Thursday 13 December 2018 04:52 PM IST

കുന്നോളം അനുഭവങ്ങളുമായി ശ്രീലേഖ ഐപിഎസ്

Vijeesh Gopinath

Senior Sub Editor

ips-3 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മാസങ്ങൾക്കു മുമ്പ് ഒരു പെൺകുട്ടി ആദ്യമായി ശ്രീലേഖ െഎപിഎസിനു ഫോൺ ചെയ്തു. ‘ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കുവയ്ക്കാനാണ്, നേരിൽ കാണണമെന്നുണ്ട്...’ ഇതായിരുന്നു ആവശ്യം. മുന്നിലെത്തുന്നവര്‍ പലപ്പോഴും പ്രശ്നങ്ങള്‍ പറയാനാണെത്തുക. എന്നാൽ സന്തോഷവും കൊണ്ടൊരു കുട്ടി വരിക. അതോർത്ത് ശ്രീലേഖ ഒന്നു പുഞ്ചിരിച്ചു.
മെലിഞ്ഞു കൊലുന്നനെയുള്ള കൗമാരക്കാരിയും അമ്മയും കൂടി തൊട്ടടുത്ത ദിവസം തന്നെ പൂജപ്പുരയിലെ ജയിൽ ആസ്ഥാനത്തെത്തി. മുഖത്ത് ആത്മവിശ്വാസത്തിന്റെ വസന്തം കൊളുത്തി വച്ച് അവൾ സംസാരിച്ചു തുടങ്ങി.

‘‘എന്‍റെ പേര് െഎശ്വര്യ സാഗര്‍. പൂജപ്പുരയിലാണ് വീട്. എനിക്ക് മാഡത്തെ ഒരുപാടിഷ്ടമാണ്. മാഡത്തിന്‍റെ പേരിൽ വരുന്ന വാർത്തകളും കുറിപ്പുകളും അഭിമുഖങ്ങളും ചിത്രങ്ങളുമെല്ലാം കുട്ടിക്കാലം മുതൽക്കേ വെട്ടിയെടുത്ത് സൂക്ഷിച്ചു വയ്ക്കും. പൊലീസ് വാഹനത്തില്‍ പോകുമ്പോഴും ചില ചടങ്ങുകളിലും ഒക്കെ ദൂരെ നിന്നു കാണാനേ സാധിച്ചിരുന്നുള്ളൂ. മാഡം കൊച്ചിയില്‍ ബിനാലെ കാണാൻ പോയപ്പോൾ തൊട്ടടുത്ത് ഞാനും ഉണ്ടായിരുന്നു. അന്നു ചിത്രങ്ങളേക്കാൾ ഞാന്‍ കൂടുതല്‍ നോക്കി നിന്നതു മാഡത്തെയാണ്. അന്നൊന്നും പരിചയപ്പെടാൻ ശ്രമിക്കാതിരുന്നതിനു പിന്നിൽ ഒരു കാരണം ഉണ്ട്. െഎപിഎസ്കാരിയായി കഴിഞ്ഞു മാത്രമേ മാഡത്തിനു മുന്നിൽ വരൂ എന്നു ഞാനുറപ്പിച്ചിരുന്നു. ആ സ്വപ്നം നടന്നു. ഈ പ്രാവശ്യം എനിക്ക് െഎപിഎസ് സെലക്‌ഷൻ കിട്ടി. ട്രെയിനിങ്ങിനായി പോവുകയാണ്. എന്റെ റോൾ മോഡലാണ് മാഡം..."

സ്നേഹത്തോടെ െഎശ്വര്യയെ ചേർത്തു പിടിച്ച കഥ പറയുമ്പോൾ ശ്രീലേഖ െഎപിഎസിന്റെ കണ്ണിൽ ഒരു നക്ഷത്രം തിളങ്ങുന്നു. പുരുഷ യൂണിഫോമുകൾക്കു മാത്രം സല്യൂട്ട് കിട്ടിയിരുന്ന കാലത്ത് കേരള കേഡറിലെ ആദ്യ വനിതാ െഎപി എസുകാരിയായി വന്ന ശ്രീലേഖ പല െപണ്‍കുട്ടികള്‍ക്കും മാതൃകയാണ്. സ്വപ്നങ്ങൾക്കൊപ്പം ഒാടിെയത്താൻ കഴിയാതിരുന്ന ഒരുപാടു സ്ത്രീ ജീവിതങ്ങൾ‌ക്ക് ഊർജമാണ്.

