Friday 19 January 2018 02:31 PM IST : By സ്വന്തം ലേഖകൻ

'ഭാഗമതി'യില്‍ അനുഷ്കയെ പ്രണയിച്ച് ഉണ്ണി മുകുന്ദന്‍; ശ്രേയ ഘോഷാല്‍ പാടിയ മനോഹര ഗാനം

bagamaty

ബാഹുബലി 2 നുശേഷം അനുഷ്ക ഷെട്ടി ശക്തമായ കഥാപാത്രവുമായെത്തുന്ന 'ഭാഗമതി' എന്ന ത്രില്ലര്‍ ചിത്രത്തിനായി  കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസറില്‍ അനുഷ്കയ്ക്കൊപ്പം ഉണ്ണിമുകുന്ദനും ജയറാമും ആശാ ശരത്തുമൊക്കെ തിളങ്ങിയിരുന്നു. ഇതാ നായകനായ ഉണ്ണി മുകുന്ദനൊപ്പം പ്രണയിക്കുന്ന അനുഷ്കയാണ് ചിത്രത്തിലെ പുതിയ പാട്ടിലെത്തുന്നത്. പ്രണയാര്‍ദ്രമായ രംഗങ്ങളോടൊപ്പം ഭാഗമതിയിലെ മനോഹരമായ ഗാനവും പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു.

മന്ദാര എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണു ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.  ശ്രീജോയുടെ വരികൾക്ക് തമന്റെ സംഗീതത്തില്‍ ശ്രേയ ഘോഷാലാണു ആലാപനം. ചിത്രത്തിൽ കലക്ടറുെട റോളിലാണ് അനുഷ്ക. നായികയ്ക്ക് വഴികാട്ടിയാകുന്ന നായകനായി ഉണ്ണി മുകുന്ദനും എത്തുന്നതായാണ് പാട്ടും  ട്രെയിലറും ചിത്രങ്ങളുമെല്ലാം സൂചിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് കഥയ്ക്കു സംഭവിക്കുന്ന അസ്വഭാവിക ട്വിസ്റ്റും കാത്തുവച്ചിരിക്കുന്നതായാണ് ഭാഗമതി സൂചിപ്പിക്കുന്നത്.

ഏതായാലും റൊമാന്റിക് നായികാ നായകന്മാരായി  ഉണ്ണി മുകുന്ദനെയും തെന്നിന്ത്യന്‍ സൂപ്പര്‍ നായിക അനുഷ്കയെയും പ്രേക്ഷകര്‍ സ്ക്രീനില്‍ ഒരുമിച്ചെത്താന്‍ കാത്തിരിക്കുകയാണ്. ജനുവരി 26 നാണ് ഭാഗമതി റിലീസ്.