Thursday 13 December 2018 12:16 PM IST : By വി.എൻ. രാഖി

’ഞാെനന്തെങ്കില്വൊക്കെ പറഞ്ഞു പോയാ വിവാദായിപ്പോക്വോന്ന് പേടീണ്ട്!’; സുരഭി തുറന്നുപറയുന്നു

surabhi02 ഫോട്ടോ: ശ്യാം ബാബു, അരുൺ പയ്യടിമീത്തൽ

അമേരിക്കയിലെ കുട്ടികൾ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്ത് കാശുണ്ടാക്കു‌ന്ന കാര്യം പണ്ട് ഗാന്ധിജിയുടെ ആത്മകഥയിൽ വായിച്ച സമയം. ‘ആഹാ...പരിപാടി കൊള്ളാലോ... എന്നാ നിക്കും സ്വയം പര്യാപ്തമാകണം.’ പ്രചോദനം കേറിയപ്പോൾ കുഞ്ഞുസുരഭി തീരുമാനിച്ചു. പല വഴികളും  ആലോചിച്ചിട്ടും ഒന്നും ശരിയാകുന്നില്ല. വീടിനോടു ചേർന്ന് പാറ പൊട്ടിക്കുന്ന സ്ഥലം കണ്ണിലുടക്കിയത് പെട്ടെന്നാണ്. ചുറ്റുവട്ടത്തുള്ള കുട്ടികളൊക്കെ അവിടെ മെറ്റൽ അടിക്കാൻ പോകുന്നു, കാശ് വാങ്ങുന്നു. സുരഭിയും അവർക്കൊപ്പം ചേർന്നു. പെട്ടിക്ക് എട്ടു രൂപ വച്ച് കിട്ടി! മത്സരിച്ച് പെട്ടികൾ നിറച്ചു. അടുത്തുള്ള കശുവണ്ടിത്തോട്ടത്തിലെ കശുവണ്ടി പെറുക്കി വിറ്റും പൈസയുണ്ടാക്കി. ദിനേഷ് ടാക്കീസിൽ ഒറ്റയ്ക്ക് സിനിമ കാണാൻ പോയി. ‘സ്വയം പര്യാപ്ത’യായതിൽ അഭിമാനിച്ചു.

വർഷങ്ങൾക്കിപ്പുറം കുഞ്ഞുസുരഭി അഭിനയത്തിന്റെ വഴി തേടിപ്പോയി സുരഭിലക്ഷ്മിയായി. കുറുക്കു വഴികൾ തേടാതെ കുഞ്ഞിപ്പടികൾ ഓരോന്നായി കയറി. ആ പോക്കിനിടയിൽ ‘സ്വയം പര്യാപ്തത’യ്ക്ക് വിലമതിക്കാനാകാത്തൊരു സമ്മാനം കിട്ടി. മികച്ച നടിക്കുള്ള ദേശീയ അവാർഡ്!  ‘ഓള്ക്ക് എന്തോ  കിട്ടീക്ക്ണ്...’ എന്നാദ്യം പറഞ്ഞെങ്കിലും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയപ്പോൾ കോഴിക്കോട്ടെ നരിക്കുനി എന്ന കുഞ്ഞുഗ്രാമം ‘നാടിന്റെ  മുത്തി’നു കിട്ടിയ അവാർഡ് ഏറ്റെടുത്തു. ‘ദേശീയ അവാർഡൊക്കെ കിട്ടീതല്ലേ, ഇത്തിരി ഗൗരവത്തിലാണ് ട്ടോ... ഒന്നും തോന്നരുതേ....’ ഗമയിൽ മുൻകൂർ ജാമ്യമെടുത്താണ് സുരഭി സംസാരം തുടങ്ങിയത്.

ശാരദ, മോനിഷ, ശോഭന, മീര, പിന്നെ... സുരഭിലക്ഷ്മി. എന്തു തോന്നുന്നു?

