Wednesday 02 January 2019 05:21 PM IST : By സ്വന്തം ലേഖകൻ

അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം! ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യൻ പോളിനും ശ്രീനിവാസനും എതി രെ ആഷിഖ് അബു

aashiq_abu

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ചു ലേഖനം എഴുതിയ സെബാസ്റ്റ്യൻ പോളിനും ശ്രീനിവാസനും എതിരേ സംവിധായകൻ ആഷിഖ് അബു. ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യൻ പോൾ നിഷാമിനു വേണ്ടിയും രംഗത്തു വരണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആഷിഖ് അബു ആവശ്യപ്പെട്ടു. ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷെ പോലീസ് നടത്തിയ നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെ പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപം എങ്കിലും നടത്തണം'- ആഷിക് അബു ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചു.

സഹാനുഭൂതി കുറ്റമല്ല, ദിലീപിനു വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം.. എന്ന തലക്കെട്ടിൽ ഒരു ഓൺലൈൻ മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യൻ പോൾ ദിലീപിനെ അനുകൂലിച്ചു രംഗത്തു വന്നത്. ‘തടവുകാരെ സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യണമെന്നത് ആ തടവുകാരന്റെ നിര്‍ദേശമാണ്. അന്ത്യവിധിയുടെ നാളില്‍ വിലമതിക്കപ്പെടുന്ന മനോഗുണപ്രവൃത്തിയാണത്. ഇത് ക്രിസ്ത്യാനികള്‍ക്കു മാത്രം ബാധകമായ കാര്യമല്ല. വിനയന്റെ വിശ്വാസത്തിലും, അല്ലെങ്കില്‍ പ്രത്യയശാസ്ത്രത്തിലും, ആത്മീയതയുടെ ഈ വെളിച്ചമുണ്ടാകണം. ജയറാമിന്റെ ഓണക്കോടിയിലും ഗണേഷ്‌കുമാറിന്റെ അല്‍പം അതിരുവിട്ട സംഭാഷണത്തിലും ഈ വെളിച്ചം ഞാന്‍ കാണുന്നുണ്ട്. മകന്‍ ജയിലില്‍ കിടന്നാലും കാണാന്‍ പോവില്ലെന്ന് വിനയന്‍ പറഞ്ഞത് മകന്‍ ജയിലില്‍ കിടക്കാത്തതുകൊണ്ടാണ്. മകന്‍ ജയിലില്‍ കിടക്കുമ്പോഴുള്ള വേദന അനുഭവിച്ചിട്ടുള്ള പിതാവാണ് ഞാന്‍.

ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിന് കാരണമാകരുത്. ആക്രമിക്കപ്പെട്ടവള്‍ ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ട്. അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല. സമാനമായ ആക്രമണം മറ്റ് നടികള്‍ക്കെതിരെയും പള്‍സര്‍ സുനി നടത്തിയതായി വാര്‍ത്തയുണ്ട്. ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാള്‍ക്കുണ്ട്. വെളിവാക്കപ്പെട്ട രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ എനിക്കുള്ള മറ്റ് സന്ദേഹങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.– ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾ പറയുന്നു.

ആഷിക് അബുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം

 

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.

പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്‌റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്ന് മറക്കുന്നില്ല.വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.