ്റാക്ക് വന്ന് നെഞ്ചിലും മൂക്കിലുമെല്ലാം കുറേ കുഴലുകൾ ഒട്ടിച്ചുവച്ച് കിടക്കുന്ന അപ്പന് ഒരാഗ്രഹം, മരിക്കുന്നതിനു മുമ്പ് മകളുടെ കല്യാണം നടന്നു കാണണം. ഒരേയൊരു പെങ്ങളെ തലയിലും താഴത്തും വയ്ക്കാതെ കൊണ്ടുനടക്കുന്ന മൂന്ന് ആങ്ങളമാരും ഓടെടാ ഓട്ടം. വൈകുന്നേരം കോളജിൽ നിന്നു വന്ന നായിക കാര്യമറിഞ്ഞു ഞെട്ടി.

സിനിമയിലായിരുന്നെങ്കിൽ നായികയുടെ ഒളിച്ചോട്ടത്തിനും ഒരു ലൗ സോങ്ങിനും രണ്ട് ഫൈറ്റിനും അപ്പന്റെയും ആങ്ങളമാരുടെയും നിയമപ്രകാരമുള്ള മുന്നറിയിപ്പ് സഹിതമുള്ള മദ്യപാന സീനിനുമൊക്കെ സ്കോപ്പുള്ള കഥയാണിത്. പക്ഷേ, ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല, ജീവിച്ചിരുന്നവരാണ്. അതിനാൽ ഇതൊന്നുമുണ്ടായില്ല. അപ്പന്റെ ആഗ്രഹപ്രകാരം ഡിഗ്രി പഠനം പാതിവഴിക്ക് നിർത്തി ആ മകൾ വിവാഹിതയായി. പക്ഷേ, പിന്നീടു നടന്നതെല്ലാം സിനിമാക്കഥ പോലെയായിരുന്നു എന്നുപറഞ്ഞ് ചിരിക്കുകയാണ് സോഫിയാ പോൾ എന്ന ആ മകൾ.

ബോക്സോഫിസിൽ അമ്പതുകോടി കടന്ന ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന യൂത്ത്ഫുൾ ചിത്രം നിർമിച്ച് സിനിമാ വ്യവസായത്തിലേക്ക് കടന്ന സോഫിയയുടെ ക്രെഡിറ്റിൽ ഇപ്പോഴുള്ളത് തിയറ്ററുകൾ കീഴടക്കിയ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ ആണ്. സിനിമ പോലെ തിരക്കഥകൾ മാറിമറിഞ്ഞ ജീവിതത്തെ കുറിച്ച് സോഫിയ പോൾ സംസാരിക്കുന്നു. ‘‘സിനിമ കണ്ടുതുടങ്ങിയ കാലം മുതൽ ലാലേട്ടന്റെ ഫാനാണ് ഞാൻ. പത്രം വന്നാൽ ആദ്യം നോക്കുന്നത് ലാലേട്ടന്റെ സിനിമ ടിവിയിലുണ്ടോ എന്നാണ്. അദ്ദേഹത്തെ നായകനാക്കി സിനിമ നിർമിക്കാൻ മോഹിച്ചാണ് സിനിമാമേഖലയിലേക്ക് കടന്നതു പോലും.’’ േസാഫിയ പറയുന്നു.

‘‘ആശിച്ചു മോഹിച്ച് ലാലേട്ടന്റെ ഒരു സിനിമ പൂർത്തിയാക്കിയപ്പോൾ തിയറ്റർ സമരം. ക്രിസ്മസിന് ആഘോഷവും ബഹളവും എല്ലാം കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷമാണ് സിനിമ തിയറ്ററുകളിലെത്തിയത്. അതിെന്‍റയൊരു വിഷമം ഉണ്ട്.’’

ലാലേട്ടൻ ഫാൻ പക്ഷേ, ആദ്യം നിര്‍മിച്ചത് മമ്മൂക്കയുടെ മകന്റെ സിനിമ ?