ഉം...ഉം...കേൾക്കാൻ നല്ല സുഖണ്ട്. ഇന്നസെന്റ് പറയണ പോലെ ‘രസണ്ട്...രസണ്ട്...’ ഓരൊക്കെ നായികമാരായി  വന്ന് ദേശീയ അവാർഡ് നേടിയോരാണ്. ഞാനാണെങ്കില് കുട്ടിക്കുട്ടി വേഷങ്ങളേ ചെയ്തിട്ട്ള്ളൂ. ഒരേ ഒരു സിനിമേല് മാത്രേ നായികയായുള്ളൂ. ഓര് ചെയ്തത്രേം സിനിമകള് ഇനി ഞാൻ ചെയ്ത് തീർക്കണ്ടേ? അവസാനത്തെ പാഠം ആദ്യം പഠിച്ച പോലെണ്ട്പ്പോ.
‘മിന്നാമിനുങ്ങ്’ ചെയ്യുമ്പോ അവാർഡിന്റെ സാധ്യതയൊന്നും അറിഞ്ഞിട്ട്ണ്ടായിര്ന്നില്ല. മുഴോൻ സ്ക്രിപ്റ്റ് തന്നിട്ട് ‘ങ്ങളിതൊന്നു വായിച്ചു നോക്കി, പറ്റ്യാ അഭിനയിക്ക് ട്ടോ’ ന്ന് പറഞ്ഞപ്പോ വേണ്ടാന്ന് വയ്ക്കാൻ തോന്നീല. തിരക്കഥ വായിച്ച് ചെയ്ത ആദ്യ ചിത്രാ ‘മിന്നാമിനുങ്ങ്’. അഭിനയിച്ചു തുടങ്ങിയപ്പഴല്ലേ തിരക്കഥേന്റെ  ബലോം വ്യാപ്തീം  സാധ്യതേം ഒക്കെ മനസ്സിലായി വന്നത്. സത്യസന്ധായി അഭിനയിച്ചു, അത്രേള്ളൂ. ‘മിന്നാമിനുങ്ങ്’ ടീമിന് കിട്ട്യേ അവാർഡാ ഇത്. സിനിമേന്റെ പ്രിവ്യൂ കണ്ട്  സംഗീത സംവിധായകൻ ഔസേപ്പച്ചൻ സാറ് സുരഭിക്ക് അവാർഡ് കിട്ടുംന്ന് അഭിനന്ദിച്ചു. അദ്ദേഹത്തെപ്പോലൊരാള് അങ്ങനെ പറഞ്ഞപ്പോത്തന്നെ അവാർഡ് കിട്ട്യേ സന്തോഷം തോന്നി.

2017 സുരഭിക്ക് അവാർഡ് വർഷമാണല്ലേ?

മികച്ച നാടകനടിക്ക്ള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അവാർഡ്, വയലാർ ട്രസ്റ്റ് അവാർഡ്, സംസ്ഥാന ഫിലിം അവാർഡിൽ പരാമർശം. ഇപ്പോ ദേശീയ അവാർഡും. ഈ വർഷം അഞ്ച് അവാർഡുകളാ കിട്ടിയെ.  എം80 മൂസ സീരിയൽ തുടങ്ങിയന് ശേഷം നാടകങ്ങളൊന്നും ചെയ്യാൻ പറ്റ്ണ്‌ണ്ടായിരുന്നില. അപ്പോ എന്തോ ഒര് അസ്വസ്ഥത. നാടകം ചെയ്യണംന്നൊരു തോന്നൽ. നാടകം ചെയ്തിട്ട് ഒന്ന്  റിഫ്രെഷ്ഡ് ആകണംന്നു തോന്നിയപ്പോ തിരക്കൊക്കെ മാറ്റിവച്ച്  കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്സിൽ വേഷം ചെയ്യാന്നു പറഞ്ഞു. മാഷ് സമ്മതിച്ചു. പത്തൂസം ക്യാംപില് താമസിച്ച് റിഹേഴ്സൽ ചെയ്തു. വിനോദേട്ടന്റെ  തന്നെ ‘യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും’ എന്ന നാടകത്തിൽകൂടെയാണ് 2010ൽ മികച്ച നടിക്ക്ള്ള സംഗീതനാടക അക്കാദമി അവാർഡ്  കിട്ടീത്.  ‘ബോംബെ ടെയ്‌ലേഴ്സി’ലെ വേഷത്തിന് ഈ വർഷത്തെ അവാർഡ്. കൂടെ അഭിനയിച്ച എല്ലാവരും കാലടി സർവകലാശാലേല് ന്റെ കൂടെ തിയറ്റർ പഠിച്ച സുഹൃത്തുക്കളാ. അവര്ടെ കൂടെയിരിക്കാനും  പഴയ എനർജി വീണ്ടെടുക്കാനും പറ്റി. ഇടപ്പള്ളി അതിഥി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിലാണ് ഇപ്പോ നാടകപ്രവർത്തനം.

