Thursday 27 December 2018 10:35 AM IST : By സ്വന്തം ലേഖകൻ

ജീവിതത്തിൽ കൺഫ്യൂഷനില്ലാതെ 'മേ നേ പ്യാർ കിയാ' സുന്ദരി! കാമുകനു വേണ്ടി സിനിമ ഉപേക്ഷിച്ച ഭാഗ്യശ്രീ

bhagyasree2

'മേ നേ പ്യാർ കിയാ' എന്ന ഒറ്റച്ചിത്രത്തിലൂടെ ബോളിവുഡിന്റെ ഇഷ്ടനായികയായി മാറിയ നടിയാണ് ഭാഗ്യശ്രീ. അഭിനയിച്ച സിനിമ വൻ വിജയമായെങ്കിലും താരത്തെ പിന്നീട് സിനിമകളിൽ കണ്ടില്ല. പെട്ടെന്നുതന്നെ സിനിമാരംഗം ഉപേക്ഷിച്ചു കുടുംബജീവിതം തിരഞ്ഞെടുത്തിരുന്നു ഭാഗ്യശ്രീ. പണവും പ്രശസ്തിയും ഉപേക്ഷിച്ച് സാധാരണ കുടുംബിനിയായി കഴിയാൻ ഭാഗ്യശ്രീ തീരുമാനിച്ചത് തന്റെ പ്രിയപ്പെട്ട കാമുകന് വേണ്ടിയായിരുന്നു. അദ്ദേഹത്തെ വിവാഹം ചെയ്തു സമാധാനത്തോടെ പുതിയ ജീവിതത്തിന് തുടക്കമിടാൻ.. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യശ്രീ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചത്.

bhagyasree1

"ആദ്യം അഭിനയിച്ച 'മേനേ പ്യാർ കിയാ' സൂപ്പർഹിറ്റായെങ്കിലും പിന്നീടൊരു ചിത്രങ്ങളിലും ഞാൻ കരാർ ഒപ്പുവച്ചില്ല. കാരണം എനിക്ക് എന്റെ ഭർത്താവിനെയും മക്കളെയും വിട്ടുപോകാൻ കഴിയുമായിരുന്നില്ല. സിനിമാലോകത്ത് നിന്ന് വിട്ടുനിന്നെങ്കിലും അതിൽ ഒരു ദുഃഖവും തോന്നിയിട്ടില്ല. മാത്രമല്ല അഭിമാനവും തോന്നുന്നുണ്ട്. ഞാനൊരു വിഡ്ഢിയാണെന്ന് യാഷ് ചോപ്രജി എപ്പോഴും പറയുമായിരുന്നു. കുടുംബത്തെ സ്നേഹിച്ച് വിഡ്ഢിയാകുന്നതിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. നല്ല മനുഷ്യരായി മക്കളെ വളർത്തുന്നതിൽപരം സന്തോഷം വേറെയില്ല. ഭാര്യയും അമ്മയും മാത്രമല്ല, ഇന്ന് ഞാനൊരു ഫിറ്റ്നസ് ന്യൂട്രീഷൻ കൂടിയാണ്. ഇനിയൊരു ചിത്രം വന്നാല്‍ ഒരുപക്ഷെ അത് ഏറ്റെടുത്തേക്കാം. ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് തോന്നുന്നു." ഭാഗ്യശ്രീ പറഞ്ഞു.

bhagyasree3

സ്കൂൾ കാലഘട്ടം മുതലാണ് ഹിമാലയ ദസാനിയെ ഭാഗ്യശ്രീ പ്രണയിച്ചുതുടങ്ങിയത്. വികൃതി കുട്ടിയോട് തോന്നുന്ന ഇഷ്ടമായിരുന്നു അത്. എന്നാൽ ക്‌ളാസ് അവസാനിക്കുന്ന ദിവസം ദസാനി പ്രൊപ്പോസ് ചെയ്തതോടെ ഭാഗ്യശ്രീയും ഇഷ്ടം തുറന്നുപറഞ്ഞു. പിന്നീട് വർഷങ്ങളോളം ഇരുവരും തമ്മിലുള്ള പ്രണയം തുടർന്നു. ഭാഗ്യശ്രീ 'മേ നേ പ്യാർ കിയാ'യിൽ അഭിനയിക്കുന്ന സമയത്ത് ഹിമാലയ ദസാനി യുഎസിൽ പഠിക്കുകയായിരുന്നു. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതോടെ അവർ ഒരു തീരുമാനമെടുത്തു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഭാഗ്യശ്രീക്കും ഹിമാലയ ദസാനിക്കും അവന്തിക, അഭിമന്യു എന്നീ രണ്ടു മക്കളുണ്ട്.

bhagyasree4
bhagyasree5