Tuesday 20 March 2018 05:20 PM IST

സൂപ്പര്‍ ആക്ടര്‍ ജയസൂര്യയുെട മുന്നില്‍ ഒരുപിടി ചോദ്യങ്ങളുമായി ‘ഡബ്സ്മാഷ് സ്റ്റാർ സൗഭാഗ്യയും ജിമിക്കി കമ്മല്‍’ താരം െഷറിലും

Nithin Joseph

Sub Editor

jayan1 ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍, വസ്ത്രങ്ങൾക്ക് കടപ്പാട്: ലേബൽ.എം, കൊച്ചി ലൊക്കേഷൻ: റമദ റിസോർട്ട്, കൊച്ചി

മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, നിങ്ങൾക്കുള്ളിലേക്കു തന്നെ നോക്കുക. ഇന്നലെ നിങ്ങൾ എ ന്തായിരുന്നു, അതിൽനിന്ന് ഇന്ന് എത്ര മാറിയിട്ടുണ്ട് എന്ന് പരിശോധിക്കുക.’ ജയസൂര്യ ഫെയ്സ്ബുക്കിൽ പങ്കു വച്ച സന്ദേശത്തിൽ അനുഭവങ്ങളുടെ തിളക്കം തോന്നുന്നത് യാദൃച്ഛികമല്ല. കരിയറിലുടനീളം താരതമ്യങ്ങൾക്കു നിന്നു കൊടുക്കാതെ, വ്യത്യസ്തതകളെ പ്രണയിച്ച്, വി ജയങ്ങളെ കൈപ്പിടിയിലൊതുക്കി, ജനപ്രിയതാരമായി മാ റുമ്പോഴും ജയസൂര്യ ഇങ്ങനെയാണ്. ജോയ് താക്കോൽക്കാരനു പിന്നാലെ പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിച്ച് ഷാജി പാപ്പനും കേരളക്കര കീഴടക്കുന്നു.

ഒരേ വർഷം തുടർച്ചയായി രണ്ടു സിനിമകളുടെ രണ്ടാം ഭാഗം, രണ്ടും സൂപ്പർഹിറ്റുകൾ. രണ്ടാം വരവിൽ ബോക്സ് ഒാഫിസിൽ കപ്പടിച്ച് വമ്പുകാട്ടി വരുന്ന താരത്തെ ‘വനിത’യ്ക്കു വേണ്ടി ചോദ്യങ്ങൾ കൊണ്ടു വട്ടം കറക്കാൻ കച്ച മുറുക്കി എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിലെ രണ്ട് താരങ്ങൾ. ‘ജിമിക്കി കമ്മലി’ന് ഒപ്പം ചുവട് വച്ച് യുവഹൃദയങ്ങളിലേക്ക് ഇടിച്ചുകയറിയ ഷെറിൽ ജി. വടക്കനും ഡബ്സ്മാഷിന്റെ കേരളത്തി ലെ ബ്രാൻഡ് അംബാസഡർ സൗഭാഗ്യ വെങ്കിടേഷും.

ഷെറിൽ: ജയേട്ടന് എപ്പോഴും സന്തോഷവാനായി ഇരിക്കാൻ സാധിക്കുന്നത് എങ്ങനെയാണ്?


സന്തോഷവും ആനന്ദവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു സിനിമ കമിറ്റ് ചെയ്ത് അഡ്വാൻസ് വാങ്ങുന്നത് സന്തോഷമുള്ള കാര്യമാണ്. അതേ സമയം നല്ലൊരു കഥാപാത്രം ചെയ്യാൻ അവസരം കിട്ടുന്നത് ആനന്ദമാണ്. മിമിക്രിയുമായി നടക്കുന്ന കാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ‘ദേ മാവേലി കൊമ്പത്തി’ന്റെ ഭാഗമാകണമെന്നുള്ളത്. എല്ലാ വർ ഷവും ഞാൻ നാദിർഷിക്കയോട് ചോദിക്കും, ‘ഇത്തവണ എ ന്നെയും ചേർക്കാമോ’ എന്ന്. പക്ഷേ, അന്നത്തെ മിമിക്രിയിലെ പുലികൾക്കിടയിൽ എന്നെ ആർക്കും അറിയുക പോലുമില്ല. ഒരിക്കൽപോലും അവസരം കിട്ടിയില്ല. ഇക്ക എത്ര വട്ടം ‘നോ’ പറഞ്ഞാലും അടുത്ത വർഷവും ചോദിക്കും. പിന്നീട് ‘സ്വ പ്നക്കൂട്’, ‘ചതിക്കാത്ത ചന്തു’ പോലെയുള്ള സിനിമകൾ ഇറങ്ങിയതിനു ശേഷം ഞാൻ വീണ്ടും ഇക്കയോട് ചോദിച്ചു. ‘ഇനിയെങ്കിലും എന്നെ പരിഗണിച്ചൂടെ’. പിന്നെ, തുടർച്ചയായി രണ്ട് വർഷം ഞാൻ ‘ദേ മാവേലി കൊമ്പത്തി’ൽ അഭിനയിച്ചു. അതൊക്കെ എനിക്ക് ആനന്ദം തരുന്ന കാര്യങ്ങളാണ്.

jayan2


മാറുന്ന കാലത്തിനനുസരിച്ച് സാഹചര്യങ്ങൾ മാറാം. പ ക്ഷേ, ഒരിക്കലും വ്യക്തികൾക്കോ ബന്ധങ്ങൾക്കോ മാറ്റം സംഭവിക്കുന്നില്ല. നേട്ടങ്ങൾ തലയിൽ കയറ്റി വയ്ക്കുമ്പോഴാണ് പ്രശ്നം. ജോലിയെ ജോലിയായി മാത്രം കാണുക. സ്വന്തം കഴിവിലായിരിക്കണം നമുക്ക് വിശ്വാസമുണ്ടാകേണ്ടത്. അല്ലാതെ അഭിനയിക്കുന്ന സിനിമകളിലാകരുത്. നാളെ എന്റെ സിനിമകൾ പരാജയപ്പെട്ടാലും ഞാൻ ഇങ്ങനെ തന്നെയായിരിക്കും.   

സൗഭാഗ്യ: താരപദവിയുടെ ജാഡകൾ ഇല്ലാതെ സിംപിളായി നിൽക്കുന്നത് മാർക്കറ്റിങ് തന്ത്രം ആണോ?

സ്‌റ്റാർഡം എന്റെ തലയ്ക്ക് പിടിച്ചിട്ടില്ല. അതിന്റെ കാരണം എ നിക്കറിയില്ല. അങ്ങനെ താരപദവി, അല്ലെങ്കിൽ സെലിബ്രിറ്റി ജാഡ തലയ്ക്ക് പിടിച്ചാൽ നമുക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യമാണ്. ഞാനെന്റെ മക്കളെയും കൊണ്ട് പുറത്ത് പോകാറുണ്ട്. വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ പോകാറുണ്ട്. അവിടെ വരുന്ന ആളുകളോട് സംസാരിക്കാറുണ്ട്. അവർക്കൊപ്പം ഫോട്ടോ എടുക്കാറുണ്ട്. അതെല്ലാം ഞാൻ ഒ രുപാട് ആസ്വദിക്കുന്നു. അതൊരു ശല്യമായി കാണുമ്പോഴ ല്ലേ ബുദ്ധിമുട്ട് തോന്നേണ്ടതുള്ളൂ.  ഞാനൊരു വലിയ താരമാണെന്ന ചിന്ത ഉണ്ടായാൽ എനിക്ക് മനസ്സിന് സന്തോഷം തരു ന്ന കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല.
ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ അമ്പലത്തിലെ ഉൽസവം. ഉൽസവത്തിന്റെ എട്ട് ദിവസവും ഞാന്‍ ബാക്കി ജോലികളെല്ലാം മാറ്റിവച്ച്, അവിടെയുണ്ടാകും. ലക്ഷക്കണക്കിനാളുകൾ വരുന്ന സ്ഥലമാണ്. ദിവസവും രണ്ടായിരം പേരെങ്കിലും കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. ഉൽസവപ്പറമ്പിലെ തിരക്കിനിടയിൽ സെൽഫിക്ക് പോസ് ചെയ്ത് കഷ്ടപ്പെടുമല്ലോ എന്ന് കൂട്ടുകാരൊക്കെ ചോ ദിക്കാറുണ്ട്. പക്ഷേ, ഉള്ളിന്റെയുള്ളിൽ ഞാനതെല്ലാം ആസ്വദിക്കുന്നു. താരമാണെന്ന് വിചാരിച്ച് മസിലു പിടിച്ചിരുന്നാൽ ഈ സന്തോഷമൊക്കെ എങ്ങനെ അനുഭവിക്കും?

ഷെറിൽ: സിനിമയല്ലാതെ വേറെ മേഖല തിരഞ്ഞെടുക്കാൻ പറഞ്ഞാൽ?

വേറെ പണിയൊന്നും എനിക്കറിയില്ല. നാളെ സിനിമ ഇല്ലാ തായാലും ഞാൻ ഈ ഫീൽഡിൽ തന്നെ ഉണ്ടാകും. മിമി ക്രി, ഡബ്ബിങ്, ടെലിവിഷൻ അവതാരകൻ, അങ്ങനെ പല ജോലികൾ ചെയ്തിട്ടാണ് ഈ അവസ്ഥയിലേക്ക് എത്തിയത്. ഭാവിയിൽ തിരക്കഥ എഴുതി, ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹമുണ്ട്. അതും രക്ഷയില്ലെന്ന് കണ്ടാൽ  ഏതെങ്കിലും സുഹൃത്തുക്കളുടെ അസിസ്റ്റന്റായി നിന്ന് പ ണിയൊക്കെ പഠിച്ച് സംവിധാനം ചെയ്യാം. എന്തു വന്നാലും സിനിമ വിട്ട് പോകില്ല. ബിസിനസിന് പറ്റിയൊരാളല്ല ഞാൻ. അതുകൊണ്ട് ആ വഴിക്കും ചിന്തിക്കാൻ പറ്റില്ല.‌

സൗഭാഗ്യ: മോശം ബിസിനസുകാരനായ ആൾ നിർമിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകള്‍. എന്തുകൊണ്ടാണ് സ്വന്തം സിനിമകൾ മാത്രം നിർമിക്കുന്നത്?

ആ വിജയങ്ങളൊന്നും പ്രൊഡ്യൂസർ എന്ന നിലയിൽ എന്റെ നേട്ടങ്ങളല്ല. രഞ്ജിത് ശങ്കർ എന്ന വിശ്വസ്തനായ സുഹൃത്തു ള്ളതുകൊണ്ടാണ് ഞാൻ സിനിമ നിർമിക്കാനിറങ്ങിയത്. പ്രൊ ഡക്‌ഷൻ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. എനിക്ക് ആ കുപ്പായം ചേരില്ല. നിർമിച്ച നാല് സിനിമകളിലും അഭിനയമല്ലാതെ മ റ്റൊരു കാര്യവും ഞാൻ ശ്രദ്ധിച്ചിട്ടില്ല. എല്ലാം രഞ്ജിത്തിന്റെ ഉ ത്തരവാദിത്തമാണ്. ഭാവിയിലും ഞാൻ സിനിമകൾ നിർമിച്ചേ ക്കാം. പക്ഷേ, ഒരു പ്രേക്ഷകനെന്ന നിലയിൽ എനിക്ക് രണ്ടര മണിക്കൂർ മുഴുകിയിരുന്ന് കാണാൻ പറ്റുമെന്ന് പൂർണ വിശ്വാസമുള്ള സിനിമകളായിരിക്കണമെന്ന് മാത്രം.

ഷെറിൽ: പുണ്യാളന്റെ രണ്ടാം വരവിൽ സമകാലിക രാഷ്ട്രീയത്തെ ശക്തമായി വിമർശിക്കുന്നുണ്ടല്ലോ?

