Wednesday 23 January 2019 11:21 AM IST : By സ്വന്തം ലേഖകൻ

മാനുഷിക്ക് തൽക്കാലം സിനിമ വേണ്ട!

manushi-press1

ലോകസുന്ദരി പട്ടം നേടിയതിലൂടെ ഇന്ത്യയുടെ അഭിമാനമായ മാനുഷി ചില്ലറിനെ സുന്ദരിപട്ടം സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് അമ്മയുടെ വാക്കുകൾ. മാനുഷി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐശ്വര്യ റായിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മ തന്റെ മകളും അതേപോലെ ഉയരങ്ങള്‍ കീഴടക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

”ഐശ്വര്യ റായെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ്. ‘മനു, നിന്നെ ഒരു ദിവസം അവിടെ ഞാൻ കാണും’ എന്ന്  അമ്മ എന്നോട് പറയുമായിരുന്നു. അന്നു മുതൽ മിസ് വേൾഡ് ഒരു സ്വപ്നമായിരുന്നു. അതിനൊപ്പം തന്നെ എനിക്കെന്റെ വിദ്യാഭ്യാസവും പ്രധാനപ്പെട്ടതായിരുന്നു. സ്വപ്നങ്ങൾ പിന്തുടരാനും എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുവാനും എന്റെ മാതാപിതാക്കൾ എപ്പോഴും പ്രചോദനം നൽകിയിരുന്നു” – മാനുഷി പറഞ്ഞു.

manushi-mom09

ലോകസുന്ദരി പട്ടം നേടിയതിനുശേഷം വിദ്യാഭ്യാസം തുടരാൻ സാധിക്കുമോ എന്ന ചോദ്യത്തിന് മെഡിക്കൽ വിദ്യാർഥി എന്ന നിലയിൽ പഠനത്തിന് എത്രമാത്രം പ്രാധാന്യം നൽകണമെന്ന് തനിക്ക് അറിയാം എന്നായിരുന്നു മറുപടി. പഠനം പൂർത്തിയാക്കാൻ വേണ്ടി ഞാനെന്തും ചെയ്യും. ഇപ്പോൾ ഞാൻ കോളേജിൽനിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. കുറച്ചുകഴിയുമ്പോൾ പഠനം തുടരുമെന്നും മാനുഷി പറഞ്ഞു.

മുൻ ലോകസുന്ദരിമാരായ ഐശ്വര്യ റായ്‌യെപ്പോലെയോ പ്രിയങ്ക ചോപ്രയെപ്പോലെയോ ബോളിവുഡിലേക്ക് കടക്കാൻ മാനുഷി ഉടനില്ല. ”ലോകസുന്ദരി പട്ടം നേടിയതിലൂടെ പല രാജ്യങ്ങളിലേക്ക് എനിക്ക് യാത്ര ചെയ്യേണ്ടതായുണ്ട്. ലോകമാകമാനമുളള ജനങ്ങളെ സഹായിക്കാനുളള അവസരമാണ് എനിക്ക് ലഭിച്ചിട്ടുളളത്. ഞാനിപ്പോൾ പ്രാധാന്യം നൽകുന്നത് സിനിമയ്ക്കല്ല. കുറേ കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. തൽക്കാലം അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. മെഡിക്കൽ പഠനം പൂർത്തിയാക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്”.– മാനുഷി നയം വ്യക്തമാക്കി.