ദേശീയ അവാർഡ് വാർത്ത കേട്ടപ്പോൾ...?

ഒരു ജീൻസും രണ്ട് ടോപ്പും കൊണ്ട് സ്േറ്റജ് ഷോയിൽ പങ്കെടുക്കാൻ സലാലയ്ക്ക് വിമാനം കേറീതാ ഞാൻ. സലാലേല് ഇറങ്ങിയപ്പോ ഷോയുടെ സംഘാടകർ അഭിനന്ദനം  പറഞ്ഞ് മാലയിട്ട് സ്വീകരിക്ക്ന്ന്. സംസ്ഥാന അവാർഡിൽ പ്രത്യേക പരാമർശം കിട്ടിയ ശേഷം  കാണ്വല്ലേ, അതാകും ന്നു വിചാരിച്ചു. ഏയ്...ഇത് നാഷനൽ അവാർഡിനുള്ളതാ, അറിഞ്ഞില്ലേ, ടിവിയിൽ സ്ക്രോൾ കാണിക്കുന്നുണ്ടല്ലോ എന്നവർ. എന്നാ, നിക്കാ സ്ക്രോൾ കണ്ടേ തീരൂന്നു ഞാൻ. അതു കണ്ടപ്പോ വിശ്വാസായി. ഇല്ലെങ്കി ബോധം കെട്ട് പോകൂലേ...
സത്യാണെന്ന് മനസ്സിലായി ഒന്നു രണ്ടു മിനിറ്റ് തലേലാകെ ഒരു ശൂന്യത. അനങ്ങാൻ പറ്റീല. ശരീരോം റിയാലിറ്റീമായി ഒരു യുദ്ധായീന്, പിന്നെ. കണ്ണീരിങ്ങനെ ധാരധാരയായി ഒഴുകി. അതൊര് പത്തിരുപത്തഞ്ച് മിനിറ്റോളം തുടർന്ന്. ‘അശ്രാന്ത പരിശ്രമ’ത്താലാണത് നിർത്തീത്. ആരൊക്കെയോ എന്തൊക്കെയോ ചോദിക്ക്ണ്, പറയ്ണ്. അവരോടൊക്കെ ഞാനെന്തൊക്കെയോ പറഞ്ഞു. അപ്പഴും കണ്ണീർധാര തുടർന്നോണ്ടിരിക്ക്യാ. ദ്നെയാണ് ‘ആനന്ദാശ്രുക്കൾ...ആനന്ദാശ്രുക്കൾ’ ന്നു പറയ്ന്ന് എന്ന സത്യം അപ്പളാ ഞാനറിഞ്ഞേയ്. ആ അശ്രുക്കൾ കൊണ്ടന്ന് ശരിക്കു പൊറുതിമുട്ടിപ്പോയീട്ടോ.

മ്മക്ക് വരാനുള്ളത് ഏതെങ്കില്വൊക്കെ വഴീക്കൂടെ വന്നു പെടും. അയിനുദാഹരണാണ് നിക്കു ഒട്ടും പരിചയല്യാത്ത തിരക്കഥാകൃത്ത് മനോജ് റാംസിങ്ങും സംവിധായകൻ അനിൽ തോമസും വഴി ‘മിന്നാമിനുങ്ങ്’ തന്ന ഈ ഭാഗ്യം. ഓരില്ലായിരുന്നെങ്കില് സുരഭി ഇന്നും പഴയ സുരഭി തന്നെ. നല്ല നടിയാകാന്ള്ള ന്റെ ഒരു ശ്രമായിരുന്നു മിന്നാമിനുങ്ങ്. ആ ശ്രമത്തിനു കിട്ടിയ പ്രോത്സാഹനമാണീ അവാർഡ്.

മിന്നാമിനുങ്ങിലെ പേരില്ലാത്ത കഥാപാത്രത്തിന് സുരഭി ടച്ച് എന്താണ്?

മകൾക്കും വയസ്സായ അച്ഛനും വേണ്ടി ജീവിക്കുന്ന നാൽപ്പത്തഞ്ചു വയസ്സുള്ള വിധവയായ ഒരമ്മയാണാ കഥാപാത്രം. മകളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാൻ വിഷമം പിടിച്ച പല ജോലികളും ഓര്ക്ക് ചെയ്യേണ്ടി വരുന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥേൽക്കൂടേം കടന്ന്പോകുന്ന്ണ്ട്. ദുഃഖത്തിന്റേം കഷ്ടപ്പാടിന്റേം  എടേലും ഓര്ക്ക് ചെറ്യേ സന്തോഷങ്ങളൂണ്ട്. ‘മിന്നാമിനുങ്ങി’ന്റെ തിരക്കഥ വായിച്ചപ്പോ കാലടി സർവകലാശാലയിലെ ന്റെ ഹോസ്റ്റൽ മേട്രൻ മീനാ മാഡത്തിന്റെ  മുഖം എന്തോ ഒരു നിമിത്തം പോലെ മനസ്സില് വന്ന്. ഹോസ്റ്റലിലെ എല്ലാ മേട്രൻമാരുമായിട്ടും നല്ല അടുപ്പായിര്ന്ന്നിക്ക്. തിരക്ക്ന്നൊക്കെ മാറിയിരുന്ന് എല്ലാരോടും  എല്ലാ കാര്യങ്ങളും തുറന്ന് പറയും. മീനാ മേട്രന്റെ ഭർത്താവിന് അസുഖം വന്നപ്പോ മക്കളെ പഠിപ്പിക്കാൻ കഷ്ടപ്പെട്ടതൊക്കെ പറഞ്ഞ് വല്ലാണ്ട് സങ്കടപ്പെടാറ്ണ്ടായീന്. അസുഖൊക്കെ മാറി ഇന്ന് സന്തോഷാണ്, ന്നാലും തിരക്കഥേലെ ചില ഡയലോഗുകൾ വായിച്ചപ്പോ ഓര് പറഞ്ഞ കാര്യങ്ങൾ ഓർമേല് വന്നു.

കഥേലും വാക്കുകളിലും ഡയലോഗുകളുടെ അർഥത്തിലും മാറ്റം വരാതെ, മേട്രൻ സംസാരിക്ക്ന്ന പോലെ കൊറച്ച് വാക്കുകള് അവിടേം ഇവിടേം ചേർത്ത് കൊടുത്തപ്പോ തിരുവനന്തപുരം സ്ലാങിന്റെ കാറ്റുവീശി. കൂടെ അഭിനയിച്ച കൃഷ്ണൻ ബാലകൃഷ്ണനാണ് അയിന് സഹായിച്ചത്. മേട്രനെ മനസ്സിൽ ധ്യാനിച്ച് ഒരു ക്യാരക്ടർ ചെയ്തിട്ടുണ്ട് ന്ന് പറഞ്ഞപ്പോ (തിരുവനന്തപുരം സ്ലാങിൽ) ‘ഓ...എന്റെ പത്മനാഭാ...മക്കളേ, നീ ഉയരങ്ങളിലെത്തും കേട്ടാ... നീ വലുതാകുമേ... എനിക്കൊറപ്പൊണ്ട്...നിനക്ക് നല്ല മനസ്സൊണ്ട് മക്കളേ...നീ നല്ലതായി വരും. ഓാാാ..’ ന്നു പറഞ്ഞു.  ‘മിന്നാമിനുങ്ങ്’ ദേശീയ അവാർഡിന് അയച്ച കാര്യം പറഞ്ഞപ്പഴും ‘ കിട്ടും മോളേ, നെനക്കതു കിട്ടും...’ ന്നനുഗ്രഹിച്ചു.

surabhi01

കളിയും ചിരിയും വിട്ട് ഇനി സീരിയസ് ആകേണ്ടി വരില്ലേ?

അതൊരു ചോദ്യാണ്... നിക്ക് കൂതറ കളിക്കാൻ പറ്റൂലല്ലോ ന്നൊരു പേടി ഇല്ലാതില്ല. ഇനി കൂതറ കളിച്ചാ ‘ഒന്നൂല്ലെങ്കിലും ങ്ങക്ക് ദേശീയ അവാർഡൊക്കെ കിട്ടിയതല്ലേ’ ന്ന് ചോയിക്കൂലേ, നാണം കെട്ടു പോകൂലേ? ലേശം കൂടി സ്റ്റാൻഡേർഡ് ആകണ്ടി വര്വായിരിക്കും. ന്നാലും കൂതറത്തരം നമ്മള് കൈവെടിയൂലാാാ. കൂതറയായിക്കൊണ്ട് സ്റ്റാൻഡേർഡ് ആകും.
സംസ്ഥാന അവാർഡ് കിട്ടിയപ്പോ ‘പരാമർശം സുരഭീ’ ന്നാണ് പലരും വിളിച്ചയ്. അതിപ്പോ മാറി. ദേശീയ അവാർഡ് കിട്ടിപ്പോയതോണ്ട് ആരും സിനിമേല് വിളിക്കാതാവ്വ്വോന്നേ പേടീള്ളൂ. ഇനി സുരഭി വലിയ വേഷങ്ങളേ ചെയ്യൂന്നു വിചാരിക്കരുത്... ആരും. ‘ചെറുതും വലുതുമായ  എല്ലാ വേഷങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കപ്പെടും. എനിക്ക് സഹോദര സ്ഥാപനങ്ങളില്ല...’

കോഴിക്കോടൻ സ്ലാങും വിടാൻ തീരുമാനിച്ചോ?

എം80 മൂസ വന്നതോണ്ടാണ് കോഴിക്കോടൻ ഭാഷ ഇത്ര പോപ്പുലർ ആയത്. അല്ലാതെ ന്റെ കഥാപാത്രങ്ങൾ ശ്രദ്ധിച്ചാലറിയാ വളരെക്കുറച്ച് സിനിമകളിലേ ഞാനീ കോഴിക്കോടൻ സ്ലാങ് ഉപയോഗിച്ചിട്ട്ള്ളൂ. ഇപ്പോ ഉത്തരവാദിത്തങ്ങള് കൂടിയെടോ. ആളുകളുടെ പ്രതീക്ഷകൾ കൂടൂല്ലേ. അവർ ‘നല്ലത്’ ന്നു പറയണമെങ്കില് ഇനി ഇത്ക്കും  മേലെ  ഒരു കഥാപാത്രം ചെയ്യണം. വ്യത്യസ്ത ഭാവങ്ങളില്ള്ള സുരഭീനെ കാണണെങ്കിൽ മലയാള സിനിമ തന്നെ വിചാരിക്കണം.

