Tuesday 18 December 2018 04:46 PM IST : By സ്വന്തം ലേഖകൻ

’ഗംഗ’യെ വിമർശിച്ച സാഹിത്യകാരി കെ.ആർ. ഇന്ദിരയ്‌ക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല

indhira

വിനായകൻ ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ നല്ല നടനുള്ള പുരസ്‌കാരം നേടിയപ്പോൾ കൂടുതൽ സന്തോഷിച്ചതും ആഘോഷമാക്കിയതും സോഷ്യൽ മീഡിയ ആയിരുന്നു. മികച്ച ജൂറി, നീതിയുക്തമായ തീരുമാനം എന്നൊക്കെയാണ് ഭൂരിഭാഗം പേരും ഈ തീരുമാനത്തെ വിലയിരുത്തിയത്. എന്നാൽ വിനായകൻ അവാർഡിന് അർഹനല്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരി കെ.ആർ. ഇന്ദിര. കമ്മട്ടിപ്പാടം മോശം ചിത്രമാണെന്നും താൻ പകുതി കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങിവരുകയായിരുന്നു എന്നും ഇന്ദിര പറയുന്നു. ഫെയ്‌സ്ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയ ഇന്ദിരയ്‌ക്കെതിരെ പൊങ്കാലയുമായി നിരവധിപേർ രംഗത്തെത്തി. ‘ഒരു സവര്‍ണരാഷ്ട്രീയ തമ്പുരാട്ടിയെ പകുതിക്ക് വച്ച് തിയറ്ററില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞുവെന്നതാണ് ആ സിനിമയുടെ വിജയ’മെന്ന് എഴുത്തുകാരനായ അശോകന്‍ ചെരുവില്‍ പ്രതികരിച്ചു. സ്‌ത്രൈണ കാമസൂത്രം, ഇല്ലംനിറ തുടങ്ങിയ പുസ്തകങ്ങളിലൂടെ ശ്രദ്ധേയയായ സാഹിത്യകാരിയാണ് തൃത്താല സ്വദേശിയായ കെ.ആര്‍. ഇന്ദിര.

ഇന്ദിരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

കമ്മട്ടിപ്പാടം പകുതി കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയ ഞാന്‍ ഇന്നലെ ടി വിയില്‍ അത് മുഴുവന്‍ കണ്ടു.വിനായകന് അവാര്‍ഡ് കൊടുത്തത് എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പ്രധാന കഥാപാത്രം കൃഷ്ണന്‍. കൃഷ്ണനെ അവതരിപ്പിച്ച ദുല്‍ഖര്‍ നന്നായി നടിച്ചിട്ടില്ല.എന്ന് വെച്ച് വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാന്‍ കണ്ടില്ല. സവര്‍ണ്ണര്‍, അവര്‍ണ്ണര്‍ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രതന്ത്രം എന്ന് ഈ അവാര്‍ഡിനെ ഞാന്‍ മനസ്സിലാക്കുന്നു. ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണ്.