Thursday 27 December 2018 11:08 AM IST : By സ്വന്തം ലേഖകൻ

ആ യുവനടി ഞാനല്ല, എന്റെ പേരിൽ അങ്ങനെയൊരു ബാങ്ക് അക്കൗണ്ടും ഇല്ല: നമിത പ്രമോദ്

namitha-dr

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ സുഹൃത്തായ യുവനടിക്കും സംഭവത്തിൽ പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അമേരിക്കയിൽ നടന്ന ദിലീപ് ഷോയിൽ നടി നമിത പ്രമോദ് പങ്കെടുത്തിരുന്നു. ഇതോടെ ഈ യുവനടി നമിതയാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു. നമിതയുടെ അക്കൗണ്ടിലേക്ക് വലിയ തുക ദിലീപ് നിക്ഷേപിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടിയെ ചോദ്യം ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളും ചില മാധ്യമങ്ങളിൽ വന്നിരുന്നു. ഇത്തരം വാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നമിത പ്രമോദ് രംഗത്തെത്തി.

നമിതയുടെ കുറിപ്പ് വായിക്കാം;

"സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് ഞാനിപ്പോൾ. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കിൽ മാത്രമല്ല; മറ്റൊരിടത്തും. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു." നമിത പറയുന്നു.