Wednesday 19 December 2018 02:25 PM IST : By സ്വന്തം ലേഖകൻ

കേസിൽ ധനുഷിന് ജയം; മകനാണെന്ന ദമ്പതികളുടെ വാദം മദ്രാസ് ഹൈക്കോടതി തള്ളി

dhanush-win

തെന്നിന്ത്യൻ സിനിമാ താരം ധനുഷ് മകനാണെന്ന ദമ്പതികളുടെ വാദം മദ്രാസ് ഹൈക്കോടതി തള്ളി. മധുര സ്വദേശികളായ മലാംപട്ടയിലുള്ള കതിരേശൻ – മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്ന് അവകാശപ്പെട്ടു ഹർജി നൽകിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഹർജി തള്ളിയത്. കേസ് തള്ളണം എന്നാവശ്യപ്പെട്ടു ധനുഷും ഹർജി നൽകിയിരുന്നു.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നൽകണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ദമ്പതിമാർ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടിൽ കറുത്ത അടയാളവും തോളെല്ലിൽ കാക്കപ്പുള്ളിയുമുണ്ടെന്നുമാണു ദമ്പതികൾ ഹാജരാക്കിയ സ്കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ പരിശോധനയിൽ ഈ അടയാളങ്ങൾ കണ്ടെത്താനായില്ല. ഇതോടെയാണു ഹർജി തള്ളാൻ കോടതി തീരുമാനിച്ചത്.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നായിരുന്നു വാദം. ആവശ്യമെങ്കിൽ ഡിഎന്‍എ ടെസ്റ്റ് നടത്താൻ തയ്യാറാണെന്നും കോടതിയിൽ അവർ വ്യക്തമാക്കിയിരുന്നു.

സ്കൂളിൽ പഠിക്കുമ്പോള്‍ നാടുവിട്ടുപോയ തങ്ങളുടെ മകന്‍ കലൈയരസന്‍ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങള്‍ കതിരേശനും മീനാക്ഷിയും കോടതിയില്‍ തെളിവായി പറഞ്ഞിരുന്നു. ധനുഷിന്റെ ഇടത് തോളിൽ ഒരു മറുകും ഇടത് കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികള്‍ കോടതിയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി 28 ന് ധനുഷ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ജെ ചൊക്കലിംഗം ആവശ്യപ്പെടുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ അടയാളങ്ങളൊന്നും കണ്ടില്ല. ടോർച്ച് ഉപയോഗിച്ച് അടച്ച മുറിയിലും പകൽവെളിച്ചത്തിലും ശരീരം പരിശോധിച്ചു. എന്നിട്ടും അടയാളങ്ങൾ കണ്ടെത്താനായില്ല. ലേസർ ടെക്നിക്ക് വഴി മറുകു മായിച്ചു കളയാമെന്നാണ് ഇവർ അവകാശപ്പെടുന്നത്. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു. അവിടെയും ധനുഷിന് അനുകൂലമായിരുന്നു വിധി.

കൂടുതൽ വാർത്തകൾ അറിയാം

dhanush-child A younger Dhanush photo as claimed by the couple (petitioners).