എന്നെപ്പോലെ തന്നെ നല്ല സിനിമാ ക്രേസുണ്ട് മക്കള്‍ക്കും. സിനിമാ നിർമാണത്തിലേക്ക് വന്നാലോ എന്നാലോചിക്കുന്ന കാലത്ത് മൂത്ത മോനാണ് ആദ്യ സിനിമ അൻവർ റഷീദിനെ കൊണ്ട് സംവിധാനം ചെയ്യിക്കണം എന്ന് പറയുന്നത്. പക്ഷേ, ആ സമയം അൻവർ കമ്മിറ്റ് ചെയ്ത വർക്കുകളുടെ തിരക്കിലാണ്. അഞ്ജലി മേനോന്റെ പുതിയ സിനിമ നിർമിക്കുന്നു എന്ന് അന്നേ പറഞ്ഞിരുന്നു. ഒരു ദിവസം അൻവർ അപ്രതീക്ഷിതമായി ചോദിച്ചു, ‘ബാംഗ്ലൂര്‍ േഡയ്സിന്‍റെ കോ പ്രൊഡ്യൂസർ ആകാമോ...’  എന്ന്. അങ്ങനെയാണ് നിർമാണപങ്കാളിയാകുന്നത്. ദുൽഖറും നിവിനും ഫഹദുമെല്ലാം എനിക്കിഷ്ടമുള്ളവരാണ്. സിനിമ വിജയിച്ചതോടെ തുടക്കം ഗംഭീരമായി. ആദ്യമായി ലാലേട്ടനെ കാണാൻ പോകുന്നത് പോലും ‘ബാംഗ്ലൂർ ഡേയ്സി’ന്റെ പ്രൊഡ്യൂസർ എന്ന അഡ്രസിലാണ്.

സിനിമയുടെ സമാന്തരവഴിയിലും ഒന്നു നടന്നുവന്നല്ലോ ?

സിനിമയെ കച്ചവടം മാത്രമായല്ല കാണുന്നത്. അത് സിനിമയോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ്. സംവിധായകന്‍ ഡോ. ബിജു ‘കാടു പൂക്കുന്ന നേര’ത്തിന്റെ കഥ പറയാൻ വന്നപ്പോൾ കൊമേഴ്സ്യൽ സിനിമ കേൾക്കുന്ന പോലെയാണ് കേട്ടിരുന്നതും. നല്ല രസമുള്ള കഥ. പക്കാ അവാർഡ് സിനിമയുടെ പാറ്റേണേയല്ല. അന്നേരം തോന്നിയ ഇഷ്ടമാണ് പ്രൊഡ്യൂസ് ചെയ്യാമെന്ന തീരുമാനത്തിലെത്തിച്ചത്. കിട്ടിയാൽ കിട്ടി എന്ന ചാൻസെടുക്കാനേ പറ്റുമായിരുന്നുള്ളൂ. പക്ഷേ, ഫിലിം ഫെസ്റ്റിവലുകളിൽ ആ സിനിമ അംഗീകാരം നേടിയപ്പോൾ വളരെ സന്തോഷമായി. അങ്ങനെയുള്ള സിനിമകളുടെ സന്തോഷവും അറിേയണ്ടേ, പണം മുടക്കുന്നത് ലാഭത്തിനുവേണ്ടി മാത്രമല്ലല്ലോ.

ബിസിനസ് രക്തത്തിലുള്ളതു കൊണ്ടാകും ഇത്തരം ആലോചനകള്‍ ?

നഷ്ടത്തിന്റെ വേദന എത്രയാണെന്ന് അറിയാവുന്നതു കൊണ്ടു കൂടിയാണ് ഇങ്ങനെ ആലോചിക്കുന്നത്. അച്ഛൻ ആന്റണി തോമസിന് മറൈൻ ബിസിനസായിരുന്നു, അമ്മ ആഗ്‌നസ് ആന്റണി വീട്ടമ്മ. അച്ഛന് അറ്റാക്ക് വന്നു കിടക്കുമ്പോഴാണ് എന്നെ കെട്ടിച്ചു കാണണമെന്നു മോഹം പറഞ്ഞത്. അപ്പന്മാർക്ക് ഏറ്റവുമിഷ്ടം പെൺമക്കളോടാകുമല്ലോ. എനിക്കന്ന് 18 തികഞ്ഞിട്ടേയുള്ളൂ. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ ബികോമിന് പഠിക്കുന്നു. ആദ്യം വന്ന ആലോചന തന്നെ ഉറപ്പിച്ചു. ശക്തികുളങ്ങരയിലാണ് ഭർത്താവ് ജെയിംസ് പോളിന്റെ വീട്. അന്ന് അബുദാബിയിലെ ഒരു ജർമൻ കമ്പനിയിലായിരുന്നു അദ്ദേഹത്തിന് ജോലി. കല്യാണം കഴിഞ്ഞ് എന്നെയും കൊണ്ടുപോയി.

മക്കൾ സ്കൂളിൽ പോയി തുടങ്ങിയ കാലത്താണ് നാട്ടിൽ വീട് വച്ചത്. എന്റെ പ്ലാൻ അനുസരിച്ച് അയ്യായിരം സ്ക്വയർഫീറ്റിനു മുകളിൽ വലുപ്പമുളള ഞങ്ങളുടെ സ്വപ്നവീട്. മറൈൻ ഉൽപന്നങ്ങൾ വാങ്ങി എക്സ്പോർട്ട് കമ്പനിക്കു വിൽക്കുന്ന കമ്പനിയും തുടങ്ങി. ആദ്യമൊക്കെ നല്ല ലാഭത്തിലായിരുന്നു. പക്ഷേ, ഒരിക്കൽ കണക്കു കൂട്ടലുകള്‍ തെറ്റി. എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ. എല്ലാം തകരുന്നതു  പോലെ...  ‘ജീവിതം തന്നെ നിലച്ചു പോകുമെന്നു തോന്നുന്നു’ ഒരു ദിവസം വളരെ വിഷമത്തോെടയാണ് അദ്ദേഹം അതു പറഞ്ഞത്. എനിക്കും പരിഭ്രമമായി. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍.

പക്ഷേ, എന്തു വന്നാലും തോറ്റു െകാടുക്കില്ല എന്നു മനസ്സില്‍ ഉറപ്പിച്ചു. പലര്‍ക്കും പണം െകാടുത്തു തീര്‍ക്കാനുണ്ട്. നമുക്കു സംഭവിച്ച നഷ്ടം ഒന്നും അവര്‍ക്കു കാര്യമല്ലല്ലോ... പണം കൊടുത്തു തീർക്കാനായി വീടു വിറ്റു. എല്ലാം വിറ്റുപെറുക്കി വീണ്ടും ഗള്‍ഫിലേക്കു മടങ്ങി. മക്കളെ നാട്ടില്‍ തന്നെ നിര്‍ത്തി. ഒരു ലോജിസ്റ്റിക്സ് കമ്പനിയിൽ ഞാനും ജോലിക്ക് പോയിത്തുടങ്ങി. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് അവിടെ ബിസിനസ് തുടങ്ങിയത്. അന്ന് ദൈവം ഞങ്ങളുടെ കൂടെ നിന്നു. ഇപ്പോൾ 20 വർഷമായി. കമ്പനി നല്ല  വിജയത്തിലാണ്. ആയിരത്തോളം േപര്‍ക്ക് ജോലി നൽകാനായി.

എട്ടു വർഷത്തിനു ശേഷമാണു പിന്നീടു നാട്ടിേലക്കു മടങ്ങുന്നത്. ഒരു വലിയ ലക്ഷ്യവും മനസ്സില്‍ ഉണ്ടായിരുന്നു. അന്നു വിറ്റ വീട് തിരിച്ചുവാങ്ങുക. അതു സാധിച്ചു. സ്വപ്നം കണ്ടതൊന്നും ഞാന്‍ ഇതുവരെ വിട്ടുകളഞ്ഞിട്ടില്ല. ആ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കൊച്ചിയിൽ ഇപ്പോൾ ബിൽഡിങ് മെറ്റീരിയൽസിന്റെ ബിസിനസും ചെയ്യുന്നുണ്ട്.

sophia3

സിനിമാനിർമാണത്തിലേക്കുള്ള സിനിമാറ്റിക് ട്വിസ്റ്റ് ?

