Friday 21 December 2018 04:21 PM IST : By സ്വന്തം ലേഖകൻ

ശമ്പളം മുഴുവൻ ചാരിറ്റിക്കു നൽകി, ജീവിക്കാൻ അവധി ദിവസങ്ങളിൽ ഹോട്ടൽ ജോലി ചെയ്യുന്നു! രജനീകാന്തിന്റെ ‘അച്ഛന്റെ’ കഥ

rajini-father

കണ്ടാൽ മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധൻ. 78 വയസിന്റെ ക്ഷീണം ആ മുഖത്തു കാണാനുണ്ട്. കണ്ണുകളിൽ കാരുണ്യഭാവം. അടുത്തറിയുമ്പോൾ ആരും അത്ഭുതപ്പെടും. ഇങ്ങനെയും മനുഷ്യരുണ്ടോ എന്നു ചിന്തിക്കും. പിന്നെ ആ കാലുകൾ തൊട്ടു വന്ദിക്കും. ഇത് ഒരായുസ്സ് മുഴുവൻ അശരണർക്കു വേണ്ടി ഉഴിഞ്ഞു വച്ച പാലം കല്യാണസുന്ദരം എന്ന മനുഷ്യൻ. ആദരവ് തോന്നി നടൻ രജനീകാന്ത് സ്വന്തം അച്ഛനായി ദത്തെടുത്ത വ്യക്തി. കുട്ടികളെപ്പോലെ സംസാരിക്കുന്ന ഈ മനുഷ്യൻ പറയുന്നത് മുഴുവൻ കാരുണ്യത്തിന്റെ കഥകൾ. അംഗീകാരങ്ങളിൽ നിന്ന് ലഭിച്ച 30 കോടിയോളം രൂപയിൽ ഒരു രൂപ പോലും സ്വന്തം കാര്യത്തിന് വിനിയോഗിക്കാതെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി നൽകിയതു മാത്രം മതി ഈ മനുഷ്യന്റെ മഹത്വം മനസിലാക്കാൻ.

തമിഴ്നാട്ടിലെ തിരുനൽവേലിയിലെ മേൽകരിവേലംകുളത്താണ് കല്യാണസുന്ദരം ജനിച്ചത്. ഒരു വയസായപ്പോഴേക്കും അച്ഛൻ മരിച്ചു. അമ്മയാണ് പാവങ്ങളെ സഹായിക്കാനുള്ള പ്രചോദനമായത്. ലൈബ്രറി സയൻസിൽ സ്വർണ മെഡലോടെ ബിരുദം നേടി. സാഹിത്യത്തിലും ചരിത്രത്തിലും മാസ്‌റ്റേഴ്സു നേടി. തുടർന്ന് ശ്രീവൈകുണ്ഠത്തെ കുമർകുറുപുര ആർട്സ് കോളജിൽ ലൈബ്രേറിയനായി ജോലിക്കു ചേർന്നു. 35 വർഷം അവിടെ ജോലി ചെയ്തു. ഈ കാലമത്രയും ലഭിച്ച ശമ്പളം ചാരിറ്റിക്ക് ദാനം ചെയ്തു. ജീവിതച്ചെലവ് കണ്ടെത്താൻ അവധി ദിവസങ്ങളിൽ കൂലിപ്പണിയെടുത്തു.

rajini-father2

ജോലിയിൽ നിന്നു വിരമിച്ച ശേഷം ഹോട്ടലിൽ വെയിറ്ററായി ജോലിക്കു കയറി. രണ്ടു നേരം ഭക്ഷണവും ചെറിയ ശമ്പളവും ലഭിക്കും. പെൻഷൻ കിട്ടുന്ന പണം മുഴുവന്‍ അനാഥാലയങ്ങൾക്കും അവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിനിയോഗിക്കാൻ കല്യാണസുന്ദരം ഈ വഴിയേ കണ്ടുള്ളൂ. കല്യാണ സുന്ദരത്തിന്റെ  ഈ മനസിന് അംഗീകാരമായി നിരവധി അവാർഡുകൾ തേടിയെത്തി. കേന്ദ്ര സർക്കാർ മികച്ച ലൈബ്രേറിയനായി തെരഞ്ഞെടുത്തു. കേംബ്രിഡ്ജിലെ ഇന്റർനാഷണൽ ബയോഗ്രഫിക്കൽ സെന്റർ ‘നോബിളസ്റ്റ് ഓഫ് ദി വേൾഡ്’ ആയി തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സംഘടനയുടെ ഇരുപതാം നൂറ്റാണ്ടിലെ ‘ലോകത്തിലെ സ്വാധീനിച്ച വ്യക്തി’കളുടെ പട്ടികയിലും ഇടംപിടിച്ചു. മാൻ ഓഫ് ദി മിലേനിയം, ലൈഫ് ടൈം സർവീസ് അവാർഡ് തുടങ്ങി അംഗീകാരങ്ങൾ വേറെയും.

കല്യാണ സുന്ദരത്തെ അടുത്തറിഞ്ഞ രജനികാന്ത് കഴിഞ്ഞ വർഷമാണ് ഒരു പൊതു ചടങ്ങിനിടെ അദ്ദേഹത്തെ അച്ഛനായി ദത്തെടുക്കുന്നതായി പ്രഖ്യാപിച്ചത്. സൂപ്പർതാരം വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ചെന്നൈയിലെ സെയ്ദാപേട്ടിലെ ഒറ്റുമുറി വീട്ടിൽ മറ്റുള്ളവരുടെ ദുരിതങ്ങളോടു മല്ലിട്ടു കൊണ്ടുള്ള ജീവിതം വിട്ടുപോകാൻ ആ വൃദ്ധൻ ഒരുക്കമായിരുന്നില്ല. ഇത്രയും വായിച്ച വായനക്കാർക്ക് ഒരു സംശയം കാണും, കല്യാണസുന്ദരൻ വിവാഹം കഴിച്ചില്ലേ? അതിനുള്ള ഉത്തരം അദ്ദേഹം തന്നെ പറയും, വിവാഹിതനായാൽ കുട്ടികളുണ്ടായാൽ അത്രയും പണം കുറച്ചല്ലേ എനിക്ക് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ കഴിയൂ... അതുകൊണ്ടുതന്നെ ആ സാഹസം ഞാൻ വേണ്ടെന്നു വച്ചു...!!!