Monday 19 February 2018 12:00 PM IST : By സ്വന്തം ലേഖകൻ

വധുവിനെ തേടി ലൈവിൽ എത്തിയ ആര്യയ്ക്ക് ലഭിച്ചത് ഒരു ലക്ഷം കോളുകളും, 7000 അപേക്ഷകളും! ഇനി റിയാലിറ്റി ഷോയിലൂടെ വിവാഹം

arya-bride21

വധുവിനെ തേടുന്ന വിവരം ഫെയ്‌സ്ബുക് ലൈവിലൂടെ പരസ്യം ചെയ്ത നടന്‍ ആര്യയ്‌ക്ക് ആലോചനകളുടെ ബഹളം. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. ഇതിനു പുറമെ 7000 അപേക്ഷകളും വന്നിട്ടുണ്ട്. ഇനി വധുവിനെ തിരഞ്ഞെടുക്കുക റിയാലിറ്റി ഷോയിലൂടെയായിരിക്കും. കളേഴ്‌സ് ടിവിയാണ് ഈ ഷോ സംഘടിപ്പിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്ത 16 പേരെയാണ് 'എങ്ക വീട്ടു മാപ്പിളൈ' എന്ന റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തത്. ഇതിലെ വിജയിയെ ആര്യ താലി ചാര്‍ത്തും. ഫെയ്സ്ബുക് പേജിൽ ലൈവ് വിഡിയോ വഴിയായിരുന്നു താരത്തിന്റെ വിവാഹ ആലോചന. ആര്യ ഫെയ്സ്ബുക് ലൈവിലൂടെ പറഞ്ഞതിങ്ങനെ;

"ഒട്ടുമിക്ക ആളുകളും അവരുടെ ജീവിതപങ്കാളിയെ ജോലിസ്ഥലത്തു നിന്നോ, കൂട്ടുകാർ മുഖേനയോ, കുടുംബം മുഖേനയോ ഒക്കെ തേടിക്കൊണ്ടിരിക്കും. അല്ലെങ്കിൽ മാട്രിമോണിയൽ സൈറ്റിലൂടെ കണ്ടെത്തും. പക്ഷെ ഞാൻ അങ്ങനെയല്ല. ഇക്കാര്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം ഡിമാന്റുകളോ കണ്ടീഷൻസോ ഒന്നുമില്ല.

നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെട്ടാൽ, ഞാനൊരു നല്ല ജീവിത പങ്കാളി ആയിരിക്കും എന്ന് തോന്നിയാൽ ദയവായി ഈ നമ്പറിൽ വിളിക്കുക. ഞാൻ ഇത് വെറുമൊരു തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഇതെന്റെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യമാണ്. ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക. നിങ്ങളുടെ ഫോൺകോളിനായി കാത്തിരിക്കുന്നു."

arya-bride32