Wednesday 09 January 2019 11:50 AM IST : By സ്വന്തം ലേഖകൻ

ഫോട്ടോ എടുക്കല്‍ ഹറാമായിരുന്നു, ഹജ്ജിനു പോണെങ്കില്‍ പാസ്‌പോര്‍ട്ട് വേണം എന്നു വന്നതോടെ അതു ഹലാലായി! മാമുക്കോയയുടെ തീപ്പൊരി പ്രസംഗം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

mamukoya

ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞു നടന്നവരൊക്കെ ഇന്ന് ഐക്യത്തെപ്പറ്റി പറഞ്ഞുതുടങ്ങിയിരിക്കുന്നുവെന്ന് നടൻ മാമുക്കോയ. അതിനു കാരണമുണ്ട്, തലപോകുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. മുന്‍പ് വര്‍ഗ്ഗീയത പാടില്ല, ജാതിയും മതവും പാടില്ല, ഐക്യം വേണം എന്നൊക്കെ പറഞ്ഞു നാടകം കളിച്ച തങ്ങളെ എതിര്‍ത്ത ആളുകള്‍ ഇന്നു സ്റ്റേജില്‍ ഐക്യത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.  ഒരു വാരികയുടെ സാമൂഹ്യ സേവന പുരസ്‌കാര സമര്‍പ്പണ ചടങ്ങിലാണ് മാമുക്കോയ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്.  


ആര്‍ക്കും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത കാലമാണ്. എനിക്കു പറയാനുള്ളതു നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങളെന്നെ വകവരുത്തുകയാണ്. ഇതു നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെയാണ്. നേരത്തെ അതു മതത്തിനെതിരെ സംസാരിക്കുന്നവരോടായിരുന്നു. ചേകന്നൂര്‍ മൗലവിയെ ഒക്കെ കൊന്നത് അങ്ങനെയാണ്. അദ്ദേഹം ആരെയെങ്കിലും ഉപദ്രവിച്ചിട്ടാണോ, കൊന്നിട്ടാണോ, ഒന്നുമല്ല. അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ചു. അതിനെ എതിര്‍ക്കേണ്ടത് ആശയം കൊണ്ടാണ്. അതേസമയം അയാളെ ഇല്ലാതാക്കുകയാണ് ചെയ്തത്. അതിനെക്കാള്‍ ശക്തമായ രീതിയിലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ തന്നെ എത്രയോ കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒതുങ്ങിക്കഴിഞ്ഞു. ആരുടേയും പേര് ഞാന്‍ പറയുന്നില്ല. വലിയ പുരോഗമനവാദികള്‍ എന്നു പറയുന്ന പാര്‍ട്ടികള്‍ തന്നെ ഒരുപാട് ആളുകളെ നിശ്ശബ്ദരാക്കിക്കളഞ്ഞിട്ടുണ്ട്.


ഇവിടെ മുഹമ്മദ് നബിയുടെ മുടി എന്നു പറഞ്ഞുനടക്കുന്നതിന്റെ പിന്നില്‍ ഒരുപാട് ആളുകളുണ്ട്. മുടി മുക്കിയ വെള്ളം കുടിച്ചാല്‍ രോഗം മാറും എന്നാണ് പറയുന്നത്. അതിനെ കൊണ്ടുനടക്കുന്ന ആളിന്റെ പത്തിലൊന്നില്ല അതിനെ എതിര്‍ക്കുന്ന ആളുകള്‍. അവിടെ ആരാണ് ജയിക്കുന്നത്. അവിടെ നോക്കേണ്ടതു ജയവും പരാജയവുമല്ല. എന്റെ അഭിപ്രായം ഞാന്‍ പറയണം. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്റേതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസവും മതവുമൊക്കെ.– മാമുക്കോയ നയം വ്യക്തമാക്കുന്നു.


ഇപ്പോഴും ഇതു പാടില്ല എന്നു പറയുന്ന ആളുകളുണ്ട്. ഫോട്ടോ എടുക്കല്‍ ഹറാമായിരുന്നു. അങ്ങനെ ഒരുപാട് ഹറാമുകളുണ്ടായിരുന്നു. ഓട്ടോമാറ്റിക് ആയി പലതും ഹലാലായി. ഹജ്ജിനു പോണെങ്കില്‍ പാസ്‌പോര്‍ട്ട് വേണം. പാസ്‌പോര്‍ട്ട് ആരുടേതാണോ അയാളുടെ ഫോട്ടോ വേണം എന്നു നിയമം വന്നു. അങ്ങനെ ആ ഹറാമു പോയി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ഉമ്മയും ബാപ്പയുമൊക്ക പഴയകാലത്തെ ആളുകളാണ്. ഇവര് പറയുന്നതൊക്കെ കേട്ടു വിശ്വസിച്ച് അതാണ് ശരിയെന്നു വിചാരിച്ചു നടക്കുകയാണ്. ശരിയും തെറ്റും ഏതാണെന്ന് ആദ്യം എനിക്കു മനസ്സിലാകണം. അതിനനുസരിച്ച് എന്റെ മക്കളെ പഠിപ്പിക്കണം. അവര്‍ക്കും ഉണ്ടാകും ശരിയും തെറ്റും. അവരു തീരുമാനിക്കുന്നതായിരിക്കണം ഈ രാജ്യത്തിന്റെ മുദ്രാവാക്യം. അല്ലാതെ കണ്ട അലവലാതികള്‍ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യത്തിനു സിന്ദാബാദ് വിളിക്കാനുള്ള കരുക്കളാകരുത് നമ്മുടെ മക്കള്‍.– അദ്ദേഹം പറഞ്ഞു.