ആ പെൺകുട്ടിയെ കണ്ടപ്പോൾ സ്വന്തം കൗമാരം തന്നെയാണോ ഒാർമ വന്നത്?

എനിക്ക് ഒരു റോൾമോഡൽ ഉണ്ടായിരുന്നില്ല. െഎപിഎസ് സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു. പ്രീഡിഗ്രി കഴിയുന്നതു വരെ അപകർഷതാ ബോധത്തിന്റെ തടവിലായിരുന്നു ഞാൻ. മെലിഞ്ഞ ശരീരവും ഇരുണ്ട നിറവും പഠിക്കാനുള്ള മടിയും എല്ലാം എന്നിൽ ഒരുപാട് തെറ്റായ ധാരണകളും ചിന്തകളും നിറച്ചിരുന്നു. പതിനെട്ടാം വയസ്സിലാണ് ‘എയ്ൻ റാൻഡി’ന്റെ ‘അറ്റ്ലസ്  ഷ്റഗ്ഡ്’ എന്ന നോവല്‍ വായിക്കുന്നത്. വായിച്ചു കഴിഞ്ഞ്, പുസ്തകം അടച്ചു വച്ച് ഞാന്‍ കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നു. അതുവരെ കണ്ട  എന്നെ അല്ല, കണ്ണാടിയിൽ അന്നേരം കണ്ടത്. ആത്മവിശ്വാസത്തിന്റെ തെളിച്ചം വന്നതു പോലെ. ആ പുസ്തകമാണ്  ജീവിതം മാറ്റി മറിച്ചത്. 

സ്ത്രീ ആയതുെകാണ്ടു കിട്ടുന്ന പരിഗണനകള്‍ ഒരിക്കലും സ്വീകരിക്കരുത് എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു. മസൂറിയില്‍ ട്രെയിനിങ് കാലത്ത് സ്ത്രീ എന്ന രീതിയിൽ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ഞങ്ങൾക്ക് കിരൺ ബേദി എന്ന തലതൊട്ടമ്മ ഉണ്ടായിരുന്നു. ‘ഒരുപാട് ഔദാര്യങ്ങള്‍ വച്ചു നീട്ടും. പക്ഷേ, ഒന്നും സ്വീകരിക്കരുത്. സ്വീകരിച്ചാല്‍, അതോടെ നമ്മൾ രണ്ടാം നിരയിലായിപ്പോകും.’ എന്നാണു കിരൺ ബേദി ഞങ്ങള്‍ക്കു തന്ന ആദ്യ ഉപദേശം.

ആണ്‍കുട്ടികള്‍ നൂറു പുഷ്അപ്സ് എടുക്കുമ്പോൾ െപണ്‍കുട്ടികള്‍ അൻപതെണ്ണം എടുത്താൽ മതിയെന്ന ഇളവുകൾ പലരും പറഞ്ഞു. പക്ഷേ, അതിനു നിന്നു കൊടുത്തില്ല. റോപ് െക്ലെമ്പിങ്ങും കുതിര സവാരിയും എല്ലാം ആണ്‍കുട്ടികളെ പോലെ തന്നെ പരിശീലിച്ചു. പട്ടാളത്തിന്‍റെ ആംഡ് ടാങ്ക് ഒാടിച്ചിട്ടുണ്ട്, പരിശീലനത്തിന്റെ ഭാഗമായി.

ഈ പെൺകുട്ടി അന്വേഷിച്ചാൽ കേസു തെളിയിക്കാനാകുമോ എന്നു ആദ്യകാലങ്ങളിൽ സംശയിച്ചവരില്ലേ?

വനിതാ ഒാഫിസറാകുമ്പോൾ ഇത്രയൊക്കെയേ നടക്കൂ എന്ന ചിന്ത പലരിലുമുണ്ടാകാം. അതുകൊണ്ടു തന്നെ എനിക്ക് ജോലി ചെയ്താൽ മാത്രം പോരായിരുന്നു. സ്ത്രീ ആയതു കൊണ്ട് രണ്ടാം നിരയിലല്ല, എനിക്കും ഇതെല്ലാം പറ്റും എന്നു തെളിയിക്കുക കൂടി േവണമായിരുന്നു.

രസകരങ്ങളായ ഒരുപാട് അനുഭവങ്ങളുണ്ട്. ഏറ്റുമാനൂർ എഎസ്പി ആയ കാലത്ത് രാത്രി പാറാവു ജോലി ചെയ്യുകയായിരുന്നു. നേരം പുലരാനായി. പൊക്കം കുറഞ്ഞ ഒരു സ്ത്രീ ഇരുട്ടിനരികിലൂടെ വന്ന്, എന്റെ കൈയിലേക്ക് പത്തു രൂപയുടെ നോട്ട് ചുരുട്ടി വച്ചു തന്നു. ‘സാറു ചോദിച്ച പൈസയുണ്ട് ആ കേസൊന്നു തീർക്കണ’മെന്നും പറഞ്ഞു.

സാധാരണ ആ സമയത്ത് പാറാവു നില്‍ക്കുന്ന പൊലീസുകാരനെ തിരഞ്ഞു െെകക്കൂലിയുമായി വന്നതായിരുന്നു അവർ. അതിരാവിലെ പാലു വിറ്റു കിട്ടിയ പൈസയുമായി നേരെ പൊലീസ് സ്റ്റേഷനിലേക്ക്...

ips2

ചേർത്തലയിലെ ജോലിക്കാലത്ത് പലപ്പോഴും ബുള്ളറ്റിലാണു യാത്ര. ഒരിടത്തു ചാരായം വാറ്റുന്ന വിവരമറിഞ്ഞ് റെയ്ഡിനു പോയി. ചാരായക്കുപ്പികൾ കായലില്‍ കല്ലുകെട്ടി താഴ്ത്തിയിരിക്കയാണ്. ഞാന്‍ യൂണിഫോമില്‍ തന്നെ െവള്ളത്തില്‍ ചാടി. കഴുത്തറ്റം മുങ്ങി നിന്നു കുപ്പികള്‍ പൊക്കിയെടുത്തു. ഇതൊക്കെ ഒരുപാടു ശത്രുക്കളെ ഉണ്ടാക്കി. ഒരു െപണ്ണിനെ തളര്‍ത്താനുള്ള ഏറ്റവും നല്ല വഴി അപവാദം പറഞ്ഞു പരത്തുകാണ്. അതും കുറേ കേട്ടു. വിചിത്രജീവി, ശിഖണ്ഡി.. എന്നൊക്കെ മതിലില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചവരുമുണ്ട്.

ഒരു സ്ത്രീ എന്ന രീതിയിൽ ടാർഗറ്റ് ചെയ്ത് ആക്രമിച്ചവരുണ്ടോ?

അതൊക്കെ സ്ത്രീ ആയതു കൊണ്ടാണോ, അസൂയ കൊണ്ടാണോ, നീതി നിഷേധത്തിനെതിരെ ശക്തമായി നില്‍ക്കുന്നതു െകാണ്ടാണോ എന്നൊന്നും അറിയില്ല. കാരണം അന്വേഷിച്ചു തല പുണ്ണാക്കാറില്ല. മറ്റുള്ളവരുടെ മനസ്സിൽ എന്താണെന്നറിയാൻ ശ്രമിക്കാറുമില്ല.  

പത്തനംതിട്ടയില്‍ എസ്പി ആയ കാലത്താണ് േകാളിളക്കം സൃഷ്ടിച്ച അബ്കാരി മാസപ്പടി േകസുകള്‍ ഉണ്ടാകുന്നത്. എന്നെ ലക്ഷ്യം വച്ച് പല നീക്കങ്ങളും നടന്നു. ഭർത്താവിനെ കൊലപ്പെടുത്താനും മകനെ തട്ടിക്കൊണ്ടുപോകാനും ഒക്കെ. മോന്‍ അന്നു െചറിയ ക്ലാസിലാണ്. പൊലീസ് ആണെന്നു പറഞ്ഞ് ഒരാള്‍ അവനെ കൂട്ടിക്കൊണ്ടു പോകാനെത്തി. ഭാഗ്യത്തിനാണ് അന്നു രക്ഷപെട്ടത്. ഒരു ഡിവൈഎസ്പി എന്റെ നേരെ തോക്കു ചൂണ്ടി ഒച്ചവച്ചിട്ടുണ്ട്... അങ്ങനെ ഒരുപാടനുഭവങ്ങൾ.

പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുകയല്ലേ?

അതിക്രമങ്ങൾ കൂടിയതല്ല, റിപ്പോര്‍ട്ട് െചയ്യുന്ന േകസുകളുടെ എണ്ണം കൂടിയതാണു കാരണം. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ പണ്ടൊക്കെ പലപ്പോഴും മൂടി വയ്ക്കുകയായിരുന്നു. പക്ഷേ,  ഇന്നു വിദ്യാഭ്യാസത്തിന്റെയും നിയമവ്യവസ്ഥക ളുടെയും ഒക്കെ ഗുണം കൊണ്ടാകാം പലരുമിതു പുറത്തു പറയാൻ ധൈര്യം കാണിക്കുന്നു.
എന്നാൽ സമൂഹത്തിൽ വയലൻസ് കൂടിയിട്ടുണ്ട്. മയക്കു മരുന്നുകളുടെ ഉപയോഗം കൂടിയിട്ടുണ്ട്. േസാഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പുകളുണ്ട്. ഒാൺലൈൻ വഴി മരുന്ന്, ഫുഡ് സപ്ലിമെന്റ് എന്ന പേരിൽ ലഹരിവസ്തുക്കൾ എത്തുന്നു. കുട്ടികളുടെ ഗെയിമുകളിൽ പോലും സ്വയം പീഡനത്തിന്റെയും  അക്രമങ്ങളുടെയും ആത്മഹത്യാ പ്രവണതയുടെയും ഘടകങ്ങളുണ്ട്. നേരം ഇരുട്ടിക്കഴിഞ്ഞു യാത്ര ചെയ്യുന്ന സ്ത്രീകൾ ഭയക്കുന്നത് മാല കള്ളന്‍ െകാണ്ടുപോകുമെന്നോർത്തല്ല, മാനം നഷ്ടപ്പെടുമെന്നോർത്താണ്. കടുത്ത ശിക്ഷയാണ് അത്തരക്കാർക്ക് നൽകേണ്ടത്.

മുപ്പതു വർഷത്തിനടുത്ത് സർവീസ്. അതിൽ യൂണിഫോമിട്ട് ജനങ്ങൾക്കിടയിലേക്കിറങ്ങിയത് വളരെ ചുരുങ്ങിയ കാലം മാത്രം. അതിലൊരു സങ്കടമില്ലേ?

സങ്കടം തോന്നിയിട്ടുണ്ട്. അനുഭവങ്ങളുണ്ടാകുന്നതും വളരു ന്നതും െപാതുപ്രവര്‍ത്തനത്തിലൂടെ കിട്ടുന്ന പരിചയത്തിലൂടെയാണെന്നു തോന്നിയിരുന്നു. െസാെെസറ്റിക്കു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ക്രിയാത്മകമായി ചെയ്യാന്‍ കഴിയുന്നതും യൂണിഫോമില്‍ േജാലി െചയ്യുമ്പോഴാണ്. എന്നാൽ മറ്റു സ്ഥാനങ്ങളിലിരുന്നപ്പോഴും അവിടെ എങ്ങനെ മികച്ച രീതിയിൽ പ്രവർത്തിക്കാം എന്നാണു ചിന്തിച്ചത്. കല്യാണം കഴിഞ്ഞ സമയം. ചേർത്തലയിൽ നിന്ന് എന്നെ മാറ്റിയത് തൃശൂർ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ്. ഒരു െഎപിഎസ് ഒാഫിസറെ സംബന്ധിച്ചിടത്തോളം അതു വലിയ പ്രഹരമായിരുന്നു. പ്രശ്നക്കാരായ ഒാഫിസർമാരെയും  അവഗണിക്കുന്നവരേയും ഒക്കെയാണ് ഇങ്ങോട്ടു വിടുന്നത് എന്ന് പലരും പറഞ്ഞു േകട്ടു. അവിടെയും എനിക്കെന്തു വ്യത്യസ്തമായി ചെയ്യാം എന്നാണു േനാക്കിയത്. അക്കാലത്ത് കൂടുതല്‍ കേസുകളും ലഹരിമരുന്നു വില്‍പനയുമായി ബന്ധപ്പെട്ടായിരുന്നു. അതും കുട്ടികള്‍ക്കിടയില്‍. കലക്ടറുമായും അധ്യാപകരുമായും സന്നദ്ധസംഘടനാ പ്രവർത്തകരുമായൊക്കെ സംസാരിച്ചു. മയക്കുമരുന്നിന്റെ  ദുരുപയോഗത്തിനെതിരെ ഒരു ഷോർട് ഫിലിം നിർമിച്ച് സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിച്ചു. പല േകാളജുകളിലും ഞാന്‍ പോയി ക്ലാസുകളെടുത്തു. ലഹരിമരുന്നു റാക്കറ്റുകളെക്കുറിച്ച് വിവരങ്ങൾ തരാൻ പ്രോത്സാഹിപ്പിച്ചു. ഏഴുമാസം കഴിഞ്ഞപ്പോൾ‌ നാർക്കോട്ടിക് കേസുകളിൽ 40 ശതമാനം കുറവുണ്ടായി. കരിയറിൽ ആദ്യ ഗുഡ് സർവീസ് എൻട്രി കിട്ടിയത് ആ പ്രവർത്തനങ്ങള്‍ക്കായിരുന്നു.

കരുണാകരനെ ആറു മണിക്കൂര്‍‌ ചോദ്യം ചെയ്തതും നായനാരുടെ തമാശകളുമൊക്കെ ഇപ്പോഴും ഒാർക്കാറില്ലേ?

വിജിലൻസിൽ ജോലി ചെയ്യുമ്പോഴാണ് കരുണാകരന്‍ സാറിനെ ചോദ്യം ചെയ്യുന്നത്. അനധിക‍ൃതമായി സ്വത്ത് സമ്പാദിച്ച പരാതിയിൽ. അന്നത്തെ വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരമായിരുന്നു അത്. നൂറ്റി ഇരുപതിലേറെ ചോദ്യങ്ങള്‍ തയാറാക്കി. എറണാകുളം റസ്റ്റ്ഹൗസില്‍ വച്ചായിരുന്നു ചോദ്യം െചയ്യല്‍. ഒാരോ ചോദ്യത്തിനും സാവധാനം, വിശദമായി, കൃത്യമായി ഉത്തരങ്ങൾ. ഇടയ്ക്ക് അദ്ദേഹം കരിക്കിന്‍ വെള്ളം കുടിച്ചു, മരുന്നുകള്‍ കഴിച്ചു. ഉച്ചയൂണു കഴിഞ്ഞപ്പോള്‍ ചോദിച്ചു, ‘ഞാന്‍ കുറച്ച് ഉറങ്ങിക്കോട്ടെ’യെന്ന്. ഒരു മണിക്കൂേറാളം ഉറങ്ങിക്കഴിഞ്ഞ് കുളിച്ച് െറഡിയായി വന്നു. വീണ്ടും ചോദ്യങ്ങൾ. ഒരു ഘട്ടമായപ്പോൾ‌ ബാക്കി ഉത്തരങ്ങൾ എഴുതി തരാമെന്നു പറഞ്ഞ് തെളിഞ്ഞ ചിരിയോടെ അദ്ദേഹം എഴുന്നേറ്റു.  

വാതിൽ തുറന്നു പുറത്തിറങ്ങും മുന്‍പേ അദ്ദേഹം ഒരു നിമിഷം നിന്നു. എന്നെ നോക്കി പതിവു മട്ടില്‍ കണ്ണിറുക്കി പുഞ്ചിരിച്ചു, പിന്നെ ചീകി വച്ചിരുന്ന മുടി ഒന്ന് അലങ്കോലമാക്കി. കണ്ണൊന്നു തിരുമ്മി. ഉടുപ്പിലൊന്നു ചുളിവു വീഴ്ത്തി, നേരെ വാതിൽ തുറന്നു പത്രക്കാരുെട മുന്നിൽ ചെന്നു പറഞ്ഞു. ‘ഇടതുപക്ഷ സർക്കാരിന്റെ ക്രൂരമായ നടപടികളുെട തുടര്‍ച്ചയാണ് ഇന്നിവിടെ കാണുന്നത്..’ ഈ ചോദ്യം െചയ്യലിലൊന്നും തളരില്ല എന്ന മട്ടിലൊരു പ്രസ്താവന. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ തന്ത്രജ്ഞതയില്‍ അമ്പരപ്പു തോന്നി.

പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ ഒരു വനിതാ വ ക്കീലുമായി പ്രശ്നമുണ്ടായി. പെൺകുട്ടി കിണറ്റിൽ ചാടി ആ ത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പയ്യന്മാരെ അറസ്റ്റ് ചെയ്തു. ആ കേസ് കൊലപാതകമാക്കി രജിസ്റ്റർ ചെയ്യാൻ വക്കീൽ നിർബന്ധിച്ചു. പരാതിയുണ്ടെങ്കില്‍ എഴുതിത്തരാൻ പറഞ്ഞെങ്കിലും അവർ തയാറായില്ല. അവരുമായി സംസാരിക്കുന്ന സമയത്താണ് കലക്ടറുെട ഫോണ്‍ വന്നത്. ഞാന്‍ ഫോണെടുക്കാന്‍ തുടങ്ങിയപ്പോള്‍ ‘ഇതിനു പരിഹാരം ഉണ്ടാക്കിയിട്ടു മതി ഫോൺ ചെയ്യൽ’ എന്നു പറഞ്ഞ് ആ സ്ത്രീ എന്റെ കൈയിൽ കയറി പിടിച്ചു. ക്ഷമകെട്ട് ഒരൊറ്റ അടി കൊടുത്തു.

നായനാര്‍ സാറാണ് അപ്പോള്‍ മുഖ്യമന്ത്രി. കുറച്ചു ദിവസം കഴിഞ്ഞ് അദ്ദേഹം പത്തനംതിട്ടയില്‍ എത്തി. അടി പ്രശ്നത്തിന്റെ പേരിൽ എനിക്കെതിരെ നടപടിയെടുക്കും എന്നു പേടിച്ചിരുന്നു. കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു. ‘ഒാളെ അടിച്ചോ..?’

ips4

‘അടിച്ചു പോയി സാർ’ ഞാന്‍ പറഞ്ഞു.

പൊട്ടിച്ചിരിച്ചു െകാണ്ട് അദ്ദേഹം ഒരു വാക്കേ പറഞ്ഞുള്ളൂ.‘മിടുക്കി.’

കേസ് അന്വേഷിക്കുന്നതിനിടെ ‘രണ്ട് ഇടി കൊടുത്ത’ അനുഭവങ്ങളുമില്ലേ?

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും നിയന്ത്രണം വിട്ടുപോകും. കിളിരൂർ കേസിലെ പെൺ‌കുട്ടിയുടെ മൊഴി ഞാനാണു രേഖപ്പെടുത്തിയത്. ആശുപത്രിക്കിടക്കിയിൽ മരണത്തിന്‍റെ വക്കിലായിരുന്നു ആ പാവം കുട്ടി. പറഞ്ഞു പറ്റിച്ച്, തന്നെ പലര്‍ക്കും കാഴ്ച വച്ച ലതാ നായരെക്കുറിച്ചു പറയുമ്പോള്‍ ആ െപണ്‍കുട്ടിയുെട വാക്കുകള്‍ വിറച്ചിരുന്നു. തീരെ ദുര്‍ബലമായ വിരലുകള്‍ െകാണ്ട് എന്‍റെ െെകയില്‍ അവര്‍ മുറുകെ പിടിച്ച് അവള്‍ പറഞ്ഞു, ‘മാഡം, ആ സ്ത്രീയെ കിട്ടിയാൽ എനിക്കു േവണ്ടി രണ്ടടി കൊടുക്കണം. ഈ പാവംപിടിച്ച ഈ പെണ്ണിനോട് എന്തിനിങ്ങനെ ചെയ്തു എന്നു ചോദിക്കണം.’’

പ്രതിയായ ലതാ നായരെ ചോദ്യം ചെയ്യാൻ പിന്നീട് അവസരം കിട്ടി. സംസാരിക്കുന്നതിനിടെ അവർ പ്രകോപിതയായ പ്പോൾ ഞാന്‍ സര്‍ വശക്തിയുമെടുത്ത് ഒരടി കൊടുത്തു. ആ അടിയില്‍ അവര്‍ താെഴ വീണു. ആരുടെയോ േനരത്തേയുള്ള ഉപദേശം െകാണ്ടാകാം അവര്‍ അവിെട കിടന്നു ‘നെഞ്ചുവേദനിക്കുന്നേയെന്നു’ പറഞ്ഞു ബഹളം വച്ചു. അതുെകാണ്ട് അ വള്‍ പറഞ്ഞതു പോലെ രണ്ടടി െകാടുക്കാനുള്ള അവസരം  ലഭിച്ചില്ല. ഇങ്ങനെ  നിയന്ത്രണം നഷ്ടപ്പെട്ടു പോയ അപൂർവം സന്ദർഭങ്ങളേ ജീവിതത്തിലുള്ളൂ.