ആദ്യത്തെ പ്രതിഫലം വാങ്ങിയ ദിവസം ഓർക്കുമ്പോൾ?

ഞങ്ങടെ നാട്ടിൽ വട്ടോളി ചെറ്റക്കടവ് വയലില് കൊയ്ത്ത് കഴിഞ്ഞാല് നാടോടിസർക്കസുകാര് വരും. ആണുങ്ങള് പെൺവേഷം കെട്ടി പത്തു രൂപയ്ക്ക് റെക്കോഡ് ഡാൻസ് കളിക്കും. സൈക്കിൾ യജ്ഞം, മുട്ട ലേലം, മണ്ണിന്റടീല് കുയിച്ചിടല്, ട്യൂബ് ലൈറ്റ് നെഞ്ഞത്തിട്ട് പൊട്ടിക്കല് അങ്ങനെ സർക്കസുകളുടെ കളിയാ. ഇന്നത് ഫെസ്റ്റുകളായി മാറി.
ഒരിക്കല് സർക്കസുകാര് വന്നപ്പോ ‘കുഞ്ഞല്ലേ പിഞ്ചു കുഞ്ഞല്ലേ...’ന്നൊരു പാട്ടിന് എന്റെ പപ്പ ആണ്ടിയാണ് ആദ്യായിട്ട് സ്റ്റേജില് കേറ്റി വിട്ടത്. കണ്ണുകാണാത്ത കുട്ടിയായി ഞാനതില് തകർത്തഭിനയിച്ചു. മൂന്നര വയസ്സിൽ കിട്ടിയ ആ ഒരു പൊതി കടലയും വത്തക്കഷണവും (തണ്ണിമത്തൻ) ആണ് ന്റെ ആദ്യ പ്രതിഫലം. കൈയോടെ തന്നെ തിന്നു തീർത്തു. ദേശീയ അവാർഡ് കിട്ടിയപ്പോഴാ ഇതെല്ലാം വലിയ സംഭവങ്ങളായത്. ഇല്ലെങ്കി നമ്മളിങ്ങനെ സാധാരണ പോലെ ജീവിച്ചു പോക്വായിന്. ഒറ്റ ദിവസം കൊണ്ടല്ലേ എല്ലാം മാറി മറിഞ്ഞയ്. സുരഭി എന്ന വ്യക്തീനെ അത് വലിയ തോതിൽ ബാധിച്ചിട്ട്ല്ല എന്നാണിന്റെ തോന്നല്.

കുട്ടിക്കാല കഥകൾ ഇനിയുമുണ്ടോ?

‘ഞാൻ വളരുകയല്ലേ മമ്മീ...’ന്നും പറഞ്ഞ് കോംപ്ലാന്റെ പരസ്യം വന്ന കാലം. നരിക്കുനീല് ആകെ രണ്ടോ മൂന്നോ പീടികേ ള്ളൂ. അതിലൊന്നും കോംപ്ലാൻ കിട്ടാല്യ. ഞാനാണെങ്കില് കോംപ്ലാൻ കണ്ടിട്ട്ല്ല, കുടിച്ചിട്ട്ല്ല. നിക്ക് കോംപ്ലാൻ കുടിക്കാൻ കൊതി. അന്നെന്റെ ചേച്ചി ഭയങ്കര തള്ളാ. ചേച്ചി പറയും അനക്കറിയ്വോ, മ്മള് കഞ്ഞീന്റെ വെള്ളം കലക്കിക്കൊടുക്കണ പോലെ മമ്മൂട്ടീന്റേം  മോഹൻലാലിന്റേം  വീട്ടിലെ പട്ടിക്കുട്ടിക്ക് കൊടുക്കണ സാധനാ കോംപ്ലാൻ ന്ന്. ‘അയ്യോ ന്റെ ചേച്ചിയേ... ന്നാ നിക്ക് ഓര്ടെ വീട്ടിലെ പട്ടിക്കുട്ടി ആയാ മത്യായീനി. ന്നാ ദിവസോം കോംപ്ലാൻ കുടിക്കാലോ’ ന്ന് ഞാനും അടിക്കും. എന്നെങ്കിലും ഓരെ കാണുമ്പോ പറയാൻ വച്ചതാ ഇക്കഥ.

