Thursday 24 January 2019 12:26 PM IST : By സ്വന്തം ലേഖകൻ

ബുദ്ധിജീവി ആണെന്ന് കാണിക്കാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ! മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പൊങ്കാല

parvathy-take-off

രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പൺ ഫോറത്തിൽ മമ്മൂട്ടിയെ പരസ്യമായി വിമർശിച്ച നടി പാർവതിക്ക് സോഷ്യൽ മീഡിയയുടെ ആക്രമണം. പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലും ട്വിറ്ററിലും ഭീഷണികളും അസഭ്യവർഷവും പോസ്റ്റ് ചെയ്താണ് ആരാധകർ ‘പകരം വീട്ടുന്നത്’. പാർവതി ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റിനു ചുവടെയാണ് അസഭ്യമായ രീതിയിൽ കമന്റുകൾ വരുന്നത്. സിനിമ ആവിഷ്കാരസ്വാതന്ത്ര്യം ഉള്ള കലയാണെന്നും അത് കൊണ്ട് തന്നെ സിനിമയെ അങ്ങനെ കണ്ടാൽ മതിയെന്നുമാണ് ഭൂരിഭാഗം പേരും പാർവതിക്ക് നൽകുന്ന ഉപദേശം. പാർവതി എന്ന സിനിമ നടിയുടെ അഭിനയം ഇഷ്ടമാണെന്നും പക്ഷേ യഥാർത്ഥ ജീവിതത്തിൽ താൻ എന്തോ ഒരു ബുദ്ധിജീവി ആണെന്ന് കാണിക്കാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആണിതെന്നും ചിലർ പരിഹസിച്ചു.

‘ഏതേലും ഒരു സിനിമയുടെ പേരിൽ മലയാളികൾക്ക് എന്നെന്നും ഓർമ്മിക്കത്തക്ക വിധമുള്ള അവിസ്മരണീയ കഥാപാത്രങ്ങൾ ചെയ്‌ത ഒരു മഹാനടനെയും, ഒരു കൂട്ടം ചെറുപ്പക്കാർ ചെയ്ത സിനിമയെയും വിമർശിക്കാനും താറടിച്ചു കാട്ടാനും നിനക്കെന്ത് അവകാശം. താങ്കളുടെ സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്ന അതെ സെൻസർ ബോർഡ്‌ തന്നെ ആണ് 'കസബ'ക്കും പ്രദർശനാനുമതി നൽകിയത്. രാപ്പകൽ” എന്ന സിനിമയിൽ സ്വന്തം അമ്മ കൂടി അല്ലാഞ്ഞിട്ട് പോലും തന്നെ വളർത്തി വലുതാക്കിയ വളർത്തമ്മയെ ജീവന് തുല്യം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത കൃഷ്ണൻ എന്ന കഥാപാത്രം മമ്മൂക്ക അവിസ്മരണീയമാക്കി. മലയാളികൾ അത് കണ്ടു കരഞ്ഞു. എന്ന് കരുതി മക്കൾ ആരും സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കാതിരുന്നിട്ടില്ല. വൃദ്ധസദനങ്ങളുടെ എണ്ണം കൂടി കൊണ്ടേ ഇരുന്നു. അപ്പൊ തെറ്റ് മമ്മൂക്കേടെ അല്ല. കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ നന്മകൾ മനസിലാകാതെ രാജൻ സക്കറിയ എന്ന കഥാപാത്രത്തിന്റെ തിന്മകൾ മനസിലാക്കാൻ പോകുന്ന താനും, ഞാനും അടങ്ങുന്ന മലയാളി സമൂഹത്തിന്റെ മനസിലാണ് തെറ്റ് ഉള്ളത് ‘– ഇങ്ങനെ പോകുന്നു ചില ഉപദേശങ്ങൾ.

ആദ്യം പേരെടുത്തു പറയാതെയും പിന്നീട് പേരെടുത്തു പറഞ്ഞുമാണ് മമ്മൂട്ടിയേയും കസബയെയും പാർവതി വിമർശിച്ചത്. ചിത്രത്തിന്റെ പേരും ആദ്യം പറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് വേദിയിൽ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ നിർദ്ദേശപ്രകാരമാണ് പാർവതി പേരു പറഞ്ഞത്. നിർഭാഗ്യവശാൽ എനിക്ക് ആ സിനിമ കാണേണ്ടി വന്നു എന്ന് പറഞ്ഞാണ് പാർവതി ആരംഭിച്ചത്. ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് പാർവതി പറഞ്ഞു. ഇത്രയും വലിയൊരു പൊസിഷനിൽ ഇരിക്കുന്ന ഒരു നടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ബഹുമാനം നിലനിർത്തി തന്നെയാണ് ഞാൻ പറയുന്നതെന്നും പാർവതി തുറന്നടിച്ചു. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞു.