Friday 12 January 2018 04:23 PM IST : By സ്വന്തം ലേഖകൻ

ബാലയ്യ അച്ഛനെ പോലെ; അഭിനയിച്ചത് ആ രണ്ട് നിബന്ധനകള്‍ വച്ചെന്ന് നയന്‍താര

nayans

ഇന്നു റിലീസ് ചെയ്ത ജയ് സിംഹ എന്ന തെലുങ്ക് ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയാണ് നായിക. തെലുങ്ക് സൂപ്പര്‍ താരമായ ബാലയ്യ എന്ന ബാലകൃഷ്ണയുടെ  കെ. എസ് രവികുമാര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലറില്‍ അഭിനയിക്കാന്‍ നയന്‍താര രണ്ടു നിബന്ധനകളാണ് വച്ചത്. നേരത്തെ ശ്രീരാമ രാജ്യത്തില്‍ അഭിനയിക്കുന്ന സമയത്ത് അദ്ദേഹം തനിക്ക് അച്ഛനെ പോലെ എന്ന് നടി വ്യക്തമാക്കിയിരുന്നു. ഇതിനു തുടര്‍ച്ചയായി ബാലകൃഷ്ണയെപ്പോലുള്ള ഒരു മുതിര്‍ന്ന താരത്തോടൊപ്പം തീവ്രമായ പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ പറ്റില്ലെന്നാണ് നയന്‍താര ആദ്യം വ്യക്തമാക്കിയത്. തെലുങ്ക് തട്ടുപൊളിപ്പന്‍ പാട്ടില്‍ ഡാന്‍സ് കളിക്കാന്‍ തയ്യാറല്ലെന്നും  നയന്‍സ് വ്യക്തമാക്കിയെന്നാണ്  റിപ്പോര്‍ട്ടുകള്‍.

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒരുപാട് കാര്‍ക്കശ്യം പുലര്‍ത്തുന്ന താരമാണ് നയന്‍താര. നായകന്റെ നിഴലില്‍ ഒരുങ്ങുന്ന കഥാപാത്രങ്ങളില്‍ നയന്‍സിന് താല്‍പര്യമില്ല എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍.  ബാലയ്യയ്ക്കൊപ്പം നേരത്തെ അഭിനയിച്ച ശ്രീ രാമ രാജ്യം 2011 ലായിരുന്നു പുറത്തിറങ്ങിയത്. ശ്രീ രാമ രാജ്യത്തോടു കൂടി നയന്‍താര സിനിമയില്‍ നിന്ന് വിടവാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.  പ്രഭുദേവയെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അന്ന്  താരം.

ശ്രീ രാമ രാജ്യത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ നയന്‍താര പൊട്ടികരഞ്ഞതും വാര്‍ത്തയായിരുന്നു. പ്രഭുദേവയുമായുള്ള ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. ഇരുവരും വേര്‍പിരിയുകയും ഒരിടവേളയ്ക്ക് ശേഷം നയന്‍താര സിനിമയില്‍ എത്തുകയും ചെയ്തു. അത്കൊണ്ട് തന്നെ താരത്തിന്റെ തെലുങ്ക് സിനിമാ മടങ്ങിവരവും ടോളിവുഡ് ആഘോഷമാക്കിയിരിക്കുകയാണ്.