സിനിമ കിട്ടാത്തപ്പോൾ വിഷമം തോന്നിയില്ലേ?

അങ്ങനെ ചോയിച്ചാ... ചെലപ്പൊക്കെ വിഷമം തോന്നീണ്ട്. ഇല്ലെങ്കി കള്ളത്തരായിപ്പോകൂലേ. അതാര്ടേം തെറ്റല്ല. സമയത്തിന്റെ പ്രശ്നാ. ചെല സിനിമ കാണുമ്പോ ഒരു വേഷം കിട്ടിയിരുന്നെങ്കി ചെയ്യായീനല്ലോ ന്നൊക്കെ തോന്നും. പക്ഷേ, മറ്റ് നടിമാർ അത് നന്നായി അഭിനയിച്ചു കാണുമ്പോ ആ വിഷമൊക്കെ മാറിക്കോളും... ഹഹഹ
ഞാെനന്തെങ്കില്വൊക്കെ പറഞ്ഞു പോയാ വിവാദായിപ്പോക്വോന്ന് പേടീണ്ട്. പരാതി പറയാത്തത് പരാതിയില്ലാത്തോണ്ടു തന്നെയാ. മ്മടെ വഴീല് ജോലിയെടുത്ത് പോയാ മതീലോ. എന്നും ഡയറക്ടർമാരെ വിളിക്ക്യേ  കാണാൻ പോക്വേ  ണ്ടായിട്ടില്ല.  ചോയിച്ചു വാങ്ങാൻ മടിയാ. തന്ന വേഷങ്ങൾ ചെയ്തു. എം 80 മൂസ തുടങ്ങി മൂന്നര വർഷം ഒന്നിരിക്കാൻ സമയം കിട്ടീട്ട്ല്ല. എസി മീൻകട മുതൽ സ്വർണക്കട വരെ നൈറ്റീം തട്ടോം ഇട്ട്  ഉദ്ഘാടനം ചെയ്ത ഏക നടിയാണ് ഞാൻ. ഷോകള്, നാടകങ്ങള്, പഠനം, സീരിയല്... അങ്ങനെ തിരക്കായിരിന്ന്. അടുത്ത സിനിമയേതാ ന്ന് ചോദിക്കുമ്പോ പറയാൻ സിനിമ വേണംന്നെനിക്ക് നിർബന്ധോം ണ്ടായിര്ന്നില്ല.  ‘ആടി ആടിയേ ആട്ടം  വരൂ, പാടിപ്പാടിയേ പാട്ടു വരൂ’ ന്നു പറയണ പോലെ അഭിനയത്തിൽ  ഞാനിനീം  പാകപ്പെടാന്ണ്ട്. അതിന് പൂർണായിട്ടും തയാറാണ്.

സ്ക്രീനിൽ അല്ലാത്ത സുരഭി എങ്ങനെയാണ്?

കലാകാരന്മാർ പൊതുവേ ഇമോഷനലാക്വല്ലോ. ഞാനും അങ്ങനെയായിരിക്കണം. കൊറച്ച് ദേഷ്യക്കാരിയാ. ന്നു വച്ചാലേ... നിക്കു മനസ്സിലാകുന്നതൊക്കെ ബാക്കിള്ളോർക്കും മനസ്സിലായില്ലെങ്കി ദേഷ്യം വരും. എപ്പഴും സുരഭിയായിരിക്കണംന്നാണ് നിക്ക്. അപ്പോ പറയാന്ള്ളത് മുഖത്തു നോക്കി പറഞ്ഞും പോകും. അതാ കുഴപ്പം. ആരോടെങ്കിലും അടീണ്ടാക്കിയാൽ വേഗം സംഗതി സോൾവ് ചെയ്തിരിക്കും. ഞാനേറ്റോംകൂടുതൽ കച്ചറണ്ടാക്കുന്നത് ന്റെ അമ്മേനോടാണ്. ഒന്നു പറഞ്ഞ് രണ്ടാമത്തേന് അടിയാകും. ന്ന്ട്ട് രാത്രി കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് കിടന്നുറങ്ങും.  