ജയിൽ മേധാവി എന്ന നിലയിലുള്ള അനുഭവങ്ങൾ മറ്റൊരു തരത്തിലാവുമല്ലേ?

ക്രമസമാധാനം ഉറപ്പു വരുത്തുക, കുറ്റക‍ൃത്യം തെളിയിക്കുക, കുറ്റവാളികളെ ജയിലിലടയ്ക്കുക ഇതൊക്കെയാണു െപാലീസിന്‍റെ മുന്നിലുള്ള ലക്ഷ്യങ്ങള്‍. ഏതു സാഹചര്യത്തിലാണ് ഒരാള്‍ കുറ്റവാളിയാകുന്നത് എന്നൊന്നും അപ്പോള്‍ ചിന്തിക്കുന്നതു കൂടിയില്ല. ജയിൽമേധാവിയായി ചാർജെടുത്ത ശേഷമാണ് കുറ്റവാളികളുെട ജീവിതത്തിലേക്കു കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒാരോ കുറ്റവാളിയുെടയും ജീവിതം അത്രയേെറ സങ്കീര്‍ണമാണ്. കുറ്റകൃത്യത്തിനു മുന്‍പും പിന്‍പും ഉണ്ടാകുന്ന മാറ്റങ്ങള്‍ വലുതാണ്. സമൂഹത്തിെല ഒറ്റപ്പെടല്‍ അവരെ പേടിപ്പിക്കുന്നുണ്ട്.

തടവിലുള്ളവർക്കു വേണ്ടി പലതരം ടെക്നിക്കല്‍ േകാഴ്സുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റു നല്‍കുന്നുണ്ട്. പുറത്തിറങ്ങുമ്പോള്‍ ജോലി േനടാന്‍ ഇതു സഹായിക്കും. ജയിലില്‍ വച്ചാണു പഠിച്ചതെന്ന് ആര്‍ക്കും മനസ്സിലാകില്ല. വനിതകള്‍ക്കു ഡ്രൈവിങ്, തയ്യല്‍ തുടങ്ങിയവ പഠിക്കാം.

വലിയ മതില്‍ക്കെട്ടിനുള്ളിലെ ജയില്‍ ലോകത്തെക്കുറിച്ചു െപാതുജനങ്ങള്‍ക്കു പറഞ്ഞുെകാടുക്കാന്‍ ‘ജയിൽ മ്യൂസിയം’ സ്ഥാപിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ബ്രിട്ടിഷ് ഭരണകാലത്തു സ്ഥാപിച്ചതാണ് പല ജയിലുകളും. 1830 ലാണ് േകരളത്തിലെ ആദ്യ ജയില്‍ േകാഴിക്കോട് തുടങ്ങുന്നത്. 1886 ല്‍ തിരു വിതാംകൂറിലും. അന്നത്തെ ജയില്‍ ആര്‍ക്കിടെക്ചർ, ഭൂമിക്കടിയില്‍ വരെയുള്ള വിവിധ തരം ജയിൽ മുറികള്‍, രാജഭ രണകാലം മുതലുള്ള മർദന ഉപകരണങ്ങള്‍, െകട്ടിയിട്ടടിക്കാനുള്ള ചാട്ടവാറുകള്‍, മുള്ളുകള്‍ ഘടിപ്പിച്ച െെകവിലങ്ങുകള്‍, െകാടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലുകള്‍, തൂക്കിക്കൊല്ലുന്ന കഴുമരങ്ങൾ, പല കാലത്തെ പൊലീസ് േവഷങ്ങളിലുള്ള മെഴുകു പ്രതിമകള്‍.. ഒക്കെയുണ്ടാകും മ്യൂസിയത്തില്‍.  കുറ്റം ചെയ്താല്‍ ഇത്തരമൊരു ഒറ്റപ്പെട്ട സാഹചര്യത്തില്‍ വന്നു കിടക്കേണ്ടി വരും എന്ന ബോധം കുട്ടികളില‍്‍ വളർത്താനും മ്യൂസിയം സഹായിക്കും.