നമ്മുടെ ഭരണസംവിധാനം  ഇനിയുമൊരുപാട് മാറേണ്ടതുണ്ട്. നിയമങ്ങളും ശക്തമാകണം. അതാണ് പുണ്യാളൻ മുന്നോ ട്ട് വയ്ക്കുന്ന രാഷ്ട്രീയം. ജയസൂര്യ എന്ന വ്യക്തിക്കു മാത്ര മല്ല, ഈ സമൂഹത്തിൽ ജീവിക്കുന്ന ഓരോരുത്തർക്കും ചോ ദിക്കാനുള്ള ചോദ്യങ്ങളാണ് ജോയ് താക്കോൽക്കാരൻ ചോദി ക്കുന്നത്.

സൗഭാഗ്യ: ‘ആട് ’ ആദ്യ ഭാഗം വിജയിച്ചിരുന്നെങ്കിൽ ര ണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നോ?

ആട് റിലീസായപ്പോള്‍ തിയറ്ററിൽ ഭയങ്കര കൂവലും ബഹളവു മായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ സിനിമ ഒന്നുകൂടി എഡിറ്റ് ചെയ്ത് പ്രദ‍ർശിപ്പിച്ചു. ഡിവിഡി ഇറങ്ങിയപ്പോഴും എഡിറ്റ് ചെയ്ത വേർഷൻ തന്നെയാണ് വന്നത്. തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ആ സിനിമയ്ക്കും അതിലെ കഥാപാത്രങ്ങൾക്കും കിട്ടിയ സ്വീകാര്യത ഞങ്ങളെപ്പോലും ഞെട്ടിച്ചു. പടത്തിലെ ഓരോ കഥാപാത്രങ്ങളെയും മലയാളിക ൾ ഏറ്റെടുത്തു. ഷാജി പാപ്പനും സർബത്ത് ഷെമീറും അറയ്ക്കൽ അബുവും ഡൂഡുമെല്ലാം എല്ലാവർക്കും പരിചിതരായി മാറി. ലോകസിനിമയിൽ തന്നെ വളരെ അപൂർവമായിട്ടാണ് പൊട്ടിയ പടത്തിന്റെ രണ്ടാം ഭാഗം വരുന്നത്. വലിയൊരു റിസ്കായിരുന്നു അത്. ആദ്യഭാഗം വിജയിച്ചിരുന്നെങ്കിൽ ചിലപ്പോൾ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. പടത്തിന് തിയറ്ററിൽ കിട്ടുന്ന റെസ്പോൺസ് ശരിക്കും ഞെട്ടിച്ചു.

ഷെറിൽ: ജയസൂര്യ ഒരു സൂപ്പർതാരമായി എന്ന് അനൂപ് മേനോൻ പറയുകയുണ്ടായി. ശരിക്കും ജയേട്ടൻ ഒരു താരമായി മാറിയിട്ടുണ്ടോ?

സൂപ്പർ താരം എന്നതിലുപരി ഒരു സൂപ്പർ ആക്ടറായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അടുത്ത തലമുറയിൽപ്പെട്ടവർ സിനിമയെ പഠിക്കുമ്പോള്‍ ഉദാഹരണങ്ങളാ യി നിൽക്കാൻ കഴിയുന്ന കഥാപാത്രങ്ങള്‍ ചെയ്യണം. ഭരത് ഗോപി സാറും ജഗതി ചേട്ടനുമെല്ലാം അഭിനയിച്ച സിനിമകൾ നമുക്ക് പാഠപുസ്തകങ്ങളാണ്. കഥാപാത്രങ്ങളിലേക്ക് അവർ നടത്തുന്ന പരകായപ്രവേശം കണ്ടിട്ടില്ലേ?. അത്തരം കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കുക താരപദവിയേക്കാളൊക്കെ മു കളിലാണ്. പിന്നെ, വളരെ അടുപ്പമുള്ള സുഹൃത്ത് നമ്മളെക്കു റിച്ച് നല്ല വാക്ക് പറയുമ്പോൾ സന്തോഷം തോന്നുമല്ലോ.

സൗഭാഗ്യ: സുഹൃത്തുക്കള്‍ക്കിടയിൽ തമാശകൾ ഒപ്പിക്കുന്ന നോട്ടി ബോയ് ആണോ ജയേട്ടൻ?