ന്റെ അമ്മ വല്യ തമാശക്കാരിയാ. അതാകും ഞാനും ഇങ്ങനെ. എല്ലാത്തിലും നർമം കണ്ടാ മ്മള് താനേ പൊസിറ്റീവ് ആ കും. അതല്ലേ ഏതു പ്രശ്നോം കൈകാര്യം ചെയ്യാനും എളുപ്പം? എപ്പഴും ഹാപ്പിയായിര്ന്നാ മ്മള് ‘വെയ്റ്റ്‌ലെസ്’ ആകും. സങ്കടായാലും ദേഷ്യായാലും വേഗം  ‘ഹീൽ’ ചെയ്ത് മാറ്റും. നിക്കത് കൊണ്ടുനടക്കാനാവൂലാ.

ദേശീയ അവാർഡ്  വാർത്ത അറിഞ്ഞപ്പോൾ വീട്ടുകാരുടെ പ്രതികരണം?

ഏട്ടൻ സുധീഷ് ന്റെ കൂടെ സലാലയിലായിരുന്ന്. രണ്ട് ഡ്രസും കൊണ്ടല്ലേ പോയത്? ഇനിപ്പോ ചാനലിലൊക്കെ വരൂല്ലേന്നും പറഞ്ഞ് പാവം എവ്ടൊക്കെയോ പോയി കൊറേ ഡ്രസ് വാങ്ങി വന്നു. സന്തോഷോം സങ്കടോം ഒന്നും അധികാവര്ത്‌ന്ന് പറയും ന്റെ അമ്മ. അമ്മമ്മ ലക്ഷ്മിയും അമ്മ രാധയും  മാത്രേ അപ്പോ വീട്ടില്ണ്ടായിര്ന്നുള്ളൂ. ഓരാകെ ഞെട്ടിപ്പോയി. പേടീം ചമ്മലും ഒക്കെക്കൂടെ ചേർന്ന എന്തോ ഒന്ന്.   ചേച്ചിമാരായ സുബിതേം സുമിതേം ഓര്ടെ വീട്ടിന്ന് വിവരറിഞ്ഞ് ഓടിയെത്തി.  പിന്നെ എല്ലാരും കൂടെ കെട്ടിപ്പിടിച്ച് കൂട്ടക്കരച്ചിലായി... ന്നാ, നാട്ടിലെത്തിയപ്പോ ന്നെ ഒന്ന് കെട്ടിപ്പിടിച്ചീലട്ടോ.

ബി.എ. ഭരതനാട്യത്തിൽ ഒന്നാം റാങ്കല്ലേ, നൃത്ത രംഗത്തും സുരഭിയെ പ്രതീക്ഷിക്കാമോ?

നൃത്തോം നാടകോം പാട്ട്വൊക്കെ ന്റെ അഭിനയം നന്നാവാൻ വേണ്ടി ഉപയോഗിക്കണംന്നേള്ളൂ. നർത്തകിയൊന്നും ആകാന്ള്ള ആത്മവിശ്വാസം ഇല്ല. അഭിനയത്തിലേ ആ കോൺഫിഡൻസ് ള്ളൂ. തിയറ്ററിൽ പിഎച്ച്ഡി ചെയ്യ്ന്ന്ണ്ട്. എംബിബിഎസ് ഡോക്ടറായില്ലെങ്കിലും നരിക്കുനിക്ക് ഡോ. സുരഭീനെക്കൂടി സമ്മാനിക്കണംന്ന്ണ്ട്. നടക്ക്വോ ആവോ... 

surabhi03