Thursday 12 October 2017 03:11 PM IST : By സ്വന്തം ലേഖകൻ

മക്കളായ ജുനൈദും ഇറയും ആവശ്യപ്പെട്ടു: മുന്‍ ഭാര്യയുടെ 50 ാം ജന്മദിനത്തില്‍ പങ്കെടുത്ത് ആമിര്‍ ഖാന്‍ (വിഡിയോ)

aamir-family-009

സാധാരണയായി രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞു കഴിഞ്ഞാൽ പിന്നീട് പരസ്പരം കാണാതിരിക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ സെലിബ്രിറ്റികളുടെ കാര്യത്തിൽ അത്തരം ഫോർമാലിറ്റീസ് ഒന്നും കാണില്ല. അവർ പിന്നീടും സുഹൃത്തുക്കളെപോലെ ഇടപഴകും. അടുത്തദിവസം ബോളിവുഡ് താരം ആമിര്‍ ഖാന്‍ മുന്‍ ഭാര്യ റീനയുടെ ജന്മദിനത്തില്‍ പങ്കെടുത്തു. മുൻ ഭാര്യയ്‌ക്ക് സർപ്രൈസ് നൽകിയാണ് ആമിർ എത്തിയത്. അമ്മയുടെ അൻപതാം പിറന്നാളിന് അച്ഛന്‍ എത്തണമെന്ന് മക്കളായ ജുനൈദും ഇറയും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആമിർ ചടങ്ങിൽ പങ്കെടുത്തത്. സിനിമയുടെ പ്രെമോഷൻ തിരക്കുകള്‍ മാറ്റിവച്ചാണ് താരം ജന്മദിനം ആഘോഷിക്കാന്‍ എത്തിയത്.

ആമിറിനൊടൊപ്പം ഭാര്യ കിരണും പിറന്നാളാഘോഷത്തില്‍ പങ്കെടുത്തു. റീനയുടെ വീട്ടില്‍ വച്ച് നടന്ന പരിപാടിയില്‍ കിരണാണ് ബര്‍ത്ത് ഡേ ഗാനം പാടുന്നത്. ‘റീനയ്ക്ക് തന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ടെന്നും, ഇന്നും അവര്‍ തന്റെ കുടുംബത്തിന്റെ ഭാഗമാണെന്നും ആമിർ മുൻപ് പറഞ്ഞിരുന്നു. അയല്‍വാസികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. 16 വര്‍ഷം നീണ്ട ദാമ്പത്യത്തിന് അവസാനമായത് 2002 ലായിരുന്നു. തുടര്‍ന്ന് 2005 ലാണ് ആമിര്‍ സംവിധായികയും തിരക്കഥാകൃത്തുമായ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്, ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുമുണ്ട്.