കുറച്ച് കാലം മുൻപ് ഞാനും ചാക്കോച്ചനും കൂടി സംസാരിച്ചിരിക്കുന്നതിനിടയിൽ അവൻ ഫോൺ എന്റെയടുത്ത് വച്ച് മ റ്റെന്തോ കാര്യത്തിന് പോയി. കിട്ടിയ സമയംകൊണ്ട് അവന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ കയറി ഞാൻ എന്നെത്തന്നെ പുകഴ്ത്തിയൊരു പോസ്റ്റിട്ടു. കുറച്ച് കഴിഞ്ഞപ്പോൾ ചാക്കോച്ചന്റെ ഫോണിൽ മെസേജിന്റെ പൂരം. മറ്റൊരു നടനെക്കുറിച്ച് നല്ലത് പറയാൻ കാണിച്ച ചാക്കോച്ചന്റെ മനസ്സിനെ എല്ലാവ രും അഭിനന്ദിച്ചു. അവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ‘കൂട്ടുകാരനെന്ന നിലയിൽ നീ ചെയ്യേണ്ട കടമയാണ് ഞാൻ ചെയ്തത്. ഇതിന്റെ ക്രെഡിറ്റ് നീയെടുത്തോ’. നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ.

ഈയടുത്തും അങ്ങനെയൊരു തമാശ നടന്നു. ആടിന്റെ ഷൂട്ടിന് വേണ്ടി വാഗമണിലേക്കുള്ള യാത്രയിൽ വഴിയിലൊരു ചെറിയ പയ്യൻ. വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ട് ‘ഞാൻ പൃഥ്വിരാജിനെ കൊല്ലാൻ പോകുവാ’ എന്ന് പറഞ്ഞു. അവനങ്ങ് ഞെട്ടിപ്പോയി. വീണ്ടും ഞാൻ ചോദിച്ചു, ‘പൃഥ്വിരാജിനെ കൊല്ലട്ടെ’. അവൻ വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ സ്റ്റൈലിൽ പറഞ്ഞു,‘നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല’. അവിടുന്ന് കിലോമീറ്ററുകൾ അപ്പുറത്താണ് ഷൂട്ടിങ്. കുറച്ച് കഴിഞ്ഞ് ലൊക്കേഷനിലേക്ക് ഒരു വണ്ടിയിൽ പത്തുപന്ത്രണ്ട് പേർ പാ ഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാൻ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേർത്ത് വന്നത്. ഉടനെതന്നെ ഞാൻ രാജുവിനെ വിളിച്ച് സംഭവം മുഴുവൻ പറഞ്ഞു.

jayan4

ഷെറിൽ: സോഷ്യൽ മീഡിയയിൽ ഹെയ്റ്റേഴ്സോ വിവാദങ്ങളോ ഇല്ലാത്ത ചുരുക്കം സെലിബ്രിറ്റികളിലൊരാളാണ് ജയേട്ടൻ. എങ്ങനെ സാധിക്കുന്നു?

കരിയറിന്റെ തുടക്കത്തിൽ ഞാൻ ചിന്തിക്കുമായിരുന്നു, നടനാ കുമ്പോൾ എങ്ങനെ പെരുമാറണം, എന്ത് പറയണം, എന്ത് ചെ യ്യരുത് എന്നൊക്കെ. പലരെയും അനുകരിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ, അതൊന്നും എനിക്ക് ചേരുന്നില്ല. ഞാനൊട്ടും കംഫർട്ടബിൾ ആകുന്നില്ല. അങ്ങനെ എന്റേതായ രീതിയിൽ സംസാരിക്കാൻ തുടങ്ങി. അതുകൊണ്ട് ആരോടും ആത്മാർഥ മായി സംസാരിക്കാൻ സാധിക്കാറുണ്ട്.


