Thursday 17 January 2019 03:21 PM IST : By സ്വന്തം ലേഖകൻ

'ശശി എന്നോട് ക്ഷമിക്കണം, ഈ കള്ളന്‍മാരുടെ ഇടയില്‍ തനിച്ചാക്കി പോകുന്നതിന്..'; അശോകിന്റെ ആത്മഹത്യ കുറിപ്പ്

ashok-sasikumar

തമിഴ് സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. പലിശക്കാരുടെ ശല്യത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് അശോക് കുമാര്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ശശികുമാര്‍ ക്ഷമിക്കണമെന്നും തനിക്ക് ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും അശോക് കുറിപ്പിൽ പറയുന്നു. നടനും സംവിധായകനുമായ ശശികുമാറിന്റെ ബന്ധുവാണ് അശോക് കുമാര്‍. ശശികുമാര്‍ സംവിധാനം ചെയ്ത ചില സിനിമകള്‍ നിര്‍മിച്ചിരിക്കുന്നതും അശോകാണ്.

ആത്മഹത്യ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം;

രണ്ടു വഴികള്‍ മാത്രമാണ് എന്റെ മുന്നിലുള്ളത്. ഒന്നുകില്‍ അയാളെ കൊല്ലുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക. ആദ്യത്തേത് ഞാന്‍ തിരഞ്ഞെടുക്കുന്നില്ല, കാരണം ഞാന്‍ ചെയ്യുന്ന പാപത്തിന് ഒരു കുടുംബമായിരിക്കും ദുരിതം അനുഭവിക്കുക. അതുകൊണ്ടു അയാളെ കൊല്ലുന്നില്ല, പകരം ആത്മഹത്യ ചെയ്യുന്നു. എനിക്ക് നല്ലൊരു കുടുംബമുണ്ടായിരുന്നു. പക്ഷേ ഞാന്‍ അവര്‍ക്ക് ഒരു രീതിയിലും ഉപകാരപ്പെട്ടില്ല. ശശികുമാര്‍ എനിക്ക് ദൈവത്തേക്കാൾ വലിയവനാണ്.

ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിച്ച ഒരു സിനിമ പോലും ഇതുവരെ ഇറങ്ങാതിരുന്നില്ല. പക്ഷേ ഞാനൊരു വലിയ തെറ്റ് ചെയ്തു. പലിശക്കാരനായ അന്‍പ് ചെയാന്റെ കയ്യില്‍ നിന്ന് ഏഴ് കൊല്ലങ്ങള്‍ക്ക് മുന്‍പ് പണം കടം വാങ്ങി. അയാള്‍ ചോദിച്ച പലിശ ഞാന്‍ നല്‍കിയിട്ടുണ്ട്. പക്ഷേ ആറ് മാസങ്ങളായി അയാളുടെ സ്വഭാവത്തില്‍ പല മാറ്റങ്ങളും കണ്ടു.

ഇനി അയാളെ നിയമപരമായി നേരിട്ടാലും ഞാന്‍ വിജയിക്കില്ല. കാരണം അവരൊക്കെ വലിയ ആളുകളാണ്. ഇനി ആ പലിശക്കാര്‍ ശശികുമാറിനെ ഉപദ്രവിക്കുന്നത് കാണാന്‍ എനിക്ക് ധൈര്യമില്ല. എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനും സാധിക്കില്ല. ശശി എന്നോട് ക്ഷമിക്കണം, ഈ കള്ളന്‍മാരുടെ ഇടയില്‍ തനിച്ചാക്കി പോകുന്നതിന്.

എന്ന് സ്വന്തം അശോക് കുമാര്‍..

കഴിഞ്ഞ ദിവസം​ അശോകിനെ ചെന്നൈയിലെ ആൾവർ തിരുനഗറിലെ അപ്പാർട്ട്​മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ്​ കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ സിനിമാപ്രവർത്തകർക്കിടയിൽ പണമിടപാടു നടത്തുന്ന അൻമ്പു ചെഴിയൻ ആറു മാസത്തോളമായി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്​തായി സൂചിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ്​ അൻമ്പുചെഴിയന്റെ പേരിൽ കേസെടുത്തിട്ടുണ്ട്​. ഇയാൾ ഇപ്പോൾ ഒളിവിലാണ്​. സാമ്പത്തിക തകർച്ചയെ തുടർന്നുണ്ടായ അശോകി​​​ന്റെ ആത്മഹത്യ കൊലപാതകമായി കണക്കാക്കി കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന്​ തമിഴ്​നാട്​ പ്രൊഡ്യൂസേഴ്​സ്​ കൗൺസിൽ പ്രസിഡൻറും നടനുമായ വിശാൽ ആവശ്യപ്പെട്ടു.