Thursday 03 January 2019 02:33 PM IST : By രാജീവ് ഗോപാലകൃഷ്ണൻ

പരസ്യചിത്രത്തിന് ലഭിച്ച ആദ്യ പ്രതിഫലം; വലിച്ചും വലിപ്പിച്ചും തീർത്ത അനുഭവത്തെ കുറിച്ച് മധു പറയുന്നു

Actor Madhu in Aadhar Tamil Movie Stills

ഇന്നു കന്നിമാസത്തിലെ ചോതി നക്ഷത്രം. അനന്തപുരി മലയാള സിനിമയ്ക്കു സമ്മാനിച്ച മധു എന്ന മാധവൻനായർ ശതാഭിഷിക്തനാകുന്നതിന്റെ  ആഹ്ലാദം പ്രിയപ്പെട്ടവർക്കും ചലച്ചിത്രപ്രണയികൾക്കും. 1933 സെപ്റ്റംബർ 23ന് ആയിരുന്നു മധുവിന്റെ ജനനദിവസം എന്നതും ആനന്ദകരമായ യാദൃച്ഛികത. ഇതാ ഇവിടെവരെ എത്തി നിൽക്കുന്ന പ്രതിഭാസത്തിന്റെ പേരിൽ മലയാളിയുടെ ഹൃദയത്തിൽ നിണമണിഞ്ഞ കാൽപാടുകൾ പതിച്ചുകിടക്കുന്ന കഥാപാത്രങ്ങൾ അനവധി.

ചെമ്മീനിലെ പരീക്കുട്ടി, ​ഭാർഗവീനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരവുമിലെ ബാപ്പുട്ടി, സിന്ദൂരചെപ്പിലെ ആനപാപ്പാൻ, പ്രിയയിലെ വില്ലൻ ഗോപകുമാർ, രമണനിലെ മദനൻ, തീക്കനലിലെ വിനോദ്, ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോ.രമേശ്, ചെണ്ടയിലെ ചെണ്ടക്കാരൻ, ഇതാ ഇവിടെവരെയിലെ പൈലി, ഇതാ ഒരു മനുഷ്യനിലെ മധുസൂദനൻ തമ്പി, നീതിപീഠത്തിലെ പീറ്റർ, വേനലി‍ൽ ഒരു മഴയിലെ ഒറ്റക്കയ്യൻ ജ്യേഷ്ഠൻ.... , എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളുടെ നിര അങ്ങനെ നീളുന്നു......

മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും സ്വർണമെഡൽ ചിത്രങ്ങളിലെ (ചെമ്മീൻ, സ്വയംവരം) നായകൻ, സ്റ്റുഡിയോ ഉടമയും നിർമാതാവും സംവിധായകനുമായ ആദ്യ നായകൻ, ഏറ്റവും കൂടുതൽ സാഹിത്യസൃഷ്ടികളിൽ നായകവേഷം കൈകാര്യം ചെയ്ത നടൻ എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്കും ​ഇൗ നടൻ അർഹൻ.

ഇതാ  അധികമാർക്കും അറിഞ്ഞുകൂടാത്ത ഒരു തുടക്കത്തിന്റെ കൂടി കഥ  

ചലച്ചിത്രതാരങ്ങൾ ഇപ്പോൾ  പല ഉൽപന്നങ്ങളുടെയും ബ്രാൻഡ് അംബസഡർമാരായി പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു  സുലഭമായ കാലമാണല്ലോ. മലയാളത്തിൽ ഇതിനു തുടക്കമിട്ടതും നടൻ മധു തന്നെ. കഥ ഇങ്ങനെ:

സിനിമയിൽ പ്രത്യക്ഷപ്പെട്ട് അത്യാവശ്യം അറിയപ്പെട്ട് തുടങ്ങിയ കാലം. അക്കാലത്തു നന്നായി സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു. ബീഡിയോടും പിണക്കമൊന്നുമില്ലായിരുന്നു. ‘ബെർക്കിലി’ സിഗരറ്റ് വിപണിയിലിറങ്ങി. ഏതാനും നാളുകൾ കഴിഞ്ഞ് അവർ മധുവിനെ സമീപിച്ചു. അവരുടെ പരസ്യചിത്രത്തിൽ അഭിനയിക്കാമോ എന്നു ചോദിച്ചു.

ഒരു പുകയെടുത്ത് ‘ഉന്മേഷത്തിന് ബെർക്കിലി സിഗററ്റ് ’ എന്നു പറഞ്ഞാൽ മതി. വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. ഏറ്റു. അഭിനയിച്ചു. ബെർക്കിലിക്കാർക്കു വലിയ സന്തോഷം. സന്തോഷസൂചകമായി അവർ മധുവിനു നൽകിയത് മൂന്നു പായ്ക്കറ്റ് സിഗരറ്റ്.

പക്ഷേ, അത് ബെർക്കിലിയായിരുന്നില്ല. പ്ലെയേഴ്സ് സിഗററ്റായിരുന്നു. അതു തന്നെയായിരുന്നു ആ ആദ്യ പരസ്യചിത്രത്തിൽ അഭിനയിച്ചതിനു മധുവിനു കിട്ടിയ പ്രതിഫലവും. ‘ആ പ്രതിഫലം വലിച്ചും വലിപ്പിച്ചും തീർത്തു..’ എന്നു മധു.

എൺപത്തിനാലിന്റെ മധുരക്കഥ പങ്കുവയ്ക്കുമ്പോൾ അദ്ദേഹം പറയുന്നു, ‘ ഇതറിഞ്ഞതു കൊണ്ടുള്ള ഏക മാറ്റം എന്നെ ‘ചേട്ടാ ’എന്നു വിളിച്ചു വന്നവർ ‘അങ്കിൾ ’എന്നും അങ്കിൾ എന്നു വിളിച്ചുവന്നവർ ‘അപ്പൂപ്പാ’ എന്നും വിളി തുടങ്ങി എന്നതു മാത്രമാണ്....’ബാക്കി എല്ലാം മാറ്റമില്ലാതെ തുടരുന്നു. സുഖകരമായ തുടർക്കഥ പോലെ.

കൂടുതൽ വായനയ്‌ക്ക്