നല്ല സിനിമാക്കമ്പമുള്ള കുടുംബമായിരുന്നു ഭര്‍ത്താവിന്‍റെതും. അദ്ദേഹത്തിന്റെ അച്ഛന് കൊല്ലത്ത് ഒരു തിയറ്റർ തന്നെയുണ്ട്, ജനത. കല്യാണം കഴിഞ്ഞ് ഞങ്ങൾ ആദ്യം കാണാൻ പോയ സിനിമ ‘സുഖമോ ദേവി’ ആണ്. അതിൽ മോഹൻലാൽ അപകടത്തിൽ മരിക്കുന്ന രംഗം കണ്ട് തിയറ്ററിലിരുന്ന് ഞാൻ വിങ്ങിക്കരഞ്ഞു. അങ്ങനെയാണ് എന്റെ സിനിമാഭ്രാന്ത് ഭർത്താവറിഞ്ഞത്. ഭർത്താവിന്റെ ചേട്ടൻ ‘പ്രതീക്ഷ’ പീറ്ററിനും തിയറ്ററും സിനിമ നിര്‍മാണവും വിതരണവും ഒക്കെയുണ്ട്. വീട്ടില്‍ നിന്ന് എന്റെ സിനിമാ സ്വപ്നങ്ങൾക്ക് നല്ല സപ്പോർട്ട് കിട്ടി. കുടുംബ ബിസിനസിലേക്ക് തിരിയാനുള്ള ഭർത്താവിന്റെ മോഹവും എന്റെ സിനിമാപ്രേമവും ചേർന്നാണ് നിർമാണ രംഗത്തേക്കുള്ള വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ വരവ്.

ലാലേട്ടന്റെ സിനിമ കണ്ടുകരഞ്ഞയാൾ ലാലേട്ടനെ നായകനാക്കി സിനിമ ചെയ്തപ്പോൾ ?

ഞാൻ ലാലേട്ടനെ ആദ്യം കാണുന്നത് ‘ലൈല ഓ ലൈല’യുടെ സെറ്റിൽ വച്ചാണ്. ‘ബാംഗ്ലൂർ ഡെയ്സി’ന്റെ പ്രൊഡ്യൂസർ എന്നു പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ തന്നെ അദ്ദേഹം ഹാപ്പിയായി. സിനിമ ചെയ്യാമെന്നു സമ്മതിച്ചു. മുഴുവൻ സമയവും സെറ്റിൽ ഞാനുണ്ടായിരുന്നു. വെറുതേ സംസാരിച്ചു കൊണ്ടിരുന്നാലും, ഷോട്ട് റെഡിയായാൽ വേറെ ആളാകുന്ന ലാലേട്ടന്റെ മാജിക് നേരിൽ കണ്ടു. ജോലി കഴിഞ്ഞ് മടങ്ങിവരുന്ന ലാലേട്ടന്റെ കഥാപാത്രം മീന എന്തോ ചോദിക്കുമ്പോൾ ദേഷ്യത്തോടെ മുറിയിൽ കയറി കതകടയ്ക്കുന്ന രംഗമാണ് ആദ്യമെടുത്തത്. ഫ്ലാറ്റിന്റെ ഡോർ വലിച്ചടയ്ക്കുമ്പോൾ മീന ഞെട്ടണം എന്നാണ് സ്ക്രിപ്റ്റിൽ. പക്ഷേ, അന്നേരത്തെ ലാലേട്ടന്റെ ചൂടാകലും ദേഷ്യവും കൊണ്ടു തന്നെ മീന ഞെട്ടി. അത്ര റിയലായാണ് അദ്ദേഹം അഭിനയിക്കുന്നത്.