അനാവശ്യമായ കാര്യങ്ങളിൽ അഭിപ്രായം  പറയാതിരിക്കു ന്നതാണ് രീതി. എന്റെ സ്വഭാവത്തിലെ പൊസിറ്റീവും നെഗറ്റീവും തിരിച്ചറിയാൻ എനിക്ക് സാധിക്കും. അത് എല്ലാവർക്കും സാധ്യമാണ്. സ്വയം തിരിച്ചറിഞ്ഞ് ജീവിച്ചാൽ മാത്രം മതി. അ ല്ലാതെ, നമ്മൾ ഒരാളുടെ പുറകെ നടന്ന് തെറ്റുകളും കുറ്റങ്ങളും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. അതുപോലെ തന്നെ, കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചിന്തിക്കാതിരിക്കുക. അതുകൊണ്ട് ആർക്കും പ്രയോജനമുണ്ടാകുന്നില്ല. വ്യ ക്തികളെ വിട്ട് ആശയങ്ങളെക്കുറിച്ച് സംസാരിക്കുക.

സൗഭാഗ്യ: സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാത്തത് ബോധപൂർവമാണോ?

ഞാൻ ഏതെങ്കിലുമൊരു വിഷയത്തിൽ പ്രതികരിക്കുമ്പോൾ അതുകൊണ്ട് എന്തെങ്കിലും മാറ്റങ്ങളുണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാനുമിവിടെ ഉണ്ട് എന്ന് അറിയി ക്കാൻ വേണ്ടി മാത്രം പ്രതികരിക്കുന്നതിൽ താൽപര്യമില്ല. അ ങ്ങനെയുള്ള പ്രതികരണങ്ങളിൽനിന്ന് വാർത്തകളും വിവാ ദങ്ങളും മാത്രമാണ് ഉണ്ടാകുന്നത്, നല്ല മാറ്റം ഉണ്ടാകുന്നില്ല.

ഷെറിൽ: ജയേട്ടൻ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്?

എന്നെ തേടിവരുന്ന വേഷങ്ങൾ വില്ലനോ സഹനടനോ എന്നതല്ല, അതിൽ എനിക്ക് പെർഫോം ചെയ്യാനുള്ള സാധ്യതയുണ്ടോയെന്നാണ് നോക്കുന്നത്. ഞാനുമായി യാതൊരു തരത്തി ലുമുള്ള ബന്ധങ്ങളുമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധി ക്കണം. തിയറ്ററിനുള്ളിലെ രണ്ടര മണിക്കൂറിന് ശേഷവും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്ന കഥാപാത്രങ്ങളെ അ വതരിപ്പിക്കുമ്പോഴാണ് വിജയിക്കുന്നത്. ‘ഇയ്യോബിന്റെ പുസ്തക’ത്തിലെ അങ്കൂർ റാവുത്തറും അപ്പോത്തിക്കിരിയിലെ സുബിനും അത്തരം കഥാപാത്രങ്ങളാണ്.
ഇന്ത്യൻ ഫുട്ബോളിലെ ലെജൻഡായ വി.പി സത്യന്റെ കഥ പറയുന്ന സിനിമയാണ് ‘ക്യാപ്റ്റൻ’. ആ കഥാപാത്രത്തിനു വേണ്ടി ശരീരം രൂപപ്പെടുത്താൻ മാത്രം മൂന്ന് മാസമെടുത്തു. അങ്ങനെ ചെയ്താൽ മാത്രമേ ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്താൻ സാധിക്കൂ. അത്രയ്ക്ക് ഡെപ്തുള്ള കഥാപാത്രമാണ്.

ഒരേ വർഷം എട്ട് പടങ്ങൾ റിലീസ് ചെയ്ത കാലമുണ്ട്. പക്ഷേ, ഇന്ന് അങ്ങനെ ചെയ്യില്ല. ഇനി അഭിനയിക്കേണ്ട സി നിമയേതെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ചില സിനിമകളുടെ കഥ നല്ലതാകും. പക്ഷേ, എനിക്ക് അതിൽ ചെയ്യാൻ ഒന്നുമുണ്ടാകില്ല. അതുകൊണ്ട് ‘നോ’ പറയേണ്ടിടത്ത് ‘നോ’ പറയാൻ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ പറഞ്ഞില്ലെങ്കിൽ തിയറ്ററിലെത്തുന്ന പ്രേക്ഷകർ ജയസൂര്യയോട് ‘നോ’ പറയും.

