Wednesday 19 December 2018 02:28 PM IST : By രാജശ്രി സത്യപാൽ

എന്റേത് പ്രണയ വിവാഹമല്ല, പക്കാ അറേഞ്ച്ഡ് മാരേജ്: നടി ശാലു കുര്യൻ

shalu-kurien3

സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കോട്ടയം സ്വദേശി ശാലു കുര്യൻ. ഏപ്രിൽ 22നായിരുന്നു ശാലുവിന്റെ വിവാഹനിശ്ചയം. ഇതോടെ സമൂഹ മാധ്യമങ്ങൾ മുഴുവൻ ശാലുവിന്റെ വിവാഹ വാർത്തയ്‌ക്ക് പുറകെയായി. വിവാഹവിശേഷങ്ങൾ പങ്കുവച്ച് ശാലു കുര്യൻ...

"എന്റെ വിവാഹം മെയ് ഏഴിനാണ്. മെൽവിൻ എന്നാണ് വരന്റെ പേര്. മുംബൈയിൽ സ്ഥിരതാമസക്കാരനാണ്. പത്തനംതിട്ട റാന്നിയാണ് സ്വദേശം. മൂന്നു വർഷമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആർ മാനോജരാണ് മെൽവിൻ. അദ്ദേഹം ബിസിനസുകാരനാണെന്നൊക്കെ ചിലർ വാർത്ത കൊടുക്കുന്നുണ്ട്. ഇതൊരു പ്രണയവിവാഹമല്ല. പക്കാ അറേഞ്ച്ഡ് മാരേജ് ആണ്. മനോരമയുടെ എംഫോർമാരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ വന്ന ആലോചനയാണ്. യഥാർഥത്തിൽ നന്ദി പറയേണ്ടത് മനോരമയ്ക്കാണ്. പ്രൊഫൈൽ കണ്ട് ഇഷ്ടപ്പെട്ട് അദ്ദേഹം വിളിക്കുകയായിരുന്നു. എന്റെ അമ്മയോടാണ് ആദ്യം സംസാരിച്ചത്. പെണ്ണുകാണാൻ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. വീട്ടുകാർക്കെല്ലാം ഇഷ്ടമായി. വിവാഹം ഉറപ്പിച്ചിട്ട് കുറച്ചു നാളായി. പക്ഷെ പുറത്തു വിട്ടില്ല എന്നേ ഉള്ളൂ.

shalu-kurien1

വിവാഹശേഷവും അഭിനയം തുടരണം. പക്ഷെ പഴയതുപോലെ ബിസിയാവില്ല. സീരിയൽ വർക്കുകൾ കുറയ്ക്കും. അദ്ദേഹത്തിനും അഭിനയം തുടരുന്നതിൽ കുഴപ്പമൊന്നുമില്ല. എന്റെ സീരിയലുകളൊന്നും കണ്ടിട്ടില്ല. സീരിയൽ കാണുന്ന ശീലമില്ല. അദ്ദേഹത്തിന്റെ വീട്ടുകാർ ഇപ്പോൾ മരുമകളെ കാണാനായി സീരിയൽ ദിവസവും കാണുന്നുണ്ട്. അത്യാവശ്യം അറിയപ്പെടുന്ന ആർടിസ്റ്റാണെന്നും മാത്രമേ അവർക്കറിയാമായിരുന്നുള്ളൂ. സീരിയലിലെ വർഷയെപ്പോലെ ഒരിക്കലുമാകില്ല. നല്ലൊരു ഭാര്യയും മരുമകളും ആയിരിക്കും, വിവാഹത്തെക്കുറിച്ചോർത്ത് ടെൻഷനൊന്നുമില്ല. ചന്ദനമഴ ടീമിൽ മൂന്നു വിവാഹങ്ങളാണ് ഈ മാസവും അടുത്ത മാസവുമായി ഉള്ളത്. മേഘ്നയുടേത് ഏപ്രിൽ 30 ന്. നേരത്തെ അഞ്ജലിയായി അഭിനയിച്ചിരുന്ന കുട്ടിയുടെ വിവാഹം മെയ് 14 നാണ്. ഇപ്പോൾ അഭിനയത്തിൽ നിന്ന് ഞാൻ ഒരു ഗ്യാപ്പ് എടുത്തിരിക്കുകയാണ്. ഇനി വിവാഹശേഷമേ സീരിയൽ സെറ്റിലേക്ക് പോകുകയുള്ളൂ." ശാലു കുര്യൻ പറ‍ഞ്ഞു.

shalu-kurien2

കൂടുതൽ വാർത്തകൾ അറിയാം