ഒരിക്കല്‍ സിംലയില്‍ ഉള്‍ഭാഗത്ത് ഒരിടത്ത് ഷൂട്ടിങ് നടക്കുന്ന ഒരു ദിവസം ഭക്ഷണം വരാൻ അല്‍പം െെവകി. എനിക്കാകെ െടന്‍ഷനായി. ഞാന്‍ പരിഭ്രമിച്ചിരിക്കുന്നതു കണ്ട് ലാലേട്ടന്‍ അടുത്തു വന്നു. ‘സാരമില്ല, ഭക്ഷണം വരട്ടെ...’ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു സംസാരിക്കാന്‍ തുടങ്ങി. ഒടുവില്‍ സംസാരം എത്തി നിന്നത് ഒരു ഡിേസര്‍ട്ടിന്‍റെ കഥയിലാണ്. ലാലേട്ടന്‍ പറയുന്നതു േകട്ടാല്‍ തന്നെ െകാതി വരും. ഞാന്‍ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ഡിേസര്‍ട്ടിനെക്കുറിച്ചു േകള്‍ക്കുന്നത്. അതും ഞാന്‍ ലാേലട്ടനോടു പറഞ്ഞു.
പിന്നീട് ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് നടന്ന ഒരു െഗറ്റ്ടുഗതറില്‍ ലാേലട്ടനും ഉണ്ടായിരുന്നു. അവിെട വിളമ്പിയ ഏറ്റവും സ്വാദിഷ്ടമായ ഡിേസര്‍ട്ട് കഴിച്ചു െകാണ്ടിരുന്നപ്പോള്‍ ലാേലട്ടന്‍ അടുത്തുവന്നു പറഞ്ഞു, ‘ഇതാണ് ഞാന്‍ അന്നു പറഞ്ഞ െഎറ്റം.’ ഇതാണ് അദ്ദേഹം. റിയല്‍ സൂപ്പര്‍ സ്റ്റാര്‍.

നിർമാതാവ് സ്ത്രീയാകുമ്പോൾ ചെലവുചുരുക്കാൻ പൊടിക്കൈകൾ ഉണ്ടാകുമല്ലോ ?

സ്ത്രീ എന്ന നിലയിലോ നിർമാതാവ് എന്ന നിലയിലോ പണം ചെലവാക്കുന്നതിൽ യാതൊരു നിയന്ത്രണവും വച്ചിട്ടില്ല. സിനിമ ഉരുവാകുന്നതും വളരുന്നതും പിറക്കുന്നതുമെല്ലാം സംവിധായകന്റെ മനസ്സിലാണ്. പുറത്തു വന്നാലേ അത് നമ്മുടേതാകൂ. അവർ കണക്കു കൂട്ടിയെടുക്കുന്നതിനെക്കാൾ വലിയ കണക്ക് ആർക്കുമുണ്ടാകില്ല. അവിെട ചെലവുചുരുക്കാൻ നിന്നാൽ പിന്നെ സിനിമയ്ക്കു വേണ്ടി മനസ്സുകൊടുക്കാനാകില്ല.

നിർമാതാവ് സ്ത്രീയായതിന്റെ ചില ഗുണങ്ങളുമുണ്ട്. പ്രൊഡക്‌ഷൻ ടീമിലെ എല്ലാവരും എല്ലാവരോടും മാന്യമായി മാ‌ത്രമേ ഇടപെടൂ. ആരേയും ദ്രോഹിക്കാതിരിക്കുക. അപ്പോള്‍ എല്ലാവരില്‍ നിന്നും നല്ല ബഹുമാനവും സ്േനഹവും  കിട്ടും. ഇതാണ് അന്നും ഇന്നും എന്റെ പോളിസി.

ഭർത്താവും നിർമാണരംഗത്തുണ്ടെങ്കിലും ടൈറ്റിലിൽ ഭാര്യയുടെ പേരു മാത്രം ?