സൗഭാഗ്യ: ജയസൂര്യ എന്ന സാഹിത്യകാരൻ പിറവിയെടുക്കുന്ന വർഷമാണല്ലോ 2018?

എനിക്കേറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണ് എഴുത്ത്. പണ്ട് സ്ഥിരമായി ചെറിയ കഥകളും ലേഖനങ്ങളുമെല്ലാം എ ഴുതുമായിരുന്നു. ‘പ്രണയിനീ നിന്റെ ചങ്കൂറ്റം’ എന്നൊരു കഥ വനിതയിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആ കഥയാണ് പിന്നീട് ഞാൻ സംവിധാനം ചെയ്ത ‘ഡ്യുവൽ സിം’ എന്ന ഷോർട്ഫിലിം. വീണ്ടും എഴുതാൻ കാരണമായത് കഴിഞ്ഞ വർഷം കൈലാസത്തിലേക്ക് നടത്തിയ യാത്രയാണ്. എഴുത്തുകാരനായ എം.കെ. രാമചന്ദ്രൻ ‘ഹിമാലയൻ പര്യടനം’ എന്ന പുസ്തകത്തിലേക്ക് ഒരു യാത്രാവിവരണം എഴുതാൻ പറ്റുമോയെന്ന് ചോദിച്ചു. ഒരുപാട് പ്രമുഖർക്കൊപ്പം ആ പുസ്തകത്തിന്റെ ഭാഗമാകാൻ സാധിച്ചത് വലിയൊരു അംഗീകാരമാണ്. ജീവി തത്തിലെ ഏറ്റവും വിലയേറിയ അനുഭവങ്ങളിലൊന്നായ കൈ ലാസയാത്രയെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ് ഞാൻ.

ഷെറിൽ: കൈലാസയാത്ര, പുസ്തകമെഴുത്ത്, വലിയ ചിന്തകൾ. ഒരു തത്വചിന്തകന്റെ ഭാവമുണ്ടല്ലോ?


കുറച്ച് ദിവസം മുൻപ് ഷൂട്ടിങ്സെറ്റിൽ ആരോടോ ഞാൻ ചൂ ടായി. തെറ്റ് ചെയ്തതിനാണ് ദേഷ്യപ്പെട്ടതെങ്കിൽകൂടി, ആ സംഭവം അയാളേക്കാൾ എന്നെയാണ് ബാധിച്ചത്. സോറി പ റഞ്ഞതിനു ശേഷമാണ് ഞാൻ ഓകെ ആയത്. ഇതൊന്നും ത ത്വചിന്തകളല്ല. ഓരോ ദിവസം കഴിയുന്തോറും വ്യക്തിയെന്ന നിലയിലും കലാകാരനെന്ന നിലയിലും കുറച്ചുകൂടി നന്നാകണമെന്നാണ് എന്റെ ചിന്ത.


പലരും യാത്രകൾ പോകുമ്പോൾ പറയുന്ന കാര്യമാണ്, ‘എന്നെ തേടിയാണ് എന്റെ യാത്ര’. അങ്ങനെ നമ്മളെ തേടി ന മ്മൾ എവിടെയും പോകേണ്ടതില്ല. നമുക്ക് കണ്ടെത്താനുള്ളത് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. ജീവനുള്ളപ്പോൾ നമ്മളിലുള്ളതും മരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നതും അത് തന്നെയാണ്. അത്തരത്തിലുള്ള ഒരുപാട് ചിന്തകൾ മനസ്സിലേക്ക് വരാൻ യാത്രകൾ സഹായിക്കാറുണ്ട്.

jayan3


ഹിമാലയൻ യാത്രയ്ക്ക് സരിതയും ഒപ്പമുണ്ടായിരുന്നു. കൂടാതെ മക്കളുമൊത്ത് ഈയിടെ ദുബായിൽ പോയിരുന്നു. അവരെയും കൊണ്ട് ഹിമാലയം കയറാൻ പോയാൽ രണ്ടാളും ചേർന്ന് എന്നെ ഇടിക്കും.

