Thursday 13 December 2018 12:21 PM IST : By ശ്യാമ

ആറുമാസം അഘോരികൾക്കൊപ്പം ജീവിച്ചു! അറപ്പും ഭയവും ആദരവും കലർന്ന അനുഭവം വെളിപ്പെടുത്തി ആര്യ

arya1 ഫോട്ടോ: ശ്യാം ബാബു

മോസ്റ്റ് കൂൾ പേഴ്സൺ എന്നു നയൻതാര. മോസ്റ്റ് കെയറിങ് ഗൈ എന്നു തൃഷ. എല്ലാം ഒരാളെപ്പറ്റിയാണ്. കാസർകോട് ജനിച്ച് തമിഴിൽ തിളങ്ങുന്ന ആര്യ. മൂന്നേ മൂന്നു മലയാളം സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ െവള്ളാരം കണ്ണുകാരനെ നമുക്കെല്ലാം ഇഷ്ടമാണ്. ‘നാന്‍ കടവുൾ’ ‘അറിന്തും അറിയാമലും’ ‘മദിരാശിപട്ടണം’ ഒക്കെ കണ്ട് തോന്നിയ ഇഷ്ടം. ഒടുവില്‍ അഭിനയിച്ച ‘ദ് ഗ്രേറ്റ് ഫാദര്‍’ തകര്‍ത്തോടുന്നതിന്‍റെ സന്തോഷത്തിലാണ് ആര്യ. കോലൻ മുടിയും പെർഫക്ട് ഫിറ്റ് ബോഡിയുമായി ആര്യ അഭിമുഖത്തിനായി ഇരുന്നു.

ചില്ലു ജനാലയിലൂടെ നോക്കിയാൽ ഫാസ്റ്റായി ഓടുന്ന കൊച്ചി കാണാം. അങ്ങോട്ട് ഇടയ്ക്കിടെ കണ്ണുകൾ പായുന്നുണ്ട്. ആ കാഴ്ചയില്‍ നിന്നു കണ്ണു പിൻവലിച്ചു പറയുന്നു, ‘‘കേരളം  വളരെ ഇഷ്ടമുള്ള സ്ഥലമാണ്. വയനാട്, വാഗമൺ, കുമരകം... എത്ര കണ്ടാലും മതിയാകില്ല. മലയാളം സിനിമകളില്‍ കൂടുതല്‍ അഭിനയിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. (സുന്ദരമായ ചിരി) ആരെങ്കിലും നല്ലൊരു റോൾ തന്നാൽ ചെയ്യും. അതിനായി കാത്തിരിക്കുകയാണ്. ’’

മലയാളിയായ ആര്യ എങ്ങനെ തമിഴ്നാടിന്റെ സ്വന്തം നടനായി മാറി?

ഞാൻ ജനിച്ചത് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിലാണ്. പക്ഷേ, പഠിച്ചതും വളർന്നതും ചെന്നൈയില്‍. പൈലറ്റാകാനായിരുന്നു ആഗ്രഹം. അച്ഛന്റെ പേടി കാരണം ആ മേഖലയിലേക്കു പോകാതെ എൻജിനീയറിങ് ആണു പഠിച്ചത്. സിനിമ അന്നൊരു പാഷനായിരുന്നു. പഠിച്ചിട്ടും സിനിമാ മോഹവുമായി നടക്കുന്നതു കണ്ടു ചിലരൊക്കെ കുറ്റപ്പെടുത്തിയിട്ടുണ്ട്.  

സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന കാലത്താണ് തമിഴ് സിനിമയിൽ അവസരം കിട്ടുന്നത്. ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിക്കാം എന്നേ അന്നു മനസ്സിലുണ്ടായിരുന്നുള്ളൂ. ആദ്യം അഭിനയിച്ച സിനിമ ‘ഉള്ളം കേക്കുമേ’ ആയിരുന്നെങ്കിലും റിലീസായത് ‘അറിന്തും അറിയാമലും ’ആണ്. ‘ഉള്ളം കേക്കുമേ’യുടെ സംവിധായകൻ ജീവ എന്റെ സുഹൃത്തായിരുന്നു. ആ വഴിക്കാണ് അവസരം ലഭിച്ചത്. ജംഷാദ് എന്നാണ് എന്‍റെ ശരിക്കുള്ള പേര്. സിനിമയില്‍ നായകവേഷം നല്‍കുമ്പോള്‍ ജീവ ഒരു കാര്യം മാത്രമാണു പറഞ്ഞത്. ‘പേരു മാറ്റണം. ആളുകള്‍ക്ക് എളുപ്പം പറയാനാകുന്ന പേരാകണം.’ ആലോചനകള്‍ക്കൊടുവില്‍ ജീവ തന്നെ േപരും നിര്‍ദ്ദേശിച്ചു, ‘ആര്യ.’ ജംഷാദ് എന്ന പേര് പലര്‍ക്കും അറിയില്ല. എങ്കിലും ഇപ്പോഴും അടുപ്പമുള്ളവർ എന്നെ ജാമി എന്നു വിളിക്കുന്നത്.

‘നാൻ കടവുൾ’, ‘മദിരാശിപട്ടണം’, ‘രാജാ റാണി’, ‘വേട്ടയ്’ അങ്ങനെ കുറേ സിനിമകളില്‍ അഭിനയിച്ചു. തമിഴിൽ എനിക്കൊരു പ്രൊഡക്‌ഷൻ ഹൗസും ഉണ്ട് ‘ദ് ഷോ പീപ്പിൾ’ മലയാള സിനിമകളെക്കുറിച്ച് എന്താണ് അഭിപ്രായം ?

തമിഴ്‍സിനിമ മാത്രമല്ല, ഇന്ത്യൻ സിനിമാ ലോകം തന്നെ മലയാള സിനിമയെ ആദരവോടെയും അതിശയത്തോടെയുമാണ് നോക്കിക്കാണുന്നത്. മലയാളത്തിൽ എന്തെല്ലാം  മാറ്റങ്ങൾ ഉണ്ടാകുന്നു എന്നാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. അഭിനയത്തിലും അവതരണത്തിലും സംവിധാനത്തിലും അപ്പിയറൻസിലുമൊക്കെ എന്തെല്ലാം പരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നത്. വളരെ സെൻസിബിൾ ആയ ഓഡിയൻസാണ് മലയാളത്തിലുള്ളത്. ഉറുമിക്കും ഡബിൾ ബാരലിനും  ശേഷം ഞാൻ മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഗ്രേറ്റ് ഫാദർ’. തമിഴിൽ  ഒരു പ്രൊഡക്‌ഷൻ കമ്പനിയുണ്ടെങ്കിലും  മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമാകാനാണ് ഒാഗസ്റ്റ് സിനിമയുമായി കൂട്ടു കൂടിയിരിക്കുന്നത്.
സിനിമ െവറും വിേനാദോപാധി മാത്രമല്ല. ആളുകളിലേക്ക് നല്ല സന്ദേശങ്ങള്‍ എത്തിക്കാനുള്ള മാര്‍ഗം കൂടി ആണ്. ‘ഗ്രേറ്റ് ഫാദർ’ തന്നെ നോക്കൂ. കുട്ടികളോടുള്ള അതിക്രമത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അതിെന്‍റ സന്ദേശം ജനങ്ങളിലെത്തുന്നുമുണ്ട്. ഒരു ഡോക്യുമെന്ററി ചെയ്താൽ ഇത്ര റീച്ച് ഉണ്ടാകില്ല. പക്ഷേ, സിനിമയാകുമ്പോൾ അതിൽ എന്റർടെയ്ൻമെന്റിനു വേണ്ടിയുള്ള ചേരുവകളും ചേർക്കേണ്ടി വരുമെന്നു മാത്രം.

എന്തൊക്കെ തയാറെടുപ്പുകളാണ് ഒരു റോൾ ചെയ്യാൻ വേണ്ടി എടുക്കുന്നത്?

അത് കിട്ടുന്ന റോളുകൾ അനുസരിച്ചിരിക്കും. ചിലത് സംവിധായകൻ പറഞ്ഞു തരുമ്പോഴേ ഒരു പിക്ചർ കിട്ടും. വേറെ ചിലതിനൊക്കെ സമയം വേണം. ‘നാൻ കടവുൾ’ സമയമെടുത്ത് ചെയ്ത സിനിമയാണ്. അതിലെ വേഷം ചെയ്യാൻ വേണ്ടി ആറു മാസം അഘോരികൾക്കൊപ്പം  ജീവിച്ചു. അറപ്പും ഭയവും ആദരവും ഒക്കെ ചേർന്ന് വല്ലാത്തൊരു അനുഭവമായിരുന്നു അത്. ഈ ഭൂമിയിൽ തന്നെയാണെങ്കിലും വേറൊരു തരം ലോകത്തിലാണ് അവർ ജീവിക്കുന്നത്.

ഇരുണ്ട ഗുഹകളിലാണ് അവരുെട താമസം. ആദ്യ തവണ അവിടെ ചെല്ലുമ്പോള്‍ നെഞ്ചു കിടുകിടാ വിറയ്ക്കുകയായിരുന്നു. വസ്ത്രമില്ലാതെ ദേഹം മുഴുവൻ ഭസ്മം പൂശിയാണു നടപ്പ്. ചിലപ്പോള്‍ ശ്മശാനത്തിൽ പോയി കിടന്നുറങ്ങും. ശ്മശാനങ്ങളിൽ നിന്ന് മാംസം ഭക്ഷിക്കുമെന്നും കേട്ടിട്ടുണ്ട്.  ഭിക്ഷാടനത്തിനിറങ്ങുമ്പോള്‍ െെകയില്‍ പിടിക്കുന്നതു മനുഷ്യന്‍റെ തലയോട്ടി. ആദ്യം ആവരെ കാണുന്നതു മുതൽ സിനിമ അഭിനയിച്ച് ദിവസങ്ങൾ കഴിയുന്നതുവരെ മേലാകെ വല്ലാത്തൊരു വൈബ്രേഷൻ തോന്നിയിരുന്നു. ഒരു പ്രത്യേക തരം മൂഡായിരുന്നു ആ സിനിമ  മുഴുവൻ.

എനിക്കു മുൻപ് അജിത്, സൂര്യ, നരെയ്ൻ എന്നിവരെയാണ് ആ റോളിലേക്കു പരിഗണിച്ചിരുന്നത്. അവസാനം എന്നിലേക്ക് എത്തി ചേർന്നു. 175 പുതുമുഖങ്ങൾ ആ സിനിമയിൽ അഭിനയിച്ചു. ശാരീരിക വൈകല്യങ്ങൾ ഉള്ളവര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഡബ്ബിങ് ചെയ്യാൻ അവരെ തന്നെ വേണം എന്നു വാശി പിടിച്ച സംവിധായകൻ ബാല സാർ, അവർക്കായി ചെന്നൈയിൽ ഒരു ഡോക്ടറെ പോലും വച്ചു.

അതുപോലെയായിരുന്നു മദിരാശിപ്പട്ടണത്തിലെ റോൾ, 1940കളിൽ നടക്കുന്ന ഒരു സാങ്കൽപിക കഥ. സ്വാതന്ത്ര്യം കിട്ടിയതു കാരണം വേർപിരിയേണ്ടി വന്ന രണ്ടുപേരാണു പ്രധാന കഥാപാത്രങ്ങള്‍. അതിന്റെ പ്രൊഡക്‌ഷൻ ഡിസൈൻ ഗംഭീരമായിരുന്നു. പഴയകാലത്തുള്ള മദിരാശി പട്ടണം അവർ അതേ പോലെ കാണിക്കാൻ ശ്രമിച്ചു. അഭിനേതാവെന്ന നിലയ്ക്ക് അന്നത്തെ ജീവിത രീതികളെക്കുറിച്ചും മറ്റുമൊക്കെ മനസ്സിലാക്കി കുറേ പഴയ കഥകൾ കേട്ടു. എമി ജാക്സൺ തകർത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു അത്.

arya3

അഘോരികളുെട കൂടെ കൂടണം എന്ന് എപ്പോഴെങ്കിലും തോന്നിയോ?

യ്യോ...ഇല്ല... ഒരിക്കലുമില്ല (ചിരിയോടു ചിരി)

ഒന്നിലധികം പ്രധാന നടന്മാർ ഒരുമിച്ചുവരുന്ന ചിത്രങ്ങൾ ചെയ്യാൻ പലരും മടിക്കുമ്പോഴും ആര്യ അതിനു തയാറാകാനുള്ള കാരണം?

യാതൊരു സിനിമ ബാക്ഗ്രൗണ്ടും ഇല്ലാത്തൊരിടത്തു നിന്നു വന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ചെയ്ത റോളുകളെല്ലാം എനിക്ക് സന്തോഷം  മാത്രമേ തന്നിട്ടൂള്ളൂ. പല നടന്മാർ ഒരുമിച്ചു വരുന്നത് നല്ലതാണെന്ന അഭിപ്രായവും ഉണ്ട്. അപ്പോഴാണ് എല്ലാവരുമായും കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാകുന്നത്. വളരെ പൊസിറ്റീവായ കോംപറ്റീഷനും കാണും, അപ്പോൾ ഓരോരുത്തരും എല്ലാ ഷോട്ടിലും അവരുടെ ബെസ്റ്റ് കൊടുക്കും. എത്ര നടന്മാരുണ്ടായാലും തരുന്ന  കഥാപാത്രം അനുസരിച്ചല്ലേ നമ്മൾ തിരഞ്ഞെടുക്കുക... മോശമായൊരു റോൾ ആരും ഏറ്റെടുക്കില്ലല്ലോ.

എന്താണ് ആര്യയുടെ ഫിറ്റ്നസ് മന്ത്ര ?

വർക്ക്ഔട്ട്സ്, സ്വിമ്മിങ്, സൈക്ലിങ്... ഫ്രീ ടൈം കിട്ടിയാൽ അപ്പോഴൊക്കെ വർക്ക്ഔട്ട് ചെയ്യാനാണ് ഇഷ്ടം. സ്കൂൾ കാലം മുതലേ അത്‌ലിറ്റിക്സിലുണ്ട്, അതുകൊണ്ട് ഫിറ്റ്നസ് ചെറുപ്പം തൊട്ടേ ഒപ്പമുണ്ട്. കുറേ വർഷങ്ങളായി സൈക്ലിങ് ചെയ്യുന്നു. സ്വീഡനിൽ നടന്ന സൈക്ലിങ് റേസിൽ പങ്കെടുത്ത് മെഡൽ നേടിയിട്ടുണ്ട്. അന്ന് 300 കിലോമീറ്ററിലാണ് പങ്കെടുത്തത് ഇപ്പോൾ 400, 600, 1000 ലെവലുകളില്‍ ഒക്കെ സൈക്ലിങ് ചെയ്യും.

സൈക്ലിങ് ശരിക്കും നമ്മുടെ ഫിറ്റ്നസ് ലെവലിനെ ഒരു പടി കൂടി മുകളിലേക്കുയർത്തും. വെറുതേയൊരു നേരമ്പോക്കിനു തുടങ്ങിയതാണ്. ഇപ്പോ അഡിക്‌ഷനായി മാറി.
ഭക്ഷണത്തിൽ അങ്ങനെ വലിയ ചിട്ടയൊന്നുമില്ല. വാരിവലിച്ചു കഴിക്കുന്ന സ്വഭാവവുമില്ല. ഏറ്റവും ഇഷ്ടം  എന്റെ അമ്മയുണ്ടാക്കുന്ന ബിരിയാണിയാണ്.

ആര്യ എന്ന നടൻ ആര്യ എന്ന പ്രൊഡ്യൂസറെ എത്രമാത്രം സഹായിക്കുന്നുണ്ട് ?

ആര്യ എന്ന നടനാണ് ആര്യ എന്ന നിര്‍മാതാവിന്‍റെ ‘ഫണ്ടിങ് സോഴ്സ്.’ (വീണ്ടും ചിരി, ടെൻഷൻ എന്നൊരു വാക്കിന് ആര്യയുടെ ഏഴയലത്ത് പോലും വരാൻ മടിയാണെന്നു തോന്നുന്നു.) പുതിയ ആളുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഒക്കെ നിര്‍മാതാവിന്‍റെ േറാളും സ്വാതന്ത്ര്യവും സഹായിക്കുന്നുണ്ട്. പക്ഷേ, സിനിമ എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കിത്തുടങ്ങിയത് നടന്‍ എന്ന നിലയിലാണ്. ആളുകൾ എന്താഗ്രഹിക്കുന്നു എന്നറിയാൻ കഴിഞ്ഞതും നടനായതിലൂടെയാണ്.

സോഷ്യൽ മീഡിയ, സൗഹൃദങ്ങൾ ഇവയൊക്കെ...?

ട്വിറ്ററിൽ ആക്ടീവാണ്. വളരെ വേഗത്തിൽ കുറച്ച് വാക്കുകൾ കൊണ്ട് കാര്യങ്ങൾ അറിയിക്കാനും രേഖപ്പെടുത്താനും സാധിക്കും. വിശാൽ, ജീവ, ഭരത് അങ്ങനെ കുറേ നല്ല സുഹൃത്തുക്കൾ സിനിമയിലുണ്ട്. തൃഷ, അനുഷ്ക, തമന്ന, നയൻതാര, പൂജ, തപ്സി തുടങ്ങി  ഒപ്പം അഭിനയിച്ചവരോടൊക്കെ നല്ല സൗഹൃദമുണ്ട്. പുതിയ തലമുറയിൽ അങ്ങനെ ഭയങ്കരമായ ഈഗോ ക്ലാഷുകൾ കുറവാണ്. ഒരാളുടെ സിനിമ നന്നായാൽ അതേക്കുറിച്ച് എല്ലാവരും പറയും, അവരെ നേരില്‍ കണ്ട്, അല്ലെങ്കിൽ ഫോണിൽ വിളിച്ച് അഭിനന്ദിക്കും. സിനിമാ നടന്മാരുടെ ഒരു കമ്യൂണിറ്റി ഉണ്ടായി വരുന്നു, പരസ്പരം സഹായിക്കാനും, ഒരാൾക്കൊരപകടം പറ്റിയാൽ താങ്ങി നിർത്താനും  സിനിമ കുടുംബമുണ്ട്. വളരെ പൊസിറ്റീവായ മാറ്റമാണിത്.

ഒരുപാടു നടിമാർക്കൊപ്പം ഗോസിപ് വരുന്നു, പലരും ആര്യ തന്റെ യഥാർഥ റിലേഷൻഷിപ്പ് മറച്ചു വച്ചിരിക്കുകയാണെന്ന് പറയുന്നു... വല്ല സത്യവും ഉണ്ടോ?

ഗോസിപ്പുകൾ ആരെ പറ്റിയാണ് ഇല്ലാത്തത്? അതൊക്കെ അതിന്റെ വഴിക്കു പോകും. എല്ലാ പ്രഫഷനിലും ആണും  പെണ്ണും ഒരുമിച്ചു ജോലി ചെയ്യുന്നുണ്ട്. അവിടെയൊക്കെ പ്രഫഷനലിസവും സൗഹൃദവും ഉണ്ട്. അതു പോലെ തന്നെയാണ് സിനിമയിലും. ഇതിൽ ഒരുമിച്ചഭിനയിക്കുന്നവർ നല്ല സുഹൃത്തുക്കളും ആകാം, പ്രണയിതാക്കൾ മാത്രമല്ല.
മറച്ചു വയ്ക്കാൻ മാത്രം ബോറായ കാര്യമൊന്നുമല്ലല്ലോ സ്നേഹം. ഗോസിപ്പുകള്‍ക്കു ചെവി െകാടുക്കുന്നില്ല. ഞാൻ ഒരു റിലേഷൻഷിപ്പിലായാൽ തുറന്നു പറയും. ഇല്ലാത്തൊരാൾ ഉണ്ടെന്നൊട്ട് പറയുകയുമില്ല. (കള്ളച്ചിരി)

പ്രണയവും വിവാഹവും തമ്മില്‍ വലിയ വ്യത്യാസമില്ല എ ന്നാണ് എനിക്കു തോന്നുന്നത്. ഒരാളുമായി കമിറ്റഡാകുക എന്നു പറഞ്ഞാൽ അയാളെ അത്രയധികം സ്നേഹിക്കുക എന്നതാണ്. ആരെയെങ്കിലും കണ്ട് പരിചയപ്പെടുമ്പോൾ അങ്ങനെ അപാരമായ സ്നേഹം തോന്നിയാൽ, അവർ  അതുപോലെ തിരിച്ചും സ്നേഹിക്കാൻ തയാറെങ്കിൽ ജസ്റ്റ് ഗോ എഹെഡ്!

അപ്പോൾ എന്നാണ് ആര്യയുടെ കല്യാണം?

ഹേ..ഹേ..ഹേ... അറിയില്ല, ഞാനും ഇടയ്ക്കിടയ്ക്ക് എന്നോട് ഈ ചോദ്യം തന്നെ ചോദിക്കാറുണ്ട്.

arya2