എല്ലാ കാര്യത്തിലും സോഫിയയാണ് സേഫ് എന്നാണ് അദ്ദേഹം പറയാറ്.  ഡ്രസ് സിലക്ട് ചെയ്യുമ്പോള്‍ പോലും എന്‍റെ ഇഷ്ടത്തിനാണ് പ്രാധാന്യം െകാടുക്കുക. ദുബായിലെ ബിസിനസ് ഞങ്ങൾ രണ്ടുപേരും മക്കളും ചേർന്നാണ് നോക്കുന്നത്. പക്ഷേ, സിനിമയുെട കാര്യം വന്നപ്പോള്‍ എന്റെ മാത്രം പേരു വച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ ഈ സിനിമാഭ്രാന്ത് കുറേ വര്‍ഷങ്ങളായി സഹിക്കുകയല്ലേ, അതു െകാണ്ടാകാം.

രണ്ടു ആൺമക്കളാണ് ഞങ്ങൾക്ക്. മൂത്തയാൾ സെഡിൻ പോളിന്റെ ഭാര്യ ലിൻസി വർഗീസ്. അവരുടെ മോൾ ഒന്നര വയസുള്ള അമീലിയ. രണ്ടാമൻ കെവിൻ പോൾ. ഞങ്ങളുടെ കഥയിൽ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. എന്റെ വിവാഹം കാണാനാകാതെ മരിച്ചു പോകുമോ എന്നു പേടിച്ച അച്ഛൻ എന്റെ മോന്റെ വിവാഹവും കണ്ടിട്ടാണ് മരിച്ചത്.

മുന്തിരിവള്ളികളിലെ ഉലഹന്നാന്റെ വികൃതികളെന്തെങ്കിലും ഭർത്താവിനുമുണ്ടോ ?

‘മൈ ലൈഫ് ഈസ് മൈ വൈഫ്’ എന്നു പറയുന്ന ആളു തന്നെയാണ് എന്റെ ഭർത്താവും. അതാകാം ഈ വിജയത്തിന്‍റെയെല്ലാം അടിസ്ഥാനം. ഉലഹന്നാന്റെ കുരുത്തക്കേടുകളൊന്നും അദ്ദേഹത്തിനില്ല. നല്ല സപ്പോർട്ടും ഫ്രീഡവും തന്ന് സ്നേഹിക്കുന്നയാളാണ്. ഒരു സംഭവം പറയാം. മുന്തിരിവള്ളികളിലെ പഞ്ചായത്ത് ഓഫിസ് സെറ്റ് കാണാന്‍ ഞാനും മോനും കൂടിപ്പോയി. സെറ്റൊക്കെ നടന്നുകാണുന്നതിനിടയിൽ ആർട് ഡയറക്ടറുടെ അസിസ്റ്റന്റ് ഒരു ചോദ്യം, ‘ഇപ്പോൾ കാൻഡി ക്രഷൊന്നും കളിക്കാറില്ലേ.’ ഷൂട്ടിങ്ങിനിടെ ബോറടിക്കുമ്പോൾ കാൻഡി ക്രഷ് കളിക്കുന്നത് എന്റെ പതിവാണ്. ഇയാളെന്തിനാ ഇപ്പോഴിത് ചോദിക്കുന്നത് എന്ന ഭാവത്തിൽ നോക്കുമ്പോഴാണ് അവന്റെ മറുപടി, ‘ഞാൻ കുറേ ലൈഫ് തന്നിട്ടുണ്ട്...’
ഞാനും മോനും പൊട്ടിച്ചിരിച്ചു. ലൈഫ് തീരുമ്പോൾ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്കെല്ലാം റിക്വസ്റ്റ് ഇടാറുണ്ട്. നേരിൽ അറിയാത്ത പലരും സുഹൃത്തുക്കളാണെന്ന് അന്നേരമാണ് ഞാനറിഞ്ഞത്. ഈ കഥ വീട്ടിൽ വന്നു പറഞ്ഞപ്പോൾ ഭർത്താവ് കളിയാക്കി, ‘നമുക്കൊന്നും ലൈഫ് തരാൻ ഇവിടെയാരുമില്ലല്ലോ കര്‍ത്താവേ...’ മറ്റാരെങ്കിലുമായിരുന്നെങ്കിൽ അന്നു തീർന്നേനെ എന്റെ കാൻഡി ക്രഷ് കളി.