സൗഭാഗ്യ: സിനിമയ്ക്കു ഭാര്യ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ ട്രെൻഡായി മാറുകയാണല്ലോ? എന്താണ് അതിന്റെ സീക്രട്ട്?

‘ഫുക്രി’യുടെ ഷൂട്ടിങ്ങിനിടെ എനിക്കുള്ള കോസ്റ്റ്യൂം സമയത്ത് എത്തിയില്ല. എല്ലാവരും ആകെ ടെൻഷനിലായി. സിദ്ധിക്ക ‘ഈ സമയത്തിനി എന്താ ജയാ ചെയ്യുന്നതെ’ന്ന് ചോദിച്ചു. ഞാൻ ഉടനെ സരിതയോട് ചോദിച്ചു, നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന്. അങ്ങനെ അവസാനനിമിഷം അവൾ ഡിസൈൻ ചെയ്ത കുർത്തയാണ് ഞാൻ പടത്തിൽ ഇട്ടത്. അത് ട്രെൻഡായി. സംഭവം കണ്ടിട്ട് സാക്ഷാൽ ലാലേട്ടൻ വി ളിച്ചിട്ട് ആ കുർത്ത വേണമെന്ന് പറഞ്ഞു. അത് വലിയൊരു സർപ്രൈസായിരുന്നു, എനിക്കും അവൾക്കും.

അവളുടെ പരീക്ഷണങ്ങളാണ് പ്രേതം കുർത്തയും പുണ്യാളൻ കുർത്തയും ഇപ്പോള്‍ ട്രെൻഡായിരിക്കുന്ന ആട് മുണ്ടുമെല്ലാം. ഒരുപാട് ചെറുപ്പക്കാർ തിയറ്ററിൽ സിനിമ കാണാൻ വരുന്നത് ഷാജിപാപ്പന്റെ മുണ്ടുടുത്താണ്. കോളജിലെ പരിപാ ടികൾക്ക് പെൺകുട്ടികൾ പോലും അതേ മുണ്ടുടുക്കുന്നു. കാ ണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു.

കോട്ടയത്ത് ബുട്ടീക്കിന്റെ ഷോ നടത്തിയപ്പോൾ പ്രായമായ രണ്ട് പള്ളീലച്ചൻമാർ എന്റടുത്ത് വന്ന് ‘കുഞ്ഞേ, ആ പുണ്യാളൻ കുർത്ത വെള്ള നിറത്തില് കിട്ടുവോ’ എന്ന് ചോദിച്ചു. അ വർക്കും സാധനം എത്തിച്ചുകൊടുത്തു.

ഷെറിൽ: തിരക്കുകൾക്കിടയിൽ കുടുംബത്തിനു വേണ്ടി സമയം കണ്ടെത്താൻ സാധിക്കാത്ത സെലിബ്രിറ്റികള്‍ക്ക് ചീത്തപ്പേരാണല്ലോ ജയേട്ടൻ?

എന്നെ വിശ്വസിച്ച് എന്റെ കൂടെ ജീവിക്കാൻ വന്ന ആളുടെ സന്തോഷം എന്റെ ഉത്തരവാദിത്തമാണ്. എത്ര തിരക്കുകൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് കുടുംബത്തിനു വേണ്ടി സ മയം കണ്ടെത്താറുണ്ട്. സരിതയുടെ സന്തോഷങ്ങളിലൊന്നാണ് ബുട്ടീക്. അതുകൊണ്ട് എന്റേയും സന്തോഷമാണത്. ആ ദിയുടെയും വേദയുടെയും വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ കൂടെയുണ്ടാകണം. ജീവിതകാലം മുഴുവൻ നമ്മൾ തി രക്കിട്ട് ഓടുന്നത് പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടിയ ല്ലേ. അവരാണ് നമ്മുടെ ലോകം. അവർ ആഗ്രഹിക്കുന്ന സമയ ത്ത് നമ്മൾ കൂടെയില്ലെങ്കിൽ പിന്നെയെന്ത് സന്തോഷം?