താത്പര്യമുള്ളവര്‍ക്കു ജയില്‍ എക്സ്പീരിയന്‍സിനും അവസരവുമുണ്ട്. യഥാർഥ കാരാഗൃഹത്തില്‍, ജയില്‍പുള്ളി യുടെ േവഷത്തില്‍, പൊലീസ് കാവലില്‍ ഒരു മണിക്കൂര്‍ കിടക്കാം. ജയില്‍മുറി എസി ആയിരിക്കും എന്നു മാത്രം. ജയി ലില്‍ െകാടുക്കുന്ന ആഹാരം അവിെട വിളമ്പുന്ന പാത്രങ്ങളില്‍ ലഭിക്കും. വളരെ വ്യത്യസ്തമായ അനുഭവമാകും ഇത്.

അമ്മ എന്ന നിലയിൽ കൗമാരക്കാരനായ മകന്‍ ഗോകുലിനു കൊടുക്കുന്ന ഉപദേശങ്ങൾ എന്തൊക്കെയാണ്?

കൂടുതല്‍ ഉപദേശങ്ങള്‍ ഒന്നും േകട്ടു വളരാത്ത ‘െസല്‍ഫ് മെയ്ഡ് െെചല്‍ഡ്’ ആണവന്‍. ഇപ്പോള്‍ എംബിഎ കഴിഞ്ഞ്, സ്വന്തമായി ബിസിനസ് തുടങ്ങി. പുതിയ സ്റ്റാര്‍ട്അപ് േപ്രാജക്റ്റുകള്‍ തുടങ്ങാന്‍ സഹായിക്കുന്ന ഒരു ഇന്‍ക്യുബേറ്റര്‍ സര്‍വീസ്. കൊച്ചിയിലാണ് ഒാഫിസ്. തിരുവനന്തപുരത്തും അെെസന്‍മെന്‍റുകള്‍ ഉണ്ട്.

കുട്ടിക്കാലം മുതലേ അവന്‍ ഒറ്റയ്ക്കായിരുന്നു. അവന്‍ ജനിച്ച് മൂന്നാം മാസം ഞാന്‍ തൃശൂർ എസ്പി ആയി ചാര്‍ജെടുത്തു. അവനെ കൂടുതല്‍ ശ്രദ്ധിക്കാനോ സ്നേഹിക്കാനോ ഒന്നും സാധിച്ചിട്ടില്ല. അതിന്‍റെ വിഷമവും കുറ്റബോധവും അന്നും ഇന്നുമുണ്ട്. ഭര്‍ത്താവ് േസതുനാഥ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ േകാളജില്‍ പീഡിയാട്രിക് സര്‍ജനാണ്. എന്റെയും ഭർത്താവിന്‍റെയും തിരക്കുകൾ മനസ്സിലാക്കിയാണ് അവന്‍ വളര്‍ന്നത്. ഒറ്റയ്ക്ക് പാചകം ചെയ്യും, പാത്രങ്ങള്‍ കഴുകി വയ്ക്കും, വീട്ടുകാര്യങ്ങളെല്ലാം മാേനജ് ചെയ്യും. ഒരു കാര്യം എനിക്കുറപ്പുണ്ട്. അവനെ കല്യാണം കഴിക്കാന്‍ പോകുന്ന െപണ്‍കുട്ടി ഏറ്റവും വലിയ ഭാഗ്യവതി ആയിരിക്കും.

അഭിമുഖമെല്ലാം കഴിഞ്ഞ്, ഫോട്ടോഷൂട്ടിനായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ചോദിച്ചു, ‘യൂണിഫോമിൽ നിന്നു പുറത്തുവരുമ്പോൾ പറയാനായി കരുതി വച്ചിരിക്കുന്ന ഒരു രഹസ്യം പറയാമോ...?’

ചിരിയോടെ ഉത്തരം വന്നു, ‘‘രഹസ്യങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ, ഒരു സർവീസ് സ്റ്റോറിയാണ് ഉദ്ദേശിച്ചതെങ്കിൽ അതെഴുതില്ല. ആവശ്യത്തിലധികം ശത്രുക്കള്‍ ഇപ്പോഴേയുണ്ട്. അവരെ ഇനിയും പ്രകോപിപ്പിക്കുന്നില്ല. അഹങ്കാരി, അരഗന്റ് എന്നൊക്കെ വിശേഷിപ്പിക്കുന്നവരുണ്ട്. അതെന്റെ ആത്മവിശ്വാസം കണ്ടാകും പറയുന്നത്. അതവിടെ നിന്നോട്ടെ...

ips-1